18 Friday
October 2024
2024 October 18
1446 Rabie Al-Âkher 14

ഹിലാല്‍: കാഴ്ച തന്നെയാണ് വേണ്ടത്

എ അബ്ദുല്‍ഹമീദ് മദീനി


ഞാന്‍ എഴുതിയ ‘ഇഖ്തിലാഫുല്‍ മത്വാലിഅ് തന്നെയാണ് പ്രശ്‌നം’ എന്ന ലേഖനത്തിന് പ്രതികരണമായി കെ എം ജാബിര്‍ ‘മാസപ്പിറവിയും ഖണ്ഡിതമായ ഗോളശാസ്ത്ര കണക്കും’ എന്ന ലേഖനം ശബാബ് ജൂണ്‍ 30ല്‍ പ്രസിദ്ധീകരിച്ചതില്‍ സംതൃപ്തി രേഖപ്പെടുത്തുന്നു. തികച്ചും മാന്യമായ ഇത്തരം പ്രതികരണങ്ങളിലൂടെ ചിലപ്പോള്‍ സംഭവിക്കുന്ന അബദ്ധങ്ങള്‍ തിരുത്താനും ശരിയായ വഴിയില്‍ ചലിക്കാനും കഴിയും.
ആദ്യമായി ഞാന്‍ ഉദ്ധരിച്ച ഒരു ഹദീസിനെപ്പറ്റിയാണ് അദ്ദേഹം പ്രതികരിച്ചത്. ”അല്ലാഹു ചന്ദ്രക്കലകളെ ജനങ്ങള്‍ക്ക് സമയനിര്‍ണയത്തിനും ഹജ്ജിനുമുള്ള അടയാളമായി നിശ്ചയിച്ചുതന്നിരിക്കുന്നു. അതിനാല്‍ ആ ചന്ദ്രക്കല (ഹിലാല്‍) കണ്ടാല്‍ നിങ്ങള്‍ നോമ്പെടുക്കുക, അതു കണ്ടാല്‍ നിങ്ങള്‍ നോമ്പ് മുറിക്കുക. ഇനി മേഘാവൃതമായാല്‍ മുപ്പത് പൂര്‍ത്തിയാക്കുക” (ബുഖാരി, മുസ്‌ലിം).
ഈ ഹദീസ് ഞാന്‍ ഉദ്ധരിച്ചപ്പോള്‍ മത്‌നുകള്‍ തമ്മില്‍ കൂടിക്കലര്‍ന്നിട്ടുണ്ട്. താങ്കള്‍ പറഞ്ഞതാണ് ശരി. പ്രസ്തുത ഹദീസിന്റെ ആദ്യ ഭാഗം ഇമാം അഹ്മദ്, ത്വബ്‌റാനി, ബൈഹഖി, മുസന്നഫ് അബ്ദുറസാഖ് എന്നിവരാണ് ഉദ്ധരിച്ചിട്ടുള്ളത്. നാസറുദ്ദീന്‍ അല്‍ബാനി അത് സഹീഹാക്കിയിട്ടുമുണ്ട്. ഈ വിഷയത്തില്‍ തീവ്രതയും ജീര്‍ണതയുമുണ്ടെന്ന് ഞാന്‍ പറഞ്ഞത് സലഫീ പ്രസ്ഥാനത്തെ മാത്രം ഉദ്ദേശിച്ചല്ല. പൊതുവേ മുസ്‌ലിംകളുടെ സ്ഥിതിയാണ്. കാരണം ലോകത്ത് വളരെ ന്യൂനപക്ഷമായ ശാഫിഈ മദ്ഹബുകാര്‍ മാത്രമാണ് ഉദയാസ്തമയ വ്യത്യാസം പരിഗണിക്കണമെന്നു പറഞ്ഞിട്ടുള്ളത്. എന്നാല്‍ ശാഫിഈ മദ്ഹബുകാര്‍ ഇതില്‍ ഏകാഭിപ്രായക്കാരല്ല. ചില ഉദാഹരണങ്ങള്‍:
1. ഒരു നാട്ടുകാര്‍ മാസപ്പിറവി കണ്ടാല്‍ എല്ലാ നാട്ടുകാര്‍ക്കും അത് ബാധകമാണ്. ഇതാണ് ഇമാം ലൈസിന്റെയും ചില ശാഫിഈ പണ്ഡിതന്മാരുടെയും അഭിപ്രായം. (അല്‍ മുഗ്‌നി 3:1011, ഇബ്‌നു ഖുദ്ദാമല്‍ മഖ്ദിസി. ഇബ്‌നു ഖുദ്ദാമ ശാഫിഈ മദ്ഹബുകാരനല്ല).
2. ഒരു നാട്ടില്‍ മാസപ്പിറവി കണ്ടാല്‍ എല്ലാ നാട്ടുകാര്‍ക്കും നോമ്പെടുക്കല്‍ നിര്‍ബന്ധമാണ്. ഈ അഭിപ്രായമാണ് ഇമാം അബൂത്വയ്യിബ്, ദഅ്‌ലാനി എന്നിവര്‍ക്കുള്ളത്. ഇതേ അഭിപ്രായം തന്നെയാണ് ഇമാം ശാഫിഈക്കുള്ളതെന്ന് ഇമാം ബഗവി പറഞ്ഞിട്ടുണ്ട് (ശറഹുത്തസ്‌രീബ് 4:116, ഇറാഖി).
3. നിങ്ങള്‍ മാസം കണ്ടാല്‍ നോമ്പെടുക്കണം. അത് കണ്ടാല്‍ മുറിക്കണം. ഇമാം നവവി ശറഹു മുസ്‌ലിമില്‍ പറയുന്നു. ഇവിടെ ചില മുസ്‌ലിംകള്‍ പിറവി കണ്ടാല്‍ മതി, എല്ലാവരും കാണണമെന്നില്ല, എല്ലാവര്‍ക്കും വേണ്ടി രണ്ടു നീതിമാന്മാര്‍ കണ്ടാല്‍ മതി, നോമ്പിനാണെങ്കില്‍ ഒരു നീതിമാന്‍ കണ്ടാലും മതി (തൗജിഹുല്‍ അന്‍ളാര്‍ 38, അബുല്‍ ഫൈള് അഹ്മദ് ഇബ്‌നു സിദ്ദീഖുല്‍ ഗുമാരി).
4. മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്ത കുറൈബിന്റെ ഹദീസിന്റെ അടിസ്ഥാനത്തില്‍ ഉദയാസ്തമയ വ്യത്യാസം പരിഗണിക്കണമെന്ന അഭിപ്രായം സഹീഹായി വന്നിട്ടില്ല. കാരണം ഇബ്‌നു അബ്ബാസ് മറ്റു നാട്ടുകാര്‍ മാസപ്പിറവി കണ്ടാല്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് പറഞ്ഞിട്ടില്ല. അദ്ദേഹം ഉദ്ദേശിച്ചത് 29ന് മാസം കണ്ടില്ലെങ്കില്‍ മുപ്പത് പൂര്‍ത്തിയാക്കണമെന്നാണ്. അല്ലെങ്കില്‍ ഓരോ നാട്ടുകാര്‍ക്കും പ്രത്യേകം കാഴ്ച വേണമെന്നത് അദ്ദേഹത്തിന്റെ ഊഹമാണ്. ഇത് തെറ്റാണ്. അത് ജനങ്ങൡ അഭിപ്രായവ്യത്യാസം ഉണ്ടാക്കി പരസ്പരം ഭിന്നിച്ചു ജനങ്ങളെ അബദ്ധത്തില്‍ ചാടിക്കാന്‍ കാരണമാവുന്നതാണ് (തൗജിഹുല്‍ അന്‍ളാര്‍ 92, സിദ്ദീഖുല്‍ ഗുമാരി).
5. മാസം കണ്ടാല്‍ നോമ്പെടുക്കുക, അത് കണ്ടാല്‍ മുറിക്കുക, ഈ ഹദീസ് മാസപ്പിറവി ഏകീകരണത്തിനും അതില്‍ ഭിന്നിപ്പ് പാടില്ലെന്നതിനും വ്യക്തവും പ്രായോഗികവുമായ തെളിവാണ്. അതോടുകൂടി ഒരു നാട്ടില്‍ പിറവി കണ്ടിട്ട് ഞങ്ങള്‍ കണ്ടില്ല എന്ന നിലക്ക് ഒരു പ്രദേശത്തുള്ളവര്‍ റമദാന്‍ മാസത്തില്‍ ഒന്നാമത്തെ നോമ്പ് ഉപേക്ഷിക്കുകയും പെരുന്നാള്‍ ദിവസം നോമ്പെടുക്കുകയും ചെയ്യുന്നത് സത്യത്തെ ധിക്കരിക്കലും അല്ലാഹുവിന്റെ കല്‍പനക്കെതിരും ശരീഅത്ത് നിയമത്തോടുള്ള പോരാട്ടവുമാണ് (തൗജിഹുല്‍ അന്‍ളാര്‍ 34, സിദ്ദീഖുല്‍ ഗുമാരി).
6. ഇബ്‌നു അബ്ബാസ് കുറൈബിന്റെ ഹദീസ് സ്വീകരിക്കാതിരുന്നതിന് പല കാരണങ്ങളുമുണ്ടാവാം. സിറിയക്കാരുടെ കാഴ്ച ഇബ്‌നു അബ്ബാസ് സ്വീകരിക്കാതിരുന്നത്, അവര്‍ ഇമാമും ഖലീഫയുമായ അലിയോട് യുദ്ധം ചെയ്തവരാണ്. കൂടാതെ നബികുടുംബത്തോട് മോശമായി വര്‍ത്തിച്ചതുകൊണ്ടുമായേക്കാം. മുആവിയയുടെ ഗവര്‍ണര്‍ ബുസ്‌റുബ്‌നു അര്‍ത്വാത് ഇബ്‌നു അബ്ബാസിന്റെ സഹോദരന്‍ ഫള്‌ലുബ്‌നു അബ്ബാസിന്റെ രണ്ട് പുത്രന്മാരെ വധിച്ചിരുന്നു. അതിനാല്‍ മുആവിയയുടെ കാഴ്ച ഇബ്‌നു അബ്ബാസ് സ്വീകരിച്ചില്ല എന്നുമാവാം. (തൗജീഹുല്‍ അന്‍ളാര്‍ 122).
7. ഇമാം നവവി പറയുന്നു: ഇബ്‌നു അബ്ബാസ് കുറൈബിന്റെ ഹദീസ് സ്വീകരിക്കാതിരുന്നത് അത് ശഹാദത്ത് ആയതുകൊണ്ടാണ്. ശഹാദത്തിന് ഒരാള്‍ മതിയാവുകയില്ല (ശറഹു മുസ്‌ലിം 4:212).
ഇങ്ങനെ പല കാരണങ്ങളും കുറൈബിന്റെ ഹദീസ് ഇബ്‌നു അബ്ബാസ് സ്വീകരിക്കാത്തതിന് പറയുന്നുണ്ട്. അങ്ങനെ വളരെ ദുര്‍ബലമായ ഒരഭിപ്രായമായതുകൊണ്ട് ഓരോ പ്രദേശത്തും പ്രത്യേകം കാഴ്ച വേണമെന്നത് ജീര്‍ണതയാണെന്നാണ് ഞാന്‍ പറഞ്ഞത്. മറ്റൊന്ന്, കണക്ക് മാത്രം മതി കാഴ്ച ആവശ്യമില്ലാത്തത് തീവ്രതയാണെന്ന് ഞാന്‍ പറഞ്ഞത്, എനിക്ക് ലഭിച്ച പ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണ്. ആ പ്രമാണങ്ങളും ന്യായങ്ങളും താഴെ ഉദ്ധരിക്കുന്നു:
1. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയയുടെ ഫത്‌വ: റമദാന്‍ മാസം ആരംഭിക്കുന്നതിനു ഗോളശാസ്ത്ര കണക്ക് മതിയാവുകയില്ല. അങ്ങനെ ചെയ്യുന്നവന്‍ വഴിപിഴച്ചവനും ദീനില്‍ ബിദ്അത്തുകാരനും ബുദ്ധിക്ക് എതിരായി പ്രവര്‍ത്തിക്കുന്നവനുമാണ് (മജ്മൂഉല്‍ ഫതാവാ 25:123). അദ്ദേഹം ഇവിടെ പരാമര്‍ശിച്ച ‘ഇല്‍മു നുജൂം’ ഗോളശാസ്ത്രത്തെ തന്നെയാണെന്ന് (ഇല്‍മുല്‍ ഫലഖ്) വേറെയും ഉദ്ധരണികളുണ്ട്.
ഈ വിഷയത്തിലെ സഹാബത്തിന്റെയും താബിഉകളുടെയും ഇജ്മാഅ് ഇബ്‌നു മുന്‍ദിറും ബാജിയും ഇബ്‌നു റുഷ്ദും ഖുര്‍തുബിയ്യ, അല്‍ഹാഫിള് ഇബ്‌നു ഹജറും സുബ്കിയും ഐനിയും ഇബ്‌നുല്‍ ആബിദീന്‍, ശൗകാനി, സിദ്ദീഖ് ഹസന്‍ ഖാന്‍ എന്നീ രണ്ടു പേര്‍ അവരുടെ തഫ്‌സീറുകളിലും കൂടാതെ മുല്ലാ അലിയ്യുല്‍ ഖാരിയും ഉദ്ധരിച്ചിട്ടുണ്ട് (ഹൗല മന്‍ഹജി ഇസ്ബാതില്‍ അഹില്ല 510, സ്വാലിഹുബ്‌നു അബ്ദില്ല, ഖാസി തമ്മീസ്). യാഥാര്‍ഥ്യം ഇതായിരിക്കെ കണക്കിനെ മാത്രം അവലംബിക്കുക എന്നതില്‍ അല്‍പം തീവ്രതയില്ലേ?
ഇസ്‌ലാമില്‍ മൂന്നാമത്തെ പ്രമാണമായ ഇജ്മാഇനെ എങ്ങനെയാണ് തള്ളിക്കളയുക, പ്രത്യേകിച്ച് സഹാബത്തിന്റെ ഇജ്മാഅ്? അത് ഖണ്ഡിതമായ പ്രമാണമാണ്.
2. അല്ലാമാ സിദ്ദീഖ് ഹസന്‍ പറയുന്നു: മേഘാവൃതമായാല്‍ മുപ്പത് പൂര്‍ത്തിയാക്കുക എന്നാണ് റസൂല്‍ പറഞ്ഞത്. കണക്കിന്റെ ആളുകളോട് ചോദിക്കാന്‍ അവിടന്ന് പറഞ്ഞിട്ടില്ല. ചിലര്‍ കണക്കിനെ അവലംബിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അവര്‍ വഴിപിഴച്ചവരാകുന്നു (ഔനുല്‍ ബാരി ഫീ ശറഹില്‍ ബുഖാരി, കിതാബു സൗമ്).
3. ഇമാം സന്‍ആനി പറയുന്നു: വ്യക്തമായ സുന്നത്ത് മാസപ്പിറവിയുടെ വിഷയത്തില്‍ രണ്ടിലൊരു കാര്യം സ്വീകരിക്കണമെന്ന നിബന്ധന വെച്ചു. അതു മാസം കാണുക അല്ലെങ്കില്‍ മുപ്പത് പൂര്‍ത്തിയാവുക. പിന്നെ നബി ‘ഞങ്ങള്‍ ഉമ്മിയ്യുകളാണ്, എഴുതാറില്ല, കണക്കു കൂട്ടാറില്ലെന്ന് പറഞ്ഞത്, ഗോളശാസ്ത്ര കണക്കനുസരിച്ച് മാസങ്ങള്‍ കണക്കാക്കാറുള്ള അനറബികള്‍ നോമ്പെടുക്കാനും മുറിക്കാനും ഞാറ്റുവേലകള്‍ നിശ്ചയിക്കുന്നതിനും സ്വീകരിക്കുന്ന സമ്പ്രദായത്തെ തള്ളിക്കളയാന്‍ വേണ്ടിയാണ്. (മിനഹതുല്‍ ഗഫ്ഫാര്‍ അലാ ളൗഇന്നഹാര്‍ 1:423).
4. ഖാസി സാലിഹുബ്‌നു അബ്ദുല്ല പറയുന്നു: നമ്മള്‍ ഉമ്മിയ്യുകളാണ് എന്നു പറയുന്ന ഹദീസ്, അവര്‍ എഴുതാനും വായിക്കാനും അറിയാത്തവര്‍ എന്ന അര്‍ഥത്തിലല്ല. അവര്‍ 29, 30 എന്നീ എണ്ണങ്ങള്‍ അറിയാത്തവരല്ല. പിന്നെ അവരെ ഉമ്മിയ്യെന്ന് വിശേഷിപ്പിച്ചത് അറബികള്‍ അല്ലാത്തവര്‍ അവരുടെ നോമ്പിനും പെരുന്നാളിനും ഞാറ്റുവേലകള്‍ക്കും അവലംബമാക്കാറുള്ള കണക്കിനെ തടയിടാന്‍ വേണ്ടിയാണ് (ഹൗല മന്‍ഹജീ ഇസ്ബാതില്‍ അഹില്ല 371).
5. ശൈഖുല്‍ ഇസ്‌ലാം വീണ്ടും പറയുന്നു: പ്രത്യേക ഗവേഷണ പഠനങ്ങളില്ലാതെ അറിയപ്പെട്ട കാര്യങ്ങളാണ് നോമ്പ്, ഹജ്ജ്, ഇദ്ദ, ഈലാഅ് തുടങ്ങിയവ കണക്കനുസരിച്ച് പ്രവര്‍ത്തിക്കല്‍ അനുവദനീയമല്ലെന്ന്. ഈ വിഷയത്തില്‍ ധാരാളം നബിവചനങ്ങളുണ്ട്. മുസ്‌ലിം പണ്ഡിതന്മാരില്‍ നിന്ന് ഈ വിഷയത്തില്‍ ഇജ്മാഅ് ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. പൂര്‍വകാലത്തോ ആധുനികകാലത്തോ ഈ വിഷയത്തില്‍ അഭിപ്രായവ്യത്യാസം ഉള്ളതായി അറിയപ്പെട്ടിട്ടില്ല. (ഫതാവാ 371).
6. ഇബ്‌നു നാഫിഅ് ഇമാം മാലികില്‍ നിന്നുദ്ധരിക്കുന്നു: മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ നോമ്പെടുക്കുകയും മുറിക്കുകയും ചെയ്യാതെ കണക്കിന്റെ അടിസ്ഥാനത്തില്‍ നോമ്പെടുക്കുകയും മുറിക്കുകയും ചെയ്യുന്ന ഒരു ഇമാമിനെ തുടര്‍ന്നു നമസ്‌കരിക്കാനോ പിന്തുടരാനോ പാടില്ല (അഹ്കാമുല്‍ ഖുര്‍ആന്‍ 2:294, ഖുര്‍തുബി).
7. ഇമാം ഇബ്‌നു അബ്ദില്‍ ബര്‍ദു തന്റെ അത്തംഹീദ് എന്ന ഗ്രന്ഥത്തില്‍ പറയുന്നു: കണക്കനുസരിച്ചു അമല്‍ ചെയ്യുന്നതിനെ പൂര്‍വികരും ആധുനികരുമായ പണ്ഡിതന്മാര്‍, മാസം കണ്ടാല്‍ നോമ്പെടുക്കുക, അതു കണ്ടാല്‍ മുറിക്കുക എന്ന ഹദീസിന്റെ അടിസ്ഥാനത്തില്‍ ഉപേക്ഷിച്ചിരിക്കുന്നു. ഞാന്‍ മനസ്സിലാക്കിയിടത്തോളം പണ്ഡിതന്മാര്‍ ആരും കണക്കിനെ അവലംബമാക്കിയിട്ടില്ല. പിന്നെ മുത്വരിഫ്ബ്‌നു ശുകൈര്‍ കണക്കിനെ അവലംബമാക്കാമെന്നു പറയുന്നത് ശരിയല്ല. അദ്ദേഹത്തില്‍ നിന്ന് അങ്ങനെ ഒരഭിപ്രായം ശരിയായി വന്നിട്ടില്ല. (മേല്‍ അവലംബം, പേജ് 440).
നമസ്‌കാര സമയവും ഗ്രഹണ നമസ്‌കാരവും നാം കണ്ടിട്ടല്ലല്ലോ നടത്തുന്നത് എന്ന സംശയം ഉന്നയിക്കാറുണ്ട്. ഇത് രണ്ടും മാസപ്പിറവി പോലെ കണ്ടിട്ടേ ചെയ്യാവൂ എന്ന് നബി പഠിപ്പിച്ചിട്ടില്ല. അതുണ്ടായാല്‍ മതി എന്നേ നബി പഠിപ്പിച്ചിട്ടുള്ളൂ. ഇനി നമസ്‌കാര സമയത്തെപ്പറ്റി പരിശോധിക്കാം. സുഊദി ദാറുല്‍ ഇഫ്ത സ്ഥിരം ഫത്‌വാ സമിതിയുടെ അഭിപ്രായം ”നോമ്പെടുക്കാന്‍ ശറഇയായ അടയാളം മാസപ്പിറവി കണക്കാക്കലാണ്. പിറവി ഉണ്ടാവലല്ല. പിറവി ഉണ്ടായാല്‍ നോമ്പെടുക്കണമെന്ന് നബി പറഞ്ഞിട്ടില്ല. മാസം കാണാതെ നിങ്ങള്‍ നോമ്പെടുക്കരുത്, മാസം കാണാതെ മുറിക്കുകയും ചെയ്യരുത് എന്നാണ് അവിടന്ന് പറഞ്ഞത്. അപ്പോള്‍ കണക്കനുസരിച്ച് പിറവി ഉണ്ടായാലും അതു കാണാതെ നോമ്പെടുക്കരുതെന്നാണ് നബി പഠിപ്പിച്ചത്.
ഇനി നമസ്‌കാര സമയത്തിന് ശറഇയായ അടയാളങ്ങള്‍, ഫജ്‌റ് ഉദിക്കുക, സൂര്യന്‍ മധ്യാഹ്നത്തില്‍ നിന്ന് തെറ്റുക, ഓരോ വസ്തുവിന്റെയും നിഴല്‍ അതുപോലെയാവുക, സൂര്യന്‍ അസ്തമിക്കുക, അസ്തമയ ശോഭ മറയുക എന്നിങ്ങനെയാണ്. ഫജ്ര്‍ ഉദിച്ചതായി കണ്ടാല്‍, സൂര്യന്‍ മധ്യാഹ്നത്തില്‍ നിന്ന് തെറ്റിക്കണ്ടാല്‍ എന്ന് പറഞ്ഞിട്ടില്ല. അപ്പോള്‍ നമസ്‌കാരത്തിന് ഇസ്‌ലാം നിശ്ചയിച്ച അടയാളങ്ങള്‍ ഏത് രൂപത്തിലൂടെ മനസ്സിലാക്കിയാലും മതി. (ദാറുല്‍ ഇഫ്ത ഫത്‌വാ സമിതി).
ഇനി ഗ്രഹണ നമസ്‌കാരത്തെപ്പറ്റി, അതു കണ്ടാല്‍ എന്നും അതുണ്ടായാല്‍ എന്നും ബുഖാരിയുടെ റിപ്പോര്‍ട്ടില്‍ വന്നിട്ടുണ്ട്. ഒരുപക്ഷേ അവസാനകാലത്ത് ഗ്രഹണ നമസ്‌കാരം കണ്ണുകൊണ്ട് കണ്ടിട്ടാണോ നമസ്‌കരിക്കുക എന്ന് ചോദിക്കുന്നവര്‍ ഉണ്ടായേക്കാം എന്ന് മനസ്സിലാക്കിയതുകൊണ്ടാവാം ബുഖാരിയുടെ 1063ാം നമ്പര്‍ ഹദീസില്‍ അതുണ്ടായാല്‍ എന്ന് പറഞ്ഞത്. അതിനാല്‍ ഗ്രഹണം ഉണ്ടായാല്‍ മതി, കാണണമെന്നില്ല. ഗ്രഹണം കാണാതെ നിങ്ങള്‍ നമസ്‌കരിക്കരുത് എന്ന് നബി ഒരിക്കലും പറഞ്ഞിട്ടില്ല. നോമ്പെടുക്കുന്നേടത്ത് അങ്ങനെ പറഞ്ഞിട്ടുമുണ്ട്. ഇനി ഒരാള്‍ ഗ്രഹണം കണ്ടുകൊണ്ട് നമസ്‌കരിക്കുന്നത് വിരോധിക്കപ്പെട്ട കാര്യവുമല്ല.
ഇതുപോലെ തന്നെയാണ് സഹറും ഇഫ്താറും. പ്രഭാതമാകുന്ന വെളുത്ത നൂല്‍ രാത്രിയാകുന്ന കറുത്ത നൂലില്‍ നിന്നു വ്യക്തമായി വേര്‍പിരിയുന്നതുവരെ എന്നാണ് ഖുര്‍ആന്‍ പറഞ്ഞത്. അതെങ്ങനെ മനസ്സിലാക്കണം? എങ്ങനെയുമാവാം.
ഇനി റഅ എന്ന ക്രിയക്ക് ഒരു മഫ്ഊല്‍ ബിഹി മാത്രം വന്നാല്‍ കണ്ണുകൊണ്ടുള്ള കാഴ്ചയാണെന്നും ഒന്നില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ വൈജ്ഞാനികമായ കാഴ്ചയാണെന്നുമുള്ളത് ഒരു നഹ്‌വീ ഖാഇദയാണ്. കഴിഞ്ഞകാല സംഭവങ്ങളെ കുറിക്കുന്നതാണെങ്കില്‍ അത് അഖലിയായ കാഴ്ചയായിരിക്കും. അതുകൊണ്ട് സൂറത്തുല്‍ ഫീലിലെ റഅ എന്ന ക്രിയക്ക് കണ്ണുകൊണ്ടുള്ള കാഴ്ചയാണോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഈ വിഷയം ഇബ്‌നു ആശൂര്‍ അത്തഹ്‌രീദു വത്തന്‍വീര്‍ എന്ന തഫ്‌സീറിലും അലി ത്വന്‍ത്വാവി അല്‍വസീത്വ എന്ന തഫ്‌സീറില്‍ സൂറത്തു മാഊനിന്റെ വ്യാഖ്യാനത്തിലും പ്രതിപാദിച്ചിട്ടുണ്ട്.
ഈയിടെ പ്രസിദ്ധീകൃതമായ ‘ഫത്ഹുല്‍ അസീസ്’ എന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥത്തില്‍ പണ്ഡിതോചിത സമീപനം എന്ന നിലക്കാണ് ഇബ്‌നു ദഖീഖില്‍ ഈദിയെ ഞാന്‍ ഉദ്ധരിച്ചത്. ഈ വിഷയമുള്‍പ്പെടെ പല സന്ദര്‍ഭങ്ങളിലും വ്യത്യസ്ത അഭിപ്രായ വീക്ഷണങ്ങള്‍ അതിലുണ്ട്. അവയില്‍ കൂടുതല്‍ പ്രമാണബദ്ധമായ വീക്ഷണം തുടര്‍ന്നു നല്‍കിയിട്ടുണ്ട്. അതേ സമീപനം തന്നെയാണ് പൗരാണികരും ആധുനികരുമായ പണ്ഡിതന്മാര്‍ ഹിലാല്‍ കാണുക എന്ന കണിശ നിലപാടിന് അവലംബിച്ചിരിക്കുന്നത്.

3 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x