28 Tuesday
March 2023
2023 March 28
1444 Ramadân 6

പ്രവാചകനിന്ദയുടെ രാഷ്ട്രീയം


ബി ജെ പി വാക്താവും മുന്‍ ലോക്‌സഭാംഗവുമായ നവീന്‍ ജിന്‍ഡാലും നൂപുര്‍ ശര്‍മയും പ്രവാചകനെ അധിക്ഷേപിച്ചുകൊണ്ട് രംഗത്തുവന്നത് ആഗോളതലത്തില്‍ തന്നെ വലിയ പ്രതികരണങ്ങളുണ്ടാക്കി. ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരെ നിരന്തരമായി നടക്കുന്ന വെറുപ്പുല്‍ പാദനത്തിന്റെ ഭാഗമാണ് പ്രവാചകനിന്ദയും. വംശീയ ഉന്മൂലന ആഹ്വാനവും കലാപാഹ്വാനവും നടത്തിയ നിരവധി ഹിന്ദുത്വവക്താക്കള്‍ ഈ രാജ്യത്തുണ്ട്. അവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. എന്നാല്‍, പ്രവാചകന്റെ വിവാഹത്തെ അധിക്ഷേപിച്ചുകൊണ്ടും അദ്ദേഹത്തെ ഒരു ആഭാസനായി ചിത്രീകരിച്ചുകൊണ്ടും രംഗത്തുവന്നതോടെ ആഗോളതലത്തില്‍ വലിയ പ്രതികരണങ്ങളുണ്ടായി.
ഗള്‍ഫ് രാഷ്ട്രങ്ങളും അയല്‍ രാജ്യങ്ങളും ഇന്ത്യന്‍ സ്ഥാനപതിമാരെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഉപരാഷ്ട്രപതിക്കുവേണ്ടി തയ്യാര്‍ ചെയ്ത ഔദേ്യാഗിക വിരുന്ന് കാന്‍സല്‍ ചെയ്തു. ഇന്ത്യയില്‍ നടക്കുന്ന ന്യൂനപക്ഷ വിരുദ്ധ പ്രവണതകള്‍ക്കെതിരെ മുമ്പും ഒ ഐ സി പോലെയുള്ള കൂട്ടായ്മകള്‍ പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍, ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടരുത് എന്ന താക്കീതാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം നല്‍കിയിരുന്നത്. എന്നാല്‍ പ്രവാചകനിന്ദ പോലെയുള്ള ഒരു കാര്യത്തെ ആഭ്യന്തര കാര്യം എന്നു പറഞ്ഞ് കയ്യൊഴിയാന്‍ നയതന്ത്ര വിദഗ്ധര്‍ക്ക് സാധിക്കില്ല എന്നതാണ് യാഥാര്‍ഥ്യം.
പ്രവാചകനിന്ദയുടെ ചരിത്രം പ്രവാചകന്റെ(സ) കാലം മുതല്‍ ആരംഭിക്കുന്നതാണ്. അദ്ദേഹത്തിന്റെ വിമര്‍ശകര്‍ അദ്ദേഹത്തെ അപമാനിക്കാനും പരിഹസിക്കാനും ശ്രമിച്ചിരുന്നു. അതിനോട് ഖുര്‍ആന്‍ പ്രതികരിച്ച ഒരു രീതി ഇങ്ങനെയാണ്: ”തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ചുപുലര്‍ത്തുന്നവര്‍ തന്നെയാകുന്നു വാലറ്റവന്‍ അഥവാ ഭാവിയില്ലാത്തവന്‍”. (വി.ഖു. 108:3). പ്രവാചകനെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവര്‍ക്ക് ഭാവിയില്ല എന്നതാണ് ഖുര്‍ആനിന്റെ പ്രഖ്യാപനം. അതിനെ ഭൗതികമായ അര്‍ഥത്തിലും ആത്മീയതലത്തിലും നമുക്ക് കാണാവുന്നതാണ്. പ്രവാചകന്റെ(സ) ചരിത്രവും മക്കാ വിജയവും ഇസ്‌ലാമിന്റെ വ്യാപനവും ഈ വചനത്തിന്റെ കൂടി സാക്ഷ്യമാണ്.
ഇന്ത്യയില്‍ പ്രവാചകനിന്ദ ആദ്യത്തെ സംഭവമല്ല. ചെറുതും വലുതുമായ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. അതിനെതിരെ പ്രതിഷേധങ്ങളും ചെറുത്തുനില്‍പുകളും ഉണ്ടായിട്ടുണ്ട്. മുസ്‌ലിംകള്‍ അത്രയേറെ സ്‌നേഹിക്കുന്ന പ്രവാചകനെതിരെ(സ) ആരെങ്കിലും തിരിയുമ്പോള്‍ പ്രതിഷേധമുണ്ടാവുക സ്വാഭാവികമാണ്. സാധുവായ മാര്‍ഗങ്ങളിലൂടെയുള്ള പ്രതിഷേധവും ബോധവത്കരണവുമാണ് ഈ കാര്യത്തില്‍ ഉണ്ടാവേണ്ടത്. പ്രവാചകസ്‌നേഹം പ്രകടിപ്പിക്കാന്‍ പ്രവാചകചര്യയെ തള്ളിക്കളയാന്‍ പറ്റില്ലല്ലോ. പ്രവാചകനെ അധിക്ഷേപിക്കാന്‍ ശത്രുക്കള്‍ പഴയ കാലത്ത് ഉപയോഗിച്ചിരുന്ന കാര്യങ്ങളല്ല ഇന്ന് ഉപയോഗിക്കുന്നത്. പ്രവാചകന്റെ വിവാഹം, അക്കാലത്ത് ശത്രുക്കളുടെ അധിക്ഷേപത്തിന്റെ ഹേതുവായിരുന്നില്ല. ഇന്ന് അവ അധിക്ഷേപത്തിന് കാരണമാകുന്നത്, കേവലം പ്രവാചക വിമര്‍ശനമോ മതവിമര്‍ശനമോ അല്ല. മറിച്ച്, പ്രവാചകനെ ലൈംഗിക ആഭാസനായി ചിത്രീകരിച്ചുകൊണ്ട് അദ്ദേഹത്തെ റോള്‍മോഡലായി കാണുന്ന ഒരു സമുദായത്തെ മുഴുവന്‍ ഡീമോറലൈസ് ചെയ്യാമെന്നും കുറ്റവാളികളായി പ്രഖ്യാപിക്കാമെന്നുമാണ് കരുതുന്നത്. പ്രവാചകനെ മാതൃകാപുരുഷനായി കാണുന്ന സമുദായം മുഴുവന്‍ മോശക്കാരാണെന്നും പ്രാകൃതജീവിതം നയിക്കുന്നവരാണെന്നും ഗോത്രീയബോധമാണ് അവരെ നിയന്ത്രിക്കുന്നതെന്നും പ്രചരിപ്പിക്കുക വഴി തുല്യപൗരന്മാരായി ജീവിക്കാനുള്ള പൊതു അവകാശബോധത്തെ ഇല്ലാതാക്കാനാവും. ഇന്ന് പ്രവാചകനിന്ദ ഉപയോഗിക്കപ്പെടുന്നത് വംശീയതയുടെ വഴിയിലാണ്.
അറബ് രാഷ്ട്രങ്ങളും ഐക്യരാഷ്ട്ര സഭയും വിവിധ മതങ്ങളെ ബഹുമാനിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെടുകയും, ഇന്ത്യ അത്തരം പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്നുവെന്ന് പ്രതികരിക്കുകയും ചെയ്തതിനു ശേഷമാണ് കഴിഞ്ഞ ദിവസങ്ങളില്‍, ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ പ്രവാചകനിന്ദക്കെതിരെ പ്രതിഷേധ പ്രകടനങ്ങളുണ്ടാവുന്നത്. ഈ സമരങ്ങളെ ഭരണകൂടം നേരിട്ട വഴി നോക്കിയാല്‍ തന്നെ ഇതിന്റെ രാഷ്ട്രീയം മനസ്സിലാകും. റാഞ്ചിയില്‍ രണ്ടു മുസ്‌ലിംകള്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. കാണ്‍പൂരിലും അലഹബാദിലും സമരക്കാരുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചുനിരത്തുന്ന കാഴ്ചയും നാം കാണുന്നു. വിവിധ മതങ്ങളെ ബഹുമാനിക്കുന്നു എന്നാല്‍ ആ മതവിശ്വാസികളോട് വിവേചനരഹിതമായി ഇടപെടും എന്നതുകൂടിയല്ലേ? കോടതിയും വിചാരണയും നിയമവ്യവഹാരങ്ങളും ഒന്നുമില്ലാതെ വാസസ്ഥലങ്ങള്‍ ഇടിച്ചുനിരത്തുന്നത് എന്തിന്റെ പേരിലാണ് ഭരണകൂടത്തിന് ന്യായീകരിക്കാന്‍ സാധിക്കുക?

1 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x