2 Monday
December 2024
2024 December 2
1446 Joumada II 0

എന്‍ പി: പ്രഭാഷണ വേദികളിലെ ശബ്ദ മാധുര്യം

ഹാറൂന്‍ കക്കാട്

മുക്കം കടവ് പാലത്തിനടുത്തുള്ള മണല്‍ത്തിട്ടയില്‍ കാരമൂലയിലെ ഇസ്‌ലാഹി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഒരു പ്രഭാഷണ വേദിയില്‍ നിന്നാണ് ഈണവും താളവും ഇഴചേര്‍ന്ന സംഗീത സാന്ദ്രമായ ആ മാസ്മരിക ശബ്ദവീചികള്‍ ആദ്യമായി കേള്‍ക്കാന്‍ കഴിഞ്ഞത്. സമീപ പ്രദേശങ്ങളിലെ പ്രഭാഷണ പരിപാടികള്‍ ശ്രവിക്കാന്‍ വേണ്ടി മുതിര്‍ന്നവര്‍ സംഘമായി പോവുന്നത് ഞങ്ങളുടെ കുട്ടിക്കാലത്ത്, 1980കളില്‍ പതിവ് കാഴ്ചയായിരുന്നു. പ്രസംഗം കേള്‍ക്കാനായിരുന്നില്ല, വീട്ടുകാരും കുടുംബക്കാരും വാങ്ങിത്തരുന്ന ചായയും എണ്ണക്കടിയും ലഭിക്കുമെന്ന ആഹ്ലാദമായിരുന്നു ഇത്തരം പരിപാടികളില്‍ സജീവമാവാന്‍ കുട്ടികളായ ഞങ്ങളെ പ്രേരിപ്പിച്ചിരുന്നത്.
അന്ന് പക്ഷേ, വെള്ളവസ്ത്രവും കറുത്ത തൊപ്പിയും ധരിച്ച ഒരു കുറിയ മനുഷ്യന്റെ അത്യാകര്‍ഷകമായ ഒരു പ്രസംഗം അച്ചടക്കത്തോടെ ഇരുന്നുകേട്ടത് മനസ്സില്‍ വാടാതെ നില്‍ക്കുന്നുണ്ട്. എന്തൊരഴകാര്‍ന്ന അവതരണരീതി! കേരളം ദര്‍ശിച്ച മികച്ച പ്രഭാഷണ കുലപതി എന്‍ പി അബ്ദുല്‍ഖാദിര്‍ മൗലവിയുടെ സ്വരമാധുരിക്ക് പകരം വയ്ക്കാന്‍ മറ്റൊന്നുണ്ടായിരുന്നില്ല.
എന്‍ പിയുടെ പ്രഭാഷണം കൊടിയത്തൂരിലും ചേന്ദമംഗല്ലൂരിലും കോഴിക്കോട് മുതലക്കുളത്തും പോയി ശ്രവിച്ചത് ജീവിതത്തിലെ ഹൃദ്യമായ ഓര്‍മയാണ്. പിന്നീട്, എടവണ്ണ ജാമിഅ നദവിയ്യയില്‍ പഠിക്കുന്ന കാലത്താണ് എന്‍ പി അബ്ദുല്‍ഖാദിര്‍ മൗലവിയുമായി അടുത്തിടപഴകാന്‍ അവസരമുണ്ടായത്. വിനയവും വിശുദ്ധിയും ലാളിത്യവും വാനോളം ഉയരത്തില്‍ ജീവിതത്തെ അഗാധമായി സ്വാധീനിച്ച പണ്ഡിതനായിരുന്നു അദ്ദേഹം. സ്വന്തം മക്കളോടെന്ന പോലെ എല്ലാ ശിഷ്യരേയും കെട്ടിപ്പിടിച്ച് ചുവന്ന ചുണ്ടില്‍ നിന്ന് പുഞ്ചിരി കലര്‍ന്ന വര്‍ത്തമാനങ്ങള്‍ പിശുക്കില്ലാതെ കോരിച്ചൊരിയുന്ന മാതൃകാഗുരുവായിരുന്നു മൗലവി. പട്ടിണിയും പ്രയാസങ്ങളും എമ്പാടും അതിജീവിച്ച് കടന്നുവന്ന മൗലവി, തന്റെ ശിഷ്യരുടെ വീടുകളിലെ അവസ്ഥകള്‍ കൃത്യമായി അന്വേഷിച്ചറിയുകയും പരിഹാരം കാണുകയും ചെയ്തിരുന്നു. ഒരധ്യാപകന്‍ മാത്രമല്ല, ഒരേസമയം ഒരുപാട് കുട്ടികളുടെ പിതാവ് കൂടിയായിരുന്നു എന്‍ പി.
കേരളീയ നവോത്ഥാന സംരംഭങ്ങളില്‍ മൂന്നര പതിറ്റാണ്ടുകള്‍ ജ്വലിച്ചുനിന്ന വിസ്മയതാരമായിരുന്നു എന്‍ പി എന്ന രണ്ടക്ഷരം. 1947 ആഗസ്ത് 16-ന് കോഴിക്കോട് ജില്ലയിലെ കിനാലൂര്‍ ഗ്രാമത്തില്‍ നീളപ്പറമ്പില്‍ ഇമ്പിച്ചാലിയുടെയും ഉമ്മാച്ചുവിന്റെയും മകനായാണ് എന്‍ പി അബ്ദുല്‍ഖാദിര്‍ മൗലവിയുടെ ജനനം. കിനാലൂര്‍ പഴേടത്ത് പള്ളിദര്‍സിലാണ് മതപഠനം തുടങ്ങിയത്. പൂനൂര്‍, കൊടുവള്ളി തുടങ്ങിയ അക്കാലത്തെ പ്രമുഖ ദര്‍സുകളിലും വിദ്യാര്‍ഥിയായി. പിന്നീട് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് അഫ്ദലുല്‍ ഉലമ ബിരുദവും അലിഗര്‍ മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ നിന്ന് അറബി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി.
പ്രഭാഷണ സദസ്സുകളില്‍ കാതോര്‍ക്കുന്ന ആശയവിരോധികളെ പോലും നിമിഷനേരം കൊണ്ട് കൈയ്യിലെടുക്കുന്ന അത്യുജ്വല വാഗ്മിയായിരുന്നു എന്‍ പി അബ്ദുല്‍ഖാദിര്‍ മൗലവി. ദര്‍സ് പഠനകാലത്ത് തന്നെ സുന്നി വേദികളിലെ മികച്ച പ്രഭാഷകനായി അദ്ദേഹം പ്രശസ്തനായി. മാല മൗലിദുകള്‍ പൂര്‍ണമായും ഹൃദിസ്ഥമായിരുന്നതിനാല്‍ പ്രഭാഷണത്തില്‍ അവ ഈണത്തില്‍ അവതരിപ്പിക്കുക വഴി സദസ്യരുടെ മനംകവരാന്‍ എന്‍ പിക്ക് നിഷ്പ്രയാസം കഴിഞ്ഞു.
1970-കളില്‍ കിനാലൂരിനടുത്ത പൂവമ്പായി സ്‌കൂളില്‍ അറബി അധ്യാപകനായ പൊക്കിട്ടാറ അഹമദ്കുട്ടി മൗലവി ബാലുശ്ശേരി ഭാഗത്ത് ഇസ്‌ലാഹി പ്രവര്‍ത്തനങ്ങളുമായി രംഗത്തുവന്നപ്പോള്‍ അതിനെതിരില്‍ ശക്തമായ പ്രതിരോധങ്ങള്‍ തീര്‍ത്ത് സുന്നി വിഭാഗത്തിന് വേണ്ടി വേദികളില്‍ മുഴങ്ങിയത് എന്‍ പി അബ്ദുല്‍ഖാദര്‍ മൗലവിയുടെ പ്രഭാഷണങ്ങളായിരുന്നു.
കോഴിക്കോട് ജില്ലയിലെ പൂനൂരില്‍ നടന്ന പ്രസിദ്ധമായ രണ്ടാം സുന്നി- മുജാഹിദ് വാദപ്രതിവാദം അലങ്കോലപ്പെടുത്താന്‍ കൊടുവള്ളി ദര്‍സില്‍ നിന്നു പോയ എന്‍ പി ഇമവെട്ടാതെ എ പി അബ്ദുല്‍ഖാദിര്‍ മൗലവിയുടെ പ്രഭാഷണത്തില്‍ അലിഞ്ഞുചേര്‍ന്ന കൗതുകകരമായ കഥ പില്‍ക്കാലത്ത് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അങ്ങനെ നവോത്ഥാന ആശയങ്ങളിലേക്ക് പതിയെ പതിയെ എന്‍ പി ആകൃഷ്ടനാവുകയായിരുന്നു.
ദര്‍സ് പഠനം പൂര്‍ത്തിയായപ്പോള്‍ വയനാട്ടിലെ ഒരു പള്ളിയില്‍ ഖാദിയായി എന്‍ പി ചുമതലയേറ്റു. ആ പ്രദേശത്ത് പ്രമുഖ പണ്ഡിതന്‍ എം ശൈഖ് മുഹമ്മദ് മൗലവി നടത്തിയ ഒരു പ്രഭാഷണമാണ് എന്‍ പി യെ നവോത്ഥാന ആശയത്തിന്റെ പ്രചാരകനും കാവല്‍ഭടനുമാവാന്‍ പ്രേരിപ്പിച്ചത്. പിന്നീട് ശൈഖ് മുഹമ്മദ് മൗലവിയുടെ കൂടെയായിരുന്നു കൂടുതല്‍ സമയവും. ശക്തമായ പിതൃ-പുത്ര ബന്ധമായി അത് വളര്‍ന്നു. പൂര്‍ണമായും ഇസ്‌ലാഹി ആശയങ്ങള്‍ സ്വീകരിച്ച എന്‍ പി പിന്നീട് ശൈഖ് മൗലവിയുടെ തട്ടകമായ അരീക്കോട് ഉഗ്രപുരം മുജാഹിദ് പള്ളിയിലെ ഖതീബും മദ്‌റസാധ്യാപകനുമായി ചുമതലയേറ്റു.
പിന്നീട് സ്റ്റേജുകളില്‍നിന്ന് സ്റ്റേജുകളിലേക്കുള്ള വിശ്രമമില്ലാത്ത പ്രഭാഷണയാത്രകളിലായിരുന്നു എന്‍ പി. നെഞ്ചില്‍ തറക്കുന്ന നര്‍മവും ആവേശം വിതറുന്ന ചരിത്രകഥകളും ചേര്‍ത്തുള്ള എന്‍ പിയുടെ പ്രഭാഷണം ഏത് ആദര്‍ശക്കാരനും ഒരുവേള കേട്ടിരുന്ന് പോവും. അത്രമേല്‍ വശ്യമായിരുന്നു എന്‍ പിയുടെ അവതരണരീതി. അദ്ദേഹത്തിന്റെ ‘മാലകള്‍ നൂലാമാലകള്‍’ എന്ന വിഷയത്തിലുള്ള പ്രഭാഷണം കേരളക്കരയിലും ഗള്‍ഫ് രാജ്യങ്ങളിലും അഭൂതപൂര്‍വമായ വിപ്ലവത്തിന് നാന്തി കുറിച്ചു. ഇവ്വിഷയകമായ എന്‍ പിയുടെ ഓഡിയോ കാസറ്റ് പ്രഭാഷണം പതിനായിരക്കണക്കിന് കോപ്പികള്‍ വില്‍പ്പനയായി ചരിത്രം കുറിച്ചു.
എറണാകുളം പുല്ലേപ്പടി കേന്ദ്രീകരിച്ച് തെക്കന്‍ കേരളത്തിലും കേരളത്തിന് പുറത്ത് കോയമ്പത്തൂര്‍, മംഗലാപുരം ഭാഗങ്ങളിലും എന്‍ പി പ്രഭാഷണവും പ്രബോധന പ്രവര്‍ത്തനങ്ങളുമായി സേവനമനുഷ്ഠിച്ചിരുന്നു. പ്രവര്‍ത്തിച്ച ഇടങ്ങളിലെല്ലാം  അന്ധവിശ്വാസങ്ങളെ വേരോടെ പിഴുതെറിഞ്ഞ് നവോത്ഥാന ചിന്തയുടെ കാമ്പുള്ള വിത്തുകള്‍ നട്ടുവളര്‍ത്തുന്നതില്‍ അസൂയാര്‍ഹമായ പ്രാഗത്ഭ്യവും ത്രാണിയുമുണ്ടായിരുന്നു എന്‍ പിക്ക്.
1978-ല്‍ ദാറുല്‍ ഇഫ്തയുടെ ക്ഷണപ്രകാരം എന്‍ പി വിശുദ്ധ ഹജ്ജ് കര്‍മത്തിനായി മക്കയിലെത്തി. സൗകര്യപ്പെട്ടാല്‍ മദീന യൂനിവേഴ്‌സിറ്റിയില്‍ ഉന്നത പഠനത്തിന് ചേരാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാല്‍ ശൈഖ് ഇബ്‌നു ബാസിന്റെ അനുമതിയോടെ എന്‍ പിയെ കേരളത്തിലേക്ക് ദാറുല്‍ ഇഫ്തയുടെ മുബല്ലിഗായി നിശ്ചയിക്കുകയായിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ എന്‍ പി അവിശ്രമം ഇസ്ലാഹി കര്‍മഭൂമി ഉഴുതുമറിക്കുകയായിരുന്നു. അധ്യാപനം, കോളജ് ഭരണം, സംഘാടനം, ഫണ്ട് സ്വരൂപിക്കാനുള്ള യാത്രകള്‍, പഠനക്ലാസ്, പൊതു പ്രഭാഷണം തുടങ്ങി ഒന്നൊഴിയാതെ കര്‍മനൈരന്തര്യത്തിന്റെ തീക്ഷ്ണമായ പ്രബോധന സംരംഭങ്ങളില്‍ കളംനിറഞ്ഞ് ഓടുകയായിരുന്നു എന്‍ പി എന്ന സാത്വികന്‍.
1978-ല്‍ എടവണ്ണ ജാമിഅ നദവിയ്യയില്‍ അധ്യാപകനായി ചേര്‍ന്നതു മുതല്‍ മരണംവരെ സ്ഥാപന സമുച്ചയങ്ങളുടെ നട്ടെല്ലായി പ്രവര്‍ത്തിച്ച മഹാനാണ് എന്‍ പി. 1992-ല്‍ അദ്ദേഹം ജാമിഅയുടെ പ്രിന്‍സിപ്പലായി സ്ഥാനമേല്‍ക്കുകയും ചെയ്തു. മോങ്ങം അന്‍വാറുല്‍ ഇസ്ലാം സംഘം പ്രസിഡന്റ്, കേരള ജംഇയ്യത്തുല്‍ ഉലമ പ്രവര്‍ത്തകസമിതി അംഗം, കെ എന്‍ എം കൂടിയാലോചനാ സമിതി അംഗം തുടങ്ങിയ പദവികളിലും എന്‍ പി യുടെ നിസ്വാര്‍ഥ സേവനങ്ങള്‍ കാലം അടയാളപ്പെടുത്തിയിട്ടുണ്ട്.
വിശ്രമമില്ലാത്ത പ്രഭാഷണ പരിപാടികള്‍ എന്‍ പിയെ ഹൃദ്രോഗിയാക്കി എന്നു വേണം കരുതാന്‍. 1993-ല്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ എന്‍ പി തെല്ലൊരാശ്വാസം ലഭിച്ചശേഷം വീണ്ടും പൊതു പ്രഭാഷണഗോദയിലേക്ക് ധീരതയോടെ ഇറങ്ങിവന്നു. ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമ സമയത്തും പ്രസംഗത്തിന് ക്ഷണിക്കാന്‍ വന്ന പ്രവര്‍ത്തകരുടെ കൂടെ എന്‍ പി പുഞ്ചിരിയോടെ കേരളത്തിലങ്ങോളമിങ്ങോളം നടന്നുനീങ്ങി.
മരണത്തിന് നാല് ദിവസം മുമ്പായിരുന്നു എന്‍ പിയുടെ അവസാനത്തെ പൊതുപ്രഭാഷണം. മാസപ്പിറവി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ മൊറയൂര്‍ വാലഞ്ചേരിയില്‍ നടന്ന പൊതുയോഗത്തിലായിരുന്നു പരശ്ശതം മലയാളികളുടെ മനംകവര്‍ന്ന ആ സൗമ്യ ശബ്ദത്തിന്റെ വിടവാങ്ങല്‍ പ്രസംഗം നടന്നത്. 1999 ഫെബ്രുവരി എട്ടിന് അര്‍ധരാത്രി എന്‍ പി അബ്ദുല്‍ഖാദിര്‍ മൗലവി മരണപ്പെടുകയായിരുന്നു.

Back to Top