ഈജിപ്തിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ കാണാതെ പോകരുത്!
അര്‍ശദ് കാരക്കാട്
ഈജിപ്തില്‍ അറബ് വസന്താനന്തരം (2011) രൂപപ്പെട്ട അസ്വസ്ഥതയും, കോവിഡ് മഹാമാരി മൂലമുണ്ടായ പ്രതിസന്ധിയും വിനോദസഞ്ചാര മേഖലക്കുണ്ടാക്കിയ ആഘാതം രാജ്യം നിലവി ല്‍ പരിശോധിക്കുകയാണ്. അത്തരത്തില്‍ വിനോദസഞ്ചാര മേഖല പുനരുജ്ജീവിപ്പിക്കുന്നതിന് ഈജിപ്ത് ആവിഷ്‌കരിച്ച പുതിയ പദ്ധതിയാണ് ‘കൈറോ ഐ’. പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ള തന്ത്രപ്രധാനമായ സ്ഥലം സമാലിക്കാണെന്ന് പദ്ധതിയുടെ പ്രാരംഭ ഘട്ടത്തില്‍ കൈറോ ഗവര്‍ണര്‍ ഖാലിദ് അബ്ദുല്‍ ആല്‍ മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു. 500 മില്യണ്‍ ഈജിപ്ഷ്യന്‍ പൗണ്ട് (3.17 മില്യണ്‍ ഡോളര്‍) നിക്ഷേപം പ്രതിവര്‍ഷം 2.5 മില്യണ്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ടൂറിസത്തിന് പ്രോത്സാഹനമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. 120 മീറ്റര്‍ ഉയരത്തില്‍ വിനോദ സവാരി ചക്രം തലസ്ഥാനത്തെ ഹൃദയഭാഗത്തുള്ള ജസീറ ഉപദ്വീപിലെ ഉയര്‍ന്ന ജില്ലയായ സമാലിക്കിലെ നൈല്‍ നദിക്കരയില്‍ 2022ല്‍ പൂര്‍ത്തീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
20000 ചതുരശ്ര മീറ്റര്‍ (215000 ചതുരശ്ര അടി) വിസ്തീര്‍ണ്ണമുള്ള ‘കൈറോ ഐ’ പദ്ധതി സന്ദര്‍ശകര്‍ക്ക് പുരാതന നഗരത്തിന്റെ മനോഹരമായ കാഴ്ച സമ്മാനിക്കുന്ന ആഫ്രിക്കയിലെ ഏറ്റവും വലിയ നിരീക്ഷണ കേന്ദ്രമായിരിക്കുമെന്നും കൈറോ ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. ഭരണകൂടത്തിന്റെ മിന്നുന്ന പ്രഖ്യാപനങ്ങള്‍ വന്നുകൊണ്ടിരിക്കുമ്പോഴും പദ്ധതിക്കെതിരെ മേഖലയിലെ നിവാസികള്‍, പാര്‍ലമെന്റ് അംഗങ്ങള്‍, മുന്‍ മന്ത്രിമാര്‍ വിമര്‍ശനവുമായി രംഗത്തുവന്നിരിക്കുന്നു. ഇത്തരമൊരു പദ്ധതി ഉപദ്വീപിലെ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കാനും, ഗതാഗതം കൂടുതല്‍ സങ്കീര്‍ണമാക്കാനും പര്യാപ്തമാണെന്ന കാര്യം അവഗണിച്ചുകൊണ്ടാണെന്ന് ഭരണകൂട പ്രതികാര നടപടികളില്‍ ആശങ്ക പ്രകടിപ്പിച്ച് ത്വാഹയെന്ന് പേരുമാറ്റിയ ഒരാള്‍ പറഞ്ഞെന്നാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തത്. പുറത്തുനിന്ന് സഞ്ചാരികളെ കൊണ്ടുവരാന്‍ ശ്രമിക്കുമ്പോഴും രാജ്യത്തിനകത്തെ സാഹചര്യം അത്ര ശുഭകരമല്ലെന്ന സന്ദേശം ഒരിക്കല്‍ക്കൂടി വിദേശികള്‍ക്ക് നല്‍കുന്നതാണ് ആ റിപ്പോര്‍ട്ട്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുമ്പോഴും നിവാസികള്‍ വിമര്‍ശനം ഉയര്‍ത്താന്‍ ഭയക്കുന്നത് ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യ മനോഭാവം കൊണ്ടല്ലാതെ മറ്റൊന്നുമല്ല.
ഈജിപ്തില്‍ നിന്ന് മുഖം തിരിച്ച് അയല്‍രാജ്യത്തിലെ അധികാരമാറ്റത്തിന് പിന്തുണ അറിയിക്കുന്ന സീസി ഒരു തരത്തിലും രാജ്യം പ്രതിസന്ധി അനുഭവിക്കുന്നില്ലെന്ന് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയായിരിക്കാം! എന്നാല്‍, അയല്‍രാജ്യത്തിന് ആശംസയും, സ്ഥിരത കൈവരിക്കാന്‍ പിന്തുണയും അറിയിക്കുന്ന സീസി സ്വന്തം രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തെ മുഖവിലക്കെടുക്കുന്നില്ലെന്നതാണ് ദിവസങ്ങള്‍ക്ക് മുമ്പ് വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
തങ്ങളുടെ പ്രിയപ്പെട്ടവരെ നിശ്ശബ്ദമാക്കാന്‍ പ്രസിഡന്റ് സീസി രാജ്യത്ത് ശ്രമം നടത്തികൊണ്ടിരിക്കുകയാണെന്ന് യു എസിലെ ഈജിപ്ഷ്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തിയതായി 2021 മാര്‍ച്ച് ഒന്നിന് അല്‍ജസീറ റിപ്പോ ര്‍ട്ട് ചെയ്തിരുന്നു. ഈ മനുഷ്യാവകാശ പ്രശ്നങ്ങളോട് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിക്കാനാണ് അവര്‍ ആവശ്യപ്പെടുന്നത്. പ്രസിഡന്റ് ഹുസ്നി മുബാറക്കിനെ അധികാരത്തില്‍ നിന്ന് പുറന്തള്ളിയതിന്റെ പത്താം വാര്‍ഷികം കടന്നുപോകുമ്പോള്‍, പ്രതിയോഗികളെ അടിച്ചമര്‍ത്തുകയെന്ന രാഷ്ട്രീയ നയമാണ് ഭരണകൂടം സ്വീകരിക്കുന്നത്. മുസ്ലിം ബ്രദര്‍ഹുഡ്, മനുഷ്യാവകാശ-ജനാധിപത്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 60000 ത്തോളം ഈജിപ്തുകാര്‍ ഇപ്പോ ള്‍ ജയിലിലാണ്. വിമര്‍ശനങ്ങളുടെ മുനയൊടിക്കുകയെന്ന തന്ത്രമാണ് ഈജിപ്ത് ഭരണകൂടം പയറ്റികൊണ്ടിരിക്കുന്നത്.
