26 Saturday
April 2025
2025 April 26
1446 Chawwâl 27

ഹിറ്റ്‌ലര്‍ക്ക് സ്തുതി പാടിയ പോലെയാണ് ഇപ്പോഴത്തെ രാമക്ഷേത്ര വര്‍ണനകള്‍

ഫാസില്‍ ഷാജഹാന്‍

‘രാമക്ഷേത്ര നിര്‍മാണത്തിന് ഒരുതരി ഇരുമ്പ് ഉപയോഗിച്ചിട്ടില്ല’, ‘അയോധ്യയിലെ രാവുകള്‍ക്ക് പകലുകളേക്കാള്‍ തെളിച്ചവും തിരക്കും’, ‘ഉറക്കമറിയാത്ത ഉത്സവാനന്ദം’, ‘വിഗ്രഹത്തെ ചൈതന്യവത്താക്കുന്ന ചടങ്ങിന്റെ വിശേഷങ്ങള്‍ അറിയാം’ – തുടങ്ങി മാതൃഭൂമിയുടേയും മനോരമയുടെയും മറ്റുമൊക്കെയുള്ള ഇത്തരം രാമക്ഷേത്ര വര്‍ണനകള്‍ കാണുമ്പോള്‍ പഴയ ചില മാധ്യമ നിലപാടുകള്‍ മനസ്സില്‍ വരികയാണ്.
ഹിറ്റ്ലര്‍ വിസ്മയിപ്പിച്ചു കൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ സമയത്ത് ന്യൂയോര്‍ക്ക് ടൈംസില്‍ ഹിറ്റ്‌ലറിന്റെ വ്യക്തി ജീവിതത്തിലെ ആര്‍ദ്രതയെ വര്‍ണിച്ചു കൊണ്ടുള്ള ചിത്രങ്ങളും ആര്‍ട്ടിക്കിളുകളും കൊണ്ടു നിറയാറുണ്ടായിരുന്നു. അദ്ദേഹം നായയുമായി കളിക്കുന്നതും വെജിറ്റേറിയന്‍ ഫുഡ് മാത്രം കഴിക്കുന്നതും കുട്ടികളെ കളിപ്പിക്കുന്നതും അദ്ദേഹത്തിന്റെ മൂല്യബോധത്തെ കുറിച്ചും അക്കാലത്തെ പ്രമുഖ മാഗസിനുകളിലൊക്കെ സ്ഥിരമായി വന്നു കൊണ്ടിരുന്നു. 1930-കളിലായിരുന്നു അത്. പ്രധാന മാധ്യമങ്ങളെല്ലാം ഇക്കാര്യത്തില്‍ മല്‍സരിച്ചു. പിന്നീട് നാസി പട്ടാളത്തിന്റെ അതി ക്രൂരതകള്‍ സ്വയമേവ പൊട്ടിപ്പുറപ്പെട്ടു ലോകത്തിനു മുന്നില്‍ പലതവണ വെളിപ്പെട്ടപ്പോഴും മുഖ്യധാരാ മാധ്യമങ്ങള്‍ അവരുടെ ധര്‍മം മറന്ന് ഹിറ്റ്‌ലറിനെ കുറിച്ചുള്ള വാഴ്ത്തുപാട്ടുകളില്‍ അഭിരമിക്കുകയായിരുന്നു. ഹിറ്റ്‌ലര്‍ ഈ ജനതയ്ക്കായി വന്ന നേതാവെന്നും അചഞ്ചലനെന്നും നിരുപദ്രവകാരിയെന്നും യൂറോപ്പില്‍ നിന്നു അദ്ദേഹത്തെ കുറിച്ചു വരുന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതെന്നും അക്കാലത്തെ ജര്‍മന്‍ ജനത ഉറച്ചു വിശ്വസിക്കുകയും ചെയ്തു.
ഇതെല്ലാം കൊണ്ടുതന്നെ ഇന്ന് നമ്മള്‍ കാണുന്ന അതേ രീതിയില്‍ അന്നത്തെ നിഷ്‌കളങ്കരായ സാംസ്‌കാരിക നായകരും അധികാരശക്തി ഇല്ലാതിരുന്ന ക്രിസ്തീയ സഭകളും സാധാരണ ജനങ്ങളും എല്ലാം ഒരുമിച്ചാണ് ജൂത ജനതയെ വെറുത്തത്. അതങ്ങനെ നീണ്ടു നീണ്ടുപോയി 1939-ല്‍ കൂടെ നിന്ന പോളണ്ടിനെത്തന്നെ കീഴടക്കുന്നതിന്റെയും രണ്ടാം ലോകയുദ്ധം പ്രഖ്യാപിക്കുന്നതിന്റെയും 12 ദിവസം മുമ്പ് വരെ ഹിറ്റ്ലറിന്റെ ഡേ റ്റു ഡേ ലൈഫിനെ വര്‍ണിച്ചു കൊണ്ടുള്ള ആര്‍ട്ടിക്കിളുകള്‍ ആയിരുന്നു ന്യൂയോര്‍ക്ക് ടൈംസില്‍ മുഖ്യമായും ഉണ്ടായിരുന്നത്. അപ്പോഴേക്കും മനുഷ്യരെ കൊന്നു കുഴിച്ചുമൂടിയ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളും ഗ്യാസ് ചേമ്പറുകളും കോടിക്കണക്കിന് കൊലപാതകങ്ങളും തുടങ്ങിയിട്ട് ഒമ്പതു വര്‍ഷത്തിലധികം കഴിഞ്ഞിരുന്നു എന്നും ഓര്‍ക്കുക.
അന്ന് ന്യൂയോര്‍ക്ക് ടൈംസില്‍ ഹിറ്റലറിന്റെ വസതിയെ കുറിച്ചു വന്ന ഒരു തലവാചകം ഇങ്ങനെയായിരുന്നു: furnished harmoniously, according to the best of German traditions. Unstained wainscoting and handwoven rugs combined to ‘create an atmosphere of quiet cheerfulness.
അതിലും വലുതൊന്നുമല്ല നാമിപ്പോള്‍ കാണുന്ന അയോധ്യാ രാമക്ഷേത്ര വര്‍ണനകള്‍. അതിനാല്‍ മാധ്യമ ധര്‍മത്തെ കുറിച്ച് സങ്കടപ്പെടാതിരിക്കുക. വെറുപ്പിലും അപര ദ്വേഷത്തിലും ശക്തി ഉപയോഗിച്ചും നിര്‍മിക്കപ്പെട്ട എല്ലാ പ്രത്യയശാസ്ത്രങ്ങളും ആരുണ്ടായാലും ഇല്ലെങ്കിലും കാലത്തിന്റെ കാലൊച്ചകളില്‍ സ്വയമേവ തകരും. വെളിച്ചത്തിലേയ്ക്കും സ്‌നേഹത്തിലേയ്ക്കുമുള്ള കാലത്തിന്റെ ജൈത്രയാത്ര പിന്നെയും തുടരും.

Back to Top