പൗരധര്‍മം
നിസാമുദ്ദീന്‍
ഉത്തരവാദിത്വബോധമുള്ള പൗരന്‍ എന്ന് അവകാശപ്പെടാന്‍ കഴിയണമെങ്കില്‍ സാമൂഹികാവബോധവും സാമൂഹ്യപ്രതിബദ്ധതയും കൂടിയേ തീരൂ. എന്നാല്‍ സാമൂഹികമായ ഉത്തരവാദിത്വങ്ങള്‍ക്കുമപ്പുറം ഒരു രാജ്യത്തെ പൗരനെന്ന നിലയ്ക്ക് ഒരു വ്യക്തിയില്‍ അധിഷ്ഠിതമാകുന്ന വേറെ കുറച്ച് കാര്യങ്ങളും കൂടെയുണ്ട്. ആ രാജ്യത്തോടും ആ രാജ്യത്തെ നിവാസികളോടും കാണിക്കേണ്ട പ്രതിബദ്ധതയാണത്. അതേപോലെ രാജ്യത്തെ നിയമങ്ങള്‍ കൃത്യമായി പാലിക്കണം, പ്രസ്തുത രാജ്യത്ത് പിറന്നുവീണ ഒരു വ്യക്തിക്ക് അല്ലെങ്കില്‍ പൗരന് സ്വന്തം മാതൃരാജ്യത്തോട് അതായത് അയാള്‍ പ്രതിനിധീകരിക്കുന്ന, സ്വന്തം ദേശത്തോട്, സ്‌നേഹവും കൂറും പ്രതിബദ്ധതയും ഉണ്ടാവുന്നതാണ് യഥാര്‍ത്ഥ ദേശീയത. അനിവാര്യമായി വരുന്നിടത്തെല്ലാം അതൊരു വികാരമായി പ്രതിഫലിക്കുകയും വേണം. ഒരു സമൂഹത്തില്‍ ജീവിക്കുമ്പോള്‍ പൊതുഇടങ്ങളില്‍ പാലിക്കേണ്ട നിയമങ്ങളും പെരുമാറ്റചട്ടങ്ങളും അറിഞ്ഞിരിക്കികയും അത് അതേപോലെ കൃത്യമായി ഫോളോ ചെയ്യുകയും പൊതുമുതല്‍ നശിപ്പിക്കാതെ ഇരിക്കുകയും ചെയ്യുക എന്നതൊക്കെ ഒരു ഉത്തമ പൗരനില്‍ കാണേണ്ട ലക്ഷണങ്ങളില്‍ ചിലതാണ്. പൗരാവകാശം എന്തെന്ന് അറിഞ്ഞിരിക്കുകയും ഏതൊരാളുടെയും പൗരാവകാശത്തെ മാനിക്കാനും പൗരാവകാശ സംരക്ഷണത്തിനായി കൂടെ നില്‍ക്കാനും കഴിയണം. എന്നാല്‍ പൗരാവകാശ ലംഘനത്തിന് കൂട്ട് നില്‍ക്കാന്‍ പാടില്ല, അത് ശക്തമായി എതിര്‍ക്കപ്പെടണം. അപരന്റെ സ്വകാര്യജീവിതത്തിലേക്ക് അതിക്രമിച്ചു കയറുന്നതോ കൈകടത്തലുകള്‍ നടത്തുന്നതോ നല്ലൊരു പൗരന് ചേര്‍ന്നതല്ല.