ഹരിയാന, കശ്മീര്‍ സഖ്യമില്ലാതെ ഭരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് തിരിച്ചറിയണം
എ പി ഇസ്മായീല്‍
രാജ്യത്ത് മറ്റൊരു ജനായത്ത കണക്കെടുപ്പ് കൂടി പൂര്‍ത്തിയായിരിക്കുന്നു. കണക്കുകൂട്ടലുകളും പ്രവചനങ്ങളും അസ്ഥാനത്താക്കുന്ന ഫലമാണ് ജമ്മുകശ്മീര്‍, ഹരിയാനാ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പുറത്തുവന്നിരിക്കുന്നത്. പ്രത്യേകിച്ച് ഹരിയാനയില്‍ എല്ലാ കണക്കുകൂട്ടലുകളും അട്ടിമറിക്കപ്പെട്ട ഫലം. മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം രാജ്യത്തിന്റെ മനസ്സ് എങ്ങോട്ട് എന്ന ചോദ്യത്തിന് ഉത്തരം തേടിയ തിരഞ്ഞെടുപ്പായിരുന്നു ഇത്. മുന്നണി സംവിധാനത്തിലൂടെയും രാഷ്ട്രപതി ഭരണത്തിലൂടെയും തുടര്‍ച്ചയായ 10 വര്‍ഷം അധികാരം കൈയാളിയ ജമ്മുകശ്മീരില്‍ ബി ജെ പി പടിക്കു പുറത്തായപ്പോള്‍ ഹരിയാനയിലെ ഗുസ്തിക്കളരിയില്‍ തുടര്‍ച്ചയായ മൂന്നാം തവണയും അവര്‍ മുഖ്യ എതിരാളിയായ കോണ്‍ഗ്രസിനെ മലര്‍ത്തിയടിച്ചു. ഏറെക്കുറെ കോണ്‍ഗ്രസിനും ഇന്ത്യാ മുന്നണിക്കും വലിയ സാധ്യതകള്‍ ഉണ്ടായിരുന്ന സംസ്ഥാനമായിരുന്നു രണ്ടും. എന്നിട്ടും ഒരിടത്ത് പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയം കോണ്‍ഗ്രസിനും ഇന്ത്യാ മുന്നണിക്കും ലഭിച്ചപ്പോള്‍ മറ്റൊരിടത്ത് ജയം പ്രതീക്ഷിച്ചിടത്ത് ദയനീമായ തോല്‍വി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരിക്കുന്നു. എന്തുകൊണ്ട് ഇങ്ങനെ ഒരു ഫലം എന്നത് പഠിക്കേണ്ടതാണ്.
ഹരിയാനാ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ഇ വി എമ്മില്‍ ക്രമക്കേടും വോട്ടെണ്ണലില്‍ അട്ടിമറിയും ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. സുതാര്യത എത്രത്തോളം എന്ന കാര്യത്തില്‍ ഇപ്പോഴും സുവ്യക്തമായ ഉത്തരം തിരഞ്ഞെടുപ്പ് കമ്മീഷനു പോലും നല്‍കാന്‍ കഴിഞ്ഞിട്ടില്ല. സ്വന്തം പാളയത്തില്‍ വന്ന പാളിച്ചകളെ മറച്ചുപിടിക്കാന്‍ ഒരുപക്ഷേ തല്‍ക്കാലം അവര്‍ക്ക് അതിനെ ആയുധമാക്കിയേക്കാം. പക്ഷേ ഫലം എതിരാകുമ്പോള്‍ കോണ്‍ഗ്രസുകാര്‍ ഇ വി എമ്മിനെ കുറ്റം പറയും എന്നത് ഇന്ന് എതിരാളികള്‍ നിരന്തരം ഉന്നയിക്കുന്ന പരിഹാസ ശരമാണ്. ഏതെങ്കിലും തിരഞ്ഞെടുപ്പ് തോറ്റ ശേഷം ഇ വി എമ്മില്‍ കൃത്രിമം ആരോപിക്കുന്നതിനു പകരം തിരഞ്ഞെടുപ്പിനു മുമ്പ് എന്തുകൊണ്ട് ക്രമക്കേടിനും അട്ടിമറിക്കുമുള്ള സാധ്യത ശാസ്ത്രീയമായി വിശദീകരിക്കാന്‍ കോണ്‍ഗ്രസോ മറ്റു പ്രതിപക്ഷ കക്ഷികളോ തയ്യാറാകുന്നില്ല എന്ന സംശയം സ്വാഭാവികമാണ്.
അസംഭവ്യമെന്ന് കരുതുന്ന തരത്തിലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ ഇത്തരം സംശയങ്ങള്‍ മുമ്പ് പലപ്പോഴും ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഫലം അനുകൂലമാകുന്നുവെന്ന് തോന്നുന്ന ഘട്ടങ്ങളില്‍ ഇതേക്കുറിച്ച് സമ്പൂര്‍ണമായ മൗനം പാലിക്കുന്നത് ആരോപണങ്ങളുടെ മുനയൊടുക്കാന്‍ എതിരാളികള്‍ക്ക് കിട്ടുന്ന ആയുധമാണ്. മാത്രമല്ല, ഇ വി എമ്മില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ തന്നെ, അതു മാത്രമാണ് ഹരിയാനയിലെ കോണ്‍ഗ്രസ് തോല്‍വിക്കു പിന്നിലെന്ന് ധരിക്കുന്നതില്‍ അര്‍ഥമില്ല.
മാസങ്ങള്‍ക്കു മുമ്പു നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവിനുള്ള സാധ്യത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് സംസ്ഥാന ഭരണം തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ് ഏതു തരത്തിലുള്ള ഇടപെടലുകള്‍ നടത്തി എന്നത് പരിശോധിക്കുമ്പോള്‍ നിരാശയാണ് ലഭിക്കുന്ന ഉത്തരം.
പലപ്പോഴും കോണ്‍ഗ്രസിന്റെ പോരാട്ടം രാഹുല്‍ ഗാന്ധിയുടെ ഒറ്റയാള്‍ പോരാട്ടമായി പരിമിതപ്പെടുകയാണ് ചെയ്തത്. അതിനപ്പുറം സംസ്ഥാന ഘടകങ്ങളില്‍ നേതാക്കള്‍ക്കിടയില്‍ യോജിപ്പോ രഞ്ജിപ്പോ ഉണ്ടാക്കുന്നതിലും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുന്നതിലും അവര്‍ ദയനീമായി പരാജയപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇന്ത്യാ സഖ്യമെന്ന വിശാല കാന്‍വാസിലേക്ക് ഒട്ടേറെ കക്ഷികളെ ഒരുമിച്ചുകൂട്ടിയ കോണ്‍ഗ്രസിന്, പക്ഷേ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ ഈ അടവുകള്‍ പാളുന്നു.
പലപ്പോഴും സംസ്ഥാന നേതാക്കളുടെ കടുംപിടിത്തത്തിനു മുന്നില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് നിസ്സഹായരായി നില്‍ക്കേണ്ടി വരുന്നതിന്റെ അനന്തര ഫലം കൂടിയാണ് ഇത്തരം ഫലങ്ങളെന്ന് പറയേണ്ടി വരും. ഹരിയാനയിലെ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ മധ്യപ്രദേശിലും രാജസ്ഥാനിലും അവര്‍ക്ക് എന്തു സംഭവിച്ചുവെന്നത് പരിശോധിച്ചാല്‍ മതിയാകും. അതു തന്നെയാണ് ഹരിയാനയിലും ആവര്‍ത്തിച്ചത്. മുഖ്യമന്ത്രിക്കസേരക്കായി നേതാക്കള്‍ തമ്മില്‍ തിരഞ്ഞെടുപ്പിനു മുമ്പേ തുടങ്ങിയ പിടിവലി വോട്ടെണ്ണി സ്വന്തം തോല്‍വി ഉറപ്പാക്കുന്നതു വരെ തുടര്‍ന്നുവെന്ന് ആര്‍ക്കും ബോധ്യമാകും.
മുഖ്യമന്ത്രി കസേരക്കു വേണ്ടി ഒളിഞ്ഞും തെളിഞ്ഞും ഭൂപീന്ദര്‍ ഹൂഡയും കുമാരി ഷെല്‍ജയും നടത്തിയ കരുനീക്കങ്ങള്‍ ഐക്യത്തോടെയുള്ള കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിച്ചു. ജാട്ട് സമുദായത്തിന്റെ പിന്തുണയില്‍ അമിത ആത്മവിശ്വാസം കണ്ടെത്തിയ കോണ്‍ഗ്രസ്, മറുപക്ഷത്ത് ജാട്ട് ഇതര വോട്ടുകള്‍ ബി ജെ പി സ്വന്തം പോക്കറ്റിലേക്ക് ഏകീകരിക്കുന്നതിനു നടത്തിയ ശ്രമങ്ങള്‍ കാണാതെ പോയി. ആം ആദ്മി പാര്‍ട്ടിയുമായി നടത്തിയ സഖ്യ ചര്‍ച്ചകള്‍ അട്ടിമറിച്ചത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ പിടിവാശിയായിരുന്നു. ഹരിയാനയില്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്കോ കെജ്രിവാളിനോ കഴിഞ്ഞില്ലെങ്കിലും കോണ്‍ഗ്രസിന്റെ തോല്‍വി ഉറപ്പാക്കുന്നതില്‍ അവര്‍ വിജയിച്ചു.
90 അംഗ ഹരിയാനാ നിയമസഭയില്‍ 48 സീറ്റ് നേടിയാണ് ബി ജെ പി മൂന്നാം തവണയും അധികാരത്തിലേക്ക് വഴിതുറന്നത്. ശക്തമായ ഭരണവിരുദ്ധ വികാരവും കര്‍ഷക പ്രക്ഷോഭവും ഗുസ്തി താരങ്ങളുടെ പ്രക്ഷോഭവും ജാട്ട് വിഭാഗങ്ങള്‍ക്കിടയിലെ ബി ജെ പിയോടുള്ള എതിര്‍പ്പുമടക്കം നിരവധി അനുകൂല ഘടകങ്ങളുണ്ടായിട്ടും തിരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കി മാറ്റുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. 37 സീറ്റാണ് ഹരിയാനയില്‍ കോണ്‍ഗ്രസ് നേടിയത്. ജാട്ട് സമുദായത്തിന് മുന്‍തൂക്കമുള്ള മേഖലകളിലടക്കം ഫലം കോണ്‍ഗ്രസിന് എതിരായി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സീറ്റ് നേടിയാണ് ബി ജെ പി ഹാട്രിക് വിജയം കൊയ്തത്.
വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ കാര്യമായ ഒരു ഫലവും പ്രതീക്ഷിക്കുന്നില്ല. മാത്രമല്ല, തിരഞ്ഞെടുപ്പു ഫലം അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ ജയറാം രമേശും പവന്‍ ഖേരയും വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചെങ്കിലും തൊട്ടടുത്ത ദിവസം നടത്തിയ പ്രതികരണത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ഈ നിലപാട് ആവര്‍ത്തിച്ചില്ല എന്നതും ശ്രദ്ധേയമാണ്. ഇ വി എമ്മില്‍ അവിശ്വാസം രേഖപ്പെടുത്തുമ്പോഴും ഫലം അംഗീകരിക്കുമെന്ന സൂചനയാണ് രാഹുല്‍ നല്‍കിയത്. തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പാര്‍ട്ടി ആത്മപരിശോധന നടത്തുമെന്ന പ്രതികരണവും രാഹുല്‍ നടത്തി. തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലും തന്റെ ഈ നിലപാട് രാഹുല്‍ ആവര്‍ത്തിച്ചു. ഹൈക്കമാന്‍ഡിനെ അനുസരിക്കാത്ത സംസ്ഥാന നേതാക്കള്‍ക്കെതിരെ അതൃപ്തി പരസ്യമായിത്തന്നെ രാഹുല്‍ പ്രകടിപ്പിച്ചു.
എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം ഹരിയാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്നാണ് പ്രവചിച്ചിരുന്നത്. എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പാളിയ ചരിത്രം അനേകമുണ്ടെങ്കിലും തിരഞ്ഞെടുപ്പിനു മുമ്പുള്ള ഹരിയാനയുടെ പൊതുവായ മനസ്സ് ഈ എക്സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതിഫലിച്ചിരുന്നു. എന്നാല്‍ അത് മുതലെടുക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. തെക്കന്‍ ഹരിയാനയിലും രാജസ്ഥാനുമായി ചേര്‍ന്നു കിടക്കുന്ന ആഹിര്‍വാള്‍ മേഖലയിലും വന്‍ തിരിച്ചടിയാണ് കോണ്‍ഗ്രസിന് നേരിട്ടത്. ഇവിടെ ബി ജെ പി തൂത്തു വാരി. ഡല്‍ഹിക്കു ചുറ്റും കിടക്കുന്ന പത്തില്‍ എട്ടു സീറ്റിലും ബി ജെ പിയാണ് ജയിച്ചത്. യു പിയുമായി ചേര്‍ന്നു കിടക്കുന്നു ജാട്ട് സ്വാധീന മേഖലകളില്‍ ബി ജെ പിക്കെതിരെ കടുത്ത വികാരമാണ് നിലനിന്നിരുന്നത്. എന്നിട്ടും ഇവിടെ ബി ജെ പി പകുതി സീറ്റുകള്‍ നേടി.
പഞ്ചാബുമായി ചേര്‍ന്നു കിടക്കുന്ന ജാട്ട്- സിഖ് സ്വാധീന മേഖലകളിലും മധ്യ ഹരിയാനയിലുമാണ് കോണ്‍ഗ്രസിന് സ്വാധീനം നേടാനായത്. തൂക്കുസഭ നിലവില്‍ വന്നാല്‍ കിങ് മേക്കറാവാമെന്ന് സ്വപ്നംകണ്ട ദുഷ്യന്ത് ചൗത്താലയും ജനനായക് ജനതാ പാര്‍ട്ടിയും (ജെ ജെ പി) നിലംതൊടാതെ വീണു. ഒരു സീറ്റില്‍ പോലും ജെ ജെ പിക്ക് ജയിക്കാനായില്ല. ഉച്ചാന കലാന്‍ സീറ്റില്‍ മത്സരിച്ച ദുഷ്യന്ത് ചൗത്താല അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇളയ സഹോദരന്‍ ദ്വിഗ്വിജയ് ചൗത്താലയും നിലംപരിശായി. കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിമാരായ ഭജന്‍ലാലിന്റെ ചെറുമകന്‍ ഭവ്യ ബിഷ്ണോയിയും ബന്‍സിലാലിന്റെ ചെറുമകള്‍ ശ്രുതി ചൗധരിയും ബി ജെ പി ടിക്കറ്റില്‍ വിജയം കണ്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിങ് ഹൂഡ വന്‍ മാര്‍ജിനില്‍ വിജയിച്ചു. ബി ജെ പി ടിക്കറ്റില്‍ കളത്തിലിറങ്ങിയ മഞ്ജു ഹൂഡക്കെതിരെ റോത്തക്ക് ജില്ലയിലെ ഗാര്‍ഹി സംപ്ല മണ്ഡലത്തില്‍ 71,465 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഭൂപീന്ദര്‍ ഹൂഡ വിജയിച്ചത്. ഐ എന്‍ എല്‍ ഡി രണ്ട് സീറ്റില്‍ ഒതുങ്ങി.
ജമ്മു കശ്മീരിലെ വിജയം
ഹരിയാനയിലെ തിരിച്ചടിക്കിടയിലും കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നതാണ് ജമ്മുകശ്മീരിലെ വിജയം. കോണ്‍ഗ്രസിനൊപ്പം ഇന്ത്യാ മുന്നണിക്കും. പലതവണ ഉടക്കിപ്പിരിഞ്ഞ ശേഷമാണ് ജമ്മുകശ്മീരില്‍ കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യത്തിന് തയ്യാറായത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് രാഷ്ട്രീയ സഖ്യത്തിന്റെ വില മനസ്സിലാക്കാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് തയ്യാറായപ്പോള്‍ ആ വിശാല മനസ്‌കത ഹരിയാനയില്‍ കോണ്‍ഗ്രസിന് ഇല്ലാതെ പോയി.
ഉമര്‍ അബ്ദുല്ല എന്ന മുന്‍ മുഖ്യമന്ത്രിയുടെ വിജയം തന്നെയാണ് കശ്മീരില്‍ ഇന്ത്യാ സഖ്യം നേടിയതെന്ന് നിസ്സംശയം പറയാം. അധികാരത്തിനു പുറത്തുനിന്ന പത്തു വര്‍ഷവും അയാള്‍ കശ്മീരികളുമായി പുലര്‍ത്തിയ ഇടതടവില്ലാത്ത ബന്ധവും അനുഛേദം 370 റദ്ദാക്കിയതിനെതിരായ നിലപാടുകളും വലിയ തോതില്‍ സ്വീകരിക്കപ്പെട്ടുവെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു. 2014 ലെ തിരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെ ട്വിറ്ററില്‍ ഉമര്‍ അബ്ദുല്ല നല്‍കിയ ഒരു കമന്റുണ്ടായിരുന്നു. അണികളോടുള്ള അഭ്യര്‍ഥന. ”നിരാശരാകരുത്. താന്‍ തിരിച്ചുവരും” എന്ന്. ആ വാക്ക് പത്തു കൊല്ലത്തിനിപ്പുറം അയാള്‍ അന്വര്‍ഥമാക്കിയിരിക്കുന്നു.
ഒരു കക്ഷിക്കും ഭൂരിപക്ഷമില്ലാത്ത തിരഞ്ഞെടുപ്പ് ഫലത്തില്‍ 2014 ല്‍ ബി ജെ പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ മെഹബൂബ മുഫ്തി കൈക്കൊണ്ട തീരുമാനം ബ്രഹ്‌മാണ്ഡ വിഡ്ഢിത്തമായിരുന്നുവെന്ന് അവരേയും അവരുടെ പാര്‍ട്ടിയായ പി ഡി പിയേയും കശ്മീരിലെ ജനങ്ങള്‍ ഈ തിരഞ്ഞെടുപ്പിലൂടെ ബോധ്യപ്പെടുത്തി. പാതിവഴിയില്‍ പാലം വലിച്ച് സര്‍ക്കാറിനെ അട്ടിമറിച്ചും രാഷ്ട്രപതി ഭരണത്തിലേക്ക് വഴിതുറന്നും ബി ജെ പി കശ്മീരില്‍ നടത്തിയ എല്ലാ നീക്കങ്ങളുടേയും ഒന്നാം പ്രതി മെഹബൂബ തന്നെയായിരുന്നു. അന്ന് ബി ജെ പിയുമായി ബാന്ധവുണ്ടാക്കാതെ, നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യത്തിനുള്ള സാധ്യത തിരയുകയോ അതുമല്ലെങ്കില്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ധൈര്യം കാണിക്കുകയോ മെഹബൂബ ചെയ്തിരുന്നുവെങ്കില്‍ സംസ്ഥാന പദവിയും പ്രത്യേക അവകാശവും അടക്കം ഒന്നും കശ്മീരിന് നഷ്ടമാകില്ലായിരുന്നു. ലഡാക്കും ജമ്മുകശ്മീരുമെന്ന് രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി കശ്മീര്‍ വിഭജിക്കപ്പെടില്ലായിരുന്നു. പത്തു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ പത്തു വര്‍ഷത്തിനിടയില്‍ രാഷ്ട്രീയമായും ഘടനാപരമായും വലിയ മാറ്റങ്ങള്‍ക്കാണ് ജമ്മുകശ്മീര്‍ വേദിയായത്. ആ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കശ്മീരികള്‍ തയ്യാറല്ലെന്ന് വ്യക്തമാക്കുന്നതാണ് ജനവിധി.
90 അംഗ കശ്മീര്‍ നിയമസഭയില്‍ 49 സീറ്റ് നേടിയാണ് ഇന്ത്യാ മുന്നണി അധികാരം പിടിച്ചത്. ബി ജെ പി 29 സീറ്റ് നേടിയപ്പോള്‍ വന്‍ തിരിച്ചടി നേരിട്ട മെഹബൂബ മുഫ്തിയുടെ ജമ്മുകശ്മീര്‍ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി (പി ഡി പി) കേവലം മൂന്ന് സീറ്റില്‍ ഒതുങ്ങി. മത്സര രംഗത്തു നിന്ന് മാറി നിന്ന മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പകരം കളത്തിലിറക്കിയ മകള്‍ ഇല്‍തിജ മുഫ്തിയാകട്ടെ ദയനീയമായി പരാജയപ്പെട്ടു. വോട്ടവകാശമുള്ള അഞ്ച് നോമിനേറ്റഡ് അംഗങ്ങളെ മുന്‍കൂറായി നിയമസഭയില്‍ എത്തിച്ച് പിന്‍വാതിലിലൂടെ അധികാരം പിടിക്കാന്‍ ബി ജെ പി നടത്തിയ ശ്രമങ്ങളെപ്പോലും അപ്രസക്തമാക്കുന്ന വിജയമാണ് കശ്മീരില്‍ ഇന്ത്യാ മുന്നണി നേടിയത്. 42 സീറ്റില്‍ വിജയിച്ച നാഷണല്‍ കോണ്‍ഫറന്‍സിന് കോണ്‍ഗ്രസിന്റെ ആറും സി പി എമ്മിന്റെ ഒന്നും അഞ്ച് സ്വതന്ത്രരുടേതും ഉള്‍പ്പെടെ 54 അംഗങ്ങളുടെ പിന്തുണയുണ്ട്.
കശ്മീരില്‍ ഇന്ത്യാ മുന്നണിക്കു നേരിയ മുന്‍തൂക്കമുള്ള തൂക്കുസഭ നിലവില്‍ വരുമെന്നായിരുന്നു എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍. എന്നാല്‍ ഒറിജിനല്‍ ഫലം വന്നപ്പോള്‍ തട്ടിക്കൂട്ട് പ്രവചനങ്ങള്‍ക്ക് നിലനില്‍പ്പില്ലെന്ന് ഒരിക്കല്‍കൂടി തെളിയിച്ചു. ജനാധിപത്യത്തെ ചവിട്ടിമെതിച്ചും സര്‍വാധികാരം അടിച്ചേല്‍പ്പിച്ചും ഒരു ജനതയെ കാല്‍ക്കീഴിലാക്കാമെന്ന് കരുതിയ മോദിക്കും അമിത് ഷാക്കും കശ്മീര്‍ ജനത നല്‍കിയ ഷോക്ക് ട്രീറ്റ്മെന്റ് ആണ് ഈ ജനവിധി. കശ്മീരില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ അവര്‍ നടത്തിയ എല്ലാ അതിരുവിട്ട നീക്കങ്ങള്‍ക്കും ജനം മറുപടി നല്‍കി.
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം അനുഛേദം റദ്ദു ചെയ്തത് സമാനതകളില്ലാത്ത രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്കാണ് കശ്മീരില്‍ വേദിയൊരുക്കിയത്. മെഹബൂബയും ഉമര്‍ അബ്ദുല്ലയും ഫാറൂഖ് അബ്ദുല്ലയും അടക്കമുള്ള നേതാക്കളെ മാസങ്ങളോളം വീട്ടു തടങ്കലില്‍ ആക്കിയും സൈനിക ബലത്തില്‍ പ്രതിഷേധങ്ങളെ അടിച്ചൊതുക്കിയുമാണ് ബി ജെ പി ഈ പ്രതിഷേധങ്ങളെ നേരിട്ടത്. ഈ ബി ജെ പി ഒരിക്കല്‍കൂടി ജമ്മു മേഖലയില്‍ മാത്രം ഒതുങ്ങി. പ്രാദേശിക കക്ഷികള്‍ തകര്‍ന്നടിഞ്ഞതോടെ, അവരെ കൂടെകൂട്ടി വീണ്ടും ഭരണത്തിലെത്താമെന്ന ബി ജെ പി മോഹങ്ങളും കശ്മീരില്‍ ഫലിച്ചില്ല. ദീര്‍ഘകാല ബഹിഷ്‌കരണം ഉപേക്ഷിച്ച് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ജമാഅത്തെ ഇസ്ലാമി ദയനീമാം വിധം തകര്‍ന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബാരാമുല്ലയില്‍ അട്ടിമറി വിജയം നേടിയ എഞ്ചിനിയര്‍ റഷീദിന്റെ അവാമി ഇത്തിഹാദ് പാര്‍ട്ടിക്ക് ശക്തി കേന്ദ്രങ്ങള്‍ പോലും നഷ്ടമായി. ജമാഅത്തെ ഇസ്ലാമിയുടെ പത്ത് സ്ഥാനാര്‍ഥികളും തോറ്റു.
തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിലേക്ക് അധികാര കൈമാറ്റം നടക്കുന്നതിനുള്ള നടപടികളാണ് ഇനി കശ്മീരില്‍ നടക്കാനുള്ളത്. മുഖ്യമന്ത്രി പദത്തില്‍ ഉമര്‍ അബ്ദുല്ല എത്തുന്നതോടെ സ്വന്തം ജനതക്കു നല്‍കിയ വാഗ്ദാനങ്ങളും പ്രതീക്ഷകളും എത്രത്തോളം നിര്‍വഹിക്കാന്‍ കഴിയുന്നു എന്ന കണക്കെടുപ്പ് കൂടി നടക്കും. പിതാവ് ഫാറൂഖ് അബ്ദുല്ലയുടെ കൈപിടിച്ച് രാഷ്ട്രീയത്തില്‍ സജീവമായ ഉമര്‍ അബ്ദുല്ല, സംസ്ഥാനത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന ഖ്യാതിക്ക് ഉടമയാണ്. 2009ല്‍ 39-ാം വയസ്സിലാണ് ആദ്യം സംസ്ഥാന മുഖ്യമന്ത്രിയാകുന്നത്. 2014 വരെ അധികാരത്തില്‍ തുടര്‍ന്നു. 2009 മുതല്‍ നാഷണ്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റാണ്. 1998-2009 കാലയളവില്‍ ശ്രീനനഗര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭാംഗമായിരുന്നു.
ഒരേ ദിവസം പുറത്തുവന്ന രണ്ടു തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കോണ്‍ഗ്രസിനും അതുവഴി ഇന്ത്യാ മുന്നണിക്കും നല്‍കുന്നത് ഒരേ പാഠമാണ്. അമിത ആത്മവിശ്വാസം ആപത്താണ്. സഖ്യമില്ലാതെ തിരഞ്ഞെടുപ്പ് ജയിക്കാമെന്ന വിശ്വാസം ബി ജെ പി പോലും ഉപേക്ഷിച്ച കാലത്ത്, ഇത്തരം മണ്ടന്‍ തീരുമാനങ്ങളിലേക്ക് കോണ്‍ഗ്രസ് എത്തിപ്പെടുന്നതിന്റെ യുക്തികേട് അവര്‍ സ്വയം പരിശോധിക്കേണ്ടതാണ്. സംസ്ഥാന ഘടകങ്ങള്‍ക്കു മേലും നേതാക്കള്‍ക്കുമേലും ഒട്ടും നിയന്ത്രണമില്ലാതെ പോകുന്നതിനെക്കുറിച്ചും കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം. ഉറച്ച തീരുമാനങ്ങള്‍ കൈക്കൊള്ളാനും അതില്‍ ഉറച്ചു നില്‍ക്കാനും കോണ്‍ഗ്രസ് പ്രാപ്തി കാണിക്കേണ്ടിയിരിക്കുന്നു. മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കരുതലോടെയും ജാഗ്രതയോടെയും നിലകൊള്ളാനുള്ള കൃത്യമായ താക്കീതാണ് ഈ ഫലങ്ങള്‍ നല്‍കുന്നത്. ഹരിയാന അല്ല, കശ്മീര്‍ തന്നെയാണ് യുക്തമായ മാതൃക. അത് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ മോദിയോ ബി ജെ പിയോ കോണ്‍ഗ്രസിനു മുന്നില്‍ ഒരിക്കലും ബാലികേറാമലയാവില്ല.