3 Sunday
December 2023
2023 December 3
1445 Joumada I 20

സമരങ്ങളും ഭീകരവാദവും തമ്മിലെന്ത്?

അബ്ദുല്‍ഹയ്യ്‌

ഹിന്ദി ബെല്‍റ്റില്‍ മുഖ്യധാരാ മാധ്യമങ്ങളെക്കാള്‍ യൂട്യൂബ് ചാനലുകളിലായിരുന്നു യാഥാര്‍ഥ്യം അവതരിപ്പിച്ചിരുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലാണ് സത്യം എന്ന കാര്യം ജനം തിരിച്ചറിഞ്ഞു തുടങ്ങിയ സമയത്താണ് കേന്ദ്രവും ഉപകരണങ്ങളും അത്തരം ചാനലുകള്‍ക്കു നേരെ ദംഷ്ട്ര നീട്ടിയത്.
2009 മുതല്‍ ന്യൂഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വെബ്‌സെറ്റായ ന്യൂസ് ക്ലിക്കിനെതിരെ മോദി സര്‍ക്കാരിന്റെ പൊലീസ്, മിലിട്ടറി സ്‌റ്റൈലില്‍ നടത്തിയ റെയ്ഡുകള്‍ മാധ്യമ സ്വാതന്ത്ര്യത്തിനുനേരേയുള്ള തുറന്ന ആക്രമണമാണ്. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തിയുടെ തൊട്ടടുത്ത ദിവസമാണ് ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട 46 പേരുടെ വീട്ടിലേക്ക് ഡല്‍ഹി പൊലീസിന്റെ സ്‌പെഷല്‍ സെല്ലില്‍പെട്ട 200ലധികം പേര്‍ എത്തുന്നത്. രാവിലെ ആറരക്ക് തുടങ്ങിയ റെയ്ഡ് പലയിടത്തും രാത്രി എട്ട് മണിവരെ തുടര്‍ന്നു. വെബ്‌സൈറ്റിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കായസ്തയെയും എച്ച് ആര്‍ മാനേജര്‍ അമിത് ചക്രവര്‍ത്തിയെയും അറസ്റ്റ് ചെയ്തു.
ജുഡീഷ്യറി ഇടപെടാത്തപക്ഷം മറ്റൊരു ഭീമ കൊറേഗാവ് കേസിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നാണ് ഇതുവരെയുള്ള സംഭവിവികാസങ്ങള്‍ നല്‍കുന്ന സൂചന. ഒക്ടോബര്‍ അഞ്ചിന് ‘ദി ഹിന്ദു’ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയുടെ പരാമാധികാരത്തെ തകര്‍ക്കുംവിധം ചൈനക്കുവേണ്ടി പ്രവര്‍ത്തിച്ചുവെന്ന ഗുരുതര ആരോപണമാണ് പ്രബിര്‍ പുര്‍കായസ്തക്കെതിരെ ഉയര്‍ത്തിയത്. മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെയും ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും വിദ്വേഷ, വര്‍ഗീയ രാഷ്ട്രീയത്തെയും എതിര്‍ക്കുന്ന ചാനലാണ് ന്യൂസ് ക്ലിക്ക് എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടു തന്നെ മോദി അധികാരത്തില്‍ വന്ന ഘട്ടത്തില്‍ തന്നെ അവര്‍ ന്യൂസ് ക്ലിക്കിനെ ലക്ഷ്യമിട്ടിരുന്നു.
ചൈനയുമായി ബന്ധമുള്ള ഭീകരവാദ കേസ് എന്ന നിലയിലാണ് ഡല്‍ഹി പൊലീസ് മാധ്യമവേട്ടയെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ന്യൂസ്‌ക്ലിക്ക് മാധ്യമ പ്രവര്‍ത്തകരെ ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രധാനമായും ചോദിച്ചത് കര്‍ഷകസമരം, ദല്‍ഹി കലാപം, പൗരാവകാശ ഭേദഗതി നിയമം, കോവിഡ് എന്നിവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്നായിരുന്നു. ഈ സമരങ്ങളും ഭീകരവാദവും തമ്മിലുള്ള ബന്ധമെന്താണ്?
മുഖ്യധാരാമാധ്യമങ്ങളെ ഇന്ന് ആരും മാധ്യമമായിപോലും കാണുന്നില്ല. കാരണം മുഖ്യധാരമാധ്യമങ്ങളൊക്കെ ഗോദി മാധ്യമങ്ങളായി മാറിയിരിക്കുന്നു. കാവല്‍നായയാകേണ്ട മുഖ്യധാരാ മാധ്യമങ്ങള്‍ മടിത്തട്ട് മാധ്യമങ്ങളായി മാറിയിരിക്കുന്നു. എല്ലാവരും മോദി സര്‍ക്കാരിനെ വാഴ്ത്തുന്ന കീര്‍ത്തനങ്ങള്‍ ആലപിക്കുന്ന തിരക്കിലാണ്. വഴങ്ങാത്ത മാധ്യമങ്ങള്‍ക്ക് പരസ്യം നിഷേധിച്ചും അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് റെയ്ഡ് നടത്തിയും പ്രക്ഷേപണാനുമതി നിഷേധിച്ചുമാണ് അവയെ മടിത്തട്ട് മാധ്യമങ്ങളായി മാറ്റിയത്. ഇതോടെ ഈ മാധ്യമങ്ങളില്‍ മിക്കതും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും പ്രചാരകരായി മാറി.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x