8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

ഹിലാല്‍ ഉദയവ്യത്യാസം പരിഗണിക്കേണ്ടതുണ്ടോ?

എ അബ്ദുല്‍ഹമീദ് മദീനി


മാസാരംഭം കുറിക്കേണ്ടത് എങ്ങനെയായിരിക്കണമെന്ന് വിശദീകരിച്ച് നബി(സ) പറഞ്ഞു: ”അല്ലാഹു ചന്ദ്രക്കലകളെ ജനങ്ങള്‍ക്ക് സമയനിര്‍ണയത്തിനും ഹജ്ജിനുമുള്ള അടയാളമായി നിശ്ചയിച്ചുതന്നിരിക്കുന്നു. അതിനാല്‍ ആ ചന്ദ്രക്കല (ഹിലാല്‍) കണ്ടാല്‍ നോമ്പെടുക്കുക, അതു കണ്ടാല്‍ നോമ്പ് മുറിക്കുക. ഇനി മേഘാവൃതമായാല്‍ മുപ്പത് പൂര്‍ത്തിയാക്കുക” (ബുഖാരി, മുസ്‌ലിം).
ഈ ഹദീസിലെ ആശയം വ്യത്യസ്ത രൂപത്തില്‍ 107 പരമ്പരകളിലൂടെ വന്നിട്ടുണ്ട്. ഈ ഹദീസുകളില്‍ ഒന്നിലും ഉദയാസ്തമയ വ്യത്യാസം പരിഗണിക്കണമെന്ന് പറഞ്ഞിട്ടില്ല. ചന്ദ്രപ്പിറവി എവിടെ കണ്ടാലും മുസ്‌ലിം സമൂഹം നോമ്പും പെരുന്നാളും ആചരിക്കണമെന്നാണ് നബി(സ) പറഞ്ഞത്. അതിനാല്‍ ലോക മുസ്‌ലിം പണ്ഡിതന്മാര്‍ ബഹുഭൂരിപക്ഷവും ഉദയാസ്തമയ വ്യത്യാസം പരിഗണിക്കാതെ നബി(സ)യുടെ ചര്യ പിന്തുടരണമെന്ന അഭിപ്രായക്കാരാണ്. അതിന് ധാരാളം തെളിവുകള്‍ അവര്‍ ഉദ്ധരിക്കുന്നുണ്ട്. അതില്‍ വളരെ പ്രധാനപ്പെട്ടത് മാത്രം താഴെ ഉദ്ധരിക്കുന്നു:
1. ഏതെങ്കിലും ഒരു ഭൂഖണ്ഡത്തില്‍ റമദാന്‍ പിറവി കണ്ടാല്‍ മറ്റു ഭൂഖണ്ഡങ്ങളില്‍ ഉള്ളവരെല്ലാം നോമ്പെടുക്കേണ്ടതാണ്. ഉദയാസ്ത്മയ വ്യത്യാസത്തിനു യാതൊരു പരിഗണനയും നല്‍കേണ്ടതില്ല. ഈ അഭിപ്രായമാണ് ഇമാം അബൂഹനീഫ, ഇമാം മാലിക്, ഇമാം അഹ്മദുബ്‌നു ഹന്‍ബല്‍ മുതലായവര്‍ സ്വീകരിച്ചത്. ശാഫിഈകള്‍ ഇതംഗീകരിച്ചിട്ടില്ല (അല്‍മദാഹിബുല്‍ അര്‍ബഅ് 1:550).
2. ഏതെങ്കിലും ഒരു പട്ടണത്തില്‍ മാസപ്പിറവി സ്ഥിരീകരിച്ചാല്‍ മറ്റു നാട്ടുകാരെല്ലാവരും അതംഗീകരിക്കണം. അപ്പോള്‍ പടിഞ്ഞാറുള്ളവര്‍ പിറവി കണ്ടാല്‍ കിഴക്കുള്ളവര്‍ അതംഗീകരിക്കണം (ശറഹു ഫത്ഹുല്‍ ഖദീര്‍ 2:314). അപ്പോള്‍ 2023 ഏപ്രില്‍ 20-ന് (വ്യാഴാഴ്ച) പടിഞ്ഞാറുള്ള സുഊദി അറേബ്യയില്‍ മാസപ്പിറവി കണ്ടത് ലൈവായി നമുക്കെല്ലാം കാണാന്‍ കഴിഞ്ഞു. സുഊദി അറേബ്യയിലെ ഹിലാല്‍ പിറവി മറ്റു പല രാജ്യങ്ങളും സ്വീകരിച്ചു. റുഅ്‌യത്തിന് പ്രാദേശികമായ കാഴ്ച എന്ന് അവിടത്തെ മതപണ്ഡിതന്മാര്‍ അര്‍ഥം നല്‍കുന്നില്ല. താഴെയുള്ള ഉദ്ധരണികളും ഇത് വ്യക്തമാക്കുന്നു.
3. ഏതെങ്കിലും ഒരു സ്ഥലത്ത് റമദാന്‍ പിറവി കണ്ടതായി സ്ഥിരീകരിക്കപ്പെട്ടാല്‍ എല്ലാവരും നോമ്പെടുക്കേണ്ടതാണ്. കാണാത്തവര്‍ കണ്ടവരെ അംഗീകരിക്കണം. ഉദയാസ്തമയ വ്യത്യാസം ഉണ്ടെങ്കിലും ശരി (അല്‍ ഇഖ്‌നാഅ് 11309).
4. ഹനഫികളും മാലികികളും ഹന്‍ബലികളും പറയുന്നു: ഉദയാസ്തമയ വ്യത്യാസം പരിഗണിക്കേണ്ടതില്ല. ഒരു നാട്ടുകാര്‍ പിറവി കണ്ടാല്‍ മറ്റെല്ലാ നാട്ടുകാര്‍ക്കും നോമ്പ് നിര്‍ബന്ധമായി. ‘മാസം കണ്ടാല്‍ നോമ്പെടുക്കുക, അതു കണ്ടാല്‍ മുറിക്കുക’ എന്ന നബിവചനമാണവര്‍ പ്രമാണമായി ഉദ്ധരിക്കുന്നത്. ഇത് മുസ്‌ലിം സമുദായത്തോട് മൊത്തമായുള്ള കല്‍പനയാണ്. അതിനാല്‍ മുസ്‌ലിംകളില്‍ പെട്ടവര്‍ എവിടെ വെച്ചു മാസം കണ്ടാലും എല്ലാ മുസ്‌ലിംകള്‍ക്കും അത് ബാധകമാണ് (തഫ്സീറു ആയാത്തില്‍ അഹ്കാം, സാബൂനി).
5. ഒരു നാട്ടില്‍ പിറവി കണ്ടാല്‍ എല്ലാ നാട്ടുകാര്‍ക്കും ആ പിറവി അംഗീകരിക്കല്‍ നിര്‍ബന്ധമാണ് (ഫത്ഹുല്‍ ബാരി 5:601).
6. ശാഫിഈ മദ്ഹബിലെ നമ്മുടെ പണ്ഡിതന്മാര്‍ പറഞ്ഞു: ഒരു സ്ഥലത്ത് പിറവി കണ്ടാല്‍ അത് ഭൂമിയിലുള്ളവര്‍ക്കെല്ലാം ബാധകമാണ്. അപ്പോള്‍ കുറൈബിന്റെ റിപ്പോര്‍ട്ടിനെ ഇബ്‌നു അബ്ബാസ് തള്ളിയത്, അത് ശഹാദത്തായതുകൊണ്ടാണ്, ശഹാദത്തിന് ഒരാള്‍ മതിയാവുകയുമില്ല (ശറഹു മുസ്‌ലിം 4:212, ഇമാം നവവി).
എന്താണ് കുറൈബിന്റെ ഹദീസ്? കുറൈബ് പറയുന്നു: ”ഹാരിസിന്റെ മകള്‍ ഉമ്മുല്‍ ഫള്ല്‍ എന്നെ മുആവിയയുടെ അടുത്തേക്ക് അയച്ചു. അങ്ങനെ ഞാന്‍ ശാമില്‍ പോയി ഏല്‍പിക്കപ്പെട്ട കാര്യങ്ങളെല്ലാം ചെയ്തു. അങ്ങനെ ഞാന്‍ ശാമിലായിരിക്കുമ്പോള്‍ റമദാന്‍ മാസം പിറന്നു. ഞങ്ങള്‍ വെള്ളിയാഴ്ച രാവിലാണ് പിറവി കണ്ടത്. അങ്ങനെ ഞാന്‍ മാസാവസാനത്തില്‍ മദീനയില്‍ വന്നു.
ഇബ്‌നു അബ്ബാസ് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം മാസപ്പിറവിയെപ്പറ്റി അദ്ദേഹം ചോദിച്ചു: നിങ്ങള്‍ എപ്പോഴാണ് പിറവി കണ്ടത്? ഞാന്‍ പറഞ്ഞു, വെള്ളിയാഴ്ച രാവില്‍. അദ്ദേഹം ചോദിച്ചു: താന്‍ കണ്ടോ? അതെ, ഞാന്‍ കണ്ടു. ജനങ്ങള്‍ എല്ലാവരും കണ്ടു. അവരെല്ലാം നോമ്പെടുത്തു. മുആവിയയും നോമ്പെടുത്തു. ഇബ്‌നു അബ്ബാസ് പറഞ്ഞു: പക്ഷേ, ഞങ്ങള്‍ ശനിയാഴ്ച രാവിലാണ് മാസം കണ്ടത്. അങ്ങനെ മാസം കാണുന്നതുവരെ അല്ലെങ്കില്‍ മുപ്പത് പൂര്‍ത്തിയാകുന്നതുവരെ നോമ്പെടുക്കും. അപ്പോള്‍ കുറൈബ്: മുആവിയ മാസപ്പിറവി കണ്ടതും നോമ്പെടുത്തതും പോരേ? ഇബ്‌നു അബ്ബാസ്: പോരാ, ഇപ്രകാരമാണ് നബി(സ) ഞങ്ങളോട് കല്‍പിച്ചത്” (മുസ്‌ലിം).
ഈ സംഭവത്തെ വിലയിരുത്തിക്കൊണ്ട് രണ്ടാം ശാഫിഇ എന്ന പേരില്‍ പ്രസിദ്ധനായ ഇമാം നവവി ശറഹു മുസ്‌ലിമില്‍ പറയുന്നു: കുറൈബ് ശാമിലെ സംഭവങ്ങള്‍ക്ക് സാക്ഷി പറയുകയാണ് ചെയ്തത്. സാക്ഷി പറയുമ്പോള്‍ ഒരാള്‍ പോരാ, രണ്ടാള്‍ വേണം. അതുകൊണ്ടാണ് ഇബ്‌നു അബ്ബാസ് അത് തള്ളിക്കളഞ്ഞത് (4:212).
ഈ സംഭവത്തെ വിലയിരുത്തിക്കൊണ്ട് അബുല്‍ ഫൈളല്‍ ഗുമാരി പറയുന്നു: കുറൈബിന്റെ ഹദീസ് മൗഖൂഫ് ആകാനും മര്‍ഫൂഅ് ആകാനും സാധ്യതയുണ്ട്. നബി ഇങ്ങെനയാണ് ഞങ്ങളോട് കല്‍പിച്ചത് എന്നതിന്റെ അടിസ്ഥാനത്തില്‍ മര്‍ഫൂഉം, കുറൈബ് തന്റെ അനുഭവം വിവരിക്കുന്നു എന്ന നിലക്ക് മൗഖൂഫുമാണ്. ഈ സംഭവം ഇബ്‌നു അബ്ബാസ് തള്ളിയത് അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ശാമുകാര്‍ യഥാര്‍ഥ ഇമാമി (അലി)നെതിരെ വിപ്ലവം നടത്തി അല്ലാഹുവിനും റസൂലിനുമെതിരെ യുദ്ധം പ്രഖ്യാപിച്ചതുകൊണ്ടാണ് (തൗജീഹുല്‍ അന്‍ളാര്‍ 122, അബുല്‍ ഫൈള്, അഹ്മദുബ്‌നു മുഹമ്മദ് ഇബ്‌നു സിദ്ദീഖുല്‍ ഗുമാരി).

ഇബ്‌നു അബ്ബാസ് ഈ ഹദീസ് തള്ളിയതിന് മറ്റൊരു കാരണം മുആവിയയും ഇബ്‌നു അബ്ബാസും കടുത്ത ശത്രുതയിലായിരുന്നു. മുആവിയയുടെ ഗവര്‍ണര്‍ ബുസ്‌റുബ്‌നു അര്‍ത്വാത് ഇബ്‌നു അബ്ബാസിന്റെ സഹോദരന്‍ ഫള്‌ലുബ്‌നു അബ്ബാസിന്റെ രണ്ടു മക്കളെ മുആവിയയുടെ നിര്‍ദേശപ്രകാരം വധിച്ചു (തൗജീഹുല്‍ അന്‍ളാര്‍ 122).
ഇത്തരത്തിലുള്ള ഒരു വ്യക്തിയുടെ അഭിപ്രായത്തെ ഇബ്‌നു അബ്ബാസ് സ്വീകരിക്കാതിരുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. പിന്നീടു വന്ന അമവീ ഖലീഫയായ ഉമറുബ്‌നു അബ്ദില്‍ അസീസ് തന്റെ ഭരണകാലത്താണ് ഈ നയസമീപനം അവസാനിപ്പിച്ചത്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ടാണ് ഇബ്‌നു അബ്ബാസ് കുറൈബിന്റെ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞത്. അല്ലാതെ സിറിയക്കാരുടെ കാഴ്ച മദീനക്കാര്‍ സ്വീകരിക്കാന്‍ പാടില്ല എന്ന നിലക്കല്ല.
7. ബഹുഭൂരിപക്ഷം പണ്ഡിതന്മാര്‍ പറയുന്നു: ഉദയാസ്തമയ വ്യത്യാസം പരിഗണിക്കേണ്ടതില്ല. ‘ഒരു നാട്ടുകാര്‍ പിറവി കണ്ടാല്‍ നിങ്ങള്‍ നോമ്പെടുക്കുക, അതു കണ്ടാല്‍ മുറിക്കുക’ എന്ന നബിവചനത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ നാട്ടുകാര്‍ക്കും നോമ്പ് നിര്‍ബന്ധമായി. നബി(സ)യുടെ ആഹ്വാനം മുസ്‌ലിം ഉമ്മത്തിനോടാണ്. അതിനാല്‍ മുസ്‌ലിം ഉമ്മത്തില്‍ പെട്ട ഒരാള്‍ എവിടെ വെച്ചു പിറവി കണ്ടാലും അത് എല്ലാവരും അംഗീകരിക്കേണ്ടതാണ് (ഫിഖ്ഹുസ്സുന്ന, സയ്യിദ് സാബിഖ് 2:436).
8. നോമ്പിനോടോ പെരുന്നാളിനോടോ അനുബന്ധിച്ച് പിറവി കണ്ട വിവരം കിട്ടിയാല്‍ അത് എല്ലാവരും സ്വീകരിക്കല്‍ നിര്‍ബന്ധമാണന്നതില്‍ യാതൊരു സംശയവുമില്ല. ഖുര്‍ആനും സുന്നത്തും പൂര്‍വ പണ്ഡിതന്മാരുടെ അഭിപ്രായങ്ങളും ഇതിനു പിന്‍ബലം നല്‍കുന്നു. ചിലര്‍ നിശ്ചിത യാത്രാദൂരത്തിനുള്ളില്‍ അല്ലെങ്കില്‍ ഒന്നോ രണ്ടോ ഭൂഖണ്ഡത്തില്‍ ഉള്ളവര്‍ക്ക് മാത്രമേ ബാധകമാവൂ എന്നഭിപ്രായപ്പെട്ടത് ശരിയല്ല. അത് ശരീഅത്ത് നിയമങ്ങള്‍ക്കും ബുദ്ധിക്കും എതിരാണ് (ഫതാവാ ഇബ്‌നു തൈമിയ്യ 25:103).
9. ഒരു നാട്ടില്‍ റമദാന്‍ മാസപ്പിറവി കണ്ടാല്‍ എല്ലാ നാട്ടുകാര്‍ക്കും നോമ്പ് നിര്‍ബന്ധമായി. ഇത് ഇമാം ലൈസിന്റെയും ചില ശാഫിഈ പണ്ഡിതന്മാരുടെയും അഭിപ്രായമാണ് (അല്‍മുഗ്‌നി, ഇബ്‌നു ഖുദ്ദാമന്‍ മഖ്ദിസി 3:1011). ഇപ്പോള്‍ ശാഫിഈ മദ്ഹബുകാര്‍ എല്ലാവരും ഉദയാസ്തമയ വ്യത്യാസങ്ങള്‍ പരിഗണിക്കണമെന്ന അഭിപ്രായക്കാരല്ല എന്നു വ്യക്തമായി.
10. ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി പറഞ്ഞു: പിറവി കണ്ടാല്‍ നോമ്പെടുക്കുക, പിറവി കണ്ടാല്‍ മുറിക്കുക എന്ന കല്‍പന മുസ്‌ലിം സമുദായത്തിനു മൊത്തമായുള്ളതാണ്. ഉദയാസ്തമയ വ്യത്യാസം കൊണ്ടതിനു നിബന്ധന വെക്കാന്‍ പാടില്ല (ഫതാവാ അല്‍ബാനി 6:123).
11. മാസപ്പിറവിയെ എല്ലാവരും പരിഗണിക്കണം ഉദയാസ്തമയ വ്യത്യാസം പരിഗണിക്കേണ്ടതില്ല. കാരണം, നബി(സ) പിറവി കാണുന്നതിനെ മാനദണ്ഡമാക്കാനാണ് പറഞ്ഞത്. വിശദീകരണം ഒന്നും നല്‍കിയില്ല. അത് ഇങ്ങനെയാണ്: ‘മാസം കണ്ടാല്‍ നോമ്പെടുക്കുക, അത് കണ്ടാല്‍ മുറിക്കുക. മേഘാവൃതമായാല്‍ മുപ്പത് പൂര്‍ത്തിയാക്കുക.’ ഇവിടെ ഉദയാസ്തമയ വ്യത്യാസം പരിഗണിച്ചിട്ടേയില്ല. നബി(സ)ക്ക് അതറിയാമായിരുന്നു. ഈ അഭിപ്രായമാണ് സുഊദി പണ്ഡിതസഭ ഐകകണ്‌ഠ്യേന അംഗീകരിച്ചത് (ഫതാവാ ഇബ്‌നു ബാസ് 25:105).
കണ്ണ് കൊണ്ടുള്ള കാഴ്ച
‘റആ’ എന്ന ക്രിയയുടെ ഭാഷാപരമായ നിയമങ്ങള്‍ ശൈഖ് ഇബ്‌നു ബാസ് വിവരിക്കുന്നു: തീര്‍ച്ചയായും ഹദീസില്‍ വന്ന ‘റുഅ്‌യത്’ എന്ന പദത്തിന് ഒരു കര്‍മം (മഫ്ഊല്‍ ബിഹി) മാത്രമേയുള്ളൂ. ഇങ്ങനെ വന്നാല്‍ അതിന്റെ അര്‍ഥം കണ്ണുകൊണ്ടുള്ള കാഴ്ചയാണ്, വൈജ്ഞാനിക കാഴ്ചയല്ല. തീര്‍ച്ചയായും സഹാബത്ത് കണ്ണുകൊണ്ടുള്ള കാഴ്ചയായിട്ടാണതിനെ മനസ്സിലാക്കിയത്. അവര്‍ അറബി ഭാഷയും ശരീഅത്ത് നിയമങ്ങളുടെ ഉദ്ദേശ്യവും മറ്റാരേക്കാളും കൂടുതല്‍ അറിയാവുന്നവരായിരുന്നു (ഫതാവാ ഇബ്‌നു ബാസ് 15:109).
ഇതിന്റെ ഭാഷാപരമായ ആധികാരികത 761ല്‍ മരണമടഞ്ഞ ഇബ്‌നു ഹിശാം അന്നഹവി വ്യക്തമാക്കുന്നു. അദ്ദേഹത്തിന് അറബിഭാഷാ വ്യാകരണത്തില്‍ അനവധി ഗ്രന്ഥങ്ങളുണ്ട്. അതില്‍ ഒന്നാണ് ‘ഖത്വറുന്നദാ.’ ഈ ഗ്രന്ഥം എല്ലാ പള്ളി ദര്‍സുകളിലും പഠിപ്പിക്കുന്നുണ്ട്. ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ മറ്റൊരു ഗ്രന്ഥം ‘ഔളഹുല്‍ മസാലിക് ഇലാ അല്‍ഫിയതി ഇബ്‌നു മാലിക്’ എന്ന അല്‍ഫിയയുടെ വിവരണമാണ്. അദ്ദേഹത്തിന്റെ ‘അല്‍മുഗ്‌നി അല്ലബീബ്’ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: കണ്ണുകൊണ്ടുള്ള കാഴ്ച അതുപോലെ പഞ്ചേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ടുവരുന്ന ക്രിയക്ക് ഒരു കര്‍മം മാത്രമേ ഉണ്ടാവൂ. ഇത് അഭിപ്രായ വ്യത്യാസമില്ലാത്ത കാര്യമാണ് (അല്‍മുഗ്‌നി അല്ലബീബ് 545).
ഈ തത്വം ഇബ്‌നു ആശൂര്‍ ‘അത്തഹ്‌രീദു വത്തന്‍വീര്‍’ എന്ന പ്രസിദ്ധ തഫ്‌സീറില്‍ സൂറത്തുല്‍ ഫീലിന്റെ തഫ്‌സീറിലും അതുപോലെ ശൈഖ് ത്വന്‍ത്വാവി ‘അല്‍ വസീത്’ എന്ന തഫ്‌സീറില്‍ സൂറത്തുല്‍ മാഊന്റെ വ്യാഖ്യാനത്തിലും വിശദീകരിച്ചിട്ടുണ്ട്. ഈ അടിസ്ഥാനത്തില്‍ ‘സൂമൂ ലി റുഅ്‌യതിഹി’ എന്നു പറഞ്ഞാല്‍ അതുകൊണ്ടുള്ള ഉദ്ദേശ്യം കണ്ണുകൊണ്ടുള്ള കാഴ്ചയാണെന്ന് വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തില്‍ ഗോളശാസ്ത്ര കണക്കിനെ മാത്രം അവലംബിക്കുന്നത് ശരിയല്ല. ഗോളശാസ്ത്രത്തെയും നബി(സ)യുടെ സുന്നത്തിനെയും സമന്വയിപ്പിച്ചുകൊണ്ടുള്ള രീതിയാണ് സലഫീ പ്രസ്ഥാനം സ്വീകരിക്കേണ്ടത്.
ഈ വിഷയത്തില്‍ നമുക്കിടയില്‍ തീവ്രതയും ജീര്‍ണതയും നിലനില്‍ക്കുന്നുണ്ട്. ഒരു കൂട്ടര്‍ ഗോളശാസ്ത്രത്തില്‍ കണക്കിനെ പൂര്‍ണമായും നിരാകരിച്ചുകൊണ്ട് ഓരോ പ്രദേശത്തും മാസപ്പിറവി പ്രത്യേകം കാണണമെന്ന് വാശിപിടിക്കുന്നു. മറ്റൊരു കൂട്ടര്‍ ഈ ആധുനിക യുഗത്തില്‍ ഗോളശാസ്ത്ര കണക്കനുസരിച്ചു പിറവി തീരുമാനിക്കാം, കാഴ്ച വേണ്ടതില്ല എന്നും പറയുന്നു. ഇതിലൊന്നും പെടാത്ത മറ്റൊരു വിഭാഗം മാസപ്പിറവി കാണലല്ല, ന്യൂമൂണ്‍ (കറുത്ത വാവ്) അനുസരിച്ചാണ് മാസമാറ്റം കണക്കിലെടുക്കേണ്ടത് എന്ന് പറയുന്നു. ഇത് ശിആക്കളുടെ വാദമാണ്. ചരിത്രം പഠിക്കുന്നവര്‍ക്ക് അറിയാം. ന്യൂമൂണ്‍ (കറുത്ത വാവ്) അനുസരിച്ചുള്ള തിയ്യതി സ്വീകരിക്കാത്തവരൊക്കെ വഴിപിഴച്ചവരാണെന്നാണ് അവരുടെ വാദം. ഇവര്‍ക്കൊരു കലണ്ടറുണ്ട്. ഹിജ്‌രി കലണ്ടര്‍ എന്നാണ് അതിന്റെ പേര്. ഈ കലണ്ടര്‍ ലണ്ടന്‍ യുടിസി അടിസ്ഥാനത്തിലാണെന്ന് അതില്‍ തന്നെ പറയുന്നുണ്ട്.
ന്യൂമൂണ്‍ വാദം തെറ്റ്
ഈ കലണ്ടര്‍ പ്രകാരം രാത്രി 12 മണിക്ക് ശേഷമാണ് ന്യൂമൂണ്‍ (കറുത്ത വാവ്) ഉണ്ടായതെങ്കില്‍ അടുത്ത ദിവസം തിയ്യതി മാറുന്നില്ല. രണ്ടാം ദിവസമാണ് തിയ്യതി മാറുന്നത്. ഇനി യുടിസി 12 മണിക്ക് മുമ്പാണ് ന്യൂമൂണ്‍ ഉണ്ടാവുന്നതെങ്കില്‍ അടുത്ത ദിവസം തിയ്യതി മാറുന്നു. ഇത് പരമാബദ്ധമാണെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമില്ല. ഉദാഹരണം, ലണ്ടന്‍ യുടിസി 12.30നാണ് ന്യൂമൂണ്‍ ഉണ്ടായതെങ്കില്‍ പിറ്റേന്ന് തിയ്യതി മാറുന്നില്ല.
അതിന്റെയും പിറ്റേന്നാളാണ് തിയ്യതി മാറുന്നത്. അപ്പോള്‍ ന്യൂമൂണ്‍ ഉണ്ടായി ഏകദേശം മൂപ്പത് മണിക്കൂര്‍ കഴിഞ്ഞാണ് ഹിജ്‌രി കലണ്ടറിലെ തിയ്യതി തുടങ്ങുന്നത്. ഇവിടെ ഒന്നാം തിയ്യതി ഇവര്‍ക്കും നഷ്ടപ്പെടുന്നു. ന്യൂമൂണ്‍ ഉണ്ടായ 24 മണിക്കൂര്‍ കഴിഞ്ഞാല്‍ ചന്ദ്രന്റെ രണ്ടാം കലയായി പിന്നെയും ആറു മണിക്കൂര്‍ കഴിഞ്ഞാണ് അവര്‍ക്ക് നോമ്പ് ആരംഭിക്കുന്നത്. അപ്പോള്‍ ചന്ദ്രന്റെ ഒന്നാം കലയിലെ ഒന്നാം ദിവസത്തെ നോമ്പ് അവര്‍ക്ക് നഷ്ടപ്പെട്ടു.
ഒന്നാമത്തെ ചന്ദ്രക്കലയിലല്ലേ റമദാന്‍ ഒന്നാവേണ്ടത്? അപ്പോള്‍ ചന്ദ്രക്കലയും തിയ്യതിയും യോജിക്കുന്നില്ല. ഇവര്‍ ചന്ദ്രന്റെ കലയും തിയ്യതിയും ഒത്തുവരണമെന്ന് വാദിക്കുന്നു. ഇത് പ്രാവര്‍ത്തികമാക്കാന്‍ ഇവര്‍ക്ക് തന്നെ കഴിയുന്നില്ല. ചന്ദ്രപ്പിറവി കാണുന്നതോടെ തിയ്യതി മാറുന്നതാണ് നബി(സ)യുടെ സുന്നത്ത്. മേല്‍പറഞ്ഞ തത്വം, അതായത് ലണ്ടന്‍ യുടിസി അനുസരിച്ചുള്ള തിയ്യതി മാറ്റത്തിലെ പൊള്ളത്തരം 2008ല്‍ പ്രസിദ്ധീകരിച്ച ‘ന്യൂമൂണും മാസപ്പിറവിയും’ എന്ന ഗ്രന്ഥത്തിന്റെ 136ാം പേജില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂമൂണ്‍ സങ്കല്‍പമനുസരിച്ചുള്ള ഹിലാല്‍ പിറവി സ്വീകരിക്കാന്‍ ഒരു ആധികാരിക രേഖയുമില്ല. ഈ വിഷയത്തില്‍ നടന്ന പല ചര്‍ച്ചകളിലും ഈയുള്ളവന്‍ പങ്കെടുത്തിട്ടുണ്ട്. ഈ വാദം സ്ഥാപിക്കാന്‍ കഴിയുന്ന ഗ്രന്ഥങ്ങളോ റഫറന്‍സോ അവര്‍ക്ക് എവിടെയും നല്‍കാന്‍ കഴിഞ്ഞിട്ടില്ല.
അതിനാല്‍ അല്ലാഹുവിനെ റബ്ബായും മുഹമ്മദ് നബി(സ)യെ റസൂലായും പൂര്‍ണമായി അംഗീകരിക്കുന്നവര്‍, ശാസ്ത്രസത്യങ്ങളെ പൂര്‍ണമായും സത്യമായ ഖുര്‍ആനിനോടും സ്ഥിരപ്പെട്ട സുന്നത്തിനോടും യോജിക്കുന്ന വിധത്തില്‍ വ്യാഖ്യാനിക്കുകയാണ് ചെയ്യേണ്ടത്. കാരണം, ശാസ്ത്ര നിഗമനങ്ങള്‍ മാറിക്കൊണ്ടിരിക്കും. ഇതുവരെ പ്ലൂട്ടോ സൗരയൂഥത്തില്‍ പെട്ടതായിരുന്നു.
ഇപ്പോള്‍ ഗോളശാസ്ത്രജ്ഞന്മാര്‍ പ്ലൂട്ടോയെ സൗരയൂഥത്തില്‍ നിന്നു പുറത്താക്കി. ലോകത്ത് ഏറ്റവും വലിയ ഗോളശാസ്ത്ര കേന്ദ്രമാണ് അമേരിക്കയിലെ നാസ ഗവേഷണ കേന്ദ്രം. ഈ കേന്ദ്രത്തിന്റെ മൂണ്‍സൈറ്റില്‍ ഏപ്രില്‍ 20ന് വ്യാഴാഴ്ച ലോകത്തെവിടെയും മാസപ്പിറവി ദര്‍ശിക്കാന്‍ കഴിയില്ലെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ അന്ന് വ്യാഴം സുഊ ദി അറേബ്യയില്‍ മാസപ്പിറവി കണ്ടത് ലൈവായി നമുക്കെല്ലാം കാണാന്‍ കഴിഞ്ഞു.
ഇങ്ങനെ ശാസ്ത്ര നിഗമനങ്ങള്‍ തെറ്റിപ്പോവാറുണ്ട്. ഗോളശാസ്ത്ര കണക്കനുസരിച്ച് നാം ഉണ്ടാക്കുന്ന കലണ്ടറും കണക്കും ചിലപ്പോള്‍ തെറ്റിപ്പോവും. ഒരിക്കലും തെറ്റു പറ്റുകയോ മാറിപ്പോവുകയോ ചെയ്യാത്തത് ഖുര്‍ആനും സ്ഥിരപ്പെട്ട സുന്നത്തും മാത്രമാണെന്ന് തിരിച്ചറിയുക.
ന്യൂമൂണ്‍ തിയ്യതി ഇസ്‌ലാമിന് അന്യമാണ്. യഹൂദികളാണതിന് തുടക്കം കുറിച്ചത്, ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ പറയുന്നു: എനിക്ക് ലഭിച്ച വിവരം, നമുക്കു മുമ്പുള്ള ശരീഅത്ത് നിയമങ്ങള്‍ എല്ലാം മാസപ്പിറവിയുമായി ബന്ധപ്പെട്ടതാണ്. പിന്നെ അനുയായികള്‍ അതില്‍ മാറ്റം വരുത്തി. യഹൂദികള്‍ ചെയ്തതുപോലെ അവര്‍ സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയില്‍ വരുന്ന സമയം (ന്യൂമൂണ്‍) മാസമാറ്റമായി പരിഗണിച്ചു. അതുപോലെ സാബിഉകളും മജൂസികളും കറുത്ത വാവ് അഥവാ ന്യൂമൂണ്‍ മാസമാറ്റമായി അംഗീകരിച്ചു (ഫതാവാ ശൈഖുല്‍ ഇസ്‌ലാം 13:77).
ഇസ്‌ലാമിക ചരിത്രത്തില്‍ ന്യൂമൂണ്‍ (കറുത്ത വാവ്) അനുസരിച്ചുള്ള തിയ്യതി നിര്‍ണയം ഹി. മൂന്നാം നൂറ്റാണ്ടില്‍ ഖൈറുവാന്‍ കേന്ദ്രമായി ഫാത്വീമീ ഭരണസ്ഥാപകനായ ഉബൈദുല്ലാഹില്‍ മഹ്ദിയാണ് തുടക്കമിട്ടത്. ഇയാള്‍ സിറിയയിലെ ഒരു യഹൂദി കുടുംബത്തില്‍ ജനിച്ച ഒരു കൊല്ലപ്പണിക്കാരന്റെ മകനായിരുന്നു. അതീവ തന്ത്രശാലിയായ ആ മനുഷ്യന്‍ മുസ്‌ലിംകള്‍ക്കിടയിലെ ശിആ-സുന്നി തര്‍ക്കങ്ങളും പ്രശ്‌നങ്ങളും ശരിക്കു പഠിച്ചു മനസ്സിലാക്കി, അങ്ങനെ ശിആക്കളില്‍ ഒരു മഹ്ദിയുടെ ഇടമുണ്ടെന്ന് അയാള്‍ മനസ്സിലാക്കി.
ശിആ വിശ്വാസിയായി ചമഞ്ഞ് നബികുടുംബത്തോട് അമിതമായ സ്‌നേഹബഹുമാനങ്ങള്‍ പ്രകടമാക്കി. അയാള്‍ ശിആക്കളുടെ നേതാവായിത്തീരാന്‍ അധിക സമയം വേണ്ടിവന്നില്ല. ശിആക്കളുടെ ഇടയിലുള്ള മഹ്ദിയുടെ വിടവ് നികത്തിക്കൊണ്ട് അദ്ദേഹം മഹ്ദിയായി ചമഞ്ഞു, ഫാത്വിമീ ഭരണകൂടത്തിന് തുടക്കമിട്ടു. ഇയാള്‍ ശവ്വാല്‍ മാസപ്പിറവി കാണുന്നതിനു മുമ്പ് പെരുന്നാള്‍ ആഘോഷിക്കാന്‍ ഉത്തരവിട്ടു ജനങ്ങളെ നിര്‍ബന്ധിച്ചു (സിയമഅഅ്‌ലാമിന്നുബുലാഅ് 15:374).
ഇമാം ദഹബി ബര്‍ക്കയിലെ ഖാസി മുഹമ്മദുബ്‌നു ഹബ്‌ലിയോട് ന്യൂമൂണ്‍ അനുസരിച്ച് റമദാന്‍ മാസത്തില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ കല്‍പിച്ചു. ഈ കല്‍പന സ്വീകരിക്കാതിരുന്നതിന്റെ പേരില്‍ ഖാസിയെ വളരെ ക്രൂരമായി മര്‍ദിച്ചു കൊന്നു. ഈജിപ്തിലും ഫാത്വിമികള്‍ ന്യൂമൂണ്‍ സമ്പ്രദായം നടപ്പാക്കാന്‍ ശ്രമിച്ചു. ഫാത്വിമികളുടെ സര്‍വസൈന്യാധിപന്‍ ഖലീഫ മുഇസ്സിന്റെ ആജ്ഞ പ്രകാരം മാസപ്പിറവി ഇല്ലാത്ത റമദാനിലെ അവസാനത്തെ ദിവസം പെരുന്നാള്‍ നമസ്‌കാരം നടത്താന്‍ ഉത്തരവിട്ടു.
തുടര്‍ന്ന് കൈറോ പട്ടണത്തില്‍ അലിയ്യുബ്‌നു അശ്ബീലി എന്ന പണ്ഡിതന്‍ പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി. പക്ഷേ ഈജിപ്തുകാര്‍ അതില്‍ പങ്കെടുത്തില്ല. അവര്‍ പിറ്റേ ദിവസം ജാമിഉല്‍ അതീഖില്‍ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചു. ഇതിന്റെ പേരില്‍ ജൗഹര്‍ അവരെ ഭീഷണിപ്പെടുത്തി. ശിക്ഷാ നടപടി ഒന്നും എടുക്കുകയുണ്ടായില്ല (ഇത്തിആളുല്‍ ഹുനഫാ ബി അഖ്ബാരില്‍ അഇമ്മത്തില്‍ ഫാത്വിമീയ്യിനല്‍ ഖുലഫാ 1:116, അല്‍ മഖ്‌രീസി).
കേരളത്തില്‍ ആദ്യമായി ഈ സമ്പ്രദായം നടപ്പാക്കാന്‍ ശ്രമിച്ചത് കൊണ്ടോട്ടി ശൈഖ് അഹ്മദ് ഷാ എന്ന ശിആ നേതാവാണ്. അദ്ദേഹം 1928ല്‍ കോഴിക്കോട് ഖാദി അഹമ്മദ് കോയക്ക് ന്യൂമൂണ്‍ അനുസരിച്ചു പെരുന്നാള്‍ കഴിക്കാന്‍ ആവശ്യപ്പെട്ടു കത്തയച്ചു. പക്ഷേ കോഴിക്കോട്ടുകാര്‍ സംഘടിച്ച് അതിനെതിരെ പ്രതികരിച്ചതുകൊണ്ട് അതു നടപ്പായില്ല. അതേ സിദ്ധാന്തം തന്നെയാണ് ന്യൂമൂണ്‍ വാദഗതിക്കാര്‍ ഇപ്പോഴും സ്വീകരിക്കുന്നത്.

5 2 votes
Article Rating
Back to Top
0
Would love your thoughts, please comment.x
()
x