ഹയര്‍ സെക്കന്‍ഡറി: സര്‍ക്കാര്‍ മലപ്പുറത്തുകാരെ കബളിപ്പിക്കുന്നു

മഞ്ചേരി: എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടിയ പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യമൊരുക്കാതെ സര്‍ക്കാര്‍ മലപ്പുറത്തുകാരെ കബളിപ്പിക്കുകയാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ മലപ്പുറം ഈസ്റ്റ് ജില്ലാ കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അവസരമില്ലാതെ പെരുവഴിയില്‍ നില്‍ക്കെ ഇതര ജില്ലകളില്‍ ഒഴിഞ്ഞു കിടക്കുന്ന നാമമാത്ര സീറ്റുകള്‍ മലപ്പുറത്തേക്ക് മാറ്റി പ്രശ്‌നം പരിഹരിച്ചതായി വരുത്തി തീര്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. അനുവദിച്ച ബാച്ചുകള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യമോ സ്റ്റാഫിനെയോ അനുവദിച്ചിട്ടില്ലെന്നിരിക്കെ സര്‍ക്കാര്‍ മലപ്പുറത്തുകാരുടെ കണ്ണില്‍ പൊടിയിടുകയാണ്.
മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങളോട് മുഖം തിരിച്ചു നില്ക്കുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തുക തന്നെ വേണം. പ്ലസ്‌വണ്‍ അലോട്ട്‌മെന്റ് പൂര്‍ത്തിയാകുന്നതിന് മുമ്പെ ആവശ്യമായ ബാച്ചുകളും സീറ്റുകളും അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സ്റ്റാഫിനെയും അനുവദിക്കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
മുജാഹിദ് സമ്മേളനത്തിന്റെ ജില്ലാ സമ്പൂര്‍ണ സംഘാടക സമിതി കണ്‍വന്‍ഷന്‍ സംസ്ഥാന ട്രഷറര്‍ എം അഹമ്മദ്കുട്ടി മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. യു പി യഹ്‌യാ ഖാന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍, ഡോ. ജാബിര്‍ അമാനി, എം കെ മൂസ, കെ അബ്ദുല്‍അസീസ്, വി പി അഹ്മദ് കുട്ടി, എം പി അബദുല്‍കരീം, എ നൂറുദ്ദീന്‍, അബ്ദുറഷീദ് ഉഗ്രപുരം, ശംസുദ്ദീന്‍ അയനിക്കോട്, ജൗഹര്‍ അയനിക്കോട്, ശാക്കിര്‍ബാബു കുനിയില്‍, വി ടി ഹംസ, യു എ ഇ ഇസ്‌ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ് കീഴുപറമ്പ്, സി എം സനിയ, വി സി ലുത്ഫ, എം കെ ബഷീര്‍, ശുക്കൂര്‍ വാഴക്കാട്, കെ എം ബഷീര്‍ പ്രസംഗിച്ചു.
