ഹേറ്റ് കാമ്പയിന് ശക്തി പകരരുത്
അബ്ദുല്‍ശുക്കൂര്‍
വരാനിരിക്കുന്ന വര്‍ഷങ്ങള്‍ വലിയ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് കാരണമാകുമെന്നാണ് കരുതുന്നത്. സംഘ്പരിവാറിന്റെ വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കണ്ടുകൊണ്ടിരിക്കുന്നു എന്ന് അവര്‍ക്കു തോന്നിത്തുടങ്ങിയിട്ടുണ്ട്. ഇന്ത്യയെ പൂര്‍ണമായും സംഘിവത്കരിക്കുകയും അംബേദ്കര്‍ മുഖ്യ ശില്‍പിയായി നിര്‍മിച്ച ഇന്ത്യന്‍ പീനല്‍കോഡ് ദൂരെ വലിച്ചെറിയുകയേ ഇനി അവര്‍ക്ക് ആവശ്യമുള്ളൂ. ഇപ്പോള്‍ തന്നെ നിയമവ്യവസ്ഥയെ വളരെ ആഴത്തില്‍ ദുര്‍ബലപ്പെടുത്തിക്കഴിഞ്ഞു. ഇത് സാമാന്യബുദ്ധിയുള്ള ഏവര്‍ക്കും അറിയാം.
സൈബര്‍ സയന്‍സിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളാകാനും അവര്‍ക്ക് കഴിഞ്ഞിരിക്കുന്നു. ഇവയുടെ പ്രധാന സന്ദേശ ശൈലി, തീര്‍ച്ചയായും ഹേറ്റ് കാമ്പയിനാണെന്ന കാര്യവും നമുക്ക് ഇന്ന് അറിയാം. ഇന്ത്യയില്‍ ഇന്നുള്ള ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയതയെ കക്ഷിരാഷ്ട്രീയത്തിലേക്ക് ചുരുക്കി പ്രതിഷ്ഠിച്ചപ്പോള്‍, കൃത്യമായ രാഷ്ട്രീയ പ്രവര്‍ത്തനവും ലക്ഷ്യബോധത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയ പ്രവര്‍ത്തനശൈലിയും നിര്‍വഹിച്ചത് സംഘ്പരിവാര്‍ രാഷ്ട്രീയമാണ് എന്നു കാണാം.
കോര്‍പറേറ്റ് താല്‍പര്യങ്ങളെയും അമാനവികതയെയും ഒരുമിപ്പിച്ച് നിര്‍വഹിക്കാന്‍ അവര്‍ക്ക് സാധിച്ചത് ഹേറ്റ് കാമ്പയിന്‍ എന്ന രാഷ്ട്രീയവഴിയിലൂടെയാണെന്നത് ഒരുപക്ഷേ അവര്‍ തന്നെ സമ്മതിച്ചേക്കാവുന്ന വിധം പ്രകടമായ വസ്തുതയാണ്. അത്രമാത്രം പ്രത്യക്ഷതയിലാണ് ഇന്ന് അത് അധിവസിക്കുന്നത്.
ഇത്തരമൊരു സാഹചര്യം നിലനില്‍ക്കെ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒന്നായിരുന്നു യൂത്ത് ലീഗ് റാലിയില്‍ നിന്ന് ഉയര്‍ന്നുകേട്ട മുദ്രാവാക്യം. മുദ്രാവാക്യം മുഴക്കിയ ആള്‍ക്കെതിരെ നടപടിയെടുക്കുമെന്നുള്ള പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്.
അതിനെച്ചൊല്ലിയുള്ള അലസസമീപനത്തിന്റെ ഓരോ സെക്കന്‍ഡിനും പിഴയൊടുക്കേണ്ടിവരുന്നത് ന്യൂനപക്ഷ സമുദായങ്ങള്‍ കൂടിയാണ്. സംശയിക്കേണ്ട, തങ്ങളുടെ അനുയായികളില്‍ നിന്ന് മുഴങ്ങുന്ന മുദ്രാവാക്യങ്ങള്‍ക്ക് ഉത്തരം പറയേണ്ട ബാധ്യത എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും അതിന്റെ ഒന്നാംനിര നേതാക്കള്‍ക്കുമുണ്ട്. ആരാണ് ഈ വരികള്‍ പറഞ്ഞുകൊടുത്തതെന്ന് തീര്‍ച്ചയായും അന്വേഷിക്കണം.
തങ്ങള്‍ വിളിക്കുന്ന മുദ്രാവാക്യം ഏതുതരം പ്രത്യാഘാതമാണ് ഉണ്ടാക്കുന്നതെന്ന് ജാഥയിലെ, തലയ്ക്കുള്ളില്‍ ആള്‍ത്താമസമില്ലാത്ത ആള്‍ക്കൂട്ടത്തിന് അറിയില്ല. കത്തിക്കാന്‍ കാരണം കാത്ത് പെട്രോളുമായി നില്‍ക്കുന്നവര്‍ക്ക് നല്ല വിറകായി മാറുകയാണ് ഈ മുദ്രാവാക്യങ്ങള്‍. ഇടതും വലതും ചേര്‍ത്തുപിടിച്ചുപോകുന്ന കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ഒരു മുദ്രാവാക്യം മതി. അതുകൊണ്ടുതന്നെ അത് എഴുതിക്കൊടുത്തവരെ അന്വേഷിച്ചു പിടിക്കുകയാണ് പരമപ്രധാനമായി ചെയ്യേണ്ടത്.