ആഗോള പട്ടിണി സൂചിക ഇന്ത്യ വീണ്ടും പുറകോട്ട്
അബ്ദുശ്ശുക്കൂര്‍
ആഗോള പട്ടിണി സൂചിക റിപ്പോര്‍ട്ട് പുറത്തു വന്നു. ഇന്ത്യയുടെ സ്ഥാനം വീണ്ടും പിറകോട്ടു പോയിരിക്കുകയാണ്. കൊടിയ പട്ടിണിയിലാണ് നമ്മുടെ രാജ്യം എന്നാണ് പട്ടിക സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കണക്കില്‍ 107-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോള്‍ 113 ലെത്തിയിരിക്കുന്നു. ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താന്‍ എന്നീ അയല്‍രാജ്യങ്ങള്‍ക്കും ബഹുദൂരം പിന്നിലാണ് ഇന്ത്യ എന്നത് ഞെട്ടിപ്പിക്കുന്ന കണക്കാണ്.
ഉയരത്തിനനുസരിച്ചുള്ള ഭാരവും വണ്ണവും ഇല്ലാത്ത കുട്ടികളുടെ നിരക്ക് (ഇവശഹറ ണമേെശിഴ) ലോകത്ത് ഏറ്റവും ഉയര്‍ന്നത് ഇന്ത്യയിലാണ് (18.7 ശതമാനം). രൂക്ഷമായ പോഷകാഹാരക്കുറവാണ് കാരണംയ ദേശീയ കുടുംബാരോഗ്യ സര്‍വേയില്‍നിന്നുള്ള വിശദാംശങ്ങളാണ് ആഗോള പട്ടിണിസൂചികക്ക് ഉപയോഗിച്ചിട്ടുള്ളത്.
രാജ്യത്തെ പട്ടിണി സാഹചര്യം അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കുന്ന സൂചിക കയ്യോടെ കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. സൂചികയുടെ കണക്കെടുപ്പ് വസ്തുതാപരമല്ല എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്റേത്. പോഷകാഹാരക്കുറവ് നേരിടുന്ന ജനസംഖ്യയെ ആസ്പദമാക്കി തയ്യാറാക്കുന്ന ‘ഗ്ലോബല്‍ ഹംഗര്‍ റിപ്പോര്‍ട്ടി’ല്‍ ഗുരുതരപിഴവുണ്ട്, അടിസ്ഥാനപരമായ വസ്തുതകളെ കണക്കിലെടുത്തിട്ടില്ല, റിപ്പോര്‍ട്ടിന്റെ പ്രസിദ്ധീകരണ ഏജന്‍സികളായ കണ്‍സേണ്‍ വേള്‍ഡ് വൈഡ്, വെല്‍റ്റ് ഹംഗര്‍ ഹില്‍ഫ് എന്നിവര്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് കൃത്യമായ പഠനമോ പരിശോധനയോ നടത്തിയിട്ടില്ല എന്നെല്ലാമാണ് കേന്ദ്രസര്‍ക്കാര്‍ വാദം. 2047ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന മോദി സര്‍ക്കാരിന്റെ അവകാശവാദങ്ങളുടെ മുനയൊടിക്കുന്നതാണ് ആഗോള സൂചികകളുടെ ഫലം.
വാസ്തവത്തില്‍ ഔദ്യോഗിക ഡേറ്റകളില്‍നിന്നുതന്നെ തയാറാക്കുന്നതാണ് സൂചിക; അതിന്റെ രീതിശാസ്ത്രം സുതാര്യവും എല്ലാ രാജ്യങ്ങള്‍ക്കും ഒരുപോലെ ബാധകവുമാണ്. ജി ഡി പിയുടെ വലുപ്പം ചൂണ്ടിക്കാണിച്ചും ഭക്ഷ്യരംഗത്ത് ഇന്ത്യ സ്വയംപര്യാപ്തം മാത്രമല്ല, കയറ്റിയയക്കുന്ന രാജ്യം കൂടിയാണ് എന്ന് ഊന്നിപ്പറഞ്ഞും നിഷേധിക്കാവുന്നതല്ല ദാരിദ്ര്യത്തിലും ഭക്ഷ്യദൗര്‍ലഭ്യത്തിലും പട്ടിണിയിലും കഷ്ടപ്പെടുന്ന കോടിക്കണക്കിന് മനുഷ്യരുടെ അവസ്ഥ. നീതി ആയോഗിന്റെ തന്നെ നാഷനല്‍ മള്‍ട്ടി ഡയമന്‍ഷനല്‍ പോവര്‍ട്ടി ഇന്‍ഡക്‌സ് പറയുന്നത്, ജനങ്ങളില്‍ 15 ശതമാനത്തോളം പേര്‍ അതിദാരിദ്ര്യത്തിലാണെന്നാണ്. നാഷനല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ പ്രകാരം മഹാരാഷ്ട്രയില്‍ നവജാത ശിശുമരണവും കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പും കുതിച്ചുയര്‍ന്നിട്ടുണ്ട്. ഇന്ത്യയില്‍ 43 ലക്ഷം കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു എന്ന് കഴിഞ്ഞ മാസം പുറത്തുവിട്ട ‘പോഷണ്‍ ട്രാക്കര്‍’ വ്യക്തമാക്കുന്നു. പട്ടിണി സൂചിക അപ്പാടെ നിരാകരിക്കുക വഴി സര്‍ക്കാര്‍ സ്വന്തം വിശ്വാസ്യതക്ക് പരിക്കേല്‍പ്പിക്കുകയാണ്. യഥാര്‍ഥ പ്രശ്‌നത്തെ അഭിമുഖീകരിക്കുകയും പരിഹരിക്കുകയും വേണ്ട സര്‍ക്കാര്‍ അഭിമാനക്ഷതമോര്‍ത്ത് അവഗണിച്ചു തള്ളുന്നത് നമ്മുടെ ജീവിതം കൂടിയാണ്.