ഇബ്‌റാഹീം, ഇസ്മാഈല്‍, ഹാജറ അല്ലാഹുവിനു കീഴൊതുങ്ങിയ മാതൃക
ഖലീലുര്‍റഹ്മാന്‍ മുട്ടില്‍
ലോകത്ത് ദൈവിക ഗ്രന്ഥങ്ങളില്‍ അധിഷ്ഠിതമായി നിലനില്‍ക്കുന്ന മൂന്നു പ്രധാന മതങ്ങളായ ഇസ്‌ലാം-ജൂത-ക്രൈസ്തവ മതങ്ങളെല്ലാം തങ്ങളുടേതെന്ന് അവകാശപ്പെടുന്ന വ്യക്തിത്വമാണ് ഇബ്‌റാഹീം നബി(അ). ഹാജറയെയും ഇസ്മാഈലിനെയും ജൂത-ക്രൈസ്തവര്‍ തള്ളിപ്പറയാറില്ലെങ്കിലും വംശവെറി കൊണ്ട് അരികുവത്കരിക്കാറുണ്ട്. ഇസ്ഹാഖ് നബി(അ)യെയാണ് അവര്‍ ഉയര്‍ത്തിക്കാണിക്കാറുള്ളത്. ബലികര്‍മത്തിനു വിധേയനായത് ഇസ്ഹാഖ് നബി(അ)യാണെന്നാണ് ജൂത-ക്രൈസ്തവര്‍ അവകാശപ്പെടുന്നത്.
ഈ അവകാശവാദത്തിന്റെ അടിസ്ഥാന കാരണം ഇസ്രായേല്‍ വംശീയതയാണ്. ബലിക്കു വിധേയനായവന്റെ പിന്‍ഗാമികളാണ് പ്രതാപവാന്മാര്‍ എന്നൊരു സങ്കല്‍പം അവര്‍ക്കിടയിലുണ്ട്. ഇസ്മാഈലാണ് ബലിക്ക് വിധേയനായതെന്ന് അംഗീകരിച്ചാല്‍ അദ്ദേഹത്തിന്റെ വംശപരമ്പരയായ അറബികളാണ് പ്രതാപികളെന്ന് അംഗീകരിക്കേണ്ടിവരും. ഇത് സ്വാഭാവികമായും ഇസ്രാഈല്യരെ ഇകഴ്ത്തലാവുമല്ലോ. അല്ലാഹുവിനു മുഴുവന്‍ സമര്‍പ്പിച്ചുകൊണ്ട് വിധേയത്വത്തിന്റെ ആള്‍രൂപങ്ങളായി മാറിയവരാണ് ഇബ്‌റാഹീം-ഹാജറ-ഇസ്മാഈല്‍ കുടുംബം.
ഇബ്‌റാഹീം താണ്ടിയ കനല്‍പ്പാതകളെല്ലാം ഹാജറയും താണ്ടിയിട്ടുണ്ട്. സ്വതന്ത്ര സമൂഹത്തില്‍ നിന്നാണ് സമുദായം ഇബ്‌റാഹീം നബി(അ)യെ ആട്ടിപ്പുറത്താക്കിയതെങ്കില്‍ ഹാജറയ്ക്ക് സ്വാതന്ത്ര്യം എന്തെന്ന് അറിയാനേ കഴിഞ്ഞിട്ടില്ല. ഇബ്‌റാഹീമിന്റെ അരികത്തെത്തുന്നതുവരെ അവള്‍ അടിമസ്ത്രീയായിരുന്നു. ഇബ്‌റാഹീമിന് സ്വന്തം നാട്ടുകാര്‍ തീക്കുണ്ഠമൊരുക്കി അഗ്‌നി പരീക്ഷണത്തിനു വിധേയമാക്കിയെങ്കില്‍, ഹാജറ തീ തുപ്പുന്ന അടിമജീവിതം അഭിമുഖീകരിച്ചുകൊണ്ടാണ് കുരുത്തു നേടിയത്. അക്ഷരാര്‍ഥത്തിലുള്ള അഗ്‌നിപരീക്ഷയ്ക്കു തന്നെയാണ് ഇസ്മാഈലും വിധേയനായത്.
തിരസ്‌കരണം, കൈയേറ്റം, ദുഷ്പ്രചാരണം, മാനഹാനി, പട്ടിണി, പരിമിതികള്‍ തുടങ്ങിയ കടുത്ത ജീവിതയാഥാര്‍ഥ്യങ്ങളെ ഒന്നിച്ച് അനുഭവിച്ച ശക്തിത്രയങ്ങളായിരുന്നു അവര്‍. സ്വന്തം മകന്റെ മുഖത്തു നോക്കി നിന്നെ ഞാന്‍ കല്ലെടുത്തെറിഞ്ഞ് ഓടിക്കുമെന്ന് ആക്രോശിച്ചുകൊണ്ട് പിതാവ് ഇബ്‌റാഹീമിനെ വീട്ടില്‍ നിന്നു പുറത്താക്കി. തുടര്‍ന്ന് ഗര്‍ഭിണിയായ ഹാജറയെയും കൂട്ടിയുള്ള മരുഭൂമി താണ്ടല്‍. തൊലി കരിയുന്ന കൊടുംചൂടില്‍ തീതുപ്പുന്ന മണല്‍പ്പരപ്പിലൂടെയുള്ള യാത്ര ഇരുവര്‍ക്കും സമ്മാനിച്ചത് തീക്കുണ്ഠം താണ്ടിയതിനേക്കാള്‍ തീക്ഷ്ണതയുള്ള അനുഭവങ്ങളായിരുന്നു. അഗ്‌നികുണ്ഠത്തില്‍ ഇബ്‌റാഹീമിന് തണുപ്പും ശാന്തിയുമാണ് ആസ്വദിക്കാന്‍ കഴിഞ്ഞതെങ്കില്‍ മരുഭൂമി അവര്‍ക്ക് ഒരുക്കിയത് തീതുപ്പുന്ന കൊടുംചൂടിലെ ദുരനുഭവങ്ങള്‍ തന്നെയാണ്.
ആളനക്കമില്ലാത്ത വിജനമായ മരുഭൂമിയില്‍ ഹാജറയെയും കൈക്കുഞ്ഞിനെയും വിട്ടേച്ചുപോകുമ്പോള്‍ ഞാന്‍ ദൈവത്തിലേക്കു പോകുന്നു എന്നായിരുന്നു ഇബ്‌റാഹീമിന്റെ പ്രഖ്യാപനം. അല്ലാഹുവിന്റെ കല്‍പനയാണോ എന്ന ഹാജറയുടെ ചോദ്യവും അല്ലാഹുവിലേക്ക് പോകുന്നു എന്ന ഇബ്‌റാഹീമിന്റെ ഉത്തരവും സമര്‍പ്പിത ജീവിതത്തിന്റെ അനുപമ മാതൃകയും അതില്‍ നിന്ന് ആവാഹിച്ചെടുത്ത കരുത്തിന്റെ ശക്തിയുമാണ് പ്രകടമാക്കുന്നത്. നിന്നെ അറുക്കണമെന്ന അശരീരി ഇസ്മാഈലിനെ കേള്‍പ്പിച്ചപ്പോള്‍ ”ഉപ്പാ, അങ്ങയോട് കല്‍പിച്ചത് നിങ്ങള്‍ ചെയ്തുകൊള്ളുക, അല്ലാഹു ഉദ്ദേശിച്ചാല്‍ നിങ്ങള്‍ക്കെന്നെ ക്ഷമാലുക്കളില്‍ കണ്ടെത്താന്‍ കഴിയും” (37:102) എന്ന ഇസ്മാഈലിന്റെ മറുപടിയിലും കീഴൊതുങ്ങലിന്റെ ഉത്തമ മാതൃക ദര്‍ശിക്കാന്‍ കഴിയും. അല്ലാഹു എന്നത് ആ കുടുംബത്തിന്റെ ഒരു ഉറപ്പായിരുന്നു. ഒട്ടും സംശയമില്ലാത്ത ബലിഷ്ഠമായ ഒരു ഉറപ്പ്. അല്ലാഹുവിനെ അവര്‍ അനുഭവിച്ചവരാണ്. അനുഭവ യാഥാര്‍ഥ്യങ്ങളെ തിരസ്‌കരിക്കാന്‍ മനഃസാക്ഷി അനുവദിക്കില്ലല്ലോ.
ഇമാമത്ത് ഒരു വരദാനം
ഇബ്‌റാഹീം നബി(അ)യുടെ അര്‍പ്പണബോധത്തിന് അല്ലാഹു നല്‍കിയ സമ്മാനമാണ് അദ്ദേഹത്തിനു ലഭിച്ച ഇമാമത്ത് (നേതൃസ്ഥാനം). ഇമാമത്ത് നല്‍കാനുള്ള കാരണമായി ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെ വായിക്കാം: ”ഇബ്‌റാഹീമിനെ അദ്ദേഹത്തിന്റെ തമ്പുരാന്‍ വചനങ്ങള്‍ കൊണ്ട് പരീക്ഷിച്ച സന്ദര്‍ഭം സ്മരണീയമാണ്. അദ്ദേഹം അവ പൂര്‍ത്തീകരിച്ചു. അല്ലാഹു പറഞ്ഞു: ഞാന്‍ നിന്നെ ജനങ്ങള്‍ക്ക് നേതാവാക്കിയിരിക്കുന്നു” (2:124). ഇബ്‌റാഹീമിനു നല്‍കിയ ഇമാമത്ത് ചെങ്കോലേന്തി ഭരണചക്രം കറക്കാനുള്ളതായിരുന്നില്ല. അങ്ങനെ ഒരു ചക്രവര്‍ത്തിയായി ഇബ്‌റാഹീമിനെ ചരിത്രം പരിചയപ്പെടുത്തുന്നുമില്ല. അതിനേക്കാള്‍ അത്യുന്നത പദവിയിലുള്ള പ്രവാചകത്വമായിരുന്നു അദ്ദേഹത്തിനു നല്‍കിയ ഇമാമത്ത് എന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട് (റാസി). അല്ലാഹു നടത്തിയ നിരന്തര പരീക്ഷണങ്ങളില്‍ ഉന്നതവിജയം കൈവരിച്ചതുകൊണ്ട് ഇബ്‌റാഹീമിന് ലഭിച്ച ഇമാമത്ത് കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്നത് കാണാം. അദ്ദേഹം അബുല്‍ അമ്പിയാഅ് (പ്രവാചകന്മാരുടെ പിതാവ്) എന്നും അല്ലാഹുവിന്റെ മിത്രം (ഖലീലുല്ലാ) എന്നുമുള്ള പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതും അദ്ദേഹത്തിനു ലഭിച്ച ഇമാമത്തില്‍ ഉള്‍പ്പെട്ടതാകുന്നു.
ഇബ്‌റാഹീം അല്ലാഹുവിന്റെ അടിമയാണ്. അടിമകളെ ഉടമകള്‍ മിത്രങ്ങളാക്കാറില്ല. ഇബ്‌റാഹീമിനെ അല്ലാഹു മിത്രമായി സ്വീകരിച്ചത് അദ്ദേഹത്തിന്റെ മാതൃകാവിധേയത്വത്തിനു ലഭിച്ച അംഗീകാരവും ഇമാമത്തിന്റെ ഭാഗവുമാകുന്നു. തനിക്ക് അല്ലാഹു നല്‍കിയ ഇമാമത്ത് തന്റെ സന്താനപരമ്പരയിലും ഉണ്ടാവണമെന്ന് ഇബ്‌റാഹീം (അ) ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹം ജീവിതകാലത്തുതന്നെ ഹാജര്‍, ഇസ്മാഈല്‍, ഇസ്ഹാഖ് തുടങ്ങിയവരിലൂടെ പ്രത്യക്ഷപ്പെടുകയും ചെയ്തു. അവര്‍ കൈവെച്ച മേഖലയിലെല്ലാം അവര്‍ക്ക് ഇമാമത്ത് ലഭിച്ചതായി കാണാന്‍ കഴിയും. ലോകത്ത് ആദ്യമായി അല്ലാഹുവിനെ ആരാധിക്കാനുള്ള ഗേഹം പണിതത് ഇബ്‌റാഹീമും ഇസ്മാഈലുമായിരുന്നു (2:127). അന്ത്യനാള്‍ വരെ നീണ്ടുനില്‍ക്കുന്ന ഹജ്ജ് കര്‍മത്തിന് വിളംബരം ചെയ്തുകൊണ്ട് തുടക്കം കുറിച്ചത് ഇബ്‌റാഹീം നബിയാകുന്നു (25:27). വറ്റാത്ത നീരുറവയുടെ ഉറവ പൊടിയാന്‍ നിമിത്തമായത് ഹാജറയും ഇസ്മാഈലുമാണ്.
സമര്‍ഥമായ തന്ത്രങ്ങളിലൂടെ നേതൃത്വം കൈവശപ്പെടുത്തുന്നവരാണ് രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക നേതൃത്വങ്ങളില്‍ മിക്കവരും. എന്നാല്‍ ഇബ്‌റാഹീം നബിക്ക് ലഭിച്ച ഇമാമത്ത് അദ്ദേഹത്തിന്റെ വാക്ചാതുരി കൊണ്ട് ലഭ്യമായതല്ല. അല്ലാഹുവിനു മുമ്പില്‍ വിനയാന്വിതനായ ഒരു അടിമയുടെ എളിമഭാവവും അച്ചടക്കത്തോടുകൂടിയുള്ള അര്‍പ്പണ മനഃസ്ഥിതിയും കര്‍മനൈരന്തര്യവുമാണ് അദ്ദേഹത്തിനു ലഭിച്ച ഇമാമത്തിന്റെ പ്രത്യേകത. അദ്ദേഹത്തിനും സന്തതികള്‍ക്കും ലഭിച്ച ഇമാമത്ത് വരദാനമായതുകൊണ്ടാണ് ഇന്നും ലോകത്തിനു മുമ്പില്‍ അവരുടെ നേതൃസ്ഥാനം പ്രഥമ ഗണനീയമായി തുടരുന്നത്.
ഹനീഫന്‍ മുസ്‌ലിമന്‍
മുസ്‌ലിമെന്നു പറഞ്ഞാല്‍ തന്നെ അല്ലാഹുവിനു പൂര്‍ണമായും സമര്‍പ്പിച്ചവന്‍ എന്നാകുന്നു. അതോടൊപ്പം ഹനീഫന്‍ എന്ന വാക്കു കൂടി ചേര്‍ത്തുകൊണ്ടാണ് ഇബ്‌റാഹീം നബിയെ അല്ലാഹു അതിശ്രേഷ്ഠനായി വിശേഷിപ്പിച്ചിരിക്കുന്നത് (3:67). ഋജുമനസ്‌കതയെ കുറിക്കുന്നതിനും അസത്യങ്ങള്‍ വെടിഞ്ഞ് സത്യത്തെ പുല്‍കുന്നതിനും ഈ വാക്ക് ഉപയോഗിക്കാറുണ്ട്. അന്വേഷണാത്മകതയ്‌ക്കൊപ്പം സഹനശക്തിയും കൂടിയുള്ള ആളുകള്‍ക്കു മാത്രമേ ഹനീഫന്‍ എന്ന തലത്തിലേക്ക് ഉയരാന്‍ കഴിയുകയുള്ളൂ. ഇബ്‌റാഹീം (അ) പ്രകടിപ്പിച്ച അന്വേഷണാത്മകത അല്ലാഹു പോലും എടുത്ത് ഉദ്ധരിച്ചിട്ടുണ്ട്. മരണപ്പെട്ടവരെ പുനരുജ്ജീവിപ്പിക്കുന്ന കാര്യത്തില്‍ മനഃസംതൃപ്തമായ ഉത്തരം ലഭിക്കുന്നതിനു വേണ്ടി അദ്ദേഹം അല്ലാഹുവിനോടു തന്നെയാണ് ‘എന്റെ നാഥാ, നീ എങ്ങനെയാണ് മരിച്ചവരെ ജീവിപ്പിക്കുന്നത് എന്ന് എനിക്ക് കാണിച്ചുതരൂ’ (2:260) എന്ന് ആവശ്യപ്പെടുന്നത്.
അസത്യത്തിനു മുമ്പില്‍ മുട്ടുമടക്കാന്‍ തയ്യാറല്ലാത്ത ഇബ്‌റാഹീം നംറൂദിന്റെ അരമനയില്‍ കയറിച്ചെന്ന് മുഖാമുഖം സംവാദം നടത്തി. ‘എന്റെ റബ്ബ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നവനാണ്’ എന്ന് ഇബ്‌റാഹീം നബി അല്ലാഹുവിനെ പരിചയപ്പെടുത്തിയപ്പോള്‍, തനിക്കും അതിന് കഴിയുമെന്ന് നംറൂദ് അഹങ്കരിക്കുകയും രണ്ടു പേരെ വിളിച്ചുവരുത്തി ഒരുവനെ കൊല്ലുകയും രണ്ടാമനെ വെറുതെ വിടുകയും ചെയ്തു. എന്നാല്‍ ഇബ്‌റാഹീം പ്രത്യാഘാതത്തെ കുറിച്ച് പുനരാലോചിക്കാതെ അസത്യത്തെ പരാജയപ്പെടുത്താന്‍ അടുത്ത ചോദ്യം തൊടുത്തുവിട്ടു. ‘നിശ്ചയമായും അല്ലാഹു സൂര്യനെ കിഴക്കു നിന്നുദിപ്പിക്കുന്നു. നീ അതൊന്ന് പടിഞ്ഞാറു നിന്നു കൊണ്ടുവരൂ’ (2:258) എന്നായിരുന്നു ഇബ്‌റാഹീമിന്റെ വെല്ലുവിളി.
നംറൂദിന്റെ വായ അടഞ്ഞുപോയ സംവാദമായിരുന്നു അത്. സ്വേച്ഛാധിപതിയായ നംറൂദില്‍ നിന്നും സ്വാഭാവികമായും ഇബ്‌റാഹീം അനുഭവിക്കേണ്ടിവന്ന അനന്തരഫലം എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. അല്ലാഹുവിനു വേണ്ടി സകലവും സ്വയം സമര്‍പ്പിച്ച ഇബ്‌റാഹീം ആര്‍ജിച്ച ത്യാഗസന്നദ്ധതയും സമ്പൂര്‍ണ വിധേയത്വവുമാണ് അദ്ദേഹത്തെ ഹനീഫന്‍ (3:67) എന്ന പദവിയിലേക്ക് ഉയര്‍ത്തിയത്. അദ്ദേഹം ലോകത്തിനു മുമ്പില്‍ ബാക്കിവെച്ച സല്‍സരണിയെയും (ഇബ്‌റാഹീം മില്ലത്ത്) ഖുര്‍ആന്‍ ഹനീഫന്‍ എന്നു പരിചയപ്പെടുത്തിയതും അതുകൊണ്ടുതന്നെയാണ് (2:135). ഇബ്‌റാഹീമിന്റെ പാത നിങ്ങള്‍ പിന്‍പറ്റുക (3:95) എന്ന വിശ്വാസികളോടുള്ള അല്ലാഹുവിന്റെ കല്‍പന സത്യത്തിനു വേണ്ടിയുള്ള അന്വേഷണാത്മകതയും സത്യപ്രചാരണത്തിനുള്ള ത്യാഗസന്നദ്ധതയും പരമസത്യമായ അല്ലാഹുവിന് സമ്പൂര്‍ണമായ വിധേയത്വവും നിങ്ങള്‍ ശീലമാക്കുകയെന്ന വ്യാഖ്യാനക്ഷമതയുള്ള കല്‍പനയാകുന്നു.