ഹിജാബ്: കോടതിനിരീക്ഷണം മാന്യതയ്ക്ക് നിരക്കാത്തത് – കെ എന്‍ എം മര്‍കസുദ്ദഅ്‌വ
കോഴിക്കോട്: ഹിജാബ് കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ബെഞ്ചില്‍ നിന്നുണ്ടായ പ്രതികരണം ജുഡീഷ്യറിയുടെ മാന്യതക്ക് കളങ്കമുണ്ടാക്കുന്നതാണെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ഇഷ്ടവസ്ത്രം ധരിക്കാനുള്ള ഭരണഘടനാനുസൃതമായ മൗലികാവകാശം ചൂണ്ടിക്കാട്ടുമ്പോള്‍ വിവസ്ത്രമാകാനും ആയിക്കൂടേ എന്ന് ചോദിക്കുന്നത് ജുഡീഷ്യറിയുടെ പവിത്രതക്ക് യോജിച്ചതല്ല. സംഘ്പരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിന് നിയമ പരിരക്ഷ നല്‍കേണ്ട ബാധ്യത ജുഡീഷ്യറിക്കില്ല.
വിദൂര വിദ്യാഭ്യാസം വഴിയുള്ള ഡിഗ്രി, പി ജി കോഴ്‌സുകള്‍ റഗുലര്‍ കോഴ്‌സുകള്‍ക്ക് തുല്യമാക്കുമ്പോള്‍ ഗുണനിലവാരവും വിശ്വാസ്യതയും ഉറപ്പു വരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. പൊതു വിദ്യാഭ്യാസ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുമാറരുത്. റഗുലര്‍ വിദ്യാഭ്യാസത്തിന് അവസരം ലഭിക്കാത്ത പിന്നാക്ക ജനവിഭാഗങ്ങള്‍ക്കും ഗ്രാമീണ മേഖലയിലുള്ളവര്‍ക്കും തൊഴിലെടുക്കുന്നവര്‍ക്കും ഏറെ ഉപകാരപ്രദമാണ് വിദൂര വിദ്യാഭ്യാസം. എന്നാല്‍ വിദൂര വിദ്യാഭ്യാസത്തിന്റെ മറപിടിച്ച് പൊതു വിദ്യാഭ്യാസ മേഖലയില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടരുതെന്ന് യോഗം ആവശ്യപ്പെട്ടു.
വൈസ് പ്രസിഡന്റ് എം എം ബഷീര്‍ മദനി അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എന്‍ എം അബ്ദുല്‍ ജലീല്‍, കെ പി സകരിയ്യ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. ഐ പി അബ്ദുസ്സലാം, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, അഡ്വ. പി മുഹമ്മദ് ഹനീഫ, ഡോ. ജാബിര്‍ അമാനി, ഡോ. അനസ് കടലുണ്ടി, ഫൈസല്‍ നന്മണ്ട, ബി പി എ ഗഫൂര്‍, സി മമ്മു കോട്ടക്കല്‍, സുബൈര്‍ ആലപ്പുഴ, ശംസുദ്ദീന്‍ പാലക്കോട്, ശരീഫ് കോട്ടക്കല്‍, ആദില്‍ നസീഫ്, സി എം സനിയ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.
