7 Wednesday
June 2023
2023 June 7
1444 Dhoul-Qida 18

മനുഷ്യവിഭവശേഷി: ക്രിയാത്മകമായി ഉപയോഗിക്കലാണ് മതദര്‍ശനം

ഡോ. പി എം മുസ്തഫ കൊച്ചിന്‍


സമകാലിക ലോകത്തെ ഒരു സുപ്രധാന സാങ്കേതിക പ്രയോഗമായി മാറിയ മനുഷ്യവിഭവശേഷി വികാസം (Human Resource Development) എന്ന വാക്യം ആദ്യമായി മുന്നോട്ടുവെച്ചത് 1969ല്‍ അമേരിക്കയിലെ ഒരു സമ്മേളനത്തില്‍ ലിയോനാദ് നദ്‌ലെര്‍ (1922-2011) ആണ്. പിന്നീടാണ് മാനവവിഭവശേഷി നിര്‍വഹണം (Human Resource Management) എന്ന പ്രയോഗം വന്നത്. വിദ്യാഭ്യാസം എന്നതിന് മാനവവിഭവശേഷി (Human Resource) എന്നാണ് ഇന്ന് ഉപയോഗിക്കുന്നത്.
ആദ്യ പ്രവാചകനായ ആദം(അ) മുതല്‍ അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ) വരെയുള്ള സകല പ്രവാചകന്മാരും മനുഷ്യവിഭവശേഷിയുടെ സുസ്ഥിരവും സമഗ്രവുമായ വികാസം ഉന്നംവെച്ചിരുന്നതായി വിശുദ്ധ ഖുര്‍ആന്‍ ഒരാവര്‍ത്തി വായിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ (2:129,151, 3:164, 62:2).
സംസാര വൈഭവമില്ലാത്തതു കാരണം മൂസാ നബിയുടെ പ്രവാചക ദൗത്യത്തില്‍ സഹായിക്കാനായി സഹോദരന്‍ ഹാറൂന്‍ നബി(അ)യെ കൂടി അയക്കാന്‍ മൂസാ നബി അല്ലാഹുവോട് ആവശ്യപ്പെടുന്നു: ”എനിക്ക് വിശാല ഹൃദയം നീ നല്‍കുകയും എന്റെ കാര്യം എനിക്ക് നീ സൗകര്യപ്പെടുത്തുകയും ജനങ്ങള്‍ എന്റെ സംസാരം മനസ്സിലാക്കേണ്ടതിനായി എന്റെ നാവില്‍ നിന്ന് കെട്ടഴിക്കുകയും ചെയ്യേണമേ. എന്റെ കുടുംബത്തില്‍ നിന്ന് എനിക്ക് സഹായിയായി എന്റെ സഹോദരന്‍ ഹാറൂനിനെ ഏര്‍പ്പെടുത്തുകയും ചെയ്യേണമേ” (വി.ഖു. 20: 25-30).
”എന്റെ ഹൃദയം ഞെരുങ്ങിപ്പോകും. എന്റെ നാവിന് ഒഴുക്കുണ്ടാവുകയില്ല. അതിനാല്‍ ഹാറൂനിനെ കൂടി നീ സന്ദേശവാഹകനാക്കേണമേ” (വി.ഖു. 26:13). ”എന്റെ സഹോദരന്‍ ഹാറൂന്‍ എന്നേക്കാള്‍ വ്യക്തമായി സംസാരിക്കാന്‍ ശേഷിയുള്ളവനാണ്. അതുകൊണ്ട് എന്നോടൊപ്പം എന്റെ സത്യത സ്ഥാപിക്കുന്ന ഒരു സഹായിയായിക്കൊണ്ട് അവനെ നിയോഗിക്കേണമേ’ (വി.ഖു. 28:34)
അല്ലാഹു ഈ പ്രാര്‍ഥനയ്ക്ക് ഉത്തരമായിക്കൊണ്ട് അദ്ദേഹത്തിന്റെ സഹോദരന്‍ ഹാറൂനിനെ അദ്ദേഹത്തോടൊപ്പം സഹായിയായി നിശ്ചയിച്ചു (വി.ഖു. 25:35). എന്നാല്‍ അഹങ്കാരിയായ ഫിര്‍ഔനിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘ഹീനനും വ്യക്തമായി സംസാരിക്കാന്‍ ശേഷിയില്ലാത്തവനുമായ മൂസായേക്കാള്‍ മെച്ചം ഞാന്‍ തന്നെ” (വി.ഖു. 43:52).
മൂസാ നബി(അ)യുടെ ശേഷിയെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട്: ”ശുഐബ് നബി(അ)യുടെ രണ്ട് പെണ്‍മക്കളില്‍ ഒരുവള്‍ പറഞ്ഞു: എന്റെ പ്രിയ പിതാവേ, താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും മെച്ചപ്പെട്ടവന്‍ ശേഷിയുള്ളവനും (ഖവിയ്യ്), വിശ്വസ്തനും (അമീന്‍) ആണ്. ആകയാല്‍ മൂസായെ(അ) കൂലിക്കാരനായി താങ്കള്‍ സ്വീകരിക്കുക” (28:26).
മനുഷ്യന്‍:
ശേഷിയുള്ള വിഭവം

”ഒരു പിന്‍ഗാമിയെ ഭൂമിയില്‍ ഞാനിതാ നിയോഗിക്കുകയാണ് എന്നു മാലാഖമാരോട് നിന്റെ സംരക്ഷകന്‍ പറഞ്ഞ സന്ദര്‍ഭത്തില്‍ അവര്‍ പ്രതികരിച്ചു: അവിടെ കുഴപ്പം സൃഷ്ടിക്കുകയും രക്തം ചിന്തുകയും ചെയ്യുന്ന ഒരു വിഭാഗത്തെയാണോ നീ നിയോഗിക്കുന്നത്? ഞങ്ങളാണെങ്കില്‍ നിന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുകയും നിന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നു. അല്ലാഹു പറഞ്ഞു: നിങ്ങള്‍ക്ക് അറിയാത്തവ എനിക്കറിയാം” (2:30).
തുടര്‍ന്നുള്ള വാക്യങ്ങളില്‍ മനുഷ്യരുടെയും മാലാഖമാരുടെയും വ്യത്യാസം വ്യക്തമാക്കുന്നുണ്ട് വിശുദ്ധ ഖുര്‍ആന്‍. ”ആദമിന് നാമങ്ങളെല്ലാം അല്ലാഹു പരിശീലിപ്പിച്ചുകൊടുത്തു” (2:31) എന്നും ”മാലാഖമാര്‍ക്ക് അല്ലാഹു പഠിപ്പിച്ചതല്ലാതെ യാതൊരറിവുമില്ല” (2:32) എന്നും അല്ലാഹു വ്യക്തമാക്കി. പഠിച്ചതില്‍ നിന്ന് പഠിക്കാത്തതിലേക്കെത്താവുന്ന പഠനാനന്തരശേഷി (Transfer of Learning) മനുഷ്യന്റെ പ്രത്യേകതയാണെന്ന സൂചന ഖുര്‍ആനിലെ ആദ്യം അവതീര്‍ണമായ പഞ്ചവാക്യങ്ങളില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ”ഗര്‍ഭത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിച്ച്, അവന് അറിഞ്ഞുകൂടാത്തവ പേന കൊണ്ട് അവനെ പരിശീലിപ്പിക്കുകയും ചെയ്ത നിന്റെ അത്യുദാരനായ സംരക്ഷകന്റെ തിരുനാമത്തില്‍ നീ വായിച്ച് പഠിക്കുക”(96:15). ചെറുപ്രായത്തില്‍ തന്നെ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുകയും 25ാം വയസ്സില്‍ മരണമടയുകയും ചെയ്ത തുനീഷ്യന്‍ അറബി കവിയായ അബുല്‍ ഖാസിമുശ്ശാബിയെ (1909-34) വിജ്ഞാനദാഹിയാക്കി മാറ്റിയത് ഈ അഞ്ച് വാക്യങ്ങളാണ്.
മനുഷ്യനെ സൃഷ്ടിച്ച ‘ഗര്‍ഭ’ത്തെ കുറിക്കാന്‍ ഖുര്‍ആന്‍ പ്രയോഗിച്ച അലഖ് എന്ന പദത്തിലെ ലാം, ഖാഫ് എന്നീ അക്ഷരങ്ങള്‍ മറിച്ച് ചൊല്ലിയാല്‍ (Spoonerism) ലഭിക്കുന്ന അറബി വാക്കായ അഖ്‌ലിന്റെ അര്‍ഥം ബുദ്ധി എന്നാണ്. ബുദ്ധിയുള്ള ജീവിവിഭാഗമായ മനുഷ്യന്റെ ഗര്‍ഭത്തിനാണ് അലഖ് എന്ന് ഖുര്‍ആന്‍ പ്രയോഗിച്ചത്. മനുഷ്യേതര ജീവികളുടെ ഗര്‍ഭത്തില്‍ അറബി ഭാഷയില്‍ ‘അലഖ്’ എന്നല്ല പറയുക. പകരം ജനീന്‍ എന്ന പൊതുപ്രയോഗമാണ് ഉപയോഗിക്കുക.
വിഭവശേഷി എന്ന
അനുഗ്രഹം

”ആദം സന്തതികളെ നാം ആദരിക്കുകയും അവരെ കരയിലും കടലിലും നാം വാഹനങ്ങളില്‍ കയറ്റുകയും, നാമവര്‍ക്ക് ഉത്തമ വസ്തുക്കളില്‍ നിന്ന് ഉപജീവനം നല്‍കുകയും അവര്‍ക്ക് നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ ഭൂരിപക്ഷത്തെക്കാളും സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു” (വി.ഖു. 17:70) എന്ന ദൈവിക വചനത്തില്‍ മനുഷ്യനെ സൃഷ്ടികളില്‍ സവിശേഷ സൃഷ്ടിയായാണ് പരിചയപ്പെടുത്തുന്നത്. ആ മനുഷ്യനുള്ള വിഭവമായാണ് ഭൂമിയിലെ സകലതും സൃഷ്ടിച്ചതെന്ന് താഴെ കുറിക്കുന്ന ഖുര്‍ആനിക വചനങ്ങള്‍ സൂചന നല്‍കുന്നു:
”ഭൂമിയിലുള്ളതെല്ലാം മനുഷ്യനു വേണ്ടി സൃഷ്ടിച്ചു തന്നത് അല്ലാഹുവാണ്…” (വി.ഖു. 2:29). ”മനുഷ്യനു വേണ്ടി ഭൂമിയെ പരമകാരുണികന്‍ വെച്ചിരിക്കുന്നു. പഴങ്ങളും കുമ്പോളകളുള്ള ഈത്തപ്പനകളും വൈക്കോലുള്ള ധാന്യങ്ങളും സുഗന്ധ ചെടികളും അതിലുണ്ട്” (വി.ഖു. 55: 10-12). ”മനുഷ്യനുവേണ്ടി ഭൂമിയില്‍ വ്യത്യസ്ത വര്‍ണങ്ങളില്‍ അല്ലാഹു സൃഷ്ടിച്ചുണ്ടാക്കിത്തന്നിട്ടുള്ളവ അവന്റെ തന്നെ കല്‍പനയാല്‍ വിധേയമാക്കപ്പെട്ടിരിക്കുന്നു” (വി.ഖു. 16:13). മനുഷ്യന് എണ്ണമറ്റ അനുഗ്രഹങ്ങള്‍ ദൈവം നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ മനുഷ്യന്‍ ആ അനുഗ്രഹങ്ങളോട് നന്ദികേട് കാണിക്കുന്നുവെന്നും എന്നാല്‍ ദൈവം കരുണാമയനും പൊറുക്കുന്നവനുമാണെന്നും ഖുര്‍ആന്‍ നമ്മോട് പറയുന്നു:
”ദൈവത്തോട് നിങ്ങള്‍ ആവശ്യപ്പെട്ടതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് അവന്‍ നല്‍കിയിരിക്കുന്നു. ദൈവാനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കത് ക്ലിപ്തപ്പെടുത്താനാവില്ല. മഹാ അക്രമിയും നന്ദികെട്ടവനുമാണ് മനുഷ്യന്‍” (വി.ഖു. 14:34). ”ദൈവാനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കത് ക്ലിപ്തപ്പെടുത്താനാവില്ല. ദൈവം ഏറെ പൊറുക്കുന്നവനും കരുണാമയനുമാണ്” (വി.ഖു. 16:18). ”മനുഷ്യര്‍ക്ക് കേള്‍വിശക്തിയും കാഴ്ചാശേഷിയും ഹൃദയങ്ങളും സംവിധാനിച്ചവന്‍ ദൈവമാണ്. കുറച്ച് മാത്രമേ നിങ്ങള്‍ നന്ദി കാണിക്കുന്നുള്ളൂ” (വി.ഖു. 23:78, 32:9, 67:23).
നമ്മുടെ വിഭവശേഷികളെല്ലാം ദൈവാനുഗ്രഹങ്ങളാണ്. മനുഷ്യര്‍ക്ക് ഓരോരുത്തര്‍ക്ക് ലഭിച്ച അനുഗ്രഹങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കും. ”നിന്റെ സംരക്ഷകന്റെ അനുഗ്രഹത്തെപ്പറ്റി നീ എടുത്തുപറയുക” (വി.ഖു. 93:11) എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. കാരണം ”അന്നാളില്‍ സുഖാനുഗ്രഹങ്ങളെപ്പറ്റി നിങ്ങള്‍ ചോദ്യം ചെയ്യപ്പെടും” (വി.ഖു. 102:8). അപ്പോള്‍ നമുക്ക് ലഭിച്ച ശേഷികള്‍ പ്രകടിപ്പിക്കുക. അത് ക്രിയാത്മകമായി പരലോകത്തേക്കുള്ള സ്‌കോറാക്കി മാറ്റുകയും വേണം.

മനുഷ്യര്‍ വ്യത്യസ്തര്‍
മാനവവിഭവശേഷിയുടെ വൈവിധ്യങ്ങളെ പരിഗണിക്കുന്ന ദിവ്യവേദമാണ് ഖുര്‍ആന്‍. മനുഷ്യര്‍ വിഭിന്നരാണ് എന്ന ആശയം ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നുണ്ട്. ”നിന്റെ സംരക്ഷകന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ മനുഷ്യരെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. നിന്റെ സംരക്ഷകനും കരുണ ചെയ്തവരൊഴികെയുള്ളവര്‍ ഭിന്നാഭിപ്രായക്കാര്‍ ആയിക്കൊണ്ടേയിരിക്കുന്നു. അവരെ അങ്ങനെയാണ് അവന്‍ സൃഷ്ടിച്ചത്” (വി.ഖു. 11:118, 119). ”സന്ധ്യ മയങ്ങുന്ന രാവും പ്രകാശമാനമായ പകലും തന്നെയാണെ സത്യം, ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതിയെ തന്നെയാണെ സത്യം. നിങ്ങളുടെ ഉദ്യമം വിഭിന്ന രൂപത്തിലുള്ളതാകുന്നു” (വി.ഖു. 92:1-4).
പ്രകൃതി ഗുരുവെന്ന നിലയില്‍
ലോക ചരിത്രത്തിലെ മനുഷ്യന്റെ ആദ്യ ഗുരുവായി അപരിചിതമായ ഒരു കാക്കയെ (ഗുറാബ്) പരാമര്‍ശിക്കുന്നുണ്ട്. ”സ്വസഹോദരന്റെ മൃതശരീരം മറവു ചെയ്യേണ്ടതെങ്ങനെ’ എന്ന് ആദമിന്റെ പുത്രന് കാണിച്ചുകൊടുക്കാനായി ഭൂമിയില്‍ പരതുന്ന ഒരു കാക്കയെ ദൈവം നിയോഗിച്ചയച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘എന്തൊരു കഷ്ടം, സ്വസഹോദരന്റെ മൃതദേഹം മറമാടുന്ന കാര്യത്തില്‍ ഈ കാക്കയെപ്പോലെയാകാന്‍ എനിക്കായില്ലല്ലോ” (വി.ഖു. 5:31). ജൈവലോകത്തെ പഠിച്ച് മാതൃകയാക്കി മനുഷ്യന്‍ ഉപയോഗപ്പെടുത്തുന്ന വിജ്ഞാനമേഖലയാണ് ബയോനിക്‌സ് (ആശീിശര)െ. ജന്തുക്കളില്‍ നിന്നുപോലും കാര്യങ്ങള്‍ പഠിച്ച് മനസ്സിലാക്കാമെന്ന് ആദമിന്റെ പുത്രന്മാരുടെ കഥ നമ്മെ പഠിപ്പിക്കുന്നു.
സ്പാനിഷ് അറബ് ശാസ്ത്രജ്ഞനായ അബ്ബാസ് ബിന്‍ ഫിര്‍നാസിന് (ക്രി.വ. 887) ആകാശയാത്രയെക്കുറിച്ച് ഗവേഷണം നടത്താന്‍ പ്രേരണയായത് പ്രകൃതിയെ ഗുരുവായിക്കണ്ട് നിരീക്ഷിച്ചതാണ്. ഖുര്‍ആന്റെ നിര്‍ദേശമാണ് ആ പക്ഷിനിരീക്ഷകന്‍ അനുസരിച്ചത്. അത് ലോകത്തെ മാറ്റിമറിച്ചു. ”ആകാശത്തിലെ അന്തരീക്ഷത്തില്‍ വിധേയമാക്കപ്പെട്ട പക്ഷികളെ അവര്‍ നോക്കിയിട്ടില്ലേ” (വി.ഖു. 16:79) എന്ന വാക്യമാണ് അദ്ദേഹത്തെ ഉത്തേജിപ്പിച്ചത്.
വേട്ടപ്പക്ഷികളെയും വേട്ടപ്പട്ടികളെയും ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചും (5:4) കുതിര, കഴുത, കോവര്‍ കഴുത എന്നിവയുടെ ശേഷികള്‍ യാത്രയ്ക്കും മറ്റുമായി പ്രയോജനപ്പെടുത്തുന്നതിനെപ്പറ്റിയും (16:8) ഖുര്‍ആനിക നിര്‍ദേശങ്ങള്‍ കാണാം.
ചുവന്ന കുഞ്ഞുറുമ്പിനെ വഴിയില്‍ കണ്ടാല്‍ ചവിട്ടാതെ നടക്കാന്‍ ശ്രദ്ധിക്കുകയും അതിനെ നിരീക്ഷിക്കുകയും ചെയ്ത അബൂദര്‍റുല്‍ ഗിഫാരിയെ നമുക്ക് ചരിത്രത്തില്‍ കാണാം. ജുന്‍ദബ് ബിന്‍ ജുനാദാ എന്ന നാമമുള്ള അദ്ദേഹത്തിന്റെ അപരനാമമാണ് അബൂദര്‍റ് (ചുവന്ന കുഞ്ഞനുറുമ്പിന്റെയാള്‍) ദര്‍റ് എന്നാല്‍ ചുവന്ന കുഞ്ഞുറുമ്പെന്നാണ് അറബിയിലെ അര്‍ഥം.
ക്രി.വ. 641-ല്‍ ഈജിപ്ത് വിജയത്തോടനുബന്ധിച്ച് കൈറോയ്ക്ക് സമീപം അംറുബിന്‍ ആസ്വ് തമ്പടിച്ചിരുന്നു. തമ്പ് അഴിച്ച് യാത്ര ചെയ്യാന്‍ ശ്രമിക്കവെ അദ്ദേഹം കണ്ടത് തന്റെ കൂടാരത്തിനു(ഫുസ്ത്വാത്വ്) മുകളില്‍ ഒരു മാടപ്രാവ് കൂടുകൂട്ടി മുട്ടയിട്ട് അടയിരിക്കുന്നു. ആ കൂടാരം പ്രാവിനുവേണ്ടി ഒഴിവാക്കി യാത്ര തുടര്‍ന്ന അംറിന്റെ പ്രകൃതിതാല്‍പര്യം അനുസ്മരിപ്പിച്ചുകൊണ്ട് ഇന്നും ഫുസ്ത്വാത്വ് നഗരമായി നിലകൊള്ളുന്നു. മദീനാ പലായനവേളയില്‍ നബി (സ)യും അബൂബക്കറും(റ) സൗര്‍ ഗുഹയില്‍ താമസിച്ച ദിനങ്ങളില്‍ അബൂബക്കറിന്റെ(റ) നിര്‍ദേശപ്രകാരം അദ്ദേഹത്തിന്റെ ആടുകളുടെ സേവനം നബി(സ) ഉപയോഗപ്പെടുത്തി. ആമിറുബ്‌നു ഫുഹൈറ(റ) ആടുകളുമായി സന്ധ്യാനേരത്ത് ഗുഹയിലെത്തും. എന്നിട്ട് അവര്‍ക്ക് പാല്‍ കറന്നുകൊടുക്കും. അബൂബക്കറിന്റെ(റ) മകന്‍ അബ്ദുല്ല(റ) സൗറിലേക്ക് നടക്കുമ്പോള്‍ മണലില്‍ ഉണ്ടാവുന്ന കാല്‍പാട് മായ്ക്കാനും ഈ നടപടി സഹായകമായി.
മാനവവിഭവത്തിന്
മതമോ?

മനുഷ്യന്‍ സാമൂഹിക ജീവിയാണ്. പരസ്പര സഹകരണം വളരെ പ്രധാനമാണ്. വിജ്ഞാനവും നൈപുണികളും കൈമാറ്റം ചെയ്യുന്ന മേഖലയില്‍ അന്യോന്യം സഹകരണവും പങ്കുവെക്കലും ആവശ്യമാണ്. ഈ സഹകരണം നല്ല കാര്യങ്ങളില്‍ ആകാവുന്നതാണ്. ”പുണ്യത്തിലും നിയമപാലനത്തിലും നിങ്ങള്‍ പരസ്പരം സഹകരിക്കുക, പാപത്തിലും ശത്രുതയിലും നിങ്ങള്‍ അന്യോന്യം സഹകരിക്കരുത്” (5:2).

മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുള്ള സ്വന്തം പത്‌നിയുമായുള്ള ലൈംഗികബന്ധത്തിന്റെ അറബി സാങ്കേതിക ശബ്ദമാണ് ‘ഗൈലാ.’ നബി(സ) ഗൈലാ സമ്പ്രദായത്തിനു തടയിടാനൊരുങ്ങി. എന്നാല്‍ റോമക്കാരും പേര്‍ഷ്യക്കാരും ഗൈലാ ചെയ്തിട്ടും മുല കുടിക്കുന്ന കുട്ടിക്ക് ദോഷമൊന്നുമില്ലെന്ന് മനസ്സിലാക്കി നബി(സ) അതില്‍ നിന്ന് പിന്തിരിഞ്ഞു (മുസ്‌ലിം 1442). ഇസ്‌ലാമേതരരായ പേര്‍ഷ്യക്കാരില്‍ നിന്നും റോമക്കാരില്‍ നിന്നും ജ്ഞാനം നേടി സ്വന്തം നിലപാട് തിരുത്തുന്ന കാഴ്ച ഇവിടെ കാണാം.
നബി(സ)യുടെ കാലത്ത് സ്വന്തം അനുചരന്മാരുടെ മനുഷ്യവിഭവശേഷി മാത്രമല്ല നബി പ്രയോജനപ്പെടുത്തിയത്. മതവൃത്തത്തിനകത്തില്ലാത്തവരുടെ ശേഷി പോലും അത്യാവശ്യ ഘട്ടങ്ങളില്‍ നബി(സ) ഉപകാരപ്പെടുത്തിയിട്ടുണ്ട്. തന്റെയടുത്ത് മാനവവിഭവശേഷിയുടെ അഭാവമുള്ള സന്ദര്‍ഭങ്ങളില്‍ പുറത്തുനിന്ന് അത് സ്വീകരിച്ചുകൊണ്ട് മുഹമ്മദ് നബി(സ) തന്റെ ലക്ഷ്യം നേടിയിട്ടുണ്ട്.
അപായസാധ്യതയുണ്ടായിരുന്ന മദീനാ പലായനവേളയില്‍ പോലും അതുവരെ ഇസ്‌ലാംമത വൃത്തത്തിലില്ലാതിരുന്ന ആട്ടിടയനായ അബ്ദുല്ലാഹിബ്‌നു ഉറൈഖിത് ലൈഥിയുടെ വൈദഗ്ധ്യം നബി(സ) ഉപയോഗപ്പെടുത്തി. തീരദേശത്തുകൂടി മക്കയില്‍ നിന്ന് മദീനയിലേക്കുള്ള വഴിയറിയാവുന്ന വ്യക്തി(ഖര്‍രീത്) ആയിരുന്നു അദ്ദേഹം.
നബി(സ)യും അബൂബ ക്കറും(റ) ആമിര്‍ ബിന്‍ ഫുഹൈറയും(റ) അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ച് സഞ്ചരിച്ച് മദീനയില്‍ സുരക്ഷിതമായി എത്തി. മക്കയില്‍ മടങ്ങിയെത്തി അബൂബക്കറി ന്റെ(റ) പത്‌നി ഉമ്മു റുമ്മാനെയും കുടുംബാംഗങ്ങളെയും മദീനയിലെത്തിച്ചു.
അറബികളുടെ വൈദ്യന്‍ (ത്വബീബുല്‍ അറബ്) ആയ ഹാരിസുബ്‌നു കലദാ (ക്രി.വ. 635) പേര്‍ഷ്യയില്‍നിന്ന് ഗ്രീക്ക് (യൂനാനി) വൈദ്യം പരിശീലിച്ചെടുത്ത ഇസ്‌ലാമേതര ഡോക്ടറായിരുന്നു. നബി(സ) സഅ്ദുബ്‌നു അബീവഖാസി(റ)നോട് ഹാരിസ് ഡോക്ടറെ പോയി കാണാന്‍ നിര്‍ദേശിച്ചിരുന്നു. മരണാസന്നനായ സന്ദര്‍ഭത്തില്‍ നബി(സ)ക്ക് ചികിത്സ നിര്‍ദേശിച്ചത് ഹാരിസായിരുന്നു. ആഇശ(റ) ഹാരിസിന്റെ നിര്‍ദേശം സ്വീകരിച്ച് മരുന്ന് തയ്യാറാക്കിക്കൊടുക്കുകയായിരുന്നു. പില്‍ക്കാലത്ത് ഹാരിസ് നബിയുടെ വൈദ്യന്‍(ത്വബീബുര്‍റസൂല്‍) എന്ന അപരനാമത്തിലറിയപ്പെട്ടു.
കവിത്വമില്ലാതിരുന്ന മുഹമ്മദ്(സ) അന്നത്തെ കാവ്യപ്രമേയങ്ങള്‍ ഇസ്‌ലാമികവിരുദ്ധമായിരുന്നിട്ടും കവിത എന്ന കലാസൃഷ്ടിയെ ഒരിക്കലും തള്ളിക്കളഞ്ഞിട്ടില്ല. മറ്റ് ആവിഷ്‌കാരശേഷികളെപ്പോലെ കവിതയെയും ഇസ്‌ലാമിന്റെ ഉന്നമനത്തിനായി ക്രിയാത്മകമായി ഉപയോഗപ്പെടുത്തണം എന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. ഉന്നത തത്വങ്ങളും മാനുഷിക മൂല്യങ്ങളും ഉള്‍ച്ചേര്‍ന്ന കവിതകളെ അവ മുസ്‌ലിം രചനകള്‍ അല്ലെങ്കില്‍ പോലും അവിടന്ന് പ്രോത്സാഹിപ്പിച്ചു. ഇസ്‌ലാമാശ്ലേഷിച്ചിട്ടില്ലാത്ത ഉമയ്യാ ബിന്‍ അബീസ്വല്‍ത് എന്ന പൂര്‍വ ഇസ്‌ലാമിക കവിയുടെ നൂറോളം കവിതാശകലങ്ങള്‍ ചൊല്ലിക്കേട്ടപ്പോള്‍ അവയില്‍ അടങ്ങിയ ജീവിതദര്‍ശനത്തെ നബി(സ) മുക്തകണ്ഠം പ്രശംസിച്ചു. ‘അദ്ദേഹത്തിന്റെ കവിതകള്‍ വിശ്വാസിയായിട്ടുണ്ടല്ലോ?’
നബി(സ)യില്‍ നിന്ന് കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കിയ ഉമര്‍(റ) നൈപുണികള്‍ സ്വീകരിക്കുന്നതില്‍ മതം നോക്കിയിരുന്നില്ല. ‘കണക്കെഴുത്തില്‍ നൈപുണിയുള്ള ഒരു ഗ്രീക്കുകാരന്‍ അവിടെയുണ്ട്. അദ്ദേഹത്തെ സര്‍ക്കാരിന്റെ സാമ്പത്തിക വകുപ്പില്‍ സേവനമനുഷ്ഠിക്കാന്‍ മദീനയിലേക്ക് അയക്കുക’ (കിതാബുല്‍ അന്‍സാബ്, ബലാദുരി 1:585) എന്ന് ഒരിക്കല്‍ സിറിയയിലെ ഗവര്‍ണര്‍ക്ക് ഉമര്‍(റ) കത്തെഴുതിയിരുന്നു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x