മാധ്യമങ്ങളും ഇസ്‌ലാമോഫോബിയയുടെ പൊതുസമ്മതി നിര്‍മിതിയും
ഹിശാമുല്‍വഹാബ്
ഇന്ത്യന്‍ മാധ്യമരംഗം ഭീതിതവും ദു:ഖകരവുമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. മാധ്യമ നൈതികതയും നിരപേക്ഷതയും നിരന്തരം ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഭരണകൂട- നിയമപാലക- ഉദ്യോഗസ്ഥ വൃന്ദങ്ങളുടെ സ്വാധീനങ്ങളില്‍ അനുദിനം ഉഴലുന്ന മാധ്യമ സ്ഥാപനങ്ങള്‍ അധികാരത്തോട് ഓരം ചേര്‍ന്നുനില്‍ക്കാന്‍ വെമ്പല്‍ കൊള്ളുന്നു. ഭരണപക്ഷത്തിന്റെ അജണ്ടകള്‍ക്കനുസരിച്ച വാദങ്ങള്‍, നോം ചോംസ്‌കി നിരീക്ഷിക്കുന്നതുപോലെ, പൊതുസമ്മതിയുടെ നിര്‍മിതിയിലൂടെ (Manufacturing Consent) ബഹുഭൂരിപക്ഷത്തെ തെറ്റിദ്ധാരണകളിലേക്ക് നയിക്കുന്നു. അധികാര വിമര്‍ശനവും രാഷ്ട്രീയ ശരികളും കാത്തുസൂക്ഷിക്കുന്ന മാധ്യമ സ്ഥാപനങ്ങളുടെ നേര്‍ക്ക് നിയമപരവും രാഷ്്ട്രീയപരവുമായ പകപോക്കലുകളും അക്രമങ്ങളുമാണ് മോദി സര്‍ക്കാര്‍ അഴിച്ചുവിടുന്നത്. ജോര്‍ജ് ഓര്‍വല്‍ എഴുതുന്നു: ”നിലനില്‍ക്കുന്ന സാമ്പ്രദായിക അധികാര ഘടനയെ വെല്ലുവിളിക്കുന്നവര്‍, പ്രചണ്ഡമായ നീക്കങ്ങൡലൂടെ നിശ്ശബ്ദരാക്കപ്പെടുന്നു.”
ഹിന്ദുരാഷ്ട്ര നിര്‍മിതി ഒരു ലക്ഷ്യമായി അംഗീകരിച്ച, മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകളെയും പുറന്തള്ളാന്‍ ആഹ്വാനം ചെയ്ത ഗോള്‍വാള്‍ക്കറെ ഗുരുവായി അംഗീകരിക്കുന്ന സംഘപരിവാര്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലു തൂണുകളിലും പിടിമുറുക്കുമ്പോള്‍, അവരുടെ പ്രഥമവും പ്രധാനവുമായ ‘ആഭ്യന്തര ശത്രു’ മുസ്‌ലിം സമുദായമാണ്.
1939-ല്‍ ഗോള്‍വാള്‍ക്കര്‍ രചിച്ച നാം അല്ലെങ്കില്‍ നമ്മുടെ ദേശീയ സ്വത്വം നിര്‍വചിക്കപ്പെടുന്നു എന്ന പുസ്തകം, ഹിന്ദു ദേശീയതയുടെ പ്രമാണഗ്രന്ഥമായാണ് അറിയപ്പെടുന്നത്. ഈ പുസ്തകം ‘ഹിന്ദു’ എന്ന ആശയത്തെ മുസ്‌ലിമിനും ക്രിസ്ത്യനും എതിരെ പ്രതിഷ്ഠിച്ചുകൊണ്ടാണ് നിര്‍വചിക്കുന്നത്. ഈ രണ്ടു സമുദായങ്ങളും ഇന്ത്യയെ ‘പിതൃഭൂമിയായും’ ‘പുണ്യഭൂമി’യായും പരിഗണിക്കുന്നില്ല എന്നതാണ്. ഇത്തരമൊരു വര്‍ഗീകരണത്തിലൂടെ, സെമിറ്റിക് മതസമൂഹങ്ങളുടെ അപരവത്കരണവും ശത്രുവത്കരണവുമാണ് സംഘപരിവാര്‍ ഉന്നം വെക്കുന്നത്.
1925-ല്‍ രൂപീകരിക്കപ്പെട്ട ശുദ്ധി പ്രസ്ഥാനം ഒരു നൂറ്റാണ്ടോട് അടുക്കുമ്പോള്‍, ഘട്ടം ഘട്ടമായുള്ള ഹൈന്ദവ ദേശീയതയുടെ വളര്‍ച്ചയുടെ സൂചകങ്ങളായിട്ടാണ്, പൗരത്വ ഭേദഗതി നിയമത്തെയും രാമക്ഷേത്ര നിര്‍മാണത്തെയും വിശകലനം ചെയ്യേണ്ടത്. ഇത്തരം സംഘപരിവാര്‍ അജണ്ടകള്‍ക്ക് അനുരൂപമായാണ് ദേശീയ മാധ്യമങ്ങളെ ഭരണകൂടം നിയന്ത്രിക്കുന്നത്. അതിനാല്‍ തന്നെ, തീര്‍ത്തും വ്യതിരിക്തമായ വിഷയങ്ങളില്‍ പോലും ഒരു മുസ്‌ലിംവിരുദ്ധ വ്യവഹാരത്തെ തേടിപ്പിടിക്കുകയും അതിനെ വ്യാജ വാര്‍ത്തകളുടെ അകമ്പടിയോടെ പൊതു സമ്മതിയായും സംഘബോധമായും (Collective Conscious) അവതരിപ്പിക്കാനുമാണ് മനപ്പൂര്‍വം മാധ്യമങ്ങള്‍ ശ്രമിക്കുന്നത്.
ഇന്ത്യയിലെ മാധ്യമ പക്ഷപാത- മുന്‍വിധികളെ മനസ്സിലാക്കാന്‍ 2020 വര്‍ഷത്തിന്റെ ആരംഭം മുതല്‍ക്കുള്ള സംഭവ വികാസങ്ങളിലൂടെ കണ്ണോടിക്കാവുന്നതാണ്. സി എ എ, എന്‍ ആര്‍ സി, എന്‍ പി ആര്‍ എന്നീ മുസ്‌ലിംവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഭരണകൂട പദ്ധതികള്‍ക്കെതിരെ ഉയര്‍ന്നുവന്ന ജനകീയ സമരം ഇന്ത്യയിലുടനീളം വ്യാപിച്ചത് സംഘപരിവാറിന് തലവേദന സൃഷ്ടിച്ചു. മുസ്‌ലിം സ്ത്രീകളുടെയും, ദേശദ്രോഹികള്‍ എന്ന് മുദ്രകുത്തപ്പെട്ട സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ രൂപംകൊണ്ട സമരത്തെ അവര്‍ നേരിട്ടത് ആയുധങ്ങള്‍കൊണ്ടും പ്രോപഗണ്ടകളിലൂടെയുമാണ്. പൗരത്വസമരങ്ങളുടെ സ്രോതസ്സുകളായി വര്‍ത്തിച്ച ശാഹീന്‍ബാഗുകളെ തേജോവധം ചെയ്യുന്നതിന്, അവയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുകയും സമരക്കാരെ വെടിവെക്കാന്‍ ശ്രമിക്കുകയും കുപ്രചാരണങ്ങള്‍ പ്രൈംടൈം ചര്‍ച്ചകളായി ചാനലുകള്‍ സംപ്രേഷണം ചെയ്യുകയുമുണ്ടായി. സമരം നിര്‍ത്താന്‍ താക്കീത് ചെയ്ത കപില്‍ മിശ്രയെ പോലുള്ള ബി ജെ പി നേതാക്കള്‍, ആസൂത്രിതമായി ഡല്‍ഹിയില്‍ മുസ്‌ലിംവിരുദ്ധ വംശഹത്യ നടത്താന്‍ നേതൃത്വം നല്‍കി. നിഷ്പക്ഷ മാധ്യമ സ്ഥാപനങ്ങളും സാമൂഹിക മാധ്യമങ്ങളും ഡല്‍ഹി വംശഹത്യയുടെ യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരാന്‍ പരമാവധി ശ്രമിച്ചെങ്കിലും, പോലീസും സംഘ് മാധ്യമങ്ങളും നിര്‍മിച്ചെടുത്ത ഗൂഢാലോചന സിദ്ധാന്തമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ വ്യാപകമായ നേതാക്കളുടെ അറസ്റ്റുകളില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ മൗനം പാലിക്കുന്നു. ശര്‍ജില്‍ ഇമാം മുതല്‍ ഏറ്റവുമൊടുവില്‍ ഉമര്‍ ഖാലിദ് വരെയുള്ളവര്‍ക്ക് എതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രോപഗണ്ടകള്‍, യാഥാര്‍ഥ്യ തെളിവുകളുടെ മൂല്യശോഷണത്തിലേക്കും ലളിതരൂപത്തില്‍ വ്യാപിക്കുന്ന ഗൂഢാലോചനകളുടെയും വ്യാജ വാര്‍ത്താ നിര്‍മാണത്തിന്റെയും ‘ജനപ്രീതി’യിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്. അതോടൊപ്പം, ഡല്‍ഹി വംശഹത്യയെ ഒരു ‘ഹിന്ദുവിരുദ്ധ കലാപ’മായി വൈരുധ്യാത്മകമായി ചിത്രീകരിക്കുവാന്‍ ഛുകിറശമ, ഞലുൗയഹശര, ദലല ചലം െഅടക്കമുള്ള സംഘ് പ്രോപഗണ്ടാ ചാനലുകള്‍ കിണഞ്ഞു ശ്രമിക്കുന്നു.
ആഗോള തലത്തില്‍ പടര്‍ന്നുപിടിച്ച കോവിഡ്-19 പകര്‍ച്ചവ്യാധി, ഇന്ത്യയില്‍ വ്യാപിച്ചപ്പോഴും, മാധ്യമങ്ങളും ഭരണകൂടങ്ങളും സര്‍വ സന്നാഹത്തോടെ ശ്രദ്ധ കേന്ദ്രീകരിച്ചത് ഡല്‍ഹി നിസാമുദ്ദീനിലെ തബ്്‌ലീഗ് ജമാഅത്തിന്റെ ആസ്ഥാനത്തിലേക്കായായിരുന്നു. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ പെട്ടെന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍, ഇന്ത്യയിലുടനീളം യാത്രക്കാരെയും കുടിയേറ്റ തൊഴിലാളികളെയും പ്രതിസന്ധിയിലാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിച്ചേര്‍ന്ന തബ്‌ലീഗ് പ്രവര്‍ത്തകരുടെ തിരിച്ചുപോക്ക് ഒരു ചോദ്യചിഹ്‌നമായി ഉയര്‍ന്നപ്പോള്‍, അതുവരെ യാതൊരു കാര്യക്ഷമതയും പ്രകടിപ്പിക്കാതിരുന്ന ഡല്‍ഹി പൊലീസും ഭരണകൂടങ്ങളും മാധ്യമ സഹായത്തോടെ തബ്‌ലീഗ് വിരുദ്ധ വേട്ട തുടങ്ങി. തുടക്കം ‘തബ്‌ലീഗ് കോവിഡ്’, ‘കൊറോണ ജിഹാദ്’ എന്നിങ്ങനെയുള്ള പദപ്രയോഗങ്ങളിലൂടെ ആയിരുന്നു എങ്കില്‍, പിന്നീട് രാജ്യത്തുടനീളമുള്ള മുസ്‌ലിംകളുടെ നേര്‍ക്ക് പ്രോപഗണ്ട തിരിഞ്ഞു.
സീന്യൂസ് വാര്‍ത്താ അവതാരകന്‍ സുധീര്‍ ചൗധരി വ്യത്യസ്ത തരത്തിലുള്ള ജിഹാദിനെക്കുറിച്ച് – തീവ്ര ജിഹാദും ബൗദ്ധിക ജിഹാദും അതിന്റെ ഇനങ്ങളും – ഒരു ചാര്‍ട്ട് വിശദീകരിച്ചു. ജനസംഖ്യ, പ്രണയം, ഭൂമി, വിദ്യാഭ്യാസം, ഇരവാദം, മാധ്യമങ്ങള്‍, സിനിമ, മതനിരപേക്ഷത എന്നീ വാക്കുകള്‍ക്ക് ശേഷം ‘ജിഹാദ്’ എന്ന് കൂട്ടിച്ചേര്‍ത്ത് മുസ്‌ലിംകളുടെ പുരോഗതി ദേശവിരുദ്ധമാണെന്ന് കുപ്രചാരണം അഴിച്ചുവിട്ടു. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്, രാജ്യത്തെ സിവില്‍ സര്‍വീസ് ഉദ്യോഗങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യത്തെ ഉന്നം വെച്ച് ആരോപിച്ച ‘യു പി എസ് സി ജിഹാദ്’.
ഇത്തരം പ്രോപഗണ്ടകള്‍ മുസ്‌ലിംകള്‍ക്കെതിരെ തൊടുത്തു വിടുമ്പോഴും, കോവിഡ്-19 ലോക്ക്ഡൗണിന്റെ കാലയളവില്‍ നടന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാമ-നവമി പൂജയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാമക്ഷേത്ര ശിലാസ്ഥാപനത്തെയും മാധ്യമങ്ങള്‍ ആഘോഷിച്ചത് പക്ഷപാതിത്വത്തിന്റെ തെളിവാണ്.
പൗരന്മാരുടെ അറിയാനുള്ള അവകാശത്തിനായി സ്ഥാപിക്കപ്പെട്ട പ്രസാര്‍ ഭാരതിയുടെ പ്രധാനപ്പെട്ട രണ്ട് മാധ്യമങ്ങളായ ദൂരദര്‍ശനും ആള്‍ ഇന്ത്യാ റേഡിയോയും ഭരണകൂടത്തിന്റെ നാക്കുകളായി അധപ്പതിച്ചിരിക്കുന്നു. ബാബറി മസ്ജിദിന്റെ ധ്വംസനത്തില്‍ കലാശിച്ച എല്‍ കെ അദ്വാനിയുടെ രഥയാത്രയുടെയും അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെയും മുന്നോടിയായി ‘രാമായണം സീരിയല്‍’ സംപ്രേഷണം ചെയ്യാന്‍ സംഘപരിവാര്‍ ഉപയോഗിച്ചത് ദൂരദര്‍ശന്‍ ചാനലാണ്. മണ്ഡല്‍ കമ്മീഷന്‍ ഉയര്‍ത്തിവിട്ട ഒ ബി സി സംവരണത്തിനായുള്ള മുന്നേറ്റങ്ങളെ അടിച്ചമര്‍ത്തി, ഹൈന്ദവ ഏകീകരണത്തിനായി രാമക്ഷേത്ര വാദം ലക്ഷ്യമായി മുന്നേറിയ ഹിന്ദുത്വര്‍, ചരിത്രത്തെ വളച്ചൊടിച്ച്, മിഥ്യാധാരണകളെ യാഥാര്‍ഥ്യമാക്കിക്കൊണ്ട് പൊതുസമ്മതി നേടുവാന്‍ അശ്രാന്തം പരിശ്രമിക്കുകയാണ്. ‘അയോധ്യ നേടി, ഇനി കാശിയും മഥുരയും ബാക്കിയുണ്ട്’ എന്ന മുദ്രാവാക്യം മുസ്‌ലിംകളുടെ സാംസ്‌കാരിക മുദ്രകളുടെ സമ്പൂര്‍ണ ഉന്മൂലനത്തിലേക്കും തിരസ്‌കരണത്തിലേക്കുമാണ് നയിക്കുന്നത്.
സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന മാധ്യമ സംസ്‌കാരത്തിന് ബദലായിക്കൊണ്ട് ആഗോളതലത്തില്‍ തന്നെ മാധ്യമ സാമൂഹിക മാധ്യമ സ്ഥാപനങ്ങളും സംഘടനകളും ക്രിയാത്മകമായി ഇടപെടുന്നത് ശുഭോതര്‍ക്കമാണ്. കോവിഡ്-19 പകര്‍ത്തുന്നത് മുസ്‌ലിംകളാണ് എന്ന കുപ്രചാരണത്തെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ അറബ് സമൂഹം ‘ഇന്ത്യയിലെ ഇസ്‌ലാമോഫോബിയ’യെ ഉയര്‍ത്തിക്കാട്ടുകയും ഭരണകൂടത്തിന്റെ നിലപാടുകളെ ചോദ്യം ചെയ്യുകയും ചെയ്തു. വ്യവസ്ഥാപിതമായ മുസ്‌ലിം വിരുദ്ധതയെ സൂചിപ്പിക്കാനുള്ള പദപ്രയോഗമായി ‘ഇസ്‌ലാമോഫോബിയ’ മാറിക്കഴിഞ്ഞു. ആഗോള മത സ്വാതന്ത്ര്യത്തിനായുള്ള യു എസ് കമ്മീഷന്‍, ഇന്ത്യയെ ‘പ്രത്യേക പരിഗണന ആവശ്യമുള്ള രാജ്യ’മായി ലിസ്റ്റ് ചെയ്തു. ഇസ്‌ലാമോഫോബിയയുടെ വ്യാപനത്തിനെതിരെയും ഇന്ത്യയിലെ മര്‍ദിത മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനും ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്ന് ഇസ്‌ലാമിക സഹകരണ സംഘടന (ഒ ഐ സി) ആവശ്യപ്പെട്ടു. അതിനു ശേഷം ഉടനെയാണ്, ‘കൊറോണ വൈറസ്, വംശമോ മതമോ വര്‍ണമോ ജാതിയോ ആദര്‍ശമോ ഭാഷയോ അതിര്‍ത്തികളോ നോക്കിയല്ല വ്യാപിക്കുന്നത്’ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രസ്താവന പുറപ്പെടുവിക്കേണ്ടി വന്നത്.
ഡല്‍ഹി വംശഹത്യയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ സ്തുത്യര്‍ഹമായ സേവനമാണ് സ്വതന്ത്ര മാധ്യമ സംസ്‌കാരത്തിന് ചെയ്തത്. ഭരണപക്ഷ- പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ കുപ്രചാരണങ്ങളെയും ഗൂഢാലോചനാ സിദ്ധാന്തങ്ങളെയും ചോദ്യം കൂടാതെ ഏറ്റെടുക്കുമ്പോള്‍, മാധ്യമ- നൈതികതയും നിരപേക്ഷതയും കാത്തുസൂക്ഷിക്കുന്ന ബദല്‍ മാധ്യമസ്ഥാപനങ്ങള്‍ ഉയര്‍ന്നുവരേണ്ടത് അത്യന്താപേക്ഷികമാണ്.