7 Saturday
December 2024
2024 December 7
1446 Joumada II 5

ഹിന്ദ് റജബുമാരുടെ ഫലസ്തീന്‍

ടി ടി എ റസാഖ്‌


ഹിന്ദ് റജബ് എന്ന ആറു വയസ്സുകാരിയുടെ കഥ ഇന്ന് ഓരോ ഫലസ്തീനിയുടെയും കഥയാണ്. അവളുടെ അമ്മാവനും അമ്മായിയും മൂന്നു മക്കളുമടങ്ങിയ കുടുംബം തല്‍അല്‍ഹവ എന്ന ഫലസ്തീന്റെ പട്ടണപ്രാന്തത്തില്‍ അവരുടെ കാറില്‍ വെടിയേറ്റ് മരിച്ചുകിടക്കുന്നു. ഭീകരമായ ഈ ഒരവസ്ഥയിലാണ് ആ കൊച്ചുകുട്ടി കൈയില്‍ കിട്ടിയ മൊബൈല്‍ ഫോണില്‍ ഫലസ്തീന്‍ റെഡ്ക്രസന്റിലേക്ക് (പിആര്‍സിഎസ്) വിളിക്കുന്നത്. അവളുടെ അവസാനത്തെ സംഭാഷണങ്ങള്‍ അല്‍ജസീറ റെക്കോര്‍ഡ് ചെയ്തത് ഇപ്രകാരമാണ്: ”എനിക്ക് പേടിയാകുന്നു. എന്നെ രക്ഷിക്കാന്‍ ആരെയെങ്കിലും ഒന്നു പറഞ്ഞയക്കണം. അവര്‍ പിന്നെയും വെടിവെക്കുകയാണ്. വളരെ അടുത്തുതന്നെ ഒരു ടാങ്കുമുണ്ട്…” ”ടാങ്ക് വളരെയടുത്താണോ” എന്ന ചോദ്യത്തിന് ”ജിദ്ദന്‍, ജിദ്ദന്‍” (വളരെവളരെ അടുത്ത്) എന്ന് ഗദ്ഗദത്തോടെയാണാ കുട്ടി മറുപടി പറയുന്നത്.
അവര്‍ കുട്ടിയെ പരമാവധി സമാശ്വസിപ്പിച്ച ശേഷം ഫലസ്തീന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിവരം കൈമാറുന്നു. ലോകത്ത് ഇന്ന് ഏറ്റവും അപകടകരമായ സാഹചര്യത്തില്‍ വളരെ പരിമിതമായ സജ്ജീകരണങ്ങള്‍ ഉപയോഗിച്ച് സദാ സേവനനിരതരായിരിക്കുന്ന സന്നദ്ധപ്രവര്‍ത്തകരാണവര്‍. അവര്‍ റെഡ്ക്രസന്റ് ആംബുലന്‍സില്‍ സന്ദേശം ലഭിച്ച പ്രദേശത്തേക്കു കുതിക്കുന്നു. എന്നാല്‍, വൈകാതെ റെഡ്ക്രസന്റിന് ആംബുലന്‍സുമായുള്ള ബന്ധം നഷ്ടപ്പെട്ടു. താമസിയാതെ കുട്ടിയുമായുള്ള ടെലിഫോണ്‍ ബന്ധവും നഷ്ടമായി. പിന്നീട് നടന്ന തിരച്ചിലില്‍ 12 ദിവസങ്ങള്‍ക്കു ശേഷം ആംബുലന്‍സും അതില്‍ കൊല്ലപ്പെട്ടുകിടക്കുന്ന ആരോഗ്യ പ്രവര്‍ത്തകരായ യൂസുഫ് സെയ്‌നോയുടെയും അഹ്‌മദ് മദ്ഹൂനിന്റെയും മൃതദേഹങ്ങളും കണ്ടെത്തി. ഏതാനും വാര മാത്രം അകലെ വെടിയുണ്ടകളേറ്റു തകര്‍ന്ന ഒരു കാറില്‍ ഹിന്ദ് റജബിന്റെയും മൂന്നു കുട്ടികള്‍ അടങ്ങിയ മറ്റു കുടുംബാംഗങ്ങളുടെയും രക്തം വാര്‍ന്ന മൃതദേഹങ്ങളും കണ്ടെടുത്തു. ഏകദേശം മൂന്നു മണിക്കൂര്‍ സമയം ആ കുഞ്ഞ് രക്ഷയ്ക്കായി കേഴുകയായിരുന്നു എന്നാണ് റെഡ്ക്രസന്റ് വക്താവ് പറയുന്നത്.
75 വര്‍ഷവും 5 മാസവും. 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സിവിലിയന്‍ കൂട്ടക്കുരുതി തുടരുകയാണ്. 10,000ലധികം കൊച്ചുകുട്ടികള്‍ നിഷ്ഠുരമായി കൊല്ലപ്പെട്ട ദിനങ്ങള്‍. വെള്ളത്തുണിയില്‍ പൊതിഞ്ഞ കൊച്ചുകിടാങ്ങള്‍ക്ക് അന്ത്യചുംബനം നല്‍കുന്ന ഉമ്മമാരുടെ കാഴ്ചകളെത്രയാണ്! യൂനിസെഫിന്റെ ഭാഷയില്‍ കുട്ടികളുടെ ശവപ്പറമ്പായി മാറിയ ഗസ്സാ മുനമ്പ്. അഞ്ച് മാസം ടണ്‍കണക്കിനു ബോംബുകള്‍ പതിച്ച് വന്‍ ഗര്‍ത്തങ്ങളുടെ സമുച്ചയമായി മാറിയ ഗസ്സ. നാലുപാടും വന്ന് പതിക്കുന്ന ബോംബുകള്‍ക്ക് നടുവില്‍ ഓടാനോ ഒളിക്കാനോ ഇടമില്ലാതെ മരിച്ചുവീഴുന്ന ജനത.
യുദ്ധരംഗത്ത് നിരോധിക്കപ്പെട്ട മാരകമായ വെളുത്ത ഫോസ്ഫറസിന്റെ ഉല്‍സര്‍ജന താപത്തില്‍ ശരീരത്തിലെ മാംസവും എല്ലും വരെ ഉരുകിപ്പോയ ഹത്യഭാഗ്യര്‍ ചികില്‍സ കിട്ടാതെ അനുഭവിക്കുന്ന നരകയാതനകള്‍. വാള്‍സ്ട്രീറ്റ് ജേണലിന്റെ കണക്കുകള്‍ പ്രകാരം 4.25 ലക്ഷത്തില്‍പരം ഭവനങ്ങളില്‍ നാലു ലക്ഷം ഭവനങ്ങളും കല്‍ക്കൂനയായി മാറിക്കഴിഞ്ഞു. രക്ഷാസാമഗ്രികളുടെ അഭാവത്തില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ വീണ്ടെടുക്കാന്‍ കഴിയാതെ കിടക്കുന്ന നൂറുകണക്കിനു മൃതദേഹങ്ങള്‍. വീടും കുടുംബവും കുട്ടികളും സമ്പത്തും സന്താനങ്ങളും തുടങ്ങി എല്ലാം നഷ്ടപ്പെട്ട രണ്ട് ദശലക്ഷത്തിനടുത്ത് മനുഷ്യര്‍. ബോംബിങില്‍ തകര്‍ന്നുപോയ 350ലധികം വിദ്യാലയങ്ങള്‍.
ചരിത്രത്തില്‍ തുല്യതയില്ലാത്തവിധം ബോംബിട്ട് തകര്‍ക്കപ്പെട്ട ആശുപത്രികള്‍. തകര്‍ന്നടിഞ്ഞു കിടക്കുന്ന ആരോഗ്യ പരിപാലനരംഗം. മുറിവേറ്റവരാല്‍ വീര്‍പ്പുമുട്ടുന്ന താല്‍ക്കാലിക ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ക്കു മുകളില്‍ വീണ്ടും വീണ്ടും തുടരുന്ന മാരകമായ ബോംബ് വര്‍ഷം. ലളിതമായ ജീവന്‍രക്ഷാ ഉപകരണങ്ങളോ കൂട്ടിരിപ്പുകാരോ പോലുമില്ലാതെ പിടഞ്ഞു മരിക്കുന്ന രോഗികള്‍. ഇന്‍കുബേറ്ററുകളില്ലാതെ മരിച്ചുവീഴുന്ന കുഞ്ഞുങ്ങളുടെ കാഴ്ചകള്‍.
ജലശുചിത്വ-ശുചീകരണ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ വരുന്ന രോഗസംക്രമണവും പകര്‍ച്ചവ്യാധികളും മരണവും. കൊല്ലപ്പെട്ട 600ലധികം ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും. മുറിവും പരിക്കുമായി നീണ്ട മരണം കാത്ത് വേദന തിന്നുന്ന 60,000ലധികം വരുന്ന സാധാരണ പൗരന്‍മാര്‍. കത്തിയെരിയുന്ന ഭക്ഷണവണ്ടികള്‍. ഭക്ഷണമോ ശുദ്ധജലമോ ഇല്ലാതെ പട്ടിണിയും പരിക്കും കഷ്ടപ്പാടുകളുമായി കഴിയുന്ന അഭയാര്‍ഥികളായ മനുഷ്യസഞ്ചയം.

ബോംബിങില്‍ ചിതറിപ്പോയ ഭക്ഷണവണ്ടികളില്‍ നിന്ന് തെറിച്ചുവീണ മണ്ണ് കലര്‍ന്ന ഗോതമ്പുമാവ് കീശകളില്‍ ശേഖരിക്കുന്ന കുട്ടികള്‍. പട്ടിണിയെ വംശീയ ഉന്‍മൂലനായുധമായി ഉപയോഗിക്കുന്ന ആധുനിക ലോകത്തെ കാട്ടാള സമൂഹം. കൊല്ലപ്പെട്ട നൂറിലധികം പത്രപ്രവര്‍ത്തകര്‍. നശിപ്പിക്കപ്പെട്ട 150ലധികം പ്രസ് ഓഫീസുകള്‍. തീവ്രമായ ചൂടും തണുപ്പും മാറിമാറി വരുന്ന ഒരു പ്രദേശത്ത് വൈദ്യുതിയോ വെളിച്ചമോ മറ്റ് ഊര്‍ജ സംവിധാനങ്ങളോ ഇല്ലാതെ നരകതുല്യമായ ജീവിതം. ഒന്നും ബാക്കിയില്ലാത്തവിധം തകര്‍ന്നുപോയ കുടിവെള്ള സ്രോതസ്സുകളായ കടല്‍ജല ശുദ്ധീകരണശാലകള്‍.
തകര്‍ക്കപ്പെട്ട മൊബൈല്‍ വാര്‍ത്താവിതരണ സംവിധാനങ്ങള്‍. ഇരുട്ടില്‍ വീണ്ടെടുക്കാനാവാത്ത നിലയില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തകരെ കാത്തുകാത്ത് ശബ്ദം നിലച്ചു വിറങ്ങലിച്ചുപോയ മനുഷ്യ ശരീരങ്ങള്‍. കോണ്‍ക്രീറ്റ് കൂനകള്‍ക്കു നടുവില്‍ കത്തിയമരുന്ന വീടുകളില്‍ നിന്ന് രക്ഷപ്പെടാനാവാതെ ഒരുമിച്ച് എരിഞ്ഞമരുന്ന കുടുംബങ്ങള്‍. അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്ന്, സേവനരംഗത്ത് അവശേഷിച്ച വെറും അഞ്ചോ ആറോ ആംബുലന്‍സുകള്‍ക്കായി കാതോര്‍ക്കുന്ന ആയിരക്കണക്കിനു ദുരന്തബാധിതര്‍.
നശിപ്പിക്കപ്പെട്ട പള്ളികളും ചര്‍ച്ചുകളും ചരിത്രശേഖരങ്ങളും യൂനിവേഴ്‌സിറ്റികളും ഗ്രന്ഥാലയങ്ങളും കൂടെ ഒരു ജനതയുടെ മായ്ക്കപ്പെടുന്ന ചരിത്രവും സംസ്‌കാരവും. ഉന്നംവെച്ച കൊലപാതക പദ്ധതികളില്‍ വംശനാശം വരുന്ന ബുദ്ധിജീവികള്‍, ആരോഗ്യ വിദഗ്ധര്‍, പണ്ഡിതന്‍മാര്‍, ശാസ്ത്രപ്രതിഭകള്‍, സാഹിത്യകാരന്‍മാര്‍, കവികള്‍, അധ്യാപകര്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങി പ്രശസ്തരും സമര്‍ഥരുമായ നാടിന്റെ നായകര്‍. കടപുഴക്കി എറിയപ്പെടുന്ന കൃഷിഭൂമിയും ലോകത്തെ മേത്തരം ഒലീവ് മരങ്ങളും. നിരപ്പാക്കപ്പെടുന്ന ഖബര്‍സ്ഥാനുകളും സെമിത്തേരികളും.
മാതാപിതാക്കളുടെ മുമ്പില്‍ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെയും കുഞ്ഞുങ്ങള്‍ക്കു മുമ്പില്‍ കൊല്ലപ്പെടുന്ന മാതാപിതാക്കളുടെയും ഭയാനക കാഴ്ചകള്‍. ബന്ധിതരും നഗ്‌നരുമായ നിലയില്‍ ദാരുണമായി കൊലചെയ്യപ്പെട്ട ഹതഭാഗ്യരുടെ കൂട്ടക്കുഴിമാടങ്ങള്‍. കന്നുകാലികളെ പോലെ ലോറികളില്‍ അട്ടിയിട്ട് തടവറകളിലേക്ക് കടത്തിക്കൊണ്ടുപോകുന്ന വൃദ്ധന്‍മാരും വികലാംഗരുമടങ്ങിയ കര്‍ഷകരും തൊഴിലാളികളും. ബോംബുകളും തോക്കുകളും കനത്ത മെര്‍കേവ ടാങ്കുകളും ബുള്‍ഡോസറുകളും കൂടാതെ തീയും വൈദ്യുതിയും ഉപയോഗിച്ചുള്ള കൂട്ടക്കൊലപാതകങ്ങള്‍.
അനസ്‌തേഷ്യ കൊടുക്കാനാവാതെ സിസേറിയനും സര്‍ജറികളും നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍. പലരെയും ഒന്നു മയക്കാന്‍ പോലും പോംവഴിയില്ലാതെ, പച്ചയായി കൈകാലുകള്‍ മുറിച്ചുമാറ്റപ്പെട്ട പതിനായിരത്തോളം കുട്ടികള്‍. അനാഥരായ 30,000ലധികം വരുന്ന കുരുന്നുകള്‍. മാനസികാഘാതം നേരിടുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന പുതുതലമുറ. ഗസ്സയില്‍ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ക്കപ്പുറം ജീവിക്കുന്ന അരോഗദൃഢഗാത്രനായ ഒരു യുഎസ് സൈനികനു പോലും മനഃസാന്നിധ്യം നഷ്ടപ്പെട്ടുപോകുന്ന ക്രൂരമായ വംശഹത്യയുടെ നേര്‍ക്കാഴ്ചകള്‍.
വെറുപ്പും വംശീയതയുമായി റോന്തുചുറ്റുന്ന സായുധ കുടിയേറ്റക്കാരുടെ അതിക്രമങ്ങളും കൊള്ളയും തീവെപ്പും. ഭൂമിയെ കീറിമുറിക്കാന്‍ കെല്‍പുള്ള, ഒരു ടണ്ണിനടുത്ത് ഭാരം വരുന്ന യുഎസ് നിര്‍മിത ബി.എല്‍.യു ബോംബുകളുടെ പ്രഹരത്തില്‍ വന്‍ ഗര്‍ത്തങ്ങളായി മാറിയ പാര്‍പ്പിട സമുച്ചയങ്ങള്‍. അവശിഷ്ടങ്ങള്‍ക്കിടയില്‍ ദിവസങ്ങളായി സംസ്‌കരണം കാത്തു കഴിയുന്ന ഉടലും തലയും ചതഞ്ഞുപോയ കുട്ടികളും വൃദ്ധരുമടങ്ങിയ നിരപരാധികളുടെ ശരീരശേഷിപ്പുകള്‍.
യുഎന്‍ സ്‌കൂളുകളിലും അഭയാര്‍ഥി ക്യാമ്പുകളില്‍ പോലും കിരാതമായ കൂട്ടക്കൊലകളില്‍ കഥാവശേഷരായ അഭയാര്‍ഥികള്‍. ഭാര്യയുടെ ജന്‍മദിനം ആഘോഷിക്കാനായി പാര്‍പ്പിടങ്ങള്‍ തകര്‍ത്താടുന്ന സൈനിക നരഭോജികള്‍. മരണവും ദുരന്തവും ആഘോഷമാക്കുന്ന കൊഞ്ഞന വീഡിയോകള്‍ പങ്കുവെക്കുന്ന സയണിസ്റ്റ് ഭീകരര്‍.
മുക്കാല്‍ നൂറ്റാണ്ടായി ശമനമില്ലാതെ തുടരുന്ന നക്ബയും വംശീയ ഉന്‍മൂലന പദ്ധതികളും വഴി ലോകത്തെ ഏറ്റവും വലിയ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പായി മാറിയ ലോകത്തെ ഏറ്റവും വലിയ ജനസാന്ദ്രമായ ജനവാസകേന്ദ്രം. തടവറകളില്‍ സമാനതകളില്ലാത്ത ക്രൂരതകള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുന്ന ആയിരങ്ങള്‍.
ഇതെഴുതുമ്പോള്‍, ഓടിയോടി എത്തുന്ന അവസാന അഭയകേന്ദ്രമെന്നു പറയാവുന്ന, ഈജിപ്ഷ്യന്‍ അതിര്‍ത്തിയിലെ റഫയുടെ കണ്ണീര്‍ ഖൈമകളില്‍ അഭയം തേടിയവരെ പോലും ലോകാഭിപ്രായത്തിന് ഒട്ടും വില കല്‍പിക്കാതെ, യാതൊരു ശിക്ഷാഭീതിയുമില്ലാതെ ബോംബിട്ട് നശിപ്പിക്കാനുള്ള നീക്കങ്ങളിലാണീ ഭീകരരാഷ്ട്രം.
ചുരുക്കത്തില്‍, ഒടുങ്ങാത്ത ദുരിതങ്ങളുടെ പേരാണ് ഫലസ്തീന്‍. ലോക മനഃസാക്ഷിക്കു മുമ്പില്‍ ഹിന്ദ് റജബുമാര്‍ അടങ്ങിയ പതിനായിരക്കണക്കിന് രക്തസാക്ഷികളാണ് ഇന്നീ നാടിനെ പ്രതിനിധീകരിക്കുന്നതെന്നത് മറക്കാനാവാത്ത കണ്ണീരോര്‍മകളാണ്. രക്തസാക്ഷികള്‍ നിത്യതയുടെ സ്വര്‍ഗീയാരാമത്തില്‍ ശാന്തരായിരിക്കട്ടെ എന്നും, ഫലസ്തീനികള്‍ക്കും സ്വാതന്ത്ര്യത്തിന്റെയും സമാധാനത്തിന്റെയും റമദാന്‍ ആഗതമാകട്ടെ എന്നും പ്രാര്‍ഥിക്കാം. നിസ്സഹായരും നിരാലംബരുമായ കുട്ടികള്‍ പലപ്പോഴായി പാടിക്കൊണ്ടിരുന്ന ലിബിയന്‍ കവി അലി കീലാനിയുടെ പ്രസിദ്ധമായ ആ വരികള്‍ പാടാന്‍ ഇന്ന് ഫലസ്തീനില്‍ കുട്ടികള്‍ ഏറെ ബാക്കിയില്ല എന്ന ദുഃഖകരമായ യാഥാര്‍ഥ്യം നാം തിരിച്ചറിയുകയാണ്. അറ്റം കാണാനാവാത്ത ആപത്‌സന്ധികള്‍ക്കു നടുവിലും മോചനവും സ്വാതന്ത്ര്യവും സ്വപ്‌നം കാണുമ്പോഴും, കവിയുടെ ചോദ്യങ്ങള്‍ ബാക്കിയാവുകയാണ്:
വെയ്ന്‍ വെയ്ന്‍ വെയ്ന്‍
വെയ്ന്‍ അല്‍ മലായീന്‍
അശ്ശഅ്ബുല്‍
അറബി വെയ്ന്‍
അല്‍ഗദബുല്‍
അറബി വെയ്ന്‍
അദ്ദമുല്‍ അറബി വെയ്ന്‍
അശ്ശറഫുല്‍ അറബി
വെയ്ന്‍…

(ദശലക്ഷങ്ങളെവിടെ
അറബ് ജനത എവിടെ
അറബ് ശൗര്യം എവിടെ
അറബ് രക്തമെവിടെ
അറബികളുടെ
അഭിമാനമെവിടെ…).

Back to Top