18 Friday
October 2024
2024 October 18
1446 Rabie Al-Âkher 14

ഹിജ്‌റ പുതുവര്‍ഷപ്പുലരി

മുസ്തഫ നിലമ്പൂര്‍


പുതിയ ഹിജ്‌റ വര്‍ഷം ആരംഭിച്ചിരിക്കുന്നു. പരലോക ജീവിതത്തിലേക്ക് നാം ഒരു വര്‍ഷം കൂടി അടുത്തുകഴിഞ്ഞു. കഴിഞ്ഞകാല ജീവിത വ്യവഹാരങ്ങള്‍ ആത്മപരിശോധനയ്ക്കു വിധേയമാക്കി നന്മയുടെ പാതയിലേക്ക് മുന്നേറേണ്ട സമയമാണിത്. നമുക്ക് റബ്ബ് നല്‍കിയ ആയുസ്സ് അല്ലാഹുവിന്റെ മുമ്പില്‍ ചോദ്യം ചെയ്യപ്പെടുന്നതാണ്.
നബി(സ) പറഞ്ഞു: ”അറുപത് വയസ്സ് തികയുന്നതുവരെ ആയുസ്സ് നീട്ടി നല്‍കിയ ഒരുവനില്‍ നിന്ന് ഒഴികഴിവുകള്‍ ഒന്നും അല്ലാഹു സ്വീകരിക്കുകയില്ല” (ബുഖാരി 6419). കാലചക്രം നീങ്ങിക്കൊണ്ടിരിക്കുന്നത് അല്ലാഹുവിന്റെ മഹത്വത്തെ ഉള്‍ക്കൊള്ളാന്‍ പ്രചോദനമാകേണ്ടതുണ്ട്. അല്ലാഹു പറയുന്നു: ”അല്ലാഹു രാവും പകലും മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. തീര്‍ച്ചയായും അതില്‍ (ഉള്‍)ക്കണ്ണുള്ളവര്‍ക്ക് ഒരു ചിന്താവിഷയമുണ്ട്” (വി.ഖു. 24:44).
ഉമര്‍(റ) പറഞ്ഞു: ”നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതിനു മുമ്പ് നിങ്ങള്‍ സ്വയം വിചാരണ ചെയ്യൂ. നിങ്ങളുടെ നന്മതിന്മകള്‍ തൂക്കപ്പെടുന്നതിനു മുമ്പ് നിങ്ങള്‍ സ്വയം തൂക്കി കണക്കാക്കൂ. തീര്‍ച്ചയായും ഇന്ന് സ്വമേധയാ വിചാരണയ്ക്ക് വിധേയരാകുന്നവരാണ് നാളെ നിങ്ങളില്‍ എളുപ്പത്തില്‍ വിചാരണ ചെയ്യപ്പെടുന്നവര്‍. വമ്പിച്ച പ്രദര്‍ശന ദിവസത്തിനു മുമ്പ് നിങ്ങള്‍ അതിനായി അണിനിരന്നുകൊള്ളുക.”
നബി(സ) പറഞ്ഞു: ”തന്റെ ആയുസ്സ് എന്തിനു വേണ്ടി നശിപ്പിച്ചു, തന്റെ അറിവ് കൊണ്ട് എന്തെല്ലാം പ്രവര്‍ത്തിച്ചു, തന്റെ സമ്പത്ത് എവിടെ നിന്നെല്ലാം സമ്പാദിച്ചു, ഏതെല്ലാം കാര്യങ്ങളില്‍ വിനിയോഗിച്ചു, തന്റെ ശരീരം എന്തിനു വേണ്ടി വിനിയോഗിച്ചു എന്നിങ്ങനെ ചോദ്യം ചെയ്യപ്പെടാതെ അന്ത്യനാളില്‍ ഒരു അടിമയ്ക്കും തന്റെ കാലെടുത്തുവെക്കാനാവില്ല” (തിര്‍മിദി).
പവിത്രമായ മാസം
പവിത്രമായ നാലു മാസങ്ങളില്‍ പെട്ടതാണ് മുഹര്‍റം. അല്ലാഹുവിന്റെ മാസം എന്ന വിശേഷണം അതിനുണ്ട്. അല്ലാഹു പറയുന്നു: ”ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച് അല്ലാഹുവിന്റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം (യുദ്ധം) വിലക്കപ്പെട്ട മാസങ്ങളാകുന്നു. അതാണ് വക്രതയില്ലാത്ത മതം. അതിനാല്‍ ആ (നാലു) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോടു തന്നെ അക്രമം പ്രവര്‍ത്തിക്കരുത്” (വി.ഖു. 9:36).
നബി(സ) പറഞ്ഞു: ”നിശ്ചയമായും കാലം, അല്ലാഹു ആകാശഭൂമികളെ സൃഷ്ടിച്ച ദിവസത്തെപ്പോലെ തിരിഞ്ഞുവന്നിരിക്കുന്നു. ഒരു കൊല്ലം പന്ത്രണ്ട് മാസം. അതില്‍ നാലെണ്ണം ‘ഹറാമാ’യവ (അലംഘനീയമായ പവിത്രമാസങ്ങള്‍). മൂന്നെണ്ണം തുടര്‍ച്ചയായുള്ളവയാണ്. അതായത് ദുല്‍ഖഅ്ദ, ദുല്‍ഹിജ്ജ, മുഹര്‍റം എന്നിവ. (നാലാമത്തേത്) ജുമാദയുടെയും ശഅ്ബാന്റെയും ഇടയിലുള്ള മുളര്‍ ഗോത്രത്തിന്റെ റജബും” (ബുഖാരി, മുസ്ലിം).
മുഹര്‍റം എന്ന പേര് ഈ മാസത്തിന്റെ പവിത്രതയെ അറിയിക്കുന്നതാണ്. അനേകം ചരിത്രസംഭവങ്ങള്‍ ഈ മാസത്തില്‍ നടന്നിട്ടുണ്ട്. സന്തോഷപാഠം ഉള്‍ക്കൊള്ളുന്നതും ചരിത്രപാഠം ഉള്‍ക്കൊള്ളുന്നതും അതിലുണ്ട്. സന്തോഷപാഠം ഉള്‍ക്കൊള്ളുന്ന സംഭവമാണ് മൂസാ(അ)യെ ഫറോവയില്‍ നിന്ന് രക്ഷപ്പെടുത്തിയത്. അല്ലാഹു പറയുന്നു: ”മൂസാക്ക് നാം ഇപ്രകാരം ബോധനം നല്‍കുകയുണ്ടായി: എന്റെ ദാസന്മാരെയും കൊണ്ട് രാത്രിയില്‍ നീ പോകുക. എന്നിട്ട് അവര്‍ക്കു വേണ്ടി സമുദ്രത്തിലൂടെ ഒരു ഉണങ്ങിയ വഴി നീ ഏര്‍പ്പെടുത്തിക്കൊടുക്കുക. (ശത്രുക്കള്‍) പിന്തുടര്‍ന്ന് എത്തുമെന്ന് നീ പേടിക്കേണ്ടതില്ല. (യാതൊന്നും) നീ ഭയപ്പെടേണ്ടതുമില്ല. അപ്പോള്‍ ഫിര്‍ഔന്‍ തന്റെ സൈന്യങ്ങളോടുകൂടി അവരുടെ പിന്നാലെ ചെന്നു. അപ്പോള്‍ കടലില്‍ നിന്ന് അവരെ ബാധിച്ചതെല്ലാം അവരെ ബാധിച്ചു” (വി.ഖു. 20:77, 78).
അല്ലാഹു പറയുന്നു: ”ഇസ്‌റാഈല്‍ സന്തതികളെ നാം കടല്‍ കടത്തി കൊണ്ടുപോയി. അപ്പോള്‍ ഫിര്‍ഔനും അവന്റെ സൈന്യങ്ങളും ധിക്കാരവും അതിക്രമവുമായി അവരെ പിന്തുടര്‍ന്നു. ഒടുവില്‍ മുങ്ങിമരിക്കാറായപ്പോള്‍ അവന്‍ പറഞ്ഞു: ഇസ്രാഈല്‍ സന്തതികള്‍ ഏതൊരു ദൈവത്തില്‍ വിശ്വസിച്ചിരിക്കുന്നുവോ അവനല്ലാതെ യാതൊരു ദൈവവുമില്ല എന്ന് ഞാന്‍ വിശ്വസിച്ചിരിക്കുന്നു. ഞാന്‍ (അവനു) കീഴ്‌പെട്ടവരുടെ കൂട്ടത്തിലാകുന്നു. അല്ലാഹു അവനോട് പറഞ്ഞു: മുമ്പൊക്കെ ധിക്കരിക്കുകയും കുഴപ്പക്കാരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്തിട്ട് ഇപ്പോഴാണോ നീ വിശ്വസിക്കുന്നത്?” (വി.ഖു. 10:91,92). ധിക്കാരിയും അഹങ്കാരിയുമായ ഫിര്‍ഔനും കിങ്കരന്‍മാരും നശിക്കുകയും മൂസാ(അ)യും അനുയായികളും രക്ഷപ്പെടുകയും ചെയ്തത് ഈ മാസത്തിലാണ്. ഇതിന്റെ നന്ദിയായി മുഹര്‍റം പത്തിന് നോമ്പ് അനുഷ്ഠിക്കുന്നു.

ജാഹിലിയ്യാ കാലം മുതല്‍ ഖുറൈശികള്‍ ആശൂറാഅ് നോമ്പ് നോറ്റിരുന്നു. നബി(സ)യും അത് നോറ്റുവന്നിരുന്നു. ഇസ്‌ലാം വന്ന ശേഷവും നബി അത് തുടര്‍ന്നു. ആയിശ(റ) പറയുന്നു: ‘ജാഹിലിയ്യാ ഘട്ടത്തില്‍ ഖുറൈശികള്‍ വ്രതം അനുഷ്ഠിച്ചിരുന്ന ദിവസമായിരുന്നു ആശൂറാഅ്. നബിയും അത് അനുഷ്ഠിക്കുമായിരുന്നു. എന്നാല്‍ മുസ്‌ലിംകള്‍ ഈ നോമ്പിന് പൊതുവായി നിര്‍ദേശിക്കപ്പെട്ടിരുന്നില്ല. നബി മദീനയില്‍ വന്നപ്പോള്‍ യഹൂദര്‍ ആശൂറാഅ് ദിനത്തില്‍ നോമ്പ് എടുക്കുന്നത് കാണാനിടയായി. എന്താണിത് എന്ന് അവിടന്ന് ചോദിച്ചു. അവര്‍ പറഞ്ഞു: ‘ഇത് നല്ല ഒരു ദിവസമാണ്. ഇസ്രാഈല്യരെ അവരുടെ ശത്രുവില്‍ നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയ ദിവസമാണിത്. അതിനാല്‍ മൂസ ഈ ദിവസം നോമ്പെടുത്തിട്ടുണ്ട്. നബി പറഞ്ഞു: എങ്കില്‍ മൂസയുമായി നിങ്ങളേക്കാള്‍ അവകാശമുള്ളയാളാണ് ഞാന്‍. അങ്ങനെ അവിടന്ന് നോമ്പ് നോല്‍ക്കാന്‍ കല്‍പിക്കുകയും നോമ്പ് അനുഷ്ഠിക്കുകയും ചെയ്തു’ (ബുഖാരി 2004).
എന്നാല്‍ റമദാന്‍ മാസം നോമ്പ് നിര്‍ബന്ധമാണെന്ന വചനം അവതരിച്ചപ്പോള്‍ ആശൂറാഅ് അനുഷ്ഠിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ അനുഷ്ഠിക്കുകയും ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നവര്‍ അനുഷ്ഠിക്കാതിരിക്കുകയും ചെയ്തുപോന്നു (ബുഖാരി).
പിന്നീട് മുസ്‌ലിംകളുമായി ജൂതര്‍ നടത്തിയിട്ടുള്ള കരാര്‍ ലംഘനങ്ങളും പ്രത്യക്ഷമായും പരോക്ഷമായും ഉള്ള വഞ്ചനകളും നിമിത്തം അവരോട് സാദൃശ്യമാകുന്നതിലെ ആശങ്ക അനുചരന്മാര്‍ നബിയോട് പങ്കുവെച്ചപ്പോള്‍ ‘അടുത്ത വര്‍ഷം ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഒമ്പതും അനുഷ്ഠിക്കുമെ’ന്ന് പ്രവാചകന്‍ പറഞ്ഞു. അങ്ങനെ മുഹര്‍റം ഒമ്പത്, പത്ത് ദിവസങ്ങളിലെ നോമ്പ് സുന്നത്തായി.
ചരിത്രപാഠം ഉള്‍ക്കൊള്ളുന്നതാണ് ഹിജ്‌റ 61 മുഹര്‍റം മാസത്തില്‍ നബിയുടെ പൗത്രന്‍ ഹുസൈന്‍(റ) കൊല്ലപ്പെട്ട സംഭവം. വിശ്വാസികള്‍ക്ക് പ്രയാസമുണ്ടാക്കിയ സംഭവമായിരുന്നു അത്. എന്നാല്‍ അത്തരം സാഹചര്യത്തില്‍ ക്ഷമിക്കാനും അല്ലാഹുവില്‍ ഭരമേല്‍പിക്കാനുമാണ് അല്ലാഹു നിര്‍ദേശിച്ചത്. മുറവിളികളും വിലാപങ്ങളും ഇസ്ലാമിക പാരമ്പര്യമല്ല.
അല്ലാഹു പറയുന്നു: ”ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല, അതിനെ നാം ഉണ്ടാക്കുന്നതിനു മുമ്പുതന്നെ ഒരു രേഖയില്‍ ഉള്‍പ്പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം എളുപ്പമുള്ളതാകുന്നു. (ഇങ്ങനെ നാം ചെയ്തത്) നിങ്ങള്‍ക്കു നഷ്ടപ്പെട്ടതിന്റെ പേരില്‍ നിങ്ങള്‍ ദുഃഖിക്കാതിരിക്കാനും, നിങ്ങള്‍ക്ക് അവന്‍ നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ ആഹ്ലാദിക്കാതിരിക്കാനും വേണ്ടിയാണ്. അല്ലാഹു യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെടുകയില്ല” (വി.ഖു. 57:22,23).
മുഹര്‍റം മാസത്തില്‍ ഹുസൈന്‍(റ) വധിക്കപ്പെട്ടതിന്റെ പേരില്‍ വിലാപങ്ങള്‍ക്കും സ്വപീഡനങ്ങള്‍ക്കും ആത്മഹത്യക്ക് പോലും ശ്രമിക്കുന്ന ശീആ വിഭാഗം അത് പുണ്യകര്‍മമായി കാണുന്നു. നബി പറഞ്ഞു: ”മയ്യിത്തിന്റെ പേരില്‍ വിലപിച്ചുകൊണ്ട് മുഖത്തടിക്കുകയും മാറു കീറുകയും അജ്ഞാനകാലത്തെപ്പോലെ കരയുകയും ചെയ്യുന്നവര്‍ നമ്മില്‍ പെട്ടവരല്ല” (ബുഖാരി 1294, മുസ്‌ലിം 103).
ജഅ്ഫറുബ്‌നു അബീത്വാലിബിന്റെ രക്തസാക്ഷിത്വത്തില്‍ വിലപിച്ചു കരഞ്ഞവരുടെ മുഖത്ത് മണ്ണു വാരി എറിയാനാണ് നബി കല്‍പിച്ചത്. പരേതരുടെ പേരില്‍ അലമുറയിട്ട് വിലപിക്കരുതെന്ന് നബി കരാര്‍ വാങ്ങിയിരുന്നതായി ഉമ്മു അത്വിയ്യ(റ)യില്‍ നിന്ന് (ബുഖാരി 1306, മുസ്‌ലിം 936) രേഖപ്പെടുത്തുന്നു. അത്തരക്കാരോട് നബി ബന്ധം വേര്‍പ്പെടുത്തിയിരുന്നുവെന്ന് അബൂമൂസല്‍ അശ്അരി(റ)യില്‍ നിന്ന് (ബുഖാരി 1296) ഉദ്ധരിച്ചിട്ടുണ്ട്.
മുഹര്‍റം മാസം നല്ല കാര്യങ്ങള്‍ക്ക് കൊള്ളില്ലെന്ന് അവര്‍ വിശ്വസിക്കുന്നു. അന്ന് ശകുനമാണെന്ന് അവര്‍ വാദിക്കുന്നു. ജൂതസൃഷ്ടിയായ ശകുനത്തില്‍ ശീആകള്‍ വിശ്വസിക്കുന്നു. ശീആകളുടെ വിശ്വാസം സുന്നികള്‍ എന്ന് അവകാശപ്പെടുന്നവരും പിന്തുടരുന്നു. മുഹര്‍റം മാസത്തെ മറഞ്ഞുകാണാന്‍ പാടില്ലെന്നും ആ മാസം മുഴുവന്‍, വിശിഷ്യാ ആദ്യ പത്ത് ദിനം നഹ്‌സാണെന്നും അവര്‍ ജല്‍പിക്കുന്നു. അല്ലാഹു പവിത്രമാക്കിയ മാസത്തെ ശകുനമായി കാണാന്‍ ജാഹിലിയ്യാ കാലഘട്ടത്തില്‍ പോലും ധൈര്യപ്പെട്ടിരുന്നില്ല. അവര്‍ ശകുനമായി കണ്ടത് സഫര്‍ മാസത്തിലായിരുന്നു. നബി പറഞ്ഞു: ”(പിശാചുക്കളാല്‍) രോഗപ്പകര്‍ച്ചയോ ദുശ്ശകുനമോ ഹാമത്തോ (കൂമന്‍) സഫര്‍ മാസമോ (ശകുനം) ഇല്ല” (ബുഖാരി 5717).
അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ്(റ) നിവേദനം ചെയ്യുന്നു: നബി(സ) പറഞ്ഞു: ”ശകുനം നോക്കല്‍ ഒരാളെ (വല്ലതില്‍ നിന്നും) പിന്തിപ്പിച്ചാല്‍ തീര്‍ച്ചയായും അവന്‍ ശിര്‍ക്ക് ചെയ്തു.” അവര്‍ ചോദിച്ചു: അതിനുള്ള പ്രായശ്ചിത്തം എന്താണ്? നബി അരുളി: ”അല്ലാഹുവേ, നിന്റെ നന്മയല്ലാതെ നന്മയില്ല. നിന്റെ ശകുനമല്ലാതെ ശകുനമില്ല. നീയല്ലാതെ മറ്റൊരു ഇലാഹുമില്ല” (മുസ്‌നദ് അഹ്മദ് 7045). ഇത് ജൂതന്മാരുടെ സമ്പ്രദായമാണെന്ന് ഖുര്‍ആന്‍ പ്രസ്താവിച്ചു(4:51). ബഹുദൈവാരാധകരും നിഷേധികളും ഈ വിശ്വാസം പുലര്‍ത്തിയിരുന്നു എന്ന് (7:131, 36:18) ഖുര്‍ആന്‍ വ്യക്തമാക്കി.
മനുഷ്യര്‍ക്ക് തിന്മ സംഭവിക്കുന്നത് കാലത്തിന്റെയോ വ്യക്തികളുടെയോ ദുശ്ശകുനം കൊണ്ടല്ല, അവന്റെ കര്‍മഫലം മാത്രമാണത്. ആദ് സമൂഹത്തിന് ശിക്ഷ വന്നെത്തിയതിനെ സംബന്ധിച്ച് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു: ”വിട്ടുമാറാത്ത ദുശ്ശകുനത്തിന്റെ ഒരു ദിവസത്തില്‍ ഉഗ്രമായ ഒരു കാറ്റ് നാം അവരുടെ നേര്‍ക്ക് അയക്കുക തന്നെ ചെയ്തു” (വി.ഖു. 54:19).
ആദ് സമൂഹത്തിലേക്ക് ശിക്ഷ അയച്ചപ്പോള്‍ അവര്‍ക്ക് അത് നഹ്‌സ് ദിവസവും, രക്ഷപ്പെടുത്തിയ പ്രവാചകനും വിശ്വാസികള്‍ക്കും ബര്‍കത്തിന്റെ ദിവസവും ആയിരുന്നു. രണ്ടും ഒരു ദിവസമാണ് എന്നതിനാല്‍ ദിവസത്തിനല്ല നഹ്‌സ്, നമ്മുടെ കര്‍മങ്ങള്‍ക്കാണ് എന്ന് വ്യക്തം. സുബ്ഹി നമസ്‌കാരം ജമാഅത്തായി നിര്‍വഹിച്ചവന്‍ അല്ലാഹുവിന്റെ സംരക്ഷണത്തിലാണെന്ന് നബി അറിയിച്ചിട്ടുണ്ട്.
‘കാലം’ അല്ലാഹുവാണ്. അതിനെ അധിക്ഷേപിക്കുന്നവന്‍ അല്ലാഹുവിനോടാണ് അധിക്ഷേപം നടത്തുന്നത്. മതനിയമങ്ങള്‍ അനുസരിക്കുന്നവര്‍ക്ക് ബര്‍കത്തും പിശാചിനു വഴിപ്പെടുന്നവര്‍ക്ക് ശാപവുമാണ് ലഭിക്കുക. അതാണ് ഖുര്‍ആന്‍ പറഞ്ഞത്: ”ആ നാടുകളിലുള്ളവര്‍ വിശ്വസിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്തിരുന്നെങ്കില്‍ ആകാശത്തു നിന്നും ഭൂമിയില്‍ നിന്നും നാം അവര്‍ക്ക് അനുഗ്രഹങ്ങള്‍ തുറന്നുകൊടുക്കുമായിരുന്നു. പക്ഷേ അവര്‍ നിഷേധിച്ചു തള്ളുകയാണ് ചെയ്തത്. അപ്പോള്‍ അവര്‍ ചെയ്തുവെച്ചിരുന്നതിന്റെ ഫലമായി നാം അവരെ പിടികൂടി” (വി.ഖു. 7:96).
സത്യദീനുമായി നിയുക്തരായ പ്രവാചകന്മാരെ തങ്ങളുടെ ശകുനമായി കണ്ട അവിശ്വാസികളോട് ദൂതന്‍മാര്‍ പറഞ്ഞ മറുപടി: ”അവര്‍ (ദൂതന്‍മാര്‍) പറഞ്ഞു: നിങ്ങളുടെ ശകുനപ്പിഴ നിങ്ങളുടെ കൂടെയുള്ളതു തന്നെയാകുന്നു. നിങ്ങള്‍ക്ക് ഉല്‍ബോധനം നല്‍കപ്പെട്ടാല്‍ ഇതാണോ (നിങ്ങളുടെ നിലപാട്)? എന്നാല്‍ നിങ്ങള്‍ ഒരു അതിരുകവിഞ്ഞ ജനത തന്നെയാകുന്നു” (വി.ഖു. 36:19).
”ഓരോ മനുഷ്യന്നും അവന്റെ ശകുനം അവന്റെ കഴുത്തില്‍ തന്നെ നാം ബന്ധിച്ചിരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ ഒരു ഗ്രന്ഥം നാം അവനു വേണ്ടി പുറത്തെടുക്കുന്നതാണ്. അത് നിവര്‍ത്തിവെക്കപ്പെട്ടതായി അവന്‍ കണ്ടെത്തും” (വി.ഖു. 17:13).

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x