23 Monday
December 2024
2024 December 23
1446 Joumada II 21

ഇബാദത്തും ദുര്‍വ്യാഖ്യാനങ്ങളും -4

പി കെ മൊയ്തീന്‍ സുല്ലമി

അന്‍ബിയാ ഔലിയാക്കള്‍ക്ക് അല്ലാഹു കൊടുത്ത കഴിവില്‍ നിന്ന് കാലാകാലം ചോദിക്കാമെന്നാണ് സമസ്തക്കാരുടെ വാദം. ഈ രീതിയില്‍ മലക്കുകള്‍ക്കും ജിന്നുകള്‍ക്കും അല്ലാഹു കൊടുത്ത കഴിവില്‍ നിന്ന് ചോദിക്കാം എന്ന് മറ്റു ചിലരും വാദിക്കുന്നു. അത് ഇപ്രകാരമാണ്: മലക്കുകളും ജിന്നുകളും ഭൗതികജീവികളാണ്. ഇതിന് ഇവര്‍ ഖുര്‍ആനില്‍ നിന്നോ സുന്നത്തില്‍ നിന്നോ യാതൊരു രേഖയും തെളിവായി ഇന്നേവരെ ഉദ്ധരിച്ചിട്ടില്ല. ഇതിനൊക്കെ തെളിവായി ഇവര്‍ ഉദ്ധരിക്കുന്നത് ചില മുന്‍ഗാമികള്‍ തെറ്റായി ഉദ്ധരിച്ച സ്ഖലിതങ്ങളും ചില പ്രസിദ്ധീകരണങ്ങളില്‍ നിന്ന് തലയും വാലും മുറിച്ച് അടര്‍ത്തിയെടുത്ത ചില വചനങ്ങളുമാണ്. ചിലരൊക്കെ അവര്‍ മുമ്പ് എഴുതിയത് തിരുത്തിയിട്ടുമുണ്ട്. അതൊന്നും വിലവെക്കാതെ മരണപ്പെട്ടവരെന്നോ ജീവിച്ചിരിക്കുന്നവരെന്നോ ഭേദമില്ലാതെ അവരുടെ മേല്‍ അതേ കുറ്റാരോപണം തന്നെ തുടര്‍ന്നുകൊണ്ടിരിക്കുകയുമാണ്.
മലക്കുകളും ജിന്നുകളും ഭൗതിക ജീവികളാണെന്നും അല്ലാഹു അവര്‍ക്കു കൊടുത്ത കഴിവില്‍ നിന്ന് ചോദിക്കാവുന്നതാണെന്നും സുലൈമാന്‍ നബിയുടെ(അ) മാതൃക അതായിരുന്നു എന്നും ഇവര്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. ഇപ്പറഞ്ഞതിന് അല്‍ഇസ്വ്്‌ലാഹ് മാസികയും ജിന്ന്്, സിഹ്‌റ്, കണ്ണേറ്, റുക്ഇയ്യ ശറഇയ്യ; ഒരു പ്രമാണിക പഠനം എന്ന പുസ്തകവും സലഫീ പ്രസ്ഥാനം വിമര്‍ശനങ്ങളും മറുപടിയും എന്ന പുസ്തകവും തെളിവാണ്.
മര്‍ഹൂം സകരിയ്യ സ്വലാഹി രേഖപ്പെടുത്തിയതു ശ്രദ്ധിക്കുക: ”മണ്ണിനാല്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ ഭൗതികമാണെങ്കില്‍ അഗ്‌നിയാല്‍ സൃഷ്ടിക്കപ്പെട്ട ജിന്നുകളും ഭൗതിക സൃഷ്ടികള്‍ തന്നെ.” (ജിന്ന്, സിഹ്‌റ്, കണ്ണേറ്, റുക്ഇയ്യ: ശറഇയ്യ; ഒരു പ്രാമാണിക പഠനം പേജ്: 146). ”മലക്ക്, ജിന്ന് തുടങ്ങിയ സൃഷ്ടികള്‍ അഭൗതിക സൃഷ്ടികളാണെന്ന് പറയുന്നതോടെ അവയുടെ പ്രവര്‍ത്തനങ്ങളും അഭൗതികമാണെന്ന് പറയേണ്ടിവരും.” (പേജ് 149). ”അഭൗതിക ശക്തിയായി ഏകനായ അല്ലാഹു മാത്രമേയുള്ളൂ.” (അതേ പുസ്തകം: പേജ് 148)
അല്‍ഇസ്‌ലാഹ്് മാസികയിലും മര്‍ഹൂം സകരിയ്യാ സ്വലാഹിയുടെ പുസ്തകങ്ങളിലും വന്ന അബദ്ധങ്ങള്‍ ഇന്നേവരെ തിരുത്തിയിട്ടില്ല.
പുസ്തകം ഇപ്പോഴും ലഭ്യമാണ്.
മേല്‍ രേഖപ്പെടുത്തിയ മൂന്ന് കാര്യങ്ങളും ശരിയല്ല. ഒന്ന്: മനുഷ്യനെ സൃഷ്ടിക്കാന്‍ ഉപയോഗിച്ച മണ്ണും ജിന്നിനെ സൃഷ്ടിക്കാന്‍ ഉപയോഗിച്ച തീയും ഭൗതികമാണെന്നതാണ്. അത് ശരിയാണ് എന്നതിന് തെളിവെന്ത്? മനുഷ്യനെ സൃഷ്ടിക്കാന്‍ അല്ലാഹു ഉപയോഗിച്ചത് ഭൂമിയിലെ മണ്ണാണ് എന്ന് അല്ലാഹു പറഞ്ഞിട്ടില്ലല്ലോ? ജിന്നുകളെ അല്ലാഹു സൃഷ്ടിച്ച തീ നാം ഉപയോഗിക്കുന്ന തീ അല്ല. അതിനെക്കാള്‍ എത്രയോ ഇരട്ടി ചൂടുള്ള തീ കൊണ്ടാണ് ജിന്നുകളെ സൃഷ്ടിച്ചത്. സമൂം എന്നാണ് ജിന്നുകളെ സൃഷ്ടിച്ച തീയിന് പറയപ്പെടുന്ന പേര്. അത് നരകത്തില്‍ കത്തിക്കപ്പെടുന്ന തീയാണ്. സമൂം എന്നാല്‍ ‘രോമകൂപങ്ങളില്‍ തുളച്ചു കയറുന്ന തീ’ (ത്വൂര്‍ 27) എന്നാണ് അര്‍ഥം. അതുകൊണ്ടാണ് ജിന്നുകളുടെ സൃഷ്ടിപ്പ്. അല്ലാഹു പറയുന്നു: ”അതിനു മുമ്പ് അത്യുഷ്ണമുള്ള അഗ്‌നിജ്വാലയില്‍ നിന്ന് ജിന്നിനെ നാം സൃഷ്ടിച്ചു.” (ഹിജ്്‌റ് 27)
ജിന്നും മലക്കും ഭൗതികമാണ് എന്നതാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ വാദം. ഒരു വ്യക്തിയോ ശക്തിയോ വസ്തുവോ ഭൗതികമാണെങ്കില്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും നാം അതിനെ കാണും. അല്ലാഹു പറയുന്നു: ”തീര്‍ച്ചയായും അവനും (പിശാചും) അവന്റെ വര്‍ഗവും നിങ്ങളെ കണ്ടുകൊണ്ടിരിക്കും. നിങ്ങള്‍ക്ക് അവരെ കാണാന്‍ പറ്റാത്ത വിധത്തില്‍.” (അഅ്്‌റാഫ് 27). ശാഫീഈ(റ) പറയുന്നു: ”പ്രവാചകനല്ലാത്ത ഒരു വ്യക്തി താന്‍ ജിന്നിനെ കണ്ടു എന്ന് ജല്‍പിക്കുന്ന പക്ഷം അവന്റെ സാക്ഷിത്വത്തെ (കാഴ്ചയെ) നാം കളവായി പ്രഖ്യാപിക്കുന്നതാണ്.” (ബൈഹഖി; ഫത്്ഹുല്‍ബാരി 10:97)
നമുക്ക് ദര്‍ശിക്കാനോ ബന്ധപ്പെടാനോ സാധിക്കാത്ത യാതൊന്നും ഭൗതികമല്ല. കാര്യകാരണ ബന്ധങ്ങള്‍ക്കും പഞ്ചേന്ദ്രിയങ്ങള്‍ക്കും അധീനമായതും നിരീക്ഷണ പരീക്ഷണങ്ങള്‍ കൊണ്ട് മനസ്സിലാകുന്നതുമായ വസ്തുക്കള്‍ ഭൗതികമാണ്. മതപരമായി അഭൗതികം എന്നത് മേല്‍ പറഞ്ഞ വിധം മനസ്സിലാകാത്ത, കേവലം വഹ്‌യ് കൊണ്ടുമാത്രം മനസ്സിലാകുന്ന വസ്തുക്കളാണ്. ജിന്നുകളെയും മലക്കുകളെയും പഞ്ചേന്ദ്രിയങ്ങള്‍ക്കോ ശാസ്ത്രീയ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കോ പിടുത്തം കിട്ടുന്നതല്ല. അത് കേവലം വഹ്്‌യു കൊണ്ടു മാത്രമേ പിടുത്തം കിട്ടൂ. അതുകൊണ്ടാണ് അവയെ അഭൗതികം എന്ന് പറയുന്നത്.
മൂന്നാമതായി ‘അഭൗതികം അല്ലാഹു മാത്രമാണ്’ എന്നതും ശരിയല്ല. നരകം, സ്വര്‍ഗം, മഹ്്ശറ എന്നീ കാര്യങ്ങളും നമ്മുടെ അറിവിനും കഴിവിനും ബുദ്ധിക്കും അപ്പുറമുള്ളതുമായ സകല കാര്യങ്ങളും അഭൗതികങ്ങളാണ്. മലക്കുകള്‍ നമ്മെ സഹായിക്കുമെന്നത് ശരിയാണ്. പക്ഷെ പ്രസ്തുത സഹായം അദൃശ്യവും അഭൗതികവുമായ നിലയിലാണ്. നാം ഉദ്ദേശിക്കുമ്പോള്‍ മലക്കുകള്‍ക്ക് നമ്മെ സഹായിക്കാന്‍ സാധ്യമല്ല. മലക്കുകള്‍ക്ക് നമ്മെ സഹായിക്കേണമെങ്കില്‍ അല്ലാഹുവിന്റെ പ്രത്യേക കല്‍പനകള്‍ വേണം എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. അല്ലാഹുവിന്റെ കല്‍പന പ്രകാരമല്ലാതെ സൃഷ്ടികളുടെ കല്‍പന പ്രകാരം പ്രവര്‍ത്തിക്കാന്‍ അല്ലാഹു മലക്കുകള്‍ക്ക് അനുവാദം നല്‍കിയിട്ടില്ല. അല്ലാഹു പറയുന്നു: ”അല്ലാഹു അവരോട് കല്‍പിച്ച കാര്യത്തില്‍ അവനോടവര്‍ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്‍പിക്കപ്പെടുന്നത് എന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.” (തഹ്്‌രീം 6)
അല്ലാഹുവിന്റെ കല്‍പനയോട് കൂടി മാത്രമേ മലക്കുകള്‍ക്ക് നമ്മെ സഹായിക്കാന്‍ സാധിക്കൂ. അല്ലാഹു പറയുന്നു: ”മനുഷ്യന്ന് അവന്റെ മുന്നിലൂടെയും പിന്നിലൂടെയും തുടരെത്തുടരെ വന്നുകൊണ്ട് അല്ലാഹുവിന്റെ കല്‍പന പ്രകാരം അവനെ സംരക്ഷിച്ചുകൊണ്ടിരിക്കുന്ന (മലക്കുകള്‍) ഉണ്ട്.” (റഅ്ദ് 11)
ബദര്‍ യുദ്ധത്തില്‍ സത്യവിശ്വാസികളെ സഹായിച്ചത് മലക്കുകളായിരുന്നു. എന്നിട്ടും വിശുദ്ധ ഖുര്‍ആന്‍ മലക്കുകളാണെന്നു പറയാതെ അല്ലാഹുവാണെന്ന് പറയാന്‍ കാരണം മലക്കുകളുടെ സഹായം അല്ലാഹുവിന്റെ കല്‍പനയോടു കൂടിയായിരുന്നു എന്നതു കൊണ്ടാണ്. അല്ലാഹു പറയുന്നു: ”നിങ്ങള്‍ ദുര്‍ബലരായിരിക്കെ ബദറില്‍ വെച്ച് അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്.” (ആലുഇംറാന്‍ 123)
എന്നാല്‍ ജിന്നുകളെ ഒരിക്കലും മനുഷ്യരുടെ സഹായിയായി അല്ലാഹു നിശ്ചയിച്ചിട്ടില്ല. അല്ലാഹുവിന് ജിന്നുകളുടെ ആശ്രയമോ സഹായമോ ആവശ്യമില്ല. അല്ലാഹു പറയുന്നു: അല്ലാഹു എല്ലാവര്‍ക്കും ആശ്രയമായിട്ടുള്ള(നിരാശ്രയന്‍)വനാകുന്നു.” (ഇഖ്്‌ലാസ് 2)
അല്ലാഹുവിന് മാത്രമല്ല, മനുഷ്യര്‍ക്കും സഹായികളായി അല്ലാഹു മനുഷ്യരെ വഴിപിഴപ്പിക്കുന്ന ജിന്നു വര്‍ഗത്തെ സഹായികളാക്കിയിട്ടില്ല. അല്ലാഹു പറയുന്നു: ”വഴിപിഴപ്പിക്കുന്നവരെ ഞാന്‍ സഹായിയായി സ്വീകരിക്കുന്നവനല്ല.” (കഹ്ഫ് 51)
മനുഷ്യമനസ്സുകളില്‍ ദുര്‍ബോധനം നടത്തുകയെന്നതു മാത്രമാണ് പിശാചിന്റെ ഡ്യൂട്ടി. അതിനുള്ള കഴിവു മാത്രമേ അല്ലാഹു അവന്ന് നല്‍കിയിട്ടുള്ളൂ. അത് നിരവധി ഖുര്‍ആന്‍ വചനങ്ങള്‍കൊണ്ട് തെളിയിക്കപ്പെട്ടതാണ്. നബി(സ) അരുളിയതായി ഇബ്‌നു മസ്്ഊദ്(റ) പ്രസ്താവിച്ചു: ”തീര്‍ച്ചയായും പിശാചിന് മനുഷ്യനുമായി ചില ബന്ധങ്ങളുണ്ട്. മലക്കിനും മനുഷ്യനുമായി ചില ബന്ധങ്ങളുണ്ട്. പിശാചിന് മനുഷ്യനുമായുള്ള ബന്ധം തിന്മ വാഗ്ദാനം ചെയ്യലും സത്യത്തെ കളവാക്കലുമാണ്. മലക്കുമായിട്ടുള്ള ബന്ധം നന്മ വാഗ്ദാനം ചെയ്യലും സത്യത്തെ സ്ഥിരപ്പെടുത്തലുമാണ്.” (തിര്‍മിദി)
സ്വഹാബികള്‍ പറഞ്ഞതായി ഇബ്‌നു അബ്ബാസ്(റ) പ്രസ്താവിക്കുന്നു: ”ഞങ്ങളുടെ മനസ്സുകളില്‍ ചില കാര്യങ്ങള്‍ ഞങ്ങള്‍ക്ക് തോന്നും. അത് മറ്റൊരാളോട് പറയുകയെന്നത് ഞങ്ങള്‍ കരിഞ്ഞ് വെണ്ണീറാകുന്നതിനെക്കാള്‍ ഞങ്ങള്‍ക്ക് പ്രയാസമുണ്ടാക്കുന്നതായിരിക്കും. അവരില്‍ ഒരാള്‍ ഇപ്രകാരം പറയുകയുണ്ടായി: പിശാചിന്റെ ശല്യം ദുര്‍ബോധനത്തില്‍ മാത്രം ഒതുക്കിത്തീര്‍ത്ത അല്ലാഹുവിന് സര്‍വ്വ സ്തുതിയും. മറ്റൊരാള്‍ ഇപ്രകാരവും പറയുകയുണ്ടായി: പിശാചിന്റെ ശല്യം ദുര്‍ബോധനത്തിലേക്ക് മാത്രം മടക്കിത്തീര്‍ത്ത അല്ലാഹുവിന് സര്‍വ്വ സ്തുതിയും.” (അഹ്്മദ്)
പിശാചിനോട് സഹായം തേടല്‍ ജാഹിലിയ്യാ കാലത്തെ ശിര്‍ക്കന്‍ സമ്പ്രദായമായിരുന്നു. അല്ലാഹു പറയുന്നു: ”മനുഷ്യരില്‍ പെട്ട ചില വ്യക്തികള്‍ ജിന്നുകളില്‍ പെട്ട ചില വ്യക്തികളോട് ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അതവര്‍ക്ക് (ജിന്നുകള്‍ക്ക്) അഹങ്കാരം വര്‍ധിപ്പിച്ചു.” (ജിന്ന് 6)
ജിന്നുകളോടും മലക്കുകളോടും സഹായം തേടല്‍ (പ്രാര്‍ഥിക്കല്‍) ശിര്‍ക്കാണെന്ന് വിശുദ്ധഖുര്‍ആന്‍ സംശയത്തിന്നിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. ”നിങ്ങള്‍ അവരോട് പ്രാര്‍ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുന്നതല്ല. ഇനി അവര്‍ കേട്ടാല്‍ തന്നെ നിങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതുമല്ല. നിങ്ങള്‍ ചെയ്ത ശിര്‍ക്കിനെ അന്ത്യദിനത്തില്‍ അവര്‍ നിഷേധിക്കുകയും ചെയ്യുന്നതാണ്.” (ഫാത്വിര്‍ 14)
മേല്‍ വചനം ഇമാം ഖുര്‍ത്വുബി വിശദീകരിക്കുന്നത് ശ്രദ്ധിക്കുക: ”പ്രാര്‍ഥിക്കപ്പെടുന്ന മലക്കും ജിന്നും അന്‍ബിയാക്കളും പിശാചുക്കളുമെല്ലാം (ശിര്‍ക്കിന്റെ) പരിധിയില്‍ ഉള്‍പ്പെടുന്നതാണ്.” (അല്‍ജാമിഉ ലി അഹ്്കാമില്‍ ഖുര്‍ആന്‍)
അല്ലാഹു പറയുന്നു: ”അല്ലാഹു അല്ലാത്തവരെ വിളിച്ചു തേടുന്നവനെക്കാള്‍ വഴി പിഴച്ചവന്‍ ആരുണ്ട്.” (അഹ്്ഖാഫ് 5) ഈ വചനത്തെ അബുസ്സഊദ് (റ) വിശദീകരിക്കുന്നത് ഇപ്രകാരമാണ്: ”ഈ വചനത്തിന്റെ പരിധിയില്‍ (പ്രാര്‍ഥിക്കപ്പെടുന്ന) മലക്കുകളും ജിന്നും മനുഷ്യനും അല്ലാത്തവരും ഉള്‍പ്പെടുന്നതാണ്.” (തഫ്‌സീര്‍ അബുസ്സഊദ്)
അല്ലാഹു അല്ലാത്തവരോട് പ്രാര്‍ഥിക്കുന്നതിനെക്കുറിച്ച് ഇബ്നുബാസിന്റെ(റ) ഫത്‌വ ശ്രദ്ധിക്കുക: ”പ്രാര്‍ഥനയുമായി ബന്ധപ്പെടുന്ന മരണപ്പെട്ടു പോയവരോടും മലക്കുകളോടും ജിന്നുകളോടും അല്ലാത്ത സൃഷ്ടികളോടും പ്രാര്‍ഥിക്കലും അവരോട് ശരണം തേടലുമെല്ലാം ജാഹിലിയ്യാ കാലഘട്ടത്തിലെ ശിര്‍ക്കന്‍ സമ്പ്രദായത്തില്‍ പെട്ടതും അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്ന ഏറ്റവും മോശപ്പെട്ട ശിര്‍ക്കില്‍ പെട്ടതുമാണ്.” (മജ്്മൂഉ ഫതാവാ, 2:544)

Back to Top