ഹൃദയം നിറഞ്ഞ ആലിംഗനം മുതല്‍ ദുയിത് റായ വരെ
വി കെ ജാബിര്‍
റമദാന്‍ മുസ്‌ലിംകള്‍ക്ക് പ്രാര്‍ഥനയുടെയും പശ്ചാത്താപത്തിന്റെയും സഹനത്തിന്റെയും പ്രശാന്തമായ നാളുകളാണ്. ശവ്വാല്‍പിറ ചക്രവാളത്തില്‍ തെളിയുമ്പോള്‍ വിശ്വാസികളുടെ മുഖത്തും അകതാരിലും വിടരുന്ന സന്തോഷമാണ് ചെറിയ പെരുന്നാള്‍. കഠിനമായ വ്രതത്തിന്റെയും പശ്ചാത്താപവിവശവും പ്രാര്‍ഥനാനിര്‍ഭരവുമായ മനസ്സിന്റെയും ഉരുക്കത്തില്‍ പ്രസരിക്കുന്ന നിലാവെളിച്ചമാണത്. ആത്മീയതയില്‍ ചാലിച്ച ആഘോഷമാണ് ഈദുല്‍ ഫിത്വ്ര്‍ അഥവാ ചെറിയ പെരുന്നാള്‍.
മുപ്പതു നാള്‍ പകല്‍ ഭക്ഷണവും വെള്ളവും ഉപേക്ഷിച്ചതും ക്ഷീണിച്ചിട്ടും രാവില്‍ ഉറക്കമിളച്ചതും കീശയ്ക്കു കനമില്ലാതിരുന്നിട്ടും ദാനം ചെയ്തതും പെരുന്നാള്‍ ആഘോഷിക്കാനാണെന്നു തോന്നുന്ന ഒരു പശ്ചാത്തലം കൂടി ചെറിയ പെരുന്നാളിനുണ്ടാവാം. ഈദുല്‍ ഫിത്വ്ര്‍ ആഘോഷത്തിന്റെ മാറ്റു കൂട്ടുന്നതും വിഭവങ്ങളുടെ രുചിയേറ്റുന്നതും പലഹാരങ്ങള്‍ കൂടുതല്‍ മധുരിക്കുന്നതും കഠിനമായ വ്രതനാളുകളുടെ വിശപ്പും പരവേശവും തപസ്സും കാരണം തന്നെയാവണം.
പെരുന്നാള്‍ ആഘോഷത്തിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ സ്വഭാവമുണ്ട്. ഭക്ഷണരീതിയിലും സന്ദര്‍ശനങ്ങളുടെ സ്വഭാവത്തിലും സാംസ്‌കാരികമായ ചില മാറ്റങ്ങള്‍ കാണാനാവും. കുട്ടികളാണ് എവിടെയും ആഘോഷത്തിന്റെ പൊലിമയേറ്റുന്നതും പെരുന്നാള്‍ ആഘോഷിച്ചും ഉല്ലസിച്ചും തീര്‍ക്കുന്നതും.
ഗള്‍ഫ് നാടുകളില്‍
ഗള്‍ഫ് നാടുകളില്‍ നോമ്പിനു തുടങ്ങും ഇവരുടെ സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും കൈമാറ്റം. വിശേഷപ്പെട്ട ഭക്ഷണങ്ങളുണ്ടാക്കി അയല്‍വീടുകളിലും അടുത്ത ബന്ധുവീടുകളിലും കൊടുത്തയക്കും. അരീസാണ് ഖത്തര്‍ ഉള്‍പ്പെടെ ഗള്‍ഫ് നാടുകളില്‍ പ്രധാനമായും കൊടുത്തയക്കുന്ന വിശേഷ വിഭവങ്ങളിലൊന്ന്. സ്‌പെഷ്യല്‍ മജ്ബൂസും മന്തിയും പിരിശത്തോടെ കൊടുക്കുന്ന വിഭവങ്ങളാണ്. തിരിച്ചും ഇതേ രീതി തുടരും.
നോമ്പിന്റെ തുടര്‍ച്ചയാണ് പെരുന്നാള്‍. മധുരവും പലഹാരങ്ങളുമാണ് പെരുന്നാളിനു കൂടുതല്‍ കൊടുത്തയക്കുക. ആകര്‍ഷകമായ പെട്ടികൡലും കുട്ടകളിലും പൊതിഞ്ഞാകും സമ്മാനം കൈമാറുക. ഓരോ വീട്ടുകാരും പരസ്പരം കൊടുത്തയക്കും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകള്‍ സന്ദര്‍ശിച്ച് ബന്ധം പുതുക്കുക പെരുന്നാളിന്റെ ഒഴിച്ചുകൂടാനാകാത്ത കാര്യമാണ്.
കുട്ടികള്‍ക്ക് സമ്മാനങ്ങളും പണവും ഉള്‍പ്പെടെ പെരുന്നാള്‍ ഹദ്‌യ കൊടുക്കുന്നത് അറബികള്‍ക്കിടയില്‍ വ്യാപകമാണ്. പെരുന്നാള്‍ നമസ്‌കാര ശേഷം ഈദ്ഗാഹുകളില്‍ വെച്ചുതന്നെ കുട്ടികള്‍ക്ക് സമ്മാനപ്പൊതികളും പണവും നല്‍കും. ആലിംഗനം അറബികളുടെ വല്ലാത്തൊരു വൈകാരിക പ്രകടനമാണ്. ഉള്ളുതുറന്ന്, ഹൃദയം ഹൃദയത്തോട് അമര്‍ന്നുചേരുന്ന ഊഷ്മളമായ സ്‌നേഹപ്രകടനം. അവര്‍ എവിടെ വെച്ചു കണ്ടാലും ഹൃദയത്തിന്റെ ഭാഷ കൈമാറുന്ന ആലിംഗനം മറക്കാറില്ല.
പെരുന്നാള്‍ നമസ്‌കാര ശേഷം ബന്ധുക്കളുടെയും ഉറ്റവരുടെയും വീട് സന്ദര്‍ശിക്കുകയും ബന്ധം പുതുക്കുകയുമാണ് മറ്റിടങ്ങളിലെ പോലെ അറബ് നാട്ടിലും മുഖ്യം. കുടുംബത്തിലെ ഏതെങ്കിലുമൊരു വീട്ടില്‍ എല്ലാവരും ഒത്തുചേര്‍ന്ന് പെരുന്നാള്‍ ആഘോഷിക്കുന്ന രീതി ബഹ്‌റൈന്‍ ഉള്‍പ്പെടെ വിവിധ അറബ് നാടുകളില്‍ കാണുന്നുണ്ട്. കുട്ടികള്‍ക്ക് സമ്മാനം കൊടുക്കുക, ഭക്ഷണം കൊടുത്തയക്കുക എന്നിവ അറബ് സംസ്‌കാരത്തിന്റെ ഭാഗമായി രൂപപ്പെട്ടതാണ്.
സുഊദി അറേബ്യ, യുഎഇ, ഒമാന്‍ തുടങ്ങിയ അറേബ്യന്‍ നാടുകള്‍ ആഘോഷങ്ങളില്‍ കുറേക്കൂടി പാരമ്പര്യവും തനിമയും നിലനിര്‍ത്തുന്നവരാണ്. പെരുന്നാള്‍ രാവില്‍ ബകൂര്‍ പുകച്ച് വീടുകളുടെ അന്തരീക്ഷം തന്നെ സുഗന്ധപൂരിതമായിരിക്കും. പെരുന്നാള്‍ത്തലേന്ന് ഉച്ചഭാഷിണികളില്‍ നിന്ന് പരമ്പരാഗതമായ ‘യാ ലൈലത്തുല്‍ ഈദ്…’ ഗാനങ്ങള്‍ അന്തരീക്ഷത്തില്‍ ഓളം തീര്‍ക്കും. റാന്തലുകളും തോരണങ്ങളും കൊണ്ട് വീടുകള്‍ ഭംഗിയായി അലങ്കരിച്ചിരിക്കും. കഹ്‌വയും സുലൈമാനിയും ചൂടാറാപ്പാത്രങ്ങളില്‍ നിറച്ചുവെച്ചിരിക്കും. ആകെക്കൂടി ആഘോഷത്തിന്റെ മൂഡും പൊലിമയും തീര്‍ക്കുന്നതില്‍ അറബികള്‍ മുമ്പിലാണ്.
കാഖ് എന്ന സവിശേഷമായ ബിസ്‌കറ്റാണ് ഈജിപ്തുകാരുടെ പെരുന്നാള്‍ വിഭവം. ചോക്കലേറ്റും ഡ്രൈഫ്രൂട്ട്‌സ് നിറച്ച മഅ്മൂല്‍ ബിസ്‌കറ്റുമില്ലാതെ അറബികളുടെ ഈദാഘോഷം പൂര്‍ണമാകില്ലെന്നു പറയാറുണ്ട്. സമ്മാനങ്ങളും പെരുന്നാള്‍പ്പണവും പ്രതീക്ഷിച്ച് മുതിര്‍ന്നവരുടെ ചുറ്റും കുട്ടികള്‍ പ്രതീക്ഷയോടെ ചുറ്റിത്തിരിയും.
പുതുവസ്ത്രങ്ങളില്‍ ഇഷ്ടമുള്ള സുഗന്ധം പൂശി അതിരാവിലെ പെരുന്നാള്‍ നമസ്‌കാരത്തിനായി ഈദ്ഗാഹുകളിലേക്ക് കുടുംബസമേതമാണ് അവര്‍ യാത്ര തിരിക്കുക. ഈദ്ഗാഹുകളും പള്ളികളും നിറഞ്ഞുകവിയുന്നതിനാല്‍ കാര്‍ പാര്‍ക്കിങ് ഏരിയകളിലേക്കും മറ്റും പരവതാനി വിരിച്ച് നമസ്‌കാരത്തിനു സൗകര്യമൊരുക്കും.
പെരുന്നാള്‍രാവില്‍ സൂഖുകളിലെ തിരക്ക് വല്ലാത്തൊരു ആകര്‍ഷണീയതയാണ്. അവസാന പത്തു ദിവസങ്ങള്‍ കടകളും മാളുകളും രാത്രി വൈകിയും തുറന്നിരിക്കും. പുതുവസ്ത്രങ്ങളും ഭക്ഷ്യവിഭവങ്ങളും അലങ്കാര വസ്തുക്കളും റാന്തലുകളും മറ്റുമായി കടകള്‍ നിറഞ്ഞിരിക്കും. വാങ്ങാനെത്തുന്നവരുടെ തിരക്ക് മാര്‍ക്കറ്റുകളില്‍ ഉത്സവഛായ തീര്‍ക്കും. ആണുങ്ങള്‍ അവര്‍ക്ക് അനുയോജ്യമായ തോബും (നീളന്‍ കുപ്പായം) അതിനോടു ചേരുന്ന ഗുത്‌റയോ ഷെമാഗോ (തലപ്പാവ്) തേടിയാണ് തിരക്കുകൂട്ടുകയെങ്കില്‍ സ്ത്രീകള്‍ക്ക് ഭൂരിഭാഗവും കറുത്ത പര്‍ദയാകും മേല്‍വസ്ത്രം. കുട്ടികള്‍ ബഹുവര്‍ണ വേഷത്തില്‍ പൂമ്പാറ്റകളെപ്പോലെ അണിഞ്ഞൊരുങ്ങും.
മരുഭൂ യാത്രകള്‍
പെരുന്നാള്‍ ഒഴിവുദിനങ്ങളില്‍ യാത്രകളിലാണ് അറബ് കുടുംബങ്ങള്‍ ആനന്ദം കണ്ടെത്തുക. മരുഭൂയാത്ര പെരുന്നാളാഘോഷത്തിന്റെ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. മരുഭൂമിയില്‍ ടെന്റു കെട്ടി ചിക്കനും മട്ടനും ചുട്ടെടുത്ത് ഖുബ്ബൂസ് കൂട്ടി ശാപ്പിട്ട്, പരമ്പരാഗത സംഗീതമാസ്വദിച്ച് രാപകലുകള്‍ ആഘോഷമാക്കുകയായിരിക്കും അവര്‍. ഇപ്പോള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും റിസോര്‍ട്ടുകളിലേക്കുമായി യാത്രകള്‍. സാന്‍ഡ് ഡ്യൂണുകളിലേക്കുള്ള സാഹസിക യാത്രകളില്‍ ചെറുപ്പം ആനന്ദം കണ്ടെത്തുന്നു. വലിയ മാളുകളിലും മറ്റു കേന്ദ്രങ്ങളിലും പെരുന്നാള്‍ ആഘോഷം കളറാക്കാന്‍ സുഊദി സാംസ്‌കാരിക മന്ത്രാലയം വിവിധ പരിപാടികളും ഫയര്‍വര്‍ക്കുകളും ഒരുക്കാറുണ്ട്.
ലണ്ടനില്‍
അമേരിക്കയിലും ലണ്ടനിലുമൊക്കെ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരമുണ്ടാകും. മഴ ഏതു സമയവും പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ അവസാന നിമിഷമാകും ലണ്ടനില്‍ ഈദ്ഗാഹുകളില്‍ പെരുന്നാള്‍ നമസ്‌കാരം ഷെഡ്യൂള്‍ ചെയ്യുക. വര്‍ണവിളക്കുകളും ആശംസ അറിയിക്കുന്ന ലൈറ്റ് ബോര്‍ഡുകളും കൊണ്ട് സിറ്റികള്‍ പെരുന്നാളിനെ വരവേല്‍ക്കും. പെരുന്നാളിനെ സ്വാഗതം ചെയ്യുന്ന മൂഡിലാകും ലണ്ടനിലെ തെരുവുകള്‍.
ഇത്തവണ ലണ്ടനിലെ മെയിന്‍ റെയില്‍വേ സ്‌റ്റേഷനായ കിങ് ക്രോസില്‍ നെറ്റ്‌വര്‍ക്ക് റെയില്‍ ഓരോ ദിവസവും ഓരോ ഹദീസ് പ്രദര്‍ശിപ്പിച്ചിരുന്നു. നമസ്‌കാര സമയം പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം ഓരോ ഹദീസുകളുടെ ആശയവും ഡിജിറ്റല്‍ വാളില്‍ പ്രദര്‍ശിപ്പിപ്പിക്കുകയായിരുന്നു. യാത്രക്കാരും മനുഷ്യാവകാശ പ്രവര്‍ത്തകരും പരാതി നല്‍കിയതിനെ തുടര്‍ന്ന് സംഭവം ദേശീയതലത്തില്‍ വിവാദമാവുകയും തുടര്‍ന്ന് അത് ഒഴിവാക്കുകയുമായിരുന്നു. മുസ്‌ലിം പാരമ്പര്യമോ സാംസ്‌കാരിക പൈതൃകമോ ഇല്ലാത്തതിനാല്‍ പൊതുവേ മുസ്‌ലിംകളുടെ ആഘോഷരീതികള്‍ തന്നെയാണ് വെള്ളക്കാര്‍ പിന്തുടരുന്നതെന്നാണ് മനസ്സിലാകുന്നത്.
വിവിധ വംശജര്‍ ഏറെയുള്ളതിനാല്‍ പെരുന്നാളാഘോഷങ്ങള്‍ക്കും സാംസ്‌കാരിക വൈവിധ്യം ഉണ്ടാകും. പാകിസ്താനികളും മറ്റ് ഏഷ്യന്‍ വംശജരും ഇന്ത്യക്കാരും അവരുടേതായ സാംസ്‌കാരിക തനിമ പ്രകടമാക്കുന്ന ആഘോഷങ്ങളാണ് കൊണ്ടാടുക. ഈദ് നമസ്‌കാര ശേഷം സുഹൃത്തുക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കുകയും ഒരിടത്ത് ഒത്തുകൂടുകയും ഭക്ഷണമൊരുക്കുകയും തന്നെയാണ് കുടിയേറ്റക്കാരുടെ ആഘോഷത്തില്‍ പ്രധാനം.
കാനഡയില്‍
പുതുവസ്ത്രമണിഞ്ഞ് പെരുന്നാള്‍ നമസ്‌കാരത്തിനെത്തുന്നതു തന്നെയാണ് കാനഡ പോലുള്ള രാജ്യങ്ങളിലും പതിവ്. തോരണങ്ങള്‍ കൊണ്ട് വീടുകള്‍ മോടി പിടിപ്പിക്കും. നമസ്‌കാര ശേഷം പരസ്പരം പുണര്‍ന്നും ഈദ് ആശംസകള്‍ നേര്‍ന്നും മധുരം നല്‍കിയും സന്തോഷം പ്രകടിപ്പിക്കും. ചില പള്ളികളില്‍ പെരുന്നാളിന് ആഘോഷങ്ങള്‍ ഒരുക്കാറുണ്ട്. കമ്മ്യൂണിറ്റി പരിപാടികള്‍ പെരുന്നാളിന് മാറ്റുകൂട്ടും.
ആഫ്രിക്കയിലും പ്രഭാതനമസ്‌കാരവും സൗഹൃദ സന്ദര്‍ശനവും വീട് അലങ്കരിക്കലും തന്നെയാണ് പെരുന്നാള്‍ സ്‌പെഷ്യല്‍. വിശേഷപ്പെട്ട അഖ്‌നി (ബിരിയാണി പോലുള്ള വിഭവം) ഒരുക്കി അതിഥികളെ സത്കരിക്കും.
മലേഷ്യ, ഇന്തോനേഷ്യ
പ്രാദേശിക പാരമ്പര്യവും സാംസ്‌കാരിക വൈവിധ്യവും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ഈദ് ആഘോഷത്തെ അദ്വിതീയമാക്കുന്നു. മലേഷ്യയിലും ഇന്തോനേഷ്യയിലും പൊതു അവധി ദിവസമാണ് പെരുന്നാള്‍. മിക്കവാറും എല്ലാ വ്യാപാരകേന്ദ്രങ്ങളും അടഞ്ഞുകിടക്കും. പൊതുവേ ദിവസങ്ങള്‍ നീളുന്ന ആഘോഷങ്ങളുണ്ടാകും പെരുന്നാളിനോടനുബന്ധിച്ച്.
ബന്ധുക്കളും സുഹൃത്തുക്കളും ഒരുമിച്ചുകൂടി ബന്ധം ഊഷ്മളമാക്കാനുള്ള വേദിയാണ് ഇവിടങ്ങളില്‍ പെരുന്നാള്‍. മുസ്‌ലിംകളുടെ സല്‍ക്കാരങ്ങളിലും ഒത്തുകൂടലുകളിലും വിവിധ മതക്കാരായ അയല്‍ക്കാര്‍ക്കും നിര്‍ബന്ധമായും ക്ഷണമുണ്ടാകും. പരസ്പരം അറിയാനും സമ്പന്നമായ മുസ്‌ലിം സാംസ്‌കാരിക പൈതൃകം മനസ്സിലാക്കാനുമുള്ള വേദി കൂടിയാണ് ഈദ്.
മലേഷ്യയിലും ഇന്തോനേഷ്യയിലും ഹരി റായ ഇദില്‍ ഫിത്‌രി എന്നു വിളിക്കപ്പെടുന്ന ചെറിയ പെരുന്നാള്‍, പല തരത്തിലുള്ള സാംസ്‌കാരിക വൈവിധ്യങ്ങള്‍ കൊണ്ടു ശ്രദ്ധേയമാണ്. പെരുന്നാള്‍ ദിനത്തോടനുബന്ധിച്ച് അലങ്കാരങ്ങളും സവിശേഷ ഭക്ഷ്യവിഭവങ്ങളും സാംസ്‌കാരിക പരിപാടികളും ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, ബ്രൂണെയ് തുടങ്ങിയ പ്രദേശങ്ങളില്‍ ഏറക്കുറേ സമാനമാണ്.
ഹാരി റായ ഇദില്‍ ഫിതരി അവര്‍ക്ക് ഭക്ഷണത്തിന്റെയും ആനന്ദത്തിന്റെയും ആഘോഷവേള മാത്രമല്ല. മുപ്പതു നാള്‍ വ്രതം പൂര്‍ത്തിയാക്കിയ മുസ്‌ലിംകളെ സംബന്ധിച്ച് അത് വിശ്വാസത്തിന്റെയും ഉപകാരസ്മരണയുടെയും ദൈവസ്മരണയുടെയും ദിനമാണ്. വ്യത്യസ്ത സംസ്‌കാരങ്ങളും വര്‍ഗങ്ങളുമാകട്ടെ, ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രഖ്യാപനമാണ് പെരുന്നാള്‍. വൈവിധ്യത്തിന്റെ അരങ്ങുണരുന്ന ആഘോഷമാണ് ഇവിടങ്ങളില്‍ ഈദുല്‍ ഫിത്വ്ര്‍.
മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഈദുല്‍ ഫിത്വ്ര്‍ ഒരുക്കങ്ങള്‍ ആഴ്ചകള്‍ക്കു മുമ്പേ തുടങ്ങും. വീടുകള്‍ വൃത്തിയാക്കിയും അലങ്കരിച്ചും പുതിയ വസ്ത്രങ്ങള്‍ വാങ്ങിയും ഈദിനെ വരവേല്‍ക്കാന്‍ അവര്‍ നേരത്തേ ഒരുങ്ങും. വൈവിധ്യവും പ്രൗഢവുമായ സാംസ്‌കാരിക പാരമ്പര്യം പേറുന്നതാണ് ഇവരുടെ പെരുന്നാള്‍ ആഘോഷം.
തൊഴില്‍ തേടിപ്പോയ ആളുകള്‍ പെരുന്നാള്‍ ആഘോഷത്തിനായി നഗരങ്ങളില്‍ നിന്ന് വിദൂരത്തുള്ള തങ്ങളുടെ നാടുകളിലേക്കും ഗ്രാമങ്ങളിലേക്കും തിരിച്ചുവരുന്നത് ഇവരുടെ പെരുന്നാള്‍ വിശേഷങ്ങളിലൊന്നാണ്. ബാലി കംപാങ് എന്നാണതിന്റെ പ്രാദേശിക പേര്. തങ്ങളുടെ കുടുംബവുമൊത്ത് ഈദ് ആഘോഷിക്കാന്‍ എത്തുന്ന നേരം റോഡുകളില്‍ വാഹനം നിറഞ്ഞ് വലിയ ഗതാഗത സ്തംഭനം ഉണ്ടാകുമെങ്കിലും അതും അവര്‍ ആഘോഷമാക്കുന്നു. പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നും അഭിവാദ്യം ചെയ്തും സമ്മാനങ്ങള്‍ നല്‍കിയും ഈ വരവും തിരക്കും അവര്‍ ആഘോഷിക്കും. ഇസ്‌ലാമിക വിശുദ്ധ മാസമായ റമദാനിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ഈദാഘോഷം സിംഗപ്പൂരില്‍ ഹരി റായ ഇദില്‍ ഫിത്‌രി എന്നും ഹരി റായ പുസ എന്നും അറിയപ്പെടുന്നു. പെരുന്നാള്‍ സന്തോഷത്തില്‍ മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് പണം നല്‍കുന്നതിനാണ് ദുയിത് റായ എന്നു പറയുക. പണം കൊടുക്കുന്നതിനുമുണ്ട് ചില രീതികള്‍. പൊതുവേ പച്ചനിറത്തിലുള്ള കവറുകളില്‍ സൂക്ഷിച്ചാണ് പണം നല്‍കുക. മുതിര്‍ന്നവരുടെ അനുഗ്രഹവും ഉദാരതയുമാണത് അര്‍ഥമാക്കുന്നത്. കുട്ടികള്‍ക്കത് ആഘോഷത്തിന്റെ മധുരമേറ്റും.
ഈദ് ദിനത്തില്‍ പ്രാര്‍ഥനയ്ക്കു ശേഷം കുടുംബക്കാരെയും ബന്ധുക്കളെയും സന്ദര്‍ശിക്കുന്നതിന് ഇവര്‍ പറയുക ബെറായ എന്നാണ്. അതിഥികളെ രുചികരമായ വിശേഷപ്പെട്ട വിഭവങ്ങള്‍ കൊണ്ടാണ് അവര്‍ സ്വീകരിക്കുക. കെടുപ്പട്ട്, റെന്‍ദാങ്, ലെമാങ്, ഡോഡോള്‍, ബബര്‍ ലാംപക്, സതായ് തുടങ്ങിയവയാണ് പരമ്പരാഗതമായി ഒരുക്കുന്ന പെരുന്നാള്‍ വിഭവങ്ങള്‍.
പെരുന്നാള്‍ നമസ്‌കാര ശേഷം ആദ്യം പോവുക ഉറ്റവരുടെ ഖബറിടങ്ങളിലേക്കായിരിക്കും. ഇവിടങ്ങളിലെ ഖബര്‍സ്ഥാനുകള്‍ മനോഹരമായ ചെടികളുള്ള പൂന്തോട്ടങ്ങള്‍ കൊണ്ട് അലങ്കരിച്ച, ഇരിപ്പിടങ്ങള്‍ ഒരുക്കിയ, കല്ലു പാകിയ നടവഴികള്‍ കൊണ്ട് അലംകൃതമാണ്. പേടിപ്പെടുത്തുന്ന പ്രേതഭൂമിയല്ല അവര്‍ക്ക് ശ്മശാനങ്ങള്‍. മരണപ്പെട്ടവര്‍ക്കു വേണ്ടി പ്രാര്‍ഥിച്ച ശേഷമാണ് അവര്‍ കുടുംബത്തിലെ മുതിര്‍ന്നവരെയും രക്ഷിതാക്കളെയും കാണാന്‍ പോവുക. പിന്നീടാണ് അയല്‍ക്കാരെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ച സന്തോഷപ്രകടനം നടത്തുക. മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് സമ്മാനങ്ങളോ പണമോ നല്‍കുന്നു.
ഇറച്ചി കൊണ്ടുള്ള വരട്ടിയ രുചിയേറും വിഭവമാണ് റെന്‍ദാങ്. മാംസം തേങ്ങാപ്പാലില്‍ തയ്യാര്‍ ചെയ്ത് അടുപ്പത്തു വെച്ച് പതുക്കെ വരട്ടിയെടുക്കുന്ന പ്രത്യേക വിഭവമാണിത്. രുചി കൂട്ടാന്‍ സുഗന്ധവ്യഞ്ജനങ്ങളും ഔഷധവിഭവങ്ങളും ചേര്‍ക്കും. മണിക്കൂറുകളെടുത്ത് പാകമാകുമ്പോള്‍ വരണ്ടുണങ്ങിയിരിക്കും. വല്ലാത്ത രുചിയായിരിക്കും. ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ സുമാത്രയിലാണ് ഈ വിഭവത്തിന്റെ ഉത്ഭവം. അതിഥികളെ ആദരിക്കുന്നതിനായി വിശേഷ സന്ദര്‍ഭങ്ങളിലാണ് ഈ കബാബ് മോഡല്‍ റെഡ്മീറ്റ് വിഭവമുണ്ടാക്കുക. ഓരോരുത്തരുടെയും സംസ്‌കാരിക പാരമ്പര്യമനുസരിച്ച് വിവിധ തരം റെന്‍ദാങ് ലഭ്യമാണ്.
15-ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ നിന്നെത്തിയ വ്യാപാരികളുടെ ടച്ച് ഈ വിഭവം സുമാത്രയില്‍ വ്യാപകമാകുന്നതിനു പിന്നിലുണ്ടെന്നു പറയപ്പെടുന്നു. ഉത്തരേന്ത്യയില്‍ ആ കാലത്തു വ്യാപകമായി ഉണ്ടായിരുന്ന ഇറച്ചിക്കറിയാണ് റെന്‍ദാങിന്റെ മുന്‍ഗാമിയെന്നു കരുതുന്നു. എന്നാല്‍ 16-ാം നൂറ്റാണ്ടില്‍ മലാക്കയിലേക്കു കച്ചവടത്തിനു പോയ മലായികളാണ് വേവിച്ചുണക്കിയ ഇറച്ചി ഉണ്ടാക്കി കൊണ്ടുപോയതെന്നും അഭിപ്രായമുണ്ട്. ബീഫ്, മട്ടന്‍ എന്നിവ കൊണ്ട് ഈ വിഭവമൊരുക്കുന്നു. തേങ്ങാപാല്‍, മുളക്, ഇഞ്ചി, മഞ്ഞള്‍, വെളുത്തുള്ളി, ഇലകള്‍ തുടങ്ങിയവയാണ് ചേരുവകള്‍. ബീഫ് രണ്‍ദാങ് ലോകത്തേറ്റവും രുചികരമായ വിഭവമായി അറിയപ്പെടുന്നു.
മേഖലയിലെ പരമ്പരാഗത വിഭവമാണ് കെടുപട്ട്. രുചികരമായ വിഭവം മാത്രമല്ല, ഭംഗിയുള്ള അലങ്കാരവസ്തു കൂടിയാണിത്. ഈന്തപ്പഴത്തിന്റെ ഇളം ഇല കൊണ്ട് ഒരുക്കിയ ചെറു പൗച്ചുകളില്‍ പൊതിഞ്ഞ്, വേവിച്ചെടുക്കുന്ന അരി കൊണ്ടുണ്ടാക്കുന്ന വിഭവമാണ്. ഡയമണ്ട് ആകൃതിയാണ് കൂടുതലും. എന്നാല്‍ കെടുപട്ട് നൂറുകണക്കിന് രൂപത്തില്‍ നെയ്‌തെടുത്തതായുണ്ടാകും. വെന്തുവരുമ്പോള്‍ രുചിയേറ്റുന്നതിന് പല ധാന്യങ്ങളും മസാലകളും ചേര്‍ക്കും.
എവിടെയായിരുന്നാലും ഈ വിഭവമില്ലാതെ മലേഷ്യക്കാര്‍ക്കും ഇന്തോനേഷ്യക്കാര്‍ക്കും ഹരി റായ ഇദില്‍ ഫിതരി പൂര്‍ണമാകില്ലെന്നാണ് വെപ്പ്. മനോഹരമായി പൊതിഞ്ഞ ഇലക്കൂടുകള്‍ കടകളില്‍ നിരനിരയായി വില്‍പനയ്ക്കുണ്ടാകും.
വിശ്വാസപരമായ മാനവുമുണ്ട് ഈ വിഭവത്തിന്. പല രൂപത്തിലുള്ള ഡിസൈനുകള്‍ മനുഷ്യന്റെ തെറ്റുകളെയും പാകപ്പിഴകളെയും സൂചിപ്പിക്കുമ്പോള്‍ അകത്തുള്ള വെള്ള ഹൃദയവിശുദ്ധിയെ പ്രതിനിധീകരിക്കുന്നു. വലിയ ചരിത്രപാരമ്പര്യമുള്ള വിഭവമാണ് കെടുപട്ട്, ചെറിയ പെരുന്നാളിന്റെ പ്രതീകവും. ഇന്തോനേഷ്യയിലെ ജാവയിലാണ് ഈ വിഭവത്തിന്റെ ഉറവിടമെന്നാണ് കരുതുന്നത്.
മുന്‍കാലത്ത് ജാവക്കാര്‍ വിവിധ രൂപത്തിലുള്ള കെടുപട്ട് ഉണ്ടാക്കി പെരുന്നാള്‍ ആഘോഷദിനത്തില്‍ മുതിര്‍ന്നവര്‍ക്ക് നല്‍കുമായിരുന്നു. പ്രായമുള്ളവരോടുള്ള ആദരവും സ്‌നേഹവും പ്രകടിപ്പിക്കുന്ന നടപടി കൂടിയായിരുന്നു അത്. ബ്രൂണെയ്, മലേഷ്യ, സിംഗപ്പൂര്‍, ദക്ഷിണ തായ്‌ലന്‍ഡ് എന്നീ പ്രദേശങ്ങളിലും വിഭവം പ്രചാരത്തിലുണ്ട്. പായ്ക്ക്ഡ് റൈസ് എന്നും അറിയപ്പെടുന്നു. അരി കൊണ്ടുണ്ടാക്കുന്ന ലൊണ്ടോംഗ്, ബക്ചാങ് എന്നീ വിഭവങ്ങളും ആഘോഷത്തിന്റെ ഭാഗമായി പ്രചാരത്തിലുണ്ട്.
ഫലസ്തീനില്‍
ഈദുല്‍ ഫിത്വ്ര്‍ അത്യാഹ്ലാദത്തിന്റെയും സന്തോഷത്തിന്റേതുമാണ് ഫലസ്തീനികള്‍ക്കും. വലിയ ഒരുക്കങ്ങളോടെയാണവര്‍ ഈദിനെ വരവേല്‍ക്കാറുള്ളത്. ഉപ്പു പുരട്ടിയ മത്സ്യം (ഫെസിഖ്) പെരുന്നാള്‍ ദിനത്തിലെ ആദ്യ ഭക്ഷണത്തിലെ ഏറ്റവും പ്രിയപ്പെട്ട ഇനമാണ്. പുരാതന ഈജിപ്ഷ്യന്‍ വിഭവമാണ് ഫെസിഖ് മത്സ്യം. ഈത്തപ്പഴത്തിന്റെ പേസ്റ്റ് നിറച്ച മധുരമുള്ള ലബനീസ് ബണ്‍ ആയ കഅകും ഇഷ്ട പെരുന്നാള്‍ വിഭവങ്ങളിലൊന്നാണ്. പച്ചയായും ഉണക്കിയും വിവിധ രുചി ഭേദങ്ങളില്‍ ഒരുക്കിയ ഈത്തപ്പഴവും ഒലിവും ഉള്‍പ്പെടെ പഴങ്ങളും ഇവര്‍ക്ക് ഒഴിവാക്കാനാവില്ല.
ആഘോഷ വേളകളിലും സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഫലസ്തീനി തെരുവുകളിലിപ്പോള്‍ ദൈന്യതയുടെ കണ്ണുനീരും കാര്‍മേഘങ്ങളും പൊടിപടലങ്ങളും തളം കെട്ടി നില്‍ക്കുകയാണ്. ചതിയും ദുരയും ക്രൂരതയും കാണിക്ക നല്‍കുന്ന ഇസ്രാഈലിന്റെ അധിനിവേശ ടാങ്കുകളും യുദ്ധവിമാനങ്ങളും തോക്കുകളും ചാവു നിലമാക്കിയ ഗസ്സയിലും ഖാന്‍ യൂനിസിലും റാമല്ലയിലും പട്ടിണിയുടെയും ദൈന്യതയുടെയും കണ്ണീരിന്റെയും നാളുകളാണ്. കരളു പിളര്‍ക്കുന്ന ദുരിതത്തിന്റെയും പട്ടിണിയുടെയും രാപ്പകലു കളില്‍ ലോകമെങ്ങുമുള്ള സഹോദരങ്ങളുടെ പ്രാര്‍ഥനകള്‍ അവരുടെ മേല്‍ ആശ്വാസ മഴയായി വര്‍ഷിക്കാതിരിക്കില്ല. ലോകത്തെവിടെയായാലും ക്ഷമയുടെയും വിട്ടുവീഴ്ചയുടെയും ദയാലുത്വത്തിന്റെയും പശ്ചാത്താപത്തിന്റെയും വ്രതനാളുകള്‍ക്കു പിന്നാലെ വിരുന്നെത്തുന്ന ആഘോഷമാണ് ഈദുല്‍ ഫിത്വ്ര്‍. സാംസ്‌കാരിക വൈവിധ്യത്തിന്റെയും ഹൃദയബന്ധങ്ങളുടെയും മനുഷ്യത്വത്തിന്റെയും ദൈവസ്മരണയുടെയും പെരുന്നാളുകള്‍ കൂടിയാണത്.