9 Sunday
March 2025
2025 March 9
1446 Ramadân 9

വഖഫിന്റെ പേരിലും വെറുപ്പിന്റെ വ്യാപാരം

ഷെരീഫ് സാഗര്‍


”ദൈവമാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉപമയിതാ. ഒരു ധാന്യമണി; അത് ഏഴ് കതിരുകള്‍ മുളപ്പിച്ചു. ഓരോ കതിരിലും നൂറു മണികള്‍. അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് ഇരട്ടിപ്പിച്ചുകൊടുക്കുന്നു. അല്ലാഹു ഏറെ വിശാലതയുള്ളവനും സര്‍വജ്ഞനുമാണ്”(അല്‍ബഖറ 261).
പുണ്യം പ്രതീക്ഷിച്ചുകൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് മുസ്‌ലിം സമൂഹം പവിത്രമായി പരിപാലിക്കുന്ന സ്വത്തിനെയാണ് വഖഫ് സ്വത്ത് എന്നു വിളിക്കുന്നത്. പാരത്രിക നന്മ മാത്രം ലക്ഷ്യം വെച്ച് വിശ്വാസികള്‍ സമര്‍പ്പിക്കുന്ന ഈ സ്വത്ത് തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു. ആ സ്വത്തില്‍ നിന്നുള്ള സകല ഗുണങ്ങളും പാരത്രിക ലോകത്ത് ലഭിക്കുമെന്നാണ് വിശ്വാസം. വെള്ളം വിറ്റിരുന്ന ജൂതന്റെ കിണര്‍ വലിയ തുക കൊടുത്ത് സമൂഹത്തിന് വേണ്ടി വഖഫ് ചെയ്ത ഉസ്മാന്‍(റ)ന്റെ ചരിത്രം വിശ്വാസികള്‍ക്ക് എന്നും പ്രചോദനമാണ്. ചരിത്രത്തില്‍ ഇങ്ങനെ കുറേയധികം ഉദാഹരണങ്ങള്‍ കാണാം. ഇസ്‌ലാമിക നാഗരികതയും മാനുഷിക ബന്ധങ്ങളും ശക്തിപ്പെടുന്നതില്‍ വഖഫിന് വലിയ സ്ഥാനമാണുള്ളത്. വിശ്വാസികള്‍ അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് വഖഫ് ചെയ്ത സ്ഥലം ഉപയോഗിച്ചാണ് നാട്ടില്‍ പള്ളികളും മദ്രസകളുമുണ്ടായത്. തോട്ടങ്ങളും തൊടികളും ഷോപ്പിങ് കേന്ദ്രങ്ങളും ഉള്‍പ്പെടെ ആരാധനാലയങ്ങളുടെ ആവശ്യങ്ങള്‍ക്കായി വഖഫ് ചെയ്യപ്പെട്ട സ്വത്തുക്കളുണ്ട്. സമൂഹത്തിലെ അനാഥരും അഗതികളും വഖഫ് സ്വത്തിന്റെ നല്ല ഫലം അനുഭവിക്കുന്നു. മൃഗങ്ങളും പക്ഷികളും വരെ അതില്‍ നിന്ന് ഭക്ഷിക്കുന്നു. ഇതെല്ലാം വഖഫ് ചെയ്ത വ്യക്തിയുടെ പരലോക മോക്ഷത്തിന് കാരണമാകുന്നു.
നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതില്‍ നിന്ന് ചെലവഴിക്കുവോളം നിങ്ങള്‍ക്ക് പുണ്യം നേടാനാവില്ലെന്ന് വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നുണ്ട്. ഇഷ്ടപ്പെട്ടത് മതത്തിനും സമൂഹത്തിനും വേണ്ടി ത്യജിക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദമാണ് വഖഫ്. എല്ലാ കാലത്തേക്കും ഫലം നല്‍കുന്ന ദാനം എന്ന നിലക്കാണ് വഖഫിനുള്ള പ്രാധാന്യം. വഖഫ് സ്വത്തുക്കളുടെ സംരക്ഷണം എന്നത് വിശ്വാസി സമൂഹത്തിന്റെ ബാധ്യതയാണ്. വഖഫ് അന്യാധീനപ്പെടാതിരിക്കാന്‍ ഭരണകൂടവും വിശ്വാസികളും ഒത്തൊരുമയോടെ ശ്രമിക്കേണ്ടതുണ്ട്.
വഖഫ് ചെയ്യപ്പെട്ട വസ്തുവകകള്‍, അതില്‍ നിന്നുള്ള ആദായം, പ്രയോജനം എന്നിവയെല്ലാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അര്‍പ്പിക്കപ്പെട്ടതാണ്. അവ എന്നെന്നേക്കുമായി അല്ലാഹുവിന്റെ പേരില്‍ നിക്ഷിപ്തമായിരിക്കും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വഖഫിലേക്ക് വസ്തു കൈമാറിയ വ്യക്തിക്ക് അത് തിരിച്ചെടുക്കാനോ വില്‍ക്കാനോ അനന്തരാവകാശികള്‍ക്കിടയില്‍ വീതിച്ചു കൊടുക്കാനോ കഴിയില്ല. വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിലും ഈ വ്യവസ്ഥകള്‍ ബാധകമാണ്. അത് കൈകാര്യം ചെയ്യുന്നവര്‍ വിശ്വാസികളായിരിക്കണം. അവര്‍ക്ക് മാത്രമേ അതിന്റെ പ്രാധാന്യം വ്യക്തമായും മനസ്സിലാവുകയുള്ളൂ. വസ്തു സ്ഥിരമായി വിട്ടുകൊടുക്കുക, വസ്തു നിലവില്‍ വിട്ടുകൊടുക്കുന്ന വ്യക്തിയുടെ ഉടമസ്ഥതയില്‍ ആയിരിക്കുക, വഖഫ് ചെയ്യുന്ന വ്യക്തി 18 വയസ്സ് തികഞ്ഞ, മാനസികാരോഗ്യമുള്ള മുസ്‌ലിമാവുക, ഇസ്‌ലാമിക ശരീഅത്ത് അംഗീകരിച്ച നല്ല കാര്യങ്ങള്‍ക്ക് മാത്രം വഖഫ് ചെയ്യുക തുടങ്ങിയ നിബന്ധനകള്‍ വഖഫ് സാധൂകരിക്കപ്പെടാന്‍ ആവശ്യമായ ഘടകങ്ങളാണ്.
മതപരമായ കാര്യങ്ങള്‍ക്കും സാമൂഹിക കാര്യങ്ങള്‍ക്കും വേണ്ടി വഖഫ് ചെയ്യാവുന്നതാണ്. ഇന്ത്യയില്‍ സുന്നി നിയമപ്രകാരവും ശീഈ നിയമപ്രകാരവുമുള്ള രണ്ട് തരം വഖഫുകളുണ്ട്. വഖഫ് വസ്തുവകകളിലോ മറ്റു സംഗതികളിലോ ഉണ്ടായേക്കാവുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഒന്നോ അതിലധികമോ വഖ്ഫ് ട്രൈബ്യൂണലുകള്‍ സ്ഥാപിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാറുകള്‍ക്കുണ്ട്. ജുഡീഷ്യല്‍ സര്‍വീസിലുള്ള ഡിസ്ട്രിക്റ്റ്/ സെഷന്‍സ്/സിവില്‍ ജഡ്ജ് ക്ലാസ്-1 പദവിയില്‍ കുറയാത്ത വ്യക്തിയാണ് ട്രൈബ്യൂണലിന്റെ കേസുകളുടെ വിധിന്യായങ്ങള്‍ നടപ്പാക്കുക. 1908 ലെ സിവില്‍ നിയമ നടപടി അനുസരിച്ചായിരിക്കും കേസുകള്‍ കൈകാര്യം ചെയ്യുന്നത്. ട്രൈബ്യൂണലിന്റെ ഉത്തരവ് അന്തിമമായിരിക്കും. അതിനെതിരെ മറ്റൊരു കോടതിയിലും അപ്പീല്‍ നിലനില്‍ക്കില്ല. എന്നാല്‍ പുനഃപരിശോധനക്കോ തെറ്റായ തീരുമാനം തിരുത്തി മറ്റൊരു ഓര്‍ഡര്‍ പാസ്സാക്കാനോ ഹൈക്കോടതിയോട് അഭ്യര്‍ഥിക്കാവുന്നതാണ്.
വഖഫ് ആക്ട്
1913ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇന്ത്യയിലെ വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ബോര്‍ഡുകള്‍ രൂപീകരിച്ചു. മുസല്‍മാന്‍ വഖഫ് വാലിഡേറ്റിങ് ആക്ട് നടപ്പാക്കിയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിന് മുന്നോട്ടു വന്നത്. ഇതിന്റെ തുടര്‍ച്ചയായി 1923ല്‍ വഖഫ് നിയമം അഥവാ മുസല്‍മാന്‍ വഖഫ് ആക്ട് നിലവില്‍ വന്നു. വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിന് മുതവല്ലിയെ നിയമിച്ചു. സ്വതന്ത്ര ഇന്ത്യയില്‍ രാജ്യത്താകെയുള്ള വഖഫ് സ്വത്തുകളുടെ പരിപാലനവും സംരക്ഷണവും ഉറപ്പാക്കാന്‍ 1954-ല്‍ രൂപം നല്‍കിയ സെന്‍ട്രല്‍ വഖഫ് ആക്റ്റ് അനുസരിച്ചാണ് 1960 മുതല്‍ കേരളത്തില്‍ വഖഫ് ബോര്‍ഡ് പ്രവര്‍ത്തിച്ചുവരുന്നത്. അതിന് മുമ്പ് 1950 ല്‍ ഭരണഘടനയില്‍ വഖഫുകളെ കണ്‍കറന്റ് ലിസ്റ്റിലായിരുന്നു പെടുത്തിയിരുന്നത്. അതിനാല്‍, വഖഫ് സംബന്ധിച്ച നിയമനിര്‍മാണത്തിനുള്ള അധികാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളില്‍ നിക്ഷിപ്തമായി. വഖഫ് നിയമം 1954 ല്‍ പ്രാബല്യത്തില്‍ വന്നു. ഇതിനു ശേഷം 1984ല്‍ ഭേദഗതി അവതരിപ്പിച്ചെങ്കിലും പാര്‍ലമെന്റിലെ അന്നത്തെ മുസ്ലിം അംഗങ്ങളുടെ എതിര്‍പ്പു മൂലം ന്യായമായ രണ്ട് വകുപ്പുകള്‍ ഒഴികെ മറ്റെല്ലാം തള്ളപ്പെട്ടു. തുടര്‍ന്ന് 1954 ലെ 29-ാം നമ്പര്‍ ആക്ട് സമഗ്രമായി ഭേദഗതി ചെയ്ത് അംഗീകരിച്ചതാണ് 1995ലെ വഖഫ് ആക്ട്. 1996 ജനുവരി ഒന്ന് മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വന്നു.
വഖഫ് ചെയ്ത സ്വത്ത് സംരക്ഷിക്കുകയാണ് വഖഫ് ബോര്‍ഡിന്റെ പ്രധാന ചുമതല. മുസ്‌ലിം സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക പരാധീനത, യത്തീം സംരക്ഷണം, ദറസ് നടത്തല്‍ തുടങ്ങിയവക്കു വേണ്ടി വഖഫ് ചെയ്ത ആധാരങ്ങളിലെ നിര്‍ദേശങ്ങള്‍ പ്രകാരം അവ വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കലാണ് പ്രഥമ ബാധ്യത. വഖഫ് സ്വത്തുക്കളിലോ സ്വത്തിന്റെ ക്രയവിക്രയത്തിനോ ബോര്‍ഡിന് അധികാരമില്ല; അത് അല്ലാഹുവില്‍ സമര്‍പ്പിതമാണ്.

വഖഫ് ഭേദഗതി
ബില്ലും പ്രശ്‌നങ്ങളും

40 ഭേദഗതികളോടെയാണ് പുതിയ വഖഫ് ബില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്. വഖഫ് ബോര്‍ഡുകളുടെ അധികാരം ഇല്ലാതാക്കുക എന്നതാണ് ഈ ബില്ലിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതുവഴി ബി ജെ പി അവരുടെ തനിസ്വഭാവമായ വിഭജന രാഷ്ട്രീയം തന്നെയാണ് പുറത്തെടുക്കുന്നത്. വഖഫ് നിയമത്തിലെ സെക്ഷന്‍ 3 പ്രകാരം വഖഫ് സ്വത്ത് എന്താണെന്ന് കൃത്യമായി നിര്‍വചിക്കുന്നുണ്ട്. ഇസ്ലാമിക നിയമ പ്രകാരം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വന്തം സ്വത്ത് വ്യക്തമായ രേഖകളോടെ മത, ധര്‍മ സ്ഥാപനങ്ങള്‍ക്ക് കൈമാറിയാല്‍ അത് വഖഫ് ആയി മാറും. ഇന്ത്യയില്‍ ഇങ്ങനെയുള്ള ധാരാളം സ്വത്തുക്കള്‍ അന്യാധീനപ്പെട്ട് പോവുകയോ കയ്യേറ്റം ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്. അത്തരം സ്വത്തുക്കള്‍ തിരിച്ചുപിടിക്കുക എന്നതും വഖഫ് ബോര്‍ഡുകളുടെ ചുമതലയാണ്. എന്നാല്‍ വഖഫ് സ്വത്തുക്കളുടെ മേലുള്ള അവകാശത്തെയും അധികാരത്തെയും വഖഫ് ബോര്‍ഡില്‍ നിന്ന് എടുത്തുകളഞ്ഞ് ജില്ലാ കലക്ടര്‍ക്ക് അധികാരം കൈമാറുന്ന ഭേദഗതിക്കാണ് ഇപ്പോള്‍ പ്രധാനമായും കേന്ദ്രസര്‍ക്കാര്‍ മുതിരുന്നത്.
പുതിയ നിയമഭേദഗതി പ്രകാരം വഖഫ് ബോര്‍ഡുകള്‍ക്കുള്ള അധികാരങ്ങളെല്ലാം ഇല്ലാതാകും. പേരിനൊരു ബോര്‍ഡ് എന്നല്ലാതെ പ്രത്യേകിച്ച് മുസ്ലിം സമുദായത്തിനോ വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിനോ വഖഫ് ബോര്‍ഡ് കൊണ്ട് ഒരു പ്രയോജനവുമുണ്ടാകില്ല. ഭേദഗതി പ്രകാരം വഖഫ് സ്വത്തുക്കള്‍ നിരീക്ഷിക്കുന്നതിനായി ജില്ലാ മജിസ്ട്രേറ്റുകളെ ചുമതലപ്പെടുത്തും. ഇതുപ്രകാരം വഖഫ് ബോര്‍ഡുകള്‍ തങ്ങളുടെ സ്വത്തുക്കള്‍ ജില്ലാ കലക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടി വരും. വഖഫ് നിയമത്തിലെ, സെക്ഷന്‍ 9, സെക്ഷന്‍ 14 എന്നിവ ഭേദഗതി ചെയ്ത് സെന്‍ട്രല്‍ വഖഫ് കൗണ്‍സിലില്‍ അമുസ്‌ലിംകളുടെ പങ്കാളിത്തം ഉറപ്പിക്കും. കേന്ദ്ര വഖഫ് കൗണ്‍സിലിന്റേയും സംസ്ഥാന വഖഫ് ബോര്‍ഡുകളുടേയും ഘടനയില്‍ പരമാവധി മാറ്റം വരുത്താനും കരട് ഭേദഗതി നിര്‍ദേശിക്കുന്നുണ്ട്. ഇന്ത്യാ വിഭജനത്തിന് മുമ്പ് റവന്യൂ രേഖകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ഭൂമി അല്ലാതെ വഖഫ് ബോര്‍ഡിന് സ്വത്ത് അവകാശപ്പെടാന്‍ കഴിയില്ല. ആ ഭൂമി ബോര്‍ഡിന്റേതാണെന്ന് തെളിയിക്കാന്‍ വഖഫ് ബോര്‍ഡിന് സാധിക്കണം. ഇതുപ്രകാരം വഖഫ് പ്രോപ്പര്‍ട്ടിയുടെ മുഴുവന്‍ പൊതുരേഖകളും ഹാജരാക്കേണ്ടതായി വരും. രേഖകള്‍ ഹാജരാക്കുന്നതില്‍ ഏതെങ്കിലും തരത്തില്‍ വീഴ്ച വന്നാല്‍ സ്വത്ത് സര്‍ക്കാറിലേക്ക് കണ്ടുകെട്ടും.
നിലവിലെ വഖഫ് നിയമത്തില്‍ വഖഫ് ട്രൈബ്യൂണലില്‍ അഡീഷണല്‍ ജില്ലാ ജഡ്ജിക്ക് പുറമെ മുസ്ലിം നിയമങ്ങള്‍ അറിയാവുന്ന ആളും വേണമെന്ന വ്യവസ്ഥ പുതിയ ഭേദഗതിയോടെ നീക്കം ചെയ്യും. ട്രൈബ്യൂണലിന്റെ തീരുമാനം അന്തിമമാണ് എന്ന വ്യവസ്ഥയിലും പുതിയ നിയമത്തില്‍ ഇളവുകളുണ്ട്. അതായത് ട്രൈബ്യൂണലും നോക്കുകുത്തിയാകുമെന്ന് അര്‍ഥം. വഖഫ് സ്വത്തുക്കളുടെ വിനിമയം സര്‍ക്കാറിനെ അറിയിക്കേണ്ട കാര്യം നിലവിലില്ല. എന്നാല്‍, രജിസ്‌ട്രേഷന്‍, അക്കൗണ്ട് പ്രസിദ്ധീകരണം തുടങ്ങിയ കാര്യങ്ങളില്‍ പുതിയ നിയമങ്ങളുണ്ടാക്കാന്‍ ബില്‍ കേന്ദ്രത്തെ അധികാരപ്പെടുത്തുന്നു.
വഖഫ് ബോര്‍ഡിന് കീഴിലായി ഇന്ത്യയില്‍ 9.4 ലക്ഷം ഏക്കറിലായി 8.7 ലക്ഷം വസ്തു വകകളുണ്ടെന്നാണ് കണക്ക്. ഭേദഗതി പ്രകാരം ഈ വഖഫ് സ്വത്തുക്കളില്‍ ജില്ലാ മജിസ്ട്രേറ്റുമാരുടെ നിരീക്ഷണം ഏര്‍പ്പെടുത്തും. ഇതോടെ കേന്ദ്ര വഖഫ് കൗണ്‍സിലിന്റേയും സംസ്ഥാന വഖഫ് ബോര്‍ഡിന്റേയും ഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ വരും. വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കാനാണ് വഖഫ് നിയമം നിലവിലുള്ളത്. എന്നാല്‍ പുതിയ നിയമപ്രകാരം വഖഫ് സ്വത്തുക്കളിലുള്ള അധികാരം വഖഫ് ബോര്‍ഡിന് ഇല്ലാതാകുന്നു. അതായത്, വഖഫ് ബോര്‍ഡിനെ വെറും നോക്കുകുത്തിയാക്കി വഖഫ് സ്വത്തുക്കളെല്ലാം സര്‍ക്കാറിന് പിടിച്ചെടുക്കാന്‍ കഴിയുന്ന തരത്തിലാണ് നിയമ ഭേദഗതികളില്‍ നിര്‍ദേശങ്ങളുള്ളത്.
വഖഫ് ഭേദഗതി നിയമ പ്രകാരം കല്‍പിത വഖഫ് സ്വത്തുക്കളുടെ ഉടമസ്ഥാവകാശം വഖഫ് സ്വത്തായി പരിഗണിക്കില്ല. രേഖപ്രകാരം വഖഫ് ചെയ്യപ്പെടാത്തതും എന്നാല്‍ പതിറ്റാണ്ടുകളായി വഖഫ് സ്വത്തായി കണക്കാക്കപ്പെടുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഭൂമിയും സ്വത്തുവഹകളുമാണ് കല്‍പിത വഖഫ് സ്വത്തുക്കള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതുപ്രകാരം ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയും സ്വത്തുവഹകളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വഖഫ് ബോര്‍ഡുകള്‍ക്ക് കീഴില്‍ ഉണ്ട്. ഇവയുടെ മേല്‍ വഖഫ് ബോര്‍ഡുകള്‍ക്കുള്ള എല്ലാ അധികാരങ്ങളും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന വഖഫ് നിയമ ഭേദഗതിയോടെ ഇല്ലാതാകും. സര്‍ക്കാര്‍ ഈ സ്വത്തുക്കള്‍ ഏറ്റെടുക്കുന്ന സ്ഥിതി വരും. രാജ്യത്ത് ഏറ്റവും പിന്നോക്കാവസ്ഥയില്‍ കഴിയുന്ന ഒരു സമുദായത്തിലെ അംഗങ്ങളുടെ പ്രയോജനത്തിന് വേണ്ടി ഉപയോഗിക്കേണ്ട വഖഫ് സ്വത്തുക്കളുടെ വലിയൊരു ഭാഗം അന്യാധീനപ്പെട്ട് കിടക്കുമ്പോഴാണ് വഖഫ് ബോര്‍ഡ് തന്നെ ഇല്ലാതാക്കാനുള്ള ശ്രമവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
ദേവസ്വം ബോര്‍ഡില്‍ ഏതെങ്കിലും മുസ്‌ലിമിന് കയറിപ്പറ്റാന്‍ കഴിയില്ല. എന്നാല്‍ പുതിയ ഭേദഗതിപ്രകാരം വഖഫ് ബോര്‍ഡില്‍ അമുസ്‌ലിം പ്രതിനിധികള്‍ നിര്‍ബന്ധമാണ്. ബോര്‍ഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ഏത് മതവിഭാഗത്തില്‍ പെടുന്ന ഉദ്യോഗസ്ഥനെയും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമിക്കാന്‍ വഖഫ് നിയമ ഭേദഗതിയിലൂടെ അധികാരം ലഭിക്കും. നിലവില്‍ സര്‍ക്കാറുകള്‍ മുസ്‌ലിം സമുദായത്തില്‍ പെട്ടവരെയാണ് സി ഇ ഒ ആയി നിയമിക്കുന്നത്. പുതിയ നിയമപ്രകാരം ബി ജെ പിക്കാര്‍ വരെ ഈ ഉദ്യോഗസ്ഥനായി വന്നേക്കാം. സംസ്ഥാന വഖഫ് ബോര്‍ഡിലേക്ക് രണ്ട് എം എല്‍ എമാരുടെ പ്രതിനിധികള്‍ ഉണ്ടായിരുന്നത് പുതിയ ഭേദഗതി അനുസരിച്ച് ഒന്നായി ചുരുങ്ങും.
ദേവസ്വം ബോര്‍ഡുകളിലേക്കുള്ള പ്രതിനിധികളെ നിയമസഭകളിലെ ഹൈന്ദവ സമുദായ അംഗങ്ങള്‍ തെരഞ്ഞെടുക്കും പ്രകാരം, മുസ്‌ലിം എം എല്‍ എമാര്‍ വഖഫ് ബോര്‍ഡിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന രീതി ഭേദഗതിയോടെ ഇല്ലാതാകും. സ്റ്റേറ്റ് വഖഫ് ബോര്‍ഡിലേക്കുള്ള എം പിമാരുടെ പ്രതിനിധിയെ മുസ്‌ലിം എം പിമാര്‍ തെരഞ്ഞെടുക്കുന്നതിന് പകരം സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന സ്ഥിതിയാകും.

വഖഫ് ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളുടെ കൈകാര്യക്കാരില്‍ നിന്ന് രണ്ടു പ്രതിനിധികളെ വോട്ടിംഗിലൂടെയാണ് തെരഞ്ഞെടുത്തിരുന്നത്. അവരുടെ എണ്ണം രണ്ടില്‍ നിന്ന് ഒന്നാക്കി. ആ ഏകാംഗത്തെ സംസ്ഥാന സര്‍ക്കാരുകളാണ് പുതിയ നിയമ പ്രകാരം നാമനിര്‍ദേശം ചെയ്യുക. പുതിയ ഭേദഗതി പ്രകാരം വഖഫ് ബോര്‍ഡിലേക്ക് സ്ഥാപനങ്ങള്‍ അടയ്‌ക്കേണ്ട ഏഴ് ശതമാനം വിഹിതം അഞ്ച് ശതമാനമായി ചുരുങ്ങുമ്പോള്‍ വഖഫ് ബോര്‍ഡുകള്‍ നടപ്പാക്കി വരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളും നിലയ്ക്കും. ജനാധിപത്യ രീതിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ മാറി സര്‍ക്കാര്‍ നോമിനികളെ ഇരുത്തുന്ന സംവിധാനമായി ബോര്‍ഡുകള്‍ മാറും.
സംസ്ഥാന സര്‍ക്കാറുകള്‍ക്കും ജില്ലാ കലക്ടര്‍ക്കും അധികാരം നല്‍കുക, ബോര്‍ഡുകളുടെ പ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കുക, ബോര്‍ഡുകള്‍ നോക്കിനില്‍ക്കെ വഖഫ് സ്വത്തുക്കള്‍ സര്‍ക്കാറിലേക്ക് പോവുക തുടങ്ങിയ ദുരന്തങ്ങളാണ് വഖഫ് നിയമ ഭേദഗതിയിലൂടെ സംഭവിക്കാന്‍ പോകുന്നത്.
ഭേദഗതിയിലെ വകുപ്പ് 3 സി (1) പ്രകാരം ഈ നിയമം ഉണ്ടാകുന്നതിന് മുമ്പ് വഖഫ് സ്വത്തായി തിരിച്ചറിയുകയോ പ്രഖ്യാപിക്കുകയോ ചെയ്യുന്ന സ്വത്ത് വഖഫ് സ്വത്തായി കണക്കാക്കില്ല. വഖഫ് സ്വത്തായി തിരിച്ചറിഞ്ഞ ഭൂമി പോലും വഖഫ് ബോര്‍ഡിന് കിട്ടില്ലെന്ന് വ്യക്തമായി നിയമത്തില്‍ എഴുതിവെച്ചിരിക്കുകയാണ്. 3 സി (2) വകുപ്പ് വഖഫ് സ്വത്ത് സര്‍ക്കാര്‍ ഭൂമിയാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം സര്‍ക്കാറിന് നല്‍കുന്നു. അതായത് ഒരു സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാറിന് വേണമെങ്കില്‍ വഖഫ് സ്വത്ത് തങ്ങളുടേതാണെന്ന് പറഞ്ഞ് സര്‍ക്കാറിലേക്ക് കണ്ടുകെട്ടാം. ആരെങ്കിലും ഇത് ചോദ്യം ചെയ്താല്‍ കലക്ടറാണ് പിന്നെ തീരുമാനമെടുക്കേണ്ടത്. വഖഫ് ട്രിബ്യൂണലിനോ വഖഫ് ബോര്‍ഡിനോ ഇവിടെ യാതൊരു റോളുമില്ല. സര്‍ക്കാര്‍ തീരുമാനമെടുക്കാന്‍ എത്ര കാലതാമസം വരുന്നോ അത്രയും കാലം വഖഫ് ബോര്‍ഡിന് ഭൂമിയില്‍ അവകാശവുമുണ്ടാകില്ല. നിര്‍ദിഷ്ട ബില്‍ കേന്ദ്ര ഗവണ്‍മെന്റിന് ഇന്ത്യയുടെ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നിയമിക്കുന്ന ഒരു ഓഡിറ്റര്‍ മുഖേനയോ അല്ലെങ്കില്‍ അതിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിക്കുന്ന ഏതെങ്കിലും ഉദ്യോഗസ്ഥന്‍ മുഖേനയോ ഏത് സമയത്തും ഏത് വഖഫിന്റെയും ഓഡിറ്റിന് നിര്‍ദേശം നല്‍കാനുള്ള അധികാരം നല്‍കുന്നു. വഖഫ് ബോര്‍ഡുകളെ കേന്ദ്രം വരിഞ്ഞു മുറുക്കുമെന്ന് ചുരുക്കം.
വഖഫ് ബോര്‍ഡിലും വഖഫ് കൗണ്‍സിലിലും സര്‍ക്കാറിന്റെ ചൊല്‍പടിക്ക് നില്‍ക്കുന്ന ആളുകളെ നിറച്ച് കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ തകര്‍ക്കുകയാണ് വഖഫ് നിയമ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. വഖഫ് ചെയ്ത ഭൂമിയില്‍ ആരെങ്കിലും അവകാശവാദം ഉന്നയിച്ചു വരികയാണെങ്കില്‍ അതില്‍ ഇടപെടാനും അതിന്റെ നിയന്ത്രണം സ്ഥാപിച്ചെടുക്കാനും കഴിയുന്ന വിധത്തിലാണ് നിയമം സംവിധാനിച്ചിട്ടുള്ളത്. കോടിക്കണക്കിന് രൂപയുടെ വഖഫ് സ്വത്ത് ഇന്ത്യയുടെ പല ഭാഗത്തും കയ്യേറ്റം ചെയ്യപ്പെട്ടു കിടക്കുകയാണ്. സര്‍ക്കാര്‍ തന്നെയാണ് വലിയ കയ്യേറ്റക്കാര്‍. കയ്യേറ്റം ചെയ്തു വെച്ചിരിക്കുന്ന ഇത്തരം വസ്തുക്കള്‍ നിഷ്പ്രയാസം സ്വന്തമാക്കാന്‍ കഴിയുന്ന വിധത്തില്‍ വളരെ ആസൂത്രിതമായാണ് നിയമം രൂപകല്‍പന ചെയ്തിരിക്കുന്നത്. വഖഫ് സ്വത്ത് സംബന്ധിച്ച് സര്‍വേ കമ്മീഷണറുടെ അധികാരങ്ങള്‍ എടുത്ത് മാറ്റി അത് കലക്ടര്‍മാര്‍ക്ക് കൊടുത്താല്‍ എന്താണ് സംഭവിക്കുക എന്നത് ഊഹിക്കാവുന്നതേയുള്ളൂ. ഈ ബില്ല് ഭരണഘടനാ വിരുദ്ധവും മൗലികാവകാശ ലംഘനവുമാണ്. ആര്‍ട്ടിക്കിള്‍ 14, 15, 25, 26, 30 എന്നിവയുടെ ലംഘനമാണ്. വിശ്വാസികള്‍ ദൈവപ്രീതി മാത്രം പ്രതീക്ഷിച്ച് നല്‍കിയ സ്വത്തുക്കളെല്ലാം അവര്‍ ആഗ്രഹിക്കാത്ത രീതിയില്‍ വിനിയോഗിക്കപ്പെടും എന്നതാണ് ഇതിന്റെ ഫലമായി വന്നുചേരാന്‍ പോകുന്ന ദുരന്തം.
നുണക്കഥകളുടെ
മേളം

എന്തു വിലകൊടുത്തും വഖഫ് ഭേദഗതി നിയമം നടപ്പാക്കുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുപിടിച്ച ശ്രമം നടത്തിവരികയാണ്. അതിനായി രാജ്യമൊട്ടുക്കും നുണക്കഥകളുടെ മേളവുമായാണ് ബി ജെ പി നേതാക്കള്‍ രംഗത്ത് വന്നിരിക്കുന്നത്. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, മന്ത്രിമാര്‍, എം പിമാര്‍ എന്നുതുടങ്ങി ബി ജെ പിയുടെ പ്രാദേശിക നേതാക്കള്‍ വരെ മുസ്‌ലിംകള്‍ പവിത്രമായി കരുതുന്ന വഖഫിനെതിരെ വിഷം ചീറ്റിക്കൊണ്ടിരിക്കുകയാണ്. വഖഫിനെ കിരാതം എന്നാണ് ഒരു കേന്ദ്രമന്ത്രി വിശേഷിപ്പിച്ചത്. പതിവുപോലെ ഒരു ഹിന്ദു – മുസ്‌ലിം തര്‍ക്കമായി വഖഫിനെ ഉപയോഗിക്കാനാണ് ബി ജെ പി ശ്രമം.
നുണക്കഥകള്‍ നിര്‍മിക്കുന്നതില്‍ സംഘ്പരിവാറിനെ കടത്തിവെട്ടുകയാണ് ക്രിസംഘികള്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കാസക്കുഞ്ഞുങ്ങള്‍. മരിയോ ജോസഫ് എന്ന മോട്ടിവേഷന്‍ സ്പീക്കറായ പരിവര്‍ത്തിത ക്രിസ്ത്യാനി ഫേസ്ബുക്കില്‍ എഴുതിയ നുണക്കഥക്ക് സമാനമായ കഥകളാണ് സകല ഇടവകകളിലെയും വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത്. ക്രിസ്ത്യാനികള്‍ക്കിടയില്‍ ഈയിടെ രൂപപ്പെട്ട മുസ്‌ലിം വെറുപ്പിനെ ഒന്നുകൂടി ജ്വലിപ്പിക്കാനാണ് ക്രിസംഘികള്‍ ഈ അവസരം ഉപയോഗിക്കുന്നത്. മുസ്ലിമിന്റെ പക്കല്‍ നിന്ന് സ്ഥലം വാങ്ങി വീട് വെക്കുകയും അതില്‍ വഖഫ് ബോര്‍ഡ് അവകാശവാദമുന്നയിക്കുകയും ചെയ്യുന്ന കഥയുമായാണ് ഇവരുടെ രംഗപ്രവേശം. ഇന്ത്യ മുഴുവന്‍ ഞങ്ങളുടേതാണ് എന്ന് വഖഫ് ബോര്‍ഡിന് വേണമെങ്കില്‍ അവകാശമുന്നയിക്കാം എന്നാണ് ജോഷി മയ്യാറ്റില്‍ എന്ന പുരോഹിതന്റെ ജല്‍പനം. മുസ്ലിം വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും കാളകൂടവിഷമാണ് കുറച്ച് ദിവസമായി വഖഫിന്റെ പേരില്‍ ഇവര്‍ ഛര്‍ദ്ദിച്ചുകൊണ്ടിരിക്കുന്നത്.

നുണ-1
ഇവര്‍ പ്രചരിപ്പിക്കുന്ന കഥയിലെ ഒന്നാമത്തെ നുണ നമ്മുടെ സ്വത്തില്‍ വഖഫ് ബോര്‍ഡിന് തെളിവില്ലാതെ അവകാശവാദം ഉന്നയിക്കാം എന്നതാണ്. ഇന്ത്യന്‍ രജിസ്ട്രേഷന്‍ ആക്ട് അനുസരിച്ച് രേഖാമൂലം വഖഫ് എന്ന് ആധാരത്തില്‍ ഇല്ലാത്ത ഒരു വസ്തുവിലും വഖഫ് ബോര്‍ഡിന് അവകാശവാദം ഉന്നയിക്കാനാവില്ല എന്നതാണ് യാഥാര്‍ഥ്യം.
നുണ-2
വഫഖ് ട്രിബ്യൂണല്‍ എന്നാല്‍ ഒരു മതകോടതിയാണെന്നും അവിടെ ഇരിക്കുന്നത് കുറെ പുരോഹിതന്മാരാണെന്നും വഖഫ് ബോര്‍ഡ് തങ്ങളുടെ സ്വത്തില്‍ അവകാശം ഉന്നയിച്ചാല്‍ ഈ കോടതിക്ക് മുന്നിലേക്കാണ് പോകേണ്ടതെന്നും ഇവര്‍ എഴുതിപ്പിടിപ്പിക്കുന്നു. വഖഫ് ട്രിബ്യൂണല്‍ വഖഫ് ബോര്‍ഡിന്റെ കീഴിലെ സ്ഥാപനമല്ല എന്നതാണ് വാസ്തവം. അവിടെ ജഡ്ജി മുസ്‌ലിം ആകണമെന്നില്ല. മോട്ടോര്‍ വാഹന കേസുകള്‍ പരിഗണിക്കുന്ന ട്രിബ്യൂണല്‍ പോലെയാണിത്. മൂന്ന് അംഗങ്ങളാണ് ട്രിബ്യൂണലില്‍ ഉണ്ടാവുക. ഒന്ന് ഒരു ജില്ലാ ജഡ്ജി, മറ്റൊന്ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റിന്റെ തുല്യ റാങ്കുള്ള ഉദ്യോഗസ്ഥന്‍, മൂന്നാമത്തേത് ഇസ്ലാമിലെ വഖഫ് സംബന്ധമായ കാര്യങ്ങളൊക്കെ അറിയുന്ന ഒരു വ്യക്തി. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ഭാഗമായ ഈ കോടതി സംവിധാനത്തെയാണ് മതകോടതി എന്ന് വിശേഷിപ്പിക്കുന്നത്. വഖഫ് ഭൂമി അന്യായമായി കൈകാര്യം ചെയ്യുന്ന മുസ്‌ലിംകളെയും ട്രിബ്യൂണല്‍ പിടികൂടും. ദേവസ്വം ഭൂമിയും ചര്‍ച്ചിന്റെ ഭൂമിയുമൊക്കെ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും തോന്നിയ പോലെ ക്രയവിക്രയം നടത്താന്‍ പറ്റുമോ? അതിന് നിയമവും വ്യവസ്ഥയുമില്ലേ? അതുപോലൊരു നിയമം തന്നെയാണ് വഖഫ് നിയമവും.
നുണ-3
‘ഭൂമി കവരുന്ന വഖഫ് നീരാളി’ എന്നെഴുതി ഇന്ത്യയുടെ ഭൂപടവും വഖഫ് ഭൂമികളും അടയാളപ്പെടുത്തിയാണ് ജന്മഭൂമി ഭീകരത സൃഷ്ടിച്ചത്. ഒരു കോര്‍പ്പറേറ്റ് ഭീമനെപ്പോലെയോ ഇന്ത്യയെ വിഴുങ്ങുന്ന ഒരു ഭീകരതയായോ ആണ് വഖഫ് ഭൂമിയെ ജന്മഭൂമി അവതരിപ്പിക്കുന്നത്. 1995ല്‍ നരസിംഹറാവു സര്‍ക്കാരും 2013ല്‍ മന്‍മോഹന്‍സിങ് സര്‍ക്കാരും നടത്തിയ നിയമഭേദഗതികള്‍ ചൂണ്ടിക്കാട്ടിയാണ് വഖഫ് നിയമത്തിനെതിരെ സംഘ്പരിവാര്‍ വാളെടുക്കുന്നത്. കോണ്‍ഗ്രസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് കേരളത്തിലും വഖഫ് ഭീതിവ്യാപാരം നടന്നുവരുന്നത്.
നുണ-4
മുനമ്പത്ത് മുഹമ്മദ് സിദ്ദീഖ് സേട്ട് ഫാറൂഖ് കോളേജിന് വഖഫ് ചെയ്ത 404 ഏക്കര്‍ ഭൂമി തിരുവിതാംകൂര്‍ രാജാവ് പാട്ടത്തിന് കൊടുത്തതാണ് എന്ന നുണയാണ് പ്രചരിക്കപ്പെടുന്ന ഒരു കാര്യം. എന്നാല്‍, വസ്തുവിന്റെ ആധാരത്തിലോ അടിയാധാരത്തിലോ ഇത് തെളിയിക്കാനുള്ള യാതൊരു സൂചനകളുമില്ല. ഇത് പാട്ടഭൂമിയല്ല എന്ന് മാത്രമല്ല, സേട്ടുമാര്‍ അങ്ങനെ പാട്ടത്തിന് എടുക്കുന്നവരായിരുന്നില്ല എന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. കൊച്ചി രാജാവിന് പണം കടം കൊടുത്തിരുന്ന ധനാഢ്യന്മാരായ സേട്ടുമാര്‍ കൃഷി ചെയ്യാന്‍ സാധിക്കാത്ത സ്ഥലം കൃഷിക്ക് വേണ്ടി പാട്ടത്തിന് വാങ്ങി എന്നത് ഒരു നിലക്കും വിശ്വസിക്കാനാവില്ല. പാട്ടഭൂമി വഖഫ് ചെയ്തു എന്ന പ്രൊപ്പഗണ്ടയാണ് സംഘ്പരിവാര്‍ അടിച്ചുവിടുന്നത്. അത് തെളിയിക്കുന്ന രേഖകളൊന്നുമില്ല.
കേന്ദ്ര സര്‍ക്കാറിന്റെ വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് ബി ജെ പി വിദ്വേഷ പ്രചാരണത്തിനുള്ള ആയുധമായി വഖഫിനെ ഉപയോഗിക്കുന്നത്. ലാന്റ് ജിഹാദ്, വഖഫ് ഭീകരത തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചാണ് ഇവര്‍ വഖഫിനെ വിശേഷിപ്പിക്കുന്നത്. സംഘ്പരിവാറും ഗോഡി മീഡിയയുമാണ് ഈ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. കേരളത്തിലാണെങ്കില്‍ കൂട്ടിന് ക്രിസംഘികളും. അതേസമയം അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കള്‍ക്ക് വേണ്ടി രാജ്യത്ത് മുസ്‌ലിം സംഘടനകളുടെ പ്രക്ഷോഭങ്ങളൊന്നും ഉണ്ടായിട്ടില്ല.
പാവപ്പെട്ടവരെ
കുടിയൊഴിപ്പിക്കരുത്

വഖഫ് ഭൂമിയായി കണക്കാക്കുന്ന ഭൂമികളില്‍ താമസിക്കുന്നവരെ ഇറക്കിവിടണമെന്നു ഒരു മുസ്‌ലിം സംഘടനയും ആവശ്യപ്പെട്ടിട്ടില്ല. വഖഫ് ബോര്‍ഡ് നോട്ടീസ് നല്‍കിയ ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് പോലും മുസ്‌ലിം സംഘനകള്‍ പിന്തുണ പ്രഖ്യാപിക്കുമ്പോഴാണ് സംഘ്പരിവാറിന്റെ ഈ കുളംകലക്കല്‍. എന്നാല്‍ പാവപ്പെട്ടവരുടെ മറവില്‍ ഭൂമാഫിയകള്‍ക്ക് ഭൂമി വിട്ടുകൊടുക്കണം എന്ന വാദം അംഗീകരിക്കാനാവില്ല. ഇവരെ പേടിച്ച് വഖഫ് സ്വത്തുക്കള്‍ മുഴുവന്‍ സര്‍ക്കാരിന് വിട്ടുകൊടുത്താലും സംഘ്പരിവാറിന്റെ മുസ്‌ലിം വിരുദ്ധതക്ക് ശമനമാകുമെന്ന് വിചാരിക്കുന്നത് മൗഢ്യമാണ്. ഒന്നല്ലെങ്കില്‍ മറ്റൊന്നായി മുസ്‌ലിം വെറുപ്പിന്റെ മരുന്നുകളുമായി അവര്‍ വന്നുകൊണ്ടിരിക്കും.
വഖഫ് ബോര്‍ഡിന്
ഉടമസ്ഥാവകാശമോ?

ഇന്ത്യയിലെ ഇതര മതസ്ഥരുടെ സ്വത്തുക്കള്‍ മുസ്ലിംകള്‍ കവര്‍ന്നെടുക്കുന്നു എന്ന ഭീതിവ്യാപാരം കാര്യമായി നടക്കുന്നു. റെയില്‍വെയും പ്രതിരോധ വകുപ്പും കഴിഞ്ഞാല്‍ ഏറ്റവും വലിയ സാമ്പത്തിക ശക്തി വഖഫ് ബോര്‍ഡിനാണെന്ന പെരുപ്പിക്കലും നടക്കുന്നു. വഖഫ് ബോര്‍ഡ് എന്നാല്‍ വഖഫ് സ്വത്തിന്റെ ഉടമാവകാശമുള്ള ബോര്‍ഡല്ല എന്ന വാസ്തവം പോലും മറച്ചുവെച്ചാണ് ഈ പ്രചാരണം. വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം മാത്രമാണ് ബോര്‍ഡിനുള്ളത്.
വഖഫ് ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നത് പോലും വഖഫ് ഫണ്ട് ഉപയോഗിച്ചാണ്. വഖഫ് ബോര്‍ഡിന്റെ അധികാരം ഇല്ലാതാക്കുന്നു എന്നാല്‍ വഖഫ് സ്വത്ത് സംരക്ഷിക്കാനുള്ള മുസ്ലിംകളുടെ ഭരണഘടനാപരമായ അവകാശം ഹനിക്കപ്പെടുന്നു എന്നാണ് അര്‍ഥം. ചര്‍ച്ചുകള്‍ക്കോ ദേവസ്വം ബോര്‍ഡിനോ ക്ഷേത്രങ്ങള്‍ക്കോ ഇല്ലാത്ത നിയന്ത്രണമാണ് നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ വഖഫ് സ്വത്തുക്കള്‍ക്ക് മേല്‍ ഏര്‍പ്പെടുത്താന്‍ പോകുന്നത്. നിലവില്‍ വഖഫ് ഭേദഗതി നിയമം നടപ്പാക്കാന്‍ ബി ജെ പിക്ക് കുറെ കടമ്പകളുണ്ട്. ബില്‍ പാര്‍ലമെന്റ് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. ഇപ്പോള്‍ വഖഫ് നിയമത്തിനെതിരെ പൊന്തിവരുന്ന ലഹളകളെല്ലാം ഈ നിയമം നടപ്പാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. കിട്ടുന്ന അവസരം മുതലെടുത്ത് പരമാവധി സാമുദായിക ധ്രുവീകരണമുണ്ടാക്കാനും ബി ജെ പി ലക്ഷ്യമിടുന്നു.
ഹലാല്‍ വിവാദത്തിലൂടെയാണ് ഇതിന് മുമ്പ് ഇങ്ങനെയൊരു ഭീതിവ്യാപാരം നടന്നത്. ഹലാല്‍ ഭക്ഷണമെന്നാല്‍ മുസ്‌ലിംകള്‍ തുപ്പി ഉണ്ടാക്കുന്നതാണെന്നും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും വന്ധ്യംകരിക്കാനുള്ള മരുന്ന് പോലും മുസ്‌ലിംകളുടെ കടകളില്‍ ഭക്ഷണങ്ങളിലൂടെ നല്‍കുന്നുണ്ടെന്നും പ്രചരിച്ചു. കേരളത്തിലെ ഒരു മുന്‍ എം എല്‍ എ പോലും ഈ നുണക്കഥയുടെ പ്രചാരകനായി. ഫാഷിസം അരിച്ചുവരുന്നത് എങ്ങനെ എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.
അപരനെ സൃഷ്ടിക്കുക എന്നതാണ് ഫാഷിസത്തിന്റെ പ്രധാന പണി. ഇന്ത്യന്‍ ഫാഷിസം നിര്‍മിച്ചെടുത്ത അപരന്‍ ഇപ്പോള്‍ മുസ്‌ലിമാണ്. അപരന്‍ ചെയ്യുന്നതും പറയുന്നതുമെല്ലാം ഫാഷിസത്തിന്റെ കണ്ണില്‍ കുറ്റമാണ്. അപരന്‍ നല്ലത് ചെയ്താലും അതില്‍ എന്തെങ്കിലും കുറ്റം കണ്ടെത്താന്‍ ശ്രമിക്കും. അപരന്‍ എന്നാല്‍, വെറുക്കപ്പെട്ടവന്‍ എന്നും രാജ്യത്തുനിന്ന് പുറന്തള്ളപ്പെടേണ്ടവന്‍ എന്നുമൊക്കെയാണ് അര്‍ഥം. ഈ അപരനെ ഒറ്റയടിക്ക് കൊല്ലുന്നത് ഫാഷിസത്തിന്റെ രീതിയല്ല. സാമൂഹികമായും സാമ്പത്തികമായും ഒറ്റപ്പെടുത്തുക എന്നതാണ് ആദ്യത്തെ പടി. അതിന് വേണ്ടി നുണകള്‍ക്ക് മേല്‍ നുണക്കഥകള്‍ സംഭവിച്ചു കൊണ്ടിരിക്കും. പ്രൊപ്പഗണ്ട തിയറികള്‍ രൂപപ്പെടും. മതേതര സമൂഹം ഒറ്റക്കെട്ടായി നിതാന്ത ജാഗ്രതയോടെ ഈ വെറുപ്പിന്റെ വ്യാപാരത്തിനെതിരെ നിലകൊള്ളുക എന്നത് മാത്രമാണ് പരിഹാരം.

Back to Top