ഇബ്‌റാഹീം പ്രവാചകന്റെ സന്ദേശങ്ങള്‍
പി കെ മൊയ്തീന്‍ സുല്ലമി
മുന്‍കഴിഞ്ഞ പ്രവാചകന്മാരുടെ നല്ല വിശ്വാസങ്ങളും ആചാരങ്ങളും നിലനിര്‍ത്തിക്കൊണ്ടുള്ളതാണ് വിശുദ്ധ ഖുര്‍ആനിലെ കല്‍പനകളും പാഠങ്ങളും. അതില്‍ തന്നെ ഒന്നിലധികം സ്ഥലങ്ങളില്‍ ഇബ്‌റാഹീം നബി(അ)യുടെ ചര്യ മുറുകെപ്പിടിച്ച് ജീവിക്കാനുള്ള കല്‍പനയുമുണ്ട്. ”നബിയേ പറയുക: അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു. ആകയാല്‍ ശുദ്ധമനസ്‌കനായ ഇബ്‌റാഹീമിന്റെ മാര്‍ഗം നിങ്ങള്‍ പിന്തുടരുക. അദ്ദേഹം ബഹുദൈവാരാധകരുടെ കൂട്ടത്തിലായിരുന്നില്ല” (ആലുഇംറാന്‍ 95). ഇബ്‌റാഹീമിന്റെ ജീവിതം മുഴുവന്‍ നമുക്ക് മാതൃകയാണ്. അദ്ദേഹത്തിന്റെ ജീവിതം ആദ്യം മുതല്‍ അവസാനം വരെ ദൈവിക കല്‍പനകള്‍ക്ക് അനുസരിച്ചായിരുന്നു. പ്രവാചകനാകാന്‍ അല്ലാഹു ഉദ്ദേശിച്ചവരുടെ മനസ്സിനെ ചെറുപ്പം മുതലേ അല്ലാഹു കാത്തുസംരക്ഷിക്കും. അവര്‍ ശിര്‍ക്കിലേക്കോ ഹറാമിലേക്കോ വഴുതിപ്പോകുന്നവരല്ല. ”ഇബ്‌റാഹീമിന് തന്റേതായ വിവേകം നാം നല്‍കുകയുണ്ടായി” (അമ്പിയാഅ് 51).
ഇബ്‌റാഹീം നബി ആദ്യമായി ഉപദേശിച്ചത് സ്വന്തം പിതാവിനെ തന്നെയായിരുന്നു. ”അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം: എന്റെ പിതാവേ, കേള്‍ക്കുകയോ കാണുകയോ ചെയ്യാത്ത, താങ്കള്‍ക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍ എന്തിനാണ് ആരാധിക്കുന്നത്?” (മര്‍യം 42). ശേഷം മറ്റു പല മുന്നറിയിപ്പുകളും അദ്ദേഹം നല്‍കുകയുണ്ടായി. ഒരാള്‍ നന്നായതിനു ശേഷം ആദ്യമായി ഉപദേശിക്കേണ്ടത് സ്വന്തം കുടുംബത്തെയാണ്. ഇബ്‌റാഹീം നബി(അ)യുടെ പിതാവ് വിഗ്രഹനിര്‍മാതാവും ക്ഷേത്രത്തിലെ പൂജാരിയുമായിരുന്നു. അല്ലാഹുവിന്റെ കല്‍പന ശ്രദ്ധിക്കുക: ”സത്യവിശ്വാസികളേ, നിങ്ങള്‍ നിങ്ങളുടെയും കുടുംബത്തിന്റെയും ശരീരങ്ങളെ നരകാഗ്നിയില്‍ നിന്ന് കാത്തുരക്ഷിക്കുക” (തഹ്‌രീം 6).
സ്വയം നന്നാകാതെയും കുടുംബത്തെ ഉപദേശിക്കാതെയും മറ്റുള്ളവരെ നന്നാക്കാന്‍ ശ്രമിക്കല്‍ (ഉപദേശിക്കല്‍) കുറ്റകരവും കൂടിയാണ്. വേദക്കാരോടുള്ള അല്ലാഹുവിന്റെ കല്‍പന നമുക്കു കൂടി ബാധകമാണ്. അല്ലാഹു അരുളി: ”നിങ്ങള്‍ ജനങ്ങളോട് നന്മ കല്‍പിക്കുകയും നിങ്ങളുടെ സ്വന്തം കാര്യത്തില്‍ അത് മറന്നുകളയുകയുമാണോ? നിങ്ങള്‍ വേദഗ്രന്ഥം പാരായണം ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ, നിങ്ങളെന്താണ് ചിന്തിക്കാത്തത്?” (അല്‍ബഖറ 44).
സ്വന്തം പിതാവിനെ ഉപദേശിച്ചിട്ട് അദ്ദേഹത്തിന് കിട്ടിയത് നല്ല പ്രതികരണമായിരുന്നില്ല. ”അയാള്‍ (പിതാവ്) പറഞ്ഞു: ഹേ ഇബ്‌റാഹീം, നീ എന്റെ ദൈവങ്ങളെ വെറുക്കുകയാണോ? നീ ഇതില്‍ നിന്നു വിരമിക്കാത്തപക്ഷം നിന്നെ ഞാന്‍ കല്ലെറിഞ്ഞോടിക്കുക തന്നെ ചെയ്യും. നീ കുറേ കാലത്തേക്ക് എന്നില്‍ നിന്നു വിട്ടുമാറിക്കൊള്ളണം” (മര്‍യം 46). ഇബ്‌റാഹീം പിതാവുമായി കയര്‍ക്കാനൊന്നും നിന്നില്ല. അദ്ദേഹം പറഞ്ഞു: ”താങ്കള്‍ക്ക് സലാം. താങ്കള്‍ക്കു വേണ്ടി ഞാന്‍ എന്റെ രക്ഷിതാവിനോട് പിന്നീട് പാപമോചനം തേടും. അവന്‍ എന്നോട് കൃപയുള്ളവനാകുന്നു. നിങ്ങളെയും അല്ലാഹുവിനു പുറമേ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചു വരുന്നവയെയും ഞാന്‍ വെടിയുന്നു. എന്റെ രക്ഷിതാവിനോട് ഞാന്‍ പ്രാര്‍ഥിക്കുന്നു” (മര്‍യം 47, 48). പിതാവിനെ ഉപദേശിച്ചു ഫലം ലഭിക്കാത്ത ഇബ്‌റാഹീം(അ) പിന്നീട് നാട്ടുകാരെ ഉപദേശിക്കാന്‍ ഒരുമ്പെടുകയാണ്. ഉപദേശിച്ച് ഫലം കണ്ടില്ലെങ്കിലും ശരി ഉപദേശിക്കല്‍ സത്യവിശ്വാസികള്‍ക്ക് നിര്‍ബന്ധമാണ്.
നൂഹ് നബി(അ) 950 വര്‍ഷമാണ് ജീവിച്ചത്. ”അമ്പതു വര്‍ഷം ഒഴിച്ചാല്‍ ആയിരം വര്‍ഷം തന്നെ അദ്ദേഹം അവര്‍ക്കിടയില്‍ താമസിച്ചു” (അന്‍കബൂത്ത് 14). അതില്‍ 40 വര്‍ഷം കഴിച്ചാല്‍ 910 വര്‍ഷം അദ്ദേഹം പ്രബോധനം നടത്തി. എന്നിട്ടും വിരലിലെണ്ണാവുന്നവര്‍ മാത്രമേ അദ്ദേഹത്തില്‍ വിശ്വസിച്ചുള്ളൂ. അല്ലാഹു അരുളി: ”കുറഞ്ഞ പേരല്ലാതെ അദ്ദേഹത്തില്‍ വിശ്വസിച്ചില്ല” (ഹൂദ് 40).
ഇബ്‌റാഹീം(അ) സമൂഹത്തെ ഉപദേശിച്ചിരുന്നത് തികച്ചും യുക്തിപൂര്‍വവും ബുദ്ധിപൂര്‍വവുമായിരുന്നു. ഗൗരവം കാട്ടേണ്ടിടത്ത് ഗൗരവം കാണിക്കുകയും ചെയ്തു.
”അങ്ങനെ രാത്രി അദ്ദേഹത്തെ ഇരുട്ടുമൂടിയപ്പോള്‍ അദ്ദേഹം ഒരു നക്ഷത്രം കണ്ടു. അദ്ദേഹം പറഞ്ഞു: ഇതാ എന്റെ രക്ഷിതാവ്. എന്നിട്ട് അത് അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: അസ്തമിച്ചുപോകുന്നവയെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അനന്തരം ചന്ദ്രന്‍ ഉദിച്ചുയരുന്നത് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്റെ രക്ഷിതാവ്. എന്നിട്ട് അതും അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവ് എനിക്ക് നേര്‍വഴി കാണിച്ചുതന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ വഴിപിഴച്ച ജനവിഭാഗത്തില്‍ പെട്ടവനായിത്തീരും. അനന്തരം സൂര്യന്‍ ഉദിച്ചുയരുന്നതായി കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്റെ രക്ഷിതാവ്. ഇതാണ് ഏറ്റവും വലുത്. അങ്ങനെ അതും അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ സമുദായമേ, നിങ്ങള്‍ ദൈവത്തോട് പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം തീര്‍ച്ചയായും ഞാന്‍ മുക്തനാകുന്നു” (അന്‍ആം 76-78).
ഇബ്‌റാഹീം(അ) ജനങ്ങളെ ബോധ്യപ്പെടുത്തുന്നത്, അസ്തമയമോ മരണമോ ഉള്ള വസ്തുക്കളെ ദൈവമാക്കാന്‍ കൊള്ളില്ല എന്നാണ്. ശേഷം അദ്ദേഹം ജനങ്ങളെ ശിര്‍ക്കിന്റെ ഗൗരവത്തെ സംബന്ധിച്ച് ഉണര്‍ത്തുന്നതായും കാണാം. ”നിങ്ങള്‍ അവനോട് പങ്കുചേര്‍ക്കുന്ന യാതൊന്നിനെയും ഞാന്‍ ഭയപ്പെടുന്നില്ല” (അന്‍ആം 80). ”നിങ്ങള്‍ അല്ലാഹുവോട് പങ്കുചേര്‍ത്തതിനെ ഞാന്‍ എങ്ങനെ ഭയപ്പെടും? നിങ്ങളാകട്ടെ അല്ലാഹു യാതൊരു രേഖയും നല്‍കിയിട്ടില്ലാത്ത വസ്തുക്കളെ അവനോട് പങ്കുചേര്‍ക്കുന്നതിനെ ഭയപ്പെടുന്നുമില്ല” (അന്‍ആം 81).
ഇബ്‌റാഹീം ക്ഷേത്രത്തില്‍ കയറി വലിയ വിഗ്രഹത്തെ ഒഴിച്ച് മറ്റുള്ളവയെ തച്ചുടച്ചത് പ്രബോധനത്തിന്റെ ഭാഗമെന്ന നിലയിലായിരുന്നു. അത് തീര്‍ത്തും യുക്തിസഹവുമായിരുന്നു. വിഗ്രഹങ്ങള്‍ തച്ചുടക്കല്‍ അദ്ദേഹത്തിന്റെ വിശ്വാസമോ അജണ്ടയോ ആയിരുന്നില്ല. അദ്ദേഹത്തിന്റെ ലക്ഷ്യം വിഗ്രഹങ്ങള്‍ക്ക് ഉപകാരമോ ഉപദ്രവമോ വരുത്താന്‍ സാധ്യമല്ല എന്ന് ആ ജനതയെ ബോധ്യപ്പെടുത്തലായിരുന്നു. അത് ആ നിലയിലല്ലാതെ സാധ്യമാകുമായിരുന്നില്ല.
അതിന്റെ ചുരുക്കം ശ്രദ്ധിക്കുക. അവര്‍ ഇബ്‌റാഹീ(അ)മിനോട് അദ്ദേഹം വിഗ്രഹം തച്ചുടച്ചതിനു ശേഷം ചോദിക്കുന്നു: ”അവര്‍ ചോദിച്ചു: നമ്മുടെ ദൈവങ്ങളെക്കൊണ്ട് ഇത് ചെയ്തവന്‍ ആരാണ്? തീര്‍ച്ചയായും അവന്‍ അക്രമികളില്‍ പെട്ടവന്‍ തന്നെയാണ്” (അമ്പിയാഅ് 59). അതിന് ഇബ്‌റാഹീമിന്റെ മറുപടി: ”അദ്ദേഹം പറഞ്ഞു: എന്നാല്‍ അവരുടെ കൂട്ടത്തിലെ ഈ വലിയവനാണ് (വിഗ്രഹം) അത് ചെയ്തത്. അവര്‍ സംസാരിക്കുമെങ്കില്‍ നിങ്ങള്‍ അവരോട് ചോദിച്ചുനോക്കൂ” (അമ്പിയാഅ് 63).
അപ്പോള്‍ അവര്‍ക്കു ബിംബങ്ങള്‍ക്ക് സംസാരിക്കാന്‍ സാധ്യമല്ലെന്ന് ബോധ്യപ്പെട്ടു. ”അപ്പോള്‍ അവര്‍ സ്വമനസ്സുകളിലേക്കുതന്നെ മടങ്ങി (അബദ്ധം ബോധ്യപ്പെട്ടു). എന്നിട്ട് അവര്‍ അന്യോന്യം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ തന്നെയാണ് അക്രമകാരികള്‍” (അമ്പിയാഅ് 64). അപ്പോള്‍ ഇബ്‌റാഹീമിന്റെ ചോദ്യം: ”നിങ്ങളുടെയും അല്ലാഹുവിനു പുറമേ നിങ്ങള്‍ ആരാധിക്കുന്നവരുടെയും കാര്യം അപഹാസ്യം തന്നെ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ?” (അമ്പിയാഅ് 67).
ഇബ്‌റാഹീം(അ) വിഗ്രഹങ്ങളെ തച്ചുടച്ചതിനാല്‍ നംറൂദ് രാജാവ് അദ്ദേഹത്തെ ചുട്ടെരിക്കാന്‍ ഉത്തരവിട്ടു. ”അവര്‍ (നം റൂദിന്റെ ആളുകള്‍) പറഞ്ഞു: നിങ്ങള്‍ക്ക് വല്ലതും ചെയ്യാനാകുമെങ്കില്‍ ഇവനെ ചുട്ടെരിച്ചുകളയുകയും നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക” (അമ്പിയാഅ് 68). പക്ഷേ, ഇബ്‌റാഹീം(അ) അശേഷം ഭയപ്പെട്ടില്ല. അല്ലാഹു തന്നെ സഹായിക്കുമെന്ന ദൃഢമായ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു.
അദ്ദേഹത്തെ തീക്കുണ്ഡത്തില്‍ പതിപ്പിക്കാന്‍ വേണ്ടി നംറൂദ് രാജാവ് അദ്ദേഹത്തെ ഒരു തെറ്റുവില്ലില്‍ ഇരുത്തി. സ്വിച്ച് അമര്‍ത്തേണ്ട താമസം തീക്കുണ്ഡത്തില്‍ ചെന്നു പതിക്കുമായിരുന്നു. അപ്പോഴാണ് അദ്ദേഹത്തിന്നരികെ സഹായം വാഗ്ദാനം ചെയ്തുകൊണ്ട് രണ്ടു മലക്കുകള്‍ ചെല്ലുന്നത്. മലക്കുകളുടെ സഹായം നിരസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ”എനിക്ക് എന്റെ റബ്ബ് മതി.” ഇബ്‌നു അബ്ബാസ്(റ) പ്രസ്താവിച്ചു: ”ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കാന്‍ ഏറ്റവും നല്ലത് അവനത്രേ” എന്ന വിധം ഇബ്‌റാഹീം(അ) തീക്കുണ്ഡത്തില്‍ എറിയപ്പെട്ടപ്പോള്‍ പറയുകയുണ്ടായി (ബുഖാരി).
ഇബ്‌റാഹീം(അ) തീയില്‍ എറിയപ്പെട്ടപ്പോള്‍ തീയോട് അല്ലാഹു പറഞ്ഞു: ”തീയേ, നീ ഇബ്‌റാഹീമിന് തണുപ്പും സമാധാനവും ആയിരിക്കുക” (അമ്പിയാഅ് 69). അദ്ദേഹത്തിന്റെ അചഞ്ചലമായ ഈമാന്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തി. ഇത് ഇബ്‌റാഹീമിന്റെ(അ) ജീവിതത്തിലുള്ള ഏറ്റവും വലിയ പരീക്ഷണമായിരുന്നു. പിന്നീട് അദ്ദേഹം പ്രസ്താവിച്ചു: ”സദ്‌വൃത്തരില്‍ പെട്ട ഒരാളെ നീ എനിക്ക് പുത്രനായി പ്രദാനം ചെയ്യേണമേ” (സ്വാഫ്ഫാത്ത് 100).
അങ്ങനെ അദ്ദേഹത്തിന് ഒരു സന്താനം ജനിക്കുകയും ഇസ്മാഈല്‍ എന്നു പേരിടുകയും ചെയ്തു. അവരെ അദ്ദേഹം അഥവാ ഇസ്മാഈലിനെയും(അ) മാതാവ് ഹാജറയെയും ഇബ്‌റാഹീം(അ) കൃഷിയോ നീരുറവയോ മനുഷ്യവാസമോ ഇല്ലാത്ത മക്കയില്‍ താമസിപ്പിച്ചു. അല്‍പം ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും കൊടുത്തുകൊണ്ടും അവരുടെ ക്ഷേമത്തിനു വേണ്ടി പ്രാര്‍ഥിച്ചുകൊണ്ടും സ്ഥലം വിട്ടു. ഇത് ഇബ്‌റാഹീമിന്(അ) അല്ലാഹുവിന്റെ മറ്റൊരു പരീക്ഷണമായിരുന്നു.
ഇസ്മാഈല്‍(അ) വളര്‍ന്നു വലുതായപ്പോള്‍ അല്ലാഹുവിന്റെ മറ്റൊരു കല്‍പന: കഅ്ബാലയത്തിന്റെ മേല്‍പ്പുര പടുത്തുയര്‍ത്തണം. അവരത് ചെയ്തു. ”ഇബ്‌റാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ (കഅ്ബയുടെ) അടിത്തറ കെട്ടി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭവും (ഓര്‍ക്കുക)” (അല്‍ബഖറ 127). പിന്നീടാണ് ഇസ്മാഈലി(അ)നെ അറുക്കാന്‍ വഹ്‌യ് എന്ന നിലയില്‍ ഇബ്‌റാഹീം(അ) സ്വപ്‌നം കാണുന്നത്. ആ പരീക്ഷണത്തിലും അദ്ദേഹം വിജയം കൈവരിച്ചു. സ്വാഫ്ഫാത്തിലെ 102 മുതല്‍ 108 വരെ വചനങ്ങള്‍ ശ്രദ്ധിക്കുക. ആ സ്മരണ നിലനിര്‍ത്തുകയെന്നതാണ് ‘ഉളുഹിയ്യത്ത്’ കൊണ്ടുദ്ദേശിക്കുന്നത്.
ഹജ്ജിലെ കര്‍മങ്ങളെല്ലാം ഇബ്‌റാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും ത്യാഗസമ്പന്നമായ സ്മരണകള്‍ നിലനിര്‍ത്തുന്നതാണ്. അല്ലാഹുവിന്റെ എല്ലാ പരീക്ഷണങ്ങളും വിജയകരമായി പൂര്‍ത്തീകരിച്ച പ്രവാചകനായിരുന്നു ഇബ്‌റാഹീം(അ). അതുകൊണ്ടാണ് ‘ലോകരുടെ ഇമാം’ എന്ന സര്‍ട്ടിഫിക്കറ്റ് അല്ലാഹു അദ്ദേഹത്തിന് നല്‍കാന്‍ കാരണം. അല്ലാഹു അരുളി: ”ഇബ്‌റാഹീമിനെ അദ്ദേഹത്തിന്റെ രക്ഷിതാവ് ചില കല്‍പനകള്‍ കൊണ്ട് പരീക്ഷിക്കുകയും അദ്ദേഹം അത് പൂര്‍ത്തീകരിക്കുകയും ചെയ്ത കാര്യവും സ്മരിക്കുക. അപ്പോള്‍ അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു: ഞാന്‍ താങ്കളെ മനുഷ്യര്‍ക്ക് നേതാവാക്കുകയാണ്” (അല്‍ബഖറ 124).