11 Wednesday
September 2024
2024 September 11
1446 Rabie Al-Awwal 7

മനുഷ്യപ്രകൃതിയെ ആദരിക്കുന്ന ശരീഅത്ത് നിയമങ്ങള്‍

ഖലീലുര്‍റഹ്മാന്‍ മുട്ടില്‍


ശരീഅത്ത് എന്ന് കേള്‍ക്കുമ്പോഴേക്കും മലയാളിയുടെ മനസ്സില്‍ രൂപംകൊള്ളുന്ന ഒരു ചിത്രമുണ്ട്. ബഹുഭാര്യാത്വം, ത്വലാഖ് തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണത്. ത്വലാഖ് ഒരു അറബി പദമാണെങ്കിലും അതിന്റെ വിവക്ഷയറിയാത്ത ഒരു മലയാളി പോലുമില്ല. ഈ കൊച്ചു ഭൂമിയില്‍ നടന്ന ശരീഅത്ത് വിവാദങ്ങളാണ് അതിനു കാരണം. 1985ല്‍ മുഹമ്മദ് അഹ്മദ് ഖാന്‍, ഷാബാനു ബീഗം കേസിന്റെ വിധി പ്രഖ്യാപനത്തിനിടയില്‍ സുപ്രിംകോടതി നടത്തിയ പരാമര്‍ശങ്ങള്‍ ശരീഅത്ത് വിവാദത്തിന് തിരികൊളുത്തിയിരുന്നു.
‘രണ്ടും കെട്ടും നാലും കെട്ടും, കെട്ടു കഴിഞ്ഞാല്‍ മൊഴിചൊല്ലും.’ കേരളക്കരയില്‍ അന്നു മുഴങ്ങിയ മുദ്രാവാക്യമായിരുന്നു ഇത്. കെട്ടലും മൊഴിചൊല്ലലുമാണ് ശരീഅത്ത് എന്ന അബദ്ധധാരണയ്ക്ക് സമൂഹത്തില്‍ വേരോട്ടം ലഭിച്ചു എന്ന സന്ദേശം ഈ മുദ്രാവാക്യം നല്‍കുന്നുണ്ട്. 1995ല്‍ നടന്ന ഏകസിവില്‍കോഡ് (ഡിശളീൃാ രശ്ശഹ രീറല) വിവാദവും പൊതുസമൂഹത്തിനു മുമ്പില്‍ പുറം തള്ളിയത് ഇതുതന്നെയാകുന്നു. മതതത്വങ്ങള്‍ക്കോ സാമൂഹിക നീതിക്കോ നിരക്കാത്ത മട്ടില്‍ മുസ്‌ലിംകള്‍ക്കിടയില്‍ ബഹുഭാര്യാത്വവും ഏകപക്ഷീയമായ വിവാഹമോചനവും നിലനില്ക്കുന്നുണ്ടെന്ന് നിരീക്ഷിച്ച കേരള ഹൈക്കോടതി 2008 ഒക്‌ടോബര്‍ 22ന് അവ നിയന്ത്രിക്കാന്‍ പ്രാദേശികതലത്തിലും ദേശീയതലത്തിലും സമിതികള്‍ രൂപീകരിക്കണമെന്നും ഇതിനു വേണ്ടി നിയനിര്‍മാണം നടത്തണമെന്നും നിര്‍ദേശിച്ചിരുന്നു. കോടതി നിര്‍ദേശത്തോട് മുസ്‌ലിം സംഘടനകള്‍ അനുകൂല നിലപാട് സ്വീകരിച്ചുവെങ്കിലും ചില ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ ശരീഅത്ത് വിവാദത്തിന് തിടുക്കം കൂട്ടുകയുണ്ടായി. അവര്‍ പ്രധാനമായി ഉന്നയിച്ചതും ശരീഅത്ത് = ബഹുഭാര്യാത്വം എന്ന സങ്കല്പം തന്നെയായിരുന്നു.
മനുഷ്യജീവിതത്തില്‍ മുഴുവന്‍ മേഖലയിലും ഇസ്‌ലാം നിര്‍ദേശിക്കുന്ന നിയമസംഹിതകള്‍ക്കാണ് ശരീഅത്ത് എന്നു പറയുന്നത്. ബഹുഭാര്യാത്വവും വിവാഹമോചനവും മാത്രമല്ല അതിന്റെ പരിധിയില്‍ വരുന്നത്. ജഡിലമായ നിയമസംഹിത മാത്രമല്ല, ധര്‍മസംഹിത കൂടിയാണ് ശരീഅത്ത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ട ശരീഅത്ത് വിവാദത്തെക്കുറിച്ചും അതിന്റെ ധാര്‍മിക മാനവിക മൂല്യങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. മനുഷ്യജീവിതത്തില്‍ വിവാഹം ഒരു പ്രശ്‌നമല്ലെന്നും പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണെന്നുമാണ് മതത്തിന്റെ നിലപാട്. വൈവാഹിക മേഖലയിലെ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങളിലൊന്നായിട്ടാണ് ബഹുഭാര്യാത്വത്തെയും ശരീഅത്ത് കാണുന്നത്. ലോകത്തെ പുരാതന സമൂഹങ്ങളില്‍ ബഹുഭാര്യാത്വവും ബഹുഭര്‍തൃത്വവും നിലനിന്നിരുന്നു. ഇതില്‍ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ മാത്രം സമ്മാനിച്ചിരുന്ന ബഹുഭര്‍തൃത്വത്തെ ഇസ്‌ലാം വിലക്കുകയും കുത്തഴിഞ്ഞ ബഹുഭാര്യാത്വത്തിന് കടിഞ്ഞാണിടുകയും ചെയ്തു.
ഇസ്‌ലാം പിറവിയെടുത്ത അറേബ്യന്‍ മണ്ണിലും ലോകത്തിന്റെ ഇതരഭാഗങ്ങളിലും പുരുഷന്മാര്‍ യഥേഷ്ടം സ്ത്രീകളെ വിവാഹം കഴിക്കുകയും വിവാഹമോചനം നടത്തുകയും ചെയ്തിരുന്നു. ഇതിനെ ഇസ്‌ലാം നിയന്ത്രിച്ചു. ഒരാള്‍ക്ക് വേണമെങ്കില്‍ നാലു ഭാര്യമാര്‍ ഒരേ സമയം ഉണ്ടാവാമെന്നും അതില്‍ കൂടുതല്‍ പാടില്ലെന്നും മതം കര്‍ശനമായും വിലക്കി. ഒന്നില്‍ കൂടുതല്‍ ഭാര്യമാരുള്ളവര്‍ അവര്‍ക്കിടയില്‍ സാമ്പത്തികമായും ലൈംഗികമായും തുല്യനീതി പാലിക്കണമെന്നും കര്‍ശനമായി നിര്‍ദേശിച്ചു. പ്രവാചകന്‍(സ) പറഞ്ഞു: ”വല്ലവനും രണ്ടു ഭാര്യമാരുണ്ടായിട്ട് അവന്‍ ഒരുവളുടെ നേരെ ചായുന്ന പക്ഷം ഉയിര്‍ത്തെഴുന്നല്‍ക്കുന്ന നാളില്‍ ഒരു ഭാഗത്തേക്ക് ചാഞ്ഞുകൊണ്ട് അവന്‍ വരുന്നതാണ്.”(അബൂദാവൂദ്)
സമൂഹത്തില്‍ നിലനിന്നിരുന്ന ബഹുഭാര്യാത്വ സമ്പ്രദായം അഴിച്ചുപണി നടത്തിക്കൊണ്ട് ‘തുല്യനീതി പാലിക്കാന്‍ കഴിയുമെങ്കില്‍ മാത്രം പരമാവധി ഭാര്യമാര്‍’ എന്ന സിദ്ധാന്തം ഖുര്‍ആന്‍ മുന്നോട്ടുവെച്ചത് സ്ത്രീജനത്തെ പീഡിപ്പിക്കാന്‍ വേണ്ടിയല്ലെന്ന് അതിന്റെ പശ്ചാത്തല വിവരണങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. പല കാരണങ്ങളാല്‍ അവരില്‍ അനാഥകളുടെ എണ്ണവും വര്‍ധിച്ചിരുന്നു. അനാഥ സ്ത്രീകളുടെ സമ്പത്തും സൗന്ദര്യവും ആഗ്രഹിച്ചുകൊണ്ട് അവര്‍ അനാഥകളെ വിവാഹം ചെയ്തിരുന്നു. അവരാകട്ടെ നീതി പുലര്‍ത്തുന്നതില്‍ ശ്രദ്ധ കാണിച്ചിരുന്നുമില്ല. ഇതിനെ വിലക്കിക്കൊണ്ട് ഖുര്‍ആന്‍ പറഞ്ഞു: ”അനാഥസ്ത്രീകളുടെ കാര്യത്തില്‍ നീതിപുലര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയുകയില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ (ചോദിക്കാനും പറയാനും ആളുകളുള്ള സനാഥ) സ്ത്രീകളില്‍ നിന്നും രണ്ടോ മൂന്നോ നാലോ നിങ്ങള്‍ വിവാഹം ചെയ്തുകൊള്ളുക. അവര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ കഴിയില്ലെങ്കില്‍ ഒരുവളെ മാത്രം വിവാഹം ചെയ്യുക.” (വി.ഖു 4:3)

ബഹുഭാര്യാത്വം എന്തിന്?
സ്ത്രീ അനാഥയാണെങ്കിലും സനാഥയാണെങ്കിലും അവള്‍ ഒരു തരത്തിലും പീഡിപ്പിക്കപ്പെട്ടുകൂടെന്ന് മതത്തിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് കുത്തഴിഞ്ഞ ബഹുഭാര്യാത്വത്തെ വിലക്കിക്കൊണ്ട് വ്യവസ്ഥകള്‍ക്ക് വിധേയമായ ബഹുഭാര്യാത്വം മതം നിര്‍ദേശിക്കുന്നത്. ഏക ഭാര്യയോടാണെങ്കിലും നീതി പുലര്‍ത്താതെ അവളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്നും മോചിതയാവാന്‍ സ്ത്രീക്ക് ഇസ്‌ലാം അനുമതി നല്കുന്നുണ്ട്. ദാമ്പത്യജീവിതത്തില്‍ നീതിപുലരാത്ത ഏകഭാര്യത്വവും ബഹുഭാര്യത്വവും ഇസ്‌ലാമിനന്യമാണെന്ന് ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാം.
നീതി എന്ന വ്യവസ്ഥക്ക് വിധേയമായി ബഹുഭാര്യാത്വം മതം അനുവദിച്ചതെന്തിനാണ്? വൈവാഹിക മേഖലയിലുള്ള പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് ബഹുഭാര്യത്വം എന്നതുകൊണ്ടു തന്നെ. സമൂഹത്തിലെ ഓരോ ആണിനും പെണ്ണിനും പ്രകൃതിദത്തമായ ദാമ്പത്യം ആസ്വദിക്കാന്‍ കഴിയണമെന്നതാണ് മതത്തിന്റെ നിലപാട്. എന്നാല്‍ ആധുനിക സമൂഹത്തില്‍ പോലും പല കാരണങ്ങള്‍ കൊണ്ടും വിവാഹം സ്വപ്‌നം കാണാന്‍ കഴിയാത്ത എത്രയോ പെണ്‍കുട്ടികളുണ്ട്. സൗന്ദര്യക്കുറവ്, സാമ്പത്തിക പരാധീനത, വൈധവ്യം, സ്ത്രീകളുടെ ആധിക്യം തുടങ്ങിയ ഒട്ടേറെ കാരണങ്ങള്‍ കൊണ്ടാണ് ദാമ്പത്യം പല സ്ത്രീകള്‍ക്കും സ്വപ്‌നമായി അവശേഷിക്കുന്നത്. എന്നാല്‍ ഈ കാരണങ്ങളൊന്നും സമൂഹത്തിലെ പുരുഷന്മാര്‍ക്ക് വിവാഹത്തിനുള്ള തടസ്സങ്ങളാകുന്നില്ലെന്നത് ശ്രദ്ധേയമാകുന്നു.
വിവാഹപ്രായം അതിരുകവിഞ്ഞിട്ടും നിറമില്ലാത്തതിന്റെ പേരില്‍ മാത്രം ഒരിണയെ കിട്ടാത്ത എത്ര പെണ്‍കുട്ടികളുണ്ട് നമ്മുടെ കണ്‍വെട്ടത്ത്! ഒരു രണ്ടാം കെട്ടുകാരനെയെങ്കിലും അവള്‍ക്ക് ലഭിച്ചിരുന്നെങ്കില്‍ എന്ന് ബഹുഭാര്യാത്വത്തെ എതിര്‍ക്കുന്നവര്‍ പോലും മനസ്സാക്ഷിയോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അവള്‍ക്കും വേണ്ടേ ഒരു ആണ്‍തുണ? ദാമ്പത്യജീവിതം പോലെത്തന്നെ ഭാവിജീവിതത്തില്‍ ഒരു സംരക്ഷകന്‍ അവള്‍ക്കും വേണ്ടേ? വേണം എന്നാണ് ഉത്തരമെങ്കില്‍ അതിനാണ് ബഹുഭാര്യാത്വം.
പൗരാണിക സമൂഹത്തിലും ആധുനിക സമൂഹത്തിലും വൈധവ്യം ഒരു പ്രശ്‌നമാണ്. വിധവാസംരക്ഷണത്തിനു വേണ്ടി നമ്മുടെ രാഷ്ട്രം പോലും കോടികള്‍ ചെലവഴിക്കുന്നുണ്ട്. എന്നിട്ടും അവരുടെ സംരക്ഷണം അപൂര്‍ണതയിലാണ്. പുരാതന സമൂഹങ്ങളില്‍ യുദ്ധങ്ങളിലൂടെ വിധവകളുടെ എണ്ണം കൂടുന്നതിനെക്കാള്‍ എത്രയോ അധികമാണ് വാഹനാപകടങ്ങളിലൂടെ ആധുനിക സമൂഹത്തില്‍ ദിനംപ്രതി പെരുകുന്ന വിധവകളുടെ എണ്ണം. അതിനു പുറമെ പ്രകൃതി ദുരന്തങ്ങളിലൂടെയും ആധുനിക യുദ്ധങ്ങളിലൂടെയും വിധവകള്‍ വര്‍ധിക്കുന്നു. ഇവര്‍ക്കും സമ്പൂര്‍ണ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതില്ലേ? ഗവണ്‍മെന്റു നല്കുന്ന ക്ഷേമ പെന്‍ഷനുകള്‍ കൊണ്ട് വിധവയുടെ ജീവന്‍ നിലനിര്‍ത്താം. പക്ഷേ, അവളെ ആരോഗ്യമുള്ള മനസ്സും ശരീരവുമായി ഒരു ഉത്തമ പൗരയായി നിലനിര്‍ത്തണമെങ്കില്‍ അവള്‍ക്കും വേണം തലോടുകയും തണലേകുകയും ചെയ്യുന്ന ഒരു ഇണ. അതിനാണ് ബഹുഭാര്യാത്വം. ആദ്യ വിവാഹക്കാര്‍ വിധവകളെ വി വാഹം ചെയ്യാന്‍ ഒരുമ്പെടുകയില്ല. അതിനവരെ നിര്‍ബന്ധിക്കുന്നത് ഭൂഷണവുമല്ല. പ്രവാചകന്‍(സ) ആദ്യമായി വിവാഹം ചെയ്യുന്നവരോട് പരസ്പരം കളിച്ചുല്ലസിക്കാന്‍ കഴിയുന്ന ഇണകളെ തെരഞ്ഞെടുക്കാനാണ് ഉപദേശിച്ചിരുന്നത്. വിധവാസംരക്ഷണം രാഷ്ട്രത്തിന്റെ ചുമതലയില്‍ നിന്നുമൊഴിവാക്കി സമൂഹത്തിലെ വ്യക്തികളിലൂടെ അവര്‍ക്ക് പൂര്‍ണ സംരക്ഷണം ഉറപ്പുവരുത്താനാണ് ബഹുഭാര്യാത്വത്തിലൂടെ ശരീഅത്ത് ശ്രമിക്കുന്നത്.
പ്രകൃതിപരമായി മനുഷ്യസമൂഹത്തില്‍ പുരുഷനേക്കാള്‍ കൂടുതലാണ് സ്ത്രീകള്‍. ഏതെങ്കിലും കണക്കെടുപ്പില്‍ സ്ത്രീകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കില്‍ മനുഷ്യന്‍ അവളെ ഭ്രൂണഹത്യയിലൂടെയും മറ്റും കൊന്നൊടുക്കിയതിന്റെ ഫലം മാത്രമാണത്. ദൈവം അവളെ സൃഷ്ടിക്കാത്തതു കൊണ്ടല്ല. മനുഷ്യന്‍ അവളെ പിറക്കാനനുവദിക്കാത്തതു കൊണ്ടാകുന്നു. ഒരു പുരുഷന് ഒരു സ്ത്രീ എന്ന അനുപാതം സ്വീകരിച്ചാല്‍ ഒട്ടേറെ സ്ത്രീകള്‍ക്ക് വിവാഹം മരീചികയായി അവശേഷിക്കും. ഇതിനൊരു പരിഹാരമാണ് ബഹുഭാര്യാത്വം. ബഹുഭാര്യാത്വത്തെ അപമാനമായി ചിത്രീകരിക്കുന്നതു കൊണ്ടുണ്ടായ ദുരന്തങ്ങളിലൊന്നാണ് പെണ്ണിനെ പിറക്കാന്‍ പോലുമനുവദിക്കാത്ത ദുരവസ്ഥ സംജാതമായത്. കാരണം പ്രകൃതിനിയമമനുസരിച്ച് യഥേഷ്ടം പെണ്ണു പിറന്നാല്‍ ബഹുഭാര്യാത്വം അപമാനമായോ നിഷിദ്ധമായോ കരുതുന്നവര്‍ക്ക് അവളുടെ സംരക്ഷണം തലവേദനയായി മാറും. അതുകൊണ്ട് അവളെ ഭ്രൂണാവസ്ഥയില്‍ തന്നെ കൊന്നുകളയുകയാണ് പരിഹാരമെന്നവര്‍ കരുതുന്നു. പെണ്‍ഭ്രൂണഹത്യയോ ബഹുഭാര്യാത്വമോ ഏതാണ് പെണ്ണിന് തുണയേകുന്നത്?
ഏകസിവില്‍കോഡ് വിവാദമുണ്ടായപ്പോള്‍ ബി ജെ പി നേതാവ് സുബ്ബറാവുവിന്റെ 58-ാമത്തെ ഭാര്യയുമൊത്തുള്ള ഫോട്ടോ 1995 മാര്‍ച്ചില്‍ പത്രങ്ങളില്‍ വന്നിരുന്നു. ഔപചാരികമായി ഒന്നു കെട്ടിയവന്‍ ഗേള്‍ഫ്രണ്ട്, കാള്‍ഗേള്‍, സ്റ്റെനോ, വെപ്പാട്ടി തുടങ്ങിയ പേരുകളില്‍ പരസ്ത്രീകളുമായി ലൈംഗികവേഴ്ച നടത്തുന്നു. അതിനു പുറമെ ആധുനിക സമൂഹത്തിലെ ഉന്നതരില്‍ നടക്കുന്ന ഭാര്യാവിക്രയം (ംശളല ംെമുശിഴ) സംഘരതി (ഴൃീൗു ലെഃ) തുടങ്ങിയ ലൈംഗിക വൈകൃതങ്ങളും വര്‍ധിച്ചുവരുന്നു. ചുവന്ന തെരുവുകളില്ലാത്ത ഗ്രാമങ്ങള്‍ പോലും പ്രത്യക്ഷമാവാന്‍ അധികകാലം വേണ്ടിവരില്ല. ഒളിംപിക്‌സ് പോലുള്ള കായിക മാമാങ്കങ്ങളോടനുബന്ധിച്ച് പഞ്ചനക്ഷത്ര വേശ്യാലയങ്ങളും ഒരുക്കുന്നുണ്ട്. കൊച്ചു കേരളമടക്കമുള്ള ആധുനിക ലോകത്ത് കൈക്കുഞ്ഞിനെയേന്തിയ അവിവാഹിതരായ അമ്മമാരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. ആരാണ് ആ കുഞ്ഞുങ്ങളുടെ പിതാക്കള്‍? തൊണ്ണൂറു ശതമാനം ഔപചാരികമായി ഒരു ഭാര്യയുള്ളവരാണ് ആ കുഞ്ഞുങ്ങളുടെ പിതാക്കളെന്ന് കണ്ടെത്താന്‍ കഴിയും.
ഇവിടെയാണ് ശരീഅത്ത് ഉന്നയിക്കുന്ന ബഹുഭാര്യാത്വം പ്രസക്തമായിത്തീരുന്നത്. ആണിന്റെ പ്രകൃതിജന്യമായ വൈകാരിക തൃഷ്ണയെ അംഗീകരിച്ചുകൊണ്ട് അത് വഴിവിട്ടുപോകാതിരിക്കാന്‍ ഇസ്‌ലാം ശ്രദ്ധിക്കുന്നു. തുല്യനീതിയില്‍ വര്‍ത്തിക്കാന്‍ കഴിയുമെങ്കില്‍ മാത്രം ഒന്നില്‍ കൂടുതല്‍ ഭാര്യമാരുമായി വര്‍ത്തിക്കാം. അതിനു കഴിയുകയില്ലെങ്കില്‍ ഒരാളില്‍ മാത്രം തൃപ്തിയടഞ്ഞുകൊള്ളണം. എന്നാല്‍ വ്യഭിചാരത്തോട് അടുക്കുകയുമരുത്. വ്യഭിചരിച്ചത് വിവാഹിതനാണെങ്കില്‍ ശരീഅത്ത് നിയമം നടപ്പിലുള്ള നാട്ടില്‍ പൊതുജന മധ്യത്തില്‍ വെച്ച് അയാളെ എറിഞ്ഞുകൊല്ലും.
വ്യഭിചാരമാണോ ബഹുഭാര്യാത്വമാണോ സ്ത്രീക്ക് സുരക്ഷയേകുന്നത്? വിവാഹിതരാകാന്‍ കഴിയാത്ത സ്ത്രീകള്‍ വ്യഭിചരിച്ചുകൊള്ളട്ടെയെന്നാണ് യുക്തിവാദികള്‍ക്കു പോലും നിര്‍ദേശിക്കാനുള്ളത്. പിതാവിനെ തിരിച്ചറിയാന്‍ കഴിയാത്ത കുഞ്ഞുങ്ങളുടെ അമ്മയായി യൗവനം തള്ളിനീക്കുകയും ശരീരത്തിന്റെ മാംസളത വറ്റിവരണ്ടുണങ്ങുമ്പോള്‍ ആരാരും തിരിഞ്ഞുനോക്കാനില്ലാത്ത ജീവിതത്തിന്റെ പാഴ്ഭൂമിയിലേക്ക് വലിച്ചെറിയപ്പെടാന്‍ ഇടയാക്കുകയും ചെയ്യുന്ന വ്യഭിചാരമാണോ അതല്ല കുഞ്ഞുങ്ങളുടെയും തന്റെയും സംരക്ഷണോത്തരവാദിത്തം മരണംവരെ ഏറ്റെടുക്കുന്ന ഒരു പുരുഷനെ നല്കുന്ന ബഹുഭാര്യാത്വമാണോ സ്ത്രീയുടെ നന്മയ്ക്ക് നല്ലത്? അതുകൊണ്ടാണ് ശരീഅത്ത് ബഹുഭാര്യാത്വത്തെ വിലക്കാതെ നിബന്ധനകള്‍ക്കനുസൃതമായി നിയമമാക്കിയത്. അല്ലാതെ സ്ത്രീജനത്തെ ദ്രോഹിക്കാന്‍ വേണ്ടിയല്ല.
ശരീഅത്ത് വിമര്‍ശകരുന്നയിക്കുന്നതു പോലെ യഥേഷ്ടം കെട്ടുകയും കെട്ടുകഴിഞ്ഞാല്‍ മൊഴിചൊല്ലുകയും ചെയ്യുന്ന ഒരു സമ്പ്രദായം ഒരു കാലത്ത് മത-ഭൗതിക വിദ്യാസമ്പന്നരല്ലാത്ത കേരളീയ മുസ്‌ലിംകള്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നു. ഇതേ കാലത്ത് അമുസ്‌ലിം ജനവിഭാഗങ്ങള്‍ക്കിടയിലും ജാതിയുടെയും മറ്റും പേരില്‍ സ്ത്രീജനത്തെ കഷ്ടപ്പെടുത്തിയിരുന്നുവെന്നത് ഒരു ചരിത്രസത്യമാണ്. അതിന് ആ മതങ്ങള്‍ ഉത്തരവാദികളായിരുന്നില്ല. ഇതുപോലെ അജ്ഞരായ മുസ്‌ലിംകള്‍ ചെയ്തുകൂട്ടിയ തെറ്റിന് ശരീഅത്തും ക്രൂശിക്കപ്പെടേണ്ടതില്ല. ശരീഅത്തിന്റെ യഥാര്‍ഥ വിജ്ഞാനം നവോത്ഥാന ശ്രമങ്ങളിലൂടെ മുസ്‌ലിംജനം കൈവരിച്ചപ്പോള്‍ ആ ദുരവസ്ഥക്ക് മാറ്റം വന്നിട്ടുണ്ടെന്നത് കണ്ണുതുറന്നുവെക്കുന്നവര്‍ക്ക് കാണാന്‍ കഴിയും.
മതം ബഹുഭാര്യാത്വത്തിന് ഒരാളെയും നിര്‍ബന്ധിക്കുന്നില്ല. അനുവദിക്കുക മാത്രമാണ് ചെയ്യുന്നത്. അനിവാര്യത അനുഭവപ്പെടുന്നവര്‍ക്ക് ഉപരിസൂചിത നിബന്ധനകള്‍ക്കു വിധേയമായി അത് സ്വീകരിക്കാം. സമൂഹത്തിലെ എല്ലാവരുമോ അതല്ലെങ്കില്‍ ഭൂരിപക്ഷമോ ഒന്നില്‍ കൂടുതല്‍ ഭാര്യമാരെ വെച്ചിരിക്കണമെന്ന് ശരീഅത്ത് ആവശ്യപ്പെടുന്നേയില്ല. എന്നാല്‍ ഒന്നില്‍ കൂടുതല്‍ സ്ത്രീകളെ പ്രാപിക്കണമെന്നാഗ്രഹിക്കുന്നവരെ വ്യഭിചാരത്തിലേക്ക് തള്ളിവിടരുതെന്ന് അതിന് നിര്‍ബന്ധവുമുണ്ട്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x