24 Friday
May 2024
2024 May 24
1445 Dhoul-Qida 16

ചുട്ടുപൊള്ളുന്ന ഈ കാലത്തെ കരുതലോടെ മറികടക്കാം

ഡോ. ഷൗഫീജ് പി എം


വേനലവധി കാലമാണ്. ശരിക്കും വെള്ളം കുടിപ്പിക്കുന്ന വേനല്‍. വേനല്‍മഴ എന്നൊന്നുണ്ടോ എന്നുപോലും തോന്നിപ്പോകുന്ന അവസ്ഥ. നട്ടുച്ചയ്ക്ക് റോഡിലൂടെ നടക്കാന്‍ പറ്റാത്ത അവസ്ഥ. പത്രങ്ങളില്‍ സൂര്യാതപത്തിന്റെയും ഉഷ്ണതരംഗത്തിന്റെയും മുന്നറിയിപ്പുകള്‍ മാത്രം. എന്താണ് കേരളത്തില്‍ ഇത്ര ചൂടും ജലക്ഷാമവും അനുഭവപ്പെടാന്‍ കാരണം? ഭൂപ്രകൃതിയും കാലാവസ്ഥാ വ്യതിയാനങ്ങളും നഗരവത്കരണവും ഈ സന്ദര്‍ഭത്തില്‍ കൂട്ടിവായിക്കപ്പെടേണ്ട കാര്യങ്ങളാണ്.
ആദ്യം കേരളത്തിലെ ഭൂപ്രകൃതി എങ്ങനെയെന്നു നോക്കാം. കിഴക്ക് പശ്ചിമഘട്ടത്തില്‍ തുടങ്ങി പടിഞ്ഞാറ് അറബിക്കടല്‍ വരെയുള്ള കേരളത്തിന്റെ ഭൂമിശാസ്ത്രം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു ഏറെ ഭിന്നമാണ്. തെക്കു മുതല്‍ വടക്കു വരെ ഇടതടവില്ലാതെ വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ട മലനിരകളാണ് കേരളത്തിന്റെ കാലാവസ്ഥ നിയന്ത്രിക്കുന്നത്. പ്രകൃതിനിര്‍മിതമായ ഒരു മതിലു പോലെയാണ് ഈ മലനിരകള്‍. മലകള്‍ക്കും കാടുകള്‍ക്കും ഒപ്പം കേരളം നെഞ്ചേറ്റുന്ന ജലാശയങ്ങള്‍ കേരളത്തിന്റെ വേറൊരു അനുഗ്രഹമാണ്. നദികള്‍, തടാകങ്ങള്‍, ഉള്‍നാടന്‍ ജലസ്രോതസ്സുകള്‍, നിരവധി അരുവികള്‍ എന്നിങ്ങനെ ജലവിഭവങ്ങളുടെ ഭൂമികയായാണ് കേരളം കരുതപ്പെടുന്നത്. എന്നാല്‍, കേരളത്തിലെ നിരവധി ജില്ലകളില്‍ വരള്‍ച്ചയും കടുത്ത ജലദൗര്‍ലഭ്യവും അനുഭവപ്പെടുന്നുണ്ട്.
പശ്ചിമഘട്ടത്തില്‍ ഉദ്ഭവിച്ച് പടിഞ്ഞാറോട്ട് ഒഴുകുന്ന 41 നദികളും കിഴക്കോട്ട് ഒഴുകുന്ന 3 നദികളുമാണ് കേരളത്തില്‍ ഉള്ളത്. കേരളത്തിലെ 44 നദികളില്‍ 4 ഇടത്തരവും 40 ചെറിയ നദികളുമാണുള്ളത്. നിരവധി കായലുകളും ഉള്‍നാടന്‍ ചിറകളും കുളങ്ങളുമായി കേരളം അനുഗൃഹീതമാണ്. എന്നാല്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അനുഭവപ്പെടുന്ന കടുത്ത ജലദൗര്‍ലഭ്യവും ശ്രദ്ധിക്കപ്പെടേണ്ട കാര്യം തന്നെയാണ്. എല്ലാ ജലസ്രോതസ്സുകളുടെയും അടിസ്ഥാന ജലസ്രോതസ്സ് മഴയായതിനാല്‍, മഴലഭ്യതയില്‍ ഉണ്ടാവുന്ന കുറവുകള്‍ സംസ്ഥാനത്തിന്റെ കുടിവെള്ളശേഷിയെ പ്രതികൂലമായി ബാധിക്കുന്നു.
കേരളത്തിന് രണ്ടു മഴക്കാലങ്ങളാണ് പ്രതിവര്‍ഷം ലഭിക്കുന്നത്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിലൂടെയാണ് (ജൂണ്‍-സപ്തംബര്‍) കേരളത്തിന് 69 ശതമാനം മഴയും ലഭിക്കുന്നത്. വടക്കുകിഴക്കന്‍ കാലവര്‍ഷത്തിലൂടെ (ഒക്ടോബര്‍-ഡിസംബര്‍) പ്രതിവര്‍ഷം 16 ശതമാനം മഴയും ലഭിക്കുന്നു. കേരളത്തിന്റെ ഭൂമിശാസ്ത്രഘടന പ്രകാരം ജലം വളരെ പെട്ടെന്നു തന്നെ കടലിലേക്ക് ഒലിച്ചുപോകുന്നു. അതിനാല്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മണ്‍സൂണ്‍ അല്ലാത്ത കാലത്ത് ജലത്തിന്റെ ദൗര്‍ലഭ്യം അനുഭവപ്പെടുന്നു.
കേരളത്തില്‍ ഒരു വര്‍ഷത്തില്‍ ലഭിക്കുന്ന മഴയുടെ ശരാശരി കണക്ക് 3000 മില്ലിമീറ്ററാണ്. പോയ വര്‍ഷം 2023ല്‍ അത് 2200 മില്ലിമീറ്ററായി ചുരുങ്ങി. 2024ലെ മഴലഭ്യത കഴിഞ്ഞ കാലഘട്ടങ്ങളെ പരിഗണിക്കുമ്പോള്‍ ഏകദേശം 62 ശതമാനത്തോളം കുറവാണ്.
അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ തോതായ ആര്‍ദ്രത അഥവാ ഹ്യുമിഡിറ്റി കൂടുതലായതിനാല്‍ നോര്‍ത്ത് ഇന്ത്യയെ താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തില്‍ നല്ല ഉഷ്ണം അനുഭവപ്പെടും. നഗരവത്കരണം അന്തരീക്ഷ താപനില കൂടാനുള്ള പ്രധാന കാരണമാണ്. നഗരതാപപ്രഭാവം അഥവാ അര്‍ബന്‍ ഹീറ്റ് അയലന്‍ഡ് എന്ന പ്രതിഭാസം അനുഭവപ്പെടാത്ത സ്ഥലങ്ങള്‍ കേരളത്തില്‍ ഇന്നു കുറവാണ്.
പടിഞ്ഞാറു നിന്നു വീശുന്ന കാറ്റ് അകത്തേക്കു കയറി പശ്ചിമഘട്ടത്തിന്റെ താഴെ വരെ എത്തുന്ന ഒരു തണുപ്പ് ഇടനാഴി ഒരുകാലത്ത് നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ ബഹുനില മന്ദിരങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞതോടെ പലയിടത്തും ഈ കാറ്റ് തടസ്സപ്പെടുകയോ മുറിഞ്ഞുപോവുകയോ ചെയ്യുന്നു. തന്മൂലം രണ്ടു കെട്ടിടങ്ങള്‍ക്കിടയിലുള്ള സ്ഥലത്ത് കാറ്റ് കടക്കാതെ ഉഷ്ണവും ചൂടും താപവികിരണവും അവിടെത്തന്നെ കെട്ടിനില്‍ക്കുന്നു.
കേരളത്തിലെ റോഡുകളിലൂടെ കടന്നുപോകുന്ന ഒന്നര കോടിയോളം വാഹനങ്ങളില്‍ നിന്നു പുറന്തള്ളുന്ന കാര്‍ബണ്‍ ഇന്ധനപ്പുകയ്ക്കു പുറമേ എസിയില്‍ നിന്നുള്ള പുറന്തള്ളലും നഗരാന്തരീക്ഷത്തെ ചൂടുപിടിപ്പിക്കുന്ന മറ്റൊരു ഘടകമാണ് (ഗ്രീന്‍ ഹൗസ് ഇഫക്ട്).

ചൂടും ആരോഗ്യ
പ്രശ്‌നങ്ങളും

1. ഹീറ്റ് സ്‌ട്രോക്ക്: ഇതൊരു മെഡിക്കല്‍ എമര്‍ജന്‍സിയാണ്. ശരീര താപനില അനിയന്ത്രിതമായി കൂടുന്ന ഒരവസ്ഥ. നമ്മുടെ ശരീരത്തില്‍ നടക്കുന്ന കാറ്റബോലിസം അഥവാ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ശരീര താപനില ഉയരാനുള്ള ഒരു കാരണമാണ്. പലപ്പോഴും ഇത്തരത്തില്‍ അധികമായി ഉണ്ടാകുന്ന താപം ശരീരം പുറന്തള്ളുന്നത് താപവികിരണം വഴിയോ വിയര്‍പ്പ് ബാഷ്പീകരിക്കപ്പെടുന്നതിലൂടെയോ ആണ്. കഠിനമായ ചൂട്, ഉയര്‍ന്ന ആര്‍ദ്രത, അല്ലെങ്കില്‍ സൂര്യനു കീഴിലുള്ള കഠിനമായ ശാരീരിക അധ്വാനം എന്നിവയില്‍ ശരീരത്തിന് ചൂട് വേണ്ടത്ര പുറന്തള്ളാന്‍ കഴിയാതെവരുകയും ശരീര താപനില ഉയരുകയും ചെയ്യും.
ഹീറ്റ് സ്‌ട്രോക്കിന്റെ മറ്റൊരു കാരണം നിര്‍ജലീകരണമാണ്. നിര്‍ജലീകരണം സംഭവിച്ച ഒരാള്‍ക്ക് ചൂട് പുറന്തള്ളാന്‍ വേണ്ടത്ര വേഗത്തില്‍ വിയര്‍ക്കാന്‍ കഴിഞ്ഞേക്കില്ല. ഇത് ശരീര താപനില ഉയരാന്‍ കാരണമാകുന്നു. ശിശുക്കള്‍, പ്രായമായവര്‍, കായികതാരങ്ങള്‍, പുറത്ത് ജോലി ചെയ്യുകയും വെയിലത്ത് ശാരീരികമായി അധ്വാനിക്കുകയും ചെയ്യുന്ന വ്യക്തികള്‍- ഇവരെയെല്ലാം ഹീറ്റ് സ്‌ട്രോക്ക് മാരകമായി ബാധിച്ചേക്കാം.
ഓക്കാനം, ഛര്‍ദി, ക്ഷീണം, ബലഹീനത, തലവേദന, പേശീവേദന, തലകറക്കം എന്നിവയൊക്കെ രോഗലക്ഷണങ്ങളാകാം. ഉയര്‍ന്ന ശരീര താപനില, വിയര്‍പ്പിന്റെ അഭാവം, ചൂടുള്ള ചുവപ്പ് അല്ലെങ്കില്‍ വരണ്ട ചര്‍മം, ദ്രുതഗതിയിലുള്ള പള്‍സ്, ശ്വസിക്കാന്‍ ബുദ്ധിമുട്ട്, വിചിത്രമായ പെരുമാറ്റം, ഭ്രമാത്മകത എന്നിവയൊക്കെ ഒരുപക്ഷേ ഇത്തരം രോഗികളില്‍ വിശദ പരിശോധനയില്‍ പ്രകടമാകാം.
ഇത്തരം ആള്‍ക്കാര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. ഇവരെ തണലുള്ള സ്ഥലത്തേക്ക് കൊണ്ടുപോവുക, വസ്ത്രങ്ങള്‍ നീക്കം ചെയ്യുക, ചര്‍മത്തില്‍ തണുത്തതോ ചെറുചൂടുള്ളതോ ആയ വെള്ളം തളിക്കുക, രോഗിയെ വിയര്‍പ്പ് ബാഷ്പീകരണം വര്‍ധിപ്പിക്കുന്നതിന് ഫാനിന്റെ ചുവട്ടിലേക്ക് മാറ്റുക, കക്ഷങ്ങളിലും ഞരമ്പുകള്‍ക്കു മുകളിലും ഐസ് പായ്ക്കുകള്‍ സ്ഥാപിക്കുക, ആ വ്യക്തിക്ക് ദ്രാവകങ്ങള്‍ കുടിക്കാന്‍ കഴിയുമെങ്കില്‍ അവരെ തണുത്ത വെള്ളമോ മറ്റു തണുത്ത പാനീയങ്ങളോ കുടിക്കാന്‍ അനുവദിക്കുക എന്നിവയൊക്കെ ഇത്തരം ആള്‍ക്കാര്‍ക്ക് അടിയന്തര ചികിത്സാരൂപത്തില്‍ കൊടുക്കാവുന്നതാണ്.
2. ഭക്ഷ്യവിഷബാധ: ചൂടുകാലത്ത് ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത സാധാരണത്തേതിനെ അപേക്ഷിച്ച് ഏകദേശം ഇരട്ടിയാണ്. പലപ്പോഴും ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥ ബാക്ടീരിയകളുടെ പ്രജനനം വേഗത്തിലാക്കുന്നു. അതുവഴി ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത കൂടുന്നു. ഛര്‍ദി, വയറുവേദന, വയറിളക്കം, പനി എന്നിവയെല്ലാം രോഗലക്ഷണങ്ങളാകാം.
3. ജലജന്യ രോഗങ്ങള്‍: വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗങ്ങളായ ടൈഫോയ്ഡ്, കൊളറ, ഡിസെന്‍ട്രി ഇവയൊക്കെ കൂടുതല്‍ കാണാറ് ചൂടുകാലത്താണ്. വയറിളക്കവും ഛര്‍ദിയുമാണ് പ്രധാന രോഗലക്ഷണങ്ങള്‍. വിട്ടുമാറാത്ത പനി പലപ്പോഴും ഇത്തരം രോഗികളില്‍ കാണാറുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ധനായ ഡോക്ടറെ കണ്ടു ചികിത്സ തേടേണ്ടതാണ്.
ഹെപ്പറ്റൈറ്റിസ്: വെള്ളത്തിലൂടെ അല്ലെങ്കില്‍ ഭക്ഷണത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ്-എ ആന്റ് ഹെപ്പറ്റൈറ്റിസ്-ഇ ചൂടുകാലത്തു കൂടുതലായി കാണപ്പെടുന്നു.

കണ്‍ജങ്റ്റിവിറ്റിസ് അല്ലെങ്കില്‍ ചെങ്കണ്ണ്: കണ്ണിന്റെ പാടയായ കണ്‍ജങ്റ്റിവയെ ബാധിക്കുന്ന സാംക്രമിക രോഗമാണ് ചെങ്കണ്ണ്. ബാക്ടീരിയ അല്ലെങ്കില്‍ വൈറല്‍ അണുബാധയാണ് ഇതിനു കാരണം. പേര് സൂചിപ്പിച്ചപോലെ ചെങ്കണ്ണ്, കണ്ണുവേദന, തടച്ചില്‍ ഇവയെല്ലാം രോഗലക്ഷണങ്ങളാകാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെെട്ടന്ന് ഒരു കണ്ണുരോഗ സ്‌പെഷ്യലിസ്റ്റ് ഡോക്ടറെ കാണിച്ചു ചികിത്സ തേടുക.
മുണ്ടിവീക്കം, അഞ്ചാംപനി, ചിക്കന്‍ പോക്‌സ്: ഇതൊക്കെ ചെറുപ്പത്തില്‍ വാക്‌സിനേഷന്‍ എടുക്കാറുള്ള വൈറല്‍ അനുബന്ധ രോഗങ്ങളാണ്. ഇത്തരം രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടാറുള്ളത് ഈ ചൂടുകാലത്താണ്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ധനായ ഡോക്ടറെ കണ്ടു ചികിത്സ തേടേണ്ടതാണ്.
സൂര്യാതപം: സൂര്യനില്‍ നിന്നു വരുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ തൊലിപ്പുറത്തുണ്ടാക്കുന്ന ഒരുതരം പൊള്ളലാണ് സൂര്യാതാപം. സണ്‍സ്‌ക്രീന്‍ ഉപയോഗം ഒരു പരിധി വരെ സൂര്യാതാപം തടയാന്‍ സഹായിക്കും.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x