9 Friday
May 2025
2025 May 9
1446 Dhoul-Qida 11

പരസ്പരം സഹായികളാവുക

എം ടി അബ്ദുല്‍ഗഫൂര്‍


അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു. ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിന്റെ സഹോദരനാണ്. അവന്‍ അവനെ അക്രമിക്കുകയില്ല. അക്രമത്തിലേക്ക് വിടുകയുമില്ല. തന്റെ സഹോദരന്റെ ആവശ്യം നിറവേറ്റാന്‍ ആരെങ്കിലും മുന്നിട്ടിറങ്ങിയാല്‍ അല്ലാഹു അവന്റെ ആവശ്യത്തിന് അവനെ സഹായിക്കും. ആരെങ്കിലും ഒരാളുടെ ദുരിതം അകറ്റിക്കൊടുത്താല്‍ അന്ത്യദിനത്തില്‍ അല്ലാഹു അവന്റെ ദുരിതം അകറ്റിക്കൊടുക്കും. ആരെങ്കിലും ഒരാളുടെ ന്യൂനത മറച്ചുവെച്ചാല്‍ അല്ലാഹു അവന്റെ ന്യൂനതയും മറച്ചുവെക്കും (മുസ്‌ലിം)

സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഉദാത്തമായ മാതൃകകളായി വളര്‍ന്നു വരേണ്ടവരാണ് മുസ്‌ലിംകള്‍ എന്ന മഹത്തായ സന്ദേശമാണ് ഈ നബിവചനം നല്‍കുന്നത്. ആപത്തുകളില്‍ സഹായിച്ചും പരസ്പരം സഹകരിച്ചും ന്യൂനതകള്‍ പരസ്പരം മറച്ചുവെച്ചും ജീവിക്കുന്നത് ദൈവസഹായം ലഭിക്കാന്‍ പര്യാപ്തമായ കാര്യങ്ങളാണെന്ന് ഈ വചനത്തിലൂടെ നബി(സ) പഠിപ്പിക്കുന്നു.
പരസ്പരം ശത്രുതയും വിദ്വേഷവും കാണിക്കുന്ന ഏതൊരു സമൂഹത്തിനും ഉയര്‍ച്ചയുടെ പടവുകള്‍ കയറിപ്പോകാന്‍ കഴിയുകയില്ല. ആര്‍ക്കും ആരെയും വിശ്വസിക്കാന്‍ കഴിയാതെ എല്ലാവരെയും ഭയപ്പെട്ടു ജീവിക്കേണ്ടിവരുന്നത് എത്രമേല്‍ ദുഷ്‌ക്കരമാണ്. മറിച്ച്, ഒരു സമൂഹമെന്ന നിലയില്‍ പരസ്പര ഐക്യത്തിലും സാഹോദര്യത്തിലും ജീവിക്കുന്നതിലൂടെ ലഭ്യമാകുന്ന നിര്‍ഭയത്വം ആസ്വാദ്യകരമാണ്.
തന്റെ സഹോദരന്റെ വേദനകള്‍ തന്റേതുകൂടിയാണെന്ന് മനസ്സിലാക്കി അവന്റെ കണ്ണീരൊപ്പാനുള്ള പ്രയത്‌നം തന്റെ ജീവിതത്തെയും പ്രയാസരഹിതമാക്കുമെന്ന സന്തോഷം വിശ്വാസിക്ക് പ്രചോദനമാണ്. അന്യന്റെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും അവ ദൂരീകരിച്ചുകൊടുക്കുന്നതിനുമുള്ള ശ്രമം അന്ത്യദിനത്തില്‍ അനുഭവിക്കേണ്ടിവരുന്ന ഭയാനകമായ ബുദ്ധിമുട്ടുകള്‍ക്ക് അയവുവരുത്തുന്നതാണെന്ന നബിതിരുമേനിയുടെ ഈ വചനം, പരസഹായത്തിന് ലഭിക്കുന്ന പ്രതിഫലത്തിന്റെ മഹത്വം വ്യക്തമാക്കുന്നു.
പ്രയാസങ്ങള്‍ പരിഹരിക്കുന്നതോടൊപ്പം ന്യൂനതകള്‍ മറച്ചുവെക്കുന്നത് പരസ്പര ബന്ധത്തിന്റെ ആഴവും ദൃഢതയും വളര്‍ത്തുന്നു. അന്യന്റെ ന്യൂനതകള്‍ ചുഴിഞ്ഞന്വേഷിക്കാനും അവ പരസ്യപ്പെടുത്തി അതില്‍ ആഹ്ലാദം കണ്ടെത്താനും ശ്രമിക്കുന്നവരുടെ എണ്ണം അധികരിക്കുന്ന സമകാലിക സമൂഹത്തില്‍ ഈ നബിവചനം ഏറെ പ്രസക്തമാണ്.

Back to Top