12 Sunday
January 2025
2025 January 12
1446 Rajab 12

സര്‍ഗസാന്നിധ്യമായി ഇബ്‌റാഹീം അല്‍കോനി

മുജീബ് എടവണ്ണ


ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെ ഇത്തവണത്തെ ശ്രദ്ധാബിന്ദു ഇബ്‌റാഹീം അല്‍കോനി ആയിരുന്നു. സാഹിത്യ രചനകളിലൂടെ അറബ് സംസ്‌കാരവും സംസ്‌കൃതിയും ലോകത്തിനു മുന്നിലെത്തിച്ചതില്‍ വഹിച്ച പങ്ക് പരിഗണിച്ച് ഷാര്‍ജ ബുക്ക് അതോറിറ്റി 42ാമത് പുസ്തകമേളയിലെ സാംസ്‌കാരിക വ്യക്തിത്വമായി തിരഞ്ഞെടുത്തത് ഈ ലിബിയന്‍ സര്‍ഗധനനെയാണ്. ഒമ്പതു ഭാഷകളില്‍ പ്രാവീണ്യമുള്ള ഇബ്‌റാഹീം, കവിതകളും നോവലുകളും കൊണ്ട് ലോക സാഹിത്യത്തെ സമ്പന്നവും സമ്പുഷ്ടവുമാക്കി.
ആധുനിക അറബ് സാഹിത്യകാരന്മാരില്‍ അഗ്രേസരനായ അദ്ദേഹം സമൃദ്ധമായ സാഹിത്യത്തിലൂടെ ലിബിയന്‍ മരുഭൂമിയെ വായനക്കാര്‍ക്ക് ആഘോഷമാക്കുകയായിരുന്നു. രാഷ്ട്രീയം, ചരിത്രം, മതവിശ്വാസങ്ങള്‍ എന്നിവ രചനകളില്‍ കൈകോര്‍ത്തുനിന്നു. ഭാവനയും ഭാവുകത്വവും തുളുമ്പുന്ന കൃതികള്‍ 40ല്‍ അധികം ലോകഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതോടെ സ്വിറ്റ്‌സര്‍ലന്‍ഡ് ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചു.
ഇബ്‌റാഹീം അല്‍കോനി 1948ല്‍ തുനീഷ്യയുടെ അതിര്‍ത്തിക്കടുത്തുള്ള ലിബിയന്‍ നഗരമായ ഗാഡമേസില്‍ ഒരു തുവാരെഗ് കുടുംബത്തിലാണ് ജനിച്ചത്.
പഠനവും
പരിശീലനവും

തെക്കന്‍ ലിബിയയിലെ സെബയില്‍. പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം പിന്നീട് മോസ്‌കോയില്‍ ചേര്‍ന്ന് കലയില്‍ ബിരുദവും തുടര്‍ന്ന് 1977ല്‍ ഗോര്‍ക്കി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലിറ്റററി ആന്റ് ക്രിട്ടിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവും നേടി. അറബിക്കു പുറമെ റഷ്യന്‍, ജര്‍മന്‍, ഫ്രഞ്ച് എന്നിവയുള്‍പ്പെടെ ഒമ്പത് ഭാഷകളില്‍ പ്രഭാഷണവും എഴുത്തും സ്വായത്തമാണ്. ലിബിയയിലെ സാമൂഹിക-വിവര-സാംസ്‌കാരിക മന്ത്രാലയത്തില്‍ അല്‍കോനി രണ്ടു പദവികളാണ് വഹിച്ചത്. 1975ല്‍ മോസ്‌കോയിലെ ലിബിയന്‍ ന്യൂസ് ഏജന്‍സിയുടെ ലേഖകനുമായി. 1987ല്‍ മോസ്‌കോയിലെ ലിബിയന്‍ പീപ്പിള്‍സ് ഓഫീസിന്റെ മാധ്യമ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ച അദ്ദേഹം, 1992ല്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേണില്‍ ഇതേ സ്ഥാനം വഹിച്ചു. നൊബേല്‍ സമ്മാനത്തിനു പലതവണ നാമനിര്‍ദേശം ചെയ്യപ്പെട്ടെങ്കിലും തട്ടിത്തിരിഞ്ഞ് പട്ടികയില്‍ നിന്നു തെറിക്കുകയായിരുന്നു.
തെക്കന്‍ ലിബിയയിലെ മിഡില്‍-ഹൈസ്‌കൂള്‍ തലങ്ങളില്‍ പഠിക്കുമ്പോഴാണ് സാംസ്‌കാരിക-സാഹിത്യ മേഖലയുമായി ബന്ധം സ്ഥാപിച്ചത്. സാഹിത്യവും നിരൂപണവും പഠിക്കുന്നതിനായി മോസ്‌കോയിലേക്ക് മാറിയതിനു ശേഷം അദ്ദേഹം നോവലുകള്‍ എഴുതാന്‍ തുടങ്ങി, കൂടെ കവിതാ സമാഹാരങ്ങളും വിമര്‍ശന പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. മിക്ക കൃതികളും രാഷ്ട്രീയവും ചരിത്രവും അനായാസം കൈകാര്യം ചെയ്യുന്നതാണ്.
മനുഷ്യ അസ്തിത്വത്തിന്റെ പ്രതീകമായും മെഡിറ്ററേനിയന്‍ തടത്തിലെ ഐതിഹാസിക നിധിയായും ദര്‍ശിക്കുന്ന ലിബിയന്‍ മരുഭൂമിയുടെ വന്യതയും വശ്യതയും രചനകളില്‍ ഉയര്‍ന്നുനിന്നു. മരുഭൂദൃശ്യങ്ങള്‍ക്കു പുറമേ മതപരമായ വിശ്വാസങ്ങളും തുവാരെഗ് കവിതകളും അദ്ദേഹത്തിന്റെ പ്രതിഭയ്ക്ക് മാറ്റുകൂട്ടിയ ഘടകങ്ങളാണ്. കവിത വഴങ്ങുന്നതാണ് തൂലികയെന്ന് നോവല്‍ വായിക്കുന്നവര്‍ക്ക് ബോധ്യമാകും.
അറബിഭാഷ
ആത്മാവിന്റെ
മന്ദഹാസം
മരങ്ങളും കവിതകളും
നിറഞ്ഞതാണ് മരുഭൂമി
കവിത കടന്നുപോകുന്ന
വരുടെ കണ്ണുനീരാണ്
അസ്തിത്വ ദുരവസ്ഥയില്‍
കരയുന്നതിനു പകരം
ഞങ്ങള്‍ അതില്‍ അഭയം
തേടുന്നു.

പ്രതിസന്ധികളിലും നട്ടെല്ല് നിവര്‍ത്തി നില്‍ക്കുന്ന ലിബിയന്‍ ജനതയുടെ അതിജീവനമുദ്ര പതിച്ച അല്‍കോനിയുടെ വരികളാണിത്.

അറബി ഭാഷയില്‍ എഴുതുന്നത് അതിന്റെ സമ്പന്നതയും മരുഭൂമിയുടെ ആവിഷ്‌കാരത്തിനും യോജിച്ചതുകൊണ്ട് മാത്രമല്ല, ആത്മാവിന്റെ മന്ദഹാസങ്ങള്‍ രൂപപ്പെടുത്താനുള്ള കഴിവ് കൂടി ഉള്‍ച്ചേര്‍ന്ന ഭാഷയായതുകൊണ്ടു കൂടിയാണ്- അദ്ദേഹം മനസ്സ് തുറന്നു. അന്തരിച്ച ലിബിയന്‍ നേതാവ് കേണല്‍ മുഅമ്മര്‍ ഖദ്ദാഫിയുടെ ഭരണത്തെ അല്‍കോനി എതിര്‍ത്തിരുന്നു. പ്രഥമ പുസ്തകം ഇതുമായി ബന്ധപ്പെട്ടുള്ള ‘വിപ്ലവ ചിന്തയുടെ വിമര്‍ശനം’ ആയിരുന്നു. തന്റെ രാഷ്ട്രീയ നിലപാടിന് വില നല്‍കിയതു പ്രവാസജീവിതം നയിച്ചുകൊണ്ടായിരുന്നു. രാജ്യങ്ങള്‍ പലതു മാറി ഒടുവില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ സ്ഥിരതാമസമാക്കി. പ്രതിഭാധനരെ വരവേല്‍ക്കാന്‍ അറിയുന്ന സ്വിസ് ഭരണകൂടം അദ്ദേഹത്തിനു പൗരത്വം നല്‍കുക മാത്രമല്ല അവസരങ്ങളുടെ വിശാല ലോകത്തിലേക്ക് ആനയിക്കുകയും ചെയ്തു.
2011 ഫെബ്രുവരിയില്‍ ലിബിയന്‍ വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അല്‍കോനി അതിനെ അനുഗ്രഹിക്കുകയും ലിബിയ ഒരു ജനാധിപത്യ രാജ്യമായി മാറുമ്പോള്‍ ലോകത്തെ അതിശയിപ്പിക്കുമെന്ന് പ്രത്യാശിക്കുകയും ചെയ്തു. ‘ലിബിയയില്‍ നിന്ന് എപ്പോഴും പുതിയ എന്തെങ്കിലും വരുന്നു’ എന്ന അരിസ്റ്റോട്ടിലിന്റെ വചനം ഉദ്ധരിച്ചായിരുന്നു പ്രഖ്യാപനം.
മരുഭൂമിയിലെ കഥാപാത്രങ്ങളിലൂടെ സമകാലിക ലോകത്തിലേക്ക് അക്ഷരച്ചൂട്ട് തെളിയിക്കുകയായിരുന്നു അല്‍കോനി. ലിബിയന്‍ വിപ്ലവം രാജ്യത്തിന്റെ യഥാര്‍ഥ മുഖം മനസ്സിലാക്കാന്‍ ലോകത്തെ അനുവദിച്ചു. വളരെ കാലം കാത്തിരുന്ന കുലീനരും സഹിഷ്ണുക്കളുമായ ഒരു ജനതയുടെ ഗുണങ്ങള്‍ കണ്ടെത്താനായി. നിഷേധിയായ ഭരണാധികാരിക്ക് നിരാശയല്ലാതെ ജനതയ്ക്ക് നല്‍കാനാകില്ലെന്ന ഈ എഴുത്തുകാരന്റെ വിശ്വാസത്തിനു ലിബിയ മാത്രമല്ല സാക്ഷിയെന്ന് വിവിധ രാജ്യങ്ങളിലെ വര്‍ത്തമാനകാല സംഭവങ്ങള്‍ തെളിയിക്കുന്നു.
അല്‍കോനിയുടെ നോവലുകള്‍ പഠനവിധേയമാക്കിയവര്‍ ഏകസ്വരത്തോടെ പറയുന്നത്, പരമ്പരാഗത ചിഹ്നങ്ങള്‍ പ്രയോഗവത്കരിക്കുന്നതില്‍ പരിമിതപ്പെടുത്താതെ സ്വന്തമായ രചനാശൈലി സ്വീകരിക്കുകയും സ്വതഃസിദ്ധമായ മിത്തുകള്‍ രൂപപ്പെടുത്തുകയും ചെയ്ത് വ്യത്യസ്തനായി എന്നാണ്.
മരുഭൂമിയെ അനുഭവിക്കാത്തവര്‍ക്ക് വരള്‍ച്ചയും വിളര്‍ച്ചയും നിറഞ്ഞ ഭൂതലമാണത്. അല്‍കോനിയെ വായിച്ചാല്‍ മരുപ്രദേശം പ്രപഞ്ചത്തിലെ കഥകളുടെ കലവറയായി തോന്നും. മുഹമ്മദ് അസദിന്റെ ‘മക്കയിലേക്കുള്ള പാത’ വായിച്ചവര്‍ക്ക് രണ്ട് മരുമണ്ണുകളുടെ വൈവിധ്യത്തെ മനസ്സിലിട്ട് തൂക്കാനാകും.
‘അല്‍മജൂസ്’ എന്ന നോവല്‍ മനുഷ്യന്റെ ശക്തി, വിധി, സാഹസികത, അസ്തിത്വം, അത്യാര്‍ത്തി എന്നിവയുടെ അര്‍ഥങ്ങളെ കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ഇതിഹാസ സൃഷ്ടിയായാണ് വിലയിരുത്തുന്നത്.

നൂറ് മികച്ച അറബ് നോവലുകളില്‍ പതിനൊന്നാം സ്ഥാനത്താണ് സ്വിസ് ഫെഡറല്‍ ഗവണ്‍മെന്റിന്റെ അവാര്‍ഡിന് അര്‍ഹമായ ഈ കൃതി. ചില നിരൂപകര്‍ റഫറന്‍സ് ഗ്രന്ഥം എന്നുവരെ വിശേഷിപ്പിച്ച രചനാകൗതുകം പുസ്തകത്തിനുണ്ട്. ‘പര്‍വതവായു ശ്വസിക്കാത്തവന്‍ ജീവിതരുചി ആസ്വദിച്ചിട്ടില്ലെന്ന’ പ്രസ്താവനയിലൂടെ അല്‍മജൂസ് നിഗൂഢതകളുടെ നിലവറ തുറക്കുന്നു.
തൊണ്ണൂറുകളുടെ തുടക്കത്തിലാണ് അല്‍കോനിയുടെ തൂലിക നോവലുകളെ തഴുകുന്നത്. 1990ല്‍ പ്രസിദ്ധീകരിച്ച ‘ദി ബ്ലീഡിങ് ഓഫ് ദി സ്റ്റോണ്‍’ നോവലുകളുടെ നാഴികക്കല്ലായി. ലിബിയയെ കുറിച്ചുള്ള മികച്ച ഗ്രന്ഥമായി ‘ദി ഗാര്‍ഡിയന്‍’ വിശേഷിപ്പിച്ച പുസ്തകം. നന്മയും തിന്മയും തമ്മിലുള്ള നിരന്തരമായ പോരാട്ടം വായനക്കാരന് അവിസ്മരണീയ അനുഭവം സമ്മാനിക്കുന്നു.
‘രണ്ടാം വെള്ളപ്പൊക്ക വൃത്താന്തങ്ങള്‍’ എന്ന കൃതി അന്ധകാരത്തില്‍ നിന്നും അരാജകത്വത്തില്‍ നിന്നും വെള്ളം മണ്ണിനെ വിശുദ്ധമാക്കുന്നതു വിവരിക്കുന്നു. ഈ ഭാഗം പ്രളയം കണ്ണീര്‍പ്പാടമാക്കിയ ലിബിയയുടെ പുതിയ ചിത്രം മനസ്സിലേക്ക് കൊണ്ടുവരും. പ്രവചന സ്വഭാവമാണ് കോനിയുടെ എഴുത്തിനെ തീ പിടിപ്പിക്കുന്നത്. ലൈംഗിക കുറ്റങ്ങള്‍ പാപങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുക മാത്രമല്ല, ആശ്രിതശ്രേണിയില്‍ വരുന്ന പിതാവ്, ഭാര്യ, മക്കള്‍, സുഹൃത്ത്, നേതൃത്വം എന്നിവരെയെല്ലാം ബാധിക്കുമെന്ന സൂചന ‘അത്തിബര്‍’ എന്ന നോവല്‍ നല്‍കുന്നു.
മരുജീവിതത്തിലൂടെ മനുഷ്യരിലേക്ക് പ്രവേശിക്കുന്ന നോവലില്‍ സ്വന്തം കാര്യങ്ങളും ബുദ്ധിയും മറ്റുള്ളവരെ ഏല്‍പിക്കുന്നവരെ ദരിദ്രന്‍ എന്നു വിളിക്കുന്നുണ്ട്. ശാരീരിക വേദനകള്‍ സഹിക്കുന്നതില്‍ ഒട്ടകത്തോട് മത്സരിക്കാന്‍ ഒരു ജീവി ലോകത്തില്ലെന്നു സ്ഥാപിക്കുന്ന നോവല്‍, ഹൃദയവേദന സഹിക്കാന്‍ ഒട്ടകത്തേക്കാള്‍ ദുര്‍ബലമായ ജീവിയും വേറെയില്ലെന്നു പറയുന്നു. ഉത്കണ്ഠാ രഹിതമായ ഹൃദയം ഭയാനകമാണ്. ദുഃഖം ഹൃദയത്തില്‍ ദിവ്യദീപ്തി കൊളുത്തുമെന്നാണ് മറ്റൊരു തത്വം.
1997ല്‍ ജപ്പാനീസ് ഭാഷയില്‍ പുസ്തകം പിറന്നപ്പോള്‍ മികച്ച വിവര്‍ത്തന കൃതിക്കുള്ള പുരസ്‌കാരവും കരസ്ഥമാക്കി.
മനുഷ്യന്‍ നിസ്സാരന്‍
നിസ്സാര സൃഷ്ടിയാണ് മനുഷ്യന്‍. ദുര്‍ബലന്‍, അവശന്‍. ചിലപ്പോള്‍ അവനെ കൊല്ലുന്നത് ഒരു കൊതുകായിരിക്കും. അതേസമയം, മരുഭൂമിയില്‍ അവനെക്കാള്‍ ശക്തനെ കാണില്ല. സകല വന്യതയെയും നിഗ്രഹിക്കാനുള്ള ശേഷി മനുഷ്യനില്‍ കാണാം. ഈ വൈരുദ്ധ്യത്തെ താരതമ്യം ചെയ്യുന്ന പേജുകള്‍ ചിന്തോദ്ദീപകമാണ്.
ഷാര്‍ജ പുസ്തകമേളയുടെ പ്രവിശാലമായ ഹാളുകളില്‍ ഒന്നില്‍ ഒരു മൂലയിലാണ് ലിബിയന്‍ പ്രസിദ്ധീകരണാലയത്തെ കണ്ടത്. പക്ഷേ, അവിടെ അല്‍കോനിയുടെ പുസ്തകങ്ങളില്ല. ദുരിതപ്പെയ്ത്തിന്റെ തട്ടകമായ ആ നാട്ടില്‍ നിന്ന് ആരും പുസ്തകോത്സവത്തിന് എത്തിയിട്ടുമില്ല. സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ചില റഫറന്‍സ് ഗ്രന്ഥങ്ങള്‍ മാത്രമായിരുന്നു ആ സ്റ്റാളിലെ പുസ്തകപ്പെരുമ. വില്‍പനയ്ക്ക് നില്‍ക്കുന്ന പ്രവാസിയായ പെണ്‍കുട്ടിയുമായി സംസാരിച്ചപ്പോള്‍ നോവലുകള്‍ക്ക് വഴിവച്ച ജന്മനാട് ഒരു ഉത്സവത്തെയും സ്വീകരിക്കാന്‍ പാകപ്പെട്ടിട്ടില്ലെന്നാണ് വ്യക്തമായത്.
കുടിയേറ്റം
സര്‍ഗാത്മകയുടെ
അടിത്തറ

പുറംവാസത്തെ പുകഴ്ത്തുന്ന വരികള്‍ നോവലുകളില്‍ എമ്പാടുമുണ്ട്. കുടിയേറ്റം വര്‍ത്തമാനകാല പ്രഹേളികയും പ്രതിസന്ധിയുമായി കൂട്ടിക്കെട്ടുമ്പോള്‍ കുടിയേറ്റത്തിന്റെ സര്‍ഗാത്മകതയാണ് അല്‍കോനി വരച്ചിടുന്നത്. സാംസ്‌കാരിക വ്യക്തിത്വ പുരസ്‌കാരം സ്വീകരിച്ചുകൊണ്ടുള്ള പ്രഭാഷണത്തില്‍ പ്രവാസം സ്വീകരിക്കാത്ത പ്രവാചകന്മാരുണ്ടോ എന്ന് അദ്ദേഹം പൂര്‍വകാല ചരിത്രം ചൂണ്ടി ചോദിക്കുന്നു. കുടിയേറ്റത്തിനു കഴിയാത്ത ഒരു മനുഷ്യന്‍ സ്വപ്‌നങ്ങളിലൂടെയെങ്കിലും വിവിധ രാജ്യങ്ങളില്‍ പറന്നിറങ്ങിയിരിക്കും.
‘കുടിയേറ്റത്തെ ഒരു മതമായോ മാര്‍ഗമായോ സ്വീകരിക്കാത്ത യഥാര്‍ഥ സന്തത സഹചാരി ആരാണ്? പലായനം ചെയ്യാത്ത ദൈവദൂതനേതാണ്, നോഹയാണോ, ഇബ്‌റാഹീം നബിയുടെ ഉമ്മയാണോ? യൂനുസ്, യൂസുഫ്, മൂസാ നബിമാരാണോ, ഇൗസാ നബിയുടെ ഉമ്മയോ, മുഹമ്മദ് ഇബ്‌നു അബ്ദുല്ല എന്ന അന്ത്യപ്രവാചകനോ’ തുടങ്ങിയ ചോദ്യങ്ങളിലൂടെ കുടിയേറ്റത്തിലൂടെ ജീവിതദൗത്യം നിര്‍വഹിച്ചവരുടെ പൂര്‍വകാല പട്ടിക അല്‍കോനി തന്റെ വാചാലമായ വാചകങ്ങളിലൂടെ പുസ്തകമേളയില്‍ എത്തിയവരിലേക്ക് എടുത്തിട്ടു.

ഉപനിഷത്തുകളിലെ സംസ്‌കൃത ഗ്രന്ഥങ്ങള്‍ ദേശാടനത്തിന്റെ അദ്ഭുതം പാടിയിട്ടുണ്ടെന്ന് അദ്ദേഹം പറയുമ്പോള്‍ തന്റെ ഗഹനമായ വായനയുടെ വാതായനമാണ് തുറന്നിടുന്നത്. കുടിയേറ്റം ഒരിക്കലും പ്രവാചകന്മാരില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നില്ല, നമ്മുടെ ലൗകിക വിഭ്രാന്തികളിലെ ഓരോ മനുഷ്യന്റെയും വിധിയായതു നിലനില്‍ക്കും. നമ്മില്‍ ആരാണ് കുടിയേറ്റക്കാരന്‍ അല്ലാത്തത്? കുടിയേറ്റക്കാരനായ പിതാവിന്റെയോ മുത്തച്ഛന്റെയോ പൂര്‍വികരുടെയോ വംശപരമ്പരയില്‍ നിന്ന് ജനിക്കാത്തവരായി നമ്മില്‍ ആരുണ്ട്? പലായനത്തിന്റെ പുതിയ നീര്‍ച്ചാലുകള്‍ ഗസ്സയില്‍ നിന്ന് ഒഴുകുമ്പോള്‍ അല്‍കോനിയുടെ ശബ്ദം മനുഷ്യരാശിയുടെ ശ്രവണപുടങ്ങളിലാണ് അലയടിക്കേണ്ടത്.
നിങ്ങള്‍ കൂടുതല്‍ നേരം ഒരിടത്തു വസിക്കുന്തോറും ഉപയോഗശൂന്യമായ കാര്യങ്ങള്‍ നിങ്ങള്‍ക്കു ചുറ്റും കുന്നുകൂടുന്നു. കാലക്രമേണ ഈ കാര്യങ്ങള്‍ നിങ്ങളുടെ തലയില്‍ വീഴുകയും നിങ്ങളുടെ ശ്വാസം എടുക്കുകയും ചെയ്യും. അവര്‍ മണ്ണിനോടും കളിമണ്ണിനോടും വസ്തുക്കളോടും ബന്ധിക്കപ്പെട്ടിരിക്കുന്നു. സ്വന്തം കൈ കൊണ്ട് ഉണ്ടാക്കിയ വസ്തുക്കള്‍ക്ക് അവര്‍ അടിമകളാകുന്നു. പണത്തിന്റെയും ലൗകിക വസ്തുക്കളുടെയും ശേഖരണത്തിലാണ് അടിമത്തം. ആളുകള്‍ എപ്പോഴും വളരെ വൈകിയാണ് സത്യം മനസ്സിലാക്കുന്നത്. സത്യം മനസ്സിലാക്കിയാല്‍ മരണം പോലും വേഗത്തിലാക്കാമെന്ന സൂചനയും അല്‍കോനി വായനക്കാര്‍ക്ക് നല്‍കുന്നു.
പുസ്തകങ്ങളുമായും പുസ്തക ഉടമകളുമായും വാചാടോപക്കാരുടെ ബന്ധം എപ്പോഴും ശത്രുതയുള്ളതാണെന്ന പ്രസിദ്ധീകരണ പ്രതിസന്ധിയും ഒരു നോവല്‍ഭാഗത്ത് വരുന്നുണ്ട്. എഴുത്തുകാരനുണ്ടാകുന്ന അനുഭവങ്ങള്‍ രചനയില്‍ വരുത്തി അതിനെ ആത്മാംശമാക്കുന്ന ശൈലി അല്‍കോനിയുടെ എഴുത്തടരുകളിലും കാണാം. വവ്വാലുകളുടെ ഭാഷ അറിയാമെങ്കിലും ഒരു ഭാഷയും അറിയില്ലെങ്കിലും, ഒരു സ്ത്രീക്ക് സ്ത്രീകളുടെ ഭാഷ മനസ്സിലാകുമെന്ന സ്ത്രീപക്ഷ പ്രകീര്‍ത്തനങ്ങള്‍ ധാരാളം. രചനകളില്‍ രസാവഹമായ സംഭവങ്ങള്‍ യഥേഷ്ടം വിന്യസിപ്പിക്കാനും ശ്രദ്ധിച്ചിട്ടുണ്ട്. ഗ്ലാസില്‍ നുരയുണ്ടാക്കുന്ന ചായയുണ്ടാക്കാന്‍ കഴിയുന്നത് പുരുഷന്മാര്‍ക്കാണെന്ന സാക്ഷ്യപത്രം ഒരു കഥാപാത്രത്തിലൂടെ നല്‍കുന്നു. ലിപ്റ്റണ്‍ ചായ റെയിന്‍ബോ പാലില്‍ കലര്‍ത്തി കുടിച്ചിരുന്ന പ്രവാസകാലം പഴങ്കഥയാക്കി, പുരുഷന്‍മാര്‍ ചൂടോടെ പകരുന്ന സമോവര്‍ ചായ ഗള്‍ഫില്‍ അരങ്ങുവാഴുന്ന പുതിയ കാലത്തിന് അല്‍കോനിയുടെ ഒപ്പു പതിഞ്ഞപോലെ തോന്നി.
ഭര്‍ത്താവ് വിവാഹം കഴിക്കാന്‍ ലക്ഷ്യമിടുന്നുണ്ടോ എന്നറിയാന്‍ സ്ത്രീകള്‍ക്ക് ആകാംക്ഷയുണ്ടെന്ന പരാമര്‍ശം ദാമ്പത്യ രസങ്ങളിലെ ആസ്വാദനമായി മാറുന്നു. പുരുഷന്മാര്‍ എപ്പോഴും രണ്ടു സ്ത്രീകള്‍ വഴക്കിടുന്നത് ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്ന ആണ്‍മനോനിലയും അപ്പടി പകര്‍ത്തിയത് പുരുഷന്മാരൊന്നും എതിര്‍ക്കാനിടയില്ല. രണ്ടു സ്ത്രീകള്‍ ശണ്ഠ കൂടുന്നത് കണ്ടാല്‍ രണ്ടു നിമിഷമെങ്കിലും പകച്ചുനിന്നിട്ടായിരിക്കും പിടിച്ചുമാറ്റാന്‍ ശ്രമിക്കുക. ലിബിയന്‍-പോളണ്ട് ഫ്രണ്ട്ഷിപ്പ് മാസികയുടെ പത്രാധിപത്യം ഏറ്റെടുത്ത അല്‍കോനി ലിബിയന്‍ ന്യൂസ് ഏജന്‍സിയുടെ ലേഖകനുമായിരുന്നു. ഡസന്‍കണക്കിന് അറബ്-അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 1995ലെയും 2001ലെയും സ്വിസ് സ്റ്റേറ്റ് പ്രൈസ്, 2006ലെ ഫ്രഞ്ച് ലീജിയന്‍ ഓഫ് ആര്‍ട്‌സ്, 2007-2008ലെ ശൈഖ് സായിദ് ബുക്ക് അവാര്‍ഡ് എന്നിവ ചിലത് മാത്രം. അറബ് ഫിക്ഷനിലെ സര്‍ഗാത്മകതയ്ക്കുള്ള അഞ്ചാമത്തെ കെയ്‌റോ ഇന്റര്‍നാഷണല്‍ ഫോറം അവാര്‍ഡ് 2010ലാണ് അല്‍കോനിയെ തേടിയെത്തിയത്.
സ്വിറ്റ്‌സര്‍ലന്‍ഡില്‍ വസിക്കുന്ന പ്രമുഖ വ്യക്തികളെ അനശ്വരമാക്കുന്ന ഒരു പുസ്തകത്തില്‍ അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിരവധി സര്‍വകലാശാലകളില്‍ അല്‍കോനിയുടെ ഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നു. നോവലുകള്‍ക്കും കഥകള്‍ക്കും അപ്പുറം ലേഖനങ്ങള്‍, സാഹിത്യ-വിമര്‍ശന-ഭാഷാ പഠനങ്ങള്‍, ചരിത്രം, രാഷ്ട്രീയം എന്നിങ്ങനെ അല്‍കോനിയുടെ പുസ്തകങ്ങള്‍ അതിര്‍ത്തികളും ഭാഷകളുടെ ഭിത്തികളും ഭേദിച്ച് ലോകമെങ്ങുമുള്ള വായനക്കാരന്റെ കൈകളിലെത്തുന്നു.

Back to Top