ചുറ്റുമുണ്ട് മനുഷ്യ സ്‌നേഹം
ഡോ. മന്‍സൂര്‍ ഒതായി
മോട്ടോര്‍ ബൈക്കുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അറിയാവുന്ന ഒരു കാര്യമുണ്ട്. എന്തെങ്കിലും ആവശ്യത്തിനു വേണ്ടി പാര്‍ക്ക് ചെയ്ത് യാത്ര തുടരുമ്പോള്‍ പാര്‍ക്കിങ് സ്റ്റാന്റ് തട്ടിമാറ്റാന്‍ മറന്നുപോകും. ഏതാനും ദൂരം ഓടുമ്പോഴേക്ക് അക്കാര്യം ആരെങ്കിലും ശ്രദ്ധയില്‍ പെടുത്തും. ‘സ്റ്റാന്റ്, സ്റ്റാന്റ്’ എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ് അപായസൂചന നല്‍കും. ഉടന്‍ സ്റ്റാന്റ് തട്ടിമാറ്റി നാം യാത്ര തുടരും. ഉയര്‍ന്നുനില്‍ക്കുന്ന പാര്‍ക്കിങ് സ്റ്റാന്റുമായി സ്‌കൂട്ടര്‍ യാത്ര തുടര്‍ന്നാല്‍ അപകടം ഉറപ്പ്. എന്നാല്‍ ഈ അപകടസാധ്യത ശ്രദ്ധയില്‍ പെടുത്തുന്നയാള്‍ നമ്മുടെ സുഹൃത്തോ ബന്ധുവോ അല്ല. നാട്ടുകാരനോ പരിചയക്കാരനോ അല്ല. ഓരോ വ്യക്തിയുടെയും നന്മ ആഗ്രഹിക്കുന്ന ഒരുകൂട്ടം മനുഷ്യ സ്‌നേഹികള്‍ മാത്രം.
ലോകത്ത് അനീതിയും അക്രമവും വംശീയതയും വര്‍ധിക്കുമ്പോഴും മനുഷ്യസ്‌നേഹത്തിന്റെ കുറേ തുരുത്തുകള്‍ ബാക്കിയാവുന്ന കാര്യം ശുഭകരമാണ്. മാരക രോഗം പിടിപെട്ട് അടിയന്തര ചികിത്സയ്ക്ക് പണമില്ലാതെ കഷ്ടപ്പെടുന്നവര്‍ക്ക് ദിവസങ്ങള്‍ കൊണ്ട് കോടികള്‍ പിരിച്ചുകൊടുക്കുന്നവരാണ് നമ്മള്‍ എന്നതില്‍ ഓരോ മലയാളികള്‍ക്കും അഭിമാനിക്കാം.
ഇരുപത്തിരണ്ടുകാരിയായ യുവതിക്ക് കരള്‍മാറ്റ ശസ്ത്രക്രിയക്ക് ഞങ്ങളുടെ നാട്ടില്‍ ഒരാഴ്ച കൊണ്ട് ലക്ഷങ്ങള്‍ പിരിച്ചെടുത്തു. ഇതിനു മുന്നിട്ടിറങ്ങിയതും നേതൃത്വം നല്‍കിയതും നാട്ടിലെ യുവജനങ്ങളും ക്ലബ്ബുകളുമാണ് എന്നത് ആശാവഹമാണ്. സഹായിക്കപ്പെടുന്നവരുടെ നാടോ വീടോ ജാതിയോ മതമോ ലിംഗഭേദമോ ആരും പരിഗണിക്കാറില്ല. ചുറ്റുപാടു നിന്നും വേദനയുടെ വിളി കേള്‍ക്കുമ്പോള്‍ കാരുണ്യം വറ്റാത്ത ഹൃദയങ്ങളില്‍ നിന്നു സഹായഹസ്തങ്ങള്‍ ഉയരുന്നു.
നൊന്തു കരയുന്ന മനുഷ്യന്റെ വികാരങ്ങള്‍ക്ക് ഒരേ ഭാഷയാണ്. അതിന് ജാതിയുടെയോ മതത്തിന്റെയോ രാജ്യത്തിന്റെയോ അതിര്‍വരമ്പുകളില്ല. സഹജീവികളോടുള്ള കരുണയും സ്‌നേഹവുമാണ് മനുഷ്യജീവിതം ഉദാത്തമാക്കുന്നത്. അപരനെ അറിയാനും ഉള്‍ക്കൊള്ളാനും മനസ്സുണ്ടാവുക എന്നത് ഇക്കാലത്തെ ഏറ്റവും വലിയ കാര്യമാണ്. കാരണം, ചുറ്റുപാടും സംഭവിക്കുന്ന കാര്യങ്ങളോട് നിസ്സംഗത കാണിക്കുന്ന പ്രവണത വര്‍ധിക്കുകയാണിപ്പോള്‍. സ്വന്തത്തിലേക്ക് ചുരുങ്ങുന്നതിനപ്പുറം ചുറ്റുമുള്ളവരെ കാണാന്‍ കഴിയുന്നതിലാണ് വിജയം. മനുഷ്യര്‍ക്കിടയില്‍ മതിലുകളല്ല വേണ്ടത്, പാലങ്ങളാണ്.
മറ്റുള്ളവരോട് കാരുണ്യവും സ്‌നേഹവും കാണിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന ആനന്ദം വേറെത്തന്നെയാണ്. സഹജീവികള്‍ക്ക് സന്തോഷം പകരുമ്പോഴാണ് നാം യഥാര്‍ഥത്തില്‍ ജീവിതം ആസ്വദിക്കുന്നത്. ‘മറ്റുള്ളവര്‍ക്ക് നന്മ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് നാം ജീവിക്കുന്നത്. നന്മ ചെയ്യാതിരിക്കുമ്പോള്‍ നാം മരിക്കുന്നു’ (സ്വാമി വിവേകാനന്ദന്‍).
സാധുക്കളെ സഹായിക്കുമ്പോള്‍ നമുക്ക് സന്തോഷം ലഭിക്കുന്നു. അതിലുപരി സ്രഷ്ടാവായ ദൈവത്തിന്റെ കാരുണ്യവും കരുതലും നമ്മുടെ മേല്‍ സദാ വര്‍ഷിക്കുകയും ചെയ്യുന്നു. ‘നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക. ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും’ (തിര്‍മിദി).