27 Saturday
July 2024
2024 July 27
1446 Mouharrem 20

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സുല്‍ത്താന്‍

ഹാറൂന്‍ കക്കാട്


1980 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേരി മണ്ഡലത്തിന്റെ വിജയമാഘോഷിക്കുന്നതിന് അരീക്കോട് അങ്ങാടിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലേക്ക് നാട്ടിലെ മുതിര്‍ന്നവരോടൊപ്പം ലോറിപ്പുറത്ത് കയറി കുട്ടികളായ ഞങ്ങളും പോയത് ഓര്‍ക്കുന്നു. ഒരുപാട് പ്രസംഗങ്ങള്‍ക്കിടയില്‍, സദസ്യരെ ജിജ്ഞാസയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ആംഗലേയഭാഷയില്‍ കത്തിപ്പടരുന്ന ഒരാളുടെ വാഗ്‌ധോരണികള്‍ ഞങ്ങളുടെ മനസ്സുകളിലും ഒരു മിന്നല്‍പ്പിണരായി പടര്‍ന്നു. ഇടയ്ക്കിടെ അതിശക്തമായി ഇരുകൈകള്‍ കൊണ്ട് പ്രസംഗപീഠത്തില്‍ ആഞ്ഞടിക്കുമ്പോള്‍ തിങ്ങിക്കൂടിയ ജനക്കൂട്ടം ഹര്‍ഷാരവം മുഴക്കുന്നു! എങ്ങും നിര്‍ത്താത്ത കരഘോഷം!
കര്‍ണാടകയില്‍ വസ്ത്രവ്യാപാരിയായിരുന്ന മുഹമ്മദ് സുലൈമാന്‍ സേട്ടുവിന്റെയും തലശ്ശേരി സ്വദേശിനി സൈനബ് ഭായിയുടെയും മകനാണ് ഇബ്‌റാഹിം സുലൈമാന്‍ സേട്ട്. കച്ച് മേമന്‍ കുടുംബത്തില്‍ 1922 നവംബര്‍ മൂന്നിന് ബംഗളുരുവി ലായിരുന്നു ജനനം. പഠനത്തില്‍ സമര്‍ഥനായിരുന്നു അദ്ദേഹം. തലശ്ശേരിയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1943ല്‍ ബാംഗ്ലൂര്‍ സെന്റ് ജോസഫ്സ് കോളജില്‍ നിന്ന് ബിരുദം നേടി. തുടര്‍ന്ന് അധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങി. കോലാറിലെ റോബര്‍ട്ട് സണ്‍പെട്ട് കെ ജി എഫ് ഗവ. കോളജ്, മൈസൂരിലെ മേലാപ്പ് മാരെയ് ഗവ. കോളജ്, ബ്രിട്ടീഷ് പട്ടാള ഉദ്യോഗസ്ഥരുടെ കോളജ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. എന്നാല്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലായിരുന്നു അദ്ദേഹത്തിന്റെ മുഖ്യശ്രദ്ധ. അങ്ങനെ ഉറച്ച തീരുമാനത്തോടെ അധ്യാപക ജോലികള്‍ ഉപേക്ഷിച്ചു. രാഷ്ട്രീയത്തോടൊപ്പം പരന്ന വായനയും യാത്രയും അദ്ദേഹത്തിന്റെ ഇഷ്ട മേഖലയായിരുന്നു.
1949ല്‍ മട്ടാഞ്ചേരിയിലെ മര്‍യം ബീഗത്തെ വിവാഹം കഴിച്ചു. 1952 മുതല്‍ കൊച്ചിയില്‍ സ്ഥിരതാമസമാക്കി. കേരള പിറവിയോടെ 1956ല്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നതിനുള്ള സൗകര്യത്തിനായി കെ എം സീതി സാഹിബ്, ബി പോക്കര്‍ സാഹിബ് ഉള്‍പ്പെടെ അഭിഭാഷകരും മുസ്‌ലിംലീഗ് സ്ഥാപക നേതാക്കളുമായവര്‍ എറണാകുളത്ത് താമസമാക്കി. വിമോചന സമരകാലത്ത് ഇബ്‌റാഹിം സുലൈമാന്‍ സേട്ടുവും സന്തത സഹചാരിയായ അബ്ദുല്ലാ ഹാജി അഹമ്മദ് സേട്ടുവും എറണാകുളം സബ് ജയിലില്‍ തടവില്‍ കഴിഞ്ഞു. സൈക്കിളിലായിരുന്നു അന്നത്തെ സഞ്ചാരവും പൊതുപ്രവര്‍ത്തനവും.
മുസ്ലിംലീഗിന് വിത്ത് പാകിയ മഹാരഥന്മാരായ നേതാക്കന്മാര്‍ക്കൊപ്പം കൗമാരപ്രായത്തില്‍ തന്നെ പ്രസംഗവേദി പങ്കിടാന്‍ അപൂര്‍വ സൗഭാഗ്യം ലഭിച്ച വ്യക്തിയായിരുന്നു സേട്ട്. 1941ലെ മദിരാശി സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുത്തു. വിദ്യാര്‍ഥികാലം മുതലേ രാഷ്ട്രീയ പ്രവര്‍ത്തനത്തിലും പൊതുപ്രവര്‍ത്തനത്തിലും സജീവമായി. പത്തൊമ്പതാം വയസ്സില്‍ എം എസ് എഫ് മൈസൂര്‍ സിറ്റി കമ്മിറ്റിയുടെ കണ്‍വീനറായി. 1943ല്‍ മുസ്ലിം വിദ്യാര്‍ഥി ഫെഡറേഷന്റെ മലബാര്‍ ജില്ലാ സമ്മേളനത്തില്‍ ഇബ്‌റാഹിം സുലൈമാന്‍ സേട്ടിന്റെ ഇംഗ്ലീഷ് പ്രസംഗം പരിഭാഷപ്പെടുത്തിയത് മഹാനായ കെ എം സീതി സാഹിബായിരുന്നു. അദ്ദേഹം തന്നെയായിരുന്നു രാഷ്ട്രീയ ഗുരുവും.
ഇന്ത്യന്‍ പാര്‍ലമെന്റില്‍ തുടര്‍ച്ചയായി മുപ്പത്തഞ്ച് വര്‍ഷക്കാലം അദ്ദേഹം മുസ്ലിംലീഗിനെ പ്രതിനിധീകരിച്ചു. 1960 മുതല്‍ 66 വരെ രാജ്യസഭാംഗമായി. 1967 മുതല്‍ 1996 വരെ പരാജയമറിയാതെ ലോക്സഭാംഗമായി. കോഴിക്കോട്, മഞ്ചേരി, പൊന്നാനി ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ വിജയം. പാര്‍ലമെന്റില്‍ മനോഹരമായ ആംഗലേയഭാഷയില്‍ സേട്ട് നടത്തിയ പ്രസംഗങ്ങള്‍ ചരിത്രത്തില്‍ വേറിട്ടുനില്‍ക്കുന്നവയാണ്. പാര്‍ലമെന്റിലെ നിരവധി സ്റ്റാന്റിംഗ് കമ്മിറ്റികളില്‍ അദ്ദേഹം അംഗമായിരുന്നു. അമേരിക്ക, ബ്രിട്ടണ്‍, സ്വിറ്റ്സര്‍ലന്റ്, ലബനാന്‍, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പാര്‍ലമെന്ററി പ്രതിനിധി സംഘാംഗമായിരുന്നു.
നെഹ്‌റു മുതല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരുമായി അടുത്ത ബന്ധം സ്ഥാപിച്ച വ്യക്തിയായിരുന്നു സേട്ട്. ഇന്ത്യന്‍ മുസ്ലിംകള്‍ക്കായി ജീവിതം പോരാട്ടമാക്കിയ മഹാമനീഷിയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ, പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി അങ്ങേയറ്റം യത്‌നിച്ചു. ലോക മുസ്ലിം വേദികളില്‍ ഇന്ത്യയുടെ ശബ്ദമായിരുന്നു അദ്ദേഹം.
ഇബ്‌റാഹിം സുലൈമാന്‍ സേട്ടുവിന്റെ എട്ട് പതിറ്റാണ്ടു നീണ്ട ജീവിതം ആദര്‍ശ സംരക്ഷണത്തിനായുള്ള നിരന്തര സമരമായിരുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ ചരിത്രത്തില്‍ ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായീല്‍ സാഹിബ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാലം ദേശീയ അധ്യക്ഷനായത് ഇബ്‌റാഹിം സുലൈമാന്‍ സേട്ടുവാണ്. 1973 മുതല്‍ 1994 വരെ അദ്ദേഹം സംഘടനയുടെ അധ്യക്ഷപദവി അലങ്കരിച്ചു. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ നിര്യാണത്തെ തുടര്‍ന്നാണ് ഇബ്‌റാഹിം സുലൈമാന്‍ സേട്ട് മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റായി ചുമതലയേറ്റത്. മുസ്ലിംലീഗ് അധ്യക്ഷ പദവിയില്‍ തുടര്‍ച്ചയായി 21 വര്‍ഷം ഉണ്ടായിരുന്നു. ഇന്ത്യന്‍ മുസ്ലിംകളുടെ ദുരവസ്ഥക്ക് പരിഹാരത്തിനായി പാര്‍ലമെന്റിലും പ്രധാനമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും മുമ്പാകെയും അദ്ദേഹം ന്യായയുക്തമായ വാദമുഖങ്ങളില്‍ വിഷയമവതരിപ്പിക്കുകയും ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ പൊരുതുകയും ചെയ്തു.
ബാബരി മസ്ജിദ് ധ്വംസനത്തെ തുടര്‍ന്നുണ്ടായ 1994 ലെ നിര്‍ഭാഗ്യകരമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ ലീഗ് രൂപീകരിക്കുകയും അതിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സെന്‍ട്രല്‍ വഖഫ് കൗണ്‍സില്‍ അംഗം, കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍, തിരൂരങ്ങാടി യതീംഖാന മാനേജിംഗ് കമ്മിറ്റി അധ്യക്ഷന്‍ തുടങ്ങി ഒട്ടേറെ പദവികളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചു.
രാഷ്ട്രീയ സത്യസന്ധത, ഇച്ഛാശക്തി, കര്‍മോല്‍സുകത, പ്രതിബദ്ധത, ആര്‍ജവം, പൊതു സ്വീകാര്യത തുടങ്ങിയ ഘടകങ്ങളെല്ലാം സമാസമം സമ്മേളിച്ച നേതാവായിരുന്നു അദ്ദേഹം. വര്‍ഗീയ ഫാസിസത്തോടും ഭരണകൂട ധിക്കാരങ്ങളോടും അധികാര രാഷ്ട്രീയത്തിന്റെ അടിമത്തത്തോടും നിരന്തരമായി കലഹിച്ചു എന്ന സവിശേഷതയാണ് അദ്ദേഹത്തെ ഇപ്പോഴും ചിരസ്മരണീയനാക്കുന്നത്.  
സമ്പന്നതയില്‍ ജനിച്ച് ദരിദ്രനായാണ് ഇബ്‌റാഹിം സുലൈമാന്‍ സേട്ടുവിന്റെ മടക്കം. എറണാകുളം കൃഷ്ണമാര്‍ഗ് റോഡിലെ ചരിത്ര പ്രസിദ്ധമായ അദ്ദേഹത്തിന്റെ അല്‍ഹിലാല്‍ എന്ന വീട് 1996ല്‍ സതേണ്‍ സിമന്റ് കമ്പനിക്ക് വില്‍ക്കേണ്ടിവന്ന സംഭവം ഈ രാഷ്ട്രീയാചാര്യന് അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. കടബാധ്യതകള്‍ തീര്‍ക്കാനായിരുന്നു ആ വില്‍പന. മൂന്നര പതിറ്റാണ്ട് കാലം പാര്‍ലമെന്റ് അംഗമായിരുന്ന അദ്ദേഹം ഇത്തരം വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കും വിധേയനായിരുന്നു. രാഷ്ട്രീയം സാക്ഷാല്‍ രാഷ്ട്രസേവനത്തിന് സമര്‍പ്പിച്ച വലിയ മനസ്സിന് ഉടമയായിരുന്നു അദ്ദേഹം.
2005 ഏപ്രില്‍ 27ന് കാലത്തെ വിസ്മയിപ്പിച്ച ഈ ഇതിഹാസ നായകന്‍ അന്തരിച്ചു. ബംഗളൂരു നഗരപ്രാന്തത്തിലെ ഖുദ്‌സ് സാഹിബ് ഖബര്‍സ്ഥാനിലാണ് ഇബ്‌റാഹിം സുലൈമാന്‍ സേട്ടുവിന്റെ അന്ത്യനിദ്ര.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x