ഓര്‍മച്ചെപ്പ്
ഹാറൂന്‍ കക്കാട്
കോടമഞ്ഞിനാല്‍ മൂടുപടമണിഞ്ഞ പശ്ചിമഘട്ടത്തിലെ വെള്ളരിമലയില്‍ നിന്ന് ഉത്ഭവിക്കുന്ന ഇരുവഴിഞ്ഞിപ്പുഴ അനുസ്യൂതം ഒഴുകുകയാണ്. സമൃദ്ധിയുടെ പ്രതീകമായ ഈ പുഴയില്‍ നിന്നായിരുന്നു പണ്ടുകാലങ്ങളില്‍ ഗ്രാമീണരുടെ ഓരോ ദിവസവും തുടങ്ങിയിരുന്നത്. പുഴക്ക് സമാന്തരമായി നീണ്ടുകിടക്കുന്ന ചെമ്മണ്പാതയുടെ ഓരങ്ങളില്‍ തഴച്ചുനില്ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ കരിയും നുകവും തോളിലേറ്റി കാളകള്‍ക്ക് പിന്നാലെ പാടത്തേക്ക് അന്നംതേടി പോകുന്ന കര്‍ഷകരും പള്ളിക്കൂടത്തിലേക്കു വിദ്യ തേടി പോവുന്ന കുട്ടികളും അക്കാലത്തെ ഹൃദ്യമായ ഗ്രാമീണ കാഴ്ചയായിരുന്നു. ഒരു നാടിന് ഭൗതികവും ബൗദ്ധികവുമായ അമൃത് ഉദ്പാദിപ്പിക്കുന്ന രണ്ട് തലമുറകളുടെ പ്രതിനിധികള്‍!
ഇരുവഴിഞ്ഞിപ്പുഴയില്‍ ബാല്യകാല കൗതുകങ്ങള്‍ നട്ടുവളര്‍ത്തിയ ശാന്തനായ ഒരു വിദ്യാര്‍ഥി അക്കൂട്ടത്തിലുണ്ടായിരുന്നു. പില്ക്കാലത്തു കേരളം കണ്ട മികച്ച ഹദീസ് പണ്ഡിതനായ എം ശൈഖ് മുഹമ്മദ് മൗലവി. വശ്യമായ ആ ഗ്രാമീണ പൈതൃകം ശൈഖിന്റെ സ്വഭാവ രൂപീകരണത്തെയും സ്വാധീനിച്ചിരുന്നു.
‘മഞ്ചറാപ്പ’ എന്ന പേരില്‍ പ്രശസ്തനായ കക്കാടിലെ മഞ്ചറ അഹമദ് ഹാജിയുടെയും കൊടിയത്തൂര്‍ താളത്തില്‍ ഇയ്യാത്തുമ്മയുടെയും പത്ത് മക്കളിലൊരാളായ ശൈഖ് മൗലവി കൊടിയത്തൂര്‍ മദ്റസ, എല്‍ പി സ്കൂള്‍ എന്നിവിടങ്ങളിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. വാഴക്കാട് ദാറുല്‍ ഉലൂം, മാട്ടൂല്‍, പെരിങ്ങത്തൂര്‍ പള്ളിദര്സുകള്, വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്ത് എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം മദ്രാസ് യൂനിവേര്‍സിറ്റിയില്‍നിന്ന് അഫ്ദലുല്‍ ഉലമ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി. പൗരസ്ത്യഭാഷയിലും അദ്ദേഹം ബിരുദം നേടി.
മതപ്രമാണമായ പ്രവാചക മൊഴികളോട് ബാല്യകാലത്ത് തന്നെ അദ്ദേഹത്തിന് അടങ്ങാത്ത അഭിനിവേശമായിരുന്നു. ഹദീസുകളെ കുറിച്ച് ആഴത്തിലുള്ള പഠനം അദ്ദേഹം ജീവിതസപര്യയാക്കി. എണ്ണമറ്റ ഹദീസുകള്‍ ആശയ സമ്പുഷ്ടതയോടെ മനപ്പാഠമാക്കി. ഹദീസ് സംബന്ധമായ സംശയങ്ങള്‍ക്ക് ആര്‍ക്കും എപ്പോഴും സമീപിക്കാവുന്ന സര്‍വ വിജ്ഞാനകോശമായി ശൈഖ് മൗലവി വളര്‍ന്നു.
കേരളത്തിലെ ഹദീസ് പണ്ഡിതരിലെ അഗ്രേസരനായി അദ്ദേഹം ചരിത്രത്തില്‍ ഇടംനേടി. കടുത്ത വിമര്‍ശകരോട് പോലും വളരെ യുക്തിസഹമായ രീതിയിലായിരുന്നു മൗലവിയുടെ സമീപനങ്ങള്‍. കേരളത്തിലെ ആദ്യകാലത്തെ പല മഹല്ലുകളിലും മലയാള ഖുത്ബകള് ആരംഭിക്കുന്നതില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. കോഴിക്കോട് ജില്ലയിലെ കടലുണ്ടി പോലെയുള്ള പ്രദേശങ്ങള്‍ ഇതിനുദാഹരണമാണ്.
പൗരാണിക കേരളത്തിന്റെ മതാന്തരീക്ഷത്തെ പ്രകാശമാനമാക്കുന്നതില്‍ ശൈഖ് മൗലവിയെ പോലെയുള്ള നിസ്വാര്‍ഥ പണ്ഡിതരുടെ ഭാഗധേയം നിസ്തുലമാണ്. സ്വന്തം സമുദായത്തില്‍ രൂഢമൂലമായിരുന്ന അനാചാരങ്ങളെ ഇല്ലായ്മ ചെയ്യാനും ആധുനിക വിദ്യാഭ്യാസത്തിനു അവരെ പ്രേരിപ്പിക്കാനും പ്രയത്നിച്ച ശൈഖ് മൗലവിയുടെ ജീവിതം തലമുറകളുടെ പാഠപുസ്തകമാണ്. കേരളത്തിലെ മത ധാര്‍മിക വൈജ്ഞാനിക മുന്നേറ്റത്തിനു ശക്തി പകരുന്നതിനു ആദ്യകാല നവോത്ഥാന നേതാക്കളുടെ കൂടെ അദ്ദേഹവും അഹോരാത്രം പണിയെടുത്തു. നഴ്സറി മുതല്‍ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതിന് മുമ്പില്‍നിന്ന് പ്രവര്‍ത്തിച്ചു. അരീക്കോട് സുല്ലമുസ്സലാം, വളവന്നൂര്‍ അന്‍സാര്‍ കോളേജ് തുടങ്ങിയ ഒട്ടേറെ വിജ്ഞാന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതില്‍ അദ്ദേഹം സജീവമായി മുന്നിട്ടിറങ്ങി.
അധ്യാപനവൃത്തിയായിരുന്നു മൗലവിയുടെ ഇഷ്ടമേഖല. വാഴക്കാട് ദാറുല്‍ഉലൂം അറബിക്കോളേജ്, അരീക്കോട് സുല്ലമുസ്സലാം, എടവണ്ണ ജാമിഅ: നദവിയ്യ, വളവന്നൂര്‍ അന്‍സാര്‍, മോങ്ങം അന്വാറുല്ഇസ്ലാം വനിതാ കോളേജ് എന്നിവിടങ്ങളില്‍ അദ്ദേഹം അധ്യാപകനായി സേവനമനുഷ്ഠിച്ചു. മലബാറിലെ ആദ്യത്തെ മദ്റസ വാഴക്കാട് ദാറുല്‍ ഉലൂമായിരുന്നു. 1944ല്‍ ഈ മദ്റസ തന്നെ മലബാറിലെ ആദ്യത്തെ അറബിക് കോളേജായി മാറി.
ആദ്യ പ്രിന്‍സിപ്പാള്‍ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പുത്രന് എം സി സി അബ്ദുറഹ്മാന് മൗലവിയായിരുന്നു. അന്നത്തെ ദാറുല്‍ ഉലൂമിലെ പ്രഗല്ഭരായ അധ്യാപകരില്‍ ശൈഖ് മൗലവിയും ഉണ്ടായിരുന്നു. എം സി സി ഹസന് മൗലവി, എം ടി അബ്ദുറഹ്മാന് മൗലവി, അബുസ്സ്വബാഹ് മൗലവി തുടങ്ങിയവരായിരുന്നു സഹാധ്യാപകര്‍.
കേരള സര്‍ക്കാര്‍ കാലിക്കറ്റ് യുനിവേഴ്സിറ്റിയുടെ ഓറിയന്റല്‍ ഫാക്കല്‍റ്റിയുടെ ആദ്യ ഡീനായി നിയമിച്ചത് ശൈഖ് മൗലവിയെയായിരുന്നു. അദ്ദേഹത്തിന്റെ പ്രാഗത്ഭ്യത്തിനുള്ള മികച്ച അംഗീകാരമായിരുന്നു ഔദ്യോഗിക തലത്തിലുള്ള ഈ നിയമനം. എന്നാല്‍ കടുത്ത വിമര്‍ശനവുമായി പല പ്രഗത്ഭരും മൗലവിക്കെതിരെ അക്കാലത്ത് രംഗത്തുവന്നു. യൂണിവേഴ്സിറ്റിയില്‍ നടത്തിയ ചടുലമായ പരിഷ്കരണ പ്രവര്‍ത്തനങ്ങളിലൂടെ വിമര്‍ശകരുടെ നാവടക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കേരള സര്‍ക്കാര്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിര്‍വഹിച്ച അദ്ദേഹം സര്‍വരുടേയും സ്നേഹാദരവുകള്‍ നേടി.
ബഹുഭാഷാജ്ഞാനിയായിരുന്നു മൗലവി. അറബിഭാഷയില്‍ അഗാധമായ പാണ്ഡിത്യം നേടിയിരുന്നു അദ്ദേഹം. വിദേശ പര്യടന വേളയില്‍ മക്കയില്‍വെച്ച് മൗലവി നടത്തിയ അറബി പ്രസംഗം സ്വദേശികളായ അറബികള്‍ക്കിടയിലും മറ്റും അദ്ദേഹത്തിന്റെ കീര്‍ത്തി വര്‍ധിപ്പിക്കാനിടയായി. ബഹുഭാഷാ പണ്ഡിതന്, ദീര്‍ഘവീക്ഷണവുള്ള സംഘടനാ നേതാവ്, ഏത് വിഷയത്തിലും അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം വസ്തുതകള്‍ ഇഴപിരിച്ച് ബോധ്യപ്പെടുത്തുന്ന മികച്ച അധ്യാപകന്, അര്‍ഥഗര്‍ഭമായ വാക്ചാതുരിയോടെ ശ്രോതാക്കളുടെ ചിന്തയെ തൊട്ടുണര്‍ത്തുന്ന പ്രഭാഷകന്‍, സര്‍ഗധനനായ എഴുത്തുകാരന് തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭയായിരുന്നു ശൈഖ് മൗലവി.
കേരള ജംഇയ്യത്തുല്‍ ഉലമ, കേരള നദ്വത്തുല് മുജാഹിദീന്‍ എന്നിവയുടെ സംസ്ഥാന പ്രസിഡണ്ടായിരുന്നു ശൈഖ് മൗലവി. 1976ല്‍ കെ എന്‍ എം രൂപീകരിച്ച ഹിലാല്‍ കമ്മറ്റിയുടെ പ്രഥമ ചെയര്മാന് അദ്ദേഹമായിരുന്നു. കേന്ദ്ര വഖഫ് ബോര്‍ഡ്. കേരള വഖഫ് ബോര്‍ഡ് എന്നിവയില്‍ അംഗമായിരുന്നു.
അല്‍മുര്‍ശിദ്, മിശ്കാത്തുല്‍ ഹുദ, അല്‍മനാര്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ഗവേഷണാത്മകമായ നിരവധി ലേഖനങ്ങള്‍ എഴുതിയിരുന്നു. അദ്ദേഹം രചിച്ച ‘തറാവീഹ്’ എന്ന കൃതി ഒരു ആധികാരിക റഫറന്‍സ് ഗ്രന്ഥമാണ്. കേരള സര്‍വ വിജ്ഞാനകോശത്തിന്റെ ലേഖകനായിരുന്നു.
വളരെ തിരക്കുപിടിച്ചതായിരുന്നു ഈ കര്‍മയോഗിയുടെ ജീവിതം. വിവാഹശേഷം അരീക്കോടിനടുത്ത ഉഗ്രപുരം ആലുക്കലായിരുന്നു മൗലവി കുടുംബസമേതം താമസിച്ചത്. അധ്യാപനവും പ്രഭാഷണവും സംഘടനാ പരിപാടികളും ഒക്കെയായി നിരന്തര യാത്രകളും തിരക്കുകളും അഭിമുഖീകരിക്കുമ്പോഴും ജന്മനാടായ കക്കാടിലെ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.
അറുപത് വര്‍ഷത്തെ ആയുസ്സിനിടയില്‍ നിരവധി പേര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാനും സമൂഹപുരോഗതിയുടെ മുമ്പില്‍ നടക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. ഹൃദയാഘാതത്തെ തുടര്‍ന്ന് 1977 മാര്‍ച്ച് പതിനാറിന് രാത്രി പതിനൊന്നരക്ക് മോങ്ങം അന്‍വാറുല്‍ ഇസ്ലാം വനിതാ കോളേജില്‍ വെച്ചായിരുന്നു എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയ മരണം. ഉഗ്രപുരം മഞ്ഞപ്പറ്റ പള്ളി ഖബര്‍സ്ഥാനിലാണ് ശൈഖ് മുഹമ്മദ് മൗലവിയുടെ ഭൗതികശരീരം ഖബറടക്കിയത്.