15 Monday
April 2024
2024 April 15
1445 Chawwâl 6

വിസ്മരിക്കപ്പെടുന്ന മാനുഷിക മൂല്യങ്ങള്‍

അന്‍വര്‍ അഹ്മദ്‌


ഇസ്‌ലാമില്‍ അല്ലാഹുവോടുള്ള ബാധ്യതകളും മനുഷ്യരോടുള്ള ബാധ്യതകളും അഭേദ്യമായ ബന്ധമുള്ളവയത്രെ. അല്ലാഹുവെ മാത്രം ആരാധിക്കുക എന്ന ബാധ്യതയെപ്പറ്റി പറഞ്ഞ ഉടനെ വിശുദ്ധഖുര്‍ആനില്‍ (17:23) മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു. മറ്റൊരു സൂക്തത്തില്‍ (2:177) അല്ലാഹുവിലും പരലോകത്തിലും മറ്റും വിശ്വസിക്കേണ്ടതിനെ സംബന്ധിച്ച് പരാമര്‍ശിച്ച ശേഷം ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും വഴിപോക്കര്‍ക്കും ചോദിച്ചുവരുന്നവര്‍ക്കും അടിമകളുടെ മോചനത്തിനും ധനസഹായം ചെയ്യാന്‍ അനുശാസിക്കുന്നു. 4:6 സൂക്തത്തില്‍ ബഹുദൈവാരാധന ഒഴിവാക്കി അല്ലാഹുവെ മാത്രം ആരാധിക്കണമെന്ന് അനുശാസിച്ച ഉടനെ മാതാപിതാക്കളോടും കുടുംബങ്ങളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസികളോടും വഴിപോക്കരോടും അടിമകളോടും നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന് അഥവാ അവര്‍ക്ക് ഗുണകരമായ നിലപാട് സ്വീകരിക്കണമെന്ന് ആജ്ഞാപിച്ചിരിക്കുന്നു. ബലഹീനരായ മനുഷ്യരോടുള്ള ബാധ്യതകള്‍ നബി(സ) പ്രത്യേകം ഊന്നിപ്പറഞ്ഞിട്ടുണ്ട്. അനാഥയുടെയും അഗതിയുടെയും കാര്യം അവഗണിച്ചു തള്ളുന്നവനെ മത നിഷേധിയെന്നാണ് സൂറത്തുല്‍ മാഊനില്‍ വിശേഷിപ്പിച്ചത്.
വിഷമതകള്‍ അനുഭവിക്കുന്ന മനുഷ്യരോട് കരുണ കാണിക്കാതെ നമസ്‌കാരവും നോമ്പും ഹജ്ജും മാത്രം നിര്‍വഹിച്ചാല്‍ അത് അല്ലാഹുവിങ്കല്‍ സ്വീകാര്യമാകുമെന്ന് വല്ലവരും ധരിച്ചിട്ടുണ്ടെങ്കില്‍ അതിന്് വിശുദ്ധഖുര്‍ആനിന്റെയും പ്രാമാണികമായ ഹദീസുകളുടെയും പിന്‍ബലമില്ല. അല്ലാഹു അനുശാസിച്ച എല്ലാ ബാധ്യതകളും നിര്‍വഹിക്കാനുള്ള സന്നദ്ധതയാണ് യഥാര്‍ഥ വിശ്വാസികള്‍ക്ക് ഉണ്ടാവേണ്ടത്. പക്ഷേ, പലരും യാതനകള്‍ അനുഭവിക്കുന്ന മനുഷ്യരുടെ പ്രശ്‌നങ്ങളോട് നിസ്സംഗതയാണ് പുലര്‍ത്തുന്നത്. അനാഥക്കുട്ടികളുടെ കാര്യത്തില്‍ ചിലര്‍ താല്പര്യം കാണിക്കാറുണ്ടെങ്കിലും വൃദ്ധരും രോഗികളുമായ അഗതികളുടെ വിഷയത്തില്‍ ഔത്‌സുക്യം കാണിക്കുന്നവര്‍ വളരെ വിരളമാകുന്നു. ഇടത്തരക്കാര്‍ക്ക് പോലും വിദഗ്ധ ചികിത്സ ഒരു ദുര്‍വഹമായ ഭാരമായിത്തീര്‍ന്നിട്ടുള്ള ഈ കാലഘട്ടത്തില്‍ നിരാലംബരായ മനുഷ്യരുടെ ചികിത്സച്ചെലവുകളെ സംബന്ധിച്ച് പറയാതിരിക്കുകയാണ് ഭേദം. യാചിച്ചു നടക്കാന്‍ ആത്മാഭിമാനം അനുവദിക്കാത്തവര്‍ സ്വന്തം പുരയിടം വിറ്റോ പണയപ്പെടുത്തിയോ ചികിത്സിച്ച ശേഷം ചികിത്സ തന്നെ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാവുന്നു.
ശമനാതീത ഘട്ടത്തിലെത്തിയ കാന്‍സര്‍ രോഗികളെ വേദനാമുക്തരാക്കാന്‍ വേണ്ടിയുള്ള പാലിയേറ്റീവ് കെയര്‍ ക്ലിനിക്കുകള്‍ ഇപ്പോള്‍ പല സ്ഥലത്തും നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു എന്നത് സന്തോഷകരമാണ്. എന്നാല്‍ ശമനം പ്രതീക്ഷിച്ച് ലക്ഷങ്ങളോ പതിനായിരങ്ങളോ ചെലവാക്കി ചികിത്സിച്ച ശേഷമാണ് കാന്‍സര്‍ രോഗികള്‍ പെയിന്‍ ക്ലിനിക്കുകളിലെത്തുന്നത്. നിര്‍ധന രോഗികളും അവരുടെ കുടുംബങ്ങളും ഭീമമായ പണച്ചെലവുള്ള ചികിത്സ നടത്താന്‍ വേണ്ടി അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ഊഹാതീതമാണ്. ഈ ഘട്ടത്തില്‍ അവരില്‍ പലര്‍ക്കും വ്യക്തികളുടെയോ സംഘടനകളുടെയോ സഹായം ലഭ്യമാകാറില്ല.
ഹൃദയം, കരള്‍, കിഡ്‌നി തുടങ്ങിയ അവയവങ്ങള്‍ക്ക് തകരാറ് നേരിട്ടതിനാല്‍ ലക്ഷങ്ങള്‍ ചെലവാക്കി ചികിത്സിക്കേണ്ടിവരുന്ന പാവങ്ങളുടെ സംഖ്യയും കുറവല്ല. പ്രമേഹം, ക്ഷയം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ക്ക് സ്ഥിരമായോ ദീര്‍ഘ കാലത്തേക്കോ മരുന്നു കഴിക്കേണ്ടിവരുന്ന നിര്‍ധന രോഗികളും ധാരാളമുണ്ട്. ഇവര്‍ക്ക് സൗജന്യമായി വിദഗ്ധ ചികിത്സയും മരുന്നും ലഭ്യമാക്കുന്നത് മതപരമായ ഒരു ബാധ്യതയായി പലരും വിലയിരുത്താറില്ല. നിത്യരോഗികളില്‍ പലര്‍ക്കും ആ ദുരവസ്ഥ വന്നുഭവിക്കുന്നത് തെറ്റായ ആഹാര വിഹാരങ്ങളും അവിദഗ്ധ ചികിത്സയും വ്യാജമരുന്നുകളും മറ്റും നിമിത്തമാണ്. ഇതിനൊക്കെ പരിഹാരമുണ്ടാക്കാന്‍ എളുപ്പമല്ല. വ്യക്തികളോ സംഘടനകളോ ശ്രമിച്ചാല്‍ ഈ മേഖലയില്‍ വിജയം വരിക്കാന്‍ കഴിയണമെന്നില്ല. എന്നാലും അനാവശ്യമരുന്നുകളുടെയും അപകടമരുന്നുകളുടെയും ബലിയാടുകളായി തുലഞ്ഞു പോകുന്നതില്‍ നിന്ന് പാവപ്പെട്ട മനുഷ്യരെ രക്ഷിക്കുന്നതിനുവേണ്ടി കഴിയുന്നതൊക്കെ ചെയ്യാന്‍ സത്യവിശ്വാസികള്‍ക്ക് ബാധ്യതയുണ്ട്. ശാരീരികവും മാനസികവും ആത്മീയവുമായ തകര്‍ച്ചയിലേക്ക് നയിക്കുന്ന മദ്യത്തില്‍ നിന്നും മയക്കുമരുന്നില്‍ നിന്നും മനുഷ്യരെ മോചിപ്പിക്കാന്‍ നാം ബാധ്യസ്ഥരാണെന്ന ചിന്ത മിക്കവരുടെ മനസ്സിലേക്കും കടക്കുക പോലും ചെയ്യുന്നില്ല. എയ്ഡ്‌സ് ഉയര്‍ത്തുന്ന മാനവികവും ധാര്‍മികവുമായ പ്രശ്‌നങ്ങളെ സംബന്ധിച്ച ചിന്തയും അതുപോലെ തന്നെ.
ഗുരുതരമായ രോഗവും ദാരിദ്ര്യവും കേവലം ഭൗതികമായ പ്രശ്‌നങ്ങളല്ല. ആത്മീയമായ പതനവും അവയോടനുബന്ധിച്ചുണ്ടാകാം. അല്ലാഹുവിനെയും ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സംബന്ധിച്ച് സംശയവും അവിശ്വാസവും ജനിക്കാന്‍ ദൈന്യം ഒരു നിമിത്തമായെന്ന് വരാം. വിശ്വാസവും വിശ്വസികളും മനുഷ്യര്‍ക്ക് ഏത് പ്രതിസന്ധിയിലും താങ്ങാകുമെന്ന് ബോധ്യപ്പെടുത്തേണ്ടത് മതപ്രബോധകരുടെയും ഇസ്‌ലാമിക സേവകരുടെയും ബാധ്യതയാണ്. മുസ്‌ലിം ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും ദീനീ പ്രവര്‍ത്തകരും അവരുടെ ആശയങ്ങളും ശ്രമങ്ങളും ഏകോപിപ്പിച്ചാല്‍ ദൈന്യപാരവശ്യത്തിലാണ്ട രോഗികളുടെയും വൃദ്ധരുടെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതവും സ്വസ്ഥവുമാക്കി നിര്‍ത്താന്‍ സാധിച്ചേക്കും. ജീവിതാന്ത്യത്തില്‍ വിശ്വാസം ചഞ്ചലമാകാത്ത മനോനില കാത്തുസൂക്ഷിക്കാന്‍ ഒരു സഹോദരനെ/സഹോദരിയെ സഹായിക്കുന്നത് നിസ്തുലമായ സേവനമായിരിക്കുമെന്ന കാര്യം നാം വിസ്മരിക്കരുത്.
കൗമാരവും യൗവനവും ആസക്തികളുടെ പിടിയിലമരുന്നതിനാല്‍ പല പ്രദേശങ്ങളിലും മുസ്‌ലിം സമൂഹത്തിനുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് കയ്യും കണക്കുമില്ല. പല ഹൈസ്‌കൂളുകളുടെയും കോളെജുകളുടെയും പരിസരം മയക്കുമരുന്നുലോബികളുടെ പിടിയിലാണ്. പല സ്ഥലത്തും ഇതിന്റെയൊക്കെ വ്യാപാരം നടത്തുന്നവരും ഇരകളും ഒരുപോലെ മുസ്‌ലിംകളാണ്. ഇരുവിഭാഗത്തെയും അതില്‍ നിന്ന് മോചിപ്പിക്കേണ്ടത് സുപ്രധാനമായ ബാധ്യതയാണ്. മദ്യ-മയക്കുമരുന്ന് മാഫിയയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതുകൊണ്ട് ഈ വിഷയത്തില്‍ ഇടപെടാന്‍ തന്നെ മിക്കവര്‍ക്കും ഭയമാണ്. പക്ഷേ, ഇരകളായി ജീവിതം തുലഞ്ഞുപോകുന്നവരുടെ മോചനത്തിന്നുള്ള യത്‌നങ്ങളില്‍ പങ്കുചേരുക പ്രയാസകരമല്ല. ഡീ അഡിക്ഷന്‍ ചികിത്സ ദീര്‍ഘവും ഏറെ പണച്ചെലവുള്ളതുമായതിനാല്‍ ഈ വിഷയത്തില്‍ പാവപ്പെട്ട കുടുംബങ്ങള്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ അവര്‍ണനീയമാണ്. ഈ വിഷയങ്ങളിലൊക്കെ സംഘടിതവും ആസൂത്രിതവുമായ സംരംഭങ്ങള്‍ തന്നെ അത്യാവശ്യമാണ്.

1 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x