26 Friday
July 2024
2024 July 26
1446 Mouharrem 19

ഇഅ്തികാഫ് ലക്ഷ്യവും പ്രയോഗവും

എം ടി അബ്ദുല്‍ഗഫൂര്‍


ഏതെങ്കിലുമൊരു കാര്യവുമായി ഒഴിഞ്ഞിരിക്കുക, അതുമായി ബന്ധപ്പെട്ടു മാത്രം കഴിച്ചുകൂട്ടുക എന്നൊക്കെയാണ് ഇഅ്തികാഫ് എന്ന പദം അര്‍ഥമാക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ എട്ട് സ്ഥലങ്ങളില്‍ ഇതിന് സമാനമായ പദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ”ത്വവാഫ് ചെയ്യുന്നവര്‍ക്കും ഭജനമിരിക്കുന്നവര്‍ക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തു നമസ്‌കരിക്കുന്നവര്‍ക്കും വേണ്ടി എന്റെ ഭവനത്തെ നിങ്ങള്‍ ഇരുവരും ശുദ്ധമാക്കിവെക്കുക” (2:125) എന്നും ”എന്നാല്‍ നിങ്ങള്‍ പള്ളികളില്‍ ഭജനമിരിക്കുമ്പോള്‍ അവരുമായി (ഭാര്യമാരുമായി) സഹവസിക്കരുത്” (2:187) എന്നും അല്‍ബഖറ അധ്യായത്തില്‍ പറഞ്ഞിരിക്കുന്നു.
”എന്നിട്ട് തങ്ങളുടെ ബിംബങ്ങളുടെ മുമ്പാകെ ഭജനമിരിക്കുന്ന ഒരു ജനതയുടെ അടുക്കല്‍ അവര്‍ ചെന്നെത്തി” (7:138) എന്നാണ് അഅ്‌റാഫിലെ പ്രയോഗം. ”നീ പൂജിച്ചുകൊണ്ടേയിരിക്കുന്ന നിന്റെ ആ ദൈവത്തെ നീ നോക്കൂ” (20:97) എന്ന് സൂറത്തു ത്വാഹയിലും ”നിങ്ങള്‍ പൂജിച്ചുകൊണ്ടിരിക്കുന്ന ഈ പ്രതിമകള്‍ എന്താകുന്നു” (21:52) എന്ന് സൂറത്ത് അമ്പിയാഇലും പ്രതിപാദിച്ചിരിക്കുന്നു. ”സ്ഥിരവാസിക്കും പരദേശിക്കും സമാവകാശമുള്ളതായി നാം നിശ്ചയിച്ചിട്ടുള്ള മസ്ജിദുല്‍ ഹറാമില്‍ നിന്നും” (22:25) എന്ന് സൂറത്തു ഹജ്ജിലും ”ഞങ്ങള്‍ ചില വിഗ്രഹങ്ങളെ ആരാധിക്കുകയും അവയ്ക്ക് മുന്നില്‍ ഭജനമിരിക്കുകയും ചെയ്യുന്നു” (26:71) എന്ന് സൂറത്തു ശൂറായിലും പ്രസ്താവിക്കുന്നു.
വിശുദ്ധ ഖുര്‍ആനിലെ പ്രയോഗങ്ങളില്‍ നിന്നെല്ലാം നിര്‍ധാരണം ചെയ്‌തെടുക്കാവുന്ന ആശയം ഒരു കാര്യത്തിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് അതില്‍മാത്രം മുഴുകി കഴിച്ചുകൂട്ടുക എന്നതത്രെ. അല്ലാഹുവിന്റെ ഭവനങ്ങളായ പള്ളികളില്‍ മറ്റെല്ലാ കാര്യങ്ങളില്‍ നിന്നുമുള്ള ബന്ധങ്ങള്‍ മാറ്റിവെച്ച് മനസ്സിനെ ഏകാഗ്രമാക്കി അല്ലാഹുവിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ദിക്‌റും നമസ്‌കാരവും പ്രാര്‍ഥനകളും ഖുര്‍ആന്‍ പാരായണവും പഠനവുമൊക്കെയായി അല്ലാഹുവിലേക്ക് സാമീപ്യം തേടി കഴിച്ചുകൂട്ടുന്നതാണ് സാങ്കേതിക അര്‍ഥത്തിലുള്ള ഇഅ്തികാഫ്.
മനസ്സിനെ മാലിന്യങ്ങളില്‍ നിന്ന് കഴുകിയെടുക്കുകയാണ് ഇഅ്തികാഫിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. ഐഹിക ജീവിതത്തിന്റെ എല്ലാ കെട്ടുപാടുകളില്‍ നിന്നും അല്‍പം മാറിനിന്ന് ഒറ്റക്കിരിക്കുന്നത് സ്വസ്ഥത സമ്മാനിക്കും. തന്നെ സൃഷ്ടിച്ച നാഥന് മുന്നില്‍ മറ്റാരും കേള്‍ക്കാതെ മനസ്സ് തുറക്കാന്‍, വേദനകളും വേവലാതികളും അവന് മുന്നില്‍ നിരത്തിവെക്കാന്‍ ലഭിക്കുന്ന സന്ദര്‍ഭം അത്യന്തം അനുഭൂതിദായകമാണ്. കഴിഞ്ഞുപോയ ഇന്നലെകളെ ഓര്‍ത്തെടുത്ത് ജീവിതത്തില്‍ വന്നുപോയ അബദ്ധങ്ങളും അനാവശ്യങ്ങളും നാഥന്റെ മുന്നില്‍ ഏറ്റുപറഞ്ഞ് പാപമോചനത്തിനായി പ്രാര്‍ഥിക്കാന്‍ അവസരമുണ്ടാവുന്നു എന്നത് ഇഅ്തികാഫിന്റെ ഏറ്റവും വലിയ ഗുണമാണ്.
ഇടറുന്ന തൊണ്ടയും വിതുമ്പുന്ന ഹൃദയവും സജലങ്ങളായ കണ്ണുകളുമായി അല്ലാഹുവോട് സംസാരിക്കുന്നത് അതീവ ഹൃദ്യമായ അനുഭവമാണ്. യാതൊരു തണലുമില്ലാതെ അസ്വസ്ഥതയനുഭവിക്കുന്ന അന്ത്യദിനത്തില്‍ ആശ്വാസത്തിന്റെ കൈത്താങ്ങായി അല്ലാഹു അര്‍ശിന്റെ തണല്‍ നല്‍കുന്നവരെപ്പറ്റി നബിതിരുമേനി പരിചയപ്പെടുത്തിയിട്ടുണ്ട്. അവരില്‍ ഒരു വിഭാഗം ഒറ്റയ്ക്കിരുന്ന് അല്ലാഹുവിനെക്കുറിച്ചോര്‍ത്ത് കണ്ണുകള്‍ നിറഞ്ഞൊഴുകുന്നവര്‍ ആണെന്ന് ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ വ്യക്തമാക്കുന്നു. അതിനുള്ള അവസരം ഏറ്റവും കൂടുതല്‍ ലഭിക്കുന്നു എന്നത് ഇഅ്തികാഫിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
തെറ്റുകള്‍ മുഴുവനും സ്രഷ്ടാവിന് മുന്നില്‍ ഏറ്റുപറഞ്ഞ് ഹൃദയത്തില്‍ പറ്റിപ്പിടിച്ച കറകളെല്ലാം പശ്ചാത്താപത്തിലൂടെ കഴുകിക്കളഞ്ഞ് പുതിയൊരു ജീവിതത്തിലേക്കുള്ള തയ്യാറെടുപ്പ് നടത്താന്‍ ഇഅ്തികാഫ് പ്രചോദനമാകുന്നു. റമദാനിലെ പുണ്യമേറിയ ദിനരാത്രങ്ങളില്‍ കൂടുതല്‍ സമയം ആരാധനയ്ക്കായി ഒഴിഞ്ഞിരുന്നുകൊണ്ട് അല്ലാഹുവിനെ സ്മരിച്ചും അവനോട് പ്രാര്‍ഥിച്ചും അവന്റെ വേദഗ്രന്ഥം പാരായണം ചെയ്തു നല്ല ചിന്തയിലും നല്ല പ്രവൃത്തിയിലുമായി കഴിച്ചുകൂട്ടാനുള്ള സന്ദര്‍ഭം ഇഅ്തികാഫിലൂടെ ലഭിക്കുന്നു.
റമദാനിലെ അവസാനത്തെ പത്തു ദിനങ്ങളില്‍ കടന്നുവരുന്ന ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ഖദ്‌റില്‍ പ്രാര്‍ഥനാനിര്‍ഭരമായ മനസ്സുമായി കഴിഞ്ഞുകൂടുന്നതിനുള്ള അവസരം ഇഅ്തികാഫിരിക്കുന്ന ഒരു വ്യക്തിയുടെ ആയുസ്സില്‍ ലഭിക്കുന്ന ഏറ്റവും മൂല്യവത്തായ അവസരമത്രെ. നബി(സ)യുടെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും സ്ഥിരപ്പെട്ട വളരെ പുണ്യകരമായ ഒരു ആരാധനയാണ് ഇഅ്തികാഫ്. മരണംവരെ റമദാനിലെ അവസാന പത്ത് ദിനങ്ങളില്‍ നബി(സ) ഇഅ്തികാഫ് അനുഷ്ഠിച്ചിരുന്നു എന്ന് ആഇശ(റ)യില്‍ നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്യുന്നു. നബി(സ)യുടെ ഭാര്യമാരും ഇഅ്തികാഫ് അനുഷ്ഠിച്ചിരുന്നു എന്ന് ഹദീസുകളില്‍ വന്നിട്ടുണ്ട്. ഇഅ്തികാഫ് ഐഛികമായ ഒരു പുണ്യകര്‍മമാണെന്ന് ഇതില്‍നിന്നെല്ലാം വ്യക്തമാകുന്നു.
ഈ പുണ്യകര്‍മം ചെയ്യുമെന്ന് ഒരാള്‍ നേര്‍ച്ചയാക്കിയാല്‍ അയാള്‍ക്കത് നിര്‍ബന്ധമാകുന്നു. ഉമര്‍(റ) മസ്ജിദുല്‍ ഹറാമില്‍ ഒരു രാത്രി ഇഅ്തികാഫ് ഇരിക്കാന്‍ ജാഹിലിയ്യാ കാലത്ത് നേര്‍ച്ചയാക്കിയ വിവരം നബി(സ)യോട് പറഞ്ഞപ്പോള്‍ നേര്‍ച്ച പൂര്‍ത്തിയാക്കാന്‍ വേണ്ടി അവിടുന്ന് നിര്‍ദേശം നല്‍കിയതായി ഇബ്‌നുഉമറില്‍ നിന്ന് ഇമാം ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്നുണ്ട്. ഏതൊരു പുണ്യകര്‍മവും നേര്‍ച്ചയാക്കിയാല്‍ അത് നിര്‍ബന്ധമായി മാറുന്നതുപോലെ ഇഅ്തികാഫും നേര്‍ച്ചയിലൂടെ നിര്‍ബന്ധമായി മാറുമെന്നതിന് ഉപര്യുക്ത നബിവചനം തെളിവാകുന്നു. ജാഹിലിയ്യാ കാലത്തുള്ള നേര്‍ച്ചയായിട്ടുപോലും കുറ്റകരമല്ലാത്ത ഒരു കാര്യമായതിനാല്‍ അത് പൂര്‍ത്തിയാക്കാന്‍ നബി(സ) നിര്‍ദേശിക്കുകയും അത് നിര്‍വഹിക്കുകയും ചെയ്തതായി ബുഖാരിയില്‍ കാണാം.
എത്ര സമയം?
ഇഅ്തികാഫ് ഏത് കാലത്ത് എത്ര സമയം എന്നൊന്നും നിര്‍ണിതമാക്കപ്പെട്ടിട്ടില്ല. നബി(സ) റമദാനിലെ അവസാനത്തെ പത്തിലായിരുന്നു കൂടുതലായും അത് നിര്‍വഹിച്ചിരുന്നത്. എന്നാല്‍ നബി(സ) മരണപ്പെട്ട ആ വര്‍ഷത്തില്‍ റമദാനിലെ ഇരുപത് ദിവസങ്ങളിലും ഇഅ്തികാഫ് അനുഷ്ഠിച്ചിരുന്നു. ഒരു വര്‍ഷം ശവ്വാലിലെ ആദ്യത്തെ 10 ദിവസങ്ങളിലും നബിതിരുമേനി ഇഅ്തികാഫ് നിര്‍വഹിച്ചിരുന്നു എന്ന് ഇമാം മുസ്‌ലിം നിേവദനം ചെയ്തിരിക്കുന്നു. ഉമര്‍(റ) നേര്‍ച്ചയാക്കിയത് ഒരു രാത്രി ഇഅ്തികാഫ് ഇരിക്കാന്‍ വേണ്ടിയായിരുന്നു. അത് പൂര്‍ത്തിയാക്കാനാണ് നബി(സ) നിര്‍ദേശിച്ചത്. ഏത് ദിവസവും ഏത് സമയവും പള്ളിയില്‍ ഇഅ്തികാഫ് നിര്‍വഹിക്കാവുന്നതാണ്. എന്നാല്‍ റമദാനിലെ അവസാനത്തെ പത്ത് ദിനങ്ങളാണ് വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നത്. ഹ
”നിങ്ങള്‍ പള്ളികളില്‍ ഭജനമിരിക്കുമ്പോള്‍” (2:187) എന്ന ഖുര്‍ആന്‍ വചനത്തില്‍ നിന്നും നബി(സ)യുടെ നടപടിക്രമങ്ങളില്‍ നിന്നും ഗ്രഹിക്കാവുന്നത് പള്ളിയിലാണ് ഇഅ്തികാഫ് ഇരിക്കേണ്ടത് എന്നത്രെ. ജുമുഅ നടക്കുന്ന പള്ളിയാവണമോ അതല്ല ജമാഅത്ത് നടക്കുന്ന പള്ളിയായാല്‍ മതിയോ എന്ന കാര്യത്തില്‍ വ്യത്യസ്തമായ പണ്ഡിതാഭിപ്രായമുണ്ട്. കൂടുതല്‍ സൗകര്യപ്രദം ജുമുഅ നടക്കുന്ന പള്ളി തന്നെയാണ്. കാരണം നിര്‍ബന്ധമായ ജുമുഅ നിര്‍വഹിക്കാന്‍ വേണ്ടി അന്നേദിവസം മറ്റ് പള്ളികള്‍ തേടിപ്പോകേണ്ട ആവശ്യമില്ലല്ലോ.
ഇഅ്തികാഫ് ഉദ്ദേശിച്ചുകൊണ്ട് ശുദ്ധിയോടുകൂടി സ്വുബ്ഹ് നമസ്‌കാരാനന്തരം ഇഅ്തികാഫില്‍ പ്രവേശിക്കുകയും റമദാനിലെ അവസാനദിവസം മഗ്‌രിബോടുകൂടി ഇഅ്തികാഫില്‍ നിന്ന് വിരമിക്കുകയുമാണ് നബി(സ) ചെയ്തിരുന്നത് എന്ന് ചില ഹദീസുകളില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. നിയ്യത്തിന് പ്രത്യേകമായ വാക്കുകള്‍ ഉച്ചരിക്കേണ്ട ആവശ്യമില്ല. എല്ലാ കര്‍മങ്ങളും സ്വീകരിക്കപ്പെടുന്നത് ഉദ്ദേശ്യങ്ങള്‍ക്കനുസരിച്ചാണ് എന്ന നബിവചനം ഇവിടെയും സ്മരണീയമത്രെ.
മുസ്‌ലിമായ ഒരാള്‍ അല്ലാഹുവിലേക്ക് മാത്രം മനസ്സ് കേന്ദ്രീകരിച്ചുകൊണ്ട് ആരാധന നിര്‍വഹിച്ചുകൊണ്ട് പള്ളികളില്‍ കഴിച്ചുകൂട്ടുന്നതാണ് ഇഅ്തികാഫ് എന്നിരിക്കെ അത്യാവശ്യ കാര്യത്തിനല്ലാതെ പുറത്തുപോവാതിരിക്കുക എന്നത് അതിന്റെ പൂര്‍ണതയ്ക്ക് ആവശ്യമാണ്. രോഗസന്ദര്‍ശനം, ജനാസ സംസ്‌കരണം തുടങ്ങിയവ ഇഅ്തികാഫിലായിരിക്കെ തന്നെ നിര്‍വഹിക്കാവുന്നതാണ്. തര്‍ക്കങ്ങളിലോ ശകാരങ്ങളിലോ അനാവശ്യമായ വാക്കിലോ പ്രവൃത്തിയിലോ ഏര്‍പ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സമയം തള്ളിനീക്കുക എന്ന ലക്ഷ്യത്തോടെ ആവശ്യമില്ലാത്ത സംസാരത്തിലേര്‍പ്പെടുന്നതും അത് അവസാനം ഏഷണിയിലേക്കും പരദൂഷണത്തിലേക്കുമൊക്കെ എത്തിപ്പെടുന്നതും ഇഅ്തികാഫിന്റെ ഫലം നഷ്ടപ്പെടുത്തുന്നു.
എന്നാല്‍ ആവശ്യമായ സംസാരമോ മറ്റോ ഒഴിവാക്കേണ്ടതില്ല എന്നത്രെ ഹദീസുകളില്‍ നിന്നും മനസ്സിലാവുന്നത്. നബി(സ) ഇഅ്തികാഫിലായിരിക്കെ പ്രിയപത്‌നി ആഇശ(റ)യുടെ റൂമിലേക്ക് തല നീട്ടിക്കൊടുക്കുകയും അവര്‍ നബി(സ)യുടെ തലമുടി ചീകിക്കൊടുക്കുകയും ചെയ്തിരുന്നു എന്ന് ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോര്‍ട്ട് ചെയ്യുന്നു. നബി(സ)യുടെ ഭാര്യ സഫിയ്യ ബിന്‍ത് ഹുയയ്യ് അദ്ദേഹത്തെ സന്ദര്‍ശിക്കുകയും അവിടെ അല്‍പം സംസാരിച്ചിരിക്കുകയും ചെയ്തിരുന്നതായി ബുഖാരിയും മുസ്‌ലിമും ഉദ്ധരിക്കുന്ന ഹദീസിലുണ്ട്. നല്ല സംസാരവും ഖുര്‍ആന്‍ പാരായണവും പഠനവും നല്ല പുസ്തക വായനയും പ്രയോജനകരമായ ചര്‍ച്ചയും പ്രാര്‍ഥനയും പാപമോചനത്തിനായുള്ള തേട്ടവും മറ്റ് ആരാധനാ കര്‍മങ്ങളും നിര്‍വഹിച്ചുകൊണ്ട് ഹൃദയശുദ്ധീകരണത്തിന് ഇഅ്തികാഫ് ഉപയോഗപ്പെടുത്തുമ്പോള്‍ അളവറ്റ പ്രതിഫലമാണ് അതിലൂടെ ലഭിക്കുന്നത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x