23 Monday
December 2024
2024 December 23
1446 Joumada II 21

ഇബാദത്തും ഇത്വാഅത്തും ഒന്നല്ല

പി കെ മൊയ്തീന്‍ സുല്ലമി

സൂറഹുല്‍ഫാതിഹയിലെ ഇയ്യാകനഅ്ബുദു (നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു) എന്ന വചനം കൊണ്ടുദ്ദേശിക്കുന്നത് മൂന്ന് ആശയങ്ങളാണ്. നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നെ മാത്രം ഞങ്ങള്‍ അനുസരിക്കുന്നു, നിനക്കു മാത്രം ഞങ്ങള്‍ അടിമവേല ചെയ്യുന്നു എന്നീ മൂന്ന് അര്‍ഥങ്ങളും ഉള്‍പ്പെടുമെന്നാണ് പ്രമുഖ പണ്ഡിതനും ചിന്തകനുമായിരുന്ന മൗലാനാ മൗദൂദി(റ)യുടെ വീക്ഷണം. ഈ വീക്ഷണം പ്രമാണ ബദ്ധമായി നാം വിലയിരുത്തേണ്ടതുണ്ട്.
ഇബാദത്ത് അഥവാ ആരാധന എന്നു പറയുന്നത്, ഒരു സൃഷ്ടിയോടോ വ്യക്തിയോടോ വസ്തുവിനോടോ നമ്മുടെ മനസ്സിലുള്ള സ്‌നേഹവും ഭക്തിയും ഭയവും അമിതമാകുമ്പോഴുണ്ടാകുന്ന ഒരു പ്രതീകമാണ്. അതുതന്നെയാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ഭൂരിപക്ഷം പേരും രേഖപ്പെടുത്തിയതും. ”ഇബാദത്ത് എന്നാല്‍ അങ്ങേയറ്റത്തെ വിനയവും താഴ്മയും ബഹുമാനവുമാണ്. ഇത് മനുഷ്യര്‍ പ്രകടിപ്പിക്കാറുള്ളത് പ്രാര്‍ഥനയിലൂടെയാണ്. അതുകൊണ്ടുതന്നെയാണ് നബി(സ) ഇപ്രകാരം പ്രസ്താവിച്ചതും: പ്രാര്‍ഥന തന്നെയാണ് ഇബാദത്ത്. (തിര്‍മിദി)
ആരാധന അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ്. അനുസരണം പ്രവാചകന്‍, മാതാപിതാക്കള്‍, കാരണവന്മാര്‍, ഗുരുനാഥന്മാര്‍, മതപണ്ഡിതന്മാര്‍, ഭര്‍ത്താക്കന്മാര്‍, പ്രായം ചെന്നവര്‍, മേലുദ്യോഗസ്ഥന്മാര്‍ തുടങ്ങിയവരോടൊക്കെ ആകാവുന്നതാണ്. ആരാധനയും അനുസരണവും ഒന്നല്ല. രണ്ടും തീര്‍ത്തും വ്യത്യസ്തമാണ്. വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിച്ചതും അപ്രകാരം തന്നെയാണ്. അല്ലാഹു പറയുന്നു: ”നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യുക.” (നിസാഅ്് 36). ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെയും അവന്റെ ദൂതനെയും കൈകാര്യ കര്‍ത്താക്കളെയും അനുസരിക്കുക.” (നിസാഅ്് 59)
ആരാധന അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ്. എന്നാല്‍ അനുസരണം മറ്റുള്ളവരോടും ആകാം. അല്ലാഹുവെ ആരാധിക്കണം എന്ന്് കല്‍പിച്ചിടത്തെല്ലാം അവനില്‍ യാതൊന്നും പങ്കുചേര്‍ക്കരുതെന്നും, അനുസരിക്കണം എന്ന് പറഞ്ഞിടത്തെല്ലാം മറ്റുള്ളവരെയും കൂടി പറഞ്ഞതായും മിക്ക ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. അല്ലാഹു പറയുന്നു: ”അവര്‍ എന്നെയായിരിക്കും ആരാധിക്കുന്നത്. എന്നോട് യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല.” (നൂര്‍ 55). ”സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കണം. നിങ്ങളുടെ കര്‍മ്മങ്ങളെ നിങ്ങള്‍ നിഷ്ഫലമാക്കിക്കളയാതിരിക്കുകയും ചെയ്യുക.” (മുഹമ്മദ് 33)
അനുസരണം ഇബാദത്തായും അല്ലാത്തതായും വരും. അല്ലാഹുവെ അനുസരിക്കുന്നതും അല്ലാഹുവിന്റെ കല്‍പന പ്രകാരം മറ്റുള്ളവരെ അനുസരിക്കുന്നതും അല്ലാഹുവിനുള്ള ഇബാദത്താണ്. അത്തരം അനുസരണങ്ങള്‍ ഇബാദത്തായിത്തീര്‍ന്നത് അതില്‍ അല്ലാഹുവിനുള്ള ആരാധനകള്‍ ഉള്ളതുകൊണ്ടാണ്. അനുസരണം മാത്രമല്ല അല്ലാഹുവെ സ്‌നേഹിക്കുന്നതും ഭയപ്പെടുന്നതും ആദരിക്കുന്നതും മനസ്സില്‍ ഓര്‍ക്കുന്നതുമെല്ലാം ഇബാദത്തില്‍ ഉള്‍പ്പെടുന്നതാണ്. ഇതിന് സമാനമായ സ്‌നേഹാദരവുകളും ഇബാദത്തില്‍ പെട്ടതാണ്.
അല്ലാഹു പറയുന്നു: ”അല്ലാഹുവിനു പുറമെയുള്ളവരെ അവന് സമന്മാരാക്കുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്‌നേഹിക്കുന്നതുപോലെ ഈ ആളുകള്‍ അവരെയും സ്‌നേഹിക്കുന്നു.” (അല്‍ബഖറ 165)
അല്ലാഹുവിന് തുല്യമായി മറ്റൊരു വ്യക്തിയെ സ്‌നേഹിക്കല്‍ ശിര്‍ക്കാണ്. അല്ലാഹുവെ ഭയപ്പെടല്‍ അവനുള്ള ഇബാദത്താണ്. അവനെ ഭയപ്പെടുന്നതുപോലെ ജനങ്ങളെ ഭയപ്പെടല്‍ ശിര്‍ക്കാണ്. അല്ലാഹു പറയുന്നു: ”അവര്‍ അല്ലാഹുവിനെ ഭയപ്പെടുന്നതുപോലെ ജനങ്ങളെ ഭയപ്പെടുന്നവരാണ്.” (നിസാഅ്് 77)
സത്യവിശ്വാസി ഏറ്റവും ആദരവും മഹത്വവും നല്‍കേണ്ടത് അല്ലാഹുവിനാണ്. അല്ലാഹുവിന് തുല്യമായി മറ്റു ശക്തികളെ ആദരിക്കല്‍ ശിര്‍ക്കാണ്. അല്ലാഹു പറയുന്നു: ”അതിനാല്‍ നീ നിന്റെ മഹാനായ രക്ഷിതാവിന്റെ നാമത്തെ പ്രകീര്‍ത്തിക്കുക.” (ഹാഖ്ഖ 52)
അല്ലാഹു അതുല്യനാണ്. അവന് തുല്യനെ കല്‍പിക്കല്‍ ശിര്‍ക്കാണ്. അല്ലാഹു പറയുന്നു: ”അവനു തുല്യനായി ആരും തന്നെയില്ല.” (ഇഖ്്‌ലാസ് 4) അതുപോലെ തന്നെയാണ് അനുസരണവും. അല്ലാഹുവിനെ അനുസരിക്കുന്നതുപോലെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അനുസരിക്കല്‍ ശിര്‍ക്കുതന്നെയാണ്.
വേദക്കാരില്‍ പെട്ട സാധാരണക്കാര്‍ വിശ്വസിച്ചു പോരുന്നത് അവരുടെ പണ്ഡിതന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും ഹലാലും ഹറാമുമാക്കാന്‍ അധികാരമുണ്ട് എന്നാണ്. അല്ലാഹു പറയുന്നു: ”അവരുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും മര്‍യമിന്റെ മകനായ മസീഹിനെയും അല്ലാഹുവിനു പുറമെ അവര്‍ റബ്ബുകളായി സ്വീകരിച്ചു.” (തൗബ 31)
ഈ വചനം അവതരിച്ചപ്പോള്‍ ക്രിസ്തുമതത്തില്‍ നിന്ന് ഇസ്്‌ലാമിലേക്ക് വന്ന അദിയ്യുബ്‌നു ഹാതിം(റ) ഇപ്രകാരം പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ അവരെ ആരാധിച്ചിരുന്നില്ല. അപ്പോള്‍ നബി(സ) പറഞ്ഞു: അല്ലാഹു അനുവദിച്ചതിനെ അവര്‍ നിഷിദ്ധമാക്കുകയും നിഷിദ്ധമാക്കിയതിനെ അവര്‍ അനുവദനീയമാക്കുകയും ചെയ്തിരുന്നില്ലേ? അപ്പോള്‍ നിങ്ങളതിനെ പിന്തുടരാറില്ലേ? അദിയ്യുബ്‌നു ഹാതിം പറഞ്ഞു: അതെ. നബി(സ) പറഞ്ഞു: അതുതന്നെയാണ് അവര്‍ പണ്ഡിതന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും ചെയ്തിരുന്ന ആരാധന. (തിര്‍മിദി, അഹ്്മദ്)
ഇബാദത്ത് എന്നത് അനുസരണം മാത്രമല്ല, സ്‌നേഹം, ഭയപ്പാട്, ആദരവ്, നല്ല ചിന്തകള്‍ തുടങ്ങിയവയൊക്കെ അതിന്റെ ഭാഗമാകാം. അനുസരണത്തിലൂടെ ഒരാള്‍ ചെയ്യുന്ന പ്രവൃത്തിയുടെ അടിസ്ഥാനത്തിലായിരിക്കും ആ അനുസരണത്തെപ്പറ്റി വിധി കല്പിക്കേണ്ടത്. ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി പറയുന്നു: നീ നിന്റെ മനസ്സുമായി (സഹായം ലഭിക്കുമെന്ന ധാരണയില്‍) ഒരാളിലേക്കും കടന്നുചെല്ലരുത്. അത് അല്ലാഹുവില്‍ പങ്കു ചേര്‍ക്കലാണ്. (ഫുതൂഹുല്‍ ഗൈബ്, പേജ് 137)
അല്ലാഹുവിന് പുറമെ ഔലിയാക്കള്‍ സഹായിക്കുമെന്ന് കരുതല്‍ ശിര്‍ക്കാണ് എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയത്. അതിനാല്‍ ഇബാദത്ത് എന്നാല്‍ മനസ്സുകൊണ്ടുള്ള സഹായ തേട്ടം എന്നും അര്‍ഥമുണ്ട് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് അംഗീകരിക്കാനൊക്കുമോ?
ബഹുമാനം ഇബാദത്തായും അല്ലാതെയും വരും. അധ്യാപകന്‍, പോലീസ് എന്നിവരെ കാണുമ്പോള്‍ എഴുന്നേറ്റ് നില്ക്കുന്നതില്‍ ആരാധനാ ഭാവമില്ല. എന്നല്‍ ഒരു ആത്മീയാചാര്യനെ കാണുമ്പോള്‍ എഴുന്നേല്ക്കുന്നതില്‍ കേവല ബഹുമാനം മാത്രമല്ല ആരാധനാപരമായിരിക്കും അത്.
ആരാധനാകര്‍മ്മങ്ങളുടെ കാര്യത്തില്‍ അല്ലാഹുവിന്റെ റസൂലിനെ നാം അനുസരിക്കുന്നത് അല്ലാഹുവിനുള്ള ആരാധനയില്‍ പെട്ടതാണ്. ഒരു രാഷ്ട്രീയ നേതാവിനെ തന്റെ അനുയായി രാഷ്ട്രീയ കാര്യങ്ങളില്‍ അനുസരിക്കുന്നത് അല്ലാഹുവിനുള്ള ഇബാദത്തായി പരിഗണിക്കപ്പെടുന്നതല്ല. നബി(സ)യെ അനുസരിക്കുന്നതുപോലും ആരാധനയായും അല്ലാത്തതായും വരും. അത് നബി(സ)തന്നെ വിശദീകരിച്ചു തന്നിട്ടുണ്ട്. ”ഞാന്‍ ദീനിയായ വല്ല കാര്യവും നിങ്ങളോട് കല്‍പിക്കുന്ന പക്ഷം നിര്‍ബന്ധമായും നിങ്ങളത് അനുസരിക്കണം. എന്റെ വ്യക്തിപരമായ വല്ല കാര്യവും ഞാന്‍ നിങ്ങളോട് കല്‍പിക്കുന്ന പക്ഷം ഞാനൊരു മനുഷ്യന്‍ മാത്രമാണ്.” (മുസ്്‌ലിം 2362)
ഞാനൊരു മനുഷ്യന്‍ മാത്രമാണ് എന്നതിന്റെ താല്‍പര്യം, എന്റെ സ്വന്തം അഭിപ്രായം തെറ്റാകാനും സാധ്യതയുണ്ട് എന്നാണ്. അപ്പോള്‍ അനുസരണത്തിന് ഇബാദത്ത് എന്നര്‍ഥം പറയല്‍ ഒരിക്കലും ശരിയല്ല. ഇബാദത്തിന് ആലങ്കാരികമായി അനുസരണം എന്നര്‍ഥം വരുന്ന ചില സ്ഥലങ്ങളും വിശുദ്ധ ഖുര്‍ആനിലുണ്ട്. അതിപ്രകാരമാണ്: ”ആദം സന്തതികളേ, നിങ്ങള്‍ പിശാചിനെ ആരാധിക്കരുത്. തീര്‍ച്ചയായും അവര്‍ നിങ്ങള്‍ക്ക് പ്രത്യക്ഷ ശത്രുവാകുന്നു.” (യാസീന്‍ 60)
ഈ ആയത്തിന് ഇമാം ഇബ്‌നു കസീര്‍(റ) കൊടുത്ത വ്യാഖ്യാനം ”പിശാചിനെ അനുസരിക്കുന്നവര്‍” (3:576) എന്നാണ്. ഇത് തീര്‍ത്തും ആലങ്കാരികമാണ്. കാരണം പിശാചിന്റെ രൂപം കണ്ട് അതിനെ ആരാധിക്കുന്നവര്‍ ഈ ലോകത്ത് ആരും തന്നെയില്ല. ഇനി അദൃശ്യമായ നിലയില്‍ പിശാചിനെ ആരാധിക്കുന്നവര്‍ പോലും പിശാചിന്റെ പ്രേരണക്ക് വിധേയമായിട്ടാണ് പിശാചിനെ ആരാധിക്കുന്നത്.
ചുരുക്കത്തില്‍ ഇബാദത്തും ഇത്വാഅത്തും അഥവാ ആരാധനയും അനുസരണവും ഒന്നല്ല. ആരാധനയുടെ കാര്യത്തില്‍ വരുന്ന അനുസരണം മാത്രമേ ഇബാദത്താകൂ. അല്ലാത്തപക്ഷം ആരാധനയായി വരുന്ന നിരവധി കര്‍മങ്ങള്‍ക്കും കൂടി നാം ഇബാദത്തിന്റെ അര്‍ഥം കൊടുക്കേണ്ടിവരും.
അനുസരണവും ഇബാദത്തും ഒന്നാക്കിയാല്‍ അനുസരണക്കേട് കാണിക്കുന്നവരെല്ലാം മുശ്‌രിക്കുകളും ഹറാമികളും ആയിത്തീരും. ആദംനബി(അ)യെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ”ആദം തന്റെ രക്ഷിതാവിനോട് അനുസരണക്കേട് കാണിക്കുകയും പിഴച്ചു പോവുകയും ചെയ്തു.” (ത്വാഹാ: 121).
ദേഹേച്ഛയെ അനുസരിച്ച് തെറ്റുകുറ്റങ്ങള്‍ ചെയ്യുന്നവരുണ്ട്. ഇബാദത്തും അനുസരണവും ഒന്നാണെങ്കില്‍ ദേഹേച്ഛയെ അനുസരിക്കുന്നവര്‍ മുശ്‌രിക്കുകളും ഹറാം പ്രവര്‍ത്തിക്കുന്നവരും ആയിത്തീരും. യൂനുസ് നബി(അ) പ്രബോധനത്തില്‍ നിന്നു പിന്തിരിഞ്ഞത് ദേഹേച്ഛയെ അനുസരിച്ചതുകൊണ്ടാണ്. അല്ലാഹു അദ്ദേഹത്തെ കഠിനമായി ശിക്ഷിക്കുകയും ചെയ്തു. അല്ലാഹു പറയുന്നു: ‘ദുന്നൂനിനേയും (യൂനുസ്) ഓര്‍ക്കുക. അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം.” (അന്‍ബിയാഅ് 87)
ഇബാദത്തിന് ‘അടിമവേല’ എന്ന അര്‍ഥം നല്‍കല്‍ അതിലേറെ അബദ്ധമാണ്. വിശുദ്ധ ഖുര്‍ആനില്‍ 15 തവണ അടിമ സ്ത്രീകളുടെ വിവാഹവുമായി ബന്ധപ്പെടുത്തി പറയുന്നുണ്ട്. നബി(സ)ക്കും സ്വഹാബത്തിനും അടിമകള്‍ ഉണ്ടായിരുന്നു. അടിമകള്‍ യുദ്ധത്തില്‍ പിടിക്കപ്പെട്ടവരാണ്. ഇസ്്‌ലാമിനോട് അന്യായമായി യുദ്ധത്തിന് വന്നവര്‍ക്ക് ഒരു ശിക്ഷ എന്ന നിലയിലാണ് അടിമത്തം അനുവദിക്കപ്പെട്ടത്. അവരോട് നൂറു ശതമാനവും നീതി പാലിക്കാനാണ് ഇസ്്‌ലാം കല്‍പിച്ചത്. പിന്നീട് ക്രമേണ ഇസ്‌ലാം അടിമത്തം നിരുത്സാഹപ്പെടുത്തുകയും ചെയ്തു.
വിശുദ്ധ ഖുര്‍ആനില്‍ രണ്ടുതരം അടിമത്വം കാണാം. ഒന്ന്; അല്ലാഹുവിനുള്ള അടിമത്വം. ഈസാനബി(അ) പറഞ്ഞു: ”ഞാന്‍ അല്ലാഹുവിന്റെ അടിമയാകുന്നു.” (മര്‍യം 30) രണ്ട്: ഇസ്‌ലാം അനുവദിക്കപ്പെട്ട മനുഷ്യര്‍ക്കിടയിലെ അടിമത്വം. അല്ലാഹു പറയുന്നു: ”മുശ്‌രിക്കിനെക്കാള്‍ (വിവാഹം കഴിക്കാന്‍) നല്ലത് സത്യവിശ്വാസിയായ അടിമയാകുന്നു.” (അല്‍ബഖറ 221)
ഇബാദത്തും അടിമത്വവും ഒന്നാക്കുന്ന പക്ഷം പ്രവാചകനും നിരവധി സ്വഹാബികളും മുശ്‌രിക്കുകളും ഹറാം പ്രവര്‍ത്തിക്കുന്നവരും ആയിത്തീരില്ലേ?! അതിനാല്‍ രണ്ടുവിധം അടിമത്വവും വേര്‍തിരിച്ചു മനസ്സിലാക്കേണ്ടതുണ്ട്. ഇബാദത്തിന് മൂന്നര്‍ഥം കൊടുക്കുന്നതിലൂടെ നഷ്ടപ്പെടുന്നത് ഇസ്്‌ലാമിന്റെ അടിസ്ഥാന പ്രമാണമായ തൗഹീദാണ്.

Back to Top