ഹിജാബ്, ബുര്‍ഖ, നിഖാബ് പ്രമാണങ്ങള്‍ എന്ത് പറയുന്നു?
കെ എം ജാബിര്‍
ഹിജാബ് കൊണ്ടുദ്ദേശിക്കുന്നത് കേവല ശിരോവസ്തമാണോ? അതോ മുഖവും കൂടി മറയ്ക്കുന്ന തരം ആവരണമാണോ/ ശരീരമാകെ മൂടുന്ന ആവരണ വസ്ത്രമാണോ? ഖുര്‍ആനില്‍ ഹിജാബ് വസ്ത്രത്തെപ്പറ്റി എന്താണ് പറഞ്ഞത്? ഇന്ത്യയില്‍ ഇന്ന് വിവാദത്തില്‍ പെട്ടിരിക്കുന്ന ഹിജാബ് മതം അനുശാസിക്കുന്ന ഹിജാബ് തന്നെയാണോ? ഇക്കാര്യത്തില്‍ മുസ്‌ലിംകളുടെ അവകാശവാദം എന്താണ്? മറുപക്ഷത്തിന്റെ വാദം അല്ലെങ്കില്‍ ആവശ്യം എന്താണ്? സാധാരണക്കാരായ മുസ്‌ലിംകളില്‍ നിന്നും അമുസ്‌ലിംകളില്‍ നിന്നും ഇക്കാലത്ത് ഒരുപോലെ ഉയര്‍ന്നുകൊണ്ടിരിക്കുന്ന ചോദ്യങ്ങളാണിവ.
ശിരോവസ്ത്രം എന്ന അര്‍ഥത്തില്‍ ഖുര്‍ആനില്‍ ഹിജാബ് അല്ല; ഖിമാര്‍ ആണ് പ്രയോഗിച്ചത്. വിശുദ്ധ ഖുര്‍ആനില്‍ ഹിജാബ് എന്ന പദം ഏഴ് പ്രാവശ്യമാണ് വന്നിട്ടുള്ളത്. (7:46,17:45,19:17,33:53,38:32,41:5,42:51) ഈ ആയത്തുകളിലെ ഹിജാബ് എന്ന പദം വസ്ത്രത്തെപ്പറ്റി പറയാനല്ല പ്രയോഗിച്ചത്. മതില്‍, മറ, തിരശ്ശീല, തടസ്സം എന്നിങ്ങനെയുള്ള അര്‍ഥങ്ങളിലാണ് അവിടങ്ങളില്‍ പ്രയോഗിച്ചത്. എന്നാല്‍ സ്ത്രീകളുടെ ശിരോവസ്ത്രത്തെ സൂചിപ്പിച്ച് ഖുര്‍ആനില്‍ വന്നത് ജില്‍ബാബ്, ഖിമാര്‍ എന്നീ വാക്കുകളാണ്. ആ വാക്കുകളുടെ ബഹുവചന രൂപങ്ങളായ ഖുമുര്‍, ജലാബീബ് എന്നീ വാക്കുകളാണ് ഖുര്‍ആനില്‍ പ്രയോഗിച്ചത്. തലമാത്രം മൂടുന്ന വസ്ത്രത്തിനാണ് ഖിമാര്‍ എന്ന് പറയുന്നത്. ജില്‍ബാബ് എന്ന വാക്കും ഖിമാര്‍ (ശിരോവസ്ത്രം) എന്ന അര്‍ഥത്തില്‍ ഉപയോഗിക്കുന്നു. ജില്‍ബാബിന് മറ്റു വസ്ത്രങ്ങള്‍ക്കു മുകളില്‍ ധരിക്കുന്ന മേല്‍കുപ്പായം എന്നും അര്‍ഥമുണ്ട്.
മുഖവും കൂടി മറയ്ക്കുന്ന ആവരണത്തിന് നിഖാബ് എന്നാണ് പറയുക. അതായത് മൂക്കിന് മുകളിലൂടെ താഴ്ത്തിയിടുന്ന ആവരണ വസ്ത്രം. ഇപ്പറഞ്ഞ നിഖാബിനെക്കുറിച്ച് ഖുര്‍ആനില്‍ പരാമര്‍ശമില്ല. മുഖാവരണത്തിന് അറബിയില്‍ ഉപയോഗിക്കാറുള്ള മറ്റൊരു പദം ബുര്‍ഖഅ് എന്നതാണ്. ഈ പദവും മുസ്‌ലിം സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെടുത്തി ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടില്ല. (നിഖാബും ബുര്‍ഖഅ്ഉം ഹദീസുകളില്‍ പരാമര്‍ശിച്ചത് പിന്നീട് വിശദീകരിക്കാം)
പ്രായപൂര്‍ത്തിയായ സ്ത്രീ അവളുടെ മുഖവും കൂടി മറയ്ക്കണമെന്ന് ഖുര്‍ആനിലോ ഹദീസിലോ കല്‍പിച്ചിട്ടില്ല. മറിച്ച്, ആയത്തുകളെയും ഹദീസുകളെയും വ്യാഖ്യാനിച്ച് ചില പണ്ഡിതന്മാര്‍ മുഖവും കൂടി മറയ്ക്കാന്‍ കല്‍പനയുണ്ടെന്ന് വാദിക്കുകയാണ് ചെയ്യുന്നത്. അങ്ങനെയാണ് നിഖാബും ബുര്‍ഖയും ഈ ചര്‍ച്ചയിലേക്ക് കടന്നുവന്നത്.
ഖുര്‍ആനിലെ
ഖണ്ഡിത പരാമര്‍ശങ്ങള്‍
ഖിമാര്‍ എന്ന ശിരോവസ്ത്രത്തെക്കുറിച്ച് ഖുര്‍ആനില്‍ 24:31 ലാണ് പരാമര്‍ശിച്ചിട്ടുള്ളത്. സ്ത്രീകളോട് ആ ശിരോവസ്ത്രം തങ്ങളുടെ മാറിടങ്ങളിലേക്ക് താഴ്ത്തിയിടാന്‍ കല്‍പിച്ചിരിക്കുന്നു. ”വിശ്വാസിനികളോടും താങ്കള്‍ പറയണം, അവര്‍ അവരുടെ ദൃഷ്ടികള്‍ നിയന്ത്രിച്ചുകൊള്ളട്ടെ. ലൈംഗികാവയവങ്ങള്‍ സൂക്ഷിക്കുകയും ചെയ്യട്ടെ. അവരുടെ സൗന്ദര്യം അവര്‍ വെളിപ്പെടുത്താതെയുമിരിക്കട്ടെ. പ്രത്യക്ഷമായ സൗന്ദര്യം ഒഴിച്ച്. അവരുടെ ശിരോവസ്ത്രങ്ങള്‍ അവരുടെ മാറിടങ്ങളിലേക്ക് താഴ്ത്തിയിടുകയും ചെയ്യട്ടെ.” (24:31)
ഈ സൂക്തത്തില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. സ്ത്രീ ശരീരത്തിലെ സൗന്ദര്യത്തില്‍ ‘പ്രത്യക്ഷമായ സൗന്ദര്യം ഒഴിച്ച്’ ബാക്കി ഭാഗങ്ങളെല്ലാം മറയ്ക്കണം. സ്ത്രീ ശരീരം മുഴുവനും മൂടണം/മറയ്ക്കണം എന്ന കല്‍പനയില്ല എന്നതാണത്. ശിരോവസ്ത്രം താഴ്ത്തിയിടുമ്പോള്‍ തോള്‍ഭാഗം, കഴുത്ത്, മാറിടം എന്നീ ഭാഗങ്ങളും മറയ്ക്കണമെന്ന ആശയമായി.
ഈ ആശയം തന്നെയാണ് 33:59 ലും ആവര്‍ത്തിക്കുന്നത്. ”അല്ലയോ പ്രവാചകാ, താങ്കളുടെ പത്‌നിമാരോടും പുത്രിമാരോടും വിശ്വാസികളായ സ്ത്രീകളോടും പറയുക; അവരുടെ ശിരോവസ്ത്രങ്ങള്‍/മേല്‍ക്കുപ്പായങ്ങള്‍ അവര്‍ താഴ്ത്തിയിടട്ടെ.” വേഷവിധാനവുമായി ബന്ധപ്പെട്ട് ചില വിരോധങ്ങള്‍ അഹ്‌സാബ് അധ്യായത്തില്‍ വേറെയും വന്നിട്ടുണ്ട്. ”നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയണം. പഴയ അജ്ഞാന കാലത്തെ സൗന്ദര്യ പ്രദര്‍ശനം പോലെ നിങ്ങള്‍ സൗന്ദര്യം പ്രദര്‍ശിപ്പിക്കുകയുമരുത്.” (33:33)
ഇവിടെ ജാഹിലിയ്യത്തിലെ സ്ത്രീകളുടെ പൊതുവായ വേഷവിധാനം ഇസ്‌ലാമിന് പൊരുത്തമല്ലാത്തതുകൊണ്ടാണ് അത്തരം വേഷവിധാനം പാടുള്ളതല്ല എന്ന വിലക്ക് നിയമമാക്കുന്നത് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ജാഹിലിയ്യത്തില്‍ സ്ത്രീകള്‍ ഖിമാര്‍ (ശിരോവസ്ത്രം) ധരിച്ചിരുന്നു. പക്ഷേ, അവര്‍ സഞ്ചരിക്കുമ്പോള്‍ തലയും ശരീരഭാഗങ്ങളും അനങ്ങുന്നതിനനുസരിച്ച്, ആ വസ്ത്രം ഊര്‍ന്നുപോരാത്തവിധം ബന്ധിച്ചിരുന്നില്ല. മുഖവും കഴുത്തും, മാറിടവും മറച്ചിരുന്നുമില്ല. ഈ വിഷയവുമായി വന്നിട്ടുള്ള കല്‍പനകളും വിരോധങ്ങളും എല്ലാം ചേര്‍ത്തു വായിക്കുമ്പോഴാണ് സ്ത്രീയുടെ വസ്ത്രധാരണം എങ്ങനെയാവണമെന്ന വ്യക്തത ലഭിക്കുന്നത്. പ്രത്യക്ഷ സൗന്ദര്യം ഒഴിച്ച് ബാക്കി ഭാഗങ്ങള്‍ മറയ്ക്കണമെന്നും ശിരോവസ്ത്രം മാറിടത്തിലേക്ക് താഴ്ത്തിയിടണമെന്നും കല്‍പിക്കപ്പെടുന്നതോടെ സ്ത്രീയുടെ വസ്ത്രധാരണക്കാര്യത്തില്‍ വ്യക്തതയായി.
വിവാഹത്തിനു മുമ്പ് ആണ് പെണ്ണിനെയും പെണ്ണ് ആണിനെയും കാണുന്നത് പ്രോത്സാഹിച്ചിട്ടുണ്ട് എന്ന് നമുക്കറിയാം. ഈ കാഴ്ച പ്രത്യക്ഷമായ സൗന്ദര്യം അഥവാ ഇരുകൂട്ടരും മുഖത്തോടുമുഖം കാണുന്ന കാഴ്ചയാണ്. അവിടെ പെണ്ണിനോട് നിഖാബ് പൊക്കി മാറ്റി മുഖം കാട്ടിക്കൊടുക്കണമെന്ന പ്രത്യേക കല്‍പനയൊന്നുമില്ല. അങ്ങനെയില്ലാത്തത് പ്രത്യക്ഷമായ സൗന്ദര്യം മറയ്ക്കണമെന്ന കല്‍പനയില്ലാത്തതു കൊണ്ടു തന്നെയാണ്. ഇതിനു പുറമെ, ഹജ്ജ് വേളയില്‍ ഇഹ്‌റാമില്‍ ആയിരിക്കെ സ്ത്രീകള്‍ മുഖാവരണം ധരിക്കരുതെന്ന വിലക്കുണ്ട്. മുഖം മറയ്ക്കണമെന്ന ഒരു കല്‍പനയും മുഖം വെളിവാക്കരുതെന്ന വിരോധവും ഒരു നിയമമായി ഇസ്‌ലാമിലുണ്ടെങ്കില്‍ ഇഹ്‌റാമില്‍ മുഖം മറയ്ക്കരുതെന്ന നിയമം ഒരു വിചിത്ര നിയമമായിത്തീരും! ഇതില്‍ നിന്നെല്ലാം വളരെ വ്യക്തമായി മനസ്സിലാവുന്ന കാര്യം മുഖവും മുന്‍കൈകളും മറയ്ക്കണമെന്ന കല്‍പനയോ മുഖവും മുന്‍കൈകളും വെളിവാക്കരുത് എന്ന വിരോധമോ ഖുര്‍ആനിലോ ഹദീസിലോ വന്നിട്ടില്ല എന്നാണ്.
മുഖം മറയ്ക്കണമെന്ന്
വാദിക്കുന്നവരുടെ ന്യായങ്ങള്‍
വിശുദ്ധ ഖുര്‍ആനിലെ 33-ാം അധ്യായത്തിലെ 53-ാം സൂക്തമാണ് സ്ത്രീകള്‍ക്ക് മുഖം മറയ്ക്കണം എന്ന് വാദിക്കുന്നവര്‍ അവലംബമാക്കുന്ന തെളിവുകളില്‍ ഒന്ന്. ദീര്‍ഘമായ ആ സൂക്തത്തിന്റെ അര്‍ഥം ഇങ്ങനെയാണ്: ”സത്യവിശ്വാസികളേ, ഭക്ഷണത്തിന് (നിങ്ങളെ ക്ഷണിക്കുകയും) നിങ്ങള്‍ക്ക് സമ്മതം കിട്ടുകയും ചെയ്താലല്ലാതെ നബിയുടെ വീടുകളില്‍ നിങ്ങള്‍ കടന്നു ചെല്ലരുത്. അത് (ഭക്ഷണം) പാകമാകുന്നത് നിങ്ങള്‍ നോക്കിയിരിക്കുന്നവരാകരുത്. പക്ഷേ, നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ കടന്നുചെല്ലുക. നിങ്ങള്‍ ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ പിരിഞ്ഞുപോവുകയും ചെയ്യുക. നിങ്ങള്‍ വര്‍ത്തമാനം പറഞ്ഞു രസിച്ചിരിക്കുന്നവരാകുകയും അരുത്. തീര്‍ച്ചയായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. എന്നാല്‍ നിങ്ങളോട് (അത് പറയാന്‍) അദ്ദേഹത്തിന് ലജ്ജ തോന്നുന്നു. സത്യത്തിന്റെ കാര്യത്തില്‍ അല്ലാഹുവിന് ലജ്ജ തോന്നുകയില്ല. നിങ്ങള്‍ അവരോട് വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ നിങ്ങളവരോട് മറയുടെ പിന്നില്‍ നിന്ന് ചോദിച്ചു കൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്. അല്ലാഹുവിന്റെ ദൂതന് ശല്യമുണ്ടാക്കാന്‍ നിങ്ങള്‍ക്ക് പാടുള്ളതല്ല. അദ്ദേഹത്തിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യമാരെ നിങ്ങള്‍ വിവാഹം ചെയ്യാനും പാടില്ല. തീര്‍ച്ചയായും അതൊക്കെ അല്ലാഹുവിങ്കല്‍ ഗൗരവമുള്ള കാര്യമാകുന്നു.”
ഇവിടെ എല്ലാവര്‍ക്കും പ്രഥമ വായനയില്‍ തന്നെ മനസ്സിലാകുന്നതുപോലെ, ഈ ആയത്തില്‍ നേര്‍ക്കുനേരെ പുരുഷന്റെയോ സ്ത്രീയുടെയോ വസ്ത്രധാരണം ഏത് വിധമായിരിക്കണമെന്ന് നിര്‍ദേശിക്കുകയല്ല; മറിച്ച്, നബി(സ)യുടെ വീടുകളില്‍ പ്രവേശിക്കുമ്പോഴോ നബി പത്‌നിമാരോട് സംസാരിക്കുമ്പോഴോ എന്തെങ്കിലും ചോദിക്കുമ്പോഴോ പാലിക്കേണ്ട മര്യാദകള്‍ വിശ്വാസി സമൂഹത്തെ പഠിപ്പിക്കുകയാണ്. നബി(സ)യുടെ ഭവനങ്ങളില്‍ അനാവശ്യമായി കയറിയിറങ്ങിക്കൊണ്ടിരിക്കരുത്.
ക്ഷണം ലഭിച്ചാല്‍ പോകാം. അനുവാദം ലഭിക്കുന്നതിനനുസരിച്ച് അകത്ത് പ്രവേശിക്കാം. പ്രവാചക പത്‌നിമാരോട് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കില്‍ നേര്‍ക്കുനേരെ അവരെ കണ്ടുകൊണ്ടു വേണ്ട. മറയ്ക്ക് പിന്നില്‍ നിന്നുകൊണ്ടാവാം. വന്ന കാര്യം കഴിയുന്നതോടെ മടങ്ങണം. എന്നിത്യാദി മര്യാദകളാണ് ഈ വചനത്തില്‍ പഠിപ്പിക്കുന്നത്.
ഈ ആയത്തില്‍ പ്രയോഗിച്ച ഹിജാബ് എന്ന പദം ഹിജാബ് വസ്ത്രത്തെക്കുറിച്ചല്ല. ഈ വിധിക്കു ശേഷം പ്രവാചക പത്‌നിമാരുടെ വീടുകളുടെ വാതിലുകള്‍ക്ക് വിരിയിട്ടുവെന്നാണ് ഹദീസ്, ചരിത്ര വിശദീകരണങ്ങളില്‍ കാണുന്നത്. ഈ മറയുടെ വ്യാഖ്യാനം നബി പത്‌നിമാരുടെ മുഖം മറച്ചുള്ള വസ്ത്രധാരണത്തിലേക്കും നബിപത്‌നിമാരുടെ മുഖംമറ മറ്റു സത്യവിശ്വാസിനികള്‍ക്കും മാതൃക തന്നെയാണ് എന്ന വ്യാഖ്യാനത്തിലേക്കും എത്തിച്ചേരുന്നതാണ് ചില തഫ്‌സീറുകളില്‍ നാം കാണുന്നത്. യഥാര്‍ഥത്തില്‍ പ്രായപൂര്‍ത്തി വന്ന സത്യവിശ്വാസിനികള്‍ മുഖം മറയ്ക്കണമെന്ന് ഈ സൂക്തത്തിലില്ല.
സ്ത്രീകള്‍ മുഖം മറയ്ക്കണമെന്ന് വാദിക്കുന്നവര്‍ തെളിവാക്കുന്ന മറ്റൊരായത്ത് അഹ്‌സാബ് അധ്യായത്തിലെ 59-ാം ആയത്താണ്. അതിന്റെ അര്‍ഥമിങ്ങനെയാണ്: ”നബിയേ നിന്റെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളായ സ്ത്രീകളോടും അവര്‍ തങ്ങളുടെ ശിരോവസ്ത്രങ്ങള്‍/മേല്‍ക്കുപ്പായങ്ങള്‍ (ജലാബീബ്) തങ്ങളുടെ മേല്‍ താഴ്ത്തിയിടാന്‍ പറയുക. അവര്‍ തിരിച്ചറിയപ്പെടാനും അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.”
ഈ ആയത്തിലെ യുദ്‌നീന അലൈഹിന്ന മിന്‍ ജലാബീബിഹിന്ന (അവരുടെ മേല്‍വസ്ത്രങ്ങള്‍ -ശിരോവസ്ത്രങ്ങള്‍- അവരുടെ മേല്‍ താഴ്ത്തിയിടട്ടെ) എന്ന കല്‍പനയാണ് ശിരസ്സു മുതല്‍ പാദം വരെ മറയ്ക്കണം എന്നു വ്യാഖ്യാനിക്കപ്പെടുന്നത്. എന്നാല്‍ ഈ വ്യാഖ്യാനം നേരത്തെ ഉദ്ധരിച്ച സൂറതുന്നൂറിലെ 31-ാം സൂക്തത്തിന് വിരുദ്ധമായിത്തീരുന്നുണ്ട്. കാരണം 24:31ല്‍ പ്രത്യക്ഷമായ സൗന്ദര്യം ഒഴികെ എന്ന് വെളിവാക്കാവുന്ന സൗന്ദര്യത്തെ ഒഴിച്ചു നിര്‍ത്തിപ്പറയുന്നുണ്ട്. 33:59ന് ‘സ്ത്രീകള്‍ അവരുടെ ശരീരം മൂടിപ്പുതയ്ക്കണം’ എന്ന് വ്യാഖ്യാനിക്കുന്നതോടെ ഖുര്‍ആനില്‍ സ്പഷ്ടമായ വൈരുധ്യമായിത്തീരും. യഥാര്‍ഥത്തില്‍, ജലാബിബിന് മേല്‍വസ്ത്രങ്ങള്‍ എന്നര്‍ഥം നല്‍കിയാലും അതല്ല ശിരോവസ്ത്രങ്ങള്‍ എന്നര്‍ഥം നല്‍കിയാലും 24:31ലെ ആശയം മറ്റൊരു രീതിയില്‍ പ്രകാശിപ്പിക്കുകയാണ് 33:59ല്‍.
സ്ത്രീകള്‍ മുഖം മൂടിയിരിക്കണമെന്നതിന് അവലംബമാക്കാറുള്ള മറ്റൊരു തെളിവ് ബുഖാരിയിലും മറ്റും ഉദ്ധരിച്ച റസൂലിന്റെയും(സ) പത്‌നി ആഇശ(റ)യുടെയും ചില വചനങ്ങളാണ്. ഹജ്ജിന് ഇഹ്‌റാമില്‍ പ്രവേശിച്ച സ്ത്രീകള്‍ മുഖം മറയ്ക്കാന്‍ പാടില്ലെന്ന് വിധിക്കുന്ന റിപ്പോര്‍ട്ടുകളാണത്. അതില്‍ തനഖ്ഖബ (നിഖാബ് ധരിക്കുക) തബര്‍ഖഅ (ബുര്‍ഖഅ് ധരിക്കുക) എന്നീ വാക്കുകളാണ് പ്രയോഗിച്ചത്.
ഹജ്ജ് അനുഷ്ഠാന വേളയില്‍ നിഖാബ് അല്ലെങ്കില്‍ ബുര്‍ഖഅ് സ്ത്രീകള്‍ ധരിക്കാന്‍ പാടില്ലെന്ന് പ്രത്യേകം പറഞ്ഞിരിക്കുന്നതിനാല്‍ ഹജ്ജ് അനുഷ്ഠാനമല്ലാത്ത അവസരങ്ങളിലെല്ലാം ‘നിഖാബ്/ബുര്‍ഖഅ് ധരിച്ചു കൊള്ളണം’ എന്ന വിപരീതാശയം ലഭിക്കുന്നുണ്ട് എന്ന ന്യായമാണ് അവര്‍ പറഞ്ഞുകാണുന്നത്. ഇവിടെയും ഖുര്‍ആനിലോ ഹദീസിലോ നേര്‍ക്കു നേരെ ഖണ്ഡിതമായി പ്രസ്താവിച്ച കല്‍പനകളോ വിരോധങ്ങളോ അല്ല. മറിച്ച് വ്യാഖ്യാനങ്ങളാണ് സ്ത്രീകള്‍ മുഖം മറയ്ക്കണമെന്നതിന് ഇക്കൂട്ടര്‍ അവലംബമാക്കുന്നത്.
ശിരോവസ്ത്രമാണ് വിവാദം;
മുഖാവരണമല്ല
ഇവിടെ ഇപ്പോള്‍ വിവാദമാക്കിയത് ശിരോവസ്ത്ര ധാരണമാണ്. അഥവാ ഹിജാബ്. മുഖം മറയ്ക്കുന്ന നിഖാബോ ബുര്‍ഖയോ ധരിക്കുന്നതുമായി ബന്ധപ്പെട്ടതല്ല ഈ വിവാദം.
ഉടുപ്പിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ശിരോവസ്ത്രം ധരിച്ചുവന്ന ആറ് വിദ്യാര്‍ഥിനികളെ പൊടുന്നനെ ഒരു ദിവസം മുതല്‍ ‘ഇനി മുതല്‍ ഇത്തരം ശിരോവസ്ത്രം അനുവദിക്കുന്നതല്ല’ എന്ന് പറഞ്ഞ് നിരോധമേര്‍പ്പെടുത്തി. അവരെ സ്‌കൂള്‍ അങ്കണത്തില്‍ കയറാന്‍ അനുവദിക്കാതിരുന്നതു മുതലാണ് ഹിജാബ് വിവാദത്തില്‍ പെടുന്നത്. വിദ്യാര്‍ഥിനികള്‍ പുതുതായി പൊടുന്നനെ സ്വീകരിച്ച വേഷമല്ല അത്. നേരത്തേ മുതല്‍ തുടര്‍ന്നുപോരുന്ന ചര്യയായിരുന്നു അത്. ഇസ്‌ലാം മതം അനുശാസിക്കുന്ന വസ്ത്രം തന്നെയാണത്. ഭരണഘടനാപരമായ അവകാശത്തിന്നനുസൃതമായി തന്നെയായിരുന്നു അവരുടെ നടപടി.
മതേതര ഇന്ത്യയെ സംബന്ധിച്ചിടത്തോളം മതേതരത്വം എന്നത് മതനിരാസമല്ല. പ്രത്യേക മതാധിഷ്ഠിത രീതിയുമല്ല. മതമുള്ളവനും ഇല്ലാത്തവനും അവനവന്റെ വിശ്വാസമനുസരിച്ച് പൊതുസമൂഹത്തിന് ദ്രോഹമോ അസൗകര്യമോ വരുത്താത്ത വിധം അത് ആചരിക്കാനുളള സ്വാതന്ത്ര്യം അത് നല്‍കുന്നു. ഒരു പെണ്‍കുട്ടി ഹിജാബ് ധരിക്കുന്നതുകൊണ്ട് ആര്‍ക്ക് എന്ത് ദ്രോഹമാണുണ്ടാക്കുന്നത്?
എതിര്‍പ്പിന്റെ കാരണങ്ങള്‍
ആര്‍ക്കും ഒരു ദ്രോഹവുമുണ്ടാക്കാത്ത ശിരോവസ്ത്രധാരണം എതിര്‍ക്കുന്നതിന് മതിയായ കാരണങ്ങള്‍ ഒന്നും തന്നെ കാണുന്നില്ല. ഇസ്‌ലാം മതത്തിന്റെ ശാസനകളും ചിഹ്നങ്ങളും അഭിമാനത്തോടെയും സന്തോഷത്തോടെയും സ്വീകരിക്കുന്ന വിദ്യാസമ്പന്നരായ ഒരു ജനറേഷന്‍ വളര്‍ന്നു വരുന്നത് സഹിക്കാന്‍ കഴിയാത്ത അസ്‌കിത. മുസ്‌ലിം മൈനോരിറ്റിയുടെ വിദ്യാഭ്യാസ മുന്നേറ്റം തടയാം! നന്നെ ചുരുങ്ങിയത് അവരുടെ മനസ്സുകളില്‍ ഭീതിയും നിരാശയും അരക്ഷിതബോധവും സൃഷ്ടിക്കാം. മൗലികാവകാശത്തിന്റെ പേരില്‍ അവെര സപ്പോര്‍ട്ട് ചെയ്യുന്നവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാം. വര്‍ഗീയ വിഷമേറ്റ് കുടിലമായിത്തീര്‍ന്ന വര്‍ഗീയവാദികളെ സന്തോഷിപ്പിക്കാം, ഇസ്‌ലാമോഫോബിയ ജ്വലിപ്പിച്ചുനിര്‍ത്താം.
ശിരോവസ്ത്രധാരണത്തെ എതിര്‍ക്കുന്നതിന് മുകളില്‍ പറഞ്ഞതല്ലാത്ത അംഗീകരിക്കപ്പെടേണ്ട എന്തെങ്കിലും കാരണം കാണാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ മുസ്‌ലിംകളുടെ അവകാശവാദം ലളിതമാണ്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കാനും ആചരിക്കാനുമുള്ള അവകാശം വകവെച്ചുകൊടുക്കുക എന്നതാണത്.