28 Thursday
March 2024
2024 March 28
1445 Ramadân 18

ഹര്‍ത്താല്‍ ജപ്തി നീതിപൂര്‍വമോ?

സുഫ്‌യാന്‍


പോപുലര്‍ ഫ്രണ്ട് നിരോധിക്കപ്പെടുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്നുള്ള നിയമ നടപടികള്‍ പുരോഗമിക്കുകയാണിപ്പോള്‍. 2022 സെപ്തംബര്‍ 23-ന് നടത്തിയ ഹര്‍ത്താലിന് അഞ്ച് കോടിയിലധികം നഷ്ടമാണ് പ്രാഥമികമായി വിലയിരുത്തിയത്. അതേതുടര്‍ന്ന്, നഷ്ടപരിഹാരത്തുക കെട്ടിവെച്ചാല്‍ മാത്രമേ ഹര്‍ത്താലിന്റെ പേരില്‍ അറസ്റ്റിലായവര്‍ക്ക് ജാമ്യം നല്‍കൂ എന്നായിരുന്നു കോടതിയുടെ തീര്‍പ്പ്. പിന്നീട്, ജാമ്യത്തുക കെട്ടിവെച്ച് പലരും ജാമ്യം നേടിയിരുന്നു.
എന്നാല്‍, ഇപ്പോള്‍ ഈ അഞ്ച് കോടി രൂപ നഷ്ടം തിരിച്ചുപിടിക്കാന്‍ പൊതുമുതല്‍ സംരക്ഷണ നിയമപ്രകാരം ഹര്‍ത്താല്‍ നടത്തിയവരുടെ സ്വത്ത് കണ്ടുകെട്ടാനാണ് കോടതി ഉത്തരവായത്. പോപുലര്‍ ഫ്രണ്ട് നേതാക്കന്മാര്‍ എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ലിസ്റ്റ് പ്രകാരമുള്ള ഇരുനൂറിലധികം നേതാക്കളുടെ സ്ഥാവര ജംഗമ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കേരള ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധമുള്ള നടപടിയാണിത്. കോടതിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ധൃതി പിടിച്ച ഈ നീക്കം സ്വാഭാവിക നീതി നിഷേധിക്കുന്ന തരത്തിലാണ് എന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. മാത്രമല്ല, സര്‍ക്കാര്‍ ജപ്തിക്കായി നല്‍കിയ ലിസ്റ്റില്‍ പോപുലര്‍ ഫ്രണ്ടുകാരല്ലാത്തവരും, ഹര്‍ത്താലിനു മുന്നേ മരണപ്പെട്ടവരും, ഹര്‍ത്താല്‍ സമയത്ത് പ്രവാസിയായിരുന്നവരും ഉള്‍പ്പെട്ടിട്ടുണ്ട്. അതായത്, ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിക്കാന്‍ നേതൃത്വം നല്‍കിയിരുന്നോ എന്ന നിയമപരമായ പരിശോധന നടക്കുന്നതിനു മുമ്പേയാണ് ജപ്തിനടപടികള്‍ പുരോഗമിക്കുന്നത്.
ഡ്യൂ പ്രോസസ്
ഡ്യൂ പ്രോസസ് എന്നത് സ്വാഭാവിക നീതിയുടെ അടിസ്ഥാനമാണ്. ന്യായമായ വാദം കേള്‍ക്കാനുള്ള അവകാശം, ഒരാള്‍ക്കെതിരായ ആരോപണങ്ങള്‍ അറിയിക്കാനുള്ള അവകാശം, കേള്‍ക്കാനുള്ള അവകാശം, സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാനുള്ള അവകാശം, നിഷ്പക്ഷമായി തീരുമാനമെടുക്കാനുള്ള അവകാശം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നിയമവാഴ്ചയുടെ അടിസ്ഥാന വശമാണ് ഡ്യൂ പ്രോസസിന്റെ തത്വം. ലോകമെമ്പാടുമുള്ള പല ഭരണഘടനകളിലും ഇത് കാണപ്പെടുന്നു. ഇതിനായി സ്വീകരിക്കുന്ന പ്രായോഗിക രൂപം രാജ്യങ്ങള്‍ക്കിടയില്‍ വ്യത്യാസപ്പെട്ടേക്കാം.
എന്നാല്‍ അടിസ്ഥാന ആശയം സമാനമാണ്. ഓരോ വ്യക്തികള്‍ക്കും ചില നിയമപരമായ അവകാശങ്ങളുണ്ട്, അത് സര്‍ക്കാര്‍ മാനിക്കണം. ഈ അവകാശങ്ങള്‍ ന്യായവും നിഷ്പക്ഷവുമായ നിയമ നടപടികളിലൂടെ സംരക്ഷിക്കപ്പെടണം എന്നതാണത്. യുനൈറ്റഡ് സ്റ്റേറ്റ്‌സില്‍, ഭരണഘടനയുടെ അഞ്ചാമത്തെയും പതിനാലാമത്തെയും അനുച്ഛേദങ്ങളിലൂടെ ഡ്യൂ പ്രോസസ് പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തി. ഒരു വ്യക്തിക്കും ‘ജീവന്‍, സ്വാതന്ത്ര്യം അല്ലെങ്കില്‍ സ്വത്ത്, നിയമാനുസൃതമായ നടപടിക്രമങ്ങളില്ലാതെ’ നഷ്ടപ്പെടില്ലെന്ന് ഇത് ഉറപ്പ് നല്‍കുന്നു. ന്യായമായ വിചാരണയ്ക്കുള്ള അവകാശം, ശ്രദ്ധിക്കാനുള്ള അവകാശവും കേള്‍ക്കാനുള്ള അവസരവും, ഏകപക്ഷീയമോ വിവേചനപരമോ ആയ പെരുമാറ്റത്തില്‍ നിന്ന് മുക്തമാകാനുള്ള അവകാശം എന്നിവ ഉള്‍പ്പെടുന്ന തരത്തിലാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്.
ഇന്ത്യന്‍ ഭരണഘടന സ്വാഭാവിക നീതി ഉറപ്പുവരുത്തുന്നതിനായി ഊല ജൃീരല,ൈ ജൃീരലറൗൃല ഋേെമയഹശവെലറ യ്യ ഘമം എന്നീ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതികളുടെ ഭാഗം കേള്‍ക്കാനുള്ള അവകാശം ഉറപ്പുവരുത്തുക, നിയമംമൂലം സ്ഥാപിതമായ നടപടിക്രമങ്ങളിലൂടെയല്ലാതെ ശിക്ഷ നടപ്പിലാക്കാതിരിക്കുക എന്നതും ഇതിന്റെ ഭാഗമാണ്. ഹര്‍ത്താല്‍ ജപ്തിയില്‍ ഈ നടപടിക്രമങ്ങളെല്ലാം പാലിക്കപ്പെട്ടോ എന്നതും, മറ്റ് കേസുകളുടെ കാര്യത്തില്‍ കാണാത്ത ധൃതിയുമാണ് വിമര്‍ശനത്തിന് കാരണമായത്. കോടതിയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നതെങ്കിലും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് നീതിപൂര്‍വകമായ സമീപനം ഉണ്ടായോ എന്നത് പരിശോധിക്കേണ്ടതാണ്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x