23 Thursday
March 2023
2023 March 23
1444 Ramadân 1

കെ വി : ധീരതയുടെ ശബ്ദം

ഹാറൂന്‍ കക്കാട്

മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്കു മുമ്പ്, ബാപ്പയുടെ കൈയ്യും പിടിച്ച് ഫറോക്കില്‍ ബസ്സിറങ്ങുമ്പോള്‍ മനസ്സ് നിറയെ ആകാംക്ഷയുടെ ഓളം വെട്ടുന്നുണ്ടായിരുന്നു. ആബാലവൃദ്ധം ജനങ്ങള്‍ സമ്മേളന നഗരിയിലേക്ക് ഒഴുകുന്ന കാഴ്ച ആഹ്ലാദം ഇരട്ടിപ്പിച്ചു. 1982 ഫെബ്രുവരി 25-ലെ മധ്യാഹ്ന സമയം, ഉച്ചഭാഷിണിയില്‍ നിന്ന് പ്രതിനിധികള്‍ക്കുള്ള നിര്‍ദേശങ്ങള്‍ തുരുതുരാ ഒഴുകുന്നു. ആരുടെയും ശ്രദ്ധ റാഞ്ചുന്ന ഗാംഭീര്യതയും അക്ഷരസ്ഫുടതയും സമന്വയിച്ച പൗരുഷശബ്ദം.
”എന്തിനാ അയാളിത്ര ഗൗരവത്തില്‍ ഓരോന്ന് വിളിച്ചുപറയുന്നത്?” എന്നിലെ ആറാം ക്ലാസുകാരന്റെ കൗതുകം നിറഞ്ഞ ചോദ്യം കേട്ട മാത്രയില്‍ ബാപ്പ പറഞ്ഞു: ”അത് നമ്മുടെ നാടിന്റെ അടുത്തുള്ള കുനിയിലെ ഒരു മൗലവിയാണ്.”
സമ്മേളന നഗരിയില്‍ ഇടയ്ക്കിടെ മുഴങ്ങിക്കേട്ട ആ ഘനഗംഭീര ശബ്ദത്തിനുടമയായ കെ വി മൂസ സുല്ലമി എന്ന ചങ്കൂറ്റമുള്ള നേതാവിനെ പിന്നീട് നേരില്‍ പരിചയപ്പെടുന്നത് പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ ഒരവധിക്കാലത്ത് കുനിയില്‍ അന്‍വാറുല്‍ ഇസ്ലാം അറബിക്കോളജില്‍ വെച്ചായിരുന്നു. എന്‍ എസ് എസ് ദശദിന ക്യാമ്പിന്റെ സമാപന സെഷനില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ രചന സാംസ്‌കാരികവേദിയിലെ കൂട്ടുകാരോടൊപ്പം ചെന്നപ്പോഴായിരുന്നു അത്. 1991-ല്‍ കോഴിക്കോട് സംഗീത് ലോഡ്ജില്‍ പ്രവര്‍ത്തിച്ചിരുന്ന പുടവ മാസികയുടെ ഓഫീസ് സ്റ്റാഫായതില്‍ പിന്നെ ഇടയ്ക്കിടെ കെ വിയെ കാണാറുണ്ടായിരുന്നു.
കോളക്കോടന്‍ അബ്ദുറഹ്മാന്‍കുട്ടി ഹാജിയുടെയും തുവ്വക്കാട് പാത്തുമ്മയുടെയും മകനായി 1944-ലാണ് കെ വി യുടെ ജനനം. കുനിയില്‍ അന്‍വാറുല്‍ ഇസ്ലാം മദ്റസയില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. കീഴുപറമ്പ്, കുനിയില്‍, തൃക്കളയൂര്‍, ഓത്തുപള്ളി പുറായ പ്രദേശങ്ങളുടെ മേല്‍നോട്ടത്തില്‍ പള്ളിക്കുന്നില്‍ നടന്നിരുന്ന ഉന്നത മദ്റസയില്‍ പഠിച്ചുകൊണ്ടിരിക്കെ ശാന്തപുരം ഇസ്‌ലാമിയാ കോളജില്‍ ചേര്‍ന്നു. അവിടുന്ന് ഒരു വര്‍ഷത്തെ പഠനശേഷം അരീക്കോട് സുല്ലമുസ്സലാമില്‍ ചേര്‍ന്ന് അഫ്ദലുല്‍ ഉലമ ബിരുദം നേടി. പിന്നീട് കുനിയില്‍ അന്‍വാര്‍ കോളജ്, പത്തനാപുരം വി വി എ യു പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു.
1967-ല്‍ രൂപീകൃതമായ ഐ എസ് എമ്മിന്റെ പ്രഥമ കമ്മിറ്റിയില്‍ അംഗമായിരുന്ന കെ വി അന്ന് കുനിയില്‍ യൂനിറ്റ് സെക്രട്ടറിയായിരുന്നു. ദീര്‍ഘവീക്ഷണത്തോടെയും ധീരതയോടെയുമുള്ള പ്രവര്‍ത്തനങ്ങളിലൂടെ അതിവേഗം അദ്ദേഹം പ്രസ്ഥാനത്തിന്റെ ജീവനാഡിയായി മാറി. മൂന്ന് വര്‍ഷം കഴിഞ്ഞ് 1970-ല്‍ നടന്ന സംഘടനാ തെരഞ്ഞെടുപ്പില്‍ കെ വി മൂസാ സുല്ലമി ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു. കെ എസ് കെ തങ്ങളായിരുന്നു അന്ന് പ്രസിഡന്റ്.
വിശ്രമമില്ലാത്ത യാത്രകളായിരുന്നു പിന്നീട് കെ വിക്ക്. ഐ എസ് എമ്മിന്റെ വളരെ ചുരുങ്ങിയ യൂനിറ്റ് കമ്മിറ്റികളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നതായിരുന്നു മുഖ്യ അജണ്ട. അതിന്നായുള്ള കഠിനാധ്വാനമായിരുന്നു പിന്നീട്. കേരളമൊട്ടുക്കും ക്ലേശങ്ങളും യാതനകളും സഹിച്ചുള്ള നെട്ടോട്ടം! ബസ് സ്റ്റാന്റുകളിലെ തിണ്ണകളിലും റെയില്‍വെ സ്റ്റേഷനുകളിലെ സിമന്റ് തറകളിലും തുടര്‍ച്ചയായ അന്തിയുറക്കം. കെ വി സംസ്ഥാന ഭാരവാഹിത്വത്തില്‍ നിന്നിറങ്ങുമ്പോള്‍ 320 ശാഖകളായി ഐ എസ് എം കേരളത്തിലെ നിര്‍ണായക യുവജന ശക്തിയായി വളര്‍ന്നിരുന്നു. പത്ത് വര്‍ഷത്തിലേറെ കാലം ഐ എസ് എം ജന. സെക്രട്ടറിയായിരുന്നു കെ വി സുപ്രധാനമായ നിരവധി പദ്ധതികള്‍ സാര്‍ഥകമാക്കി. മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ഇസ്‌ലാമിക വാരികയായി ഇന്ന് ധൈഷണിക ലോകത്ത് നിറഞ്ഞുനില്‍ക്കുന്ന ശബാബ് പിറവിയെടുക്കുന്നത് ഈ സമയത്താണ്. ദീര്‍ഘ വീക്ഷണത്തോടെയുള്ള അക്ഷര വിപ്ലവത്തിന്റെ തുടക്കമായിരുന്നു അത്.
അസൂയാര്‍ഹമായ കുതിച്ചു ചാട്ടമായിരുന്നു കെ വിയുടെ പൊതുജീവിതം. ഐ എസ് എമ്മിലെ മാതൃകാപരമായ സേവനത്തിന് ശേഷം കെ എന്‍ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായും ആക്ടിംഗ് ജനറല്‍ സെക്രട്ടറിയായും കെ വിയെ തെരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റിയില്‍ പ്രധാന പരിപാടികളുടെ ആസൂത്രകനും നടത്തിപ്പുകാരനും ആയി അദ്ദേഹം സംഘടനയെ സദാ ചടുലമാക്കി. ശാഖ മുതല്‍ സംസ്ഥാനതലം വരെ എല്ലാവരുടെയും സ്‌നേഹാദരവുകള്‍ ഏറ്റുവാങ്ങിയ അത്യപൂര്‍വ പ്രതിഭ!
അസാമാന്യ ധീരതയായിരുന്നു കെ വിക്ക്. നീതിയും സത്യവും നടപ്പിലാക്കാന്‍ ആരെയും ഭയപ്പെടാതെ മുമ്പില്‍ അടിയുറച്ച് നില്‍ക്കുന്ന ത്രാണിയുള്ള കര്‍മയോഗിയായിരുന്നു അദ്ദേഹം. ഓരോ പ്രശ്നങ്ങളിലും സംഘര്‍ഷങ്ങളിലും നീതിപൂര്‍വം ഇടപെട്ട് രമ്യമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതില്‍ അതീവ മികവ് പുലര്‍ത്തിയിരുന്നു. ഏത് വിഷയമായാലും അസാധ്യം എന്ന വാക്ക് അദ്ദേഹത്തിന്റെ നിഘണ്ടുവിലില്ലായിരുന്നു. മതരംഗത്ത് വിവാദമായ പല വാദപ്രതിവാദങ്ങളുടെയും ശുഭകരമായ പര്യവസാനത്തിന് കെ വി യുടെ ധീരമായ ഇടപെടലുകളും ഫോര്‍മുലകളുമാണ് നിമിത്തമായത്. കേരളത്തിലെ മത സാംസ്‌കാരിക ഭൂമികയില്‍ മുജാഹിദ് പ്രസ്ഥാനത്തിന് കൃത്യമായ മേല്‍വിലാസവും വളര്‍ച്ചയും സമ്മാനിച്ച സംസ്ഥാന സമ്മേളനങ്ങളിലെ കെ വിയുടെ പങ്കാളിത്തം വാക്കുകള്‍ക്ക് അതീതമാണ്. നാല് സംസ്ഥാന സമ്മേളനങ്ങളുടെ പന്തല്‍ നിര്‍മാണ കമ്മിറ്റിയുടെ കണ്‍വീനര്‍ കെ വിയായിരുന്നു. പന്തലിനായ് മണ്ണില്‍ കുഴിയെടുത്തും കാലുകള്‍ നാട്ടിയും ഓലകള്‍ മേഞ്ഞും ആദ്യാന്ത്യം സമയബന്ധിതമായി ഉത്തരവാദിത്തം പൂര്‍ത്തിയാക്കുന്ന കണ്‍വീനറായിരുന്നു കെ വി.
അതേസമയം തന്നെ സ്വന്തം പ്രദേശത്തിന്റെ സര്‍വ പുരോഗമന സംരംഭങ്ങളിലേയും ആരോഹണങ്ങളില്‍ കെ വി അതിശക്തമായ സാന്നിധ്യം നെയ്‌തെടുത്തു. കുനിയില്‍ ഹുമാത്തുല്‍ ഇസ്ലാം സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രസിഡന്റായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. മതരംഗത്ത് മാത്രമായിരുന്നില്ല ആ സാന്നിധ്യം. 1978 മുതല്‍ കിഴുപറമ്പ് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ അദ്ദേഹം മത്സരിച്ചു. എട്ട് വര്‍ഷത്തോളം പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
പ്രയാസപ്പെടുന്നവരുടെയും പീഡിതരുടേയും അത്താണിയായിരുന്നു അദ്ദേഹം. ആരുമില്ലാതെ ബുദ്ധിമുട്ടുന്ന മനുഷ്യരെ ജാതിയും മതവും നാടും പരിഗണിക്കാതെ അദ്ദേഹം അസൗകര്യങ്ങള്‍ക്ക് നടുവില്‍ വീര്‍പ്പ് മുട്ടിയിരുന്ന കുനിയിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് ജീവിതം നല്‍കി. അതായിരുന്നു സാക്ഷാല്‍ പൊതുപ്രവര്‍ത്തനം. രോഗികളെ പരിചരിക്കാന്‍ ഹര്‍ബോ മിനറല്‍ എന്ന ചികിത്സാരീതി പഠിക്കുകയും ചികിത്സിക്കുകയും ചെയ്തിരുന്നു കെ വി. പരിപാലിക്കാന്‍ ആളില്ലാതെ, ശരീരമാകെ വ്രണമായി പഴുത്തൊലിച്ച് കിടിന്നിരുന്ന പല രോഗികളേയും നിത്യേന കുളിപ്പിച്ച് വ്രണങ്ങളില്‍ മരുന്നുവെച്ച് ശുശ്രൂഷിച്ച ശേഷമായിരുന്നു അദ്ദേഹം അധ്യാപന ജോലിക്ക് വീട്ടില്‍ നിന്നിറങ്ങിയിരുന്നത്. ജീവകാരുണ്യ മേഖലയിലുള്ളവര്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും ലോകത്തൊരു സര്‍വകലാശാലയിലും ലഭിക്കാത്ത അപൂര്‍വ പാഠപുസ്തകമായിരുന്നു കെ വിയുടെ ജീവിതം.
ഹൃദ്രോഗ സംബന്ധമായ അസ്വസ്ഥതകള്‍ ശരീരത്തെ കുത്തിനോവിച്ചപ്പോഴും സംഘടനയുടെ നൂറുകൂട്ടം കാര്യങ്ങളില്‍ വ്യാപൃതനായിരുന്നു അദ്ദേഹം. കോയമ്പത്തൂരില്‍ വെച്ച് നടന്ന ഹൃദയ ശസ്ത്രക്രിയയെ തുടര്‍ന്ന് 1996 മെയ് പതിനേഴിന് അമ്പത്തിരണ്ടാം വയസ്സിലായിരുന്നു കേരള നവോത്ഥാന ചരിത്രത്തില്‍ ഉജ്വലമായ ഏടുകള്‍ സമ്മാനിച്ച കെ വി മൂസ സുല്ലമിയുടെ ദാരുണമായ അന്ത്യം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x