9 Monday
September 2024
2024 September 9
1446 Rabie Al-Awwal 5

മാനവ വിഭവശേഷി ക്രമീകരണത്തിലെ പ്രവാചക മാതൃക

ഡോ. പി എം മുസ്തഫ കൊച്ചി


മുഹമ്മദ് നബി(സ) അനുചരന്മാരുടേത് മാത്രമല്ല, അപരരുടെയും മനുഷ്യവിഭവശേഷിയും കഴിവും വിദഗ്ധമായി കൈകാര്യം ചെയ്തിട്ടുണ്ട്. സഹവര്‍ത്തിത്തം, പ്രതിനിധാനം എന്നീ ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റിന്റെ ഉത്തമോദാഹരണങ്ങള്‍ പ്രവാചകന്റെ ജീവിതരേഖയില്‍ ദര്‍ശിക്കാനാവൂം. ചരിത്രം അതിന് സാക്ഷിയുമാണ്.
മക്കയില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ആരംഭം കുറിച്ച നബി(സ) രണ്ടിലൊരു ഉമറിനാല്‍ (അംറുബ്‌നു ഹിശാം, ഉമറുബ്‌നുല്‍ ഖത്താബ്) ഇസ്‌ലാമിന് കരുത്തേകാന്‍ അല്ലാഹുവോട് പ്രാര്‍ഥിച്ചിരുന്നു. ഉമറിന്റെ(റ) ഇസ്‌ലാം ആശ്ലേഷണം മക്കയിലെ അന്തരീക്ഷം മാറ്റിമറിക്കുകയും പില്‍ക്കാലത്ത് രണ്ടാം ഖലീഫയായപ്പോള്‍ ഇസ്‌ലാമിന് ഗുണമുണ്ടാവുകയും ചെയ്തു. ജനങ്ങളിലെ അമൂല്യശേഷികളെക്കുറിച്ച് നബി(സ) പറഞ്ഞു: ”ജനങ്ങള്‍ അക്ഷയഖനികളാണ്. അവരില്‍ ജാഹിലിയ്യാ കാ ലത്ത് മെച്ചപ്പെട്ടവര്‍ മതപരമാ യ അവഗാഹം നേടുന്ന മുറ ക്ക് ഇസ്‌ലാമിലും മെച്ചപ്പെട്ടവര്‍ തന്നെയായിരിക്കും” (ബുഖാരി 3383, മുസ്‌ലിം 2378).
അബ്ദുല്ലാഹിബ്‌നു മസ്ഊദിന്റെ(റ) രഹസ്യ സൂക്ഷിപ്പിന്റെ കഴിവ് നബി(സ) ഉപയോഗപ്പെടുത്തി. നബിയുടെ രഹസ്യസൂക്ഷിപ്പുകാരന്‍ (സ്വാഹിബുസ്സവാദ്) എന്ന അപരനാമം അദ്ദേഹം കരസ്ഥമാക്കി. നബി(സ)യുടെ കാലത്തെ നീന്തല്‍ വിദഗ്ധനും വില്ലാളിയുമായിരുന്നു ഔസുബ്‌നു ഖൗലി(റ). അദ്ദേഹത്തിന്റെ അക്ഷരജ്ഞാനം മനസ്സിലാക്കിയ നബി ഹുദൈബിയാ സന്ധിപത്രം എഴുതാന്‍ നാമനിര്‍ദേശം ചെയ്തു. എന്നാല്‍ എതിര്‍പക്ഷത്തുള്ള സുഹൈലുബ്‌നു അംറ്; ഉസ്മാന്‍(റ) അല്ലെങ്കില്‍ അലി(റ) മതിയെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അലി(റ) ആ കര്‍മം നിര്‍വഹിച്ചു.
വ്യത്യസ്ത ശേഷികളുള്ള സ്വഹാബിയായിരുന്നു അബ്ദുല്ലാഹിബ്‌നു റവാഹ(റ). കപടവിശ്വാസിയായ അബ്ദുല്ലാഹിബ്‌നു ഉബയ്യിന്റെ കുതന്ത്രം അബ്ദുല്ലാഹിബ്‌നു റവാഹയാണ് തകര്‍ത്തത്. യഹൂദനായ ഉസൈറുബ്‌നു റസാഖിനെ ഒതുക്കിയ 30 അംഗ ദൗത്യസംഘത്തിന്റെ നേതാവായിരുന്നു ബിന്‍ റവാഹ(റ). ഖൈബറിലെ യഹൂദരുടെ കാര്‍ഷികോല്‍പന്നങ്ങളുടെ മതിപ്പ് കണക്കെടുക്കാന്‍ അദ്ദേഹത്തിന്റെ സിദ്ധിയാണ് നബി(സ) ഉപയോഗപ്പെടുത്തിയത്. ഉംറത്തുല്‍ ഖദാഇല്‍ കഅ്ബാ പ്രദക്ഷിണവേളയില്‍ അദ്ദേഹം ചൊല്ലിയ കവിതാ വരികള്‍ ഹദീസില്‍ ഉദ്ധരിച്ചിട്ടുണ്ട്.
ശൂറായുടെ
താല്‍പര്യം

പരസ്പരം നടത്തുന്ന ശൂറായിലൂടെ അഭിപ്രായങ്ങളും ശേഷികളും അന്യോന്യം പങ്കുവെക്കാന്‍ സഹായകമാകുന്നുണ്ട്. കൂടിയാലോചനയെ (ശൂറാ) സംബന്ധിച്ച് ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ്: ”കാര്യങ്ങളില്‍ അവരോട് നീ കൂടിയാലോചിക്കുകയും ചെയ്യുക. തീരുമാനിച്ചു കഴിഞ്ഞാല്‍ ദൈവത്തില്‍ ഭരമേല്‍പിക്കുകയും ചെയ്യുക” (3:159). ”ദൈവത്തില്‍ ഭരമേല്‍പിക്കുന്ന വിശ്വാസികള്‍, അവരുടെ കാര്യങ്ങള്‍ അവര്‍ക്കിടയില്‍ അന്യോന്യം കൂടിയാലോചനയിലൂടെയായിരിക്കും തീരുമാനമെടുക്കുക” (42:38).
ബദ്‌റില്‍ തമ്പടിക്കാന്‍ നബി(സ) നിര്‍ദേശിച്ച സ്ഥലം വെള്ളത്തിന്റെ സാന്നിധ്യമുള്ളിടത്തേക്ക് മാറ്റിയത് ഹബ്ബാബുബ്‌നു മുന്‍ദിര്‍(റ) എന്ന അന്‍സാരി അനുചരന്റെ നിര്‍ദേശപ്രകാരമാണ്. മദീനയുടെ പരസരത്തായി കിടങ്ങ് (ഖന്ദഖ്) നിര്‍മിച്ച് പ്രതിരോധം തീര്‍ക്കാമെന്ന പദ്ധതി മുന്നോട്ടുവെച്ച സല്‍മാനുല്‍ ഫാരിസിയുടെ (റ) പേര്‍ഷ്യന്‍ ശേഷി അംഗീകരിച്ച് നബി(സ) അനുവാദം നല്‍കുകയുണ്ടായി.
ഈത്തപ്പന കൃത്രിമ പരാഗണം (തഅ്ബീവന്‍ നഖ്ല്‍) നടത്തേണ്ടതില്ലെന്ന നിര്‍ദേശം മദീനക്കാര്‍ക്ക് നല്‍കിയത് പിന്നീട് തിരുത്തിയത് മുസ്‌ലിമിന്റെ ഹദീസില്‍ (നമ്പര്‍ 2361-2363) കാണാം: ”ഞാനൊരു മനുഷ്യനാണ്. നിങ്ങളുടെ മതവിഷയം ഞാന്‍ കല്‍പിച്ചാല്‍ നിങ്ങള്‍ സ്വീകരിക്കണം. എന്റെ സ്വാഭിപ്രായം നിങ്ങളോട് കല്‍പിച്ചാല്‍, ഞാനൊരു മനുഷ്യനല്ലേ, എന്നെക്കാള്‍ ദുന്‍യാവിന്റെ കാര്യം നിങ്ങളല്ലേ കൂടുതല്‍ അറിയുക? (അന്‍തും അഅ്‌ലമു ബി ഉമൂരി ദുന്‍യാകും?). ഇഹലോക വിജ്ഞാനമേഖലയിലുള്ള നല്ല ശേഷികള്‍ അതിന്റെ അര്‍ഹരില്‍ നിന്ന് സ്വീകരിക്കാമെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.
സംഗീതാത്മക
സര്‍ഗശേഷി

അനുചരന്മാരുടെ വിഭവശേഷിയും അഭിരുചിയും നബി(സ) കൃത്യമായി തിരിച്ചറിഞ്ഞ് ചാനലൈസ് ചെയ്തതായി ചരിത്ര കൃതികളില്‍ കാണാം. ഹുനൈനില്‍ നിന്ന് തിരിക്കവെ ഇസ്‌ലാമിന്റെ ബാങ്കൊലിയെ സുന്ദര ഈണത്തില്‍ കളിയാക്കുന്ന അബൂ മഹ്ദൂറയുടെ അഭിരുചി നബി(സ) തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ ശബ്ദത്തെ പ്രശംസിച്ചുകൊണ്ട് നബി(സ) അദ്ദേഹത്തെ ദൈവമാര്‍ഗത്തിലേക്ക് ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച അബൂമഹ്ദൂറാക്ക്(റ) ബാങ്കിന്റെ വാക്യങ്ങള്‍ പഠിപ്പിച്ചു. മക്കയിലെ മസ്ജിദുല്‍ ഹറമിലെ ബാങ്ക് വിളിക്കാരന്‍(മുഅദ്ദിന്‍) ആയി പിന്നീട് അദ്ദേഹത്തെ നിയമിച്ചു.
അംറ്, അബ്ദുല്ല എന്നീ നാമങ്ങളില്‍ വിളിക്കപ്പെട്ട ഇബ്‌നു ഉമ്മി മക്തൂമിന്റെ(റ) ശേഷി മനസ്സിലാക്കി ബാങ്കുവിളിക്കാരനായി മദീനയിലെ മസ്ജിദുന്നബിയില്‍ നിശ്ചയിച്ചു. ബിലാലുബ്‌നു റബാഹി(റ)നു ശേഷം സഅ്ദുബ്‌നു ആഇദില്‍ ഖാദിയും (റ) മസ്ജിദുന്നബവിയില്‍ സംഗീതാത്മക ബാങ്കൊലി മുഴക്കിയവരാണ്. മസ്ജിദു ഖുബായിലെ ബാങ്ക് വിളിക്കാരനായിരുന്നു സഅദ്ബ്‌നു ആഇദ്(റ).
ഖുര്‍ആന്‍ പാരായണ വിദഗ്ധരില്‍ പ്രമുഖരായ സഹാബിമാരായിരുന്ന അബ്ദുല്ലാഹിബ്‌നു മസ്ഊദ്, ഉബയ്യുബ്‌നു കഅ്ബ്, മുആദുബ്‌നു ജബല്‍, സാലിം മൗലാ അബീഹുദൈഫ(റ) എന്നിവര്‍ മധുര ശബ്ദത്തിന്നുടമകളായിരുന്നു. സൈദുബ്‌നു സാബിത്, അബൂദര്‍ദാഅ്, അബൂമൂസല്‍ അശ്അരി, ഉസ്മാനുബ്‌നു അഫ്ഫാന്‍, അലിയ്യുബ്‌നു അബീത്വാലിബ്(റ) എന്നിവരും സംഗീതാത്മക പാരായണശേഷിയുള്ള അനുചരന്മാരാണ്.
വ്യക്ത്യാന്തര
ബുദ്ധിശേഷി

എത്യോപ്യന്‍ നജ്ജാശിയായ അസ്ഹമാ ബിന്‍ അബ്ഹുര്‍ (ക്രി.വ. 560-630)ന്റെ അടുക്കലേക്ക് പോയ പലായന സംഘനേതാവ് ജഅ്ഫറുബ്‌നു അബീത്വാലിബ്(റ) ആയിരുന്നു. അന്ന് ശത്രുപക്ഷത്തായിരുന്ന അംറുബ്‌നുല്‍ ആസ്വിന്റെ കഴിവ് മനസ്സിലാക്കിയ നബി(സ) യമനീ രാജാക്കന്മാരായ ജൈഫര്‍, അബ്ദു എന്നിവരിലേക്ക് അദ്ദേഹത്തെ കത്തുമായി അയച്ചു. പില്‍ക്കാലത്ത് ഈജിപ്ഷ്യന്‍ ജേതാവ്, രാഷ്ട്രതന്ത്രജ്ഞന്‍ എന്ന പേരിലാണ് അംറ് അറിയപ്പെട്ടത്.
ഹിജ്‌റ ആറാം വര്‍ഷം അംറുബ്‌നു ഉമയ്യാ ദംരീയെ(റ) നജ്ജാശിയുടെ അടുക്കലേക്ക് ദൈവമാര്‍ഗത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള എഴുത്തുമായി നബി(സ) നിയോഗിച്ചു. എത്യോപ്യന്‍ പ്രവാസി മുസ്‌ലിംകളെ രണ്ട് കപ്പലുകളിലായി മദീനയിലേക്ക് കൊണ്ടുവന്നതും അദ്ദേഹമാണ്. കള്ളപ്രവാചകന്‍ മുസൈലിമയെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തുമായി പോയതും അംറുബ്‌നു ഉമയ്യയാണ്.
എത്യോപ്യന്‍ പ്രവാസത്തിലായിരുന്ന ഉമ്മുഹബീബ ബിന്‍ത് അബീസുഫ്‌യാന്‍(റ) നബിയെ(സ) വിവാഹം ചെയ്തതും അംറിനെ പ്രതിനിധിയാക്കിയാണ്. മരത്തില്‍ തറച്ചു കൊല്ലപ്പെട്ട ഖുബൈബ് ബിന്‍ അദിയ്യി(റ)ന്റെ മൃതദേഹം നബി(സ)യുടെ സന്നിധിയിലെത്തിക്കാന്‍ സഹായിച്ചതും അദ്ദേഹമാണ്.
എത്യോപ്യയിലെ അക്‌സൂം കൊട്ടാരത്തില്‍ നജ്ജാശിയുടെയും ജഅ്ഫറിന്റെ(റ)യും സംഭാഷണം നേരില്‍ കേട്ട ഉമ്മുസലമ(റ) നിര്‍ണായക സന്ദര്‍ഭങ്ങളില്‍ പല പ്രധാന തീരുമാനങ്ങളുമെടുക്കാന്‍ പ്രവാചകനെ സഹായിച്ചിട്ടുണ്ട്. ഹുദൈബിയാ സന്ധിക്കുശേഷം ഹജ്ജ് നിര്‍വഹിക്കാനാവാതെ മദീനയിലേക്ക് മടങ്ങേണ്ടിവന്ന അനുയായികളോട് അവിടെ വെച്ച് ബലികര്‍മം നിര്‍വഹിക്കാന്‍ നബി(സ) ആവശ്യപ്പെട്ടുവെങ്കിലും അത് ഉള്‍ക്കൊള്ളാന്‍ അവര്‍ ആദ്യം സന്നദ്ധരായില്ല. ”പ്രവാചകരേ, താങ്കള്‍ ആദ്യമത് നിര്‍വഹിച്ച് തല മുണ്ഡനം കൂടി ചെയ്തു കാണിച്ചാല്‍ അനുചരന്മാരും അങ്ങനെ ചെയ്തുകൊള്ളും” എന്ന നിര്‍ദേശം മുന്നോട്ടുവെച്ചത് നബി(സ)യുടെ പത്‌നിയായ ഈ ഉമ്മുസലമയായിരുന്നു. അങ്ങനെ ആ പ്രതിസന്ധി പരിഹൃതമായി.
പേര്‍ഷ്യന്‍ കിസ്‌റാ പര്‍വേസിന്റെ സമീപത്തേക്ക് കത്തുമായി നബി(സ) അയച്ച അബ്ദുല്ലാഹിബ്‌നു ഹുദാഫ(റ) അബിസീനിയന്‍ പലായനത്തില്‍ പങ്കെടുത്ത അനുഭവജ്ഞാനിയാണ്. റോം ഖൈസര്‍ ഹിര്‍ഖലിന്റെ അടുക്കലേക്ക് കത്തുമായി നബി(സ) അയച്ച ദിഹ്‌യബ്‌നു ഖലീഫ(റ) സിറിയന്‍ വ്യാപാരയാത്രാ അനുഭവമുള്ള വ്യക്തിയാണ്.
യമാമാ രാജാവ് ഹൗദായുടെ അടുത്തേക്ക് സലീതുബിന്‍ അംറിനെയും(റ) ബഹ്‌റൈന്‍ രാജാവ് മുന്‍ദിറുബ്‌നു സാവായുടെ സന്നിധിയിലേക്ക് അല്‍അലാഉബ്‌നു ഹദ്‌റമിയെയും(റ) ഈജിപ്തിലെ മുഖൗഖിസിന്റെ സവിധത്തിലേക്ക് ഹാതിബുബ്‌നു അബീബല്‍തഇനെയും(റ) കത്തുമായി അയച്ചു.

ഭാഷാനൈപുണികള്‍
അനുചരന്മാരുടെ ഭാഷാശേഷികളെയും കവിതാ രചനാശേഷിയെയും പ്രവാചകന്‍(സ) കാര്യക്ഷമമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. നബിയുടെ കവി(ശാഇറുന്നബീ) ഹസ്സാനുബ്‌നു സാബിതിന്റെ(റ) ജീവിതകാലം പകുതി പൂര്‍വ ഇസ്‌ലാമിക കാലത്തും ബാക്കി പകുതി ഇസ്‌ലാമിക കാലത്തുമായിരുന്നു. ”ശത്രുക്കളെ അധിക്ഷേപിച്ച് പാടുക, ജിബ്‌രീല്‍ താങ്കളുടെ കൂടെയുണ്ട്” എന്ന് പറഞ്ഞ് ഹസ്സാനെ നബി(സ) പ്രോത്സാഹിപ്പിക്കുമായിരുന്നു. ഇസ്‌ലാമിനു മുമ്പ് അറിയപ്പെടാതിരുന്ന അന്‍സ്വാരി കവിയായ കഅ്ബുബ്‌നു മാലികിനെ(റ) നബി(സ) പ്രോത്സാഹിപ്പിച്ചതിങ്ങനെയാണ്: ”ശത്രുക്കളെ അധിക്ഷേപിച്ച് താങ്കള്‍ പാടുക. കവിത അവര്‍ക്ക് അസ്ത്രത്തേക്കാള്‍ മാരകമാണ്.” ഏറ്റവും സത്യമായ വാക്യം ലബീദുബ്‌നു റബീഅയുടെ(റ) ഈ വചനമാണെന്നാണ് നബി(സ) സാക്ഷ്യപ്പെടുത്തുന്നത്: ”അല്ലാഹു ഒഴികെ എന്തുണ്ടോ അതൊക്കെയും വ്യര്‍ഥമാകുന്നു” (അലാ കുല്ലു ശൈഇന്‍ മാ ഖലല്ലാഹു ബാത്വില്‍).
കവിത ഒരു ആവിഷ്‌കാര മാധ്യമമാണ്. നന്മയ്ക്കും തിന്മയ്ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന മാധ്യമം. സത്യനിഷേധികളുടെ കൂലിക്കെടുത്ത കവികള്‍ നബി(സ)യെ നിന്ദിച്ച് കവിതകള്‍ രചിച്ചിരുന്നു. ഇതിനെ ഖുര്‍ആന്‍ വിമര്‍ശിക്കുന്നുണ്ട്. ഇവരുടെ പരിഹാസങ്ങള്‍ക്ക് ശക്തിയുക്തം തിരിച്ചടി നല്‍കിയ ഇസ്‌ലാമിക കവികളെ ആക്ഷേപമുക്തരാക്കുകയും ചെയ്യുന്നുണ്ട് ഖുര്‍ആന്‍. ഇതാണ് കവികള്‍ (ശുഅറാഅ്) എന്ന അധ്യായത്തിലെ 224 മുതല്‍ 227 വരെയുള്ള വചനങ്ങള്‍ പറയുന്നത്:
”കവികളെ ദുര്‍മാര്‍ഗികളാണ് പിന്‍പറ്റുക. എല്ലാ താഴ്‌വരകളിലും അലഞ്ഞുനടക്കുകയും പ്രവര്‍ത്തിക്കാത്തത് കവിതയിലൂടെ പറയുകയും ചെയ്യുന്നവരാണ് അവരെന്ന് നീ കണ്ടില്ലേ? വിശ്വസിക്കുകയും സത്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും അക്രമത്തിന് ഇരയായതിനെ തുടര്‍ന്ന് ആത്മരക്ഷാ നടപടി എടുക്കുകയും ചെയ്തവര്‍ ഇതില്‍ നിന്നൊഴിവാകുന്നു” (26: 224-227). അബ്ദുല്ല, അസദുര്‍റസൂല്‍ എന്നീ അപരനാമത്തിലറിയപ്പെട്ട അബൂസുഫ്‌യാബ്‌നു ഹാരിസ്(റ), അന്‍സാരിയായ അബ്ദുല്ലാഹിബ്‌നു റവാഹ(റ) എന്നിവരും ഇസ്‌ലാമിക കവികളുടെ ഗണത്തില്‍ ഉള്‍പ്പെട്ടവരാണ്. കഅ്ബുബ്‌നു സുഹൈറിന്റെ(റ) ‘ബാനത് സുആദ്’ എന്ന് തുടങ്ങുന്ന ബുര്‍ദ പ്രസിദ്ധ കാവ്യമായി അറിയപ്പെടുന്നുണ്ട്.
മക്കയിലെ
ദാറുല്‍ അര്‍ഖം

മക്കയിലെ കഅ്ബയ്ക്കടുത്ത സഫാ മലഞ്ചേരുവില്‍ തന്ത്രപ്രധാനമായ സ്ഥലത്ത് നബി(സ)യുടെ കാലത്തുണ്ടായിരുന്ന ഭവനമാണ് ദാറുല്‍ അര്‍ഖം. അല്‍അര്‍ഖം ബിന്‍ അബില്‍ അര്‍ഖം(റ)-ഹിന്ദ് ബിന്‍ത് അബ്ദില്ല ദമ്പതികളുടെ ഭവനമായ ഈ ദാറുല്‍ ഇസ്‌ലാമിലാണ് രഹസ്യപ്രബോധന കാലത്തെ വിഭവകൈമാറ്റങ്ങള്‍ നബി(സ)യുടെ നേതൃത്വത്തില്‍ നടന്നത്. ഉമര്‍(റ), ഹംസ(റ) അടക്കം 40 പേര്‍ ഈ ഭവനത്തിലൂടെ ഇസ്‌ലാമിലേക്ക് കടന്നുവന്നിട്ടുണ്ട്.
ദാറുല്‍ അര്‍ഖമില്‍ മാനവവിഭവ കൈമാറ്റത്തില്‍ പങ്കാളികളായ ശിഷ്യഗണങ്ങളില്‍ പ്രമുഖര്‍ ഇവരാണ്. അബൂബക്ര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ), അലി(റ), ഹംസ(റ), സൈദുബ്‌നു ഹാരിസ്, സഅ്ദുബ്‌നു അബീവഖാസ്(റ), ജഅ്ഫര്‍(റ), സുബൈര്‍(റ), അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് (റ), ത്വല്‍ഹ(റ), അമ്മാര്‍(റ), അബൂഉബൈദ(റ), ബിലാല്‍(റ), അബൂഹുദൈഫ(റ), മുസ്അബ്(റ), സഈദ് ബിന്‍ സൈദ്(റ), അബൂദര്‍റ്(റ), സുഹൈബുര്‍റൂമി(റ), ഇബ്‌നു മസ്ഊദ്, ഖബ്ബാബ്(റ) എന്നീ നബിയുടെ അനുചരന്മാരുടെ വ്യത്യസ്ത വിഭവശേഷികളുടെ കൈമാറ്റത്തിനുള്ള അവസരം ഈ ഒത്തുചേരരില്‍ സാധ്യമായി.
”നിന്നോട് കല്‍പിക്കപ്പെട്ടതെന്തോ അത് നീ ഉറക്കെ പ്രഖ്യാപിക്കുക, ബഹുദൈവവിശ്വാസികളെ അവഗണിക്കുകയും ചെയ്യുക” (15:94) എന്ന ഖുര്‍ആനിക വചനം അവതരിക്കുന്നതുവരെ പരസ്യപ്രബോധനത്തിനുള്ള മനുഷ്യവിഭവ സമാഹരണങ്ങളാണ് ദാറുല്‍ അര്‍ഖമില്‍ നടന്നത്. സൂറതുല്‍മുദ്ദസിര്‍(74) നബി(സ)ക്ക് അവതരിച്ചുകിട്ടിയപ്പോഴാണ് ദാറുല്‍ അര്‍ഖം വിട്ട് പുറംലോകത്തേക്കിറങ്ങിയത്.
മദീനയിലെ
അഹ്‌ലുസ്സുഫ്ഫ

മദീനയിലെ മസ്ജിദുന്നബവിയുടെ വടക്കുഭാഗത്തുള്ള ചായ്പില്‍(സുഫ്ഫ) തങ്ങിയവരാണ് അഹ്‌ലുസ്സുഫ്ഫ അല്ലെങ്കില്‍ അസ്വ്ഹാബുല്‍ സുഫ്ഫ എന്ന് ചരിത്രത്തില്‍ അറിയപ്പെടുന്നവര്‍. ഈത്തപ്പനയോല കൊണ്ട് മേഞ്ഞ ചാച്ചിറയ്ക്കാണ് അറബിയില്‍ സുഫ്ഫ എന്ന് പറയുക. ഇസ്‌ലാമിന്റെ അതിഥികള്‍ (അദ്‌യാഫുല്‍ ഇസ്‌ലാം) എന്നാണ് നബി(സ) ഇക്കൂട്ടരെ വിളിച്ചത്.
അനുചരന്മാരുടെ ആളും തരവും പ്രകൃതവും മനസ്സിലാക്കി പരസ്പരം വളര്‍ത്താന്‍ അവസരമൊരുക്കുന്നതിന് നബി(സ) സ്ഥാപിച്ച ആദ്യത്തെ ബോര്‍ഡിങ് സംവിധാനത്തിലെ സന്നദ്ധ വോളന്റിയേഴ്‌സ് ആയിരുന്നു ഈ സുഫ്ഫക്കാര്‍.
ഇവിടെ പാര്‍ത്തിരുന്ന അനുയായികളുടെ എണ്ണം 10നും 400നുമിടയില്‍ കുറയുകയും കൂടുകയും ചെയ്തുകൊണ്ടിരുന്നു. മുര്‍തദാസ്സബീദയുടെി(1732-90) ഗ്രന്ഥത്തില്‍ 93 സുഫ്ഫാ വാസികളുടെ നാമങ്ങള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അവരില്‍ പ്രമുഖര്‍ ഇവരാണ്:
ഇബ്‌നു മസ്ഊദ്(റ), സാലിം മൗലാ അബീഹുദൈഫ(റ), ഇബ്‌നു ഉമര്‍(റ), അബൂഹുറൈറ(റ), അബൂദര്‍റ്(റ), സുഹൈബുര്‍റൂമി(റ), സല്‍മാനുല്‍ ഫാരിസി(റ), അബുദ്ദര്‍ദാഅ്(റ), ഇബ്‌നു മക്തൂം(റ), ബിലാല്‍(റ), ഹന്‍ദല(റ), സഅ്ദ്ബ്‌നു അബീവഖാസ്(റ), ഹുബൈഫതുല്‍ യമാന്‍(റ), അബൂലുബാബ(റ), വാസില ബിന്‍ അസ്ഖഅ്(റ), ഖൈസുല്‍ ഗിഫാരി(റ), അബ്ദുറഹ്മാനുബ്‌നു കഅ്ബ്(റ), അന്‍ബറബ്‌നു മാലിക്(റ), അബൂത്വല്‍ഹ(റ), ജിന്‍ഹദ് ബിന്‍ റസാഖ്(റ), അസ് മാഅ് ബിന്‍ ഹാരിസ അസ്‌ലമി(റ) എന്നിവര്‍. നബി(സ)യില്‍ നിന്ന് പഠിച്ചും പരസ്പരം പഠിപ്പിച്ചും കഴിഞ്ഞുകൂടിയവര്‍.
റബ്ബാനീ രീതിയിലായിരുന്നു ഇവിടെ മനുഷ്യവിഭവ കൈമാറ്റം നടന്നിരുന്നത്. ”ഖുര്‍ആന്‍ പഠിച്ച് മനസ്സിലാക്കി അത് പരിശീലിപ്പിക്കുന്നവരാണ് നിങ്ങളില്‍ ഉത്തമര്‍” എന്നാണ് നബി(സ) പറഞ്ഞത്. സൂറത്തു ആലുഇംറാനിലെ ഒരു വാക്യത്തില്‍ നിങ്ങള്‍ റബ്ബാനികളാവുക എന്ന് പറയുന്നുണ്ട്. പരസ്പരം മനുഷ്യവിഭവശേഷി കൈമാറുന്ന ഒരു സംസ്‌കാരമാണ് റബ്ബാനി സംസ്‌കാരം. റുഹ്ബാനി(പൗരോഹിത്യം) രീതി അത് അംഗീകരിക്കുന്നില്ല.
ഖുര്‍ആന്‍ പറയുന്നു: ”വേദഗ്രന്ഥവും തത്വജ്ഞാനവും പ്രവാചകത്വവും ഒരു മനുഷ്യന് ദൈവം നല്‍കുകയും വേദഗ്രന്ഥം പരിശീലിപ്പിക്കുന്നതിലൂടെയും പഠിച്ചുകൊണ്ടിരിക്കുന്നതിലൂടെയും പരസ്പരം വളര്‍ത്തുന്ന ദൈവദാസന്‍ (റബ്ബാനി)ആയിരിക്കണം’ എന്ന് പറയേണ്ടതിനു പകരം ‘ദൈവത്തെ കൂടാതെ നിങ്ങള്‍ എന്റെ ദാസന്മാര്‍ ആയിരിക്കുവിന്‍’ എന്ന് ജനങ്ങളോട് അദ്ദേഹം പറയുക എന്നത് ഉണ്ടാകാവതല്ല. ‘മാലാഖമാരെയും പ്രവാചകന്മാരെയും സംരക്ഷകരായി നീ സ്വീകരിക്കണം’ എന്നും നിങ്ങളോട് അദ്ദേഹം കല്‍പിക്കാവുന്നതല്ല” (3:79,80).

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x