5 Tuesday
March 2024
2024 March 5
1445 Chabân 24

അദൃശ്യനായ ദൈവത്തെ ഭയപ്പെടേണ്ടത് എങ്ങനെയാണ്?

ഖലീലുറഹ്മാന്‍ മുട്ടില്‍


ഭയം ജന്തുജന്യമായ വികാരമാണ്. മനുഷ്യരില്‍ അത് പ്രവര്‍ത്തനക്ഷമമാവുന്നത് അപകടം മണക്കുന്ന വേളയിലാണ്. ശത്രുവിന്റെ ആക്രമണം, വന്യമൃഗങ്ങളുടെ സാന്നിധ്യം, തീപ്പിടിത്തം പോലുള്ള അപകടങ്ങള്‍ തുടങ്ങിയവ മനുഷ്യനെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. മനുഷ്യന്‍ അഭിമുഖീകരിക്കുന്ന വിവിധയിനം ഭീതിയെ കുറിച്ച് പരാമര്‍ശിക്കുന്ന ഖുര്‍ആന്‍ അല്ലാഹുവിനെ ഭയപ്പെടാന്‍ ആവശ്യപ്പെടുന്നുണ്ട്: ”തീര്‍ച്ചയായും അത് പിശാച് തന്നെയാകുന്നു. അവന്‍ അവന്റെ മിത്രങ്ങളെ ഭയപ്പെടുത്തുകയാണ്. അതുകൊണ്ട് നിങ്ങള്‍ അവരെ ഭയപ്പെടേണ്ടതില്ല. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ എന്നെ ഭയപ്പെടുവിന്‍” (3:175).
തെറ്റുകള്‍ ചെയ്യുന്നതുകൊണ്ട് അല്ലാഹു തന്നെ വെറുക്കുമെന്നും കൈവെടിയുമെന്നും അവന്റെ ശിക്ഷയ്ക്ക് വിധേയനായിത്തീരുമെന്നുമുള്ള ചിന്തയാണ് ദൈവഭയത്തിന്റെ അടിസ്ഥാന വശം. സ്‌നേഹവത്സലനും കരുണാവാരിധിയുമായ അല്ലാഹു എത്ര പാപം ചെയ്താലും അവന്റെ മുമ്പില്‍ തുറന്നു പറഞ്ഞാല്‍ തന്നെ കൈവെടിയുകയില്ല എന്ന മറുവശം കൂടി അല്ലാഹുവിനെ ഭയപ്പെടുന്നതില്‍ ഉള്‍പ്പെടേണ്ടതുണ്ടെന്നാണ് ഖുര്‍ആനിന്റെ താല്‍പര്യം. അതുകൊണ്ടാണ് ദൈവഭയമുള്ള മനസ്സിന്റെ ഉടമകളെ ഖുര്‍ആന്‍ ഇങ്ങനെ ചിത്രീകരിച്ചത്: ”ഭയത്തോടും പ്രതീക്ഷയോടും കൂടി അവര്‍ തങ്ങളുടെ റബ്ബിനോട് പ്രാര്‍ഥിച്ചുകൊണ്ട് അവരുടെ ശരീരങ്ങള്‍ നിദ്രാശയ്യയില്‍ നിന്നും അകന്നിരിക്കും” (32:16).
തെറ്റുകള്‍ ചെയ്യുമ്പോള്‍ അല്ലാഹു കാണുന്നുണ്ടല്ലോ എന്ന ചിന്ത മാത്രമല്ല ദൈവഭയത്തിന്റെ പരിധിയില്‍ വരുന്നത്. ആരാധന നിര്‍വഹിച്ചുകഴിഞ്ഞ ശേഷം അധ്വാനിക്കാന്‍ പോവാതെ നനവുള്ള മനസ്സുകളുടെ ഔദാര്യം പറ്റി ജീവിക്കാമെന്നു കരുതി പള്ളിമൂലയില്‍ ചടഞ്ഞുകൂടിയിരിക്കുന്നതും അവന്‍ കാണുമെന്ന ചിന്ത കൂടി ദൈവഭയത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതാണ്. കാരണം അധ്വാനിച്ച് ജീവിക്കുക എന്ന ദൈവകല്‍പനയെ ധിക്കരിക്കലാണ് ജോലിക്ക് പോവാതെ പള്ളിയില്‍ ചടഞ്ഞുകൂടിയിരിക്കുന്നത്. നന്മയെന്തെന്ന ജിബ്‌രീലിന്റെ ചോദ്യത്തിന് പ്രവാചകന്‍(സ) നല്‍കിയ മനോഹരമായ വ്യാഖ്യാനത്തില്‍ ദൈവഭയത്തിന്റെ എല്ലാ അര്‍ഥതലങ്ങളും ഉള്‍ക്കൊള്ളുന്നുണ്ട്. അദ്ദേഹം പറഞ്ഞു: ”നീ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അവന്‍ നിന്നെ കാണുന്നുണ്ടെന്ന ബോധത്തില്‍ നീ അല്ലാഹുവിനെ ആരാധിക്കുക” (ബുഖാരി).
കാരുണ്യവാനെ
ഭയപ്പെടുകയോ?

ദൈവം കാരുണ്യവാനാണെങ്കില്‍ അവനെ എന്തിനു ഭയപ്പെടണം എന്ന് സംശയിക്കുന്നവരുണ്ട്. ദൈവഭയം വിശ്വാസിക്ക് സ്വാഭാവികമായും ഉണ്ടാവുന്ന ഒരു വികാരമാണ്. ദൈവം അപകടകാരിയായതുകൊണ്ടല്ല ദൈവഭയം വിശ്വാസിയില്‍ ഉടലെടുക്കുന്നത്. ദൈവത്തെ ഭയപ്പെടുക എന്ന വേദങ്ങളുടെ ആഹ്വാനത്തെ തെറ്റായി വായിക്കുന്നവരുണ്ട്. സമൂഹത്തിലെ മതമേലാളന്മാര്‍ അല്ലാഹുവിന്റെ കാരുണ്യത്തെ നിസ്സാരവത്കരിക്കുകയും അവന്റെ ശിക്ഷയെ അന്യായമായി പര്‍വതീകരിച്ചുകൊണ്ട് അവതരിപ്പിക്കുകയും ചെയ്തതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.
ഖുര്‍ആന്‍ അല്ലാഹുവിനെ പരിചയപ്പെടുത്തിയതുപോലെ അല്ലാഹുവിനെ മനസ്സിലാക്കാന്‍ കഴിയുന്നവര്‍ക്ക് ദൈവഭയം എന്നത് ആത്മനിര്‍വൃതി അടയാനുള്ള മാര്‍ഗമാകുന്നു. അല്ലാഹുവിന്റെ അനിര്‍വചനീയമായ കാരുണ്യത്തെയും മനുഷ്യരോട് അവന്‍ കാണിക്കുന്ന സ്‌നേഹത്തെയും അടുത്തറിയുന്നവര്‍ക്ക് അവനോട് സ്‌നേഹത്തില്‍ കുതിര്‍ന്ന ഭയമുണ്ടായിരിക്കും. അമ്മയുടെ സ്‌നേഹവും ലാളനയും ആവോളം നുകരുന്ന കുഞ്ഞ് അമ്മയെ പേടിക്കാറുമുണ്ട്. അത് അമ്മ അപകടകാരി ആയതുകൊണ്ടല്ല. ഇതുപോലെ തന്നെയാണ് അല്ലാഹുവിനോട് വിശ്വാസിക്ക് ഉണ്ടാവുന്ന സ്‌നേഹവും.
ദൈവം ജനിക്കുന്നത്
ഭയത്തില്‍ നിന്നോ?

മതത്തെയും ദൈവത്തെയും തള്ളിപ്പറയുന്നവര്‍ ഉന്നയിക്കുന്ന പ്രധാനപ്പെട്ട ഒരു വാദമുണ്ട്. ‘മതപൗരോഹിത്യം വിശ്വാസിയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതിനു വേണ്ടി കണ്ടെത്തിയതാണ് ദൈവമെന്ന സങ്കല്പം. ദൈവം ജനിക്കുന്നതുതന്നെ ഭയത്തില്‍ നിന്നാണ്.’
ഇസ്‌ലാമില്‍ അല്ലാഹുവിനെ കുറിച്ചുള്ള വിശ്വാസവും ഭയവും ദൈവനിഷേധികള്‍ ഉന്നയിക്കുന്ന മിഥ്യയില്‍ നിന്നും സങ്കല്‍പങ്ങളില്‍ നിന്നും ഉടലെടുത്തതല്ല. അങ്ങനെയായിരുന്നുവെങ്കില്‍ മതവിശ്വാസികള്‍ ദൈവത്തില്‍ നിന്ന് ഓടിയകലുമായിരുന്നു. സിംഹത്തെയും കടുവയെയും ഭയപ്പെടുന്ന മനുഷ്യന്‍ അതിന്റെ അടുത്തേക്ക് പോകാറില്ലല്ലോ? ആളിക്കത്തുന്ന തീയിലേക്കും കുത്തിയൊഴുകുന്ന വെള്ളച്ചാട്ടത്തിലേക്കും മനുഷ്യന്‍ എടുത്തുചാടാറുമില്ല.
അതിനെ ഭയക്കുന്നതുകൊണ്ടാണത്. എന്നാല്‍ അല്ലാഹുവിനെ ഭയപ്പെടുന്ന വിശ്വാസി കൂടുതല്‍ ആരാധനാനിരതനായിക്കൊണ്ട്, പ്രപഞ്ചം ഉറങ്ങിക്കിടക്കുമ്പോള്‍ രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഉണര്‍ന്നിരുന്ന് ദൈവത്തിനു മുമ്പില്‍ നമ്രശിരസ്‌കനായി കണ്ണീര്‍ വാര്‍ക്കുകയാണ്. അവനില്‍ നിന്നു ഓടിയകലാനല്ല, അവന്റെ ചാരത്തേക്ക് ഓടിയടുക്കാന്‍ വേണ്ടി. ദൈവം ജനിക്കുന്നത് ഭയത്തില്‍ നിന്നാണെന്ന് അവകാശപ്പെടുന്നവര്‍ക്ക് ഇതിനെന്ത് വ്യാഖ്യാനമാണ് നല്‍കാന്‍ കഴിയുക?
ദൈവഭയം എങ്ങനെ?
ഒരു വസ്തുവിനോടുള്ള സ്‌നേഹം, ഭയം തുടങ്ങിയ വികാരങ്ങളുടെ തീവ്രത കൂടുന്നതും കുറയുന്നതും അതിനെക്കുറിച്ചുള്ള അറിവിനെ ആസ്പദമാക്കിയായിരിക്കും. തന്റെ വീട് കൊള്ളക്കാര്‍ വളഞ്ഞിട്ടുണ്ടെന്ന് കൃത്യമായി മനസ്സിലാക്കിയ ഒരാള്‍ക്ക് അനുഭവപ്പെടുന്ന ഭീതിയുടെ ആഴം അളന്നെടുക്കാന്‍ കഴിയുകയില്ല. എന്നാല്‍ കൊള്ളക്കാരെ കുറിച്ച് കേട്ടുകേള്‍വിയിലൂടെ ഏകദേശ ചിത്രം മാത്രം മനസ്സിലുള്ള, ഇതുവരെ അവരെ അനുഭവിച്ചിട്ടില്ലാത്ത ഒരാള്‍ അവരെ ഭയപ്പെടുന്നത് പ്രതീകാത്മകമായിട്ടായിരിക്കും. യഥാര്‍ഥ ദൈവഭയം ഉടലെടുക്കേണ്ടത് അവനെ കുറിച്ചുള്ള ബോധ്യത്തില്‍ നിന്നാണെന്ന് ഖുര്‍ആന്‍ അഭിപ്രായപ്പെടുന്നുണ്ട്. ”തീര്‍ച്ചയായും അല്ലാഹുവിനെ ഭയപ്പെടുന്നത് അവന്റെ ദാസന്മാരില്‍ നിന്ന് അറിവുള്ളവര്‍ മാത്രമാകുന്നു” (35:28).
ദൈവഭയത്തിന്റെ
നേട്ടം

അല്ലാഹുവിനെ ഭയപ്പെടുന്നതിന്റെ നേട്ടം ആര്‍ക്കാണ് എന്ന ചോദ്യം പ്രസക്തമാണ്. മനുഷ്യന്‍ അല്ലാഹുവിനെ ഭയപ്പെട്ടാലും ഇല്ലെങ്കിലും അല്ലാഹുവിന് യാതൊരു നേട്ടമോ കോട്ടമോ സംഭവിക്കില്ല. ഭൂമിയിലെ സകല മനുഷ്യരും അവനെ തള്ളിപ്പറഞ്ഞാലും അല്ലാഹുവിന്റെ മഹത്വത്തിന് യാതൊരു ഇടിച്ചിലും ഉണ്ടാവുകയില്ല. മറിച്ച് മനുഷ്യനു തന്നെയാണ് അതിന്റെ തിക്തഫലം ഇരുലോക ജീവിതത്തിലും അനുഭവിക്കേണ്ടിവരുക.
അല്ലാഹുവിനെ ഭയപ്പെടുന്ന ഒരാള്‍ക്ക് സ്വന്തത്തെ തിരിച്ചറിയാന്‍ കഴിയുമെന്നതാണ് പ്രധാനപ്പെട്ട ഒരു നേട്ടം. തന്റെ ദൗര്‍ബല്യങ്ങളും കഴിവുകളുമെല്ലാം വേര്‍തിരിച്ചു മനസ്സിലാക്കിക്കൊണ്ട് അതിനനുസരിച്ച് കര്‍മമണ്ഡലങ്ങളില്‍ ഊര്‍ജസ്വലനായി നില്‍ക്കാന്‍ ദൈവഭയം വിശ്വാസിയെ പ്രേരിപ്പിക്കുന്നു. ആത്മീയമേഖലയില്‍ മാത്രമല്ല ഭൗതികമേഖലയിലും ബൗദ്ധികതലത്തിലും കഴിവും കഴിവുകേടും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നവരാണ് ശരിയായ അര്‍ഥത്തില്‍ അല്ലാഹുവിനെ ഭയപ്പെടുന്നവര്‍. ഇസ്‌ലാമിലെ പ്രവാചകന്മാര്‍ പകര്‍ന്ന ജീവിത യാഥാര്‍ഥ്യങ്ങള്‍ വ്യക്തമാക്കുന്നത് അതാണ്.
ആത്മീയ നേതാവ് എന്ന പദത്തിന് ആധുനിക ലോകം നല്‍കുന്ന വിവക്ഷയ്ക്കപ്പുറമായിരുന്നു അവരുടെ ജീവിതം. ഇന്ന് ആത്മീയ നേതാക്കള്‍ കിരീടം അണിഞ്ഞ് മതാചാരങ്ങള്‍ക്ക് കാര്‍മികത്വം നല്‍കി ജീവിക്കുന്ന ഒരു പ്രത്യേക വിഭാഗമാണെങ്കില്‍ പ്രവാചകന്മാരുടെ ജീവിതത്തില്‍ ആരാധനയിലും അധ്വാനത്തിലും യുദ്ധത്തിലും സമാധാനത്തിലും പള്ളിയിലും പാടത്തുമൊക്കെ അവര്‍ ഒന്നാമരായിരുന്നു. അവരാകട്ടെ തങ്ങളെ സ്വയം തിരിച്ചറിഞ്ഞ് ദൈവത്തെ ഭയപ്പെടുന്നവരായിരുന്നു. മുഹമ്മദ് നബി(സ) കൈവെക്കാത്ത മേഖലകളില്ല. എന്നാല്‍ ദൈവഭയം കാരണം ഖുര്‍ആന്‍ പാരായണവേളകളില്‍ പോലും അദ്ദേഹത്തിന്റെ ശബ്ദം ഇടറാറുണ്ടായിരുന്നു എന്ന് ഹദീസുകളില്‍ കാണാം.
ദൈവഭയം ഒഴികെയുള്ള ഭയങ്ങളെല്ലാം മനുഷ്യനില്‍ പ്രതികൂല ചിന്തകള്‍ (ിലഴമശേ്‌ല വേീൗഴവെേ) ഉണ്ടാക്കുന്നുവെങ്കില്‍ ദൈവഭയം മനുഷ്യനില്‍ അനുകൂല ചിന്തകള്‍ (ുീശെശേ്‌ല വേീൗഴവെേ) വളര്‍ത്തിയെടുക്കുന്നു. ബഹുദൈവങ്ങളെയും സിദ്ധന്മാരെയും ഭയപ്പെടുന്ന മനുഷ്യന്‍ പ്രതിഷ്ഠകള്‍ക്കു മുമ്പിലും കല്‍പ്രതിമകള്‍ക്കു മുമ്പിലും ബുദ്ധി പണയം വെച്ച് അവയെ നമ്രശിരസ്‌കനായി വണങ്ങുന്നത് കാണാം.
ഇത്തരം ഭയങ്ങള്‍ മനുഷ്യരെ വിശ്വാസവളര്‍ച്ചയിലേക്ക് നയിക്കുന്നതിനു പകരം അന്ധവിശ്വാസികളായി തരംതാഴ്ത്തുന്നു. എന്നാല്‍ സാക്ഷാല്‍ ദൈവത്തെ മാത്രം ഭയപ്പെടുന്നവര്‍ മറ്റൊരു ശക്തിയെയും ഭയപ്പെടാത്തതുകൊണ്ട് അന്ധവിശ്വാസിയാവുകയില്ല. എന്നു മാത്രമല്ല, അല്ലാഹുവിന്റെ നിയമങ്ങളെ മാത്രമേ അവന്‍ ജീവിതത്തില്‍ പിന്‍പറ്റുകയുള്ളൂ.
അന്ധവിശ്വാസമുക്തമായ ഈ നിയമങ്ങളത്രയും മനുഷ്യനെ നാനാതലങ്ങളില്‍ വളര്‍ത്തുന്നവയാകുന്നു. അതിനനുസരിച്ച് അവന്‍ ഉന്മേഷവാനും കര്‍മ്മനിരതനുമായിരിക്കും. അതുകൊണ്ടാണ് ദൈവത്തെ ഭയപ്പെടുന്നവര്‍ക്ക് രണ്ട് സ്വര്‍ഗം ഉണ്ടെന്ന് ഖുര്‍ആന്‍ സന്തോഷവാര്‍ത്ത അറിയിക്കുന്നത്: ”തന്റെ തമ്പുരാന്റെ സാന്നിധ്യത്തെ ഭയക്കുന്നവന് രണ്ട് സ്വര്‍ഗമുണ്ട്” (55:46).
പ്രവാചകന്‍(സ) പറഞ്ഞു: ”അല്ലാഹുവിനെ ഭയന്ന് കരഞ്ഞവന്‍ കറന്നെടുത്ത പാല്‍ അകിട്ടിലേക്ക് മടങ്ങുന്നതുവരെ നരകത്തില്‍ പ്രവേശിക്കുകയില്ല” (തിര്‍മിദി). അദ്ദേഹം പറഞ്ഞു: ”രണ്ടു കണ്ണുകളെ നരകം തൊടുകയില്ല. അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്ന കണ്ണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കാവല്‍ നില്‍ക്കുന്ന കണ്ണും” (തിര്‍മിദി).
അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്ന കണ്ണുകള്‍ നിഷ്‌കളങ്ക ഈമാനിനെയാണ് സൂചിപ്പിക്കുന്നത്. യഥാര്‍ഥ വിശ്വാസികള്‍ അല്ലാഹുവിനെ സ്മരിക്കുമ്പോള്‍ കരഞ്ഞുകൊണ്ട് മുഖം കുത്തി വീഴുന്നവരാണെന്ന് ഖുര്‍ആന്‍ പറയുന്നു (32:15). സ്വന്തം മാര്‍ഗഭ്രംശത്തിന്റെയും അവിവേകത്തിന്റെയും ഭാവിയില്‍ വരാനിരിക്കുന്ന ഫലത്തെ കുറിച്ചോര്‍ത്ത് കരയാത്തവരോട് ”നിങ്ങള്‍ കരയാതെ ചിരിക്കുകയാണോ” എന്ന് ഖുര്‍ആന്‍ ചോദിക്കുന്നുണ്ട് (53:60). അന്ത്യനാളില്‍ അല്ലാഹുവിന്റെ സിംഹാസന തണലില്‍ ഇടം ലഭിക്കുന്ന ഏഴ് ആളുകളില്‍ ഒരാള്‍ ഒഴിഞ്ഞിരുന്ന് അല്ലാഹുവിനെയോര്‍ത്ത് കണ്ണീരൊഴുക്കുന്നവനാണെന്ന് പ്രവാചകന്‍(സ) പഠിപ്പിച്ചു.
അല്ലാഹുവിനെ ഭയപ്പെടുന്നതിന്റെ നേട്ടത്തെ കുറിച്ച് ഇമാം ഗസ്സാലി കുറിച്ചിട്ടത് ഇങ്ങനെ: ”ദൈവഭയം ആഗ്രഹങ്ങളെ അടിച്ചമര്‍ത്തും. ആസ്വാദ്യതകളെ ശല്യപ്പെടുത്തുകയും ചെയ്യും. തേന്‍തുള്ളി അത്യാര്‍ത്തിയോടുകൂടി നുണയണമെന്ന് കൊതിക്കുന്നയാള്‍ അതില്‍ വിഷം കലര്‍ന്നിട്ടുണ്ടെന്ന് അറിയുമ്പോള്‍ അതിനെ വെറുക്കുന്നതുപോലെ താലോലിച്ചു നടക്കുന്ന തെറ്റുകളെ അവന്‍ വെറുക്കും.
അപ്പോള്‍ ഇച്ഛകള്‍ കരിഞ്ഞുണങ്ങും. മനുഷ്യാവയവങ്ങളെല്ലാം സംസ്‌കാരസമ്പന്നമാകും. മനസ്സ് നിര്‍മലമാവുകയും ശാന്തമായിത്തീരുകയും ചെയ്യും. അതില്‍ നിന്ന് അഹന്തയും അസൂയയും വിദ്വേഷവുമെല്ലാം വിടപറയും. ഭയം നിമിത്തം അത് ഉല്‍ക്കണ്ഠയില്‍ മുഴുകുകയും അതിന്റെ തിക്തഫലത്തെ കുറിച്ച് ആലോചിക്കുകയും ചെയ്യുന്നു. സ്വന്തത്തെ നിരീക്ഷിക്കുക, വിചാരണ ചെയ്യുക, കഠിനമായ പരിശ്രമത്തില്‍ (ജിഹാദില്‍) ഏര്‍പ്പെടുക തുടങ്ങിയവ മാത്രമായിരിക്കും അവന്റെ ജോലി” (ഇഹ്‌യാ ഉലൂമുദ്ദീന്‍).

5 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x