22 Wednesday
September 2021
2021 September 22
1443 Safar 14

ഹിജ്‌റ പുതുയുഗത്തിന്റെ വിളംബരം

പ്രഫ. പി മുഹമ്മദ് കുട്ടശ്ശേരി


1443-ാമത് ഹിജ്‌റാ വര്‍ഷത്തിന്റെ പിറവി വിളംബരം ചെയ്തുകൊണ്ട് മുഹര്‍റം മാസത്തിന്റെ ചന്ദ്രക്കല മാനത്ത് ഉദയംചെയ്തിരിക്കുന്നു. മുസ്‌ലിംകള്‍ കാലഗണനക്കാധാരമായി സ്വീകരിക്കുന്ന ഹിജ്‌റ ചരിത്രത്തിലെ വര്‍ണോജ്വലമായ ഒരധ്യായമാണ്. പ്രവാചകനായ മുഹമ്മദ്(സ) അറേബ്യയില്‍ സത്യപ്രബോധനത്തിന്റെ പ്രഭ വിതറി. ജനങ്ങളുടെ ദുഷ്‌ചെയ്തികളെ ശക്തമായി വിമര്‍ശിച്ചു. അല്ലാഹുവിനല്ലാതെ ആരാധനയര്‍പ്പിക്കാനും അവനോടല്ലാതെ പ്രാര്‍ഥിക്കാനും പാടില്ലെന്നു പ്രഖ്യാപിച്ചു. അന്ധവിശ്വാസങ്ങള്‍ക്കെതിരില്‍ പടവാളുയര്‍ത്തി സമൂഹത്തില്‍ പടര്‍ന്നുപിടിച്ച തിന്മകളുടെ വേരുകള്‍ അറുത്തുമുറിച്ചുകൊണ്ടിരുന്നു. അടിമത്തം അടിച്ചേല്പിക്കപ്പെട്ട അവശ വിഭാഗത്തെ മോചിപ്പിക്കാന്‍ തീവ്രശ്രമം നടത്തി. മരണത്തിന് ശേഷമുള്ള ശാശ്വത ജീവിതത്തില്‍ സൗഭാഗ്യം നേടാനുള്ള മാര്‍ഗം തുറന്നുകാണിച്ചു.
നല്ല മനസ്സുള്ളവര്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ചെവികൊണ്ടു. പരമ്പരാഗത വിശ്വാസാചാരങ്ങള്‍ കൈവിടാന്‍ തയ്യാറാകാത്ത മുഷ്‌കരും നബിയുടെ നേതൃത്വം തങ്ങളുടെ സ്ഥാനമാനങ്ങള്‍ തകര്‍ക്കുമെന്ന് ഭയപ്പെട്ട അധികാരമോഹികളും അദ്ദേഹത്തിനെതിരില്‍ തിരിഞ്ഞു. നേതാവിനെയും അനുയായികളെയും ക്രൂരമായി മര്‍ദിച്ചു. കല്ലെറിഞ്ഞു ചോരയൊലിപ്പിച്ചു. മുഖത്തു കാര്‍ക്കിച്ചുതുപ്പി. മുള്ളുകെട്ടുകള്‍ വലിച്ചിട്ടു വഴി തടസ്സപ്പെടുത്തി. മലിനവസ്തുക്കള്‍ കൊണ്ട് കഴുത്തില്‍ മാലയണിയിച്ചു. അന്നവും വെള്ളവും മുടക്കി നാട്ടില്‍ നിന്ന് കാട്ടിലേക്കോടിച്ചു. സ്ത്രീകളെ അപമാനിച്ചു. അവരുടെ ഗോപ്യസ്ഥാനത്ത് കുന്തം കുത്തിയിറക്കി. പുകമുറിയിലടച്ചു ശ്വാസംമുട്ടിച്ചു കൊന്നു. നട്ടുച്ചക്ക് ചുട്ടുപഴുത്ത മണലില്‍ കിടത്തി നെഞ്ചില്‍ കല്ലുകയറ്റിവെച്ചു.
പക്ഷേ, ഇതുകൊണ്ടൊന്നും നബിയെയും അനുയായികളെയും ധര്‍മസമരത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല. ശത്രുക്കളുടെ മര്‍ദനം കൂടുതല്‍ ശക്തമായി. ഒന്നുകില്‍ ആദര്‍ശം കൈവെടിഞ്ഞു എതിരാളികള്‍ക്കു കീഴടങ്ങുക, അല്ലെങ്കില്‍ ആദര്‍ശവും കൊണ്ട് മറ്റൊരു നാട്ടിലേക്ക് ഓടി രക്ഷപ്പെടുക. വീടും നാടും കുടുംബവും സ്വത്തും എല്ലാം ഉപേക്ഷിച്ച് ത്യാഗപൂര്‍ണമായ ഈ രണ്ടാമത്തെ മാര്‍ഗമാണ് വിശ്വാസികള്‍ തെരഞ്ഞെടുത്തത്. അനുയായികള്‍ ഓരോരുത്തരായി ഒളിഞ്ഞും മറഞ്ഞും നാടുവിട്ടുകൊണ്ടിരുന്നു. അവസാനം പ്രവാചകന്‍ പോകാന്‍ തീരുമാനിച്ച ദിവസം ശത്രുക്കള്‍ വിവരം മണത്തറിഞ്ഞു. അദ്ദേഹത്തെ ഒറ്റവെട്ടിന് വധിക്കാന്‍ തീരുമാനിച്ചു. നബി പുറത്തിറങ്ങുന്ന സമയവും കാത്ത് രാത്രി വീടുവളഞ്ഞു. എന്നാല്‍ പ്രവാചകന്‍ അവരെ ഒന്നടങ്കം വിഡ്ഢികളാക്കി പുറത്തുചാടി. കൂട്ടുകാരന്‍ അബൂബക്കറുമൊത്ത് ഗുഹയില്‍ അഭയംതേടി. മൂന്നുദിവസം ഇരുണ്ട ഗുഹയില്‍ കഴിച്ചുകൂട്ടി. മുഹമ്മദ് നബിയെ കണ്ടുപിടിക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചു. ഗുഹാമുഖത്ത് കാല്‍പ്പെരുമാറ്റം. ഇപ്പോള്‍ കണ്ടുപിടിക്കുമെന്ന അവസ്ഥയായി. അബൂബക്കറിന് ഉല്‍കണ്ഠ. ‘വ്യാകുലപ്പെടേണ്ട, അല്ലാഹു നമ്മോടൊപ്പമുണ്ട്. തീര്‍ച്ച’! ഗുഹയില്‍ നിന്ന് രക്ഷപ്പെട്ടു നബിയും അബൂബക്കറും മദീനയിലേക്ക് കുതിച്ചു ഇതാണ് ഹിജ്‌റ.
ഭാര്യമാര്‍ നഷ്ടപ്പെട്ട ഭര്‍ത്താക്കന്മാര്‍, ഭര്‍ത്താക്കന്മാര്‍ നഷ്ടപ്പെട്ട ഭാര്യമാര്‍. കൈക്കുഞ്ഞുങ്ങളെ ഉപേക്ഷിക്കേണ്ടിവന്ന ഉമ്മമാര്‍. സമ്പാദ്യങ്ങള്‍ മുഴുവനും വലിച്ചെറിഞ്ഞോടിയ ധനികന്മാര്‍. മനസ്സുനിറയെ ധന്യമായ ഒരാദര്‍ശം മാത്രം ഉള്‍ക്കൊണ്ട് വിശ്വാസികള്‍ മദീനയിലേക്ക് രക്ഷപ്പെട്ടു. അവിടെ അഭയാര്‍ഥികളായ മുഹാജിറുകളായി. താമസിക്കാന്‍ വീടില്ലാത്ത അവര്‍ പള്ളി വരാന്തയില്‍ കിടന്നുറങ്ങി. രണ്ടാം മുണ്ടിന് വകയില്ലാത്തവര്‍ ഒറ്റമുണ്ടുകൊണ്ട് സംതൃപ്തിയടഞ്ഞു. ആദര്‍ശ സുഹൃത്തുക്കളായ മദീന നിവാസികള്‍ ജീവിത സൗകര്യങ്ങള്‍ അവരുമായി പങ്കുവെച്ചു. എന്തിനീ കഷ്ടനഷ്ടങ്ങളും ത്യാഗങ്ങളും സഹിച്ചു? അതാണ് സത്യമായ ഒരാദര്‍ശത്തിന് വേണ്ടിയുള്ള ത്യാഗം. അഥവാ ഹിജ്‌റ.
ഹിജ്‌റ കാലഗണനയ്ക്കുള്ള മാനദണ്ഡമായി അംഗീകരിച്ചത് എത്ര അര്‍ഥവത്തായ നടപടിയാണ്! ചരിത്രത്തില്‍ മഹാനേട്ടങ്ങള്‍ കുറിച്ച പല സംഭവങ്ങളുമുണ്ട്. പ്രവാചകന്റെ ജനനംതന്നെ ചരിത്രത്തിന്റെ ഗതി മാറ്റിയ മഹാസംഭവമാണ്. അവയൊന്നും വര്‍ഷാരംഭത്തിന് പരിഗണിച്ചില്ല. പീഡനങ്ങളും കഷ്ടനഷ്ടങ്ങളും സഹിച്ചു വിശ്വാസികള്‍ മക്കയില്‍ നിന്ന് മദീനയിലേക്ക് നടത്തിയ യാത്രയാണ് പുതിയ ചരിത്രത്തിന്റെ തുടക്കം. മുഹര്‍റം സമാഗതമാകുമ്പോള്‍ എന്നും വിശ്വാസികള്‍ ഈ ത്യാഗം അനുസ്മരിക്കുന്നു. ജീവിതത്തില്‍ ഉന്നതമായ ഒരു ലക്ഷ്യമുണ്ടാവുക. ആ ലക്ഷ്യം സാധിക്കുന്നതിന് വേണ്ടി കഠിനാധ്വാനം ചെയ്യുക. അതിന്റെ മാര്‍ഗത്തില്‍ എന്തു വിഷമവും സഹിക്കാന്‍ തയ്യാറാവുക. ഇതാണ് വിജയത്തിന്റെ മാര്‍ഗം.
ഹിജ്‌റ പുതിയൊരു പ്രഭാതത്തിന്റെ ഉദയത്തെപ്പറ്റി പ്രതീക്ഷയുണര്‍ത്തുന്നു. മര്‍ദിതരും പീഡിതരുമായ ജനവിഭാഗങ്ങള്‍ക്ക് പ്രത്യാശയുടെ സന്ദേശം നല്കുന്നു. കഷ്ടപ്പാടുകളും വേദനകളും അനുഭവിക്കുന്നവര്‍ക്ക് സമാശ്വാസം വാഗ്ദാനം ചെയ്യുന്നു. നബിയെയും അനുയായികളെയും സ്വന്തം നാട്ടില്‍ നിന്നും അടിച്ചോടിച്ചവര്‍; നബിയുടെ കാലില്‍ കല്ലെറിഞ്ഞു ചോരയൊലിപ്പിച്ചവര്‍; നബിയെ കൊല്ലുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചവര്‍; വിശ്വാസത്തിന്റെ പേരില്‍ നിരപരാധികളെ കൊന്നൊടുക്കിയവര്‍ ഈ ശത്രുവിഭാഗത്തിന് മേല്‍ ഒരു നാള്‍ നബിക്കും അനുയായികള്‍ക്കും ആധിപത്യം കൈവരുന്നു. അവരെ പുറത്താക്കിയ സ്വന്തം ജന്മനാടായ മക്കാ പട്ടണത്തിന്റെ ഭരണാധികാരം അവരുടെ കൈകളില്‍ വന്നുചേരുന്നു. നബിയുടെ നെഞ്ചിലേക്ക് അമ്പുകള്‍ തൊടുത്തുവിട്ടവര്‍; അദ്ദേഹത്തിന്റെ പല്ല് എറിഞ്ഞു കൊഴിച്ചവര്‍, നബിയുടെ പിതൃവ്യനെ കൊന്നു കരള്‍ മുറിച്ചെടുത്തു ചവച്ചു തുപ്പിയവര്‍ എല്ലാവരും കീഴടങ്ങി.
അവര്‍ നബിയുടെ ഔദാര്യത്തിനുവേണ്ടി യാചിച്ചു. അദ്ദേഹത്തിന്റെ തീരുമാനവും കാത്ത് ആകാംക്ഷയോടെ നില്ക്കുന്നു. ‘ഞാന്‍ നിങ്ങളെ എന്തുചെയ്യുമെന്നാണ് നിങ്ങള്‍ വിചാരിക്കുന്നത്’ ഉല്‍കണ്ഠാകുലമായ ആ നിമിഷത്തില്‍ നബിയുടെ ചോദ്യം. ”നീ മാന്യനായ ഒരു സഹോദരന്‍, മാന്യനായ സഹോദരന്റെ പുത്രന്‍” എന്ന് അവര്‍ പറഞ്ഞപ്പോള്‍ അതു ദയക്ക് വേണ്ടിയുള്ള ഒരു കെഞ്ചലായിരുന്നു. ”നിങ്ങള്‍ പോവുക. നിങ്ങളെയെല്ലാം വെറുതെ വിട്ടിരിക്കുന്നു” സ്‌നേഹനിധിയായ നബി ഒരു പ്രതികാരവും ചെയ്യാതെ അവര്‍ക്ക് പൊതുമാപ്പ് നല്കുന്നു. ഹിജ്‌റയുടെ ഉജ്വലമായ അധ്യായത്തിന്റെ ഈ സമാപനം എന്നും പീഡിതര്‍ക്ക് ഒരു സാന്ത്വനമാണ്. ദൈവപ്രീതി മാത്രം ലക്ഷ്യം വെച്ചു സത്യത്തിനു വേണ്ടി പോരാടുന്നവര്‍ക്ക് അന്തിമവിജയം സുനിശ്ചിതമാണെന്ന ഉറപ്പും.
വേദന പേറുന്ന എത്രയെത്ര ജനലക്ഷങ്ങള്‍ ഇന്നു ലോകത്തുണ്ട്. സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഹതഭാഗ്യര്‍. ഭൂരിപക്ഷങ്ങളുടെ മര്‍ദനങ്ങള്‍ക്കിരയാവുന്ന ന്യൂനപക്ഷങ്ങള്‍. ശക്തരുടെ കൈയ്യൂക്ക് കാരണം ഞെരുങ്ങുന്ന ദുര്‍ബലര്‍. ധിക്കാരികളായ ഭരണാധികാരികളുടെ മര്‍ദനങ്ങള്‍ക്കിരയാവുന്ന പാവങ്ങള്‍. പുരുഷന്മാരുടെ നിഷ്ഠൂരതകള്‍ കാരണം മനമുരുകിക്കഴിയുന്ന സ്ത്രീകള്‍ അവരെല്ലാം ആശ്വസിക്കട്ടെ: സത്യത്തിന്റെയും നീതിയുടെയും ദൈവപ്രീതിയുടെയും മാര്‍ഗത്തില്‍ ചരിക്കുന്നേടത്തോളം കാലം ദൈവം അവരുടെ കൂടെയുണ്ടാകും. അവന്റെ കാരുണ്യം അവരെ കടാക്ഷിക്കും. അക്രമവും അനീതിയും കാണിക്കുന്നവര്‍; നിരപരാധികളെ വേദനിപ്പിക്കുന്നവര്‍; ജനദ്രോഹം നടത്തുന്നവര്‍ അവര്‍ പരാജയപ്പെടുക തന്നെ ചെയ്യും.

മുഹര്‍റം നോമ്പ് ഹദീസുകളില്‍
ആയിശ(റ) പറയുന്നു: ”ആശൂറാഅ് നോമ്പ് നോല്ക്കാന്‍ നബി കല്പിക്കാറുണ്ടായിരുന്നു. റമദാന്‍ നിര്‍ബന്ധമാക്കിയപ്പോള്‍ ഇഷ്ടമുള്ളവര്‍ വ്രതമെടുക്കുകയും ഇഷ്ടമുള്ളവര്‍ ഉപേക്ഷിക്കുകയും ചെയ്യുമായിരുന്നു.” (ബുഖാരി)
ആയിശ(റ) പറയുന്നു: ”ആശൂറാഅ് ദിവസം അജ്ഞാനകാലത്ത് ഖുറൈശികള്‍ നോമ്പെടുക്കാറുണ്ടായിരുന്നു. റസൂലും(സ) അന്ന് നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു. അനന്തരം മദീനയില്‍ വന്നപ്പോള്‍ തിരുമേനി ആ ദിവസം നോമ്പെടുക്കുകയും ജനങ്ങളോട് നോമ്പെടുക്കാന്‍ കല്പിക്കുകയും ചെയ്തു. പിന്നീട് റമദാന്‍ വ്രതം നിര്‍ബന്ധമാക്കിയപ്പോള്‍ ആശൂറാഅ് വ്രതം ഉപേക്ഷിച്ചു. ഇഷ്ടമുള്ളവര്‍ നോല്ക്കുകയും ഇഷ്ടമുള്ളവര്‍ ഉപേക്ഷിക്കുകയും ചെയ്തു.” (ബുഖാരി)
ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ”നബി(സ) മദീനയില്‍ വന്നു. അപ്പോള്‍ ജൂതന്മാര്‍ ആശൂറാഅ് നോമ്പ് നോല്ക്കുന്നതായി കണ്ടു. അവിടുന്ന് ചോദിച്ചു: ഇതെന്താണ്? അവര്‍ പറഞ്ഞു: ഇത് നല്ലൊരു ദിവസമാണ്. മൂസാ നബിയെയും ഇസ്‌റാഈല്യരെയും അല്ലാഹു ശത്രുക്കളില്‍ നിന്ന് രക്ഷിച്ച ദിനമാണിത്. അങ്ങനെ, മൂസാ നബി(അ) അന്ന് നോമ്പെടുക്കുകയുണ്ടായി. അപ്പോള്‍ നബി(സ) പറഞ്ഞു: മൂസായോട് നിങ്ങളേക്കാള്‍ ബന്ധമുള്ളവന്‍ ഞാനാണ്. തുടര്‍ന്ന് തിരുമേനി ആ ദിവസത്തില്‍ നോമ്പെടുക്കുകയും നോമ്പെടുക്കാന്‍ കല്പിക്കുകയും ചെയ്തു.” (ബുഖാരി)
അബൂഹുറയ്‌റ(റ) പറയുന്നു: ”നബി(സ)യോട് ഒരാള്‍ ചോദിച്ചു: നിര്‍ബന്ധ നമസ്‌കാരം കഴിഞ്ഞാല്‍ ഏറ്റവും പുണ്യമുള്ള നമസ്‌കാരമേതാണ്? തിരുമേനി പറഞ്ഞു: രാത്രിയിലെ നമസ്‌കാരം. വീണ്ടും ചോദിച്ചു: റമദാന്‍ കഴിഞ്ഞാല്‍ ഏറ്റവും പുണ്യമുള്ള വ്രതമേതാണ്? നിങ്ങള്‍ മുഹര്‍റം എന്ന് വിളിക്കുന്ന അല്ലാഹുവിന്റെ മാസം. (അഹ്മദ്, മുസ്‌ലിം, അബൂദാവൂദ്)
മുഹര്‍റം പത്തിലെ വ്രതം ഹദീസ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. ആദ്യകാലം മുതല്‍ നബി(സ) ഈ നോമ്പ് നോറ്റുവന്നിരുന്നു. റമദാന്‍ വ്രതം നിര്‍ബന്ധമാക്കുന്നതിനു മുമ്പ് അത് നിര്‍ബന്ധമാക്കിയിരിക്കുന്നു. മദീനയില്‍ വന്നപ്പോള്‍ നിര്‍ബന്ധ സ്വരത്തിലല്ലാതെ നബി(സ) ആ വ്രതം അനുഷ്ഠിക്കാന്‍ അനുചരരെ പ്രേരിപ്പിച്ചു. മുഹര്‍റം ഒമ്പതിലെ നോമ്പിനെ സംബന്ധിച്ചും നബി(സ)യുടെ നിര്‍ദേശം വന്നിട്ടുണ്ട്.
ഇബ്‌നുഅബ്ബാസ് പറയുന്നു: നബി(സ) ആശൂറാഅ് ദിവസം നോമ്പനുഷ്ഠിക്കുകയും അന്ന് നോമ്പെടുക്കാന്‍ കല്പിക്കുകയും ചെയ്തപ്പോള്‍ അല്ലാഹുവിന്റെ പ്രവാചകരേ, ജൂതന്മാരും ക്രിസ്ത്യാനികളും ആദരിക്കുന്ന ദിവസമാണല്ലോ അത് എന്ന് സ്വഹാബിമാര്‍ പറയുകയുണ്ടായി. അപ്പോള്‍ അവിടുന്ന് പ്രതിവചിച്ചു. അടുത്ത വര്‍ഷമായാല്‍ ഇന്‍ശാഅല്ലാഹ് നാം ഒമ്പതിന് (താസൂആഅ്) നോമ്പനുഷ്ഠിക്കുന്നതാണ്. പക്ഷേ, അടുത്തവര്‍ഷം വരുന്നതിന് മുമ്പായി തന്നെ തിരുമേനി(സ) അന്തരിക്കുകയാണുണ്ടായത്.” (മുസ്‌ലിം)
നബി(സ) പറഞ്ഞു: ”അടുത്തവര്‍ഷം ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ഒമ്പതിന് വ്രതമെടുക്കും.” (മുസ്‌ലിം)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x