25 Thursday
April 2024
2024 April 25
1445 Chawwâl 16

ഹിജ്‌റ വര്‍ഷാരംഭവും ഇസ്‌ലാമിക കലണ്ടറും


ഹിജ്‌റ വര്‍ഷത്തിന് ആരംഭം കുറിച്ചത് മുഹമ്മദ് നബി(സ) ആണെന്നും അതല്ല, ഉമറുബ്‌നുല്‍ ഖത്താബ്(റ) ആണെന്നും രണ്ടഭിപ്രായമുണ്ട്. ഇമാം സുയൂത്വിയും ഇബ്‌നുസ്സലാഹും അബൂത്വാഹിറിനെ ഉദ്ധരിച്ച് പറയുന്നു: നബി(സ) നജ്‌റാനിലെ ക്രിസ്ത്യാനികള്‍ക്ക് അയക്കാനുള്ള കത്തിന്റെ വാചകം അലിയ്യുബ്‌നു അബീത്വാലിബി(റ)ന് പറഞ്ഞുകൊടുത്തതായി ഇങ്ങനെ കാണുന്നു, ഹിജ്‌റ അഞ്ചാം വര്‍ഷം എന്ന്. ഇതനുസരിച്ചു ഹിജ്‌റ വര്‍ഷത്തിനു തുടക്കം കുറിച്ചത് മുഹമ്മദ് നബി(സ)യും അത് പ്രചാരത്തില്‍ വരുത്തിയത് ഉമര്‍(റ) ആണെന്നും പറയാം.
മറ്റൊരു അഭിപ്രായം ഇങ്ങനെയാണ്: ഇബ്‌നുകസീര്‍ പറയുന്നു: ഹിജ്‌റ കലണ്ടര്‍ നടപ്പാക്കിയത് ഉമര്‍(റ) ആണ്. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഹിജ്‌റ 16-ാം വര്‍ഷം രണ്ടുപേര്‍ ഒരു തര്‍ക്കവുമായി ഖലീഫ ഉമറി(റ)നെ സമീപിച്ചു. ഒരാള്‍ ശഅ്ബാന്‍ മാസം അവധി പറഞ്ഞ് ഒരു സംഖ്യ കടം വാങ്ങിയിരുന്നു. ഉമര്‍(റ) അവരോട് ചോദിച്ചു: ഏതു ശഅ്ബാനിലാണ് കടം വീട്ടാമെന്ന് പറഞ്ഞത്? ഈ ശഅ്ബാനിലോ അടുത്ത ശഅ്ബാനിലോ അതല്ല കഴിഞ്ഞ ശഅ്ബാനിലോ? ഇതിനു കൃത്യമായ മറുപടി ലഭിച്ചില്ല. അപ്പോള്‍ അദ്ദേഹം പ്രധാന സ്വഹാബിമാരെയെല്ലാം വിളിച്ചുകൂട്ടി. ഭരണനിര്‍വഹണത്തിന് ഒരു കലണ്ടര്‍ ആവശ്യമാണെന്ന് അവരെ ബോധ്യപ്പെടുത്തി. അവരുമായുള്ള ചര്‍ച്ചയില്‍ ചിലര്‍ പറഞ്ഞു: നമുക്ക് പേര്‍ഷ്യക്കാരെ മാതൃകയാക്കാം. പേര്‍ഷ്യക്കാര്‍ അവരുടെ രാജാക്കന്മാരുടെ കാലഘട്ടങ്ങളെയാണ് അവരുടെ കലണ്ടറായി ഉപയോഗിക്കുന്നത്. മറ്റു ചിലര്‍ പറഞ്ഞു: നമുക്ക് റോമക്കാരെ മാതൃകയാക്കാം. ചിലര്‍, നമുക്ക് നബി(സ)യുടെ ജന്മദിനം അടിസ്ഥാനമാക്കി കലണ്ടര്‍ ഉണ്ടാക്കാം എന്നായി. മറ്റൊരഭിപ്രായം നബി(സ)യുടെ പ്രവാചകത്വം അടിസ്ഥാനമാക്കാം എന്നായിരുന്നു. നബി(സ)യുടെ മരണം അടിസ്ഥാനമാക്കാം എന്നും അഭിപ്രായമുണ്ടായി. ഉമര്‍(റ) ഹിജ്‌റ അടിസ്ഥാനമാക്കാം എന്ന അഭിപ്രായമാണ് സ്വീകരിച്ചത്. അങ്ങനെ നബി(സ) മുഹാജിറായി മദീനയില്‍ വന്ന ഒന്നാമത്തെ ദിവസം ഇസ്‌ലാമിക ചരിത്രത്തിലെ ഒന്നാം ദിവസമായി തിരഞ്ഞെടുത്തു. മാസനിര്‍ണയത്തിനു ഹിലാലിനെയാണ് ഖുര്‍ആന്‍ നിര്‍ദേശിച്ചത്: ”ചന്ദ്രക്കലകളെപ്പറ്റി നിന്നോട് അവര്‍ ചോദിക്കുന്നു. അത് ജനങ്ങള്‍ക്ക് സമയനിര്‍ണയത്തിനും ഹജ്ജിനും വേണ്ടിയുള്ളതാണ്” (2:89). അപ്പോള്‍ അല്ലാഹു ഹിലാലിനെ മാസാരംഭത്തിന്റെയും അവസാനത്തിന്റെയും അടയാളമായി നിശ്ചയിച്ചു.
ഓരോ സമുദായത്തിനും ഓരോ ചരിത്രവും ആ ചരിത്രവുമായി ബന്ധപ്പെട്ട ഒരു തിയ്യതിയുമുണ്ടായിരിക്കും. അതത് സമൂഹങ്ങളില്‍ കഴിഞ്ഞുപോയ ഏതെങ്കിലും ഒരു മഹാസംഭവവുമായി ബന്ധപ്പെട്ടായിരിക്കും അതിന്റെ ആരംഭം കുറിക്കുക. ചിലപ്പോള്‍ അത് നിലനില്‍ക്കുകയും മറ്റു ചിലപ്പോള്‍ അത് മുറിഞ്ഞുപോവുകയും ചെയ്യും. ഇത് അറബികള്‍ മാത്രം തുടങ്ങിയ ഒരാചാരമല്ല. റോമക്കാര്‍ക്കും പേര്‍ഷ്യക്കാര്‍ക്കും അവരുടേതായ ചരിത്രവും തിയ്യതിയുമുണ്ടായിരുന്നു.
മുസ്‌ലിംകള്‍ നബി(സ)യോടുകൂടി ജീവിച്ച കാലഘട്ടത്തില്‍ ഓരോ വര്‍ഷത്തിനും പ്രത്യേക ചരിത്രവും തിയ്യതിയും അവര്‍ക്കുണ്ടായിരുന്നു. ഒന്നാമത്തെ വര്‍ഷം ഹിജ്‌റ വര്‍ഷം എന്ന പേരിലും രണ്ടാം വര്‍ഷം സനത്തുല്‍ ഖിതാല്‍ അഥവാ യുദ്ധത്തിന് അനുമതി ലഭിച്ച വര്‍ഷം എന്നും മൂന്നാം വര്‍ഷം സനത്തുത്തംഹീസ് എന്നും അറിയപ്പെട്ടിരുന്നു. ശുദ്ധിയാക്കുക, തിളക്കമുള്ളതാക്കുക എന്നെല്ലാം ഇതിന് അര്‍ഥമുണ്ട്. ഉഹ്ദ് യുദ്ധത്തില്‍ വിജയം കണ്ടതിനു ശേഷം പരാജയം ആസ്വദിക്കേണ്ടിവന്നവരുടെ ഈമാന്‍ ശുദ്ധീകരിക്കുകയും തിളക്കമുള്ളതാക്കിത്തീര്‍ക്കുകയും ചെയ്തതിനെയാണിത് സൂചിപ്പിക്കുന്നത്. നാലാം വര്‍ഷം തര്‍ഫീഹ്. ശാന്തമായ ജീവിതത്തെ ഇത് സൂചിപ്പിക്കുന്നു. അഞ്ചാം വര്‍ഷം സനത്തുസ്സലാസില്‍ കിടുകിടാ വിറയ്ക്കുക, അതായത് ഖന്‍ദഖ് യുദ്ധത്തില്‍ വലിയ ഒരു സൈന്യം മദീന ആക്രമിച്ച സംഭവത്തെ സൂചിപ്പിക്കുന്നു. ശത്രുക്കളുടെ എണ്ണപ്പെരുപ്പം കണ്ടപ്പോള്‍ അവരെല്ലാം കിടുകിടാ വിറച്ചു. ആറാം വര്‍ഷം സനത്തുല്‍ ഇസ്തിഅ്‌നാസ്. അതായത് ഇണക്കമുള്ളത്. ശത്രുക്കളുമായി സന്ധിയില്‍ ഏര്‍പ്പെട്ട വര്‍ഷം. ഏഴാം വര്‍ഷം സനത്തുല്‍ ഇസ്തിഗ്‌ലാബ്. വിജയത്തിന് നാന്ദി കുറിച്ച വര്‍ഷം. അതായത് ശത്രുക്കള്‍ കരാര്‍ ലംഘിച്ചു. അത് മുസ്‌ലിംകളുടെ വിജയത്തിനു കാരണമായി. എട്ടാം വര്‍ഷം സനതുല്‍ ഇസ്തിവാഅ് എന്നും ഒമ്പതാം വര്‍ഷം സനതുല്‍ ബറാഅ് അഥവാ എല്ലാ കരാറുകളില്‍ നിന്നും ഒഴിവായ വര്‍ഷം എന്നും പത്താം വര്‍ഷം സനതു ഹജ്ജതുല്‍ വിദാഅ് നബി(സ)യുടെ വിടവാങ്ങല്‍ വര്‍ഷം എന്നും അറിയപ്പെട്ടു. തുടര്‍ന്ന് രണ്ടു മാസവും 12 ദിവസവും കഴിഞ്ഞ് നബി(സ) വഫാത്തായി.
ഹിജ്‌റ വര്‍ഷത്തിലെ ഒന്നാമത്തെ മാസം മുഹര്‍റം. ഹിജ്‌റ ഇസ്‌ലാമിക വര്‍ഷമായി അംഗീകരിച്ച ശേഷം ഉമര്‍(റ) ചോദിച്ചു: ഏതു മാസമാണ് ഹിജ്‌റ വര്‍ഷത്തിലെ ഒന്നാം മാസം? ചിലര്‍ പറഞ്ഞു: റജബ്, വേറെ ചിലര്‍ റമദാന്‍, മറ്റു ചിലര്‍ ദുല്‍ഹിജ്ജ, വേറെ ചിലര്‍ നബി(സ) ഏതു മാസമാണോ മക്കയില്‍ നിന്ന് ഹിജ്‌റ പുറപ്പെട്ടത് അത് ഒന്നാം മാസമാക്കാം എന്ന് അഭിപ്രായപ്പെട്ടു. നബി(സ) ഏതു മാസത്തിലാണോ മദീനയില്‍ എത്തിച്ചേര്‍ന്നത് അത് ഒന്നാം മാസമാക്കാം- ഇങ്ങനെ പല അഭിപ്രായങ്ങളും വന്നു. ഉസ്മാനുബ്‌നു അഫ്ഫാന്‍(റ) പറഞ്ഞു: ആദരണീയ മാസം മുഹര്‍റം ഒന്നാം മാസമായി പരിഗണിക്കാം. ഹജ്ജ് കഴിഞ്ഞു ജനങ്ങള്‍ തിരിച്ചുപോകുന്ന മാസവും കൂടിയാണിത്. അങ്ങനെ ഹിജ്‌റ 16-ാം വര്‍ഷം ഹിജ്‌റ കലണ്ടറിലെ ഒന്നാം മാസം മുഹര്‍റമായി അംഗീകരിച്ചു.
1. മുഹര്‍റം: ഇസ്‌ലാമിനു മുമ്പുതന്നെ അറബികള്‍ ഈ മാസത്തില്‍ യുദ്ധം നിഷിദ്ധമായി കരുതിയിരുന്നു. അതിനാല്‍ ഈ മാസത്തിന് മുഹര്‍റം എന്ന പേരു വന്നു.
2. സ്വഫര്‍: ഈ മാസത്തില്‍ അറബികളുടെ വീടുകളില്‍ പുരുഷന്മാര്‍ ഉണ്ടാവാറില്ല. അവര്‍ യുദ്ധത്തിനും യാത്രകള്‍ക്കുമായി പുറത്തുപോകുന്നതുകൊണ്ടാണീ പേര് വന്നത്.
3. റബീഉല്‍ അവ്വല്‍: അക്കാലത്ത് ഈ മാസം വസന്തകാലമായതുകൊണ്ട് ഈ പേര് വന്നു.
4. റബീഉല്‍ ആഖിര്‍: റബീഉല്‍ അവ്വലിന്റെ തുടര്‍ച്ചയായതുകൊണ്ടാണ് ഇങ്ങനെ പേര് വന്നത്.
5. ജമാദുല്‍ അവ്വല്‍: അക്കാലത്ത് ശൈത്യകാലമായതുകൊണ്ട് ഈ പേര് വന്നു.
6. ജമാദുല്‍ ആഖിര്‍: ജമാദുല്‍ അവ്വലിന്റെ തുടര്‍ച്ചയായി വന്നതുകൊണ്ട് ഈ പേര് നല്‍കി.
7. റജബ്: ഇത് ആദരണീയ മാസങ്ങളില്‍ പെട്ടതാണ്. അറബികള്‍ അവരുടെ യുദ്ധസാമഗ്രികള്‍ തുടച്ചു വൃത്തിയാക്കുന്ന കാലമാണിത്. ഈ മാസത്തില്‍ അവര്‍ യുദ്ധം ചെയ്യാറില്ല.
8. ശഅ്ബാന്‍: ജനങ്ങള്‍ ഗ്രൂപ്പുകളായി പിരിഞ്ഞു വെള്ളം തേടി പോകുന്ന കാലമായതുകൊണ്ട് ശഅ്ബാന്‍ എന്ന പേര് വന്നു. മറ്റൊരഭിപ്രായം, റജബില്‍ യുദ്ധം ചെയ്യാതെ വിശ്രമത്തില്‍ ആയതുകൊണ്ട് അത് കഴിഞ്ഞയുടനെ അവര്‍ ഗ്രൂപ്പുകളായി പിരിഞ്ഞ് യുദ്ധത്തിനും കൊള്ളയ്ക്കും പോകുന്നതുകൊണ്ട് ഈ പേര് വന്നുവെന്നാണ്.
9. റമദാന്‍: ഈ പേരു വെക്കുന്ന സമയത്ത് കഠിന ചൂടുകാലമായിരുന്നു. അതിനാല്‍ എല്ലാം കരിച്ചുകളയുന്ന മാസം എന്ന നിലയ്ക്കാണീ പേര്‍ വന്നത്. നാം അതിനെ പാപങ്ങള്‍ കരിച്ചുകളയുന്ന മാസം എന്നു വിശേഷിപ്പിക്കുന്നു.
10. ശവ്വാല്‍: ഈദുല്‍ ഫിത്വ്‌റിന്റെ മാസമാണിത്. ഒട്ടകത്തിന്റെ പാല്‍ വറ്റി അകിടു ചുരുങ്ങുന്ന സമയമായതുകൊണ്ടാണീ പേര് വന്നത്.
11. ദുല്‍ഖഅദ്: ആദരണീയ മാസങ്ങളില്‍ ഒന്നാമത്തേത്. യുദ്ധത്തിനും യാ ത്രയ്ക്കും പോവാതെ വീട്ടിലിരിക്കുന്ന സമയമായതുകൊണ്ട് ഈ പേര് വന്നു.
12. ദുല്‍ഹിജ്ജ: ഹജ്ജിന്റെയും പെരുന്നാളിന്റെയും മാസമാണിത്. അതിലുപരി ആദരണീയ മാസവുമാണ്. ജാഹിലിയ്യാ കാലത്ത് ഈ മാസത്തിലാണ് പതിവായി അറബികള്‍ ഹജ്ജിന് വന്നിരുന്നത്. അതിനാല്‍ ഈ പേര്‍ നിലവില്‍ വന്നു.
തുടര്‍ന്നു കാലാവസ്ഥകളില്‍ മാറ്റം വന്നെങ്കിലും ഈ പേരുകള്‍ സ്ഥിരപ്പെട്ടു. ഈ ചാന്ദ്രമാസത്തിന്റെ പ്രത്യേകത ഓരോ വര്‍ഷവും സോളാര്‍ വര്‍ഷത്തേക്കാള്‍ 11 ദിവസം മുമ്പേ വരും. അതിനാല്‍ നോമ്പെടുക്കുന്ന ഒരു വ്യക്തി 33 വര്‍ഷം നോമ്പെടുത്താല്‍ എല്ലാ കാലത്തും നോമ്പെടുത്തവനായിത്തീരുന്നു.
ഖലീഫ ഉമറി(റ)ന്റെ കാലത്ത് ഹിജ്‌റ കലണ്ടര്‍ നടപ്പായി. ഖുര്‍ആനിന്റെ പ്രഖ്യാപനം അനുസരിച്ച് ഒരു വര്‍ഷത്തിന് 12 മാസം എന്ന ഖുര്‍ആന്‍ പ്രഖ്യാപനവും നടപ്പിലായി (9:31). ഈ കലണ്ടര്‍ നടപ്പില്‍വരുന്നതിനു മുമ്പുതന്നെ നബി(സ)യും സഹാബത്തും മാസപ്പിറവിയുടെ അടിസ്ഥാനത്തില്‍ ഓരോ മാസവും നിര്‍ണയിച്ചുവന്നു. അതിനുള്ള കാരണവും നബി(സ) വ്യക്തമാക്കി. അവിടന്ന് പറഞ്ഞു: ”നാം ഉമ്മിയ്യുകളാണ്. എഴുതാറില്ല, കണക്കു കൂട്ടാറില്ല. അതിനാല്‍ മാസം ഇങ്ങനെ 29-ഉം 30-ഉം ആയിരിക്കും.” അപ്പോള്‍ ഉമ്മിയ്യീ കാലഘട്ടം കഴിഞ്ഞാല്‍ കാഴ്ചയെ മാത്രം ആസ്പദമാക്കേണ്ടതില്ല. കണക്കിനെ അവലംബിക്കാം. സൂര്യാസ്തമയ ശേഷം പുതിയ ചന്ദ്രന്‍ ചക്രവാളത്തില്‍ ഉണ്ടെങ്കില്‍ പുതിയ മാസം പിറന്നുവെന്നും ഇല്ലെങ്കില്‍ 30 പൂര്‍ത്തിയാക്കണമെന്നും ഇതില്‍ നിന്ന് മനസ്സിലാക്കാം.
ഈ സമുദായത്തിന്റെ ഭാവിയെ കണക്കിലെടുത്തുകൊണ്ടാണ് നബി(സ) ഇങ്ങനെ പ്രഖ്യാപിച്ചതെന്ന് നാം ഓര്‍ക്കണം. അല്ലാതെ നിങ്ങള്‍ എക്കാലത്തും ഉമ്മിയ്യുകളായിരിക്കണം, എഴുതാനാവാത്തവരും കണക്കു കൂട്ടാത്തവരുമായിക്കൊണ്ട്. പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നോമ്പും പെരുന്നാളും ആചരിക്കാന്‍ പാടുള്ളൂ എന്ന് ഈ സമുദായത്തെ സ്‌നേഹിക്കുന്ന നബി(സ) ഒരിക്കലും പറയില്ല. ഇതില്‍ നിന്ന് മനസ്സിലാവുന്നത് അന്നത്തെ സമ്പ്രദായം (ഉറുഫ്) പിറവി കാണല്‍ തന്നെയായിരുന്നു. രണ്ടാം നൂറ്റാണ്ടു മുതല്‍ ഇതിനു മാറ്റം വന്നു തുടങ്ങി.
താബിഉകളില്‍ പെട്ട മുത്‌രിഫുബ്‌നു അബ്ദില്ലയെ പോലുള്ള പണ്ഡിതന്മാര്‍ ഗോളശാസ്ത്ര കണക്കിന്റെ അടിസ്ഥാനത്തില്‍ സൂര്യാസ്തമയ ശേഷം ചന്ദ്രന്‍ ചക്രവാളത്തില്‍ ഉണ്ടെങ്കില്‍ നഗ്നദൃഷ്ടി കൊണ്ട് കണ്ടിെല്ലങ്കിലും പിറവി സംഭവിച്ചതായി മനസ്സിലാക്കാം. അടുത്ത ദിവസം പുതിയ മാസം ഒന്നായി കണക്കാക്കണമെന്ന് അവര്‍ വ്യക്തമായി പറഞ്ഞു. എന്നാല്‍ മുത്‌രിഫ് ന്യൂമൂണ്‍ (കറുത്ത വാവ്) അടിസ്ഥാനത്തിലാണ് പറയുന്നത് എന്ന വാദം ശരിയല്ല.
സുഊദി അറേബ്യയില്‍ 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ഏതാണ്ട് ഒന്നേകാല്‍ നൂറ്റാണ്ട് കാലത്തേക്കുള്ള ന്യൂമൂണ്‍ കലണ്ടര്‍ ഉണ്ടാക്കിയിട്ടുണ്ട്. 2028 വരെയാണതിന്റെ കാലാവധി. അത് തടിച്ച പുസ്തക രൂപത്തില്‍ പ്രിന്റ് ചെയ്തിട്ടുണ്ട്. ഇസ്‌ലാമിക ചരിത്രത്തില്‍ ഹിജ്‌റ നാലാം നൂറ്റാണ്ടിലാണ് ആദ്യമായി ന്യൂമൂണ്‍ കലണ്ടര്‍ നടപ്പാക്കാന്‍ ശിയാക്കള്‍ ശ്രമിച്ചത്. ഫാത്വിമീ ഭരണകൂട സ്ഥാപകന്‍ ഉബൈദുല്ലാഹില്‍ മഹ്ദി ഖൈറുവാന്‍ കേന്ദ്രമായി തന്റെ ഭരണം സ്ഥാപിച്ച ശേഷം അയാളാണ് കറുത്ത വാവ് അടിസ്ഥാനമാക്കി നോമ്പും പെരുന്നാളും ആചരിക്കാന്‍ ഉത്തരവിറക്കിയത്.
എന്നാല്‍ ഖാദി അത് അംഗീകരിച്ചില്ല. റമദാന്‍ മാസത്തില്‍ ഞാന്‍ പെരുന്നാളിന് നേതൃത്വം നല്‍കില്ല എന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ അദ്ദേഹത്തെ ക്രൂരമായി വധിച്ചു. മൃതദേഹത്തെ ക്രൂശിക്കുകയും ചെയ്തു. പിന്നീട് ഈ ഉബൈദുല്ലാഹില്‍ മഹ്ദി നുബുവ്വത്ത് വാദിച്ചു നബിയാണെന്ന് പ്രഖ്യാപിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ താന്‍ തന്നെയാണ് അല്ലാഹു എന്നും അയാള്‍ വാദിച്ചു. അങ്ങനെ അയാള്‍ ‘അല്ലാഹുവായിരിക്കെ’ മരണപ്പെട്ടു. ഈജിപ്തിലും ഫാത്വിമി ഭരണകൂടം ന്യൂമൂണ്‍ മാസപിറവി നടപ്പാക്കിയിരുന്നു. സലാഹുദ്ദീന്‍ അയ്യൂബി ഈജിപ്ത് കീഴടക്കി ഫാത്വിമീ ഭരണം അവസാനിപ്പിച്ചു. തുടര്‍ന്ന് അവര്‍ നടപ്പില്‍വരുത്തിയ എല്ലാ ദുരാചാരങ്ങളും റദ്ദ് ചെയ്തു.
കേരളത്തില്‍ ഈ കറുത്ത വാവ് ആധാരമാക്കി പെരുന്നാള്‍ കഴിക്കാന്‍ ശീഈ നേതാവായിരുന്ന കൊണ്ടോട്ടി ശൈഖാണ് ശ്രമിച്ചത്. അയാള്‍ 1929ല്‍ കോഴിക്കോട് മിശ്കാല്‍ പള്ളി ഖാദിയായ ചെറിയ ഖാദി മാമുക്കോയക്ക് അയച്ച കത്തിന്റെ കോപ്പി കോഴിേക്കാട് മുസ്‌ലിം ജമാഅത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോഴിക്കോട് വലിയ ഖാദിയും മറ്റു മുഴുവന്‍ പണ്ഡിതന്മാരും അത് തള്ളിക്കളയുകയും, അത് തനി ശീഇസമാണെന്നും സുന്നികളായ നാം അതംഗീകരിക്കാന്‍ പാടില്ലെന്നും ആ കത്തില്‍ പറയുന്നുണ്ട്. അങ്ങനെ എല്ലാവരും ഒറ്റക്കെട്ടായി ശീഇസത്തെ നേരിട്ടപ്പോള്‍ അവര്‍ പരാജയപ്പെടുകയും അവരുടെ ശ്രമം അവസാനിപ്പിക്കുകയും ചെയ്തു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x