8 Thursday
May 2025
2025 May 8
1446 Dhoul-Qida 10

ഹിദായത്തിന്റെ മധുരം

എം ടി അബ്ദുല്‍ഗഫൂര്‍


അനസ് ബ്‌നു മാലിക്(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു. മൂന്ന് കാര്യങ്ങള്‍ ആരിലെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക് ഈമാനിന്റെ മാധുര്യം അനുഭവിക്കാം. അല്ലാഹുവും അവന്റെ ദൂതനും മറ്റുള്ളവരേക്കാള്‍ ഒരാള്‍ക്ക് പ്രിയപ്പെട്ടതാവുക; ഏതൊരാളോടുമുള്ള സ്‌നേഹം അല്ലാഹുവിന് വേണ്ടിയാവുക; അവിശ്വാസത്തില്‍ നിന്ന് അല്ലാഹു രക്ഷപ്പെടുത്തിയശേഷം അതിലേക്ക് തന്നെ മടങ്ങിപ്പോവുന്നത് നരകത്തില്‍ അകപ്പെടുന്നതുപോലെ വെറുപ്പുള്ളതാവുക” (മുസ്‌ലിം)

ഈമാനിന്റെ മാധുര്യം അനിര്‍വചനീയമായ അനുഭൂതിയാണ് മനുഷ്യ മനസില്‍ നിറയ്ക്കുക. അത് മറ്റൊരു മധുരത്തോടും സമമാവുകയില്ല. ജീവിതത്തില്‍ സദാ നിലനില്‍ക്കുന്ന ആസ്വാദനമാണത്. ഈമാനിന്റെ മാധുര്യം നുകരുന്ന ഒരു മനുഷ്യന്റെ മനസ്സ് വിശാലമാവുകയും നന്മയോടുള്ള താല്‍പര്യം വര്‍ധിക്കുകയും ചെയ്യുന്നു.
അല്ലാഹുവെക്കാളും റസൂലിനെക്കാളും മറ്റൊരാള്‍ക്ക് ഹൃദയത്തില്‍ സ്ഥാനമുണ്ടാവാതിരിക്കുക എന്നത് ഈ മാധുര്യം അനുഭവിക്കുന്നതിന്റെ ലക്ഷണമാകുന്നു. അത് വിശ്വാസത്തിന്റെ പൂര്‍ത്തീകരണവുമത്രെ. ഒരാളുടെ ഇഷ്ടാനിഷ്ടങ്ങളുടെ മാനദണ്ഡം അല്ലാഹുവിന്റെയും റസൂലി(റ)ന്റെയും കല്‍പനാ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാവുക എന്നത് അയാളെ നന്മയിലേക്ക് നയിക്കുന്നു. ഏതെങ്കിലും അവസരത്തില്‍ വിലക്കപ്പെട്ടതിലേക്ക് നീങ്ങേണ്ടിവരുമ്പോള്‍ അല്ലാഹു ഇഷ്ടപ്പെടില്ല എന്ന ബോധ്യം നമ്മെ അതില്‍ നിന്ന് പിന്‍തിരിപ്പിക്കുന്നു. അതുപോലെ തന്നെ നന്മയായ ഒരു കാര്യം അല്ലാഹു ഇഷ്ടപ്പെട്ടതാണെന്ന ചിന്ത അതെത്ര പ്രയാസം നിറഞ്ഞതാണെങ്കിലും നിര്‍വഹിക്കാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഇഷ്ടങ്ങളും ഇഷ്ട ജനങ്ങളും അല്ലാഹുവിന്റെ മാര്‍ഗത്തിലാവുക എന്നത് വിശ്വാസത്തിന്റെ മധുരം നുകരാ നുതകുന്ന മറ്റൊരു കാര്യമാകുന്നു. സുഹൃദ് ബന്ധത്തിന് ആദര്‍ശത്തിന്റെ അടിത്തറയുണ്ടാവുമ്പോള്‍ ദൈവമാര്‍ഗത്തിലെ മുന്നേറ്റങ്ങള്‍ക്ക് അത് ആക്കം കൂട്ടുന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങളില്‍പെട്ട് തിന്മകളിലേക്ക് മനസ് വെക്കാനുള്ള അവസരം പോലും ഉണ്ടാവുന്നുമില്ല. സ്‌നേഹം അല്ലാഹുവിന് വേണ്ടിയാവുമ്പോള്‍ അവന്‍ പറഞ്ഞതിനെതിരില്‍ പ്രവര്‍ത്തിക്കാന്‍ സുഹൃത്തിന്റെ പ്രേരണയുണ്ടാവില്ല. അഥവാ ഉണ്ടായാല്‍ തന്നെ അവനെത്ര വലിയ സുഹൃത്തായാലും ആ തിന്മകളോട് ‘നോ’ പറയാന്‍ മനസിനെ ശക്തമാക്കുന്ന ബലിഷ്ഠമായ കയറാണ് അത്.
അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ ഏറ്റവും വലുതാണ് ഒരാള്‍ക്ക് ലഭിക്കുന്ന സന്മാര്‍ഗം. ഇഹത്തിലും പരത്തിലുമുള്ള സൗഭാഗ്യം അത് മാത്രമാണെന്ന് മനസിലാക്കിയവര്‍ക്ക് അതില്‍ നിന്നൊരു തിരിച്ചു നടത്തത്തിന് സാധ്യമല്ല. അവിശ്വാസത്തിലേക്ക് മടങ്ങുന്നത് അഗ്നിയില്‍ വെന്തെരിയുന്നതുപോലെ അനുഭവപ്പെടുന്നുവെങ്കില്‍ അത് ഈമാനിന്റെ മാധുര്യമറിഞ്ഞതിന്റെ ഫലമായി സംഭവിക്കുന്നതത്രെ.

Back to Top