26 Thursday
December 2024
2024 December 26
1446 Joumada II 24

പ്രവാചകസ്‌നേഹം അകവും പുറവും

പി കെ മൊയ്തീന്‍ സുല്ലമി


പ്രവാചകനെ നാം സ്‌നേഹിക്കേണ്ടത് ആന്തരികമായും ആത്മാര്‍ഥമായിട്ടുമാണ്. അല്ലാഹു അരുളി: ‘നബി(സ) സത്യവിശ്വാസികള്‍ക്ക് സ്വന്തം ശരീരത്തെക്കാളും അടുത്തവനാകുന്നു'(അഹ്‌സാബ് 6). സത്യവിശ്വാസികള്‍ സ്വന്തം ശരീരത്തെക്കാളും പ്രവാചകനെ സ്‌നേഹിക്കണം എന്നാണ് മേല്‍പറഞ്ഞ വചനത്തിന്റെ താല്പര്യം. ഒരിക്കല്‍ ഉമര്‍(റ) നബി(സ)യോട് ഇപ്രകാരം പറയുകയുണ്ടായി: ‘അല്ലാഹുവിന്റെ ദൂതരേ, എന്റെ സ്വന്തം ശരീരം ഒഴിച്ച് മറ്റെല്ലാ വസ്തുക്കളെക്കാളും അങ്ങയെ ഞാന്‍ ഇഷ്ടപ്പെടുന്നു. അപ്പോള്‍ നബി(സ) പറഞ്ഞു: ഉമറേ, താങ്കളുടെ ശരീരത്തെക്കാളും താങ്കള്‍ എന്നെ ഇഷ്ടപ്പെടേണ്ടതുണ്ട്. അപ്പോള്‍ ഉമര്‍(റ) പറഞ്ഞു: അല്ലാഹു തന്നെ സത്യം, താങ്കള്‍ എനിക്ക് എന്റെ ശരീരത്തെക്കാളും മറ്റെല്ലാ വസ്തുക്കളെക്കാളും ഇഷ്ടപ്പെട്ടവരാകുന്നു. അപ്പോള്‍ നബി(സ) പറഞ്ഞു: ഉമറേ, ഇപ്പോഴാണ് താങ്കളുടെ ഇഷ്ടം ശരിയായത്’ (ബുഖാരി, ഇബ്‌നുകസീര്‍ 3/467)
മറ്റൊരു ഹദീസ് ഇപ്രകാരമാണ്: ‘എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനെ തന്നെയാണ് സത്യം. നിന്റെ സ്വന്തം ശരീരത്തെക്കാളും സമ്പത്തിനെക്കാളും സന്താനത്തെക്കാളും മറ്റു ലോകത്തുള്ള എല്ലാ ജനങ്ങളെക്കാളും നിങ്ങള്‍ എന്നെ ഇഷ്ടപ്പെടുന്നതുവരെ നിങ്ങളില്‍ ഒരാളും തന്നെ സത്യവിശ്വാസിയായിത്തീരുന്നതല്ല’ (ബുഖാരി). വേറൊരു ഹദീസ് ഇങ്ങനെയാണ്: ‘തന്റെ സന്താനത്തെക്കാളും പിതാവിനെക്കാളും ലോകത്തെ എല്ലാ ജനങ്ങളെക്കാളും എന്നെ നിങ്ങള്‍ ഇഷ്ടപ്പെടുന്നതുവരെ നിങ്ങളില്‍ ഒരാളും സത്യവിശ്വാസിയായിത്തീരുന്നതല്ല’ (ബുഖാരി, മുസ്‌ലിം)ലോകത്ത് ഏറ്റവുമധികം ജനങ്ങള്‍ ഇപ്പോഴും ഇഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വ്യക്തി നബി(സ)യാണ് എന്ന കാര്യത്തില്‍ മുസ്‌ലിംകള്‍ക്കിടയില്‍ തര്‍ക്കമുണ്ടാകുമെന്ന് തോന്നുന്നില്ല. കാരണം, നബി(സ)യുടെ സ്മരണ അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ അരുളിയതാണ്: ‘താങ്കള്‍ക്ക് താങ്കളുടെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു’ (ശര്‍ഹ് 4)
ലോകത്തുള്ള ലക്ഷോപലക്ഷം പള്ളികളില്‍ നിന്നുമുള്ള ബാങ്കിലൂടെ മുഴങ്ങിക്കേള്‍ക്കുന്ന ശബ്ദം അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ് എന്നാണ്. മാത്രവുമല്ല, പ്രസ്തുത ബാങ്കിനു ശേഷം കോടിക്കണക്കില്‍ മുസ്‌ലിംകള്‍ നബി(സ)ക്കുവേണ്ടി ഇപ്രകാരം പ്രാര്‍ഥിക്കുകയും ചെയ്യുന്നു: ‘അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍…… ആതി മുഹമ്മദനില്‍ വസീലത്ത വല്‍ഫളീലത്ത…’ എന്നു തുടങ്ങുന്ന പ്രാര്‍ഥനയും ചൊല്ലിക്കൊണ്ടിരിക്കുന്നു. അതിനും പുറമെ നബി(സ)യുടെ പേരു കേള്‍ക്കുമ്പോള്‍ നബി(സ)യുടെ മേല്‍ സ്വലാത്ത് ചൊല്ലല്‍ (പ്രാര്‍ഥിക്കല്‍) പ്രബലമായ സുന്നത്തില്‍ പെട്ടതാണ്.
അല്ലാഹു അരുളി: ‘തീര്‍ച്ചയായും അല്ലാഹുവും മലക്കുകളും നബി(സ)ക്ക് സ്വലാത്ത് ചെയ്യുന്നു (കാരുണ്യം കാണിക്കുന്നു). സത്യവിശ്വാസികളേ, നിങ്ങള്‍ അദ്ദേഹത്തിന്റെമേല്‍ സ്വലാത്ത് ചൊല്ലുക(കാരുണ്യത്തിനു വേണ്ടി പ്രാര്‍ഥിക്കുക)’ (അഹ്‌സാബ് 56). നബി(സ)യുടെ പേര് കേള്‍ക്കുമ്പോള്‍ സ്വലാത്ത് ചൊല്ലല്‍ ബിദ്്അത്തൊന്നുമല്ല. വിശുദ്ധ ഖുര്‍ആനിന്റെ കല്പനയാണത്. സ്വലാത്തും ദിക്‌റുമെല്ലാം ചിലര്‍ ഭൗതിക നേട്ടത്തിനുവേണ്ടിയുള്ള കച്ചവടച്ചരക്കുകളാക്കി മാറ്റുമ്പോള്‍, ചില നല്ല മനുഷ്യര്‍ അത് ബിദ്അത്താണോ? എന്ന് സംശയിക്കല്‍ സ്വാഭാവികമാണ്. നബി(സ)യുടെമേല്‍ സ്വലാത്ത് ചൊല്ലുന്നതിനെ സംബന്ധിച്ച് നിരവധി സ്വഹീഹായ ഹദീസുകള്‍ വന്നിട്ടുണ്ട്. നബി(സ) പറഞ്ഞു: ‘വല്ലവനും എന്റെ മേല്‍ ഒരു സ്വലാത്ത് ചൊല്ലുന്ന പക്ഷം അല്ലാഹു അവന് പത്ത് നന്മകള്‍ നല്‍കുന്നതാണ്’ (നസാഈ, തിര്‍മിദി). മറ്റൊരു ഹദീസ് ഇപ്രകാരമാണ്: ‘ഏറ്റവും വലിയ പിശുക്കന്‍ അവന്റെ അടുക്കല്‍ വെച്ച് എന്റെ നാമം ഉച്ചരിക്കപ്പെട്ടിട്ട് എന്റെ മേല്‍ സ്വലാത്ത് ചൊല്ലാത്തവനാണ്’ (തിര്‍മിദി)
നബി(സ)യെ സ്‌നേഹിക്കേണ്ടത് അവിടുത്തെ ചര്യകള്‍ പിന്‍പറ്റിക്കൊണ്ടാണ്. നബി(സ)യെ പിന്തുടരാത്ത വ്യക്തികള്‍ അല്ലാഹുവിനെയും സ്‌നേഹിക്കുന്നവരല്ല. അക്കാര്യം നബിയിലൂടെയാണ് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അതിപ്രകാരമാണ്: ‘നബിയേ, പറയുക. നിങ്ങള്‍ അല്ലാഹുവെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നവനാണ്’ (ആലുഇംറാന്‍ 31). മാത്രവുമല്ല, അല്ലാഹുവിന്റെ റസൂലിനെ അനുസരിച്ചവന്‍ മാത്രമേ അല്ലാഹുവെ അനുസരിച്ചവനാവുകയുള്ളൂ. അല്ലാഹു അരുളി: ‘അല്ലാഹുവിന്റെ ദൂതനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവെ അനുസരിച്ചു’ (നിസാഅ് 80)
ഭൗതികമായ നേട്ടത്തിനുവേണ്ടി നബി(സ)യോട് സ്‌നേഹം അഭിനയിക്കുന്നവര്‍ പിന്തുടരുന്നത് നബി(സ)യുടെ ചര്യയല്ല. കേവലം ചില നാട്ടാചാരങ്ങള്‍ മാത്രമാണ്. അത്തരക്കാരെ നബി(സ)യും അംഗീകരിച്ചിട്ടില്ല. നബി(സ) യെ സ്‌നേഹിക്കുന്ന സ്വര്‍ഗ വിശ്വാസികള്‍ ആരാണെന്ന് നബി(സ)തന്നെ നമുക്ക് പറഞ്ഞു തന്നിട്ടുമുണ്ട്. അതിപ്രകാരമാണ്: ‘എന്റെ ചര്യയെ വല്ലവനും സജീവമാക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ എന്നെ ഇഷ്ടപ്പെട്ടവനാണ്. അപ്രകാരം വല്ലവനും എന്നെ ഇഷ്ടപ്പെടുന്നപക്ഷം അവന്‍ എന്നോടൊപ്പം സ്വര്‍ഗത്തിലായിരിക്കും’ (തിര്‍മിദി 2678)
ഈ വിഷയകമായി വേറെയും ഹദീസുകള്‍ വന്നിട്ടുണ്ട്. ഇത് ഖുര്‍ആനിനോട് യോജിച്ചു വരുന്ന ഒരു ഹദീസുമാണ്. ജന്മദിനം ആഘോഷിക്കുന്നവര്‍ രണ്ട് തരം ബിദ്അത്തുകളാണ് ആചരിക്കുന്നത്. ഒന്ന്, ജന്മദിനം എന്ന ആഘോഷം. രണ്ട്, ജന്മദിനത്തില്‍ പാരായണം ചെയ്യപ്പെടുന്ന മൗലിദ്. മൗലിദ് എന്നത് ശിര്‍ക്കും കുഫ്‌റും നിറഞ്ഞതാണ്. മൗലിദാഘോഷം ബിദ്അത്താണെന്ന് ഇരുവിഭാഗം സമസ്തക്കാരും അംഗീകരിച്ചു പോന്നിട്ടുള്ളതുമാണ്. അവരുടെ പ്രസിദ്ധീകരണങ്ങള്‍ പരിശോധിച്ചാല്‍ തന്നെ അക്കാര്യം ബോധ്യപ്പെടുന്നതാണ്. കാന്തപുരം സുന്നികളുടെ പ്രസിദ്ധീകരണമാണ് സുന്നിവോയ്‌സ്. അതില്‍ രേഖപ്പെടുത്തിയത് കാണുക: ‘അടിസ്ഥാനപരമായി മൗലിദ് ബിദ്അത്താണ്’ (സുന്നിവോയ്‌സ് 2000 ജൂലായ്)
അവരുടെ സുന്നത്ത് മാസികയില്‍ രേഖപ്പെടുത്തിയത് ഇപ്രകാരമാണ്: ‘ഇമാം സുയൂത്വിയുടെ അഭിപ്രായത്തില്‍ ഹിജ്‌റ ആറാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തന്നെ നബിദിനാഘോഷം നടന്നിട്ടുണ്ട്’ (സുന്നത്ത് മാസിക 2000, ജൂ ണ്‍). ഇനി ഇ കെ വിഭാഗം സുന്നികള്‍ രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: ‘റബീഉല്‍ അവ്വലില്‍ നബി(സ)യുടെ ജന്മദിനം കൊണ്ടാടുന്ന രീതി സ്വഹാബികളുടെ കാലത്തോ ഉത്തമ നൂറ്റാണ്ടുകളിലോ ഉണ്ടായിരുന്നില്ലെന്നത് ശരിയാണ്’ (തെളിച്ചം മാസിക 2011 ഫെബ്രുവരി). ഇ കെ സുന്നികളുടെ മറ്റൊരു പ്രസ്താവന ശ്രദ്ധിക്കുക: ‘ഇമാം അബൂശാമ പറഞ്ഞത് ഇപ്രകാരം സംഗ്രഹിക്കാം. വര്‍ഷംതോറും നബി(സ)യുടെ ജന്മദിനത്തോടനുബന്ധിച്ച് നടന്നുവരുന്ന ദാനധര്‍മങ്ങളും സല്‍കര്‍മങ്ങളും സന്തോഷപ്രകടനങ്ങളും അലങ്കാരങ്ങളുമെല്ലാം നമ്മുടെ കാലത്തുണ്ടായ ഏറ്റവും നല്ല പുത്തനാചാരങ്ങളാണ്’ (സുന്നി അഫ്കാര്‍ 1999 ജൂണ്‍).
അപ്പോള്‍ സമസ്തക്കാരും അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് മൗലിദാഘോഷിക്കുന്ന മറ്റു യാഥാസ്ഥിതികരും മൗലിദാഘോഷം അല്ലാഹുവും റസൂലും നിരോധിച്ച ബിദ്്ത്തുകളില്‍ പെട്ടതാണെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് പ്രസ്തുത ആഘോഷം കൊണ്ടാടുന്നത്. എന്നിട്ടും ചിലര്‍ നബി (സ)യുടെ കാലത്ത് തന്നെ മൗലിദാഘോഷം നിലനിന്നിരുന്നുവെന്ന് പറയുന്നത് എത്രമാത്രം നുണയും പരിഹാസ്യവും നിറഞ്ഞതാണ്. അവര്‍ നബി(സ)യുടെ കാലത്തു തന്നെ മൗലിദാഘോഷം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ഓതാറുള്ള ഖുര്‍ആന്‍ വചനം ശ്രദ്ധിക്കുക: ‘പറയുക, അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടുമാണത്. അതുകൊണ്ട് അവര്‍ സന്തോഷിച്ചു കൊള്ളട്ടെ’ (യൂനുസ് 58).
മേല്‍ പറഞ്ഞ വചനം നബി(സ)യുടെ ജനനത്തെക്കുറിച്ചാണ് എന്ന് ഒരു തഫ്‌സീറിലും വന്നിട്ടില്ല. ഇനി ആരെങ്കിലും അപ്രകാരം ദുര്‍വ്യാഖ്യാനം ചെയ്താല്‍ അത് അംഗീകരിക്കാന്‍ സുന്നികള്‍ക്കു പോലും സാധ്യവുമല്ല. കാരണം, നബി(സ)യുടെ കാലത്ത് ജന്മദിനാഘോഷം ഉണ്ടായിരുന്നില്ലായെന്ന് അവരും രേഖപ്പെടുത്തിയതാണല്ലോ. പിന്നെ പ്രസ്തുത വചനത്തിന്റെ താല്പര്യം എന്താണ്? അത് സൂറത്ത് യൂനുസിലെ 57ാം വചനത്തിന്റെ വിശദീകരമമാണ്. ‘ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും മനസ്സുകളിലുള്ള രോഗത്തിന് ശമനവും നിങ്ങള്‍ക്ക് വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും വന്നു കിട്ടിയിരിക്കുന്നു’ (യൂനുസ് 57). അഥവാ ഖുര്‍ആന്‍ വന്നുകിട്ടിയതില്‍ അവര്‍ സന്തോഷിച്ചു കൊള്ളട്ടെ എന്നാണ് അല്ലാഹു പറഞ്ഞത്. അത് നബി(സ)യുടെ ജന്മമായി ദുര്‍വ്യാഖ്യാനം ചെയ്തു.
മേല്‍പറഞ്ഞ സുറത്ത് യൂനുസിലെ 58ാം വചനത്തിന്റെ ദുര്‍വ്യാഖ്യാനത്തില്‍ മുസ്‌ല്യാക്കള്‍ പള്ളി ദര്‍സുകളില്‍ ചൊല്ലിക്കൊടുക്കുന്ന ഏക തഫ്‌സീറാണ് ജലാലൈനി. അതില്‍ രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക: ‘അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ടും എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ‘ഇസ്‌ലാമാണ്’. അവന്റെ കാരുണ്യം കൊണ്ടും നിങ്ങള്‍ സന്തോഷിച്ചുകൊള്ളുക എന്ന് പറഞ്ഞത് ‘ഖുര്‍ആനിനെ സംബന്ധിച്ചാണ്’ (ജലാലൈനി 1/245). നല്ല ബിദ്അത്ത് എന്ന് പറഞ്ഞുകൊണ്ടാണ് യാഥാസ്ഥിതികര്‍ മൗലിദാഘോഷം കൊണ്ടാടുന്നത്.
അല്ലാഹുവിന്റെ റസൂല്‍(സ) നമ്മെ വിട്ടുപിരിഞ്ഞത് ഇസ്‌ലാം പൂര്‍ത്തീകരിച്ചു കൊണ്ടാണ് (മാഇദ 3). നബി(സ) ഇപ്രകാരം മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ‘നമ്മുടെ ഈ ദീനില്‍ അതിലില്ലാത്തത് വല്ലവനും പുതുയായി നിര്‍മിച്ചാല്‍ അത് തള്ളേണ്ടതാണ്’ (ബുഖാരി). നബി(സ) ഇപ്രകാരം കൂടി പഠിപ്പിച്ചു. ‘കാര്യങ്ങളില്‍ വെച്ചേറ്റവും ചീത്തയായത് പുതുതായി നിര്‍മിച്ചുണ്ടാക്കുന്ന വിശ്വാസാചാരങ്ങളാണ്’ (മുസ്‌ലിം). അത് മാത്രമല്ല, നബി(സ) ഇതുംകൂടി പഠിപ്പിക്കുകയാണ്ടായി: ‘മതത്തില്‍ നിര്‍മിച്ചുണ്ടാക്കുന്ന പുത്തനാശയനങ്ങളെ നിങ്ങള്‍ സൂക്ഷിക്കണം. കാരണം പുതുതായി നിര്‍മിച്ചുണ്ടാക്കുന്ന (മതകാര്യങ്ങളെല്ലാം) അനാചാരത്തില്‍ പെട്ടതാകുന്നു. എല്ലാ അനാചാരങ്ങളും വഴികേടില്‍ പെട്ടതുമാണ്” (അഹ് മദ്, അബൂദാവൂദ്, തിര്‍മിദി). മറ്റൊരു നബിവചനം ശ്രദ്ധിക്കുക: ‘എല്ലാ (ബിദ്അത്താകുന്ന) വഴികേടുകളും നരകത്തിലുമാണ്’ (നസാഈ)
സമസ്തക്കാരും മറ്റു യാഥാസ്ഥിതികരും ജന്മദിനമാഘോഷിക്കുന്നത് ‘നല്ല ബിദ്അത്ത്’ എന്ന് പറഞ്ഞുകൊണ്ടാണ്. നബി(സ) നിരോധിച്ചത് ബിദ്അത്തുകള്‍ മൊത്തമാണ്. അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടിയോ അവന്റെ ശിക്ഷയെ തടുക്കുവാനോ വേണ്ടി ചെയ്യുന്ന മതപരമായ കര്‍മങ്ങള്‍ അതിന് നബി(സ)യുടെ മാതൃകയില്ലെങ്കില്‍ അത് ശിക്ഷാര്‍ഹമായ അനാചാരമാണ്. മലവും കള്ളും നജസാണെന്നും ഹറാമാണെന്നും പറഞ്ഞാല്‍ നല്ല മലം, നല്ല കള്ള് എന്നിങ്ങനെ വേര്‍തിരിക്കാമോ? സ്വഹാബത്തും നബിചര്യയില്‍ പെടാത്ത മതകാര്യങ്ങള്‍ ബിദ്അത്തായിട്ടാണ് പരിഗണിച്ചിരുന്നത്. ‘ഇബ്‌നു ഉമര്‍(റ) പ്രസ്താവിച്ചു: ‘എല്ലാ ബിദ്അത്തുകളും അനാചാരങ്ങളില്‍ പെട്ടതാണ്. ജനങ്ങള്‍ അത് നല്ല കാര്യമായി മനസ്സിലാക്കിയാലും ശരി’ (ബൈഹഖി). എന്നാല്‍ ഖുര്‍ആനും സുന്നത്തും നിരോധിക്കാത്ത ഭൗതിക കാര്യങ്ങള്‍ ഉപയോഗപ്പെടുത്തല്‍ ബിദ്അത്തല്ല (ശറഹു മുസ് ലിം 8/128).
ചുരുക്കത്തില്‍, നല്ല ബിദ്അത്ത് എന്ന് പറഞ്ഞുകൊണ്ട് ദീനില്‍ അനാചാരങ്ങല്‍ നിര്‍മിച്ചുണ്ടാക്കല്‍ കുറ്റകരമാണെന്ന് ഇമാം ശാത്വബി, ഇമാം മാലിക്കില്‍ നിന്നും അല്‍ഇഅ്തിസാം 1/493ലും ഇമാം നവവി ശറഹു മുസ് ലിം 6/257ലും ഇബ്‌നുഹജറുല്‍ അസ്ഖലാനി ഫത്ഹുല്‍ബാരി 17/64ലും ഇമാം അബൂശാമ തന്റെ കിതാബുല്‍ ബാഇസ് പേജ് 3ലും ഇബ്‌നുഹജറുല്‍ ഹൈതമി(റ) തന്റെ ഫതാവല്‍ ഹദീസിയ്യ എന്ന ഗ്രന്ഥം പേജ് 240ലും രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റുനിരവധി പണ്ഡിതന്മാരും അപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്. ഇമാം ബൈഹഖി ദലാഇലുന്നുബുവ്വത്തി എന്ന ഗ്രന്ഥത്തില്‍ 1/127ല്‍ നബി(സ)യുടെ ജനനവുമായി ബന്ധപ്പെട്ട സകല അത്ഭുത സംഭവങ്ങളും ഒറ്റപ്പെട്ടതും തള്ളിക്കളയേണ്ടതുമാണെന്ന് ഇമാം ദഹബി അസ്സീറത്തുന്നബവിയ്യ എന്ന ഗ്രന്ഥം 1/42ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Back to Top