ചരിത്ര നിഷേധത്തിന്റെ തുടര്‍ക്കഥകള്‍
ഷാഹിദ് രാമനാട്ടുകര
ബി ജെ പി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനു ശേഷം ചരിത്ര സത്യങ്ങളെ വളച്ചൊടിക്കാനും മറച്ചു വെക്കാനും ധൃതി കാണിക്കുന്നതായാണ് അനുഭവം. പാഠപുസ്തകങ്ങളില്‍ നിന്ന് തങ്ങള്‍ക്കിഷ്ടമില്ലാത്ത ഭാഗങ്ങള്‍ നീക്കി പുതിയത് ചേര്‍ത്തും അല്ലാതെയും പുസ്തകം പരിഷ്‌കരിക്കുന്ന നയം പുതിയതല്ല. സംഘ പരിവാരം നിരന്തരമായി ആവര്‍ത്തിക്കുന്നതാണത്. ഏറ്റവും പുതിയതായി എന്‍ സി ഇ ആര്‍ ടിയിലും അത് ആവര്‍ത്തിച്ചിരിക്കുകയാണ്.
അടുത്ത അക്കാദമിക് വര്‍ഷത്തിലെ 12-ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകം കൂടി. ബാബറി മസ്ജിദ്, ഹിന്ദുത്വ രാഷ്ട്രീയം, 2002 ലെ ഗുജറാത്ത് കലാപം, ന്യൂനപക്ഷങ്ങള്‍ എന്നിവയെ കുറിച്ചുള്ള ചില പരാമര്‍ശങ്ങള്‍ നീക്കം ചെയ്തുകൊണ്ടാണ് എന്‍സിഇആര്‍ടിയുടെ പുതിയ പരിഷ്‌ക്കരണം. മാര്‍ച്ച് നാല് വ്യാഴാഴ്ചയാണ് എന്‍സിഇആര്‍ടി വെബ്‌സൈറ്റില്‍ മാറ്റങ്ങളെ കുറിച്ച് പ്രസിദ്ധീകരിച്ചത്.
പാഠപുസ്തകത്തില്‍ 8-ാം അധ്യായത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സമീപകാല സംഭവവികാസങ്ങള്‍, ”അയോധ്യ തകര്‍ക്കല്‍” എന്ന ഭാഗം ഒഴിവാക്കി. പകരം രാഷ്ട്രീയ സമാഹരണത്തിന്റെ സ്വഭാവത്തിന് രാമജന്മഭൂമി പ്രസ്ഥാനത്തിന്റെയും അയോധ്യ തകര്‍ക്കലിന്റെയും പൈതൃകം എന്താണ്?, രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ പൈതൃകം എന്താണ്?” എന്നാക്കി മാറ്റി. സമീപകാലത്തുണ്ടായ മാറ്റങ്ങളുമായി പൊരുത്തപ്പെട്ട് പോകാന്‍ വേണ്ടിയാണ് ഈ മാറ്റങ്ങള്‍ എന്നാണ് എന്‍സിഇആര്‍ടിയുടെ വാദം. ഇതേ അധ്യായത്തില്‍ ബാബറി മസ്ജിദിനെയും ഹിന്ദുത്വ രാഷ്ട്രീയത്തെയും കുറിച്ചുള്ള പരാമര്‍ശങ്ങളും നീക്കം ചെയ്തിട്ടുണ്ട്.
വിദ്യാഭ്യാസ രംഗത്ത് സംഘപരിവാരം നടത്തുന്ന ഈ തിരിമറികളെ സമൂഹം എങ്ങനെ നേരിടും എന്നതാണ് പ്രസക്തമായ ചോദ്യം. ഈ തിരഞ്ഞെടുപ്പു കാലം വോട്ടിലൂടെ മറുപടി ആവശ്യപ്പെടുന്നത് ഈ നയങ്ങള്‍ക്കെതിരെക്കൂടിയാണ്.