20 Wednesday
November 2024
2024 November 20
1446 Joumada I 18

പ്രതിസന്ധികളെ നയചാതുരിയോടെ നേരിട്ട ഹുദൈബിയ വിജയം

മുസ്തഫ നിലമ്പൂര്‍


ഇസ്‌ലാമിക ചരിത്രവിജയങ്ങളിലെ തങ്കലിപികളാല്‍ രേഖപ്പെടുത്തേണ്ട ഒരു മഹാ സംഭവമാണ് ഹുദൈബിയാ സന്ധി. നിര്‍ഭയത്വത്തോടെ മതം പ്രബോധനം ചെയ്യാനും ആളുകളെ സത്യദീനിലേക്കു ക്ഷണിക്കാനും സന്ധി മുഖേന സാധിച്ചു. മുസ്‌ലിംകളുടെ മഹത്വം ഖുറൈശികളും അംഗീകരിക്കുന്ന സാഹചര്യമുണ്ടായി. ബുദ്ധിയും കരുത്തുമുള്ള പലരും ഇസ്‌ലാം സ്വീകരിക്കാനും മക്കാ വിജയത്തിലേക്കും അതിലൂടെ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ മാതൃക രചിക്കാനും ഈ സംഭവം പ്രേരകമാവുകയും ചെയ്തു.
അറേബ്യന്‍ ഉപഭൂഖണ്ഡത്തില്‍ മൊത്തത്തില്‍ ഒരു സമാധാനാവസ്ഥ സംജാതമായി. കഴിഞ്ഞ ആറു വര്‍ഷമായി മക്കയുമായി യാതൊരു ബന്ധവുമില്ലാത്ത മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഔദ്യോഗികമായിത്തന്നെ മക്കയില്‍ വന്ന് ഉംറ നിര്‍വഹിക്കാനുള്ള അവസരമുണ്ടായി. പത്തു വര്‍ഷം യുദ്ധം നിഷിദ്ധമാക്കിയത് ഇരുവിഭാഗങ്ങള്‍ക്കും പരസ്പരം ബന്ധപ്പെടാനും അതുവഴി എല്ലാവര്‍ക്കും ഇസ്‌ലാമിനെ മനസ്സിലാക്കാനുമുള്ള വഴിയൊരുക്കി. പ്രവാചകനുമായി സഖ്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് പൂര്‍ണസ്വാതന്ത്ര്യവും അവരെപ്പോലുള്ള പരിഗണനയും പ്രഖ്യാപിച്ചത് മുസ്‌ലിംകളുമായി ഏതു ഗോത്രങ്ങള്‍ക്കും ബന്ധപ്പെടാനും ഇസ്‌ലാമിനെ മനസ്സിലാക്കാനും അവസരമുണ്ടാക്കി. സന്ധി കഴിഞ്ഞ് ഹിജ്‌റ ഏഴാം വര്‍ഷമായപ്പോഴേക്കും മക്കയില്‍ നിന്ന് അനവധി ആളുകള്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നു.
പ്രവാചകന് നുബുവ്വത്ത് ലഭിച്ചതിന്റെ 15ാം വര്‍ഷം മുതല്‍ 19ാം വര്‍ഷം വരെ വിവിധങ്ങളായ സൈനിക നിയോഗങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ ആകെ മുസ്‌ലിംകളായിട്ടുണ്ടായിരുന്നത് 3000ഓളം പേര്‍ മാത്രമായിരുന്നു. ഹുദൈബിയാ സന്ധിക്കു ശേഷം 7000ല്‍പരം ആളുകള്‍ ഇസ്‌ലാമിനെ പഠിക്കുകയും ഇസ്‌ലാമിന്റെ ശക്തിയായിത്തീരുകയും ചെയ്തു. സമാധാനത്തിനു വേണ്ടി അതുല്യമായ വിട്ടുവീഴ്ച ചെയ്തതിലൂടെ ലോകത്തിന് മാതൃക രചിക്കുകയായിരുന്നു ഇസ്‌ലാം. അഹ്‌സാബ് യുദ്ധത്തോടെ യുദ്ധ ആരവങ്ങള്‍ ഒഴിവായി, നിര്‍ഭയത്വം ഉളവാകുന്ന അവസ്ഥ കൈവന്നുകൊണ്ടിരിക്കെ ഹിജ്‌റ ആറാം വര്‍ഷം ദുല്‍ഖഅദ് മാസത്തിന്റെ (ക്രി.വ. 628 മാര്‍ച്ച്) ആരംഭത്തില്‍ തിങ്കളാഴ്ചയാണ് നബി(സ) ഉംറക്കു പുറപ്പെട്ടത്. നബിയും അനുചരന്മാരും ഇഹ്‌റാം വേഷത്തില്‍ വിശുദ്ധ ഹറമില്‍ പ്രവേശിക്കുന്നതും മുടിയെടുത്ത് തഹല്ലുലാകുന്നതും നബി(സ) സ്വപ്‌നത്തില്‍ ദര്‍ശിച്ചിരുന്നു. പ്രവാചക സ്വപ്‌നം വഹ്‌യ് ആയതിനാല്‍ നബിയും സഹാബികളും അതിയായി സന്തോഷിച്ചു. ആറു വര്‍ഷത്തിലേറെ കാലമായി തങ്ങള്‍ ജീവനിലേറെ സ്‌നേഹിക്കുന്ന വിശുദ്ധ ഗേഹത്തിലേക്ക് പുറപ്പെടാന്‍ ആവേശത്തോടെ ആഗ്രഹിച്ചു. യാത്രയെ സംബന്ധിച്ച് നബി വിവരമറിയിച്ചു. ആളുകള്‍ താല്‍പര്യത്തോടെ നബിയെ അനുഗമിക്കാന്‍ തയ്യാറായി.
വിശുദ്ധ ഗേഹം സന്ദര്‍ശിച്ച് ഉംറ നിര്‍വഹിക്കുക മാത്രമാണ് തങ്ങളുടെ ലക്ഷ്യം എന്ന് അറിയിക്കുന്നതിനായി നബി വിവിധ സംവിധാനങ്ങള്‍ ക്രമീകരിച്ചു. യുദ്ധമല്ല ലക്ഷ്യമെന്ന് ഖുറൈശികള്‍ക്ക് ബോധ്യപ്പെടാന്‍ മദീനയിലെ ജുഹൈന, മുസൈന, ബനൂബകര്‍ പോലുള്ള ഗ്രാമീണരായ അറബികളെ ഉംറ യാത്രയ്ക്കു വേണ്ടി നബി ക്ഷണിച്ചു. അവര്‍ ഖുറൈശികളെ സഹായിക്കാന്‍ തയ്യാറായ വിവരം നബി അറിഞ്ഞപ്പോള്‍ ആ ഉദ്യമത്തില്‍ നിന്നു പിന്മാറി.
അബ്ദുല്ലാഹിബ്‌നു ഉമ്മുമഖ്ദൂമിനെ (നുമൈല അല്‍ലൈസി എന്നും അഭിപ്രായമുണ്ട്) മദീനയിലെ പ്രതിനിധിയാക്കി. 1400 പേരടങ്ങുന്ന ഒരു സംഘവുമായി നബി(സ) പുറപ്പെട്ടു. നബിയുടെ കൂടെ അന്ന് പത്‌നി ഉമ്മുസലമ(റ)യായിരുന്നു ഉണ്ടായിരുന്നത്. യുദ്ധത്തിനല്ല വരുന്നതെന്ന് അറിയിക്കാനായി കൂടെയുള്ള 70 ഒട്ടകങ്ങളിലും ബലിയടയാളങ്ങള്‍ വെച്ചു. അവര്‍ മദീനയില്‍ നിന്നുതന്നെ ഇഹ്‌റാം വസ്ത്രം ധരിച്ചു. അറബികള്‍ കേവലം കൈയില്‍ കൊണ്ടുനടക്കുന്ന ഉറയിലിട്ട വാളല്ലാതെ മറ്റ് ആയുധങ്ങളൊന്നും അവരുടെ പക്കല്‍ ഇല്ലായിരുന്നു. നബി(സ)യും സംഘവും യാത്ര പുറപ്പെട്ടു.
മക്ക-മദീന റോഡില്‍ മക്കയില്‍ നിന്ന് 80 കി.മീ. അകലത്തുള്ള ഉസ്ഫാന്‍ എന്ന സ്ഥലത്ത് എത്തിയപ്പോള്‍ ഖുറൈശികളുടെ വിവരങ്ങള്‍ അറിഞ്ഞുവരാന്‍ നബി(സ) നിയോഗിച്ചിരുന്ന ബിശ്‌റുബ്‌നു സുഫ്‌യാന്‍ തിരികെ എത്തുകയും, ഖുറൈശികള്‍ മുസ്‌ലിംകളെ മക്കയില്‍ പ്രവേശിക്കുന്നതു തടയാന്‍ ഏകോപിച്ച് തീരുമാനിച്ചിട്ടുണ്ടെന്നും ബലം പ്രയോഗിച്ചിട്ടാണെങ്കിലും അവിടെ പ്രവേശിപ്പിക്കുകയില്ല എന്നു തീരുമാനിച്ച വിവരവും അദ്ദേഹം അറിയിച്ചു. മുസ്‌ലിംകളെ തടുക്കാനായി ഖാലിദുബ്‌നുല്‍ വലീദ്, ഇക്‌രിമതുബ്‌നു അബീജഹല്‍ എന്നിവരുടെ നേതൃത്വത്തില്‍ 200 കുതിരപ്പടയാളികള്‍ അടങ്ങിയ, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള ഒരു സംഘം പുലിത്തോല്‍ അണിഞ്ഞുകൊണ്ട് ദീത്വുവായില്‍ താവളമടിച്ചിട്ടുണ്ടെന്നും മക്കക്ക് സമീപമുള്ള ഹുബ്ശി എന്ന മലയുടെ താഴ്‌വരയില്‍ താമസിക്കുന്ന ഹബ്ശികളെയും സംഘടിപ്പിച്ചിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.

കുറാഗുല്‍ ഗമീമില്‍ വെച്ചു മുസ്‌ലിംകള്‍ ദുഹ്ര്‍ ഖസ്‌റാക്കി നമസ്‌കരിച്ചു. ഇതു കണ്ട ഖാലിദുബ്‌നുല്‍ വലീദ് സംഘത്തോട് പറഞ്ഞു: ഇവര്‍ക്ക് ഏറ്റവും പ്രിയങ്കരമായ നമസ്‌കാരമാണ് അടുത്ത (അസ്ര്‍) നമസ്‌കാരം. അവര്‍ മുഖം നിലത്തുവെക്കുമ്പോള്‍ അവരെ ഒന്നായിട്ട് ആക്രമിക്കാന്‍ പറ്റിയ സന്ദര്‍ഭമാണ്. പക്ഷേ, ഭയമുള്ള സന്ദര്‍ഭത്തില്‍ നമസ്‌കാരത്തിന്റെ (സ്വലാതുല്‍ ഖൗഫ്) രൂപം അല്ലാഹു വഹ്‌യ് ഇറക്കിയതിനാല്‍ ഖാലിദിന്റെ ആ തന്ത്രം പാളി.
നബി(സ) അനുയായികളോട് നാം എന്താണ് ചെയ്യേണ്ടതെന്ന് കൂടിയാലോചിച്ചു. ഖുറൈശികളുമായി സഹകരിച്ചവരോട് ഏറ്റുമുട്ടുകയാണോ അതോ ഉംറക്ക് തടസ്സം സൃഷ്ടിക്കുന്നവരുമായി ഏറ്റുമുട്ടുകയാണോ വേണ്ടത് എന്ന് ചര്‍ച്ച ചെയ്തു. അബൂബക്കര്‍(റ) പറഞ്ഞു: അല്ലാഹുവും അവന്റെ ദൂതനുമാണ് കൂടുതല്‍ അറിയുന്നവര്‍. ഉംറ നിര്‍വഹിക്കാനാണ് നാം പുറപ്പെട്ടത്. ഒരു യുദ്ധമല്ല നമ്മുടെ ലക്ഷ്യം. എന്നാല്‍ നമ്മെ തടയുന്നവരുമായി നാം ഏറ്റുമുട്ടും. അല്ലാഹുവാണേ, താങ്കള്‍ മുന്നോട്ട് ഗമിക്കുക. നബി(സ) പറഞ്ഞു: നിങ്ങള്‍ അല്ലാഹുവിന്റെ നാമത്തില്‍ മുന്നേറുക (ബുഖാരി 4178).
ശത്രുക്കള്‍ നിലകൊള്ളുന്ന തന്‍ഈം വഴിയില്‍ നിന്നു മാറി വഴികാട്ടാന്‍ ആരുണ്ടെന്ന് നബി(സ) അന്വേഷിച്ചു. അസ്‌ലം ഗോത്രത്തില്‍ പെട്ട ഒരാള്‍ വഴികാട്ടിയതനുസരിച്ച് നബിയും സഹാബിമാരും യാത്ര ചെയ്തു. കുന്നും കുഴികളുമുള്ള ഒരു ദുര്‍ഘട പാതയാണ് അവര്‍ സ്വീകരിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ഖുറൈശി സംഘത്തിന് യാത്ര ചെയ്യാന്‍ സാധ്യമാകാത്ത ദുര്‍ഘട പാതയായിരുന്നു അത്.
സനിയ്യതുല്‍ മുറാര്‍ ഉയര്‍ന്നൊരു കുന്നാണ്. അത് കയറിയിറങ്ങിയാല്‍ ഹുദൈബിയ ആയി. നബി(സ)യുടെ ഖസ്‌വ എന്ന ഒട്ടകം അവിടെ മുട്ടുകുത്തി. ആളുകള്‍ അതിനെ തെളിച്ചുനോക്കി, അത് എഴുന്നേറ്റില്ല. അപ്പോള്‍ ജനങ്ങള്‍ പറയാന്‍ തുടങ്ങി, ഖസ്‌വ ക്ഷീണിച്ചുപോയെന്ന്. നബി(സ) പറഞ്ഞു: ”ഖസ്‌വ തളര്‍ന്നതല്ല. അത് അതിന്റെ സ്വഭാവവുമല്ല. എന്നാല്‍ ആനപ്പടയെ തടഞ്ഞവന്‍ അതിനെയും തടഞ്ഞിരിക്കുകയാണ്.” എന്നിട്ട് അദ്ദേഹം പ്രഖ്യാപിച്ചു: ”എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവന്‍ തന്നെ സത്യം, അല്ലാഹുവിന്റെ പവിത്രകേന്ദ്രങ്ങളെ ആദരിച്ചുകൊണ്ടുള്ള ഏതൊരു കാര്യത്തിലേക്ക് ഖുറൈശികള്‍ എന്നെ ക്ഷണിച്ചാലും ഞാന്‍ അതിനു സന്നദ്ധനാകും” (സുനനു അബൂദാവൂദ്).
ശേഷം ഒട്ടകത്തെ തെളിച്ചപ്പോള്‍ അത് ചാടിയെഴുന്നേറ്റു. എന്നിട്ട് മക്കയില്‍ നിന്ന് വടക്കുപടിഞ്ഞാറ് 22 കി.മീ. അകലെയുള്ള, ഇന്ന് ശുമൈസി എന്ന് അറിയപ്പെടുന്ന ഹുദൈബിയ എന്ന സ്ഥലത്ത് ഒരു ചെറിയ കിണറിനു സമീപം താവളമടിച്ചു. അതില്‍ വെള്ളം കുറവായതിനാല്‍ ദാഹം സഹിക്കാനാവാതെ ജനങ്ങള്‍ നബിയോട് പരാതി പറഞ്ഞു. അദ്ദേഹം തന്റെ ആവനാഴിയില്‍ നിന്ന് ഒരു അമ്പെടുത്ത് അതില്‍ വെക്കാന്‍ കല്‍പിച്ചു. അതോടെ വെള്ളം സുലഭമായി (ബുഖാരി 2731).
ഖുറൈശി
പ്രതിനിധികള്‍

മുസ്‌ലിംകളുടെ ആഗമനോദ്ദേശ്യം അന്വേഷിക്കാനായി ഖുസാഅ ഗോത്രക്കാരനായ ബദീലുബ്‌നു വര്‍ഖാഇനെ പ്രവാചക സന്നിധിയിലേക്ക് അയച്ചു. ‘ഞങ്ങള്‍ ഉംറ നിര്‍വഹിക്കാന്‍ വന്നവരാണ്. യുദ്ധം ഞങ്ങളുടെ ലക്ഷ്യമല്ല. ആരെങ്കിലും ഇസ്‌ലാം ആശ്ലേഷിക്കുകയാണെങ്കില്‍ അവരെ ഞങ്ങള്‍ സ്വാഗതം ചെയ്യും. ഞങ്ങളുടെ ഉംറ യാത്രയ്ക്ക് ആരെങ്കിലും തടസ്സം നിന്നാല്‍ അവരില്‍ അവസാനത്തെ ആളോട് വരെ ഞങ്ങള്‍ യുദ്ധം ചെയ്യും’ എന്ന് നബി(സ) ബദീലിനെ അറിയിച്ചു. ആ വിവരം ബദീല്‍ ഖുറൈശികളെ ബോധ്യപ്പെടുത്തിയെങ്കിലും അവര്‍ അത് വിശ്വസിച്ചില്ല.
മക്കക്കാര്‍ സഖീഫ് ഗോത്രക്കാരനായ ഉര്‍വതുബ്‌നു മസ്ഊദിനെ പറഞ്ഞയച്ചു. അദ്ദേഹത്തോടും പ്രവാചകന്‍ പറഞ്ഞ മറുപടി അതുതന്നെയായിരുന്നു. അതിനു ശേഷം മതചിഹ്നങ്ങളെയും ബലിമൃഗങ്ങളെയും ആദരിക്കുന്ന വ്യക്തിയും കിനാന ഗോത്രക്കാരനുമായ ഹുലൈസുബ്‌നു അല്‍ഖമയെ നിയോഗിച്ചു. അദ്ദേഹം കാണത്തക്കവിധം ബലി അടയാളം കെട്ടിയ മൃഗങ്ങളെ മുന്നോട്ടു നിര്‍ത്താനും തല്‍ബിയത് ഉച്ചത്തില്‍ ആവര്‍ത്തിക്കാനും നബി(സ) നിര്‍ദേശിച്ചു. അദ്ദേഹവും തിരിച്ചുചെന്ന് ഖുറൈശികളോട് ‘സുബ്ഹാനല്ലാഹ്, ഇവരെ കഅ്ബയില്‍ നിന്ന് തടയരുത്. അവര്‍ ഉംറ മാത്രം ഉദ്ദേശിച്ചു വന്നതാണ്’ എന്ന് അറിയിച്ചു. തന്നോട് എതിരെ പറഞ്ഞവരോട് അദ്ദേഹം സംവദിച്ചു. തുടര്‍ന്ന് ഉര്‍വതുബ്‌നു മസ്ഊദ് സഖഫി പറഞ്ഞു: ‘ഹുലൈസ് നിങ്ങള്‍ക്കു മുമ്പില്‍ വിവേകത്തിന്റെ മാര്‍ഗമാണ് സമര്‍പ്പിച്ചിട്ടുള്ളത്. നിങ്ങള്‍ അത് സ്വീകരിക്കുക. മുഹമ്മദിനോട് ഒന്ന് സംസാരിക്കാന്‍ ഞാനും ഉദ്ദേശിക്കുന്നു.’ അങ്ങനെ അദ്ദേഹം വന്ന് നബി(സ)യോട് സംസാരിച്ചു. മുസ്‌ലിംകളെ പിന്തിരിപ്പിക്കാനുള്ള ചില കുതന്ത്രങ്ങളൊക്കെ അദ്ദേഹം പയറ്റിനോക്കി. നബി(സ) ബദീലിനോട് സ്വീകരിച്ച അതേ സമീപനം തന്നെ ഇദ്ദേഹത്തോടും സ്വീകരിച്ചു. അപ്പോള്‍ ഉര്‍വ പറഞ്ഞു: ‘മുഹമ്മദ്, സ്വന്തം ജനതയ്‌ക്കെതിരെ ഉന്മൂലന യുദ്ധം നയിച്ച ആരെയെങ്കിലും നീ കണ്ടിട്ടുണ്ടോ, നീയല്ലാതെ? നിന്റെ കൂടെയുള്ള അധമന്‍മാരായ ആളുകള്‍ നിന്നെ കൈവെടിയും.’ ഇതു കേട്ട് അബൂബക്കര്‍ കുപിതനായി ആക്രോശിച്ചുകൊണ്ട് മറുപടി പറഞ്ഞു. ഉര്‍വ നബിയോട് സംസാരിക്കുന്നതിനിടയില്‍ പ്രവാചകന്റെ താടി പിടിക്കുന്നുണ്ടായിരുന്നു. ഉര്‍വയുടെ സഹോദരപുത്രനായ സഹാബി മുഗീറതുബ്‌നു ശുഅബക്ക് അത് ഇഷ്ടപ്പെട്ടില്ല. അപ്പോഴൊക്കെ തന്റെ കൈയിലുള്ള വാള്‍ത്തലപ്പുകൊണ്ട് ഉര്‍വയുടെ കൈയില്‍ അടിച്ചുകൊണ്ടിരുന്നു.

അനുചരന്മാര്‍ പ്രവാചകനെ കൈവെടിയുമെന്ന് ആശിച്ച ഉര്‍വ കാണ്‍കെ, സഹാബിമാര്‍ പ്രവാചകനോട് അതിരറ്റ വിനയം കാണിക്കുകയും അദ്ദേഹം അംഗസ്‌നാനം ചെയ്ത വെള്ളം ശരീരത്തില്‍ തടവുകയും പാനം ചെയ്യുകയും ചെയ്തു. പ്രവാചകനോട് അനുചരന്മാരുടെ സ്‌നേഹബഹുമാനങ്ങള്‍ കണ്ട് അതിശയം പൂണ്ട് ഉര്‍വ മക്കയിലേക്ക് തിരിച്ചുപോയി. ഖുറൈശികളുടെ അടുക്കല്‍ ചെന്ന് ഉര്‍വ പറഞ്ഞു: ‘ജനങ്ങളേ, ഞാന്‍ അനേകം രാജാക്കന്മാരെ കണ്ടിട്ടുണ്ട്. ഞാന്‍ കിസ്‌റ, ഖൈസര്‍, നേഗസ് ചക്രവര്‍ത്തിമാരുടെ കൊട്ടാരങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍, മുഹമ്മദിന്റെ അനുയായികള്‍ മുഹമ്മദിനെ ആദരിക്കുന്നതുപോലെ അവരുടെ പ്രജകള്‍ അവരെ ആദരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.
അദ്ദേഹം അംഗസ്‌നാനം ചെയ്ത വെള്ളം ദേഹത്ത് പുരട്ടുന്നവര്‍ അതിനായി മത്സരിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹം എന്തു പറഞ്ഞാലും വിനയത്തോടെ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നു. അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ അവരുടെ ശബ്ദം പോലും അവര്‍ ഉയര്‍ത്തുന്നില്ല. അദ്ദേഹത്തോടുള്ള ആദരവിനാല്‍ വിനയത്തോടെയാണ് അവര്‍ നോക്കുന്നതുപോലും. നിങ്ങളോട് പക്വമായ അഭിപ്രായമാണ് അദ്ദേഹം പ്രകടിപ്പിച്ചത്’ (ബുഖാരി 2731).
എന്നാല്‍, ഇതൊന്നും ചെവിക്കൊള്ളാതെ അവരില്‍ നിന്ന് 80ഓളം വരുന്ന യുദ്ധക്കൊതിയരായ യുവാക്കള്‍ പാതിരാത്രിയില്‍ മുസ്‌ലിം താവളത്തിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചു. എന്നാല്‍ മുസ്ലിം പാറാവുകാരനായ മുഹമ്മദുബ്‌നു മസ്‌ലമ അവരെ ബന്ദികളാക്കി നബിയെ ഏല്‍പിച്ചു. എന്നാല്‍ ഐക്യത്തിലും സന്ധിയിലുമുള്ള പ്രതീക്ഷയില്‍ നബി(സ) അവരെ വെറുതെ വിട്ടു. ഇതു സംബന്ധിച്ച ഖുര്‍ആന്‍ വചനങ്ങള്‍ അപ്പോള്‍ അവതീര്‍ണമായി: ”അവര്‍ക്ക് (ശത്രുക്കള്‍ക്ക്) എതിരില്‍ നിങ്ങള്‍ക്ക് വിജയം നല്‍കിയതിനു ശേഷം അവനാണ് മക്കയുടെ ഉള്ളില്‍ വെച്ച് അവരുടെ കൈകള്‍ നിങ്ങളില്‍ നിന്നും നിങ്ങളുടെ കൈകള്‍ അവരില്‍ നിന്നും തടഞ്ഞുനിര്‍ത്തിയത്. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു” (വി.ഖു. 48:24).
പ്രവാചകന്റെ
പ്രതിനിധികള്‍

മുസ്‌ലിംകളുടെ ആഗമന ഉദ്ദേശ്യം അറിയിക്കുന്നതിനായി ഖര്‍റാശുബ്‌നു ഉമയ്യയെ പ്രവാചകന്‍ നിയോഗിച്ചു. അവര്‍ അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം ഓടി രക്ഷപ്പെട്ടു. അദ്ദേഹം സഞ്ചരിച്ച സഅ്‌ലബ് ഒട്ടകത്തെ അവര്‍ വധിച്ചു. മുസ്‌ലിംകളെ ആക്രമിക്കാന്‍ വേണ്ടി അവര്‍ ഒരു സംഘത്തെ നിയോഗിച്ചു. മുസ്‌ലിംകള്‍ അവരെ പിടികൂടിയെങ്കിലും നബി(സ) അവരെ വിട്ടയച്ചു.
ഉസ്മാനുബ്‌നു അഫ്ഫാനെ(റ) നബി(സ) മക്കയിലേക്ക് അയച്ചു. അബ്ബാനുബ്‌നു സഈദ് അമവിയുടെ സംരക്ഷണത്തില്‍ അദ്ദേഹം മക്കയില്‍ പ്രവേശിച്ചു. പ്രവാചകന്റെ സന്ദേശം ഖുറൈശികളെ അറിയിച്ചു. അതു കേട്ട് അവര്‍ പറഞ്ഞു: ‘ഇനി നിനക്ക് നിന്റെ ആവശ്യങ്ങള്‍ നിര്‍വഹിക്കാം.’ അബ്ബാന്‍ അദ്ദേഹത്തെ കുതിരപ്പുറത്ത് കയറ്റി മക്കയിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന് ത്വവാഫ് ചെയ്യാന്‍ അനുമതി നല്‍കി. എന്നാല്‍ അദ്ദേഹം അത് നിരസിച്ചുകൊണ്ട് പറഞ്ഞു: അല്ലാഹുവിന്റെ ദൂതര്‍ ത്വവാഫ് ചെയ്യുന്നതുവരെ ഞാന്‍ ത്വവാഫ് ചെയ്യില്ല. ശേഷം അവര്‍ ഉസ്മാനെ(റ) തടവിലാക്കി.
ബൈഅതു റിദ്‌വാന്‍
ഉസ്മാന്റെ(റ) തിരിച്ചുവരവ് ദീര്‍ഘിച്ചതോടെ അദ്ദേഹം വധിക്കപ്പെട്ടുവെന്ന് മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിച്ചു. ഇതു കേട്ട് നബി(സ) സഹാബിമാരോട് കരാര്‍ വാങ്ങി. മരിക്കുവോളം പിന്തിരിയാതെ യുദ്ധരംഗത്ത് ഉറച്ചുനില്‍ക്കും എന്ന് അവര്‍ പ്രവാചകന്റെ കൈപിടിച്ച് പ്രതിജ്ഞ ചെയ്തു. അബൂസിനാനുല്‍ അസദിയാണ് ആദ്യം കരാര്‍ ചെയ്തത്. അദ്ദേഹം ആദ്യത്തിലും മധ്യത്തിലും അവസാനത്തിലും കരാര്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഉസ്മാനു(റ) വേണ്ടി പ്രവാചകന്‍(സ) തന്നെ തന്റെ വലതുകരം ഇടതുകരത്തില്‍ വെച്ചുകൊണ്ട് കരാര്‍ ചെയ്തു. കപടവിശ്വാസിയായ ജദ്ദുബ്‌നു ഖൈസ് മാത്രമാണ് ഇതില്‍ നിന്നു മാറിനിന്നത്. ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍ വെച്ചാണ് ഈ പ്രതിജ്ഞ നിര്‍വഹിച്ചത് എന്നതിന്റെ പേരില്‍ ബൈഅതു ശജറ എന്നും ഇത് അറിയപ്പെടുന്നു.
ഈ ഉടമ്പടിയില്‍ പങ്കെടുത്തവര്‍ സ്വര്‍ഗത്തിലാണെന്ന് നബി അറിയിച്ചിട്ടുണ്ട്. ഖുര്‍ആന്‍ പറയുന്നു: ”ആ മരത്തിന്റെ ചുവട്ടില്‍ വെച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്തിരുന്ന സന്ദര്‍ഭത്തില്‍ തീര്‍ച്ചയായും അല്ലാഹു അവരെപ്പറ്റി തൃപ്തിപ്പെട്ടിരിക്കുന്നു. അവരുടെ ഹൃദയങ്ങളിലുള്ളത് അവന്‍ അറിയുകയും അങ്ങനെ അവര്‍ക്ക് അവന്‍ മനഃസമാധാനം ഇറക്കിക്കൊടുക്കുകയും ആസന്നമായ വിജയം അവര്‍ക്ക് പ്രതിഫലമായി നല്‍കുകയും ചെയ്തു” (48:18). പില്‍ക്കാലത്ത് ഈ വൃക്ഷത്തിനു സമീപത്ത് ആളുകള്‍ പ്രത്യേകമായി നമസ്‌കാരം നിര്‍വഹിക്കുന്നുണ്ട് എന്നറിഞ്ഞ ഉമര്‍(റ) ഈ വൃക്ഷം മുറിച്ചുമാറ്റുകയാണ് ഉണ്ടായത്. സഹാബികളുടെ ഈ മരണപ്രതിജ്ഞയെക്കുറിച്ച് വാര്‍ത്ത പ്രചരിച്ചതോടെ ഖുറൈശികള്‍ക്കിടയില്‍ വലിയ അങ്കലാപ്പ് ഉണ്ടായി.
മിക്‌റസുബ്‌നു ഹഫ്‌സിന്റെ നേതൃത്വത്തില്‍ മുസ്‌ലിംകളുടെ സൈനികനീക്കങ്ങള്‍ അറിയാന്‍ വേണ്ടി ഖുറൈശികള്‍ 50 പേരെ നിയോഗിച്ചു. മുസ്‌ലിംകളുടെ സൈന്യത്തിന്റെ കാവല്‍ക്കാരനായ മുഹമ്മദ് ബിന്‍ മസ്‌ലമ അവരെ പിടികൂടി. അവരുടെ നേതാവ് മിക്‌റസ് വിരണ്ടോടി. ഇതറിഞ്ഞ ഖുറൈശികളില്‍ ഒരു സംഘം മുസ്‌ലിംകളോട് ഏറ്റുമുട്ടാന്‍ തുടങ്ങി. അവരില്‍ നിന്ന് 12 പേരെ ബന്ധനസ്ഥരാക്കി. ഒരു മുസ്‌ലിം രക്തസാക്ഷിയായി. പിന്നീട് ഉസ്മാന്‍(റ) തിരിച്ചുവന്നു.

സന്ധിയുടെ
വ്യവസ്ഥകള്‍

1. പത്തു വര്‍ഷത്തേക്ക് ഇരു വിഭാഗവും തമ്മില്‍ യുദ്ധം ചെയ്യാന്‍ പാടില്ല.
2. ഖുറൈശികളില്‍ നിന്ന് ഇസ്‌ലാം സ്വീകരിച്ച് മുഹമ്മദിന്റെ അടുത്തേക്ക് വരുന്നവരെ തിരിച്ചയക്കണം.
3. മുഹമ്മദിന്റെ കൂടെയുള്ളവര്‍ ആരെങ്കിലും ഖുറൈശികളിലേക്ക് ചെന്നാല്‍ അവരെ തടഞ്ഞുവെക്കാന്‍ പാടില്ല.
4. ഈ വര്‍ഷം മുഹമ്മദും അനുയായികളും തിരിച്ചുപോവുകയും അടുത്ത വര്‍ഷം ഉറയില്‍ സൂക്ഷിച്ച യാത്രാവാള്‍ ഒഴികെ മറ്റൊരായുധവും ഇല്ലാതെ മക്കയില്‍ പ്രവേശിച്ച് മൂന്നു ദിവസം കൊണ്ട് ഉംറ പൂര്‍ത്തിയാക്കി മടങ്ങുകയും ചെയ്യണം.
5. സഖ്യ ഉടമ്പടിയില്‍ ഇരു വിഭാഗത്തിലും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആര്‍ക്കും അവകാശം ഉണ്ടായിരിക്കും.
സന്ധിക്കായുള്ള
വിട്ടുവീഴ്ചകള്‍

ഉടമ്പടി വ്യവസ്ഥയില്‍ ഏകപക്ഷീയമായ കീഴടങ്ങല്‍ പ്രത്യക്ഷത്തില്‍ തോന്നിപ്പിക്കുന്ന നിബന്ധനകളാണ് പരസ്പരം അംഗീകരിച്ചതെന്ന് കരാര്‍ വായിക്കുന്ന ആര്‍ക്കും ബോധ്യമാകും. അല്ലാഹുവിന്റെ നാമത്തിന്റെ കൂടെ റഹ്‌മാന്‍, റഹീം (പരമകാരുണികന്‍, കാരുണ്യവാന്‍) എന്ന വിശേഷണങ്ങള്‍ ചേര്‍ക്കുന്നത് ഖുറൈശികളുടെ പ്രതിനിധി സുഹൈല്‍ ഇബ്‌നു അംറ് അംഗീകരിച്ചില്ല. അതിനാല്‍ അവരുടെ താല്‍പര്യപ്രകാരം ‘അല്ലാഹുവേ, നിന്റെ നാമത്തില്‍’ എന്നാണ് എഴുതിയത്. ‘അല്ലാഹുവിന്റെ ദൂതന്‍ മുഹമ്മദുമായുള്ള കരാര്‍’ എന്നതും അവര്‍ അംഗീകരിച്ചില്ല. ‘മുഹമ്മദുബ്‌നു അബ്ദുല്ല’ എന്ന് മാറ്റി എഴുതി. ‘അല്ലാഹുവിന്റെ ദൂതന്‍’ എന്ന ഭാഗം മായ്ക്കാന്‍ വിസമ്മതിച്ച നബിയുടെ എഴുത്തുകാരന്‍ അലി(റ)യോട് ആ ഭാഗം കാണിക്കാന്‍ പറഞ്ഞ് നബി തന്നെ അത് മായ്ച്ചു.
സുഹൈല്‍ ഇബ്‌നു അംറ് മക്കാ വിജയകാലത്ത് മുസ്‌ലിമാവുകയും ഹുനൈന്‍ യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്ത സഹാബിയാണ്. ഹിജ്‌റ 18ല്‍ അംവാസില്‍ പടര്‍ന്ന പ്ലേഗ് ബാധിച്ചാണ് അദ്ദേഹം മരണമടഞ്ഞത്. കരാര്‍ വ്യവസ്ഥ പരസ്പരം ചര്‍ച്ച ചെയ്തു അംഗീകാരത്തിലാകുന്നതിനു തൊട്ടുമുമ്പ് ഖുറൈശികളുടെ പ്രതിനിധിയായി എഴുതുന്ന സുഹൈലിന്റെ മകന്‍ അബൂജന്‍ദല്‍ ചങ്ങലയില്‍ ബന്ധിതനാക്കിയ മക്കക്കാരില്‍ നിന്നു ചങ്ങല പൊട്ടിച്ച് പുറത്തു വന്നു പ്രവാചകനോട് അഭയം ചോദിച്ചു. ഈ സമയത്ത് സുഹൈല്‍ മുഹമ്മദ് നബിയോട് പറഞ്ഞു: ‘മുഹമ്മദ്, കരാര്‍ പൂര്‍ത്തീകരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കുന്ന സന്ദര്‍ഭമാണിത്.’
പ്രവാചകന്‍(സ) പറഞ്ഞു: ‘സന്ധിയില്‍ ഒപ്പുവെച്ചില്ലല്ലോ. ചര്‍ച്ച തുടരുന്നേയുള്ളൂ.’ അപ്പോള്‍ സുഹൈല്‍ പറഞ്ഞു: ‘അല്ലാഹുവാണേ, അങ്ങനെയെങ്കില്‍ ഈ കരാര്‍ പാലിക്കുകയില്ല.’ സുഹൈല്‍ മകന്‍ അബൂജന്‍ദലിന്റെ മുഖത്തടിച്ച് അവനെ പിടിച്ചുവലിച്ച് തിരിച്ചുകൊണ്ടുപോയി. അബൂജന്‍ദല്‍ ഉച്ചത്തില്‍ വിളിച്ചുചോദിച്ചു: ‘മുസ്‌ലിം സമൂഹമേ, എന്റെ മതത്തില്‍ ഇനിയും പരീക്ഷിക്കപ്പെടാനായി എന്നെ നിങ്ങള്‍ അമുസ്‌ലിംകളുടെ കൂടെ തന്നെ തിരിച്ചയക്കുകയാണോ?’ നബി അദ്ദേഹത്തെ ആശ്വസിപ്പിച്ചു: ‘അബൂജന്‍ദല്‍, ക്ഷമിക്കുക, അല്‍പം കൂടി കാത്തിരിക്കുക. നിനക്കും നിന്നെപ്പോലുള്ള മര്‍ദിതര്‍ക്കും അല്ലാഹു ഒരു തുറവി തരുകയും വിജയം നല്‍കുകയും ചെയ്യും. ഇവരുമായി ഞങ്ങള്‍ ഒരു കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നു. പരസ്പരം വഞ്ചിക്കില്ലെന്ന് അല്ലാഹുവിന്റെ പേരില്‍ ഞങ്ങള്‍ കരാര്‍ ചെയ്തുകഴിഞ്ഞു’ (സീറതുന്നബി, ഇബ്‌നു ഹിശാം).
അബൂജന്‍ദലിന് ഖുറൈശികളുടെ അടുത്തേക്കു തന്നെ തിരിച്ചുപോകേണ്ടിവന്നു. സുഹൈലും മക്കയിലേക്കു മടങ്ങി. വിതുമ്പുന്ന മനസ്സുമായി അബൂജന്‍ദലിന്റെ തിരിച്ചുപോക്കിനെ മുസ്‌ലിംകള്‍ കണ്ടു. അവര്‍ കണ്ണുനീര്‍ വാര്‍ത്തു. പ്രവാചകന് രക്ഷിതാവില്‍ നിന്ന് കിട്ടിയ വിവരവും നയതന്ത്രജ്ഞതയും മനസ്സിലാകാത്ത സഹാബിമാരില്‍ പലരും ഏകപക്ഷീയമാണ് എന്നു തോന്നിയേക്കാവുന്ന ഈ കരാറിനെ ഇഷ്ടപ്പെടാത്തവരായിരുന്നു. അവരില്‍ ചിലര്‍ വല്ലാതെ വിഷമിച്ചു. ഉമര്‍(റ) നബിയോട് ചോദിച്ചു: ‘നബിയേ, അങ്ങ് അല്ലാഹുവിന്റെ ദൂതരല്ലേ?’ നബി പറഞ്ഞു: ‘അതെ, തീര്‍ച്ചയായും.’ അദ്ദേഹം വീണ്ടും ചോദിച്ചു: ‘നമ്മള്‍ മുസ്‌ലിംകളല്ലേ?’ നബി പറഞ്ഞു: ‘അതെ, തീര്‍ച്ചയായും.’ അദ്ദേഹം വീണ്ടും ചോദിച്ചു: ‘അവരെല്ലാം ബഹുദൈവാരാധകല്ലേ?’ നബി പറഞ്ഞു: ‘അതേ, തീര്‍ച്ചയായും.’ ‘നാം മരണമടഞ്ഞാല്‍ സ്വര്‍ഗത്തിലും അവര്‍ മരണമടഞ്ഞാല്‍ നരകത്തിലുമല്ലേ?’ അദ്ദേഹം പറഞ്ഞു: ‘അതെ, തീര്‍ച്ചയായും.’ ‘എങ്കില്‍ എന്തിന് നമ്മുടെ ദീനിനെ അവര്‍ക്ക് അടിയറ വെക്കണം?’ നബി(സ) പറഞ്ഞു: ‘തീര്‍ച്ചയായും ഞാന്‍ അല്ലാഹുവിന്റെ ദൂതനാണ്. എനിക്ക് അവനെ അനുസരിക്കാതിരിക്കാന്‍ നിര്‍വാഹമില്ല’ (മുഅയ്യിനുസ്സീറ).

പരസ്പരമുള്ള കരാര്‍ എഴുതിത്തീര്‍ന്നതോടെ എല്ലാവരോടും എഴുന്നേറ്റ് ബലി അറുക്കാന്‍ വേണ്ടി നബി(സ) ആവശ്യപ്പെട്ടു. പക്ഷേ, വിതുമ്പുന്ന മനസ്സുമായി സഹാബികള്‍ എഴുന്നേറ്റില്ല. പ്രവാചകന്റെ അനുഭവത്തിലെ ആദ്യത്തെ സംഭവം! തന്റെ താല്‍പര്യം അറിഞ്ഞിട്ടും സഹാബിമാര്‍ അലംഭാവം കാണിക്കുന്നതില്‍ പ്രവാചകന് അതീവ ദുഃഖമുണ്ടായി. പ്രവാചകന്റെ കൂടെയുള്ള പത്‌നി ഉമ്മുസലമ(റ)യോട് ഈ സങ്കടം പങ്കുവെച്ചു. അവര്‍ പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, താങ്കള്‍ ബലി അറുക്കണമെന്ന് ഉദ്ദേശിക്കുന്നുവെങ്കില്‍ ആരോടും ഒന്നും സംസാരിക്കാതെ താങ്കള്‍ ചെന്ന് താങ്കളുടെ മൃഗത്തെ ബലി അറുക്കുക. തുടര്‍ന്ന് ക്ഷുരകനെ വിളിച്ച് മുടിയെടുക്കുകയും ചെയ്യുക. അപ്പോള്‍ അവരും അത് പിന്തുടര്‍ന്നുകൊള്ളും.’ നബി(സ) അപ്രകാരം ചെയ്തു. അതോടെ അനുചരന്മാരെല്ലാം നബിയെ അനുഗമിച്ചു. തനിക്ക് ബദ്‌റില്‍ യുദ്ധാര്‍ജിതമായി ലഭിച്ച അബൂജഹലിന്റെ ഒട്ടകത്തെയാണ് നബി(സ) ബലി അറുത്തത്.
സ്ത്രീകള്‍ക്കുള്ള
സുരക്ഷിതത്വം

ഉഖ്ബയുടെ മകള്‍ ഉമ്മുകുല്‍സൂം (ഉസ്മാന്റെ(റ) ഉമ്മയൊത്ത സഹോദരി) ഉള്‍പ്പെടെ ഏതാനും വനിതകള്‍ പിന്നീട് ഇസ്‌ലാം സ്വീകരിച്ച്, തങ്ങളെ സ്വീകരിക്കണമെന്ന് പറഞ്ഞ് അവര്‍ മുസ്‌ലിം പക്ഷത്തേക്ക് വന്നു. അവരുടെ രക്ഷിതാക്കള്‍ ഹുദൈബിയാ സന്ധിവ്യവസ്ഥ പറഞ്ഞ് അവരെ തിരിച്ചയക്കാന്‍ ആവശ്യപ്പെട്ടു. പ്രവാചകന്‍ അത് നിരസിച്ചു. ‘സന്ധിവ്യവസ്ഥയില്‍ പുരുഷന്മാരെ മാത്രമാണ് സൂചിപ്പിച്ചിട്ടുള്ളത്, സ്ത്രീകള്‍ അതില്‍ നിന്ന് മുക്തരാണ്’ എന്ന് നബി(സ) പറഞ്ഞു.
ഇതാണ് ഖുര്‍ആന്‍ പറഞ്ഞത്: ”സത്യവിശ്വാസികളേ, വിശ്വാസിനികളായ സ്ത്രീകള്‍ അഭയാര്‍ഥിനികളായിക്കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങള്‍ അവരെ പരീക്ഷിച്ചുനോക്കണം. അവരുടെ വിശ്വാസത്തെപ്പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാണ്. എന്നിട്ട് അവര്‍ വിശ്വാസിനികളാണെന്ന് നിങ്ങള്‍ അറിഞ്ഞുകഴിഞ്ഞാല്‍ അവരെ നിങ്ങള്‍ സത്യനിഷേധികളുടെ അടുത്തേക്ക് മടക്കി അയക്കരുത്. ആ സ്ത്രീകള്‍ അവര്‍ക്ക് അനുവദനീയമല്ല. അവര്‍ ആ സ്ത്രീകള്‍ക്കും അനുവദനീയമല്ല” (വി.ഖു. 60:10). മദീനയിലേക്ക് തഹല്ലുലായി തിരിച്ചുപോരുമ്പോള്‍ പ്രത്യക്ഷവിജയത്തിന്റെ സുവിശേഷ വചനം (48:1) അവതീര്‍ണമായി.
ഖുറൈശികള്‍ക്ക്
വിനയായ കരാര്‍
വ്യവസ്ഥ

പ്രവാചകന്‍ മദീനയില്‍ തിരിച്ചെത്തി ഏറെ കഴിയുന്നതിനു മുമ്പുതന്നെ അദ്ദേഹത്തിന്റെ അടുക്കല്‍ അബൂബസീര്‍ എന്ന (സഖീഫ് ഗോത്രത്തിലെ) ഒരാള്‍ മുസ്‌ലിമായി നബി(റ)യുടെ സന്നിധിയില്‍ വന്നു. കരാര്‍ പ്രകാരം അദ്ദേഹത്തെ തിരിച്ചുകൊണ്ടുപോകാന്‍ രണ്ടു പേര്‍ എത്തി. ഹുദൈബിയാ കരാര്‍ പ്രകാരം നബി(സ) അവര്‍ക്ക് അദ്ദേഹത്തെ ഏല്‍പിച്ചുകൊടുത്തു. അദ്ദേഹം അവരുടെ കൂടെ മടങ്ങവെ വഴിയില്‍ അതില്‍ ഒരാളെ കൈകാര്യം ചെയ്തു രക്ഷപ്പെട്ടു. മറ്റേയാള്‍ നബിയുടെ അടുക്കല്‍ പരാതിയുമായി വന്നു. അബൂബസീറും അവിടെയെത്തി. അദ്ദേഹം നബിയോട് പറഞ്ഞു: ‘നബിയേ, താങ്കള്‍ താങ്കളുടെ വാക്ക് പാലിച്ചു. അങ്ങനെ തിരിച്ചയച്ചു. പിന്നീട് അല്ലാഹു എന്നെ അവരില്‍ നിന്നു രക്ഷിച്ചു.’
നബി തന്നെ വീണ്ടും അവരിലേക്കു തിരിച്ചയക്കുമെന്ന് തോന്നിയപ്പോള്‍ അദ്ദേഹം അവിടെ നിന്നു സൈഫുല്‍ ബഹര്‍ എന്ന സ്ഥലത്തേക്ക് രക്ഷപ്പെട്ടു. ഏറെ താമസിയാതെ നേരത്തേ ഉടമ്പടി സമയത്ത് തിരിച്ചയച്ച അബൂജന്‍ദലും അവിടെയെത്തി. അങ്ങനെ എഴുപതോളം ആളുകള്‍ ഉള്‍പ്പെടുന്ന പുതുമുസ്‌ലിംകളുടെ ഒരു സംഘമായി മാറി അവര്‍. വേറെയും മുസ്‌ലിംകള്‍ ചേര്‍ന്ന് മുന്നൂറോളം ആളുകളുണ്ടായിരുന്നു. ശാമിലേക്ക് പോകുന്ന വ്യാപാരസംഘങ്ങള്‍ക്ക് അവര്‍ ഭീഷണിയായപ്പോള്‍ ഖുറൈശികള്‍ തന്നെ മുന്‍കൈയെടുത്ത് മുസ്‌ലിമായി വരുന്നവരെ തിരിച്ചയക്കണമെന്ന വ്യവസ്ഥ മാറ്റിയെഴുതണമെന്ന് നബി(സ)യോട് ആവശ്യപ്പെട്ടു.
ചരിത്രപാഠങ്ങള്‍
ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ ആദര്‍ശത്തില്‍ ഉറച്ചുനിന്നുകൊണ്ടുതന്നെ വിട്ടുവീഴ്ചയോടെയുള്ള സമീപനങ്ങള്‍ സ്വീകരിക്കണം. ആവശ്യമെങ്കില്‍ ആവര്‍ത്തിച്ചുള്ള ചര്‍ച്ചയും പരിഗണിക്കേണ്ടതാണ്. അത് നമ്മുടെ താല്‍പര്യത്തിന് എതിരാണെങ്കിലും അതില്‍ നമുക്ക് നന്മയുണ്ടാകും.
നയപരമായ സമീപനമാണ് നാം മാര്‍ഗരേഖയായി സ്വീകരിക്കേണ്ടത്. യുക്തിയോടും ജാഗ്രതയോടും കൂടിയാണ് ലക്ഷ്യം കൈവരിക്കാന്‍ ശ്രമിക്കേണ്ടത്. എത്ര ത്യാഗം ചെയ്യേണ്ടിവന്നാലും കരാര്‍ പൂര്‍ത്തിയാക്കണം. ദിവ്യസന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ നബി(സ)ക്ക് അദൃശ്യമായ കാര്യങ്ങള്‍ അറിയില്ല. അതുകൊണ്ടാണ് ഉസ്മാന്‍(റ) തിരിച്ചെത്താന്‍ വൈകിയപ്പോള്‍ വധിക്കപ്പെട്ടുവെന്ന ധാരണയില്‍ ‘മരിക്കുവോളം പോരാടു’മെന്ന് കരാര്‍ ചെയ്തത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുന്നവര്‍ക്ക് അവന്റെ സംതൃപ്തിയും വിജയവും നല്‍കും. വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ച വൃക്ഷമായിട്ടുപോലും ബിദ്അത്ത് ഭയപ്പെട്ട് ഉമര്‍(റ) ആ വൃക്ഷം മുറിച്ചുമാറ്റണമെങ്കില്‍, ആ കാര്യത്തില്‍ നാം പുലര്‍ത്തേണ്ട ജാഗ്രത വ്യക്തമാക്കുന്നു.
ചില സംഭവങ്ങള്‍
പ്രവാചകന്റെ മുഅ്ജിസത്ത് വ്യക്തമായ ഒരു സന്ദര്‍ഭം കൂടിയായിരുന്നു ഹുദൈബിയ. വെള്ളത്തിന്റെ ദൗര്‍ലഭ്യം നബിയെ അറിയിച്ചപ്പോള്‍ തന്റെ ആവനാഴിയിലെ അമ്പു കൊണ്ട് കിണറില്‍ കുത്തി, അപ്പോള്‍ വെള്ളം സമൃദ്ധമായി ഒഴുകി. യുദ്ധം പോലുള്ള നിര്‍ണായക രംഗങ്ങളില്‍ ഭയപ്പാടുള്ളപ്പോള്‍ നിര്‍വഹിക്കുന്ന സ്വലാത്തുല്‍ ഖൗഫ് അനുവദനീയമാക്കി.
ഇഹ്‌റാമില്‍ ആയിരിക്കെ വല്ല രോഗം നിമിത്തമോ, തലയില്‍ പേന്‍ മുതലായ മറ്റു ശല്യങ്ങള്‍ നിമിത്തമോ മുന്‍കൂട്ടി മുടി കളയേണ്ടുന്ന അത്യാവശ്യം നേരിട്ടാല്‍ അതിന് വിരോധമില്ല. അതിന് പ്രതിവിധിയായി ഒരു പ്രായശ്ചിത്തം വേണ്ടതുമുണ്ട്. നോമ്പോ ദാനധര്‍മമോ ബലികര്‍മമോ ആണ് പ്രായശ്ചിത്തം. കഅ്ബുബ്‌നു ഉജ്‌റയോട് ഒരാള്‍ ഇതിനെപ്പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം ഉത്തരം പറഞ്ഞത് ഇപ്രകാരമായിരുന്നു: ‘എന്നെ നബിയുടെ അടുക്കലേക്ക് കൊണ്ടുപോവുകയുണ്ടായി. എന്റെ മുഖത്തുകൂടി പേന്‍ ഉതിര്‍ന്നുവീഴുന്നുണ്ടായിരുന്നു.’ അപ്പോള്‍ തിരുമേനി പറഞ്ഞു: ‘നിനക്ക് ഇത്രക്ക് ബുദ്ധിമുട്ടുള്ളതായി ഞാന്‍ വിചാരിച്ചിരുന്നില്ല. നിനക്ക് ഒരു ആടിനെ കിട്ടുമോ? (ആടിനെ ബലികഴിക്കാന്‍ കഴിയുമോ?)’ ഞാന്‍ പറഞ്ഞു: ‘ഇല്ല.’ തിരുമേനി: ‘എന്നാല്‍, നീ മൂന്ന് ദിവസം നോമ്പ് നോല്‍ക്കുക, അല്ലെങ്കില്‍ ആറ് സാധുക്കള്‍ക്ക് അര സ്വാഅ് വീതം ഭക്ഷണം നല്‍കുക. മുടി കളയുകയും ചെയ്യുക.’ ഈ സംഭവം ഹുദൈബിയയിലാണ് നടന്നത്.
ഹുദൈബിയാ സന്ധി കഴിഞ്ഞ് തിരിച്ചുപോരുമ്പോള്‍ എല്ലാവരും വിശ്രമിക്കുമ്പോള്‍ നബി(സ) വിശ്രമിക്കാതെ സുബ്ഹി നമസ്‌കാരത്തിന്റെ സമയം അറിയാതെപോകുമോ എന്ന് ഭയപ്പെട്ട് ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു. ആ ദൗത്യം ബിലാല്‍(റ) സ്വന്തം ഏറ്റെടുക്കുകയും നബിയോട് ഉറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അദ്ദേഹം അറിയാതെ ഉറങ്ങി, പിന്നീട് വൈകി സുബ്ഹി നമസ്‌കാരം നിര്‍വഹിക്കേണ്ടിവന്നതും ഈ യാത്രയിലായിരുന്നു. ഹുദൈബിയയില്‍ മഴ പെയ്തപ്പോള്‍ ഞാറ്റുവേല നിമിത്തമാണ് മഴ പെയ്തതെന്ന് അഭിപ്രായപ്പെട്ടവര്‍ കുഫ്‌റിലേക്ക് നീങ്ങുകയാണെന്ന് മുന്നറിയിപ്പ് നല്‍കിയ സംഭവവും ഈ യാത്രയിലായിരുന്നു.

Back to Top