5 Thursday
December 2024
2024 December 5
1446 Joumada II 3

പി ടി: ഗൃഹാതുരതയുടെ പാട്ടുകാരന്‍

ഹാറൂന്‍ കക്കാട്

കോഴിക്കോട് ആകാശവാണി നിലയത്തിലൂടെ 1980 കാലഘട്ടത്തില്‍ നിത്യേനയെന്നോണം ആസ്വദിച്ചിരുന്ന ചില ഗാനങ്ങളുണ്ടായിരുന്നു. ഓരോരുത്തരുടേയും അഭിരുചികള്‍ക്ക് അനുസൃതമായി ഇഷ്ടമുള്ള പലതരം ഗാനങ്ങള്‍! നാട്ടുകവലകളിലെ ചായമക്കാനികളില്‍ നിന്ന് ഉയരുന്ന പാട്ടുകള്‍ ജനം ആഹ്ലാദത്തോടെ ആസ്വദിച്ചിരുന്നു അന്ന്!
ഒട്ടകങ്ങള്‍ വരിവരി വരിയായ്, ഓത്തുപള്ളീലന്നു നമ്മള്‍ പോയിരുന്ന കാലം, മിഹ്‌റാജ് രാവിലെ കാറ്റേ, കാഫ് മല കണ്ട പൂങ്കാറ്റേ, അറഫാ മലയ്ക്കു സലാം ചൊല്ലി…. ഇങ്ങനെ എപ്പോഴും കേള്‍ക്കാന്‍ കൊതിച്ച ഗാനങ്ങള്‍ പലതായിരുന്നു. ഇത്തരം നിരവധി ഹിറ്റ്ഗാനങ്ങളുടെ രചയിതാവായ പി ടി അബ്ദുറഹിമാനെ ഞാനാദ്യമായി കാണുന്നത് കോഴിക്കോട് റെയില്‍വെസ്റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഐ എസ് എം സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്നാണ്. 1994-ല്‍ യുവത ബുക്‌സ് പുറത്തിറക്കിയ പി ടിയുടെ ‘യോദ്ധാക്കളുടെ വരവ്’, ‘വ്രതഗീതങ്ങള്‍’ എന്നീ പുസ്തകങ്ങളുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടി വന്നതായിരുന്നു അദ്ദേഹം. പി ടിയുടെ പാട്ടുകള്‍ പോലെത്തന്നെ ഹൃദ്യമായിരുന്നു അദ്ദേഹത്തിന്റെ സംസാരവും. വിനയവും ലാളിത്യവും നിറഞ്ഞ വ്യക്തിത്വം!
1940 മെയ് 15-ന് കോഴിക്കോട് ജില്ലയിലെ വടകരയില്‍ എ വി ഇബ്‌റാഹീമിന്റെയും പി ടി ആയിഷയുടേയും മകനായാണ് പി ടി അബ്ദുറഹിമാന്‍ ജനിച്ചത്. ബാല്യത്തിലേ പരന്ന വായനയും എഴുത്തും അദ്ദേഹത്തിന്റെ ദിനചര്യയായിരുന്നു. സ്‌കൂള്‍ പഠനത്തിനു ശേഷം മലബാര്‍ മാര്‍ക്കറ്റ് കമ്മിറ്റി ഓഫീസില്‍ ജോലിക്കാരനായി നിയമിതനായ അദ്ദേഹം ആ തിരക്കുകള്‍ക്കിടയിലും എഴുതാന്‍ പ്രത്യേകം സമയം കണ്ടെത്തി. ‘കടത്തനാട്’ എന്ന പേരിലായിരുന്നു അന്ന് അദ്ദേഹം എഴുതിയത്. കവിതയും പാട്ടുകളുമായിരുന്നു ഇഷ്ട മേഖല. ആകാശവാണിക്ക് വേണ്ടി അക്കാലത്ത് തന്നെ നിരവധി ഗാനങ്ങള്‍ പി ടി എഴുതിയിരുന്നു.
നാട്ടുകാരനായ വടകര അബൂബക്കറാണ് പി ടി അബ്ദുറഹിമാന്റെ പ്രതിഭാധനതയുടെ ആഴം തിരിച്ചറിഞ്ഞത്. അദ്ദേഹം തന്റെ നാടകങ്ങള്‍ക്ക് ഗാനങ്ങള്‍ എഴുതാന്‍ നിരവധി അവസരങ്ങള്‍ നല്‍കി. അങ്ങനെ ചെറുപ്രായത്തില്‍ തന്നെ പി ടി ഒരുപാട് പ്രഫഷണല്‍ ഗാനങ്ങള്‍ എഴുതി. ഇതോടെ അദ്ദേഹം നാട്ടിലും പരിസരങ്ങളിലും അറിയപ്പെടാന്‍ തുടങ്ങി. ഒരു സംഭവത്തേയോ വ്യക്തിയേയോ കുറിച്ച് നിമിഷ മാത്രയില്‍ ഗാനം രചിക്കുന്നത് പി ടിക്ക് പ്രയാസമുള്ള കാര്യമായിരുന്നില്ല.
നാല്‍പ്പത്തിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ചെന്നൈ എച്ച് എം വി സ്റ്റുഡിയോയില്‍ ലൈലാ മജ്‌നു എന്ന ആല്‍ബത്തിന്റെ റിക്കാര്‍ഡിംഗ് ജോലികള്‍ പൂര്‍ത്തിയായപ്പോള്‍ ഡിസ്‌കില്‍ ഒരു പാട്ടിന് കൂടിയുള്ള സ്‌പെയ്‌സ് അവശേഷിച്ചു. ‘ഇനിയിപ്പോള്‍ പെട്ടെന്ന് ഒരു പാട്ട് എങ്ങനെ ഉണ്ടാക്കാന്‍ കഴിയും’ എന്ന് പ്രമുഖ ഗായകനും സംഗീത സംവിധായകനുമായ പീര്‍ മുഹമ്മദ് ആധിയിലായപ്പോള്‍ ‘ഞാനൊന്ന് ശ്രമിച്ച് നോക്കട്ടെ’ എന്നായിരുന്നു കൂടെയുണ്ടായിരുന്ന പി ടിയുടെ പ്രതികരണം. തികച്ചും അവിശ്വസനീയമായ സംഭവ വികാസങ്ങളാണ് പിന്നീട് അരങ്ങേറിയത്. അഞ്ച് മിനുട്ടിനകം ഇരുപത് വരികളുള്ള ഒരു പാട്ടെഴുതി പി ടി അബ്ദുറഹ്മാന്‍ എന്ന കവി എല്ലാവരെയും വിസ്മയിപ്പിച്ചു. ഉടനെത്തന്നെ പീര്‍ മുഹമ്മദ് ആ വരികള്‍ക്ക് ഈണം നല്‍കി. അദ്ദേഹവും ഷൈലജയും ചേര്‍ന്ന് ആലപിച്ച ആ ഗാനം കേരളക്കരയേയും ഗള്‍ഫ് നാടുകളേയും ഇളക്കിമറിച്ച സൂപ്പര്‍ഹിറ്റ് ഗാനമായ് ചരിത്രത്തില്‍ ഇടം നേടി. ‘ഒട്ടകങ്ങള്‍ വരിവരി വരിയായ് / കാരക്ക മരങ്ങള്‍ നിരനിര നിരയായ്…’ എന്ന് തുടങ്ങുന്ന ആ ഗാനത്തിന്റെ പിറവി ഇങ്ങനെയായിരുന്നു! പ്രവാചക നിയോഗത്തിന്റെ മഹിതമായ സന്ദേശം മനോഹരമായ രൂപഭാവത്തോടെ ഇതള്‍ ചേര്‍ന്ന ഈ പാട്ട് നാലര പതിറ്റാണ്ട് പൂര്‍ത്തിയാവുമ്പോഴും ഇന്നും നമ്മുടെ മനസ്സില്‍ ഒളിമങ്ങാതെ നിറഞ്ഞുനില്‍ക്കുന്നു!
തന്റെ കഠിനാധ്വാനം കൊണ്ട് ആര്‍ജിച്ച സര്‍ഗസിദ്ധി സാമൂഹ്യ പരിഷ്‌കരണത്തിനും നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി ബോധപൂര്‍വം ഉപയോഗപ്പെടുത്തിയ കവിയാണദ്ദേഹം. വിശ്വാസ വിമലീകരണത്തിനും ജീവിത പുരോഗതിക്കും പ്രചോദനമാവുന്ന ആശയങ്ങള്‍ തന്റെ രചനകളില്‍ എമ്പാടും അദ്ദേഹം ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
കാലഘട്ടത്തിന് ദിശാബോധം നല്‍കുന്ന നിരവധി ഐതിഹാസിക ചരിത്രങ്ങളെകുറിച്ച് അദ്ദേഹം ഒരുപാട് എഴുതി. പി ടിയുടെ കാവ്യരചനക്ക് വിഷയീഭവിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ വിരളമാണ്. അലങ്കാര വര്‍ണനകളോട് കൂടിയ സൂക്ഷ്മഭാവനകള്‍ക്ക് അനുവാചകരുടെ ഹൃദയങ്ങളിലേക്ക് ആഴത്തിലിറങ്ങിച്ചെല്ലുന്ന മനോഹരമായ ശൈലി അദ്ദേഹത്തിന്റെ കവിതയിലുടനീളം കാണാം. പച്ചമലയാളത്തില്‍ കോര്‍ത്തിണക്കിയ പ്രാസങ്ങളും ഉള്‍പ്രാസങ്ങളും ഉള്‍കൊള്ളിച്ചു കൊണ്ട് ശ്രവണ മധുരമായ പാട്ടുകള്‍ രചിക്കുന്നതില്‍ പി ടിയുടെ ശേഷി വിസ്മയകരമാണ്.
കമ്പി, കഴുത്ത്, വാല്‍ക്കമ്പി, വാലുമ്മല്‍ കമ്പി തുടങ്ങിയ മാപ്പിളപ്പാട്ടിന്റെ അടിസ്ഥാന പ്രാസനിയമങ്ങള്‍ ചോരാതെ പാട്ടുവഴിയില്‍ ഒട്ടേറെ പുതുമകള്‍ സൃഷ്ടിച്ച കവിയാണ് പി ടി. മതവും മതചിഹ്നങ്ങളും ജാതിയും എല്ലാം സങ്കുചിതമായ അതിര്‍വരമ്പുകളില്‍ തളക്കപ്പെട്ട് മനുഷ്യര്‍ പരസ്പരം ആയുധമണിഞ്ഞു പൊരുതിയപ്പോള്‍ സര്‍ഗാത്മക പ്രതിരോധങ്ങളിലൂടെ പി ടി ശക്തമായി നിലകൊണ്ടു. മാപ്പിളപ്പാട്ട് കാലത്തോടു സംവദിക്കുന്ന കലയാണെന്ന് തെളിയിക്കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്നു പി ടി. കലയും സാഹിത്യവുമെല്ലാം സമൂഹത്തില്‍ നിര്‍വഹിക്കുന്ന ധര്‍മവിചാരം എന്താണ് എന്ന് പി ടി പാട്ടുകളിലൂടെ മലയാളികളെ നിരന്തരം ബോധ്യപ്പെടുത്തി.
‘ഓത്തുപള്ളീലന്നു നമ്മള് പോയിരുന്ന കാലം / ഓര്‍ത്തു കണ്ണീര്‍ വാര്‍ത്തുനില്‍ക്കയാണു നീലമേഘം / കോന്തലക്കല്‍ നീയെനിക്കായ് കെട്ടിയ നെല്ലിക്ക / കണ്ടു ചൂരല്‍ വീശിയില്ലേ നമ്മുടെ മൊല്ലാക്കാ’….
പി ടി അബ്ദുറഹിമാന്‍ രചിച്ച ഈ കവിതക്ക് സംഗീത സംവിധാനം നിര്‍വഹിച്ച് ശബ്ദം നല്‍കിയത് പ്രമുഖ ഗായകന്‍ വടകര കൃഷ്ണദാസ് ആയിരുന്നു. പി ടി സിനിമയ്ക്കു വേണ്ടി എഴുതിയതായിരുന്നില്ല ഇത്. പിന്നീട് രാഘവന്‍ മാഷുടെ സംഗീത സംവിധാനത്തില്‍ ഇത് ചലച്ചിത്രത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. മലയാളികള്‍ക്ക് ഗൃഹാതുരത്വം തീര്‍ക്കുന്ന ഈ ഗാനം വളരെയേറെ പ്രശസ്തി നേടി.
മാപ്പിളഗാനങ്ങളില്‍ കവിതാംശം ഏറ്റവും കൂടുതലുള്ള വരികള്‍ എഴുതിയ കവി പി ടി യാണ്. അതെല്ലാം തന്നെ സൂപ്പര്‍ ഹിറ്റുകളുമാണ്. നൂറുകണക്കിനു ഹിറ്റുകള്‍ പി ടിയുടെ തൂലികയില്‍ നിന്ന് പിറന്നു. മലയാളികള്‍ അതേറ്റു പാടി.
കിസ്സ, കെസ്സ്, കത്ത്, ബദര്‍, മാല തുടങ്ങി മാപ്പിളപ്പാട്ടിന്റെ വിവിധ ശാഖകളിലായി 1500ല്‍ പരം ഗാനങ്ങളാണ് പി ടി എഴുതിയത്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ മാപ്പിളപ്പാട്ടുകള്‍ രചിച്ച കവി കൂടിയാണ് പി ടി എന്ന വടകരക്കാരന്‍.
‘എന്താണൊരു കാറ്റും ഇടിയും കേള്‍പ്പൂ / എന്താണൊരു ശബ്ദം മുഴങ്ങിക്കേള്‍പ്പൂ
/ വിധിയില്‍ വിറയ്ക്കാത്തൊരിബ്‌റാഹീമേ / മഹിയില്‍ വിജയിച്ചെന്‍ പ്രിയ റസൂലേ /
മരിക്കില്ലിസ്മാഈല്‍ അവന്‍ നിന്‍വര്‍ഗം / ഒരുക്കിയിരിക്കുന്നു നിനക്ക് സ്വര്‍ഗം….’
പി ടിയുടെ ഈ ഗാനത്തിന്റെ ആശയ വൈപുല്യം നമ്മെ അത്ഭുതപ്പെടുത്തുന്നു. ഇങ്ങനെ എത്രയെത്ര ആശയ സമ്പുഷ്ടവും അര്‍ഥഗര്‍ഭവുമായ പാട്ടുകളാണ് പി ടി കൈരളിക്ക് സമ്മാനിച്ചത്. അമൂല്യമായ സംഭാവനകള്‍! രാഗമാലിക, നീലദര്‍പ്പണം, യാത്രികര്‍ക്ക് ഒരു വെളിച്ചം, ഒരിന്ത്യന്‍ കവിയുടെ മനസ്സില്‍, യോദ്ധാക്കളുടെ വരവ്, പ്രേമഗാഥകള്‍, കറുത്ത മുത്ത്, കാവ്യസ്വപ്‌നങ്ങളുമായി കവരത്തിയില്‍, വ്രതഗീതങ്ങള്‍, പച്ചക്കിളി, അരിപ്പക്കുട എന്നിവ പി ടിയുടെ പ്രധാന കൃതികളാണ്. ബേപ്പൂര്‍ സുല്‍ത്താന്റെ ‘ബാല്യകാലസഖി’ പി ടി ഗാനമായി ആവിഷ്‌കരിച്ചിട്ടുണ്ട്.
ചങ്ങമ്പുഴ പുരസ്‌കാരം, എന്‍ എന്‍ കക്കാട് അവാര്‍ഡ്, കുവൈത്ത് കള്‍ച്ചറല്‍ സെന്ററിന്റെ സി എച്ച് മുഹമ്മദ് കോയ അവാര്‍ഡ്, ഷാര്‍ജ മലയാണ്മ അവാര്‍ഡ്, വാമദേവന്‍ ഏഴുമംഗലം അവാര്‍ഡ്, അബുദാബി മുസ്‌ലിം റൈറ്റേഴ്‌സ് ഫോറം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ പി ടിക്ക് ലഭിച്ചിട്ടുണ്ട്. ഒരിക്കലും മറക്കാത്ത പാട്ടുകളുടെ പാലാഴി സൃഷ്ടിച്ച മലയാളികളുടെ പ്രിയങ്കരനായ പി ടി അബ്ദുറഹിമാന്‍ മധുരാര്‍ദ്രമായ ഓര്‍മകള്‍ സമ്മാനിച്ച് 2003 ഫെബ്രുവരി ഒമ്പതിന്, അറുപത്തിമൂന്നാമത്തെ വയസ്സില്‍ നിര്യാതനായി.

Back to Top