കൊട്ടിയടക്കാതിരിക്കൂ മനസ്സിന്‍റെ വാതിലുകള്‍ – ഹാറൂന്‍ കക്കാട്
കൊറോണ വൈറസ് ലോകത്തെ മുഴുവന്‍ പിടിച്ചുകുലുക്കാന്‍ തുടങ്ങിയ സമയത്താണ് ഞാന്‍ യു എ ഇയില്‍നിന്ന് നാട്ടിലേക്ക് പുറപ്പെട്ടത്. മാര്‍ച്ച് 6-ന് ഉച്ചയ്ക്ക് ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് സുഹൃത്ത് ഷമീം മാറഞ്ചേരി ടേക്ക് കെയര്‍ പറഞ്ഞാണ് എന്നെ യാത്രയാക്കിയത്. ഉച്ച സമയമായതിനാല്‍ വിമാനത്താവളത്തില്‍ തിരക്ക് കുറവാണ്. യാത്രക്കാരില്‍ കൂടുതല്‍ പേരും മാസ്ക് ധരിച്ചിട്ടുണ്ട്.
എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ കോവിഡ്-19ന്‍റെ നിരീക്ഷണഭാഗമായി ഏര്‍പ്പെടുത്തിയ ചില സംവിധാനങ്ങള്‍ക്ക് വിധേയമായി. ശരീരോഷ്മാവ് പരിശോധനയായിരുന്നു അതിലൊന്ന്. കൂടാതെ ഇന്ത്യാ ഗവണ്‍മെന്‍റ് ആരോഗ്യ വകുപ്പ് മന്ത്രാലയം തയ്യാറാക്കിയ സെല്‍ഫ് റിപ്പോര്‍ട്ടിംഗ് ഫോറം പൂരിപ്പിക്കണം. യാത്രക്കാര്‍ സ്വയം സാക്ഷ്യപ്പെടുത്തുന്ന ഈ ഫോറം എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഓഫീസറുടെ സീല്‍ പതിപ്പിച്ച ശേഷം ഇമിഗ്രേഷന്‍ കൗണ്ടറില്‍ നല്‍കുകയും ചെയ്യണം.
രണ്ടാഴ്ചക്കാലത്തെ വീട്ടിലെ കോറന്‍റയ്ന്‍ കാലം പുതിയ ബോധ്യങ്ങള്‍ നല്‍കി. ജീവിതത്തില്‍ ആദ്യമായാണല്ലോ ഇത്തരമൊരു അനുഭവം. വായനയും എഴുത്തും വാട്സാപ്പ് ഗ്രൂപ്പുകളിലെ ചര്‍ച്ചകളും സല്ലാപങ്ങളുമെല്ലാം ദിനരാത്രങ്ങളെ ഊര്‍ജസ്വലമാക്കി. വിവിധ കൂട്ടായ്മകളിലെ വീഡിയോ കോണ്‍ഫ്രന്‍സുകളില്‍ പങ്കെടുത്തപ്പോള്‍ എല്ലാവരും വിളിപ്പാടകലെ തന്നെ ഉണ്ടെന്ന് അനുഭവപ്പെട്ടു. എന്നാല്‍, പുറംകാഴ്ചകള്‍ വല്ലാതെ വേദനിപ്പിക്കുന്നതായിരുന്നു. കോവിഡ് മഹാമാരിയുടെ വ്യാപനത്തിനിടയിലും ചിലരോട് പക തീര്‍ക്കാനുള്ള അവസരമായി ഇക്കാലം ഉപയോഗപ്പെടുത്തുന്ന ദയനീയ കാഴ്ചകള്‍! പ്രവാസികളുടെ പച്ചമാംസമായിരുന്നു പലരുടെയും ഇഷ്ടവിഭവം.
പ്രവാസികള്‍: സമീപനങ്ങളിലെ വൈവിധ്യങ്ങള്‍
കൊറോണ വൈറസ് ലോകമാകെ പിടിച്ചുകുലുക്കും വിധം വാര്‍ത്തയായപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ അതിന്‍റെ ഇളക്കങ്ങളുണ്ടായിരുന്നു. കൊവിഡ്-19 ഉയര്‍ത്തുന്ന പ്രത്യാഘാതങ്ങള്‍, സാമൂഹ്യ പകര്‍ച്ചയെപ്പറ്റിയുള്ള ആകുലതകള്‍, ഇനിയെന്താവും സംഭവിക്കുകയെന്ന അനിശ്ചിതത്വങ്ങള്‍ എന്നിവ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു. എന്നാല്‍, ഈ സമയത്തും സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും രാഷ്ട്രീയ ആക്ഷേപഹാസ്യവുമൊക്കെ അതിന്‍റെ വഴിക്കു തന്നെ നടന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട ചില സംഭവങ്ങള്‍ തന്നെയായിരുന്നു ചിരിയും കളിയുമൊക്കെ ആയി മാറിയത്. അയല്‍വാസിക്ക് ഭ്രാന്തായാല്‍ കാണാന്‍ നല്ല രസമാണല്ലോ?
കേരളത്തില്‍ കൊവിഡ്-19 സ്ഥിരീകരിച്ചവരില്‍ ഗള്‍ഫില്‍നിന്ന് വന്നവരുണ്ട് എന്നത് വസ്തുതയാണ്. അപൂര്‍വ്വം ചിലര്‍ ആരോഗ്യമേഖലയിലെ നിയമങ്ങള്‍ തെറ്റിക്കുകയും ചെയ്തു. എന്നാല്‍ ആരോഗ്യവകുപ്പ് നല്‍കിയ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ച ഒട്ടനേകം പ്രവാസികളുടെ അഭിമാനത്തിന് കനത്ത ക്ഷതമേല്‍പ്പിക്കാന്‍ പലരും വാശിയോടെ മത്സരിക്കുകയായിരുന്നു. പ്രവാസ ജീവിതത്തില്‍ വീണുകിട്ടിയ അവധിക്ക് സ്വന്തം നാടുകളിലെത്തിയ പച്ചയായ മനുഷ്യരുടെ മനസ്സുരുകിയത് പലരും കാണാതെ പോയി.
കൊറോണക്കാലത്ത് ഗള്‍ഫില്‍നിന്ന് തിരിച്ചെത്തിയ പലരും ബന്ധുമിത്രാദികളുടെ മോശം പ്രതികരണങ്ങള്‍ക്ക് ഇരയായത് ഏറെ വേദനാജനകമാണ്. മധുരയിലെ സ്വന്തം വീട്ടില്‍ മടങ്ങിയെത്തിയ കുമാര്‍ എന്ന തമിഴ് പ്രവാസിക്ക് വളരെ ദാരുണമായ അന്ത്യമാണ് നാട്ടുകാര്‍ സമ്മാനിച്ചത്. കൊറോണയുടെ പേരിലുള്ള കള്ളപ്രചാരണം കുമാറിനെ പൂര്‍ണമായും തകര്‍ക്കുകയായിരുന്നു.
ഒരു വീഡിയോയാണ് കുമാറിന്‍റെ ജീവിതം മാറ്റിമറിച്ചത്. വാട്ട്സാപ്പില്‍ കാണുന്നതെല്ലാം ഒന്നു സംശയിക്കുക പോലും ചെയ്യാതെ ഫോര്‍വേഡ് ചെയ്യുന്നവരാണ് ഈ സംഭവത്തിലെ യഥാര്‍ഥ ഉത്തരവാദികള്‍. ഗള്‍ഫ് മുഴുവന്‍ ആധിയിലായ കൊറോണക്കാലത്ത് സ്വന്തം വീടിന്‍റെയും നാടിന്‍റെയും സുരക്ഷിതത്വം തേടിയാണ് കുമാര്‍ മധുരയിലെത്തിയത്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം മാനിച്ച് പതിനാല് ദിവസത്തെ കോറന്‍റയ്നില്‍ പ്രവേശിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ചെറിയ ചുമയും തുമ്മലും വന്നു. പരിശോധനയ്ക്കായി വീട്ടില്‍ എത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ കുമാറിനെ പ്രത്യേക വാഹനത്തില്‍ കൊറോണടെസ്റ്റിനു കൊണ്ടുപോവുന്നത് ആരോ മൊബൈല്‍ക്യാമറയില്‍ പകര്‍ത്തി. ‘സൂക്ഷിക്കണം, നമ്മുടെ നാട്ടിലും കൊറോണ എത്തിയിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ആ വീഡിയോ വാട്ട്സാപ്പില്‍ അതിവേഗം പ്രചരിച്ചു.
ആശുപത്രിയില്‍ നിന്ന് ടെസ്റ്റ് കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ കുമാറിനെ പിന്നീട് ചുറ്റുമുള്ളവര്‍ കണ്ടത് പഴയതുപോലെ ആയിരുന്നില്ല. സാമൂഹ്യമായ ഭ്രഷ്ടിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങി. വല്ലാത്തൊരു മാനസികാവസ്ഥയിലായി കുമാര്‍. അയാള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. അങ്ങനെ ആ ഒരൊറ്റ വീഡിയോ കൊണ്ടുണ്ടായ മാനസികാഘാതങ്ങള്‍ക്ക് ഒരു ദിവസം കൊണ്ട് അയാള്‍ പരിഹാരം കണ്ടു. കുമാര്‍ ആത്മഹത്യയില്‍ അഭയം തേടി. കുമാര്‍ മരിച്ചതിന്‍റെ പിറ്റേ ദിവസമാണ് പരിശോധനാ ഫലം പുറത്തുവന്നത്. അദ്ദേഹത്തിന് കൊറോണ രോഗമില്ലായിരുന്നു.
കൊറോണക്കാലത്ത് അവധിക്കു സ്വന്തം ദേശത്തേക്ക് വന്നവര്‍ നാട്ടുകാരുടെ സമീപനത്തിലെ മാറ്റം കണ്ട് ഞെട്ടിയിരിക്കുകയാണ്. കോറന്‍റയ്ന്‍ കാലാവധി കഴിഞ്ഞ് അത്യാവശ്യത്തിന് പുറത്തിറങ്ങിയ പ്രവാസികളെ കണ്ട നിമിഷം പലവഴിക്ക് ഓടിയ അനുഭവമുണ്ടായവരും കുറവല്ല. നാട്ടിലും വീട്ടിലുമെല്ലാം വൈറസ് വ്യാപനത്തിന്‍റെ വേഗത്തിലാണു മാറ്റങ്ങള്‍. ഗള്‍ഫുകാരന്‍ എത്തിയതോടെ വീട്ടിലെ ജോലിക്കാര്‍ മുങ്ങിയ അനുഭവമാണ് മറ്റൊന്ന്. അകലം പാലിച്ചു ജോലി ചെയ്യുന്ന ചിലരാകട്ടെ വീട്ടിലെ വെള്ളം പോലും കുടിക്കാതായി. പ്രവാസിയെത്തിയാല്‍ അയല്‍വീടുകളിലെ ജനാല പോലും തുറക്കാത്ത സ്ഥിതിയാണ് പലയിടത്തും. പുറത്തിറങ്ങാതെ മുറിയില്‍ ഒറ്റയ്ക്കു കഴിഞ്ഞ ചിലരുടെ ആരോഗ്യസ്ഥിതി ഉറപ്പാക്കാന്‍ ജനാലയിലൂടെ എത്തിനോക്കിയ അയല്‍ക്കാരുമുണ്ട്. കേരളത്തില്‍ കഴിയുന്ന മലയാളികള്‍ തങ്ങളുടെ ശത്രുക്കളായി അവതരിപ്പിക്കുന്നത് പ്രവാസികളെയാണ്. പ്രത്യേകിച്ചും ഗള്‍ഫ് പ്രവാസികളെ. അവരാണ് കേരളത്തില്‍ വൈറസുമായി എത്തുന്നത് എന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കുകയാണ് ചിലര്‍.
ഷാര്‍ജയില്‍ നിന്ന് അവധിക്ക് എത്തിയ കണ്ണൂര്‍ പെരിങ്ങോം സ്വദേശിയെ പനിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചത് അദ്ദേഹത്തിന്‍റെ അടുത്ത ഒരു ബന്ധുവായിരുന്നു. അദ്ദേഹം വയക്കരയിലെ ഒരു ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയെന്നു സംശയിച്ച നാട്ടുകാര്‍ അവിടുത്തെ അന്നദാനം ഉപേക്ഷിച്ചു ഒന്നടങ്കം മുങ്ങി. ഒടുവില്‍ ആയിരത്തിലേറെ പേര്‍ക്കുള്ള ഭക്ഷണം പന്നിഫാമിനു നല്‍കേണ്ടിവന്നു. ഈ കേസിലും രോഗം കോവിഡ് അല്ലെന്നു പിന്നീടു തെളിയുകയും ചെയ്തു.
ചെങ്ങന്നൂര്‍ സ്വദേശിയായ ഒരു സ്ത്രീ വീഡിയോയില്‍ ലോകത്തോട് കെഞ്ചി: “നോക്കൂ, ഞാന്‍ ദുബായില്‍ത്തന്നെയുണ്ട്. നാട്ടിലേക്കു വന്നിട്ടില്ല. ദയവു ചെയ്ത് നാട്ടിലുണ്ടെന്നു വ്യാജ പ്രചാരണം നടത്തരുത്.” കൊറോണ സാഹചര്യത്തില്‍ അവര്‍ നാട്ടിലേക്കു വന്നുവെന്നും ചെങ്ങന്നൂരില്‍ ഉണ്ടെന്നുമുള്ള കള്ളപ്രചാരണത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പായിരുന്നു ഈ സഹോദരിയുടെ വീഡിയോ.
ഗള്‍ഫില്‍ നിന്ന് വന്നവര്‍ ഭൂരിഭാഗവും വീടുകളില്‍ ഒതുങ്ങിയെങ്കിലും അവര്‍ക്ക് രോഗമുണ്ടെന്ന പ്രചാരണം ചിലയിടങ്ങളില്‍ ശക്തമായിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വതീകരിച്ച് വിഷയം സാമാന്യവത്കരിക്കാന്‍ സംഘടിതമായ ശ്രമം ഉള്ളതുപോലെ പലര്‍ക്കും അനുഭവപ്പെട്ടു. പ്രവാസികള്‍ മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ടാണ് നാം കഞ്ഞികുടിച്ച് കഴിഞ്ഞിരുന്നത് എന്ന കാര്യം കേരള മുഖ്യമന്ത്രിക്ക് ഓര്‍മ്മിപ്പിക്കേണ്ട സാഹചര്യം വരെ ഉണ്ടായി. നാടിന്‍റെ നട്ടെല്ലായ പ്രവാസികളെ അപഹസിക്കാന്‍ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൃത്യമായി പറഞ്ഞു.
ഗുരുതരമായ ചില പ്രശ്നങ്ങള്‍
നിരവധി പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഇടത്തരം ജോലികള്‍ ചെയ്യുന്നവര്‍ വലിയ പ്രതിസന്ധിയിലാണ്. സ്ഥാപനങ്ങള്‍ പലതും പ്രവര്‍ത്തിക്കുന്നില്ല. പ്രതിസന്ധി തീര്‍ന്നാലുടന്‍ നാട്ടിലേക്ക് പോകാനും ശമ്പളമില്ലാത്ത അവധിയില്‍ കഴിയാനും തൊഴില്‍ ഉടമകള്‍ പറഞ്ഞു കഴിഞ്ഞു. കാര്യങ്ങള്‍ ശരിയായാല്‍ തിരിച്ചു വിളിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്.
സാമ്പത്തികമാന്ദ്യത്തിന്‍റെ നിഴലിലാണ് ലോകം. ഗള്‍ഫ് രാജ്യങ്ങളെയും ഉറ്റുനോക്കുന്നത് വാണിജ്യത്തകര്‍ച്ചയുടെ നാളുകളാണ്. ഇതെല്ലാം കഴിഞ്ഞ് പഴയ നിലയിലായാലും ഒരുപാടു പേരുടെ ജോലിപോവാനുള്ള സാധ്യതകളുണ്ട്. ജീവനും തൊഴിലിനും വേണ്ടി ഒരേപോലെ പോരാടേണ്ട അവസ്ഥ പ്രവാസികള്‍ക്ക് വന്നുചേര്‍ന്നിരിക്കുന്ന സന്ദര്‍ഭം സങ്കീര്‍ണമായ പ്രതിസന്ധികള്‍ നമ്മുടെ സമൂഹത്തില്‍ സൃഷ്ടിക്കുമെന്നത് ചുരുക്കം.
നാട്ടില്‍വരാതെ ഗള്‍ഫില്‍ കഴിയുന്ന പ്രവാസികളുടെ മനസ്സും പലരും കാണാതെ പോയി. അതിജീവനം മുന്നോട്ടുവെയ്ക്കുന്ന പ്രശ്നങ്ങളും അരക്ഷിതാവസ്ഥകളും ഏറെയാണ്. കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നു. എല്ലാവരും വാടക വീടുകളിലും മുറികളിലും ലേബര്‍ ക്യാമ്പുകളിലുമൊക്കെ കഴിയുന്നു. പലയിടത്തും ഭക്ഷണ സാധനങ്ങള്‍ക്കും അവശ്യ വസ്തുക്കള്‍ക്കും ക്ഷാമമാണ്. അതിനാല്‍, ആളുകള്‍ ഭക്ഷണനേരങ്ങള്‍ വെട്ടിച്ചുരുക്കിയും ജീവിതരീതികള്‍ മാറ്റിയുമെല്ലാം അതിജീവനത്തിനുള്ള ശ്രമങ്ങളിലാണ്.
മലയാളി പ്രവാസികളില്‍ കൊറോണക്കാലത്ത് രൂക്ഷമായ പ്രയാസങ്ങള്‍ അനുഭവിക്കുന്ന നഴ്സുമാര്‍ ഏറെയാണ്. മലയാളി പ്രവാസി നഴ്സുമാര്‍ ഓരോ കാലത്തും ചെയ്ത അതിസങ്കീര്‍ണമായ ജോലിക്ക് പൊതുവില്‍ അവര്‍ അര്‍ഹിക്കുന്ന ആദരം കിട്ടിയിട്ടില്ല. യുദ്ധമുന്നണികളില്‍ മുതല്‍ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിച്ച ഇടങ്ങളില്‍ വരെ ആരോഗ്യ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ചരിത്രമാണ് അവരുടേത്. ഈ കൊറോണക്കാലത്തും അതിസാഹസികമായി അവരതു തുടരുന്നു. ഇതൊക്കെ വിസ്മരിച്ചുകൊണ്ടുള്ള അപവാദ പ്രചാരണങ്ങള്‍ക്ക് എത്ര വേഗമാണ് മലയാളികള്‍ മുന്നിട്ടിറങ്ങിയത്. കൊറോണ വൈറസ് വ്യാപിക്കുന്നതിന് പ്രവാസികളെ ക്രൂശിക്കുന്നവര്‍ ആറ് പതിറ്റാണ്ടിലെ കേരള ചരിത്രത്തെ ഓര്‍ക്കാതെ പോയത് തീര്‍ത്തും സങ്കടകരമാണ്.
കൊറോണക്കാലത്ത് ജീവനുള്ള പ്രവാസികള്‍ മാത്രമല്ല പ്രശ്നങ്ങളില്‍ അകപ്പെട്ടത്. പ്രവാസികളുടെ മൃതദേഹങ്ങളും ദുരിതക്കയങ്ങളിലേക്ക് വീണു. മരണത്തിനു കീഴടങ്ങിയ കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ അവിടെത്തന്നെ പ്രത്യേക സംവിധാനങ്ങളോടെ സംസ്കരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, മറ്റ് രോഗങ്ങളാലും അപകടങ്ങളാലും മരിച്ചവരുടെ മൃതദേഹങ്ങള്‍ പലതും മോര്‍ച്ചറികളിലാണ്. കൂടുതല്‍ മൃതശരീരങ്ങളും നാട്ടില്‍ കൊണ്ടുവരാനാവാതെ അവിടങ്ങളില്‍ത്തന്നെ സംസ്കരിച്ചു. അനേകം വര്‍ഷങ്ങള്‍ വീട്ടില്‍ വരാന്‍ കഴിയാതെ ഗള്‍ഫില്‍ തന്നെ ജീവിച്ചവരുടെ മൃതദേഹങ്ങള്‍ പോലും അവസാനമായി ഒരു നോക്ക് കാണാന്‍ പല കുടുംബാംഗങ്ങള്‍ക്കും കഴിഞ്ഞില്ല.
നേരിടാം, ജാഗ്രതയോടെ
പ്രവാസികള്‍ തങ്ങളുടെ കുടുംബത്തിനും നാടിനും വേണ്ടി അന്നം തേടിപ്പോയവരാണ്. രോഗം വന്നവര്‍ ചികിത്സിച്ച് ഭേദമായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ തന്നെയാണ് ആഗ്രഹിക്കുക, പ്രവാസികളും അങ്ങനെ തന്നെ. കൊറോണ കൊണ്ടുവന്ന ശത്രുവിതാ എന്ന രീതിയിലുള്ള പ്രവാസിയുടെ നേര്‍ക്കുള്ള സൈബര്‍ ആക്രോശങ്ങള്‍ അതീവ ഗുരുതരമാണ്. പ്രവാസികള്‍ ബോധപൂര്‍വ്വം വൈറസുമായി വിമാനമിറങ്ങി എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടികളെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നത് തീര്‍ച്ചയാണ്.
സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന നിരവധി പ്രവാസികള്‍ ലോകത്തിന്‍റെ വിവിധ കോണുകളില്‍ ഇനിയുമുണ്ട്. വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിന്‍റെ ഊഴം കാത്തിരിക്കുകയാണ് കൂടുതല്‍ പേരും; വിശിഷ്യാ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന്.
കുവൈത്ത് സര്‍ക്കാര്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം ഒന്നു മുതല്‍ മുപ്പതു വരെയാണ് ഇതിന്‍റെ കാലാവധി. തീര്‍ച്ചയായും പൊതുമാപ്പിന്‍റെ ആനുകൂല്യത്തില്‍ കേരളത്തിലേക്കും പ്രവാസികള്‍ എത്തും. പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തുന്നവര്‍ക്ക് സൗജന്യ ടിക്കറ്റും വീണ്ടും പുതിയ വിസയില്‍ തിരിച്ചെത്താനുള്ള അനുമതിയും കുവൈത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചാല്‍ കേരളത്തിലേക്ക് വരുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകുമെന്നത് തീര്‍ച്ചയാണ്. വരുന്നവര്‍ സൂക്ഷ്മത പാലിക്കുക. നാട്ടിലുള്ളവര്‍ പ്രവാസികളോടുള്ള സമീപനം മാന്യമാവാന്‍ ശ്രദ്ധിക്കുക.
കൊവിഡ് വൈറസിനെ ജനങ്ങള്‍ കൂടുതല്‍ അറിഞ്ഞിരിക്കുന്നു. കൊവിഡ് ഒരു ഭീകരനാണെന്ന് അവരെ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതില്ല എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ മനുഷ്യരെല്ലാം സ്വയം ഉള്‍വലിഞ്ഞിരിക്കുകയാണ്. രാജ്യം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീടിനുള്ളിലേക്ക് എല്ലാവരും കയറി. വീടിന്‍റെ വാതില്‍ ഓരോരുത്തരും അവരവരുടെ അതിരുകളാക്കി. അതിരുകള്‍ക്കപ്പുറത്ത് അനാവശ്യമായി പോകുന്നത് ഒഴിവാക്കി. അതിരുകള്‍ കടന്നുവരുന്നത് സംശയത്തോടെ നോക്കി. രക്തബന്ധത്തെ പോലും അകലത്തുനിര്‍ത്തിയാണ് സ്നേഹം പ്രകടിപ്പിച്ചത്.
ഐസൊലേഷനും ക്വാറന്‍റയ്നും ഇന്ന് എല്ലാവര്‍ക്കും പരിചിതമായ വാക്കുകളായി മാറി. അങ്ങനെ ഐസൊലേഷനില്‍ പോകുന്നവരുടെ അതിര്‍ത്തി മുറിയുടെ ചുറ്റുമതിലോ വാതിലോ ആയി മാറി. വീട്ടിലുള്ളവര്‍ പോലും വാതിലില്‍ അഥവാ അതിര്‍ത്തിയില്‍ നിന്നുകൊണ്ട് ഭക്ഷണം കൊടുക്കുന്ന സാഹചര്യങ്ങള്‍ നമ്മുടെ നാട്ടിലുമുണ്ടായി. കോളനികളും അപ്പാര്‍ട്ട്മെന്‍റുകളും പട്ടണങ്ങളും ഗ്രാമങ്ങളും അവരുടെ അതിരുകള്‍ അടച്ചിരിക്കുന്നു. അനാവശ്യക്കാരാരും അകത്തു കടക്കുന്നില്ല എന്നവര്‍ ഉറപ്പുവരുത്തുന്നു. അതിരുകളും അതിര്‍ത്തികളുമില്ലാതെ ലോകം മിക്കവാറും ഡിജിറ്റല്‍ യുഗത്തിലേയ്ക്ക് പോകുന്ന കാഴ്ച കൂടി നമ്മള്‍ കണ്ടു. രാജ്യാന്തര സന്ദേശങ്ങള്‍ ഇന്‍റര്‍നെറ്റ് വഴി സ്വീകരിക്കുന്ന രീതി വര്‍ധിച്ചു. മാധ്യമങ്ങളുടെ ഡിജിറ്റല്‍ കോപ്പികള്‍ വ്യാപകമായി. പണമിടപാടുകള്‍ക്ക് ഡിജിറ്റല്‍ മാതൃക മിക്കവരും സ്വീകരിച്ചു.
കൊവിഡ്-19 ബാധിച്ചവരുടെയും രോഗം മൂലം മരിച്ചവരുടെയും എണ്ണം ഇപ്പോള്‍ കാണുന്നതുപോലെയല്ലെന്നും യഥാര്‍ഥ കണക്ക് അതിഭയാനകമാണെന്നും ഓസ്ട്രേലിയന്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ബ്രന്‍ഡന്‍ മര്‍ഫി പറയുന്നു. രോഗബാധിതരുടെ എണ്ണം പത്തു ദശലക്ഷം (ഒരു കോടി) വരുമെന്നാണ് അദ്ദേഹത്തിന്‍റെ നിഗമനം. വിവിധ രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ചവര്‍ക്കെല്ലാം കൃത്യമായ രോഗനിര്‍ണയ പരിശോധന നടന്നിട്ടില്ല. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചെന്ന് അവകാശപ്പെടുന്നവരെല്ലാം രോഗലക്ഷണങ്ങളുമായി ചികിത്സാ സഹായം തേടിയവരാണ്. എന്നാല്‍ ഈ ലക്ഷണങ്ങളൊന്നുമില്ലാത്ത നിരവധി പേര്‍ മരിക്കുകയും അവരുടെ സ്രവങ്ങള്‍ കൊവിഡ്-19 പോസിറ്റിവ് ആണെന്നു കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഓസ്ട്രേലിയന്‍ മെഡിക്കല്‍ സംഘത്തിന്‍റെ തലവന്‍ കൂടിയായ മര്‍ഫിയുടെ നിഗമനം. ഇറ്റലി, സ്പെയ്ന്‍, യു എസ്, യു കെ തുടങ്ങിയ രാജ്യങ്ങളിലെ ആശുപത്രികള്‍ക്കു കൊവിഡ് ബാധിതരെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. നിലവില്‍ ചികിത്സയിലുള്ളതിന്‍റെ അനേകമിരട്ടി ആളുകള്‍ ഒരു ചികിത്സയും കിട്ടാതെ പുറത്തുണ്ട്. അവരിലൂടെ സമൂഹവ്യാപനത്തിനുള്ള സാധ്യത വളരെയാണ്.
നിയമങ്ങള്‍ എല്ലാവരും പ്രാവര്‍ത്തികമാക്കണമെന്നതില്‍ രണ്ടഭിപ്രായമില്ല. പ്രവാസികള്‍ ആരോഗ്യവകുപ്പും കേരള സര്‍ക്കാരും പറയുന്ന കാര്യങ്ങള്‍ അക്ഷരം പ്രതി അനുസരിച്ചേ പറ്റൂ, അതേ നിബന്ധന സ്വദേശികള്‍ക്കുമുണ്ട്. മനുഷ്യരാശി ഇപ്പോള്‍ മൂന്നാം ലോക യുദ്ധത്തിലാണ്. നാം പോരാടുന്നത് അങ്ങേയറ്റം അസാധാരണമായ ഒരു സാംക്രമിക രോഗത്തോടാണ് എന്ന മര്‍മം ഓര്‍ക്കുന്നത് എല്ലാവര്‍ക്കും നന്ന്.
വളരെ നിര്‍ണായകമായ ഒരു സന്ദര്‍ഭത്തിലൂടെയാണ് നമ്മുടെ യാത്ര. ഓരോരുത്തരും ഉത്തരവാദിത്വങ്ങള്‍ പരമാവധി ഭംഗിയോടെ നിര്‍വഹിക്കേണ്ടുന്ന വിലപ്പെട്ട സമയം. പരസ്പരം ചളി വാരിയെറിയേണ്ട ഇരുണ്ട കാലമല്ലിത്. പ്രവാസികളും നിവാസികളും കൂടിച്ചേര്‍ന്നതാണ് നമ്മുടെ സമൂഹം. പരസ്പര പൂരകങ്ങള്‍. അഭിമാനം ആരുടേതായാലും വിലപ്പെട്ടതാണ്. അത് ലോക്ഡൗണിന് ശേഷം ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കടകളില്‍ വാങ്ങാന്‍ കിട്ടുന്ന ഒന്നല്ല എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുക. നിപയും പ്രളയവും അതിജീവിച്ച പാഠങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. കേരളത്തിലെ സര്‍ക്കാര്‍ പരമാവധി കാര്യക്ഷമമായാണ് കൊറോണ ബാധയെ കൈകാര്യം ചെയ്തുവരുന്നത്. ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ നാം മുഖവിലക്കെടുക്കുക. പുതിയ പുലരികള്‍ക്കായ് പ്രാര്‍ഥനയോടെ നമുക്ക് കാതോര്‍ക്കാം.