ഹിജാബ്: നീതിപീഠം ഭരണഘടന മറക്കുന്നുണ്ടോ?
റസീല ഫര്‍സാന
മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വിമര്‍ശനങ്ങളും ചൂടുപിടിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം അനുദിനം കടന്നുപോകുന്നത്. മുന്‍കാലങ്ങളില്‍ തന്നെ ഈ വിഷയത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ നാമേറെ കേട്ടുകൊണ്ടിരിക്കുന്നതാണ്. ഇന്ന് ഹിജാബെന്ന വസ്ത്രധാരണ ശൈലി ചര്‍ച്ചചെയ്യപ്പെടുകയും കോടതികളില്‍ വിധി പ്രഖ്യാപനത്തിനിരയാവുകയും ചെയ്തതാണ്. ഹിജാബ് അടിച്ചമര്‍ത്തുന്നതും സ്ത്രീ സുരക്ഷക്ക് വിള്ളല്‍ വീഴ്ത്തുന്നതുമാണെന്ന തെറ്റായ ധാരണ ആശങ്കകളാക്കി പൊതുസമൂഹത്തിനിടയില്‍ പങ്കുവെക്കുമ്പോള്‍ നീതിപീഠം മറന്നു പോവുന്ന വലിയൊരു കാര്യമാണ് ഭരണഘടന. ഭരണഘടന ഒരു വ്യക്തിക്കു നല്കുന്ന അവകാശങ്ങളെയാണ് ഇവിടെ വെല്ലുവിളിക്കുന്നത്. നിയമവ്യവസ്ഥകള്‍ക്കപ്പുറം പ്രത്യേകമായ ചില താല്പര്യങ്ങളാണ് പല വിധികളിലും ഒളിച്ചിരിക്കുന്നത് എന്ന് ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ നിഷേധിക്കാന്‍ സാധിക്കാത്തത്രയും വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഒരാളുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലുകള്‍ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങളുടെയും ലംഘനം തന്നെയാണ്.