8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

ഭക്തിപൂര്‍വം പള്ളിയില്‍ കഴിയേണ്ടത് എങ്ങനെ?

അനസ് എടവനക്കാട്‌


മുറുകെപ്പിടിക്കുക, ഏതെങ്കിലും ഒരു കാര്യത്തില്‍ മുഴുകുക, ഒരു കാര്യം സ്ഥിരമായി അനുഷ്ഠിക്കുക എന്നൊക്കെയാണ് ഇഅ്തികാഫിന്റെ ഭാഷാപരമായ അര്‍ഥം. കര്‍മശാസ്ത്രത്തില്‍, അല്ലാഹുവിന്റെ സാമീപ്യം ഉദ്ദേശിച്ചുകൊണ്ട് ആത്മീയ ചിന്തകളിലും ആരാധനാ കര്‍മങ്ങളിലും മുഴുകി ഭക്തിപൂര്‍വം സ്വസ്ഥമായി പള്ളിയില്‍ ഭജനമിരിക്കുന്നതിനാണ് ഇഅ്തികാഫ് എന്നു പറയുന്നത്. ഇബ്‌റാഹീം നബി(അ)യോടും മകന്‍ ഇസ്മാഈല്‍ നബി(അ)യോടും അല്ലാഹു കല്‍പിച്ചതും, ജാഹിലിയ്യാ കാലത്തു പോലും നിലനിന്നിരുന്നതുമായ ആരാധനാ കര്‍മമാണ് ഇത്.
അല്ലാഹുവിലേക്ക് അടുക്കാനുള്ള ഒരു ആരാധനാ കര്‍മമാണ് ഇഅ്തികാഫ്. ഖുര്‍ആന്‍ പാരായണം, ദിക്‌റുകള്‍ മുതലായവ വര്‍ധിപ്പിച്ചുകൊണ്ടും അല്ലാഹുവിനെ പറ്റിയുള്ള സ്മരണ പുതുക്കിക്കൊണ്ടും അതിന്റെ മാറ്റുകൂട്ടാവുന്നതാണ്. എന്തിനേറെ, ഇഅ്തികാഫിലുള്ളവന്‍ പള്ളിയില്‍ കിടന്നുറങ്ങുന്നതിനുപോലും പ്രതിഫലം ലഭിക്കുന്നതാണ്. റമദാനിലെ അവസാനത്തെ പത്തില്‍ പള്ളികളില്‍ ഇഅ്തികാഫ് ഇരിക്കുന്നതിന് വളരെയേറെ പ്രാധാന്യമുണ്ട്. തഹജ്ജുദ് നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുന്നതിനും ലൈലത്തുല്‍ ഖദ്‌റിനെ സജീവമാക്കുന്നതിനും അത് ഉപകരിക്കും. ആഇശ(റ) പറഞ്ഞു: ”റമദാനിലെ അവസാനത്തെ പത്ത് ദിനങ്ങള്‍ സമാഗതമായാല്‍ നബി(സ) രാത്രിയെ (ആരാധനകള്‍ കൊണ്ട്) സജീവമാക്കുകയും (ആരാധനയ്ക്കു വേണ്ടി) മുണ്ടു മുറുക്കിയുടുക്കുകയും സ്വകുടുംബാംഗങ്ങളോട് ഉണര്‍ന്നിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു” (ബുഖാരി 2024, മുസ്‌ലിം 1174).
എപ്പോഴെല്ലാം
അനുഷ്ഠിക്കാം?

റമദാനിലോ അല്ലാത്ത മാസങ്ങളിലോ ഇഅ്തികാഫ് അനുഷ്ഠിക്കാവുന്നതാണ്. റമദാനിലെ അവസാനത്തെ പത്തില്‍ ഇഅ്തികാഫ് ഇരിക്കുന്നത് സ്ഥിരപ്പെട്ട നബിചര്യയാണ്. പ്രവാചകന്‍ ഏറ്റവും കൂടുതല്‍ അനുഷ്ഠിച്ചതും അപ്രകാരം തന്നെ. ആഇശ(റ) പറയുന്നു: ”നബി(സ) അദ്ദേഹത്തിന്റെ വിയോഗം വരെയും റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളില്‍ ഇഅ്തികാഫ് അനുഷ്ഠിക്കാറുണ്ടായിരുന്നു…” (ബുഖാരി 2025, മുസ്‌ലിം 1172). തിരുമേനി(സ) വഫാത്തായ വര്‍ഷം അദ്ദേഹം ഇരുപത് ദിവസം ഇഅ്തികാഫ് അനുഷ്ഠിച്ചതായും (ബുഖാരി 2044) ചിലപ്പോഴെല്ലാം റമദാനിന്റെ മധ്യത്തിലെ പത്ത് ദിവസം ഇഅ്തികാഫ് അനുഷ്ഠിച്ചതായും (ബുഖാരി 2027, മുസ്‌ലിം) സ്വഹീഹായി വന്നിട്ടുണ്ട്.
അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ തിരുമേനി റമദാനില്‍ ഇഅ്തികാഫ് അനുഷ്ഠിക്കാതെ അത് ശവ്വാലിലെ ആദ്യത്തെ പത്തിലേക്ക് മാറ്റിവെച്ചതായും കാണാം (മുസ്‌ലിം 1173, അബൂദാവൂദ് 2464). പ്രമുഖ താബിഈയായ യഹ്‌യ ബിന്‍ സഈദ് അല്‍ അന്‍സാരിയുടെ അഭിപ്രായപ്രകാരം ശവ്വാലില്‍ ഇരുപത് ദിവസമാണ് റസൂല്‍ ഇഅ്തികാഫ് അനുഷ്ഠിച്ചത്.
ഇഅ്തികാഫ്
രണ്ടു തരം

നിര്‍ബന്ധമായതും സുന്നത്തായതുമായ ഇഅ്തികാഫുകളുണ്ട്. റമദാനിലെ അവസാനത്തെ പത്തില്‍ അനുഷ്ഠിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത് ഏറെ പ്രബലമായ സുന്നത്തായ ഇഅ്തികാഫാണ്. ഒരാള്‍ ഇഅ്തികാഫ് അനുഷ്ഠിക്കാന്‍ നേര്‍ച്ച നേരുന്നതിലൂടെ സ്വന്തത്തിന് നിര്‍ബന്ധമായിത്തീര്‍ന്നതാണ് നിര്‍ബന്ധമായ (വാജിബ്) ഇഅ്തികാഫ്.
വിധിവിലക്കുകള്‍
ഇളവുകള്‍

ഇഅ്തികാഫ് ഇരിക്കുന്ന വ്യക്തിക്ക് ഭക്ഷണത്തിനും കുളിക്കാനും മലമൂത്ര വിസര്‍ജനത്തിനും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കും പള്ളിയുടെ പുറത്തു പോകാവുന്നതാണ്. അതുകൊണ്ട് ഇഅ്തികാഫിന്റെ തുടര്‍ച്ച മുറിയുന്നതല്ല. അത്യാവശ്യമെങ്കില്‍ വീട്ടില്‍ പ്രവേശിക്കുന്നതുകൊണ്ടും ഇഅ്തികാഫ് മുറിയില്ല. ആഇശ(റ) പറയുന്നു: ‘ഇഅ്തികാഫിലാണെങ്കില്‍ വല്ല ആവശ്യവുമുണ്ടെങ്കിലല്ലാതെ തിരുമേനി വീട്ടില്‍ പ്രവേശിക്കാറുണ്ടായിരുന്നില്ല’ (ബുഖാരി 2029, മുസ്‌ലിം 297). ഇഅ്തികാഫ് അനുഷ്ഠിക്കുന്നവന്‍ നോമ്പുകാരനായിരിക്കണമെന്നു നിര്‍ബന്ധവുമില്ല.
ആഇശ(റ) പറയുന്നു: ‘ഇഅ്തികാഫ് അനുഷ്ഠിക്കുന്നവര്‍ രോഗിയെ സന്ദര്‍ശിക്കുകയോ മയ്യിത്ത് സംസ്‌കരണത്തില്‍ പങ്കെടുക്കുകയോ ചെയ്യാതിരിക്കുന്നതും, സ്ത്രീകളെ സ്പര്‍ശിക്കുകയോ അവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്യാതിരിക്കുന്നതും, അത്യാവശ്യ കാര്യങ്ങള്‍ക്കു വേണ്ടിയല്ലാതെ (പള്ളിയില്‍ നിന്ന്) പുറത്തിറങ്ങാതിരിക്കുന്നതും സുന്നത്തില്‍ പെട്ടതാണ്. നോമ്പോടു കൂടിയല്ലാതെ ഇഅ്തികാഫില്ല, ജാമിഅഃ പള്ളിയിലല്ലാതെ ഇഅ്തികാഫില്ല’ (അബൂദാവൂദ് 2473, ദാറഖുത്‌നി 2338, ഹസന്‍).
ഈ നിവേദനത്തിലെ ‘സുന്നത്തില്‍ പെട്ടതാണ്’ എന്ന ഭാഗത്തെ സംബന്ധിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. ഈ റിപ്പോര്‍ട്ടിലെ ‘നോമ്പോടു കൂടിയല്ലാതെ ഇഅ്തികാഫില്ല’ എന്നത് നിര്‍ബന്ധത്തെ സൂചിപ്പിക്കുന്നതല്ല. കാരണം തിരുമേനി(സ) ശവ്വാലില്‍ ഇഅ്തികാഫ് ഇരുന്നപ്പോള്‍ നോമ്പ് പിടിച്ചിരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. കൂടാതെ ഉമര്‍(റ) മസ്ജിദുല്‍ ഹറാമില്‍ ഒരു രാത്രി ഇഅ്തികാഫ് ഇരിക്കാന്‍ ജാഹിലിയ്യാ കാലത്ത് നേര്‍ച്ച നേര്‍ന്നതിനെപ്പറ്റി നബി(സ)യോട് പറഞ്ഞപ്പോള്‍, ‘താങ്കള്‍ താങ്കളുടെ നേര്‍ച്ച വീട്ടുക’ എന്നു മാത്രമാണ് തിരുമേനി പറയുന്നത് (ബുഖാരി 6697).
നോമ്പോടുകൂടി പ്രസ്തുത കര്‍മം അനുഷ്ഠിക്കാന്‍ പറയുന്നില്ല. നോമ്പോടുകൂടി അനുഷ്ഠിക്കാന്‍ പറയുന്ന അബൂദാവൂദിലെ (നമ്പര്‍ 2474) റിപ്പോര്‍ട്ടാകട്ടെ അബ്ദുല്ലാഹിബ്‌നു ബുദൈല്‍ എന്ന നിവേദകന്‍ കാരണം ദുര്‍ബലമായതുമാണ്. അലി(റ), അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ), ഇബ്‌നു അബ്ബാസ്(റ), ഹസനുല്‍ ബസ്വരി, ഇമാം ശാഫിഈ മുതലായവര്‍ നോമ്പ് നിര്‍ബന്ധമല്ല എന്ന അഭിപ്രായക്കാരാണ്.
നിയ്യത്തോടുകൂടി പള്ളിയില്‍ അല്‍പസമയം താമസിക്കലാണ് ഏറ്റവും ചുരുങ്ങിയ ഇഅ്തികാഫ് എന്നതാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. ഇമാം അബൂഹനീഫ, അഹ്‌മദ് മുതലായവരുടെ അഭിപ്രായമായി ഇത് രേഖപ്പെടുത്തുന്നുമുണ്ട്. അതല്ല, ഒരു ദിവസം മുഴുവന്‍ ഭജനമിരിക്കലാണ് ഏറ്റവും ചുരുങ്ങിയത് എന്നഭിപ്രായമുള്ള അപൂര്‍വം ചില പണ്ഡിതന്മാരുമുണ്ട്.
അല്‍പസമയം ഇരുന്നാലും ഇഅ്തികാഫ് സാധുവാകും എന്നു പറയുന്ന പണ്ഡിതന്മാര്‍ രണ്ടു തെളിവുകളാണ് മുന്നോട്ടുവെക്കുന്നത്. അതില്‍ ഒന്നാമത്തേത്, താമസിക്കുക എന്ന അര്‍ഥത്തില്‍ കുറച്ചു സമയത്തിനും കൂടുതല്‍ സമയത്തിനും ഇഅ്തികാഫ് എന്ന പദം പ്രയോഗിക്കും. ‘ഇഅ്തികാഫ് ഒഴികെ മറ്റൊരു ലക്ഷ്യവുമില്ലാതെ ഒരു മണിക്കൂര്‍ നേരത്തേക്ക് ഞാന്‍ ചിലപ്പോഴെല്ലാം മസ്ജിദില്‍ ഇരിക്കാറുണ്ട്’ (മുസന്നഫ് അബ്ദുര്‍റസാഖ് 8006, മുഹല്ല 5:179) എന്ന പ്രമുഖ സഹാബിയായ അബൂസഫ്‌വാന്‍ യഅ്‌ല ബിന്‍ ഉമയ്യ(റ)യുടെ വാക്കുകളാണ് രണ്ടാമത്തെ തെളിവ്.
സുബ്ഹി നമസ്‌കാരത്തെ തുടര്‍ന്നാണ് ഇഅ്തികാഫ് ആരംഭിക്കേണ്ടത്. ആഇശ(റ) പറയുന്നു: ‘നബി(സ) ഏതെങ്കിലും ഒരു ദിവസം ഇഅ്തികാഫ് അനുഷ്ഠിക്കാന്‍ ഉദ്ദേശിച്ചാല്‍, ഫജ്ര്‍ (സുബ്ഹി) നമസ്‌കാര ശേഷം ഇഅ്തികാഫ് ഇരിക്കുന്ന സ്ഥലത്തേക്ക് (പള്ളിക്കുള്ളില്‍ ഇഅ്തികാഫിനായി തയ്യാറാക്കിയ സ്ഥലത്ത്) പ്രവേശിക്കുകയായിരുന്നു പതിവ്’ (ബുഖാരി 2033, മുസ്‌ലിം 1173). എന്നാല്‍ നാലു മദ്ഹബുകളുടെയും അഭിപ്രായം മറ്റൊന്നാണ്. അവരുടെ അഭിപ്രായത്തില്‍ സൂര്യാസ്തമയത്തിനു മുമ്പായി ഇഅ്തികാഫില്‍ പ്രവേശിക്കേണ്ടതുണ്ട്.
ഏത് പള്ളിയില്‍
ഇഅ്തികാഫ്
ഇരിക്കണം?

ആഇശ(റ) പറയുന്നു: ‘ജാമിഅഃ പള്ളിയിലല്ലാതെ ഇഅ്തികാഫില്ല’ (അബൂദാവൂദ് 2473, ദാറഖുത്‌നി 2338- ഹസന്‍). ജാമിആയ പള്ളികള്‍ എന്നതുകൊണ്ടുള്ള ഉദ്ദേശ്യം ജമാഅത്തായി നമസ്‌കാരം നിര്‍വഹിക്കപ്പെടുന്ന പള്ളികളാണെന്നാണ് ഇമാം അബൂഹനീഫയും ഇമാം അഹ്‌മദും അഭിപ്രായപ്പെടുന്നത്. എന്നാല്‍ അതല്ല, ജുമുഅഃ നമസ്‌കാരം നിര്‍വഹിക്കപ്പെടുന്ന പള്ളികളാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഇമാം സുഹ്‌രിയെപ്പോലെ മറ്റു ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.
പത്തു ദിവസം ഇഅ്തികാഫ് ഇരിക്കുമ്പോള്‍ അതിനിടയില്‍ വെള്ളിയാഴ്ച ദിവസം വരുമെന്നതാണ് അവര്‍ക്കുള്ള തെളിവ്. അതല്ല, ജുമുഅഃ നമസ്‌കാരം നിര്‍വഹിക്കപ്പെടുന്ന പള്ളികളാണ് ഇഅ്തികാഫിന് ഉത്തമമെങ്കിലും, എല്ലാ പള്ളികളിലും ഇഅ്തികാഫ് അനുഷ്ഠിക്കാം എന്ന് അഭിപ്രായമുള്ള പണ്ഡിതന്മാരുമുണ്ട്. ഇമാം ശാഫിഈക്കും ഇമാം മാലികിനും ഈ അഭിപ്രായമാണ് ഉള്ളത്. ഇമാം ബുഖാരി സഹീഹിലെ ഒരധ്യായത്തിനു നല്‍കുന്ന പേരു തന്നെ ‘അവസാനത്തെ പത്തിലെ ഇഅ്തികാഫും എല്ലാ പള്ളിയിലെയും ഇഅ്തികാഫും’ എന്നാണ്.
‘മൂന്നു പള്ളികളില്‍ അല്ലാതെ ഇഅ്തികാഫ് ഇല്ല’ എന്നൊരു ഹദീസ് അബൂഹുസൈഫ (റ) ഇബ്‌നു മസ്ഊദി(റ)നോട് പറഞ്ഞതായി ബൈഹഖി (4:316), ദഹബി (സിയാര്‍ അഅ്‌ലം 15:81) എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മുസന്നഫ് അബ്ദുര്‍റസാഖിലും സമാനമായ ഒന്ന് കാണാം (നമ്പര്‍ 8019).
വളരെയധികം ഗരീബായ (ഒറ്റപ്പെട്ട) നിവേദനമാണിത്. കൂടാതെ, ഇത് ഉദ്ധരിച്ച അബൂഹുസൈഫ(റ)യോട് ‘ഒരുപക്ഷേ താങ്കള്‍ മറന്നതും അവര്‍ ഓര്‍മിച്ചതുമായിരിക്കാം. അല്ലെങ്കില്‍ താങ്കള്‍ക്ക് തെറ്റു പറ്റിയതും അവര്‍ ശരിയായിരുന്നതും ആയിരിക്കാം’ എന്ന് പറഞ്ഞുകൊണ്ട്, മറ്റു പള്ളികളില്‍ ഇഅ്തികാഫ് ഇരിക്കുന്നവരെ പിന്തുണച്ചുകൊണ്ട് ഈ ഹദീസ് അദ്ദേഹം നിരാകരിക്കുകയാണ് ചെയ്യുന്നത്. ഇമാം ശൗക്കാനി ഈ ഹദീസിന്റെ ദുര്‍ബലത വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. സൂറഃ അല്‍ബഖറയില്‍ (2:187) നോമ്പനുഷ്ഠിക്കുന്ന സര്‍വ മുസ്‌ലിംകളോടുമുള്ള അല്ലാഹുവിന്റെ കല്‍പനകളിലാണ് ഇഅ്തികാഫും കടന്നുവരുന്നത്. അതുകൊണ്ടുതന്നെ ഇത് ഏവര്‍ക്കും ബാധകമാണെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.
സ്ത്രീകളുടെ
ഇഅ്തികാഫ്

പള്ളികളിലാണ് സ്ത്രീകളും പുരുഷന്മാരും ഇഅ്തികാഫ് ഇരിക്കേണ്ടത് എന്നത് ഖുര്‍ആന്‍ കൊണ്ടും ഹദീസുകള്‍ കൊണ്ടും വ്യക്തമാകുന്ന സംഗതിയാണ്. അല്ലാഹു പറയുന്നു: ‘നിങ്ങള്‍ പള്ളികളില്‍ ഇഅ്തികാഫ് (ഭജനം) ഇരിക്കുമ്പോള്‍ അവരുമായി (ഭാര്യമാരുമായി) സഹവസിക്കരുത്. അല്ലാഹുവിന്റെ അതിര്‍വരമ്പുകളാകുന്നു അവയൊക്കെ. നിങ്ങള്‍ അവയെ അതിലംഘിക്കുന്നതിനോടടുക്കരുത്. ജനങ്ങള്‍ ദോഷബാധയെ സൂക്ഷിക്കാനായി അല്ലാഹു അപ്രകാരം അവന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വ്യക്തമാക്കിക്കൊടുക്കുന്നു’ (അല്‍ബഖറ 187).
ആഇശ(റ)യില്‍ നിന്നു ഇപ്രകാരം ഒരു ഹദീസ് നിവേദനം ചെയ്യപ്പെടുന്നു: ‘നബി(സ) അദ്ദേഹത്തിന്റെ വിയോഗം വരെയും റമദാനിലെ അവസാനത്തെ പത്ത് ദിവസങ്ങളില്‍ ഇഅ്തികാഫ് അനുഷ്ഠിക്കാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗശേഷം പ്രവാചക പത്‌നിമാരും അതുപോലെ ചെയ്യാറുണ്ടായിരുന്നു’ (ബുഖാരി 2025, മുസ്‌ലിം 1172). ‘ജാമിഅഃ പള്ളിയിലല്ലാതെ ഇഅ്തികാഫില്ല’ (അബൂദാവൂദ് 2473, ദാറഖുത്‌നി 2338) എന്ന് ആയിശ(റ)യില്‍ നിന്നുതന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ട്. അപ്പോള്‍ പ്രവാചക പത്‌നിമാര്‍ ഇഅ്തികാഫ് അനുഷ്ഠിച്ചിരുന്നത് വീടിന്റെ അകത്തളങ്ങളിലെ നമസ്‌കാരസ്ഥലത്തല്ല എന്നും ജമാഅത്ത് നടക്കുന്ന പള്ളികളില്‍ തന്നെയായിരുന്നു എന്നും സുതരാം വ്യക്തമാകുന്നു.
ഇമാം നവവി എഴുതുന്നു: ‘ഇമാം ശാഫിഈയുടെ ജദീദായ (അവസാനത്തെ) അഭിപ്രായപ്രകാരം തീര്‍ച്ചയായും ഒരു സ്ത്രീ അവളുടെ വീട്ടിലെ പള്ളിയില്‍ ഇഅ്തികാഫ് ഇരുന്നാല്‍ ശരിയാവില്ല എന്നതാണ്’ (മിന്‍ഹാജ്). ഇമാം നവവി ഇതൊന്നുകൂടി തന്റെ ശറഹുല്‍ മുഹദ്ദബില്‍ ഇപ്രകാരം ഉറപ്പിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു: ‘പുരുഷനാകട്ടെ സ്ത്രീയാകട്ടെ പള്ളിയിലല്ലാതെ ഇഅ്തികാഫ് ശരിയാവുകയില്ല. സ്ത്രീയുടെ വീട്ടിലെ പള്ളിയിലോ പുരുഷന്റെ വീട്ടിലെ പള്ളിയിലോ ഇഅ്തികാഫ് ശരിയാവുകയില്ല. ഇതാണ് നമ്മുടെ മദ്ഹബ്’ (ശറഹുല്‍ മുഹദ്ദബ് 6:480).
ഇഅ്തികാഫിന്റെ
മഹത്വങ്ങള്‍

ഇഅ്തികാഫ് സുന്നത്തില്‍ സ്ഥിരപ്പെട്ടതാണെങ്കിലും അതിന്റെ മഹത്വങ്ങള്‍ പറയുന്ന നിവേദനങ്ങളില്‍ ചിലത് അസ്വീകാര്യങ്ങളാണ്. അതില്‍, രണ്ട് ഹജ്ജിന്റെയും രണ്ട് ഉംറയുടെയും പ്രതിഫലം പറയുന്നതും, എല്ലാ നന്മകളും ചെയ്തവന്റെ പ്രതിഫലം പറയുന്നതും, ഉദയാസ്തമയങ്ങള്‍ തമ്മിലുള്ള അകലത്തിന്റെ മൂന്നിരട്ടിയേക്കാള്‍ നരകത്തില്‍ നിന്നകറ്റുമെന്നു പറയുന്നതും, മുന്‍കഴിഞ്ഞ എല്ലാ പാപങ്ങളും പൊറുക്കപ്പെടുമെന്ന് പറയുന്നതുമായ റിപ്പോര്‍ട്ടുകളൊക്കെ കാണാം. അവയെല്ലാം തന്നെ ദുര്‍ബലങ്ങളോ മനുഷ്യനിര്‍മിതങ്ങളോ ആണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x