27 Saturday
July 2024
2024 July 27
1446 Mouharrem 20

മനുഷ്യാവകാശങ്ങളും ജനദ്രോഹ കരിനിയമങ്ങളും

ഹബീബ് റഹ്മാന്‍ കൊടുവള്ളി


രാജ്യദ്രോഹക്കുറ്റത്തിനു ശിക്ഷ നിര്‍ണയിക്കാനായി ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ നിഷ്‌കര്‍ഷിച്ച വകുപ്പാണ് 124-എ. പ്രസ്തുത വകുപ്പു പ്രകാരം ‘എഴുതുകയോ പറയുകയോ ചെയ്യുന്നതായ വാക്കുകളാലോ ചിഹ്നങ്ങളാലോ കാണപ്പെടാവുന്ന പ്രാതിനിധ്യം വഴിക്കോ അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും വഴിക്കോ രാജ്യത്തിനെതിരെ വെറുപ്പോ വിദ്വേഷമോ വളര്‍ത്തുന്ന’ എന്തും രാജ്യദ്രോഹമാവും. നിയമം മൂലം സ്ഥാപിതമായ ഗവണ്മെന്റിനോടുള്ള ‘മമതക്കുറവും’ ഈ വകുപ്പിന്റെ പരിധിയില്‍ ഉള്‍പ്പെടും. രാജ്യദ്രോഹത്തിനുള്ള പരമാവധി ശിക്ഷ ജീവപര്യന്തം തടവും പിഴയും. പിഴ അടച്ചില്ലെങ്കില്‍ 3 വര്‍ഷം കൂടി തടവുമാണ്.
ബ്രിട്ടീഷ് ഇന്ത്യയില്‍ ഗവണ്മെന്റിനെതിരെയുള്ള രോഷത്തെയും സ്വാതന്ത്ര്യസമരത്തെയും അടിച്ചമര്‍ത്താനായി ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഈ വകുപ്പ് ഉള്‍പ്പെടുത്താനുള്ള തോമസ് മെക്കാളെ പ്രഭുവിന്റെ നിര്‍ദേശം ബ്രിട്ടീഷ് ഗവണ്മെന്റ് അംഗീകരിക്കുകയും 1870- ല്‍ ഐ പി സി ഭേദഗതി നിയമത്തില്‍ ഉള്‍പ്പെടുത്തുകയുമായിരുന്നു. അതിനു ശേഷം 1898-ല്‍ മറ്റൊരു ഭേദഗതി നിയമത്തിലൂടെ ഇപ്പോള്‍ നിലവിലുള്ള രൂപത്തില്‍ 124-എ വകുപ്പ് രൂപീകരിച്ചു. ഈ നിയമത്തിന്റെ ആദ്യ രൂപത്തില്‍ നിയമം മൂലം രൂപീകൃതമായ ഭരണകൂടത്തോടുള്ള ‘മമതക്കുറവാണ്’ രാജ്യദ്രോഹമായി നിര്‍വചിച്ചിരുന്നതെങ്കില്‍, ഇപ്പോള്‍ നിലവിലുള്ളതില്‍ ഭരണകൂടത്തിനെതിരെ വെറുപ്പോ വിദ്വേഷമോ ഉളവാക്കുന്ന പ്രവൃത്തികള്‍ മാത്രമല്ല, ഭരണകൂടത്തിനെതിരെ ജനങ്ങള്‍ ഉയര്‍ത്തുന്ന ജനാധിപത്യ പ്രതിഷേധം പോലും ശിക്ഷാര്‍ഹമായി! ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ ഇത്തരം കരിനിയമങ്ങള്‍ ഇപ്പോഴും ഇന്ത്യയിലെ നിയമസംവിധാനത്തിന്റെ ഭാഗമായി നിലനില്‍ക്കുന്നു എന്നതുതന്നെ ഏറെ വിരോധാഭാസമാണ്.
ഭരണകൂടത്തോടുള്ള ‘മമതക്കുറവ്’ അഥവാ താല്‍പര്യക്കുറവ് എന്നതില്‍ തന്നെ എല്ലാ തരത്തിലുള്ള എതിര്‍പ്പും ശത്രുതയും ഉള്‍പ്പെടും. രാജ്യദ്രോഹക്കുറ്റം കൃത്യമായി നിര്‍വചിക്കപ്പെടാനാകാത്ത ഒന്നായതുകൊണ്ട്, ഭരണകൂടത്തിന്റെ നയങ്ങളെ വിമര്‍ശിക്കുന്നവരെ വരെ ഈ കുറ്റം ചുമത്തി എപ്പോള്‍ വേണമെങ്കിലും പിടിച്ചുകൊണ്ടുപോവുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യാം. അടിമുടി ആശയക്കുഴപ്പം നിറഞ്ഞ ഈ നിയമമാണ് ഈ അടുത്ത കാലത്തായി ഏറെ ദുരുപയോഗം ചെയ്യപ്പെടുന്നതും പൗരത്വാവകാശ ധ്വംസനങ്ങള്‍ക്കും സ്വാതന്ത്ര്യ നിഷേധങ്ങള്‍ക്കും വളമാകുന്നതും.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തന്നെ ഈ നിയമത്തിനെതിരായിരുന്നു. ലോക്‌സഭയിലെ തന്റെ ആദ്യത്തെ ഭരണഘടനാ ഭേദഗതി ബില്ലിനെപ്പറ്റി സംസാരിക്കവേ, ‘ഈ വകുപ്പ് ഏറെ നിന്ദ്യമാണെന്നും, പ്രായോഗികവും ചരിത്രപരവുമായ കാരണങ്ങളാല്‍ ഈ വകുപ്പ് നമ്മുടെ ഭരണഘടനയില്‍ തുടരാന്‍ പാടില്ല എന്നും അതിനാല്‍ ഈ നിയമം എത്രയും പെട്ടെന്ന് ഒഴിവാക്കുന്നുവോ അത്രയും നല്ലത്’ എന്നും അദ്ദേഹം പറയുകയുണ്ടായി. ഗാന്ധിജിയാകട്ടെ ‘പൗരന്റെ സ്വാതന്ത്ര്യം അടിച്ചമര്‍ത്താനായി രൂപീകരിച്ച വകുപ്പ്’ എന്നാണ് പരിഹസിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യസമര സേനാനികളെ തഴയാന്‍ അവര്‍ രൂപീകരിച്ച ഈ വകുപ്പിന് ഇന്നു നിയമസാധുത ഉണ്ടോ എന്ന വിഷയത്തില്‍ തന്നെ ചര്‍ച്ചകള്‍ നടന്നുവരുകയാണ്.
ഈ രാജ്യദ്രോഹ നിയമപ്രകാരം കേസ് എടുക്കുന്നതും നിലവിലെ കേസുകളില്‍ വിചാരണ തുടരുന്നതും സുപ്രീംകോടതി തടഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ഇത്തരം തീവ്രവാദ കേസുകളില്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് ജാമ്യത്തിനു വിചാരണക്കോടതിയെ സമീപിക്കാം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124-എ വകുപ്പിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പുനഃപരിശോധനാ നടപടി പൂര്‍ത്തിയാകുന്നതുവരെ വിലക്ക് തുടരും.
കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളി ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് പൗരസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ നാഴികക്കല്ലായി മാറിയ ഇടക്കാല വിധി പുറപ്പെടുവിച്ചത്. 800ല്‍പരം രാജ്യദ്രോഹ കേസുകളിലായി 13,000-ലധികം പേരാണ് വിവിധ സംസ്ഥാനങ്ങളില്‍ ജയിലുകളില്‍ കഴിയുന്നത്.
കോടതി വിവാദ രാജ്യദ്രോഹ നിയമവ്യവസ്ഥ മരവിപ്പിച്ച നടപടി കേന്ദ്ര ഗവണ്‍മെന്റിന് ഒട്ടും ദഹിച്ചിട്ടില്ല. കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അതിശക്തമായ പല വാദമുഖങ്ങളും നിരത്തിയെങ്കിലും ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റെ ശക്തമായ നിലപാടിനു മുമ്പില്‍ പത്തി മടക്കുകയായിരുന്നു.
രാജ്യദ്രോഹ നിയമം പുനഃപരിശോധനാ കാലം വരെ മരവിപ്പിക്കപ്പെട്ടത് ആശ്വാസമായെങ്കിലും യു എ പി എ, അഫ്‌സ്പ പോലുള്ള കരിനിയമങ്ങള്‍ ഇപ്പോഴും രാജ്യത്ത് നിലവിലുണ്ട്. പല കേസുകളിലും പ്രതിചേര്‍ക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്ന സാമൂഹിക-മനുഷ്യാവകാശ-പൗരാവകാശ-മാധ്യമ പ്രവര്‍ത്തകരില്‍ മിക്കവര്‍ക്കുമെതിരെ 124-എ വകുപ്പിനൊപ്പം മേല്‍പറഞ്ഞ കരിനിയമങ്ങള്‍ കൂടി ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നതിനാല്‍ അവരുടെ മോചനമൊന്നും എളുപ്പം സാധ്യമാകാനിടയില്ല.
മഹാത്മാ ഗാന്ധി, ബാലഗംഗാധര തിലകന്‍ മുതല്‍ ബുക്കര്‍ ജേതാവ് അരുന്ധതി റോയി, ഗോത്രസമൂഹത്തിന്റെ ഉന്നമനത്തിനായി പരിശ്രമിച്ച സ്റ്റാന്‍ സ്വാമി, കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ദിഷ രവി, എന്തിനധികം ബലാത്സംഗം ചെയ്യപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ പോയ സിദ്ദീഖ് കാപ്പന്‍, വിദ്യാര്‍ഥികളായ കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവര്‍ക്കെല്ലാമെതിരെ ഈ രാജ്യദ്രോഹ നിയമമാണ് എടുത്തു പയറ്റിയത്.
ശാന്തിയും സമാധാനവും നിലനില്‍ക്കുന്ന നമ്മുടെ സംസ്ഥാനത്ത് കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളിലായി 42-ഓളം കേസുകള്‍ രാജ്യദ്രോഹ കുറ്റവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ കൂടുതലും പോസ്റ്റര്‍ പതിച്ചതിനും ലഘുലേഖ വിതരണത്തിനുമൊക്കെയാണ് എന്നതാണ് ഏറെ രസകരം.
പൗരത്വ സമരത്തില്‍ പങ്കെടുത്തതിന്, ഭരണകൂടത്തിന്റെ വിവേചനങ്ങളെ വിമര്‍ശിച്ചതിന്, വിനാശകാരിയായി മാറിയേക്കാവുന്ന കൂടംകുളം ആണവനിലയത്തെ എതിര്‍ത്തതിന്, രാജ്യത്തും അയല്‍രാജ്യത്തും സമാധാനം ഉണ്ടാവട്ടെ എന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന് എന്നു തുടങ്ങി ഗവണ്‍മെന്റിന് താല്‍പര്യമില്ലാത്ത, ഇഷ്ടമില്ലാത്ത ആര്‍ക്കെതിരെയും എപ്പോഴും ഈ നിയമത്തിന്റെ കരങ്ങള്‍ നീണ്ടുവരാം. ഇപ്പോള്‍ തന്നെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ക്കും വിദ്വേഷത്തിനും വര്‍ഗീയതക്കുമെതിരെ പ്രസംഗിക്കുകയോ എഴുതുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തതിന്റെ പേരില്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് ഊറ്റംകൊള്ളുന്ന നമ്മുടെ നാട്ടില്‍ രാജ്യദ്രോഹക്കുറ്റത്തില്‍ കുരുക്കപ്പെട്ടിരിക്കുന്നത് എത്ര ആയിരം പേരാണെന്നതിന് യാതൊരു തിട്ടവുമില്ല.
ഏതൊരു രാജ്യത്തിന്റെയും ശരിയായ പുരോഗതിയുടെയും വളര്‍ച്ചയുടെയും വികസനത്തിന്റെയും മാനദണ്ഡം അന്നാട്ടിലെ ജനാധിപത്യ അവകാശങ്ങളും സ്വാതന്ത്ര്യവും പൗരാവകാശങ്ങളുമാണ്. ഭരണകൂടത്തിന്റേതടക്കം ഒരു നാട്ടില്‍ നടക്കുന്ന അക്രമങ്ങളെയും അനീതികളെയും അസത്യങ്ങളെയും വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്യുക എന്നതും പൂര്‍ണ സ്വാതന്ത്ര്യത്തോടെ അവയെ തിരുത്തി മുന്നോട്ടു പോവുക എന്നതും ഏതൊരു രാജ്യത്തിന്റെയും പൗരസമൂഹത്തിന്റെയും വികസന താല്‍പര്യമാണ്. അതിനെതിരെ നില്‍ക്കുന്ന നിയമങ്ങളൊന്നും തന്നെ ഒരു രാജ്യത്തും ഉണ്ടാവാന്‍ പാടില്ല. അതോടൊപ്പം തന്നെ രാജ്യശത്രുക്കളെയും വിധ്വംസക പ്രവര്‍ത്തനങ്ങളെയും തടയുകയും വേണം. അപ്പോള്‍ മാത്രമേ ഒരു രാജ്യത്തിന്റെ സുസ്ഥിര വികസനം എന്ന ലക്ഷ്യം കൈവരുകയുള്ളൂ.
ഈ ചരിത്രവിധിയുടെ സന്ദര്‍ഭത്തില്‍ തന്നെ സോളിസിറ്റര്‍ ജനറലിന്റെ നിലപാടും, വിധിക്കു ശേഷം കോടതി ലക്ഷ്മണരേഖ മറികടക്കരുത് എന്ന നിയമമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവനയുമൊക്കെ കേന്ദ്ര ഭരണകൂടത്തിന് ഈ വിധിയോടുള്ള ശക്തമായ എതിര്‍പ്പ് വിളിച്ചോതുന്നുണ്ട്. മാത്രമല്ല, 2014-നു ശേഷമുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളും നിയമനിര്‍മാണ ചരിത്രവുമൊക്കെ പരിശോധിക്കുമ്പോള്‍ ജനതാല്‍പര്യത്തിനോ രാജ്യതാല്‍പര്യത്തിനോ അനുഗുണമല്ല എന്നും നമുക്ക് അറിയാം. അതുകൊണ്ടാണ്, ഈ കോടതിവിധി ശരിയായ രീതിയില്‍ നടപ്പാക്കപ്പെടുന്നുണ്ടെന്നും ഇതിനേക്കാള്‍ ഗുരുതരമായ കരിനിയമങ്ങള്‍ പാര്‍ലമെന്റ് ചുട്ടെടുക്കുന്നില്ലെന്നതിനും ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും പുറമേ കോടതി തന്നെ തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് അഡ്വ. കാളീശ്വരം രാജിനെ പോലുള്ളവര്‍ അഭിപ്രായപ്പെടുന്നത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x