ശിരോവസ്ത്ര നിയമം: ചെസ് താരം സാറ ഖാദിം ഇറാനില്‍ നിന്നു പലായനം ചെയ്തു
ഇറാനിലെ ശിരോവസ്ത്ര നിയമത്തില്‍ പ്രതിഷേധിച്ച് പ്രമുഖ ചെസ് താരം സാറ ഖാദിം രാജ്യത്തു നിന്നു പലായനം ചെയ്തതായി റിപ്പോര്‍ട്ട്. മെഹ്‌സ അമീനിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്ക് താരം പിന്തുണ അര്‍പ്പിച്ചിരുന്നു. കസാക്കിസ്താനിലെ അല്‍മാട്ടിയില്‍ നടന്ന ഫിഡെ വേള്‍ഡ് റാപിഡ് ആന്റ് ബ്ലിറ്റ്‌സ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിര്‍ബന്ധിത ശിരോവസ്ത്രം നടപ്പാക്കിയതിനെ തുടര്‍ന്ന് മത്സരം നിരസിച്ച ഇറാനിയന്‍ ചെസ് പ്രൊഫഷണലുകളോടൊപ്പം സാറയും പങ്കു ചേര്‍ന്നിരുന്നു. ചെസ് ലോകകപ്പില്‍ പങ്കെടുക്കുമ്പോള്‍ ശിരോവസ്ത്രം ധരിക്കേണ്ടതില്ലെന്ന സാറയുടെ തീരുമാനം പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചു. സംഭവത്തെത്തുടര്‍ന്ന് ഖാദിം കസാഖിസ്താനില്‍ നിന്ന് സ്‌പെയിനിലെ ഒരു അജ്ഞാത നഗരത്തിലേക്ക് തന്റെ ഭര്‍ത്താവും ചലച്ചിത്ര സംവിധായകനുമായ അര്‍ദേശിര്‍ അഹ്മദിയും അവരുടെ 10 മാസം പ്രായമുള്ള മകനുമൊപ്പം യാത്ര ചെയ്തുവെന്നുമാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒക്ടോബറില്‍ സിയോളില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ശിരോവസ്ത്രം ധരിക്കാതെ മത്സരിച്ച ഇറാനിയന്‍ പര്‍വതാരോഹക എല്‍നാസ് റെകാബി ഇറാനിലേക്ക് മടങ്ങിയെത്തിയ ശേഷം വീട്ടുതടങ്കലിലായിരുന്നു. അവളുടെ കുടുംബം ഭരണകൂട ഭീഷണിക്ക് വിധേയമായിരുന്നു.