ഹൃദയം തപിക്കുന്ന അനുഭവങ്ങള്‍
നൗഷാദ് കുനിയില്‍
യുദ്ധങ്ങളും വംശീയ കലാപങ്ങളും പൗരോഹിത്യവും തീവ്രവാദവും കോര്‍പറേറ്റ് ഭീമന്മാരുടെ കരുണസ്പര്‍ശമേല്‍ക്കാത്ത ചൂഷണവ്യവസ്ഥയും സമാനതകളില്ലാത്ത ദുരിതങ്ങളാണ് മനുഷ്യനേകുന്നത്. നെയ്‌തെടുത്ത സ്വപ്‌നങ്ങള്‍ക്കും താലോലിച്ച ആഗ്രഹങ്ങള്‍ക്കും മേല്‍ അശനിപാതം തീര്‍ക്കുന്ന മനുഷ്യ നിര്‍മിത ദുരന്തങ്ങള്‍ എത്ര സഹസ്രം മനുഷ്യ ജീവിതങ്ങളെയാണ് നരകതുല്യമാക്കിയിട്ടുള്ളത്!
തങ്ങളുടേതല്ലാത്ത കാരണം കൊണ്ട് നരകയാതനയനുഭവിക്കേണ്ടി വരുന്ന ഹതഭാഗ്യജന്മങ്ങള്‍ പക്ഷേ, ഒരു പരാമര്‍ശത്തിന് പോലും അവസരം ലഭിക്കപ്പെടാതെ അഗണ്യകോടിയില്‍ തള്ളപ്പെടുന്നു! നിറം പിടിപ്പിച്ച വാഴ്ത്തുപാട്ടുകള്‍ക്കിടയില്‍ വ്യഥിത ഹൃദയങ്ങളുടെ കണ്ണുനീര്‍ ആര്‍ക്കാണ് കാണേണ്ടത്! വിജയഗാഥകള്‍ മാത്രം എഴുതപ്പെടേണ്ട, പകിട്ടുള്ളതിന്റെ ചിത്രങ്ങള്‍ മാത്രം ഉല്ലേഖനം ചെയ്യപ്പെടേണ്ട സാമ്പ്രദായിക ചരിത്രമെഴുത്തുതാളില്‍ എങ്ങനെയാണ് തോറ്റുപോയവന്റെ ജീവിതഗാഥ അടയാളപ്പെടുത്തപ്പെടുക!
ഈയൊരു നടപ്പുരീതിയുടെ വിഷാദനിര്‍ഭരമായ പരിതഃസ്ഥിതിയിലാണ്, സുധാ മേനോന്‍ രചിച്ച, ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍’ എന്ന പുസ്തകം പ്രസക്തമാകുന്നത്. ഇന്ത്യ, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലെ ആറു സ്ത്രീകളുടെ ദുരന്തപൂര്‍ണമായ ജീവിതത്തിലെ വേദനമാത്രം നിറഞ്ഞുകവിഞ്ഞുനിന്ന വഴികളെ ഒപ്പിയെടുത്ത്, അവയെ വികാരതീക്ഷ്ണമായ വരികളിലേക്ക് പരിവര്‍ത്തിപ്പിച്ച്, അനുവാചകനെ ഒപ്പം നടത്തി ഇടയ്ക്കിടെ സ്വയം കണ്ണുനീര്‍ ഒപ്പിയെടുക്കാന്‍ നിര്‍ബന്ധിതനാക്കുന്ന ഹൃദയദ്രവീകരണക്ഷമമായൊരു പുസ്തകം!
ദസ്തയേവ്‌സ്‌കിയുടെ വിഖ്യാതമായ ‘കുറ്റവും ശിക്ഷയും’ എന്ന നോവലില്‍ സോണിയയെ കാണാന്‍ അവരുടെ വീട്ടിലെത്തിയ റസ്‌കോള്‍ നിക്കോവ് സോണിയയുടെ വീട്ടിലെ ദാരിദ്ര്യവും അവരുടെ കുഞ്ഞുങ്ങളുടെ വിശപ്പും കണ്ട് ഹൃദയം തകര്‍ന്ന് തപിത ഹൃദയത്തോടെയും നിയന്ത്രിക്കാനാവാത്ത വേദനയോടെയും സോണിയയ്ക്ക് മുന്നില്‍ മുട്ടുകുത്തുന്നുണ്ട്. അമ്പരന്നുപോയ സോണിയ അത് തടയാന്‍ ശ്രമിച്ചപ്പോള്‍ മനോവേദനയാല്‍ വിതുമ്പിക്കൊണ്ട് റസ്‌കോള്‍ നിക്കോവ് പറയുന്ന മറുപടി ലോകസാഹിത്യത്തില്‍ ഇന്നോളം എഴുതപ്പെട്ട ഏറ്റവും ഹൃദയഹാരിയായ വാചകങ്ങളില്‍ ഒന്നാണ്: ‘ക റശറ ിീ േയീം റീംി ീേ ്യീൗ, ക യീംലറ റീംി ീേ മഹഹ വേല ൗെളളലൃശിഴ ീള വൗാമിശ്യേ,’ ഞാന്‍ മുട്ടുകുത്തിയത് നിന്റെ മുന്നില്‍ അല്ല; മനുഷ്യരാശിയുടെ മുഴുവന്‍ കഷ്ടപ്പാടുകള്‍ക്കും മുന്നിലാണ്.
ചെറുപ്പത്തില്‍ വായിച്ച ഈ വാചകം ഒരു ശിലാലിഖിതംപോലെ ഗ്രന്ഥകാരിയുടെ ഹൃദയത്തില്‍ ഉറച്ചുപോയിട്ടുണ്ട്. ആറു രാജ്യങ്ങളിലെയും ഇരകളെ നേരിട്ടുകണ്ടു. അതിശക്തവും അഭിശപ്തവുമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി മരണംവരിച്ചവരുടെ ഉറ്റവരെയും മിത്രങ്ങളെയും കണ്ടു. അവരില്‍ നിന്നു കേട്ട അനുഭവങ്ങള്‍ ഉള്ളുലച്ചു. ആ ഉള്ളുലക്കലില്‍ നിന്നാണ് ഈ കൃതി ആകൃതിപ്പെട്ടത്. പുസ്തകത്തിലെ ഓരോ താളിലും അപരിഹാര്യമായ വേദനയുടെ തുരങ്കങ്ങളിലൂടെ വായനക്കാരന് സഞ്ചരിക്കേണ്ടി വരും. പ്രതീക്ഷയുടെ പ്രകാശനാളങ്ങള്‍ കാണുന്ന തുരങ്കമുഖത്തേക്ക് ആയിരം കാതങ്ങള്‍ സഞ്ചരിക്കേണ്ടി വരുന്നുവെന്ന് നിരാശയോടെ തിരിച്ചറിയും.
വംശീയ യുദ്ധം നട്ടെല്ലുതകര്‍ത്ത ശ്രീലങ്കയിലെ തമിഴ് വംശജയായ ജീവലത എന്ന സ്ത്രീയുടെ കണ്ണീരില്‍ കുതിര്‍ന്നൊരു ജീവിതത്തിന്റെ കഥപറഞ്ഞുകൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്. പഠിക്കാന്‍ മിടുക്കിയായ പാഠ്യേതര വിഷയങ്ങളിലും മുന്‍പന്തിയിലുണ്ടായിരുന്ന ജീവലതയുടെ ജീവിതം കീഴ്‌മേല്‍മറിഞ്ഞത് എല്‍ ടി ടിയുടെ അരങ്ങേറ്റവും അവര്‍ക്കുമേല്‍ സിംഹള ഭരണകൂടം നടത്തിയ പ്രതികാര നടപടികളിലൂടെയുമായിരുന്നു. പഠിച്ച് ഉന്നതിയിലെത്താന്‍ കൊതിച്ച ആ കുട്ടി ബാല്യത്തിലേ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയായി. പിന്നീട് ദുരന്തങ്ങള്‍ മാത്രം പെയ്‌തൊരു ജീവിതവുമായി മല്ലിട്ടു. ഏക മകള്‍ സിംഹള പട്ടാളക്കാരാല്‍ അതിക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. ഏക മകന്റെ രണ്ടു കാലുകളും നഷ്ടപ്പെട്ടു. നഷ്ടപ്പാടിന്റെയും കഷ്ടപ്പാടിന്റെയും ദുര്‍ഘടസന്ധിയിലൂടെ മാത്രം നടക്കാന്‍ വിധിക്കപ്പെട്ട ജീവലതയുടെ ജീവിതകഥ കേള്‍ക്കുമ്പോള്‍ വേദന കനത്ത് നിങ്ങള്‍ സ്തബ്ധരാകും!
പാകിസ്താനിലെ, പൗരോഹിത്യവും, ഗോത്രനീതിയുടെ ആണ്‍കോയ്മ നിറഞ്ഞ അഹങ്കാരവും മാനവിക വിരുദ്ധതയും നിറഞ്ഞ, സിന്ധ് പ്രവിശ്യയിലെ സൈറയുടെയും സൈറയിലൂടെ ഹാജറയുടെയും കഥകേള്‍ക്കാനാണ് പിന്നീട് വായനക്കാരന്‍ പോകുന്നത്. ഭൂവുടമയുടെ ക്രൂരമായ ബലാത്സംഗത്തിന് ഇരയായ ഹാജറയെന്നൊരു പെണ്‍കുട്ടിയെ ഗോത്ര ‘നീതി’യുടെ ക്രൂരമായ പിന്‍ബലത്തോടെ കല്ലെറിഞ്ഞു കൊല്ലുന്ന നിഷ്ഠൂരകൃത്യത്തിന്റ ഹൃദയം മരവിച്ചുപോകുന്ന കഥ സൈറ പറയുന്നത് കേള്‍ക്കുമ്പോള്‍ ആയിരം കൂര്‍ത്ത കല്ലുകള്‍ നമ്മുടെ ഹൃദയങ്ങളിലേക്ക് ആഞ്ഞുവീഴുന്നത് നാമറിയുന്നു.
മതഭീകരത അഴിഞ്ഞാടിയ അഫ്ഗാനിലെ പര്‍വീണ്‍ എന്നൊരു പെണ്‍കൊടിയുടെ കദനം നിറഞ്ഞ കഥ. കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് തുച്ഛമായ വേതനത്തിന് പകരം അത്യധ്വാനം പകരം നല്‍കി ഒടുവില്‍ മഹാദുരന്തത്തിന് ഇരയായി ഭര്‍ത്താവും രണ്ടു കാലുകളും നഷ്ടപ്പെട്ട ബംഗ്ലാദേശിലെ സഫിയ എന്നിവരുടെ (അതി)ജീവിത കഥ തീരാവേദനയായി അവശേഷിക്കും. എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ ഏജന്റുമാരുടെ കെണിയില്‍ പെട്ട് മുംബൈയിലെ വേശ്യാത്തെരുവില്‍ എത്തിയ നേപ്പാളിലെ ശ്രേഷ്ഠയെന്ന പെണ്‍കുട്ടി താണ്ടിയ ജീവിതവഴികള്‍ വേദനമാത്രം ഏകുന്നതാണ്. ദുരിതങ്ങള്‍ നേരിടാന്‍ ശേഷിയില്ലാതെ ആത്മഹത്യ ചെയ്ത തെലങ്കാനയിലെ കര്‍ഷകന്റെ ഭാര്യയായ രേവമ്മ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തിന് ലഭിക്കുന്ന തുച്ഛമായ സഹായ ധനത്തിനായി സര്‍ക്കാരാഫീസുകള്‍തോറും കയറിയിറങ്ങി അത് തെളിയിക്കാനാവാതെ തോറ്റുപോവുന്ന കഥകൂടി വിശദീകരിക്കപ്പെടുന്നതോടെ അദൃശ്യമാക്കപ്പെട്ട മുറിവുകളുടെ അനാവരണം പൂര്‍ത്തിയാവുന്നു.
കേട്ടുകേള്‍വിയില്‍ നിന്നു രൂപപ്പെട്ട ഒരു കാല്പനിക കൃതിയല്ലിത്; ഇരകളില്‍ നിന്നും നേര്‍സാക്ഷികളില്‍ നിന്നും നേരിട്ടുകേട്ട പൊള്ളുന്ന യാഥാര്‍ഥ്യങ്ങളുടെ അക്ഷരരൂപങ്ങളാണ്. ജീവിതത്തില്‍ നിന്നു വലിച്ചെടുത്തതിനാല്‍ ഇവയുടെ വാക്കിലും ഇതിലെ വാക്കിലും ചോരയും കണ്ണീരും പൊടിഞ്ഞിട്ടുണ്ട്.